രചന – ദീപ്തി പ്രവീൺ
മിഥ്യ
” മീര ദയവായി നീ എന്നെ പിൻതുടരരുത്.. എന്നെ ജീവിക്കാൻ അനുവദിക്കണം… നിന്റെ കൂടെ ഒരു ജീവിതം എനിക്ക് സാധിക്കില്ല… അതുകൊണ്ട് ഞാൻ പോകുന്നു.. ‘, വാട്ട്സാപ്പിൽ വന്ന മെസേജ് മീര വീണ്ടും വീണ്ടും വായിച്ചു.. ഗോപന് എങ്ങനെ കഴിയുന്നു…. മൂന്നരവയസ്സുകാരി മാളൂ രണ്ടു ദിവസമായി അച്ഛനെ തിരക്കുന്നു.. അച്ഛൻ സ്വന്തം സുഖം തേടി പോയെന്നു എങ്ങനെ പറയും… ഗോപന്റെ കൈ പിടിച്ചു പോരുമ്പോൾ അമ്മ മാത്രമേ സ്വന്തമായി ഉണ്ടായിരുന്നുള്ളു.. അമ്മയും തന്നെ ഈ ലോകത്ത് തനിച്ചാക്കി…ഇപ്പോൾ ഗോപനും.. ഏഴു വയസ്സുകാരൻ ഗോകുലും ആകെ ആശങ്കയിൽ ആയിരുന്നെങ്കിലും എന്റെ കണ്ണീര് കണ്ടായിരിക്കണം ഒന്നും ചോദിക്കാൻ മുതിർന്നില്ല… നിശബ്ദമായി അവിടെയും ഇവിടെയുമൊക്കെ ,അവന്റെ സ്വാധീനം അറിയിച്ചു നിന്നു…
ഇനിയും രണ്ടാഴ്ചയിലേക്കുള്ള സാധനങ്ങൾ അവശേഷിക്കുന്നുണ്ടായിരിക്കാം…അതിന് ശേഷം….? ആലോചനയോടെ അവൾ ഇരുന്നു… ഏഴെട്ടു മാസത്തോളമായി ഗോപന് ആകെയൊരു മാറ്റം വന്നു തുടങ്ങിയിട്ട്… ജോലി കൂടൂതൽ കൊണ്ടായിരിക്കുമെന്നു കരുതി താനും ബുദ്ധിമുട്ടിച്ചില്ല.. പക്ഷെ ഓഫീസിൽ നിന്നും വന്നു കഴിഞ്ഞാലും ഫോൺ താഴെ വെയ്ക്കാതെ കൊണ്ടു നടക്കുകയും പലപ്പോഴും അടക്കിപിടിച്ച ഫോൺ വിളികളും കാരണമാണ് സംശയം തോന്നിയത്…. ഒരു ദിവസം ഉറങ്ങി കിടന്ന ഗോപന്റെ ഫോണിൽ ജോൺ എന്ന പേരിൽ വന്ന കോള് തുടരെ തുടരെ ബെല്ലടിക്കുന്നത് ശ്രദ്ധയിൽ പെട്ടു.. മറ്റൊരിക്കൽ ഗോപന്റെ ഫോൺ കൈയ്യിൽ കിട്ടിയപ്പോഴാണ് ആ പേരിലെ ചാറ്റുകൾ ശ്രദ്ധിച്ചത്…,അപ്പോഴാണ് അത് ജോൺ അല്ലെന്നും ജീജ ആണെന്നും മനസ്സിലായത്… താൻ ആ ചാറ്റുകൾ,,കണ്ടൂന്നു മനസ്സിലായപ്പോൾ ആദ്യം ഒന്നു പരിഭ്രമിച്ചെങ്കിലും പിന്നീട് ഒന്നും സംഭവിക്കാത്ത ഭാവത്തിൽ ഫോൺ വാങ്ങി കൊണ്ടു പോയ ഗോപനെ നോക്കി നിന്നപ്പോൾ തന്റെ ഉള്ളിൽ തോന്നിയ വികാരം എന്തായിരുന്നു .. ദേഷ്യമോ.. സങ്കടമോ അതോ തന്നോട് തന്നെ സഹതാപവും പുച്ഛവുമോ…
അറിയില്ല.. , ഒരു ദിവസം ഇതേപറ്റി ചോദിക്കാൻ തുനിഞ്ഞപ്പോഴേക്കും ഇങ്ങോട്ടു പറഞ്ഞു..എല്ലാം.. കൂടെ ജോലി ചെയ്യുന്ന പെൺകുട്ടി ആണ്… പരസ്പരം മറക്കാൻ കഴിയില്ല… നിനക്ക് എന്റെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയരാൻ കഴിയില്ല.. എന്റെ സങ്കൽപത്തിലുള്ള പെണ്ണേയല്ല നീ… ഞാൻ സ്വപ്നം കണ്ടിട്ടുള്ളത് ജീജയെ പോലെ ഒരു പെണ്ണിനെയാണ്… വീട്ടുകാരുടെ നിർബന്ധത്താൽ നിന്നെ കെട്ടേണ്ടി വന്നതാണ്…. നമ്മൾ എന്തിനാണ് പരസ്പരം ഒത്തുപോകാൻ കഴിയാതെ ഒരു വീട്ടിൽ കഴിയുന്നത്… കുഞ്ഞുങ്ങൾക്ക് വേണ്ടത് ഞാൻ തന്നോളാം… ” കുറ്റപെടുത്തലും ഉപദേശങ്ങളുമായി സ്വന്തം തെറ്റുകളെ ന്യായീകരിച്ചു കൊണ്ടേയിരുന്നു … മറുപടി ഒന്നും പറഞ്ഞില്ല… മറുപടി ഇല്ലായിരുന്നു എന്നതാണ് സത്യം.. ഇത്രയും നാളും കൂടെ കഴിഞ്ഞ മനുഷ്യനാണ് അന്യ ഒരുത്തിയുമായി താരതമ്യം ചെയ്യുന്നത്… തന്നെ ഒഴിവാക്കാൻ കാരണങ്ങൾ ചികയുന്നത്.. പിന്നെയും രണ്ടുമാസം പരസ്പരം മിണ്ടാതെ കടന്നു പോയി..
ഒരു ദിവസം ജോലിക്ക് പോയശേഷം വന്നത് ഈ മെസേജ് ആണ്… ശൂന്യതയാണ് തോന്നിയത്…. ഇഷ്ടമില്ലാത്തവരുടെ പിന്നാലെ പോയി കൊണ്ടു വന്നിട്ടു കാര്യമില്ലെന്നു അറിയാമെങ്കിലും മനസ് വേദനിച്ചു കൊണ്ടേയിരുന്നു …. ജീവിതം ഇനി എങ്ങനെ മുന്നോട്ട് പോകുമെന്നു ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല…. ഒരു ജോലി സംഘടിപ്പിച്ചേ പറ്റൂ.. പത്രത്തിലെ ജോലി പരസ്യങ്ങളെല്ലാം തേടി കണ്ടു പിടിച്ചു ജോലിക്ക് അപേക്ഷിക്കുകയാണ് ഇപ്പോൾ ഒരാഴ്ചയായി പണി… പത്രത്തിലൂടെ കണ്ണോടിക്കുമ്പോഴാണ് കാമുകന്റെയൊപ്പം പോകാൻ കുഞ്ഞിനെ കൊന്ന വാർത്ത ശ്രദ്ധയിൽ പെട്ടത്.. അതു വായിച്ചപ്പോൾ നെഞ്ചോന്ന് പിടച്ചു… ആലോചനയോടെ കസേരയിലേക്ക് ചാഞ്ഞപ്പോഴാണ് ഫോൺ ബെല്ലടിച്ചത്… ഫോണിൽ സംസാരിച്ചു കഴിഞ്ഞപ്പോൾ അടക്കാനാവാത്ത സന്തോഷം തോന്നി… കഴിഞ്ഞ ദിവസം പോയ ഒരു ജോലിയുടെ ഇൻറർവ്യൂയിൽ തന്നെ സെലക്ട് ചെയ്തിരിക്കുന്നു…
നഗരത്തിലെ അറിയപെടുന്ന കമ്പനിയാണ്….. അന്ന് അവൾ സമാധാനമായി ഉറങ്ങി.. മറ്റേന്നാൾ ജോയിൻ ചെയ്യണം… അടുത്ത ദിവസം അവൾ ഗോപന്റെ കൂട്ടുകാരൻ വിഷ്ണുവിനെ വിളിച്ചു ഗോപനെ പറ്റി അന്വേഷിച്ചു… ഗോപൻ ജീജയോടൊപ്പം വീടെടുത്ത് താമസിക്കുക ആണെന്നും ജീജ മുൻപ് വിവാഹം കഴിച്ചതല്ലെന്നും മീര ഡിവോഴ്സ് നോട്ടീസിൽ ഒപ്പിട്ടു കൊടുത്തോ എന്നും മറ്റും ചോദിക്കുകയും പറയുകയും ചെയ്തു.. വിഷ്ണുവിനോട് നന്ദി പറഞ്ഞു ഫോൺ കട്ട് ചെയ്തു ഗോകുലിനെ അടുത്തു വിളിച്ചു സംസാരിച്ചു… വൈകുന്നേരത്തോടെ ഒരു ഓട്ടോ വിളിച്ചു ഗോപൻ താമസിക്കുന്നിടത്തേക്ക് പോയി.. വിഷ്ണു പറഞ്ഞ ഊഹം വെച്ചാണ് പോയതെങ്കിലും വീട് കണ്ടെത്താൻ അധികം ബുദ്ധിമുട്ടിയില്ല… ബെല്ലടിച്ചു കാത്തു നിൽക്കുമ്പോഴേക്കും മാളു ചുണുങ്ങാൻ തുടങ്ങിയിരുന്നു .. ഉച്ചയുറക്കം ശരിയാകാത്തതിന്റെ ദേഷ്യമാണ്… ബെല്ലടിച്ചിട്ടും ആരെയും കാണാത്തതിനാൽ ഒന്നു കൂടി ബെല്ലടിക്കാൻ തുടങ്ങിയപ്പോഴാണ് ധൃതിയിൽ ഗോപൻ അങ്ങോട്ടു വന്നത്..
അപ്രതീക്ഷിതമായി മീരയെ കണ്ട ഞെട്ടൽ മുഖത്ത് പ്രകടമായെങ്കിലും സമർത്ഥമായി അതു മറച്ചു .. ” മീര നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്റെ പിന്നാലെ വരരുതെന്ന്… ഒരാൾക്ക് ഇഷ്ടമല്ലെങ്കിൽ എന്തിനാ പുറകെ വരുന്നത്.. നോക്കൂ…. ഞാനും ജീജയും ഒരുമിച്ചു താമസം തുടങ്ങി..ഇനി അവളെ ഉപേക്ഷിക്കാൻ കഴിയില്ല… ഇവിടെ നിന്നു പ്രശ്നങ്ങൾ ഉണ്ടാക്കാതെ പോകൂ..” സ്വന്തം ഭാര്യയെയും മക്കളെയും പുല്ലു പോലെ വലിച്ചെറിഞ്ഞ മനുഷ്യനാണ് ഒരാഴ്ചയായി കൂടെ കഴിഞ്ഞവളെ ഉപേക്ഷിക്കാൻ കഴിയില്ലെന്നു വേവലാതിപെടുന്നത്… മീരയ്ക്ക് ചിരി വന്നു.. ” ഞാൻ നിങ്ങളെ തിരിച്ചു വിളിക്കാനോ തമ്മിൽ പിരിയ്ക്കാനോ വന്നതല്ല…” പുച്ഛത്തോടെ അവൾ പറഞ്ഞു.. ആശ്വാസത്തോടെ അവളെ നോക്കുമ്പോഴും അയാളുടെ മുഖത്ത് ചോദ്യഭാവം ഉണ്ടായിരുന്നു… ” എനിക്കു ഒരു ജോലി കിട്ടി.. നാളെ മുതൽ ജോലിക്ക് പോകണം…വീട്ടിൽ കുട്ടികളെ നോക്കാൻ ആരൂമില്ല.. അവരെ ഇവിടെ ഏൽപിച്ചു പോകാൻ വന്നതാണ് …. അവരുടെ ചിലവിനുള്ള പൈസ ഞാൻ ഇവിടെ എത്തിച്ചോളാം..
” മീരയുടെ വാക്കുകൾ വിശ്വസിക്കാൻ കഴിയാതെ ഗോപൻ അന്തംവിട്ടു അവളെ നോക്കി.. ” അതെങ്ങനെയാ ശരിയാകുക.. ഇവിടെ നിർത്താൻ പറ്റില്ല.. എനിക്കു ജോലിക്ക് പോകേണ്ടേ.. ” ഗോപൻ ദുർബല ശബ്ദത്തിൽ എതിർത്തു… ” അതെന്താ ശരിയാകാത്തത്… എനിക്കും ജോലിക്ക് പോകണം… നിങ്ങൾ ഇവർക്ക് ചിലവീന് തരാമെന്നു പറഞ്ഞ പൈസയല്ലെ ഞാനും തരാമെന്നു പറഞ്ഞത്… എനിക്കും അധികം പ്രായമൊന്നും ആയില്ലല്ലോ…എനിക്കും ഒരു ജീവിതം വേണ്ടേ…?നിങ്ങളുടെ മക്കളെ വളർത്തി ജീവിച്ചാൽ മതിയോ..? മക്കളുടെ കാര്യത്തിൽ അച്ഛനും അമ്മയ്ക്കും തുല്യ ഉത്തരവാദിത്വം ആണ്.. ” ഇത്രയും പറഞ്ഞു ചുണുങ്ങി കൊണ്ടിരുന്ന മാളുവിനെ ഗോപന്റെ കൈകളിൽ പിടിച്ചേൽപിച്ചു തിരിഞ്ഞു നടക്കുമ്പോൾ മാളുവിന്റെ കരച്ചില് ഉച്ചത്തിലാകുകയും ആ നിലവിളി അവളുടെ നെഞ്ചു തകർക്കുകയും ചെയ്തു… എന്നിട്ടും അവൾ മുന്നോട്ട് തന്നെ നടന്നു.. ” എന്താ ഗോപാ അവിടെ ബഹളം ” എന്ന പെൺശബ്ദം കേട്ടിട്ടും തിരിഞ്ഞു നോക്കിയില്ല….. അടുത്ത രണ്ടുദിവസങ്ങൾ മീരയ്ക്ക് വളരെ ദുഃസഹം ആയിരുന്നു…
മക്കളെ കാണാത്ത സങ്കടവും അവർ അവിടെ എങ്ങനെ കഴിയുന്നു എന്ന ആശങ്കയും അലട്ടി.. തന്നോടുള്ള മനോഭാവം എന്തായാലും മക്കളെ ഗോപന് ജീവനാണ് ആ വിശ്വാസത്തിലാണ് മക്കളെ അവിടെയാക്കിയത്… തീരെ ഇരിപ്പുറയ്ക്കാതെ വന്നപ്പോൾ വിഷ്ണുവിനെ വിളിച്ചു… ഗോപൻ രണ്ടു ദിവസം കൊണ്ട് ലീവാണെന്നും കുട്ടികളെ നോക്കി വീട്ടിൽ ഇരിപ്പാണെന്നും പറഞ്ഞപ്പോൾ ലേശം ആശ്വാസമായി… ഇടയ്ക്കിടെ ഗോപന്റെ വീടിന്റെ മുന്നിൽ പോയി നിന്നു കുട്ടികളെ കണ്ടു പോരുന്നു..ജോലിയുമായി മറ്റുമായി തിരക്കായപ്പോൾ വിഷമിച്ചിരിക്കാൻ സമയം കിട്ടിയില്ല.. രണ്ടാഴ്ച കഴിഞ്ഞ ഒരു വൈകുന്നേരം ജോലി കഴിഞ്ഞു വന്നു അടുക്കളയിലെ തിരക്കിലാണ് പുറത്ത് ബെല്ലടിക്കുന്ന ശബ്ദം കേട്ടത്… ഗ്യാസ് ഓഫാക്കി മുൻവശത്തേക്ക് ചെന്നപ്പോൾ ഗോപൻ മക്കളെയും കൊണ്ടു നിൽക്കുന്നു..
കുട്ടികളെ മടക്കിയേൽപിക്കാൻ വന്നത് ആയിരിക്കുമോ… മീര വാതിൽ തുറന്നു.. മാളൂ ആകെ ക്ഷീണിച്ചു പോയതു കണ്ട് അവൾക്ക് സങ്കടം വന്നെങ്കിലും അവൾ ഗോപന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കി.. ” ങ്ഹ്. .. എന്താ… ” ഗൗരവത്തോടെ അവൾ തിരക്കി.. ” മീര… കുഞ്ഞുങ്ങൾ ആകെ വല്ലാതെ ആയി.. ” ” അതെന്താ .. നിങ്ങൾ നന്നായി നോക്കിയില്ലേ.. ” അവൾ പുച്ഛത്തോടെ ചിരിച്ചു… ” മീര , തെറ്റ് എന്റെ ഭാഗത്താണ്… നീ മാപ്പ് തരണം… തെറ്റു പറ്റിപ്പോയി.. ” .അതു പറയുമ്പോൾ ഗോപന്റെ കണ്ണുകളിൽ നീർത്തിളക്കം… ” എന്തുപറ്റി ഇത്രപെട്ടെന്ന് മടുത്തു പോയോ… നിങ്ങൾ പറഞ്ഞ കുറവുകളൊക്കെ ഇപ്പോഴും എനിക്കുണ്ട്.. നിങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാനോ നിങ്ങളുടെ സങ്കൽപത്തിലെ പെണ്ണാകാനോ എനിക്കു കഴിയണമെന്നില്ല…. ” മീര വിട്ടുകൊടുത്തില്ല.. ”നീ എനിക്കു മാപ്പ് തരണം… ” തല കുനിച്ചു നിൽക്കുന്ന ഗോപനെ കൂടുതൽ ചവിട്ടി താഴ്ത്താൻ തോന്നിയില്ല..
” എന്റെ മക്കളെ ഓർത്തു അവർക്ക് വേണ്ടി മാത്രം ഞാൻ ക്ഷമിക്കാം.. അവർക്കു അച്ഛനെ മാത്രം മതി..എനിക്കു ഭർത്താവിനെ ആവശ്യമില്ല.. സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവ് ഇന്ന് എനിക്കുണ്ട്…. ഞാൻ കാരണം എന്റെ മക്കൾക്ക് അച്ഛൻ നഷ്ടമാകേണ്ട..” മാളുനെയും എടുത്ത് ഗോകുലിനെ ചേർത്തു പിടിച്ചു അവൾ അകത്തേക്ക് നടക്കുമ്പോൾ തല കുനിച്ച് ഗോപനും അകത്തൂ കടന്നു… മാളുനെ കുളിപ്പിച്ചു ആഹാരം കൊടുത്ത് ഉറക്കുമ്പോഴൊക്കെയും തങ്ങളുടെ പേരും പറഞ്ഞു അച്ഛനും ജീജയാൻറിയും വഴക്കിട്ടതും ജിജയാൻറീ വീട് വിട്ടു പോയതും ഗോകുല് പറഞ്ഞു കൊണ്ടേയിരുന്നു .. അതൊക്കെ കേട്ടപ്പോൾ മീരയുടെ ചുണ്ടിലൊരു ചിരി വിടർന്നു.. വിജയിയുടെ ചിരി.

by