രചന – സുരേഷ് കെ ജി
കുളി കഴിഞ്ഞുവന്നു അലമാര തുറന്നപ്പോൾ കൈകൾ അറിയാതെ ഒരു പുതിയ സാരിയിലേക്കു നീണ്ടു. ഇന്ന് പിറന്നാളാണ് … ഒരു പുതിയ സാരി ഉടുക്കാൻ മോഹം … ഒന്ന് തിരിഞ്ഞു നോക്കി .. ഭർത്താവും മോനും സുഖമായി ഉറങ്ങുകയാണ് .. രണ്ടു പേരും വെക്കേഷൻ ആഘോഷിക്കുകയാണ് …. ഉറങ്ങുന്ന രണ്ടു പേരുടെയും പിറന്നാൾ ഞാൻ എത്ര ഭംഗി ആയിട്ടാണ് ആഘോഷിക്കാറുള്ളത് . ഇന്ന് എന്റെ പിറന്നാൾ ആണെന്ന് രണ്ടു പേർക്കും അറിയില്ല .. ഒന്നും വേണ്ട … എണീറ്റ് ചേർത്ത് നിർത്തി ഒന്ന് വിഷ് ചെയ്തിരുന്നേൽ എത്ര സന്തോഷമായേനെ …
അമ്മ രാവിലെ വിളിച്ചപ്പോൾ ഇവരുടെ മുൻപിൽ വന്നു ഉറക്കെ താങ്ക്സ് …താങ്ക്സ് എന്ന് വിളിച്ചു കൂവി .. എന്താണെന്നു ചോദിക്കും ന്നു കരുതി … രണ്ടു പേരും ഒരു കൂസലും ഇല്ലാതെ കിടന്നു ഉറങ്ങുകയാണ് …
പുതിയ സാരി ഉടുത്തു ഒന്ന് കൂടി ഒരുങ്ങി … കണ്ണാടിയിൽ നോക്കിയപ്പോൾ ഒരു ആത്മ വിശ്വാസം.. നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം എന്ന കൂട്ടുകാരിയുടെ ആപ്ത വാക്യം മനസ്സിൽ പറഞ്ഞു …ഓഫീസിൽ ചെന്ന് കയറുമ്പോൾ ആരെങ്കിലും ഒന്ന് വിഷ് ചെയ്തിരുന്നെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിച്ചു … സോഷ്യൽ മീഡിയ നോട്ടിഫിക്കേഷൻ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് ആരും അറിഞ്ഞ ഭാവം ഇല്ല ..
ജോലിയുടെ തിരക്കിലേക്ക് ഊളിയിടുന്നതിനിടയിലാണ് ഫോൺ ശബ്ദിച്ചത് … ട്രൂ കോളറിൽ ലാൽ സാർ എന്ന് കാണിക്കുന്നു .. ഇതാരപ്പ … ഒരു ടാക്സ് കോൺസൾറ്റൻറ് ഉണ്ട് .. ലാൽ സാർ … അയാളായിരിക്കും… പക്ഷെ കൗതുകം തോന്നുന്ന ഒരു ഫാൻസി നമ്പർ.. 9400002252 … ഫോൺ എടുത്തു ഹലോ പറഞ്ഞപ്പോൾ അങ്ങേ തലക്കൽ ഒരു പരിചയമുള്ള ശബ്ദം… ഹലോ … ഞാൻ ലാൽ ആണ്.. മോഹൻലാൽ ….ആതിര യെ ഒന്ന് വിഷ് ചെയ്യാൻ വിളിച്ചത് ആണ് … Many Many Happy returns of the day …. ഞാൻ ഫോണിലൂടെ ഹെലോ ഹലോ എന്ന് അലറുന്നുണ്ട് .. പക്ഷെ ശബ്ദം പുറത്തു വരുന്നില്ല … Thank you sir .. എന്ന് മാത്രം പറഞ്ഞു … ആതിര യുടെ ഒരു ഫ്രണ്ട് ദീപക് ആണ് ഇന്ന് ആതിരയുടെ പിറന്നാൾ ആണെന്നും ഒന്നു വിഷ് ചെയ്യണം എന്നും പറഞ്ഞത് … നല്ല ഒരു ദിവസം ആശംസിച്ചു ആ കാൾ കട്ട് ആയി … എന്നെ മോഹൻലാൽ വിളിച്ചു … പിറന്നാൾ ആശംകൾ നേർന്നു ..ദീപക് പറഞ്ഞിട്ടാ വിളിച്ചേ … ഉറക്കെ വിളിച്ചു കൂവാൻ തോന്നി .. കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.
20 വർഷം മുൻപുള്ള ഇതേ ദിവസം കൺ മുന്നിൽ തെളിഞ്ഞു .. കോളേജിലെ വലിയ ഒരു അക്വേഷ്യ മരത്തിന്റെ ചുവട്ടിൽ കൈകൾ കോർത്തു ഇരിക്കുകയായിരുന്നു താനും ദീപകും ..പ്രണയാതുരനായി അവൻ എന്റെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു .. പറ … ഈ പിറന്നാൾ ദിനത്തിൽ ഞാൻ നിനക്ക് എന്തു സമ്മാനമാണ് തരുക … നീ ഒരു കാര്യം ചെയ്യൂ … മോഹൻലാലിനോട് എന്നെ ഒന്ന് വിളിച്ചു വിഷ് ചെയ്യാൻ പറ… എനിക്ക് ആരാധനാ മൂത്തു പ്രാന്തായി ഇരിക്കുകയാ … ആറാം തമ്പുരാൻ മുന്നാം വട്ടവും കണ്ടതിന്റെ ആവേശത്തിൽ ആയിരുന്നു ഞാൻ … എന്നിട്ടു അവനെ നോക്കി ഒന്ന് കണ്ണിറുക്കി … തല കുനിച്ചു ഇരിക്കുകയായിരുന്നു അവൻ … മുഖം ഉയർത്താതെ ഇങ്ങനെ പറഞ്ഞു .. എനിക്ക് ഇപ്പൊ അതിനുള്ള കഴിവ് ഒന്നും ഇല്ല .. പക്ഷെ നിന്റെ ഏതേലും പിറന്നാളിന് മോഹൻ ലാൽ വിളിക്കുകയും വിഷ് ചെയ്യുകയും ചെയ്യും … ഇത് എന്റെ വാക്ക് ആണ്…
കോഴ്സ് തീരും മുൻപേ അനൂപേട്ടനുമായുള്ള കല്യാണം ഉറപ്പിച്ചു .. പ്രണയത്തിനു വേണ്ടി യുദ്ധം ചെയ്യാനുള്ള ശക്തി എനിക്കും അവനും ഉണ്ടായിരുന്നില്ല … ഹൃദയം തകരുന്ന വേദനയോടെ ഞങ്ങൾ പിരിയാൻ തീരുമാനിച്ചു … പിന്നീട് അവനെ കണ്ടിട്ടേ ഇല്ല… ഞാൻ ഉള്ള ഇടങ്ങളിൽ നിന്നെല്ലാം അവൻ ഒളിച്ചോടി .. വാട്സ് ആപ്പ് ഗ്രൂപ്പ് ലോ സോഷ്യൽ മീഡിയ യിലോ അവൻ ഇല്ലായിരുന്നു ,,, ഫോട്ടോഗ്രാഫി അവനു വല്ലാത്ത ആവേശമായിരുന്നു .. ഇപ്പോൾ സിനിമയിൽ കാമറ മാൻ ആണെന്നോ ഒന്ന് രണ്ടു സിനിമ ചെയ്തിരുന്നു എന്നൊക്കെ കേട്ടിരുന്നു …
വല്ലാത്ത ഒരു തലവേദന എന്ന് കള്ളം പറഞ്ഞു ഓഫീസിൽ നിന്നും ഇറങ്ങി .. അവനെ ഒന്ന് വിളിച്ചു പറയണം എന്നുണ്ടായിരുന്നു.. കൂട്ടുകാർ വഴി നമ്പർ ഒക്കെ സംഘടിപ്പിക്കാം .. പക്ഷെ ചോദിച്ചാൽ പിന്നെ നൂറു കൂട്ടം ചോദ്യം വരും .. വേണ്ട … മനസ്സിൽ ഉറക്കെ വിളിച്ചു പറഞ്ഞു … ദീപു നിന്റെ വാവയെ ഇന്നു മോഹൻ ലാൽ വിളിച്ചിരുന്നു… ആശംസയും നേർന്നു … താങ്ക്സ് … ഇപ്പോഴും മനസ്സിന്റെ കോണിൽ ഞാൻ ഉണ്ടെന്നു അറിയിച്ചതിൽ…
വീട്ടിൽ വന്നു കയറിയ ഉടനെ അവന്റെ ഓർമ്മ നില നിൽക്കുന്ന എന്തേലും ഉണ്ടോന്നു പരിശോധിച്ചു … ഒന്നും ഇല്ല … അവസാനം ഒരു പഴയ പെട്ടിയുടെ അടിയിൽ നിന്നും ഒരു ഓട്ടോഗ്രാഫ് പുറത്തെടുത്തു… മങ്ങിയ അക്ഷരങ്ങളിൽ ഇങ്ങനെ എഴുതിയിരുന്നു …. അവസാന പേജിൽ ആണേലും ഓർമയിൽ ആദ്യമിരിക്കട്ടെ ….

by