24/04/2026

മിഴി : ഭാഗം 12

രചന : ഗായത്രി സുരേന്ദ്രൻ

“ഏട്ടാ എന്തു കടപ്പാടാണ് പ്രത്യുഷിനോട് ഏട്ടനുള്ളതെന്നു മാത്രം പറഞ്ഞാൽ മതിയാകും….
മറ്റെല്ലാം ഞാൻ ആരാധ്യയിൽ നിന്നു തന്നെ അറിഞ്ഞുകഴിഞ്ഞിരിക്കുന്നു…..ഒരുപക്ഷേ ഏട്ടന് അറിയാവുന്നതിനേക്കാളും കൂടുതൽ ഞാൻ ഈ കാര്യത്തെപ്പറ്റി അറിഞ്ഞിരിക്കുന്നു…..”മിഴീ നീയെങ്ങനെ ഇതിനു പിന്നിലുള്ള കാര്യങ്ങളൊക്കെ ആരാധ്യയോടുചോദിച്ചറിഞ്ഞു??….അവളെന്തൊക്കെയാണ് നിന്നോടു പറഞ്ഞത്???…അവൾ പറയുന്നതിൽ പലതും എനിക്കു സംശയം ജനിപ്പിക്കുന്ന കാര്യങ്ങളാണ്….എന്നിട്ടുപോലും ഞാനവളെ സഹായിക്കുന്നത് പ്രത്യുഷിനെ ഓർത്തു മാത്രമാണ്….””ആരാധ്യ എന്നോടു എല്ലാം തുറന്നു പറഞ്ഞത് അവൾക്കെന്നോടുള്ള സ്നേഹം കൊണ്ടല്ലെന്നെനിക്കറിയാം….

എന്നെ മനപ്പൂർവം മുറിവേൽപ്പിക്കുവാൻ മാത്രമാണ്….അതിനു ഞാനവൾക്കർഹിക്കുന്ന പ്രതിഫലവും നൽകിക്കഴിഞ്ഞു….പക്ഷേ എനിക്കിനിയും മനസിലാവാത്തത് ഏട്ടനും പ്രത്യുഷും തമ്മിലുള്ള ബന്ധമാണ്….””അതു ഞാൻ പറയാമെന്നു പറഞ്ഞല്ലോ…ഞാൻ ഡൽഹിയിലേക്കെത്തി കോളേജിൽ ആദ്യമായി പോയ അന്നാണ് പ്രത്യുഷിനെ പരിചയപ്പെടുന്നത്….
വളരെ നല്ല ഒരു ചെറുപ്പക്കാരൻ…സദാസമയവും ചിരി നിലനിർത്തുന്ന ഒരാളായിരുന്നു അവൻ…അവനൊപ്പം ചിലവഴിക്കുമ്പോൾ നാം നമ്മളറിയാതെതന്നെ ശുഭാപ്തിവിശ്വാസമുള്ളവരായി മാറിപ്പോകും അത്ര കഴിവുറ്റ ഒരു വ്യക്തിയാണവൻ….ഞാനും അവനും ഒരേ ഹോസ്റ്റൽ മുറിയിലാണ് താമസിച്ചത്….

വളരെപ്പെട്ടന്നു തന്നെ ഞങ്ങൾ ഉറ്റസുഹൃത്തുക്കളായി….അവനിലൂടെയാണ് ആരാധ്യയെ പരിചയപ്പെടുന്നത്….എന്തോ എനിക്കാബന്ധം അത്ര സുഖകരമായ് തോന്നിയിരുന്നില്ല….ആരാധ്യ…. അവളുടെ ഇഷ്ടങ്ങൾക്കു വേണ്ടി പ്രത്യുഷ് പലപ്പോഴും അവന്റെ മോഹങ്ങളെ ത്യജിച്ചുകൊണ്ടിരുന്നു….അവളുടെ നിർദ്ദേശങ്ങൾ അവൻ കൈക്കൊള്ളുമ്പോൾ അവന്റെ ജീവിതത്തിൽ അവന് യാതൊരു സ്ഥാനവുമില്ലെന്നു പോലും തോന്നിയിരുന്നു….ഞാനത് അവനോട് തുറന്നു പറയുകയും ചെയ്തു….പക്ഷേ ഫലമുണ്ടായില്ല…കാരണം അപ്പോഴേയ്ക്കും ആരാധ്യ എന്ന പെൺകുട്ടിയെ അവനവനിൽ പ്രതിഷ്ഠിച്ചു പോയിരുന്നു….അവൾക്കു വേണ്ടി എന്തും ചെയ്യാൻ അവൻ സന്നദ്ധനായിത്തീർന്നിരുന്നു…. അവളിൽ അവൻ ഇത്രയും അനുരക്തനായ്ത്തീർന്നത് എന്നെനിക്കറിയില്ല….

ആരാധ്യയുടെ സമീപനത്തിൽ പലപ്പോഴും എനിക്കു അസ്വാഭാവികതതോന്നിയിട്ടുണ്ട്…..പ്രത്യുഷിനെക്കാണാൻ എന്ന രൂപേണ കൂടുതൽ സമയം അവളെന്നോടു കൂടി സംസാരിക്കാൻ ആഗ്രഹിച്ചിരുന്നു….അവളുടെ പെരുമാറ്റത്തിൽ നിന്നും എനിക്കതു മനസിലായി….എന്നാൽ ഞാനതു പ്രത്യുഷിനോടു പറഞ്ഞു അവനെ കൂടുതൽ വിഷമിപ്പിക്കാൻ ആഗ്രഹിച്ചില്ല…..അല്ലെങ്കിൽ തന്നെ ഞാൻ പറഞ്ഞുവെന്നാലും അതവൻ അവളോടുള്ള അമിത വിശ്വാസത്തിന്റെ പുറത്ത് അവഗണിക്കുമായിരുന്നു….ഞാനും അവനും തമ്മിലുള്ള സുഹൃദ്ബന്ധത്തെ അതു മോശമായി ബാധിക്കും എന്നു ഞാൻ മനസിലാക്കി….

അതുകൊണ്ട് ഞാൻ അവളെ അകറ്റിനിർത്താൻ ആവതു ശ്രമിച്ചു കുറേയൊക്കെയും വിജയിച്ചു….
എന്നിരുന്നാലും അവൾ പഴയപടി എന്നോടടുക്കാനുള്ള ഓരോ വഴികൾ തേടുകയായിരുന്നു….പഠനം കഴിഞ്ഞതോടെ പ്രത്യുഷിനു വിദേശത്തേയ്ക്കു പോകേണ്ടിവന്നു….ഇടയ്ക്കിടെ എന്നെ വിളിച്ചു സംസാരിക്കുമായിരുന്നു….കാരണം ഞാനാണവന്റെ ഏറ്റവും അടുത്ത സുഹൃത്ത്…. എല്ലാകാര്യവും എന്നോടവൻ പങ്കുവയ്ക്കാറുണ്ടായിരുന്നു…
ഈയിടെ അവന്റെ തിരിച്ചറിയൽ രേഖകളും മറ്റും നഷ്ടപ്പെട്ടതായ് അവനെന്നെ അറിയിച്ചു….
ഞാനും അവനും കൂടെ അതിന്റെ പ്രശ്നങ്ങൾക്കു പിന്നാലെ ആയിരുന്നു…..അതേ സമയമാണ് ആരാധ്യ അവളുടെ വീട്ടിൽ നിന്നും ഇറങ്ങിപ്പോന്നത്….

പ്രത്യുഷാണ് എന്നെയീ വിവരം അറിയിച്ചത്….
അവളെ സുരക്ഷിതമായി എന്റെ വീട്ടിൽ താമസിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു…..ഞാനതിനു സമ്മതം മൂളി….കാരണം അവളേതു തരക്കാരിയായിരുന്നാലും അവളെ എന്റെ സുഹൃത്ത് സ്നേഹിക്കുന്നു….അതുകൊണ്ട് ഒരു സഹോദരിയെന്ന പോൽ എനിക്കവളെ സംരക്ഷിക്കേണ്ട കടമയുണ്ടെന്നു ഞാൻ കരുതുന്നു….അങ്ങനെയാണ് ആരാധ്യ നിനക്കു എനിക്കുമിടയിലേക്കു കടന്നുവന്നത് മിഴീ….”

മിഴി അതുവരേയ്ക്കും മൗനമായി മാധവ് പറയുന്നതൊക്കെയും ശ്രദ്ധാപൂർവ്വം ശ്രവിക്കുകയായിരുന്നു….ഏറെ വിഷമത്തോടെയാണ് അവനൊക്കെയും തുറന്നു പറയുന്നത് എന്നവൾക്കു മനസിലായി…..താൻ മാധവിൽ നിന്നകലാൻ പോകയാണ് എന്ന ബോധം അവനെ തളർത്തുന്നുണ്ടെന്നവൾക്ക് തോന്നി……മിഴിക്കും നൊമ്പരം തോന്നീയെങ്കിലും അവൾ മനസ്സിനെ ശക്തിപ്പെടുത്തി….”ശരി തന്നെ പക്ഷേ എന്തിനാണ് അമ്മായിയോട് ആരാധ്യയെ പ്രണയിക്കുന്നു എന്നു പറഞ്ഞത്???….എന്തിനാണ് അവളെ വിവാഹം കഴിക്കാൻ തയ്യാറാവുന്നത്????അത്രമാത്രം എന്തു കടപ്പാടാണ്ഏട്ടനുപ്രത്യുഷിനോടുള്ളത്???…ആരാധ്യയ്ക്ക് ഏട്ടനോട് അതിരുവിട്ട ഒരടുപ്പം ഉള്ളതായി ഏട്ടനും മനസിലായിട്ടും എന്തു കൊണ്ട് പിന്നേയും ഈ നാടകത്തിനു സമ്മതം മൂളി????

ഇതാണെനിക്കറിയേണ്ടത്…നിങ്ങളുടെ മനസ്സിൽ മൂടിക്കെട്ടി വച്ചതെന്തോ അതെന്നോടു പറയണം….
ഇത്ര കാലം ഞാൻ ഏട്ടനെ കഴിവതും ദേഷ്യപ്പെടുത്താതിരിക്കാൻ എന്റെ സംശയങ്ങളൊന്നും തന്നെ ചോദിച്ചു ബുദ്ധിമുട്ടിച്ചിരുന്നില്ല….കാരണം ഞാൻ നിങ്ങളുടെ ക്രോധത്തെ ഭയപ്പെട്ടു…..ആ ഭയം കാരണം ഞാൻ എന്റെ ജീവിതത്തിൽ പരാജയപ്പെട്ടു തുടങ്ങി….എന്റെ ഭാവി തന്നെയും എന്നിൽ നിന്നും കൈവിട്ടു പോയീ….ഇനിയും സ്വയം വായ്മൂടിക്കെട്ടിയിരുന്നാൽ എനിക്കു തന്നെ പിന്നീട് കുറ്റബോധം തോന്നും എന്റെ ജീവിതം തിരിച്ചുപിടിക്കാൻ ഞാനൊന്നും തന്നെ ചെയ്തില്ലല്ലോ എന്നോർത്ത്…..അതുകൊണ്ട് ഇത്രയും കാര്യങ്ങൾക്ക് ഉത്തരം എനിക്കറിഞ്ഞേ തീരൂ…..”

മാധവ് അൽപനേരത്തേയ്ക്കു മൗനം പാലിച്ചു….
മിഴിയിൽ വന്നുചേർന്ന മാറ്റം നല്ലതുതന്നെ പക്ഷേ അവളുടെ ചോദ്യങ്ങളെ നേരിടേണ്ടി വരുന്നതൽപ്പം വിഷമകരമാണ്….അവളുടെ വാക്കുകൾക്ക് മൂർച്ചകൂടിയിട്ടുണ്ട്…”മിഴി നിനക്കെന്നേ മനസിലാക്കാൻ കഴിയും എന്നുതന്നെയാണെന്റെ വിശ്വാസം…അമ്മയോട് ഞാനും ആരാധ്യയും തമ്മിൽ പ്രണയത്തിലാണെന്ന് പറയേണ്ടി വന്നത് നീയും ഞാനുമായുള്ള വിവാഹത്തിന് അമ്മ നിർബന്ധിക്കും എന്നതു കൊണ്ടു തന്നെയാണ്….ഞാൻ ശ്രീക്ക് വാക്കു കൊടുത്തതല്ലേ എന്റെ എന്തു സഹായവും അവനുണ്ടാകും എന്നത്….എന്റെ ഒരാളുടെ പേരിൽ തട്ടി ഈ വിവാഹം നീ വേണ്ടെന്നുവയ്ക്കരുതെന്ന് എനിക്കുണ്ടായിരുന്നു….ഞാൻ ആരാധ്യയെ പ്രണയിക്കുന്നെന്നു പറഞ്ഞാൽ നീയെന്നെ എന്റെ പ്രണയം മറന്നു നിന്നെ വിവാഹം കഴിക്കണമെന്നൊന്നുംനിർബന്ധിക്കില്ലെന്നെനിക്കുറപ്പായിരുന്നു…..

പിന്നെ ആരാധ്യയെ വിവാഹം കഴിക്കുന്നത് ഞാൻ തീരുമാനിച്ചിട്ടില്ല പ്രത്യുഷ് വരും വരേയ്ക്കും അവളെ സുരക്ഷിതയായി ഇവിടെ നിർത്തണം….അതിനു രേഖ ചമയ്ക്കാൻ വേണ്ടിയാണ് പ്രത്യുഷ് എന്നോട് ഈ ഉപായം പറഞ്ഞത്….അവൻ വരും വരെ ഇവിടെ അവളെ സുരക്ഷിതയായി താമസിപ്പിക്കുവാനും അവളുടെ വീട്ടുകാരിൽ നിന്നും നിയമപ്രശ്നങ്ങളുണ്ടായാൽ നേരിടാനും വേണ്ടിയുള്ള മുൻകരുതൽ മാത്രം…..അത്രയേ ഞാനീ വിവാഹത്തെ കാണുന്നുള്ളു….അതല്ലാതെ ആരാധ്യയുടെ മനസ്സിൽ എന്തുണ്ടെങ്കിലും അതെന്നെ ബാധിക്കുന്ന പ്രശ്നമല്ല…..ഞാനെന്റെ അമ്മയേ പോലും വെറുപ്പിച്ചു കൊണ്ട് പ്രത്യുഷിനു വേണ്ടി ജീവിതം കൊണ്ടു തന്നെ കളിക്കുന്നത് എന്തിനെന്ന് സ്വാഭാവികമായും നിനക്കു സംശയമുണ്ടാകാം…..
അതിനു പിന്നിൽ നിങ്ങളാരും അറിയാത്ത കഥകളുണ്ട്…..”മിഴി തേടിക്കൊണ്ടിരുന്നതും അതാണ്….ആരാധ്യയ്ക്കു പോലും പിടികിട്ടാതിരുന്ന ആ രഹസ്യം…..അവളവനെത്തന്നെ ശ്രദ്ധിച്ചു…..

“ഞാനും പ്രത്യുഷുമല്ലാതെ ഒരാൾക്കും ഇതിനെപ്പറ്റി അറിയില്ല…..ആരോടും പറയേണ്ട എന്ന അവന്റെ വാക്കുകൾ എന്നെ ഇത്രകാലം പിടിച്ചു നിർത്തി……
ഒരുപക്ഷേ അവനെപ്പോലെ ഒരു സുഹൃത്ത് എനിക്കില്ലായിരുന്നെങ്കിൽ കുറ്റബോധം നിമിത്തം ഞാനെന്നേ ആത്മഹത്യയ്ക്കു പോലും ശ്രമിച്ചേനെ……പ്രത്യുഷിന് ഒരു ഇരട്ട സഹോദരൻ കൂടെയുണ്ടായിരുന്നു…..പ്രയാഗ്….പലവട്ടം പ്രത്യുഷിന്റെ വീട്ടിലേക്കു വരുമ്പോഴൊക്കെയും കണ്ടു കണ്ട് പ്രയാഗും എന്നോടു നല്ല സൗഹൃദത്തിലായിരുന്നു….പ്രത്യുഷിന് ഞാൻ പ്രയാഗിനേപ്പോലെയാണെന്ന് അവനെപ്പോഴും പറയും അത്രമാത്രം ആത്മബന്ധമാണ് ഞങ്ങൾ തമ്മിലുണ്ടായിരുന്നത്…..എൻജിനിയറിംഗ് പഠനം രണ്ടാം വർഷത്തിന്റെ അവസാന സമയം….

ഹൈദരാബാദിലായിരുന്നു പ്രയാഗ് പഠിക്കുന്നത്…
അവൻ വീട്ടിലേക്കു വരുന്നു എന്ന് പ്രത്യുഷിനെ അറിയിച്ചു….രാത്രിയോടെ ഡൽഹി എത്തുമെന്നും പറഞ്ഞു….പ്രത്യുഷിന് അവനെ വീട്ടിലേക്കെത്തിക്കാൻ റെയിൽവേ സ്റ്റേഷനിൽ പോവണമായിരുന്നു….പക്ഷേ അന്നുരാത്രി അവന് നല്ല തലവേദനയായിരുന്നു….പ്രൊജക്ട് വർക്കുകളുടെ പ്രശ്നമാണോ എന്തോ എന്ന് അറിയുമായിരുന്നില്ല….ഒരുപാട് അസ്വസ്ഥനായിരുന്നു….കുറെക്കൂടി കഴിഞ്ഞപ്പോഴേയ്ക്കും അവനു പനി വന്നു തുടങ്ങിയിരുന്നു….ആ അവസ്ഥയിൽ അവനെ ഞാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ സമ്മതിച്ചില്ല….പകരം പ്രയാഗിനെ വീട്ടിലെത്തിക്കാനായി ഞാൻ ബൈക്കുമെടുത്ത് പോയി….

അവിടെനിന്നും പ്രയാഗിനെ ഒപ്പം കൂട്ടി വീട്ടിലേക്കുള്ള യാത്രയിൽ എന്റെ അശ്രദ്ധ മൂലമാണോ അതോ എതിരെ നിന്നു വന്ന വണ്ടിയുടെ അമിതവേഗത കാരണമാണോ എന്നറിയില്ല….എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപ് ഞങ്ങളെ ആ വാഹനം ഇടിച്ചുതെറിപ്പിച്ചിരുന്നു….എത്രനാൾ ഞാൻ അബോധാവസ്ഥയിൽ ആശുപത്രിയിൽ കിടന്നു എന്നറിഞ്ഞില്ല…..എല്ലാം ഭേദമായി തിരിച്ചെത്തിയപ്പോഴാണ് പ്രത്യുഷെന്നോട് അവന്റെ നെഞ്ചുരുകിക്കൊണ്ട് ആ വിവരം പറഞ്ഞത്…..
എന്നേയ്ക്കുമായി അവന്റെ കൂടപ്പിറപ്പ് അന്ന് അപകടം നടന്ന ആ സ്ഥലത്തു വച്ചുതന്നെ അവനെ വിട്ടുപോയിക്കഴിഞ്ഞിരുന്നു എന്ന്…..അൽപമെങ്കിലും ജീവന്റെ തുടിപ്പ് അവശേഷിച്ചത് എന്നിലായതു കൊണ്ട് എന്നോട് അവർ വിവരങ്ങളൊക്കെ മറച്ചു പിടിച്ചതായിരുന്നു….

എനിക്കുമേലെ അവനൊരു കുറ്റപ്പെടുത്തുന്ന വാക്കുപോലും ഉച്ഛരിച്ചിരുന്നില്ല….അതെന്നെ വല്ലാത്ത ധർമ്മസങ്കടത്തിലാക്കി….
ഞാൻ മാനസികനില തെറ്റുമെന്ന അവസ്ഥയിൽ പെട്ടുപോയി….ഞാൻ കാരണം…. ഒരുപക്ഷേ എന്റെ ഒരു കൈപ്പിഴവ് കാരണം ഒരു ജീവൻ പൊലിഞ്ഞെന്ന കുറ്റബോധം…..എന്റെ അടുത്ത സുഹൃത്തിനു മറക്കാൻ കഴിയാത്ത വേദന സമ്മാനിച്ചുവെന്ന ഹൃദയഭാരം….ഒക്കെക്കൂടി ഞാൻ തളർന്നുപോയിരുന്നു….എന്നാൽ അവന്റെ കുടുംബം എനിക്കു തണലായി നിൽക്കുകയാണു ചെയ്തത്….
അവന്റെ മാതാപിതാക്കൾ വരെ എന്നെ ആശ്വസിപ്പിച്ചു….കുറ്റബോധം തളർത്തിയ മനസ്സിനെ പഴയപടിയാക്കാൻ അവരെന്നെ ഒരു മകനെപ്പോലെ സാന്ത്വനിപ്പിച്ചു….

പ്രയാഗിനെ വിധി അവരിൽ നിന്നും തട്ടിയെടുത്തു അതിൽ നിനക്ക് പങ്കില്ല നീ ഇങ്ങനെ തളരരുതെന്ന് അവർ ആകെ പറഞ്ഞപ്പോഴേയ്ക്കും ഞാൻ അവരുടെ സ്നേഹത്തിനു മുൻപിൽ ഒന്നുമല്ലാതായി….പ്രത്യുഷ് ഒന്നേ എന്നോടു പറഞ്ഞുള്ളൂ അവന്റെ സഹോദരൻ എങ്ങും പോയിട്ടില്ല അവന്റെ കൺമുന്നിൽ ജീവനോടെ ഇരിക്കുന്നൂവെന്നും പറഞ്ഞ് എന്നെ ആശ്ലേഷിച്ചു….അന്നുമുതൽ കർമ്മം കൊണ്ട് ഞാനവനൊരു കൂടപ്പിറപ്പായി മാറി….അവനെന്നെ അങ്ങനെ തന്നെ കണ്ടു….ഇത്ര വലിയ ഒരു തീരാനഷ്ടം ആ കുടുംബത്തിൽ വന്നതിനു ഒരുതരത്തിൽ കാരണക്കാരനായെയങ്കിൽ പോലും എന്നെയവൻ വെറുത്തില്ല…

ഇതിൽപ്പരം ഒരു സുഹൃത്തിനെ എനിക്കു കിട്ടാനുണ്ടോ….അവനു ഞാനെന്റെ ജീവിതം കൊണ്ടു പ്രായശ്ചിത്തം ചെയ്താലും മതിയാകുകയില്ല…..അവനിഷ്ടപ്പെടുന്ന പെൺകുട്ടിയെ സംരക്ഷിക്കാനാണ് അവനിപ്പോഴെന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്….
അതെങ്കിലും ഞാനവനു വേണ്ടി ചെയ്തുകൊടുത്തില്ലെങ്കിൽ ഞാനൊരു മനുഷ്യനാണോ മിഴീ…..അതുകൊണ്ട് ആരാധ്യ ഏതു തരക്കാരിയായിരുന്നാലും ശരി, പ്രത്യുഷിനു വേണ്ടി എനിക്കവളെ ഇവിടെ താമസിപ്പിച്ചേ പറ്റൂ….

പിന്നെ മിഴീ നീ…..നീയെന്റെ ഉള്ളിൽ എന്നുമുണ്ടാവും…. വിരിയാതെപോയ ഒരു മൊട്ടായി ആ സ്വപ്നം എന്നോടൊപ്പം മണ്ണോടു ചേരും…അത്രയെങ്കിലും എനിക്ക് എല്ലാവർക്കും വേണ്ടി ചെയ്തു കൊടുക്കണം…”ഇത്രകാലം നിങ്ങളോടെനിക്കൊരു ഇഷ്ടമുണ്ടായിരുന്നു….
ഉള്ളിൽ ഉറച്ചുപോയ പ്രണയമുണ്ടായിരുന്നു…
അത് എന്തുവന്നാലും നിങ്ങളെന്നെ കൈവിടില്ലെന്ന വിശ്വാസത്തിന്റെ പുറത്തു കൂടിയായിരുന്നു….
എന്നാലിന്നതും കൈമോശം വന്നു പോയ്ക്കഴിഞ്ഞു….എന്നെ എല്ലാവരുടെയും സന്തോഷത്തിനെന്ന രുപേണ നിങ്ങൾ നിർദാക്ഷിണ്യം തഴഞ്ഞിരിക്കുന്നു….എന്റെ ജീവിതം എല്ലാവരുടേയും താളത്തിനു തുള്ളാനുള്ളതായി നിങ്ങൾ മാറ്റിയെടുത്തിരിക്കുന്നു….

ഇനി…. ഇനി ഞാനെന്തു പറയാനാണ്??!!!….
ആരാധ്യയ്ക്കു മുന്നിൽ തന്റേടത്തോടെ നിന്ന് നിങ്ങളെ വിട്ടുതരില്ലെന്നു പറഞ്ഞ മിഴി ഇവിടെ മരിക്കുകയായിരുന്നില്ലേ….നിങ്ങളെക്കരുതി ജീവിച്ച എന്റെ മനസ്സിന്റെ അവസാനത്തെ തുടിപ്പും നിഷ്കരുണം കടമകളുടെ കൈയ്യുറകളിട്ട് നിങ്ങൾ പറിച്ചെറിയുകയായിരുന്നില്ലേ??!!!….എങ്കിലും മാധവ്, ഒരുപാട് പരീക്ഷണങ്ങളെ മിഴി ഏറ്റുവാങ്ങിയിട്ടുണ്ട്….എന്നിട്ടും മിഴിയുടെ ജീവിതം നഷ്ടമായിരുന്നില്ല…ഓരോരോ കാരണങ്ങൾ പറഞ്ഞു നിങ്ങളിന്നു കൈയ്യൊഴിഞ്ഞപ്പോഴെന്നിലെ നിങ്ങളുടെ പെണ്ണ് മരിക്കുകയായിരുന്നു….ഇനി നിങ്ങൾക്കു വേണ്ടിയാചിക്കാനായൊരിക്കലുംമിഴിവരികയില്ല….എന്നുകരുതിഞാൻജീവിതംഅവസാനിപ്പിക്കുകയുമില്ല…നിങ്ങളുടോടുള്ളഎന്റെമറുപടിഎന്റെജീവിതംതന്നെയായിരിക്കും….”മിഴിയുടെ മുഖമെന്നത്തേക്കാളും ദൃഢമായിരുന്നു….അവളൊരു തുള്ളി പോലും കണ്ണുനീർ പൊഴിച്ചില്ല….മാധവിന്റെ നോട്ടത്തിനു മുന്നിൽ പതറിയില്ല….പറയാനുള്ളിൽ വന്നതു പറഞ്ഞു തീർത്ത് അവളാ കുളപ്പടവിൽ നിന്നെഴുന്നേറ്റു നടക്കാനാഞ്ഞു….ഉള്ളിലെ വ്യഥയുടെ തീവ്രതയിലെന്നോണം മാധവവളെ കൈകളിൽ പിടിച്ചു നിർത്തി….

അവന്റെ മുഖത്തേക്കൊരു നോക്കു പോലും നോക്കാതെ മിഴി അവളുടെ കൈകളെ ബലമായി അവളിൽ നിന്നും വിടുവിച്ചു കൊണ്ട് ധൃതിയിൽ പുറത്തേക്കു നടന്നു….മാധവ് തികച്ചും നിസ്സഹാതനായി നിലത്തിരുന്നു…അവന്റെ കൈകളിൽ അവളുടെ കൈ പിടിച്ചപ്പോൾ പൊട്ടിയടർന്ന കുപ്പിവളത്തുണ്ട് മാത്രം ശേഷിച്ചു….
സ്വയം ശിക്ഷിക്കാനെന്നവണ്ണം അവനാ വളപ്പൊട്ട് കൈവെള്ളയിൽ അമർത്തിപ്പിടിച്ചു….ഇറുകെപ്പൂട്ടിയ കൈയ്യിൽ നിന്നും കുപ്പിവളത്തുണ്ടിലൂടെ രക്തത്തുള്ളികൾ കുളപ്പടവിലെ കരിയിലകളിലേക്കുതിർന്നു വീണു….

…………തുടരും…………..
(ഇത്തവണ കുറച്ചേറെ വൈകി….. എന്തുപറഞ്ഞാലും എത്രയൊക്കെ ന്യായീകരിക്കാൻ നിന്നാലും വായനക്കാരുടെ ഭാഗത്തു നിന്നു നോക്കിയാൽ അതു തെറ്റു തന്നെയാണ്… ഞാനും അതു സമ്മതിക്കുന്നു… മിഴിക്കു നൽകുന്ന പ്രോത്സാഹനങ്ങൾക്കു നന്ദി…. ഇനിയിത്ര വൈകിക്കില്ല കേട്ടോ…☺അടുത്ത ഭാഗത്തോടെ മിഴിയെ ഞാൻ എന്നോടൊപ്പം കൂടെക്കൂട്ടാമെന്നു കരുതുന്നു… എത്രയും വേഗം അവസാനിപ്പിക്കാം😊അഭിപ്രായങ്ങൾ പറഞ്ഞതിന് വിമർശിച്ചതിന് പ്രോത്സാഹനങ്ങൾക്ക് ഒത്തിരിയൊത്തിരി നന്ദി സന്തോഷം ❤❤😊
സസ്നേഹം ഗായത്രി )