രചന – വൈദേഹി ദേവി
ഇന്നെന്റെ നന്ദൂന്റെ വിവാഹമാണ്.
എന്റയെന്നിനി പറയാനാവില്ല.
പരസ്പരസമ്മതത്തോടെ വീട്ടുകാർക്കും ജാതിക്കോമരങ്ങൾക്കുംവേണ്ടി സ്വന്തമിഷ്ടം പിരിയാൻ സമ്മതിച്ചപ്പോൾ ഒന്നുമാത്രമേ ഞാൻ നന്ദനോട് ചോദിച്ചുള്ളു.. നന്ദൂന്റെ വിവാഹം അതെന്നൊട് പറയണം… ഞാൻ വരില്ല… പക്ഷേ ഒന്നറിയാൻ… നിറകണ്ണുകളോടെ നന്ദുയെന്നെ നോക്കി തലയാട്ടി….
എന്നെ കുറിച്ചൊരിക്കലുമിനി അന്വേഷിക്കരുതെന്നു പറഞ്ഞപ്പോൾ നന്ദുന്റെ മുഖത്തെ ദയനീയത ഇന്നുമെന്റെ മനസിലുണ്ട്…
ഞാൻ വരില്ലയെന്നു പറഞ്ഞത് കള്ളമാണെന്നെന്റെ നന്ദൂനറിയില്ല. പോയി കണ്ണു നിറയെ കാണണമെന്നൊരാഗ്രമായിരുന്നു ആ ഒരാവശ്യത്തിനു പിന്നിൽ..കണ്ണിൽ മായാതെ നന്ദൂന്റെ സന്തോഷമുള്ള മുഖം പതിച്ച് ആരുമറിയാതെ തിരികേ പോകണം..അതായിരുന്നു മനസ്സു നിറയെ..ആരുമറിയണ്ട ഞാനെന്റെ നന്ദൂനെ കണ്ടത്….
ഒരാഴ്ച മുന്നേ നന്ദു കല്ല്യാണം വിളിച്ചു പറഞ്ഞപ്പോൾ ഞാനൊന്നു മൂളുക മാത്രം ചെയ്തു.പതിയെ ഫോൺ കട്ടു ചെയ്തു. വല്ലാത്തൊരു വെപ്രാളം മനസ്സിന്റെയുള്ളിൽ. ഇനിയെന്റെ അല്ലെന്നുള്ളൊരാ തോന്നാൽ…. മനസ്സു നിറയെ..ഒാരോ ദിവസവും എണ്ണി തീർക്കുകയായിരുന്നു… ഈയൊരു ദിവസത്തേയ്ക്കു.ഞങ്ങൾ തമ്മിൽ പിരിഞ്ഞിട്ടു ഇന്നേയ്ക്കു ആറുമാസമായി…. നന്ദൂന്റെ അമ്മേടെ ഇഷ്ടം പോലെ ഒരു കുട്ടിയാകും..അമ്മയുടെ ആഗ്രഹം പോലെയൊരാൾ.. നല്ല കുട്ടി ആവും.. നന്ദൂനെ സ്നേഹിക്കുന്ന…
മനസ്സു വല്ലാതെ പിടയ്ക്കുന്നു.ഒാർമ്മകളിലേക്കു പായുന്നു.ഒന്നിനേയും കൂസാത്ത നീനയെന്ന ക്രിസ്ത്യാനിപ്പെണ്ണിനെ ഇഷ്ടപ്പെടാൻ നന്ദൂന്റെ മാതാപിതാക്കൾക്കോ, നന്ദഗോപനെന്ന ഹിന്ദു ചെക്കനെ ഇഷ്ടപ്പെടാൻ എന്റെ മാതാപിതാക്കൾക്കോ ആയില്ല……
പരസ്പരമിഷ്ടപ്പെട്ടപ്പോൾ ഞങ്ങൾ മതങ്ങളെയോ മാതാപിതാക്കളേയോ കണ്ടില്ല….അല്ലേലും ഇഷ്ടത്തിനു കണ്ണൂം മൂക്കും ഇല്ലെന്നല്ലെ….. അപ്പോൾ അതിനൊന്നും പ്രാധാന്യം കൊടുത്തില്ല…
അതിനിത്ര നഷ്ടമുണ്ടാകുമെന്നൊരിക്കലും ഞങ്ങൾ കരുതിയില്ല….
നന്ദൂനോട് വിവാഹ ക്ഷണക്കത്തിന്റെ ഫോട്ടോ അയച്ചു തരാൻ പറഞ്ഞതുകൊണ്ട് വഴി കണ്ടു പിടിക്കാൻ പ്രയാസമുണ്ടായില്ല.. ചുമ്മാ ഒന്നു കാണാനെന്നാ പറഞ്ഞെ….
…………………………………..
ജീവിതത്തിൽ ഒരുപാടാഗ്രഹിച്ചതാ പാലക്കാട്ടേയ്ക്കോരു യാത്ര..നന്ദൂനെ കിട്ടിയപ്പോൾ നന്ദുന്റൊപ്പം വരാന്നു കരുതി.. അതിങ്ങനെ ഒരു യത്രയാവുന്നു ഒട്ടും കരുതീല്ല..വല്ലാത്തക്ഷീണം തോന്നുന്നു… ഇത്രേം നേരമുള്ള യാത്രയുടെ ക്ഷീണം ആകും… മുഹൂർത്തം പത്തരയ്ക്കൂം പതിനൊന്നിനുമിടയ്ക്കാണെന്നാണ് കുറിയിൽ…ഞാൻ ഒരുപാടൂ നേരത്തേയാ…
സമയം 9 മണി ആയിട്ടേയുള്ളൂ….
വല്ലാത്തൊരവസ്ഥയിലാ മനസ്സ് ….
കൈപ്പിടിയിൽ നിൽക്കുന്നേയില്ല..
ഡ്രൈവ് ചെയ്തപ്പോൾ പലപ്പോളുമെങ്ങോ ആയിരുന്നു മനസ്സ്..നിയന്ത്രണം കൈയിലില്ലാത്ത പോലെ.. എത്തിയതു പോലും എങ്ങനെയെന്നറിയില്ല. തലവേദനിക്കുന്നു വല്ലാണ്ട്..കുറേ നേരം വണ്ടിയിലിരുന്നു.. തലവേദന മാറുന്നില്ലെന്നു കണ്ടപ്പോൾ അടുത്തുള്ള കടയിൽക്കയറിയൊരു ചായ കുടിച്ചു..
ഒന്നും കഴിക്കാൻ തോന്നിയില്ല..
ഇറങ്ങില്ല ഒന്നും…
കുറച്ചു കഴിഞ്ഞപ്പോൾ ആളുകളെത്തി തുടങ്ങി.ഞാനും പതിയ ആഡിറ്റോറിയത്തിലേക്കു കയറി ഏറ്റവും പുറകിലായി ഇരുപ്പുറപ്പിച്ചു.. ആരൊക്കെയൊ എത്തി സ്റ്റേജിലെന്തൊക്കെയൊ ചെയ്യുന്നു. നല്ല ബഹളം..
മനസ്സ് പഴയ ഒാർമ്മകളിലേക്കൂളിയിട്ടു.
ഞാൻ നന്ദൂനെ കണ്ടുമുട്ടിയ നിമിഷം….
നന്നായി ചിത്രം വരയ്ക്കുമായിരുന്ന ഞാൻ ഒരു നേരം പോക്കിനായവയൊക്കെയും ഫേസ്ബുക്കിലിട്ടിരുന്നു. ഫ്രണ്ട്സ് ആരോ ഷെയർ ചെയ്ത എന്റെ ചിത്രം കണ്ടാണു നന്ദൂ എന്റെ കൂട്ടൂകാരനായത്.നല്ല കൂട്ടായിരുന്നു…
രണ്ടുപേർക്കും രണ്ടു തരമിഷ്ടങ്ങൾ….
ഞാൻ വാതോരാതെ സംസാരിക്കും… നന്ദൂ നേരെ തിരിച്ചും.യാതൊരു സാദൃശ്യങ്ങളുമില്ലാത്ത സ്വഭാവം. മിക്കപ്പോളും ഒന്നു പറഞ്ഞു രണ്ടാമത്തേതിനു വഴക്ക്.മിണ്ടാതെയിരുപ്പ്..
പക്ഷേ ആ വഴക്കുകൾ അധികനേരം നീണ്ടു നിൽക്കാറുമില്ല.രണ്ടിൽ ആരേലുമൊരാൾ ആദ്യം മിണ്ടിയിരിക്കും….
പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒന്ന് രണ്ടു പേരെയും തമ്മിൽ കൂട്ടിച്ചേർത്തു വച്ചിരുന്നു…..
നന്ദു പാവമായിരുന്നു.ഞാൻ നേരെ തിരിച്ചും.പക്ഷേ വാശിക്കു മുന്നിലാരുന്നു നന്ദു.ഞാനുമൊട്ടും കുറവല്ലാരുന്നു.എന്റെ വാശികൾ ഏതു വിധേനയും സാധിക്കുന്ന സ്വഭാവം.പക്ഷേ എന്തുകൊണ്ടോ നന്ദൂന്റെ വാശിക്കു മുന്നിൽ ഞാൻ തോറ്റിരുന്നു.. മനപ്പൂർവ്വം തോറ്റിരുന്നു എന്നതാവും സത്യം..എന്തോ ഒരു സന്തോഷമുണ്ടാരുന്നു ആ തോൽവികൾക്കു.
പരസ്പരം ഇഷ്ടമാണെന്നു മനസ്സിലാക്കിയതു സത്യത്തിൽ ഈ വാശികളാലൂടെയും വഴക്കുകളിലൂടെയും ആരുന്നു ഞങ്ങൾ.. നന്ദുവാണാദ്യം പറഞ്ഞത്.. എനിക്കതിനോട് എതിർക്കുവാനായില്ല. കാരണം ഞാനും സ്നേഹിച്ചു തുടങ്ങിയിരുന്നു നന്ദൂനെ.. കൂടെയൊരു ജീവിതം ആഗ്രഹിച്ചു പോയി..
…………………………………………………………………
പെട്ടെന്നാരോ പറഞ്ഞു… ദേ പെണ്ണും ചെറുക്കനുമെത്തീട്ടോ….
ഞാൻ എന്റെ ചിന്തകളിൽ നിന്നു പിടഞ്ഞെണീറ്റു…
ആതിര അതായിരുന്നു നന്ദനു വേണ്ടി അമ്മ കണ്ടെത്തിയ കുട്ടി.നന്ദൻ ചോദിച്ചിരുന്നു ആളെ കാണാണോന്ന്. ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എന്തു കൊണ്ടോ വേണ്ടായെന്നു മറുപടി നൽകി..
ഒരു പക്ഷേ സ്ത്രീ സഹജമായ ഒരു അസൂയ അതാവാം. ഇപ്പോളാണൂ കാണണെ ആതിരയെ.. കൊള്ളാം നല്ല കുട്ടി… നന്ദനു ചേരും..
നന്ദൻ കാണാതെ ഞാനൊഴിഞ്ഞു മാറി നോക്കി നിന്നു..അത്രയും നേരം പിടിച്ചു വച്ചയെന്റെ കണ്ണീർക്കണങ്ങൾ ഇനിയാവില്ലെന്ന പോൽ കവിളിലൂടെ ഒഴുകിയിറങ്ങി. ഞാനാരും കാണാതിരിക്കാൻ ഒരരുകിലേക്കു മാറിയിരുന്നു..
നന്ദനും ആതിരയും മണ്ഡപത്തിൽ കയറി സദസിനെ തൊഴുതു..രണ്ടു പേരുമിരുന്നു.
നന്ദന്റെ മിഴികൾ ആരേയൊ തിരയും പോലേ തോന്നി ഒരു പക്ഷേ എന്നെയാവാം. വന്നെങ്കിലൊയെന്നു കരുതീട്ടുണ്ടാവാം..
കണ്ണീർക്കണങ്ങളാൽ മൂടപ്പെട്ടിട്ടാണോയെന്തോ എനിക്കൊന്നും കാണാനാവുന്നില്ല….
ആരോ താലിയുമായി എല്ലാവർക്കും മുന്നിലെത്തി.എനിക്കൊന്നും മനസിലായില്ല.ആദ്യമായിട്ടാണ് ഒരു ഹിന്ദുക്കല്യാണം കാണണത്..അടുത്തിരുന്ന ഒരമ്മയോട് ചോദിച്ചു ഇതെന്താണെന്ന്…
താലി ആശീർവദിച്ചു വധൂ വരൻമാർക്ക് അനുഗ്രഹം ചൊരിയുകയാണത്രേ. അവിടെ അങ്ങനെയുണ്ടത്രേ..
എന്റെ മുന്നിലെത്തിയപ്പോൾ ഞാനും ആശീർവദിച്ചു.കൂടെ എന്റെ കണ്ണിൽ നിന്നടർന്ന രണ്ടു കണ്ണീർത്തുള്ളിയും താലത്തിൽ വീണു..അവർക്കെന്നും നൻമയുണ്ടാകണേയെന്ന പ്രാർത്ഥനയോടെ..
മണ്ഡപത്തിൽ ഇരുന്നിരുന്ന വധൂ വരൻമാർക്കു മുന്നിൽ നിന്ന കാരണവൻമാരും ബന്ധൂക്കളും കാഴ്ച മറച്ചു.ഞാൻ മുന്നിലേക്കു പോയിരിക്കാൻ തീരുമാനിച്ചു.നന്ദൂനെ കാണാനല്ലെ വന്നേ.അപ്പോ കാണണം.നന്ദു എന്നേ കാണണ്ട….
നന്ദു താലികെട്ടുന്നതു കാണണം അപ്പോൾ തന്നേ പോകണം.അതായിരുന്നൂ മനസ്സിൽ..മുന്നിലെത്തി മൂലയിൽ നന്ദു കാണാത്തവിധംഒഴിഞ്ഞ ഒരു കസേരയിലിരുന്നു.. ഇപ്പോൾ കാണാം.. നന്ദു ആരേയോ തിരയും പോലെ..
…………………………………………….
മോളേ…. ഭാനുമതിയമ്മ വിളിച്ചു….
അത് കേട്ടു ഞാൻ ചിന്തകളിൽ നിന്നുണർന്നു.. എന്താമ്മേ.. ഒന്നുമില്ല. ദാഹിക്കുന്നു.ദാ വെള്ളം അമ്മേ.. ഞാൻ കൊടുത്ത വെള്ളം കുടിച്ച് അമ്മ ഒന്നു നെടുവീർപ്പിട്ടു… ഞാൻ അന്ന് നിങ്ങളെ അംഗീകരിച്ചിരുന്നെങ്കിൽ… അമ്മയൊന്നു നെടുവീർപ്പിട്ടു.. എന്തമ്മേ ഇത് കൊച്ചു കുട്ടികളേപ്പോലെ.. അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലെ.. അമ്മ ആവശ്യമില്ലാത്തെയൊക്കെ ആലോചിക്കാതെ കിടന്നുറങ്ങിയെ. ഞാനില്ലെ അമ്മയ്ക്ക്.. മ്.. അമ്മ കണ്ണീർ തുടച്ചു. പതിയെ കണ്ണടച്ചു കിടന്നു..
പക്ഷേ അമ്മ കരയുന്നുണ്ടായിരുന്നു..
നന്ദന്റെ അമ്മയാണ്.. കഴിഞ്ഞ ദിവസം ആരോ ഒരാൾ ആക്സിഡന്റായി വഴിയിൽ കിടന്നു. ഹോസ്പിറ്റലിലെത്തിക്കാനായി വഴിയാത്രക്കാർ കൈകാട്ടിയത് എന്റെ വണ്ടിക്കാരുന്നു. ഇവിടെ ഹോസ്പിറ്റലിൽ എത്തിയപ്പോളാണ് അമ്മ ആണെന്നു മനസ്സിലായെ….
നന്ദനെ വിളിക്കാൻ ആവുന്നത്രേ നോക്കി.. നംമ്പർ സ്വിച്ചോഫ് ആണത്രേ..ഇപ്പോൾ ഒരാഴ്ചയായി. അമ്മയൊടു ഞാൻ നീനയാണെന്നു പറഞ്ഞിരുന്നു..അമ്മയ്ക്കു എന്നെ മനസ്സിലായി. അമ്മയോടു നന്ദൂനെ കുറിച്ചു ചോദിച്ചപ്പോൾ പറഞ്ഞത് അവനിനി വരില്ല. അത്രയകലേയ്ക്കു പോയീത്രേ.. എന്റെ നന്ദു ഒരു മുഴം കയറിൽ അവസാനിപ്പിച്ചത്രേ ജീവിതം.. കൂടുതലൊന്നും പറയാതെ തളർന്നുറങ്ങിയ അമ്മയെ നോക്കി ജീവച്ചവം പോലെ ഞാനും..
അന്നു നന്ദൂന്റെ വിവാഹം കണ്ട് മടങ്ങിയ ഞാൻ പിന്നീട് ജോലിയ്ക്കായി പുറത്തേയ്ക്കു പോയി. മനഃപൂർവ്വം ആയിരുന്നു. എല്ലാത്തീന്നുമുള്ള ഒരൊളിച്ചോട്ടം. പിന്നീട് നന്ദൂന്റെ ജീവിതം എന്താണെന്നന്വേഷിക്കാൻ മനസ്സനുവദിച്ചില്ല. എല്ലാം മറക്കാൻ ശ്രമമാരുന്നു. കഴിഞ്ഞില്ല. നീണ്ട പതിനാറു വർഷം. ഇപ്പോളും ആ ഒാർമ്മകൾ എന്നെ വേട്ടയാടുന്നു..
നാട്ടിലേയ്ക്കു തിരിച്ചെത്തുമ്പോൾ ഇങ്ങനെയൊരു വാർത്തയാ എന്നെ കാത്തിരിക്കുന്നെന്നു അറിഞ്ഞിരുന്നില്ല. നന്ദു സുഖമായി ഇരിക്കുന്നു എന്ന ചിന്തയായിരുന്നു. വീണ്ടും മുറിവുകളിലേക്കാഴ്ന്നിറങ്ങാൻ ആഗ്രഹിച്ചില്ല. അതുകൊണ്ട് തന്നെ മനഃപൂർവ്വം മറന്നെന്നഭിനയിക്കുക ആയിരുന്നു. എന്തിനായിരുന്നു നന്ദൂ നീ…
അമ്മയോട് ഞാനെന്താ ചോദിക്കുക. അറിയില്ല…

by