ആധുനികമായ ആ ഓഡിറ്റോറിയത്തിലെ വെളിച്ചം കുറഞ്ഞു. സ്റ്റേജിലെ സ്പോട്ട്ലൈറ്റ് ചെന്നു നിൽക്കുന്നത് അഞ്ജലി എന്ന യുവതിയുടെ മേലാണ്. ആറുമാസം ഗർഭിണിയായ അവൾ, തന്റെ വയറിൽ പതുക്കെ തലോടിക്കൊണ്ട് മൈക്കിന് മുന്നിലേക്ക് നീങ്ങി നിന്നു. സദസ്സിൽ നിശബ്ദത പടർന്നു.
“എന്റെ പേര് അഞ്ജലി. ഇന്ന് നിങ്ങളുടെ മുന്നിൽ ഇങ്ങനെ ആത്മവിശ്വാസത്തോടെ നിൽക്കുമ്പോൾ, ഭൂതകാലത്തിലെ ഇരുണ്ട മുറികളിൽ തളർന്നിരുന്ന പഴയ എന്നെ ഞാൻ ഓർക്കുകയാണ്. ജനിച്ചപ്പോൾ മുതൽ കേട്ടുതുടങ്ങിയതാണ്, ‘ഇവൾക്ക് ഇതെന്താ ഇത്ര നിറം കുറവ്?’ എന്ന ചോദ്യം. വെളുത്തു തുടുത്ത സഹോദരിമാർക്കിടയിൽ ഞാൻ ഒരു കറുത്ത പാടായി മാറി. എന്റെ അച്ഛൻ പോലും പറയുമായിരുന്നു, ഈ നിറം കാരണം ഇവളെ ആര് കെട്ടിക്കൊണ്ടുപോകുമെന്ന്. ഒരു പെണ്ണിന്റെ യോഗ്യത അവളുടെ ചർമ്മത്തിന്റെ നിറമാണെന്ന് വിശ്വസിച്ചിരുന്ന ഒരു ചുറ്റുപാടിലാണ് ഞാൻ വളർന്നത്.”
അഞ്ജലി ഒരു നിമിഷം നിർത്തി. അവളുടെ വാക്കുകളിൽ പഴയ നോവ് തങ്ങിനിന്നു.
“എന്റെ അനിയത്തിമാരുടെ വിവാഹം ആഘോഷമായി നടന്നു. പന്തലിൽ പട്ടുസാരിയുടുത്ത് നിൽക്കുമ്പോഴും, ‘മൂത്തവൾക്ക് നിറമില്ലാത്തതുകൊണ്ടാവും താഴെയുള്ളവർ ആദ്യം പോയത്’ എന്ന നാട്ടുകാരുടെ അടക്കംപറച്ചിലുകൾ എന്റെ നെഞ്ചിൽ തുളച്ചുകയറി. കണ്ണാടിയിൽ നോക്കുമ്പോൾ എനിക്ക് എന്നെത്തന്നെ വെറുപ്പായിരുന്നു. ഡിപ്രഷന്റെ ആഴങ്ങളിലേക്ക് ഞാൻ വഴുതി വീണു.”
സദസ്സിലിരുന്ന പലരുടെയും കണ്ണുകൾ നനഞ്ഞു. അഞ്ജലി തുടർന്നു:
“അങ്ങനെയിരിക്കെയാണ് എന്റെ ഒരു സുഹൃത്ത് എന്നെ നിർബന്ധിച്ച് പ്രശസ്ത മോട്ടിവേഷണൽ ട്രെയിനർ ഡോക്ടർ സിദ്ധാർത്ഥിന്റെ അരികിൽ എത്തിക്കുന്നത്. ആ കൂടിക്കാഴ്ച എന്റെ ജീവിതം മാറ്റിമറിച്ചു.”
അന്ന് സിദ്ധാർത്ഥിന്റെ ക്യാബിനിൽ ഇരിക്കുമ്പോൾ അഞ്ജലി വിറയ്ക്കുകയായിരുന്നു. സിദ്ധാർത്ഥ് ശാന്തനായി അവളോട് ചോദിച്ചു:
“അഞ്ജലി, നിങ്ങളെന്താണ് പഠിച്ചത്?”
“ഞാൻ എം.ടെക് കഴിഞ്ഞ് ഒരു പ്രശസ്ത കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുകയാണ് സർ,” അവൾ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.
“നിങ്ങളുടെ അനിയത്തിമാരോ?”
“ഒരാൾ പ്ലസ്ടു കഴിഞ്ഞപ്പോൾ വിവാഹിതയായി. രണ്ടാമത്തെയാൾ ഡിഗ്രിക്ക് പഠിക്കുമ്പോൾ.”
സിദ്ധാർത്ഥ് ഒന്ന് പുഞ്ചിരിച്ചു. “അഞ്ജലി, നിങ്ങളുടെ നിറമാണ് നിങ്ങളുടെ വിവാഹത്തിന് തടസ്സമെന്ന് നിങ്ങൾ വിശ്വസിക്കുന്നു. എന്നാൽ സത്യത്തിൽ അത് നിങ്ങളുടെ ഭാഗ്യമാണ്. ആലോചിച്ചു നോക്കൂ, നിങ്ങളുടെ അനിയത്തിമാർ ഇന്ന് സാമ്പത്തികമായി ആരെയാണ് ആശ്രയിക്കുന്നത്? സ്വന്തം ആവശ്യങ്ങൾക്ക് പോലും ഭർത്താവിന്റെ മുന്നിൽ കൈനീട്ടേണ്ടി വരുന്ന അവസ്ഥയല്ലേ അവർക്ക്? എന്നാൽ നിങ്ങൾ സ്വയം പര്യാപ്തയാണ്. നിങ്ങളുടെ യോഗ്യതയും ജോലിയും കണ്ട് വരുന്നവരെയല്ല നിങ്ങൾ കാത്തിരിക്കേണ്ടത്. നിങ്ങളെ സ്നേഹിക്കുന്ന ഒരാളെയാണ്.”
സിദ്ധാർത്ഥ് അവൾക്ക് ഒരു ‘മെന്റൽ എക്സർസൈസ്’ നൽകി. “നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയായിരിക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, ആ രൂപം മനസ്സിൽ ഉറപ്പിക്കുക. ദിവസവും ഉണരുമ്പോഴും ഉറങ്ങുമ്പോഴും ആ പോസിറ്റീവ് എനർജി പ്രപഞ്ചത്തിലേക്ക് വിടുക. വിശ്വാസം ഉള്ളിൽ ഉറപ്പിക്കുക.”
സ്റ്റേജിൽ നിന്നുകൊണ്ട് അഞ്ജലി പറഞ്ഞു: “ആ വാക്കുകൾ എനിക്ക് തന്ന ധൈര്യം ചെറുതല്ല. എന്റെ നിറം വെളുപ്പിനേക്കാൾ ഭംഗിയുള്ളതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അധികം വൈകാതെ, എന്റെ ജീവിതത്തിലേക്ക് രാഹുൽ വന്നു. ബാങ്ക് മാനേജറായ അദ്ദേഹം എന്നെ സ്നേഹിച്ചത് എന്റെ മനസ്സിനെയാണ്. ഇന്ന് ഞാൻ അനുഭവിക്കുന്ന ഈ മാതൃത്വം പോലും ഡോക്ടർ സിദ്ധാർത്ഥ് എനിക്ക് തന്ന ആത്മവിശ്വാസത്തിന്റെ ഫലമാണ്.”
സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയടിച്ചു. സിദ്ധാർത്ഥ് സ്റ്റേജിലേക്ക് വന്ന് അഞ്ജലിയെയും രാഹുലിനെയും അഭിനന്ദിച്ചു. “നമ്മൾ എന്ത് ചിന്തിക്കുന്നുവോ, അതാകും നമ്മുടെ ജീവിതം. പോസിറ്റീവ് ചിന്തകൾക്ക് ഏതൊരു ഇരുട്ടിനെയും തോൽപ്പിക്കാനാകും,” സിദ്ധാർത്ഥിന്റെ പ്രസംഗം ഗംഭീരമായി അവസാനിച്ചു.
സെമിനാർ കഴിഞ്ഞ് രാത്രി വൈകി സിദ്ധാർത്ഥ് തന്റെ വീട്ടിലെത്തി. പുറമെ ശാന്തനെങ്കിലും ഉള്ളിൽ അയാൾ വല്ലാതെ അസ്വസ്ഥനായിരുന്നു. വാതിൽ തുറന്നത് അയാളുടെ ഭാര്യ ശാലീനയായിരുന്നു.
“എത്ര നേരമായി ഞാൻ വിളിക്കുന്നു? ഫോൺ എടുക്കാൻ സൗകര്യമില്ലേ?” അവൾ അലറി.
“അത് ശാലൂ… സെമിനാർ തിരക്കിലായിരുന്നു…” സിദ്ധാർത്ഥ് വിക്കി.
“സെമിനാർ പോലും! നാട്ടുകാരെ മുഴുവൻ നന്നാക്കാൻ നടക്കുന്നു. പോയി ആ കിച്ചണിലെ പാത്രങ്ങൾ കഴുകി വെക്ക് മനുഷ്യ! എന്നിട്ട് വേണം എനിക്ക് കിടക്കാൻ.”
സിദ്ധാർത്ഥ് ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് നീങ്ങി. പിറ്റേന്ന് രാവിലെ അയാൾ നേരെ പോയത് തന്റെ സുഹൃത്തും പ്രശസ്ത സൈക്യാട്രിസ്റ്റുമായ ഡോക്ടർ മാധവന്റെ അടുത്തേക്കാണ്.
മാധവന്റെ മുന്നിലിരുന്ന് സിദ്ധാർത്ഥ് പൊട്ടിക്കരഞ്ഞു. “മാധവാ… എനിക്ക് വയ്യ. സ്റ്റേജിൽ ആയിരക്കണക്കിന് ആളുകൾക്ക് ആത്മവിശ്വാസം കൊടുക്കുന്ന എനിക്ക് എന്റെ സ്വന്തം വീട്ടിൽ ഒരു വിലയുമില്ല. അവളുടെ ഓരോ വാക്കും ചട്ടുളി പോലെയാണ് തറയ്ക്കുന്നത്. ഇടയ്ക്ക് കൈവയ്ക്കും കൂടി തുടങ്ങിയാൽ ഞാൻ എന്ത് ചെയ്യും?”
സിദ്ധാർത്ഥ് ടിഷ്യൂ പേപ്പർ എടുത്ത് കണ്ണീരും മൂക്കട്ടയും തുടച്ചു.
മാധവൻ ചിരിച്ചുകൊണ്ട് പറഞ്ഞു, “സിദ്ധാർത്ഥ്, നീ ഒരു കാര്യം മനസ്സിലാക്ക്. മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എളുപ്പമാണ്, കാരണം നമ്മൾ അതിൽ നേരിട്ട് ഉൾപ്പെടുന്നില്ല. പക്ഷേ സ്വന്തം ജീവിതം വരുമ്പോൾ യുക്തിയല്ല, വികാരങ്ങളാണ് നമ്മെ ഭരിക്കുന്നത്. നീ എല്ലാവരോടും പറയുന്ന ആ ‘മൈൻഡ് പവർ’ സ്വന്തം കാര്യത്തിൽ ഒന്ന് പ്രയോഗിച്ചു നോക്ക്.”
“എങ്ങനെ?” സിദ്ധാർത്ഥ് ദയനീയമായി ചോദിച്ചു.
“അവൾ നിന്നെ ഉപദ്രവിക്കുമെന്ന് നീ നേരത്തെ തന്നെ ഉറപ്പിക്കുക. അതൊരു ശീലമായി കരുതുക. അടിക്കുമ്പോൾ വേദന കുറയാൻ അത് സഹായിക്കും. പിന്നെ, അവൾ നിന്നെ കെട്ടിപ്പിടിക്കുന്നതായും സ്നേഹിക്കുന്നതായും നീ സങ്കൽപ്പിച്ചു തുടങ്ങൂ. എന്നെങ്കിലും അത് സത്യമാകും.”
സിദ്ധാർത്ഥ് ഒരു ദീർഘശ്വാസം വിട്ടു. “ശരിയാണ് മാധവാ, ഞാൻ ശ്രമിക്കാം.” അയാൾ പകുതി ആശ്വാസത്തോടെ അവിടെനിന്നും ഇറങ്ങി.
മാധവൻ തന്റെ കസേരയിലേക്ക് ചായഞ്ഞു കിടന്നു. അപ്പോഴാണ് വാതിൽ തള്ളിത്തുറന്ന് അയാളുടെ ഭാര്യ സുമിത്ര അകത്തേക്ക് വന്നത്.
“നിങ്ങളിവിടെ കഥ പറഞ്ഞിരിക്കുകയാണോ? ഞാൻ പുറത്ത് കാറിൽ വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് എത്ര നേരമായി? ഷോപ്പിംഗിന് പോകണമെന്ന് പറഞ്ഞത് മറന്നോ?”
“ഇല്ല സുമിത്രാ… ഇതാ വരുന്നു. സിദ്ധാർത്ഥിന് ഒരു കൗൺസിലിംഗ് കൊടുക്കുകയായിരുന്നു.”
“നിങ്ങളുടെ ഒരു കൗൺസിലിംഗ്! സ്വന്തം വീട്ടിലെ കാര്യം നോക്കാൻ കഴിവില്ലാത്തവനാണ് നാട്ടുകാരെ ചികിത്സിക്കുന്നത്. വേഗം ഇറങ്ങാൻ നോക്ക് മനുഷ്യാ!” സുമിത്ര പുറത്തേക്ക് നടന്നു.
മാധവൻ പതുക്കെ എഴുന്നേറ്റു, മേശപ്പുറത്തെ കണ്ണട തുടച്ചു വെച്ചു. എന്നിട്ട് സ്വയം പിറുപിറുത്തു, “സത്യമാണ് സിദ്ധാർത്ഥ്… മറ്റുള്ളവരെ ഉപദേശിക്കാൻ ശരിക്കും എളുപ്പമാണ്!”
ഒരു കയ്യിൽ കാറിന്റെ കീയും മറുക്കൈ കൊണ്ട് നെറ്റിയിലെ വിയർപ്പും തുടച്ച്, കേരളത്തിലെ ആ വലിയ സൈക്യാട്രിസ്റ്റ് തന്റെ ഭാര്യയുടെ പിന്നാലെ ഓടി.

by