#വസുധ…
അവൾ സർവ്വശക്തിയുമെടുത്ത് അയാളെ തള്ളിമാറ്റാൻ ശ്രമിച്ചു…പക്ഷേ, ആ വലിയ ഭാരം തട്ടിയകറ്റാൻ ഉള്ള ആരോഗ്യം അവളുടെ കുഞ്ഞു ശരീരത്തിന് ഉണ്ടായിരുന്നില്ല…അവളുടെ ദേഹത്ത് അയാൾ പിടിമുറുക്കി…അവൾ എങ്ങിനെയോ കുതറിയോടി…ഇരുട്ട്, പരിചയമില്ലാത്ത വഴികൾ…അവൾ തളർന്ന് തുടങ്ങി.. കാലുകൾ വലിച്ചു വെച്ച് അവൾ വേഗത്തിൽ നീങ്ങാൻ ശ്രമിച്ചു…പെട്ടെന്നായിരുന്നു തലയിൽ ഒരടി വീണത്…അവൾ വീണുപോയി.. അയാൾ അവളുടെ അടുത്തിരുന്നു… അവളുടെ വസ്ത്രങ്ങളുടെ കുടുക്കിനായി അയാളുടെ കൈകൾ പരതി… ഒടുവിൽ ആ ശ്രമം ഉപേക്ഷിച്ച് അയാൾ അവളുടെ വസ്ത്രം വലിച്ചു കീറി…
ആാാ….
അവൾ ഞെട്ടിയെഴുന്നേറ്റു…
“എന്താ വസൂ, എന്ത് പറ്റി ?” ശേഖർ ചോദിച്ചു..
“ഒന്നുമില്ല, ഞാൻ ഒരു സ്വപ്നം കണ്ടതാ.. ”
“അതിനാണോ താൻ ഇങ്ങനെ കിടന്ന് വിളിച്ചുകൂവിയത്… ബാക്കി ഉള്ളവരെ ഉറക്കില്ല എന്ന വാശിയിലാണോ…?”
“ശേഖർ, ഞാൻ…”
“തനിക്ക് വേറെ ഏതെങ്കിലും മുറിയിൽ പോയി കിടന്നൂടെ… എന്തിനാ എന്നെ ശല്യം ചെയുന്നത്… നോൺസെൻസ്… ”
അയാൾ തിരിഞ്ഞുകിടന്നു…
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
അവൾ ഓർത്തു… എന്തുമാത്രം പ്രതീക്ഷകളോടെയാണ് താൻ ശേഖറിന്റെ ഭാര്യയായത്… ആലോചന വന്നപ്പോൾ, ഒറ്റമകൻ ആണെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി, പോരെടുക്കാൻ ആരുമില്ലല്ലോ എന്നോർത്ത്… ശേഖറിന്റെ അച്ഛനും അമ്മയും തന്നെ സ്വന്തം മോളെ പോലെയാണ് കണ്ടിരുന്നത്… ‘വസുധ’ എന്ന് മുഴുവൻ വിളിക്കില്ലായിരുന്നു.. അത്ര സ്നേഹമായിരുന്നു അവർക്ക്… അവരെ നാട്ടിൽ തനിച്ചാക്കി ബാംഗ്ലൂർക്ക് വരുമ്പോൾ ജോലിക്ക് പോകാമല്ലോ എന്ന് കരുതി.. എന്നാൽ, ഭാര്യ സമ്പാദിച്ചിട്ട് വേണ്ട കുടുംബം കഴിയാൻ എന്ന ശേഖറിന്റെ വാക്കുകളിൽ ആ പ്രതീക്ഷ അവസാനിച്ചു… തനിയെ ആ ഫ്ലാറ്റിൽ വീർപ്പുമുട്ടി… ശേഖറിനെ പേടിച്ച് ആരും ഫ്ലാറ്റിലേക്ക് വരാറില്ല.. അയാൾ സ്നേഹത്തോടെ തന്നെ ഒന്ന് നോക്കിയിരുന്നെങ്കിൽ…5 വർഷം കഴിഞ്ഞു മതി കുട്ടികൾ എന്ന അയാളുടെ തീരുമാനം തന്നിലെ അമ്മയെ ഇല്ലാതാക്കി…പിന്നീട് മനസിലായി,അയാളുടെ ജീവിതത്തിലെ ഒട്ടനവധി സ്ത്രീകളിൽ ഒന്ന് മാത്രമാണ് താനെന്ന്…ഒഴിഞ്ഞും തെളിഞ്ഞുമുള്ള ഫോൺവിളികൾ, കൂടിക്കാഴ്ചകൾ… എല്ലാം സഹിച്ചു, ക്ഷമിച്ചു… ശേഖറിന്റെ മാതാപിതാക്കളെ ഓർത്ത് മാത്രം…
ഇന്ന് രാവിലെ ഓഫീസിൽ പോകാൻ നേരം അയാളുടെ ഷൂ പോളിഷ് ചെയ്തതിനു നിറം പോര എന്ന് പറഞ്ഞായിരുന്നു ശകാരം…
“നിന്നെക്കൊണ്ട് ഒന്നിനും കഴിയില്ല വസുധ…
ശരീരം കൊണ്ട് നിനക്കെന്നെ തൃപ്തിപ്പെടുത്താൻ സാധിക്കുന്നുണ്ട്… പക്ഷേ, മനസ്സുകൊണ്ട് എന്തേ കഴിയുന്നില്ല…കിടക്കയിൽ നീ ഉഗ്രനാണ്.. പക്ഷേ അതിലും അത്യുഗ്രനെ കണ്ടെത്താൻ എനിക്ക് വെറും 1000 രൂപയുടെ ചിലവേയുള്ളു.. ഹഹഹ…”
അയാളുടെ അട്ടഹാസം അവളുടെ ചിന്തകളിലേക്ക് വന്നു.. അവൾ അറിയാതെ കാതുകൾ പൊത്തി…രാവിലെ അയാൾ ഓഫീസിൽ പോയി അരമണിക്കൂർ കഴിഞ്ഞാണ് ഡോറിൽ ബെല്ലടി കേട്ടത്.. വാതിൽ തുറന്നപ്പോൾ ഒരു കാഷായ വസ്ത്രധാരി.. ഒന്നും ചോദിക്കാതെയും പറയാതെയും അയാൾ ഉള്ളിൽ കയറി ഇരുന്നു… അയാൾ പറഞ്ഞ കാര്യങ്ങൾ ഓർത്തപ്പോൾ അവൾക്ക് ദേഹത്താകെ ഒരു തരിപ്പ് തോന്നി.. തന്റെ മുജ്ജന്മത്തെ കുറിച്ചായിരുന്നു അയാൾക്ക് പറയാനുണ്ടായിരുന്നത്…
‘മിത്ര’
അതായിരുന്നു കഴിഞ്ഞ ജന്മത്തിൽ തന്റെ പേര്..ഒരു പാവം കർഷകന്റെ മകൾ.. അച്ഛനും അമ്മയും അനുജനുമായി ഒരു സന്തുഷ്ട കുടുംബം.. ഒരിക്കൽ നായാട്ടിനിറങ്ങി വഴിതെറ്റി വന്ന അയൽരാജ്യത്തെ രാജകുമാരന് അവളിൽ തോന്നിയ ഭ്രമം.. അത് അവളുടെ ജീവിതം തന്നെ മാറ്റിമറിച്ചു.. ഒരുപാട് ആഗ്രഹങ്ങളോടെയാണ് അവൾ പുതിയ ജീവിതത്തിലേക്ക് കടന്നുചെന്നത്..
പക്ഷേ ആദ്യരാത്രിയിൽ തന്നെ തന്റെ ഭർത്താവ് ഒരു ഷ,,,ണ്ഡ,,,ൻ ആണെന്ന് അവൾ മനസ്സിലാക്കി.. അവളുടെ മനസ്സ് തകർന്നു.. അയാൾ അവളെ ബലാത്ക്കാരമായി എന്തൊക്കെയോ ചെയ്തു..അവൾ വേദനകൊണ്ട് പുളഞ്ഞു… പിന്നീട് കൊട്ടാരത്തിലെ ഗ്രന്ഥക്കെട്ടുകളിൽ നിന്ന് അവൾ വായിച്ചറിഞ്ഞു, ആ നാടിന്റെ ശാപം…അവിടെ ജനിക്കുന്ന പുരുഷന്മാരെല്ലാം ഷണ്ഡന്മാരും സ്ത്രീകളെല്ലാം അന്ധകളും ആയിരിക്കും…
ആ നാട്ടിൽ അപ്പോൾ കണ്ണിൽ പ്രകാശമുള്ള ഒരേയൊരു പെണ്ണ് അവളായിരുന്നു… അന്ധകളായ മറ്റു സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരുടെ കുറവ് അറിയാതെ അവരുടെ അടിമകളായി ജീവിച്ചു പോന്നു…
ഈ സത്യം മനസ്സിലാക്കിയ മിത്ര അത് ലോകത്തോട് വിളിച്ചു പറഞ്ഞു…
ശിക്ഷയായി അവളുടെ കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ടു… മാറിടം ഛേദിക്കപ്പെട്ടു.. അവൾ മരുഭൂമിയിൽ ഉപേക്ഷിക്കപ്പെട്ടു…
അവിടെ അവൾ മരിച്ചു വീണു..
“ഇങ്ങനെ നീയും മരിക്കും.. ഉടനെ… അവൻ നിന്നെ കൊല്ലും…രക്ഷപെട്ടു പോകാൻ നോക്ക്…”
വസുധക്കുനേരെ വിരൽ ചൂണ്ടി ഇത്രയും പറഞ്ഞ് ആ കാഷായവസ്ത്രധാരി ഇറങ്ങിപ്പോയി…
ട്രീം… ട്രീം..
അലാറത്തിന്റെ ശബ്ദം അവളെ ഓർമകളിൽ നിന്നും ഉണർത്തി..അടുത്തുകിടന്ന ശേഖറിനെ അവൾ അവജ്ഞയോടെ നോക്കി…
അലാറം ഓഫ് ചെയ്ത് അവൾ എഴുന്നേറ്റു… പ്രഭാതകർമ്മങ്ങളിലേക്ക് കടന്നു… പതിവ് പോലെ എല്ലാത്തിനും കുറ്റം കണ്ടുപിടിച്ച് ശേഖർ ഓഫീസിലേക്ക് പോയി…അവൾ ഒന്ന് വിശ്രമിക്കാനായി ഇരുന്നു… അരമണിക്കൂർ കഴിഞ്ഞു കാണണം… ഫോൺ ബെല്ലടിച്ചു…
ശേഖറിന് ആക്‌സിഡന്റ് ആയി എന്ന വാർത്തയായിരുന്നു അത്…അവൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല…ആ ആക്‌സിഡന്റിൽ അയാൾ പൂർണ്ണമായും തകർന്നു…അയാളെക്കൊണ്ട് തനിയെ ഒന്നിനും സാധിക്കുമായിരുന്നില്ല…ഉള്ളിൽ വെറുപ്പായിരുന്നിട്ടും അവൾ അയാളെ ശുശ്രൂഷിച്ചു…അയാളുടെ അമ്മയെയും അച്ഛനെയും ഓർത്ത്…ആദ്യം എതിർപ്പ് പ്രകടിപ്പിച്ച അയാൾ പിന്നീട് വഴങ്ങി.. ഒരറപ്പും കൂടാതെ അവൾ അയാളുടെ മലവും മൂത്രവും പോലും കഴുകി…അയാളെ നോക്കുമ്പോഴെല്ലാം ഒരു പുഞ്ചിരി അവൾ അണിഞ്ഞു…പക്ഷേ, സ്നേഹപൂർവമുള്ള അയാളുടെ നോട്ടങ്ങളെ അവൾ അവഗണിച്ചു… ഒടുവിൽ അയാൾക്ക് നടക്കാമെന്നായി… അവൾ ഒരു നിഴല് പോലെ അയാൾക്കൊപ്പം ഉണ്ടായിരുന്നു.. അയാളിൽ സ്നേഹം പൂവിട്ടു… തന്റെ തെറ്റുകൾ അയാൾക്ക് മനസിലായി..
അങ്ങനെയിരിക്കെ ഒരു ദിവസം അവൾ അടുക്കളയിൽ തിരക്കിലായിരുന്നു… അയാൾ ഡയറിയിൽ എന്തോ കുത്തിക്കുറിച്ചുകൊണ്ടിരുന്നു…അയാൾക്കുള്ള പതിവ് പാലുമായി അവൾ ചെന്നു… അത് വാങ്ങി കുടിച്ചുകൊണ്ട് അയാൾ അവളെ നോക്കി…
“എന്താ ഇങ്ങനെ നോക്കുന്നത്…?”
“നിനക്ക് ഇതുവരെ തോന്നാത്ത ഒരു പ്രത്യേക സൗന്ദര്യം തോന്നുന്നു…”
അവൾ മെല്ലെ ചിരിച്ചു…
“നീയില്ലായിരുന്നെങ്കിൽ എനിക്കീ രണ്ടാം ജന്മം ഉണ്ടാകുമായിരുന്നില്ല… ദൈവം എനിക്ക് തന്ന നിധിയാണ് നീ… എന്റെ മാത്രം വസു… ”
അയാൾ വികാരഭരിതനായി അവളെ നോക്കി… അവൾ നാണത്തിൽ മുഖം പൂഴ്ത്തി… അയാൾ അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ അരക്കെട്ടിൽ കരങ്ങളമർത്തി…അവൾ അയാളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.
പെട്ടെന്നാണ് അത് സംഭവിച്ചത്…
അയാൾ ചോര ശർദിച്ച് നിലത്തു വീണു… അവൾ വെറുതെ അയാളെ നോക്കി ചിരിച്ചു…
“നിങ്ങൾ കുടിച്ച പാലിൽ വിഷമുണ്ടായിരുന്നു ശേഖർ…”
അയാൾ ഞെട്ടലോടെ അവളെ നോക്കി…
“നിങ്ങൾ എന്താ കരുതിയെ, നിങ്ങൾ രോഗശയ്യയിൽ ആയപ്പോൾ എനിക്ക് നിങ്ങളോട് പ്രേമം മൂത്തെന്നോ…കഷ്ടം… വെറുപ്പാണ് നിങ്ങളോടെനിക്ക്..സ്നേഹിച്ചിരുന്നു ഞാൻ.. എന്റെ ജീവനെക്കാളേറെ…യഥാർത്ഥ ശേഖറിനെ തിരിച്ചറിയുന്ന നാൾ വരെ…
അന്ന് മുതൽ ഇന്ന് വരെ നിങ്ങളോട് എനിക്ക് വെറുപ്പ് മാത്രമാണ് തോന്നിയിട്ടുള്ളത്… ”
“പിന്നെ എന്തിനാണ് വസൂ നീയെന്നെ രക്ഷിച്ചത്…?”
“നിങ്ങളുടെ മരണം എന്റെ കൈകൾ കൊണ്ട് ആകണം എന്നെനിക്ക് നിർബന്ധം ഉണ്ടായിരുന്നു… അതിന് പൂർണ്ണ ആരോഗ്യത്തോടെ നിങ്ങളെ എനിക്ക് വേണമായിരുന്നു..നിങ്ങളുടെ മരണം എന്റെ കണ്ണുകളാൽ എനിക്ക് ആസ്വദിക്കണമായിരുന്നു… ”
“വസൂ,ഞാൻ നിന്നെ സ്നേഹിക്കുന്നു…”
“വേണ്ട, ഈ സ്നേഹവും നിങ്ങളുടെ അഭിനയം ആണ്…രക്ഷപെടാൻ ഉള്ള അടവ്… ഇനിയും നിങ്ങൾ പുതിയ കൂട്ടുകൾ തേടിയിറങ്ങും, എനിക്കറിയാം… വീണ്ടുമൊരു മിത്രയാവാൻ എനിക്ക് വയ്യ..ഇനി ഒരു പെണ്ണിനും ഇത് സംഭവിക്കരുത്.. പെണ്ണിനെ വെറും ഒരു ഭോഗവസ്തു മാത്രമായി കാണുന്ന ആണുങ്ങൾ ഇനി ഭയക്കണം…”
നിറഞ്ഞ കണ്ണുകളോടെ ശേഖർ അവളെ നോക്കി…പിന്നെ ആ കണ്ണുകളടഞ്ഞു…
അയാളുടെ ജീവൻ പിരിയുന്നത് അവൾ ആവേശത്തോടെ നോക്കിനിന്നു…ഹൃദയത്തിന്റെ ഓരോ മിടിപ്പും നില്ക്കുന്നത് അവൾ പുഞ്ചിരിയോടെ ആസ്വദിച്ചു…
പെട്ടെന്നാണ് അയാളുടെ ഡയറി അവളുടെ കണ്ണിൽ പെട്ടത്… അയാൾ എഴുതിക്കൊണ്ടിരുന്ന പേജിലേക്ക് അവൾ നോക്കി…അതിൽ ഇങ്ങനെ എഴുതിയിരുന്നു…
“വസുധ…ഇത്രനാൾ ഞാൻ മനസ്സിലാക്കാത്ത അവളിലെ നന്മയെ ഇന്നെനിക്ക് തിരിച്ചറിയാൻ സാധിക്കുന്നുണ്ട്…അവൾ… അവളാണെനിക്കിന്നെല്ലാം… എന്നിലെ ജീവനെ എനിക്ക് മടക്കിത്തന്ന എന്റെ വസു… ശേഖർ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്.. ഒരുപാട് സ്ത്രീകളുമായ് ബന്ധപ്പെട്ടിട്ടുണ്ട്.. പക്ഷേ, ആ പഴയ ശേഖർ മരിച്ചു… വസുധയല്ലാതെ ഇനി ഒരു പെണ്ണ് എന്റെ ജീവിതത്തിൽ ഇല്ല.. പൂർണ്ണാരോഗ്യവാനായ ശേഷം അവളെയും കൂട്ടി നാട്ടിലേക്ക് മടങ്ങണം.. അവിടെ അച്ഛനോടും അമ്മയോടും അവളോടും ഞങ്ങൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങളോടും കൂടെ ഒരുപാട് നാൾ എനിക്ക് ജീവിക്കണം.. അവൾ ആഗ്രഹിക്കുന്ന ശേഖർ ആകണം എനിക്ക്… അവളുടെ നല്ല പാതിയായി, അവളുടെ പുഞ്ചിരിയെ മടക്കിക്കൊടുത്ത്, മരിക്കും വരെ എന്റെ പെണ്ണിന്റെ മാത്രമായി ഒരു കൊച്ചുജീവിതം…
– വസുധയുടെ മാത്രം ശേഖർ ”
ആ ഡയറി അവളുടെ കൈകളിൽ ഇരുന്നു വിറച്ചു… അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി… തനിക്ക് തെറ്റ് പറ്റിയെന്ന് അവൾ തിരിച്ചറിഞ്ഞു…കഴിഞ്ഞകാലങ്ങളൊന്നും പുതുജന്മവുമായി ബന്ധിതമല്ലെന്ന് അവൾ മനസ്സിലാക്കി…പക്ഷേ, അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു…ഒരു ഭ്രാന്തിയെപ്പോലെ അവൾ അലറിക്കരഞ്ഞു… അവൾക്ക് എല്ലാം നഷ്ടമായി…
വിധിയുടെ ക്രൂരതകളുടെ ബാക്കിപാത്രമായി
അവൾ മാത്രം അവശേഷിച്ചു..
#വാൽക്കഷണം : ഒരു ശ്രമം ആണ്… ഒരുപാട് പോരായ്മകൾ ഉള്ള ഒരു ശ്രമം… അഭിപ്രായങ്ങൾ അറിയിക്കുക…
#അമ്മൂട്ടൻ…❤

by