17/04/2026

ഒന്നുല്ല മോളെ.. കരയല്ലേ… ഏട്ടൻ ഇപ്പൊ വണ്ടിയെടുക്കാം..

#ശിക്ഷ…

 

ഓഫീസിലെ ഫയലുകൾ നോക്കിക്കൊണ്ട് ഇരിക്കുമ്പോൾ ആണ് ഹരി പുറകിൽ ഒരു ഏങ്ങലടി കേട്ടത്… നന്ദനയാണ്…

 

“എന്താ നന്ദൂട്ടി, എന്ത് പറ്റി…എന്തിനാ നീ കരയണേ…? ”

 

“ഒന്നുല്ല ഏട്ടാ…”

 

“ഏട്ടനെ ദേഷ്യം പിടിപ്പിക്കാതെ കാര്യം പറ നന്ദൂ…”

 

“ഡേറ്റ് അടുത്തില്ലേ…എനിക്ക് പേടി ആകുന്നു ഹരിയേട്ടാ…”

തന്റെ നിറവയറിൽ കൈ വെച്ചുകൊണ്ട് അവൾ പറഞ്ഞു…

 

“അയ്യേ… നീ എന്താ ഇങ്ങനെ കൊച്ചുകുട്ടികളെ പോലെ… പേടി എന്നൊക്കെ പറയുന്നേ… നമ്മുടെ മോന് വേണ്ടി അല്ലേ…”

 

“ഏട്ടാ, എനിക്ക് എന്തേലും പറ്റിയാലോ…? ”

 

“നിനക്ക് ഒന്നും പറ്റില്ല… നീയും നമ്മുടെ മോനും സുഖം ആയി ഇരിക്കും…”

 

“ഉറപ്പാ…? ”

 

“ഉറപ്പ്…”

 

“എന്നാലും ചെറിയൊരു പേടി…”

 

“ഇത് പഴയ കാലം ഒന്നും അല്ലെന്റെ നന്ദൂ.. പണ്ടല്ലേ പ്രെഗ്നൻസി കോംപ്ലിക്കേറ്റട് ഒക്കെ ആയിരുന്നത്… ഇപ്പൊ അങ്ങനെ ഒന്നും അല്ല… എന്റെ മോള് പേടിക്കണ്ട…”

 

“എന്നാലും…”

 

“ഈ പേടിയും വേദനയുമൊക്കെ നമ്മുടെ മോനെ കണ്ടുകഴിയുമ്പോൾ അങ്ങ് മാറിക്കോളും… ഇപ്പൊ നീ കിടന്ന് ഉറങ്ങാൻ നോക്ക്… രാവിലെ ഹോസ്പിറ്റലിൽ പോയി അഡ്മിറ്റ്‌ ആകാൻ ഉള്ളതാ…”

 

“ഏട്ടൻ എന്റെ കൂടെ ഇരിക്കാവോ…ഞാൻ ഉറങ്ങുന്നത് വരെ…”

 

“പിന്നെന്താ… ഇരിക്കാലോ…വാ…”

 

നന്ദന പതിയെ ഹരിയുടെ നെഞ്ചിലേക്ക് ചാഞ്ഞു…ഹരി അവളുടെ നെറുകയിൽ തലോടിക്കൊണ്ടിരുന്നു…

 

“പാവം…പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോൾ തുടങ്ങിയ ആവലാതി ആണ്… ഇപ്പോഴും പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്നും പുറത്തു വന്നിട്ടില്ല… പൊട്ടിക്കാളി…” ഹരി മനസ്സിലോർത്തു…

 

പെട്ടെന്ന് ഹരിയുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു…

 

‘ഹായ്… ‘

 

ലക്ഷ്മി ആണ്… പഴയ കാമുകി… രണ്ടു മാസം മുൻപാണ് ഓഫീസിൽ വെച്ച് കണ്ടത്… 6 വർഷങ്ങൾക്ക് ശേഷം… വീട്ടുകാരുടെ ഇഷ്ടത്തിനു വേണ്ടി എന്നെ വേണ്ടെന്നു വെച്ച് പോയവൾ ആണ്… എങ്കിലും മനസ്സിൽ എവിടെയോ ഇപ്പോഴും അവൾക്ക് ഒരു സ്ഥാനം ഉണ്ട്.. ആദ്യപ്രണയം എളുപ്പത്തിൽ മറക്കാൻ സാധിക്കില്ലല്ലോ…കണ്ടു.. സംസാരിച്ചു… നമ്പർ കൈമാറി… വിളിച്ചു.. വീണ്ടും കൂടിക്കാഴ്ചകൾ… അവളുടെ വിവാഹജീവിതം ഒരു ദുരന്തം ആയിരുന്നു… മദ്യപാനിയായ ഭർത്താവും, പണക്കൊതിയും കൊണ്ട് ജീവിക്കുന്ന അയാളുടെ കുടുംബവും… ഇത്ര വർഷങ്ങൾ ആയിട്ടും കുഞ്ഞുങ്ങൾ ഇല്ല… പറയാൻ ഒരുപാട് സങ്കടങ്ങൾ ഉണ്ടായിരുന്നു അവൾക്ക്… കഴിയുന്ന വിധത്തിൽ ഒക്കെ ആശ്വസിപ്പിച്ചു…നന്ദുവിനോട് പറയണം എന്ന് കരുതിയതാ..പിന്നെന്തോ വേണ്ടെന്ന് വെച്ചു…”

 

‘ഹരീ… ആർ യൂ ദെയർ…? ‘

 

‘പറ ലച്ചൂ…’

 

‘ബിസി ആയിരുന്നോ…’

 

‘ഏയ്…അല്ല…’

 

‘കഴിച്ചോ…? ‘

 

‘ഞാൻ കഴിച്ചു… നീയോ…? ‘

 

‘കഴിച്ചു… നന്ദന എവിടെ…? ‘

 

‘കിടന്നു…’

 

‘ഹരീ…’

 

‘എന്താ ലച്ചൂ…’

 

‘ഈ ശനിയാഴ്ച വീട്ടിൽ ആരും ഉണ്ടാകില്ല…

എല്ലാവരും കൊല്ലത്തുള്ള അമ്മായിയുടെ വീട്ടിൽ പോകുവാണ്…’

 

‘നീ പോകുന്നില്ലേ…?’

 

‘ഇല്ല…എല്ലാവർക്കും ഉള്ള സീറ്റ് ഇല്ല കാറിൽ… അതുകൊണ്ട് ഞാൻ പോകുന്നില്ല എന്ന് വെച്ചു…’

 

‘ഓഹ്…’

 

‘ഹരി വരുന്നുണ്ടോ അന്ന് വീട്ടിലേക്ക്… നമുക്ക് സംസാരിച്ചിരിക്കാം…’

 

ലക്ഷ്മി പറഞ്ഞു വരുന്നത് എന്താണ് എന്ന് ഹരിക്ക് മനസിലായി…

എന്ത് പറയണം… കുറെ ആഗ്രഹിച്ച പെണ്ണാ…ഇപ്പൊ ഒരു അവസരം കണ്മുന്നിൽ കൊണ്ടിട്ടു തരുന്നു… അതും അവളുടെ ആഗ്രഹപ്രകാരം… എന്ത് ചെയ്യണം…

അവൻ ചിന്തിച്ചു…

 

‘ഹരീ… ഞാൻ മനഃപൂർവം പോകുന്നില്ല എന്ന് വെച്ചതാ… ഹരിയെ കാണാൻ… ഹരിയോടൊപ്പം ഒരു ദിവസം ചിലവഴിക്കാൻ…

നമുക്ക് ഹാപ്പി ആയി ഇരിക്കാം… ഹരി മനസ്സ് വെച്ചാൽ…’

 

ഹരി റിപ്ലൈ ടൈപ്പ് ചെയ്യാൻ ഒരുങ്ങി… പെട്ടെന്നാണ് ഒരു ഞരക്കം…നന്ദന…

 

“ഹരിയേട്ടാ…എനിക്ക് വേദനിക്കുന്നു ഹരിയേട്ടാ…”

 

“നന്ദൂ… എന്താ… എന്താ പറ്റിയെ…”

 

“ആാാ… അമ്മേ… ഞാനിപ്പോ മരിച്ചു പോകും… ഹരിയേട്ടാ…”

 

“ഒന്നുല്ല… ഒന്നുല്ല മോളെ… നമുക്ക് ഹോസ്പിറ്റലിൽ പോകാം.. ഒന്നുല്ല… എന്റെ മോള് പേടിക്കല്ലേ…”

 

“ഹരിയേട്ടാ… മരിച്ചു പോകുന്ന പോലെ തോന്നുന്നു… എനിക്ക് വയ്യ… ആ…”

 

“ഒന്നുല്ല മോളെ.. കരയല്ലേ… ഏട്ടൻ ഇപ്പൊ വണ്ടിയെടുക്കാം…”

 

ഹരി അച്ഛനെയും അമ്മയെയും വിളിച്ചുണർത്തി… എല്ലാവരും ചേർന്ന് നന്ദനയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി… ചെന്നപ്പോൾ തന്നെ അവളെ ലേബർ റൂമിലേക്ക് മാറ്റി… ഹരി പുറത്ത് കസേരയിൽ ഇരുന്നു… ക്ഷീണം കൊണ്ട് മെല്ലെ കണ്ണുകൾ അടച്ചു…

 

ഡോക്ടർ വന്നു തട്ടിവിളിച്ചപ്പോൾ ആണ്

ഹരി ഉണരുന്നത്…

 

“ഡോക്ടർ… നന്ദു…? ”

 

“സോറി ഹരി… കുറച്ച് കോംപ്ലിക്കേറ്റട് ആയിരുന്നു… ഞങ്ങൾ മാക്സിമം ശ്രമിച്ചു… പക്ഷേ കുഞ്ഞിനെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളു… വീ ആർ എക്സ്ട്രീമിലി സോറി…”

 

കേട്ടത് വിശ്വസിക്കാൻ ആകാതെ ഹരി ഇരുന്നു… നന്ദു… എന്റെ നന്ദു… അവൾ… അവളെന്നെ വിട്ട് പോയെന്നോ… ഇല്ല… അങ്ങനെ സംഭവിക്കാൻ പാടില്ല…

എന്തിനാ ദൈവമേ നീ അവളെ കൊണ്ടുപോയത്… ഒരു പാവം ആയിരുന്നില്ലേ അവള്… ഞാൻ എന്ന് വെച്ചാൽ ജീവൻ ആയിരുന്നില്ലേ അവൾക്ക്…

നന്ദനയോടൊപ്പം ചിലവിട്ട ഓരോ നിമിഷങ്ങളും ഹരിയുടെ മനസ്സിലേക്ക് ഓടിയെത്തി… ഓരോ പനിച്ചൂടിലും തനിക്ക് കൂട്ടിരുന്നവൾ… തന്റെ ഇഷ്ടവിഭവങ്ങൾ വെച്ചുവിളമ്പാൻ മത്സരിച്ചിരുന്നവൾ… തനിക്കായി മാത്രം ജീവിച്ചിരുന്നവൾ… അച്ഛനും അമ്മക്കും സ്വന്തം മകൾ… തങ്ങളുടെ ഇടയിലേക്ക് ഒരു കുഞ്ഞു

വരുന്നു എന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷിച്ചിരുന്നു പാവം… തന്റെ നന്മകൾക്ക് വേണ്ടി എത്ര നേർച്ചകൾ നിറവേറ്റിയിട്ടുണ്ട്… എത്ര രാത്രി ആയാലും ഭക്ഷണം കഴിക്കാതെ കാത്തിരിക്കും… തനിക്ക് വേണ്ടി… എത്ര ദേഷ്യപ്പെട്ടാലും മറുത്ത് ഒരക്ഷരം പോലും പറയാതെ ഒരു പുഞ്ചിരി മാത്രം സമ്മാനിക്കുന്നവൾ…

എന്റെ നന്ദൂ…

 

പെട്ടെന്ന് നന്ദനയുടെ ശരീരം പുറത്തേക്ക് കൊണ്ടുവന്നു… ഹരി ഓടി ചെന്നു…

 

“നന്ദൂ… കണ്ണ് തുറക്ക് നന്ദൂ… നിന്റെ ഹരിയേട്ടനാ വിളിക്കുന്നെ… ഏട്ടന്റെ മോളല്ലേ.. എണീക്ക്.. എണീക്ക് നന്ദൂ…”

 

ഹരി ഉറക്കെ കരഞ്ഞു… എല്ലാവരും ചേർന്ന് അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു…

 

“ഹരീ… മോനെ ഹരീ…”

 

ഹരി കണ്ണുതുറന്നു… അമ്മയാണ്….

 

“നീ ഉറങ്ങി പോയോ… നന്ദുമോള് പ്രസവിച്ചു… ആൺകുഞ്ഞാ… നീ വേഗം വാ…”

 

‘താൻ സ്വപ്നം കണ്ടതായിരുന്നോ…ഹോ…’

ഹരി ഒരു ദീർഘനിശ്വാസം ഉതിർത്തു…

ശേഷം ലേബർ റൂമിന്റെ വാതിൽക്കലേക്ക് നടന്നു ചെന്നു… അമ്മയുടെ കൈയിൽ ഇരിക്കുന്നു തന്റെ മകൻ… ഹരി അവനെ നോക്കി… നന്ദുവിനെ പോലെ തന്നെ.. കുഞ്ഞു കണ്ണുകൾ…

 

കുറച്ച് സമയങ്ങൾക്കകം അമ്മയെയും കുഞ്ഞിനേയും റൂമിലേക്ക് മാറ്റി…

ഹരി കുഞ്ഞിനെ എടുത്തു… അവന്റ നെറ്റിയിൽ ചുംബിച്ചു… എന്നിട്ട്

മെല്ലെ അവനോട് പറഞ്ഞു…

 

“നിന്റെ അച്ഛൻ തെറ്റുകാരൻ ആണ്… ഒരു നിമിഷത്തേക്കെങ്കിലും നിന്റെ അമ്മയെ ചതിക്കാൻ അച്ഛൻ ശ്രമിച്ചു… അച്ഛന് തെറ്റ് പറ്റി… ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത തെറ്റ്… പക്ഷേ ഇപ്പൊ അച്ഛന് അച്ഛന്റെ തെറ്റ് മനസിലായി…നിന്റെ അമ്മ എനിക്ക് എന്താണ് എന്ന് ഞാൻ മനസ്സിലാക്കി… അവൾ ഇല്ലാതെ ഞാൻ ഒന്നുമല്ല.. അവളാണ് എനിക്ക് എല്ലാം… ഇനി ഒരിക്കലും അച്ഛന് ഒരു തെറ്റും സംഭവിക്കില്ല… അവളെ ഒന്ന് വേദനിപ്പിക്കുക പോലും ഇല്ല… സത്യം… നീ അച്ഛനോട് ക്ഷമിക്കാണം…

ഇന്ന് എനിക്ക് അറിയാം… എനിക്ക് ഇനി ഒരു തെറ്റും സംഭവിക്കില്ല… കാരണം, എന്റെ തെറ്റുകൾ ഞാൻ ഏറ്റു പറഞ്ഞിരിക്കുന്നത് എന്റെ മകനോടാണ്…എന്റെ സ്വന്തം രക്തത്തോട്… ”

 

“എന്താ, അച്ഛനും മോനും ഒരു സ്വകാര്യം…? ”

 

“ഒന്നുല്ല പെണ്ണേ… അമ്മേടെ വയറ്റിൽ അവനു സുഖം ആയിരുന്നോ എന്ന് ചോദിച്ചതാ…”

 

പെട്ടെന്ന് ഹരിയുടെ ദേഹത്തേക്ക് കുഞ്ഞ് മൂത്രമൊഴിച്ചു…

 

“ഹഹഹ…”

നന്ദന ചിരിച്ചു…

 

“ഹരിയേട്ടൻ എന്നോട് ചെയ്തതിനൊക്കെ അവൻ തന്ന ശിക്ഷയാ… ഇനി എനിക്ക് ചോദിക്കാൻ എന്റെ മോനുണ്ട്… ”

 

ഹരി പതിയെ പുഞ്ചിരിച്ചു… കുഞ്ഞിനെ അവൾക്കരികിൽ കിടത്തിയിട്ട് അവൻ മെല്ലെ പുറത്തിറങ്ങി…

 

“അതെ… നിന്നോട് ചെയ്തതിനെല്ലാം അവൻ തന്ന ശിക്ഷ… എന്റെ മകൻ തന്ന ശിക്ഷ…”

 

ഹരിയുടെ ഫോണിൽ ഒരു മെസ്സേജ് വന്നു…

 

‘ഹരി ഒന്നും പറഞ്ഞില്ലല്ലോ…?

 

‘എന്റെ ഭാര്യ പ്രസവിച്ചു…ആൺകുഞ്ഞാണ്…’

 

#അമ്മൂട്ടൻ…❤️