24/04/2026

അമേരിക്കയിൽ പോയി താമസം ആക്കുന്നതിനെ ഭയന്നിരുന്നു.. അവിടെ ചെന്നാൽ വെറും ഒരു വേലക്കാരിയുടെ സ്ഥാനം മാത്രമേ തനിക്ക് കിട്ടുകയുള്ളൂ എന്ന് അവർക്ക്

രചന – Meera sagish

കർമ്മപഥം അവസാനിക്കുമ്പോൾ ബാക്കിയാവുന്നത്..

You stupid, ass, good for nothing.. കൊച്ചു മകൾ വീണ തെറി അഭിഷേകം നടത്തുകയാണ്. അമേരിക്കയിൽ വന്നതിൽ പിന്നെ അവൾ ഇംഗ്ലീഷിൽ നന്നായി പ്രാവീണ്യം നേടിയിട്ടുണ്ട്.. രാജലക്ഷ്മി വേദനയോടെ ഓർത്തു..

അവളുടെ ബുക്ക് ഷെൽഫിൽ നിന്ന് ഒരു പുസ്തകം എടുത്തപ്പോൾ ഒന്ന് രണ്ടെണ്ണം അറിയാതെ നിലത്തു വീണു പോയി.. പ്രായം ആയതിൽ പിന്നെ മനസ്സ് വിചാരിക്കുന്നത് പോലെ ഒന്നും ശരീരം മുന്നോട്ടു നീങ്ങുന്നില്ല.. ഒരുവിധം കുനിഞ്ഞുനിന്ന് ചിതറിവീണ പുസ്തകങ്ങൾ എടുക്കാൻ തുടങ്ങിയപ്പോഴാണ് മൊബൈൽ ഫോൺ റിങ് ചെയ്തത്.. അമേരിക്കയിൽതന്നെ താമസമാക്കിയിട്ടുള്ള മകന്റെ ഒരു ഫ്രണ്ടിന്റെ അമ്മയാണ്.. പേര് മേരി.. സമപ്രായക്കാരിയായത് കൊണ്ട് വയ്യായ്ക കളെ കുറിച്ചും ശാരീരിക അവശതകളെ കുറിച്ചും ഒക്കെ പറഞ്ഞുപറഞ്ഞ് സംഭാഷണം കുറച്ച് നേരം നീണ്ടുപോയി.. ബെഡിൽ ഒന്നു കിടന്നപ്പോൾ ഉച്ചമയക്കത്തിൽ ആണ്ടുപോയി.

കൂട്ടുകാരോടൊപ്പം ആർത്തുല്ലസിച്ച് കഴിഞ്ഞു അവരോടൊക്കെ ടാറ്റാ ബൈ ബൈ പറഞ്ഞു, അകത്തു കയറിയപ്പോഴാണ് ലിവിങ് റൂമിലെ ഷെൽഫിൽ അടുക്കിവെച്ചിരിക്കുന്ന പുസ്തകങ്ങൾ താഴെ വീണ് കണ്ടത്..
അവൾക്ക് പ്രകോപിതയാകാൻ നിസ്സാര കാരണങ്ങൾ മതി.

അമേരിക്കയിലെ വന്നതിൽ പിന്നെ, രാജലക്ഷ്മിക്ക് മധുരപ്പതിനേഴുകാരി യായ കൊച്ചുമകൾ വീണയെ സ്വല്പം ഭയമാണ്. കുറച്ചു നാൾ മുമ്പാണ്, ടെക്സ്സ്സിൽ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പയ്യൻ സഹപാഠികളുടെ നേർക്ക് നിറയൊഴിച്ചത്. അവൻ ആദ്യം വകവരുത്തിയത് തന്റെ സ്വന്തം മുത്തശ്ശിയെ തന്നെയായിരുന്നത്രേ!!

ഈ രാജ്യത്തെ ഒരു പ്രത്യേകത എന്താന്നു വച്ചാൽ ഇവിടുത്തെ പൗരൻമാർക്ക് എല്ലാം നിഷ്പ്രയാസം റിവോൾവർ സൂക്ഷിക്കാനുള്ള ലൈസൻസ് കിട്ടുന്നു എന്നാണ്. സ്വയ രക്ഷ ഉദ്ദേശിച്ചാണ് നൽകപ്പെടുന്നത്.. മുതിർന്ന ആളുകൾ റിവോൾവറുകൾ അലക്ഷ്യമായി എവിടെയെങ്കിലും ഇടും. പിള്ളേർ അതെടുത്തു കളിക്കും.

ഡോക്ടർ ദമ്പതികളായ മകനും മരുമകളും രാവിലെ പോയാൽ അർധരാത്രി ഒക്കെ ആകും തിരിച്ചുവരാൻ.. ചില ദിനങ്ങളിൽ വരാതെയും ഇരിക്കാം.. Cardiac സർജനായ മകനും, dental ഡോക്ടറായ മരുമകൾക്കും, ആകെയുള്ള ഒരു മകളെ നേരാംവണ്ണം നോക്കാനോ, മൂല്യ ബോധത്തോടെ വളർത്താനോ ഉള്ള സമയം തീരെ ഇല്ല.. എല്ലാവർക്കും തങ്ങളുടെ സ്വതന്ത്ര ജീവിതം.. ആർക്കും ആരോടും ഒരു കമ്മിറ്റ് മെന്റ് മില്ല!!

രാജലക്ഷ്മി ഡ്രസ്സിംഗ് ടേബിളിലെ വലിയ കണ്ണാടിയിലേക്ക് നോക്കി. മുടി മുഴുവൻ നരച്ച് മുഖത്തും കൈകളിലും എല്ലാം ചുളിവുകൾ വീണിരിക്കുന്നു.
രാജലക്ഷ്മി looks so beautiful എന്ന് സഹപ്രവർത്തകർ എല്ലാം വാനോളം പുകഴ്ത്തിയിരുന്ന ആ പഴയ സുന്ദരിയായ യുവതിയുടെ പ്രതിബിംബം മാറിമറിയുന്നത് പോലെ തോന്നി..
ഉയർന്ന റാങ്ക് ഓടുകൂടി ഗവണ്മെന്റ് സർവീസിൽ കയറി, യു ഡി ക്ലാർക്ക്, തഹസിൽദാർ തുടങ്ങി പ്രമോഷൻ ടെസ്റ്റുകൾ എഴുതി പാസ്സായി ഡെപ്യൂട്ടി കളക്ടർ പദവി അലങ്കരിച്ചിട്ടാണ് സർവ്വീസിൽ നിന്നും വിരമിച്ചത്..

” രാജലക്ഷ്മി എന്നെ വിവാഹം ചെയ്യുമോ? “സഹ തഹസിൽദാർ ആയ രാജശേഖരൻ നമ്പ്യാരുടെ തായിരുന്നു ആ ചോദ്യം.
” ഞാൻ വിവാഹിതയാണ്.. എനിക്ക് രണ്ടുവയസ്സുകാരൻ മകനുമുണ്ട്. ഭർത്താവ് എന്നെ വിട്ടു പോയെങ്കിലും ഞാൻ എന്റെ മകന് വേണ്ടി മാത്രമാണ് ജീവിക്കുന്നത് “.
” അതൊക്കെ എനിക്കറിയാം. തന്റെ മകനെ സ്വന്തം മകനെ പോലെ ഞാൻ നോക്കിക്കോളാം “..
” ഇല്ലസർ അവൻ ആണ് എന്റെ ലോകം . എന്റെ മോന്റെ ആരുമല്ലാത്ത ഒരാൾ അവനെ നിയന്ത്രിക്കുന്നത് ഒന്നും എനിക്ക് ഇഷ്ടപ്പെടില്ല”..
വെച്ചുനീട്ടിയ നല്ലൊരു ജീവിതം തട്ടിത്തെറിപ്പിച്ചു!! മകനുവേണ്ടി!!
അങ്ങനെ എത്രയോ യോഗ്യരായ ആളുകൾ തന്നെ വിവാഹം കഴിക്കണം എന്ന് ആഗ്രഹിച്ചു മുന്നോട്ടുവന്നു.. എല്ലാം വേണ്ടെന്ന് വെച്ചു.!!

വാശിയോടെ പഠിച്ച് ജോലി നേടിയ തന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് സ്നേഹനിധിയായ ഒരു ഭർത്താവായിരുന്നു.. ബൈക്ക് ഓടിച്ചു ഒരു സുഹൃത്തിനെ കാണാൻ പോയി വരുന്നവഴിക്ക് ടിപ്പർലോറിയിടിച്ചു മരിച്ചു.

മരവിച്ചിരുന്നു പോയ നിമിഷങ്ങൾ!!
ലോകം മുഴുവൻ ശൂന്യതയിൽ ആണ്ട് പോകുന്നത് പോലെ തോന്നി..
” ഇല്ല താനിങ്ങനെ നിരാശയായി ഇരുന്നാൽ പറ്റില്ല. മകനെ വളർത്തി വലുതാക്കേണ്ടതുണ്ട്.” മനസ്സാക്ഷി ഓർമ്മിപ്പിച്ചു.. അവൻ മാത്രമാണ് ഇനി എന്റെ ലോകം!

മാധവിക്കുട്ടിയുടെ “middle age “എന്ന കവിത വായിച്ചത് അവരുടെ ഓർമ്മയിൽ തെളിഞ്ഞു വന്നു.. കുഞ്ഞുങ്ങൾ ആകുമ്പോൾ അമ്മ എവിടെ പോകുമ്പോഴും കൂടെ വരണം എന്ന് ശാഠ്യം പിടിക്കും, പക്ഷേ അവർ മുതിർന്നു കഴിയുമ്പോൾ അമ്മമാർ വെറും ചായ ഇടാനും, തുണികൾ അലക്കി ഇസ്തിരി ഇടാനും മാത്രമുള്ള ഉപകരണങ്ങളായി മാറും!!.
എന്ന് തന്റെ മക്കൾ മുഖത്ത് നോക്കി കയർത്തു സംസാരിക്കുന്നുവോ അപ്പോഴാണ് അമ്മമാർക്ക് ചുളിവുകളും ജരാനരകളും ബാധിക്കുന്നത്!!

ഇപ്പോൾ തനിക്ക് ജരാനരകൾ ബാധിച്ച് തുടങ്ങിയിരിക്കുന്നു..!!

” അച്ഛമ്മ വേഗം വാ, “ആറുവയസ്സുകാരി വീണ മോൾ ആദ്യമേ ഡോർ തുറന്നു പുറത്തേക്കിറങ്ങി കഴിഞ്ഞിരുന്നു.. കവടിയാറിൽ ഉള്ള വലിയ കെട്ടിട സമുച്ചയത്തിലെ ആറാം നിലയിൽ ആണ് തങ്ങളുടെ ഫ്ലാറ്റ്. തൃശ്ശൂരിൽ ആണ് സ്വന്തം സ്ഥലമെങ്കിലും, മകന് എംബിബിഎസിന് അഡ്മിഷൻ കിട്ടിയപ്പോൾ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആണ് പഠിക്കാൻ അവസരം കിട്ടിയത്.. അവനെ തനിച്ച് ഹോസ്റ്റലിൽ നിർത്താൻ മടിയായിരുന്നു. അവനുമാത്രം വേണ്ടി ജീവിക്കുന്ന തനിക്ക് ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ വയ്യ.. പണം ഒരു പ്രശ്നം അല്ലാത്തതുകൊണ്ട്, ലക്ഷങ്ങൾ മുടക്കി മെഡിക്കൽ കോളേജിന് അടുത്ത് ഒരു ഫ്ലാറ്റ് സ്വന്തമായി വാങ്ങി.

സ്കൂളില്ലാത്ത വാരാന്ത്യങ്ങളിൽ, വീണ മോൾക്ക് എവിടെയെങ്കിലും ഔട്ടിംഗ് പോണം, സ്വന്തമായി കാർ ഉണ്ട്.. ഡ്രൈവിംഗ് നായി ഉല്ലാസ് എന്നൊരു പയ്യനെ നിയോഗിച്ചിട്ടുണ്ട്.
ഈയിടെയായി മോൾക്ക് ബാലൻ അങ്കിൾ വീട്ടിൽ പോകാനാണ് ഇഷ്ടം.. മൂന്നര കിലോമീറ്ററോളം ദൂരമുണ്ട്.. അവിടുത്തെ മീന ചേച്ചിയെയും, മുന്നി ചേച്ചിയേയും, നന്ദന ചേച്ചിയെയും അവൾക്ക് വലിയ ഇഷ്ടമാണ്.. അവർ മാറി മാറി അവളെ എടുത്തുകൊണ്ട് നടക്കും.. നന്ദന ചേച്ചി പാട്ടുപാടി കൊടുക്കും, മുന്നി ചേച്ചി കഥകൾ പറഞ്ഞു കൊടുക്കും ., മീന ചേച്ചി ബൂസ്റ്റ് കലക്കി പാൽ കൊഞ്ചിച്ച് കുടിപ്പിക്കും..
കുഞ്ഞുന്നാളിലെ അവൾക്ക് അന്യമായി പോയ മാതൃവാത്സല്യം അവരിൽ നിന്നും അനുഭവിക്കുകയായിരുന്നു അവൾ!

അമേരിക്കയിൽ പോയി ഡോക്ടറായി ജോലി ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന മകന്, അമേരിക്കൻ സിറ്റിസൺഷിപ് ഉള്ള ഒരു യുവതിയിൽ നിന്നും കല്യാണ ആലോചന വന്നപ്പോൾ രണ്ടാമതൊന്ന് അവനു ആലോചിക്കേണ്ടി വന്നില്ല.. എല്ലാം അവന്റെ സ്വന്തം ഇഷ്ടപ്രകാരം നടത്തി. അമേരിക്കയിലേക്ക് മോനും മരുമോളും ചേക്കേറി.. അവനു വേണ്ടി മാത്രം ജീവിച്ച താൻ കവടിയാറിലെ ഫ്ലാറ്റിൽ തീർത്തും തനിച്ചായിപ്പോയി..

വിവാഹം കഴിഞ്ഞ് ഒന്നര വർഷം കഴിഞ്ഞപ്പോൾ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിനെയും കൊണ്ട് അവൻ വന്നു. നല്ല ഓമനത്തമുള്ള ഒരു പെൺകുഞ്ഞ്!! പക്ഷേ അവർക്ക് അതിനെ നോക്കാൻ മാത്രം നേരമില്ല. ഒരാളെ നിർത്താം എന്നുവെച്ചാൽ അമേരിക്കയിൽ അവർക്ക് കിട്ടുന്ന ശമ്പളം മുഴുവൻ maid സർവെന്റ്ന് കൊടുക്കാൻ മാത്രമേ തികയുള്ളു.

” ഇന്ന് തന്നേക്കൂ ഞാൻ പൊന്നുപോലെ നോക്കിക്കോളാം നിന്റെ മോളെ “. സന്തോഷത്തോടെ കുഞ്ഞിനെയേറ്റുവാങ്ങി.. ഏകാന്തത വിഴുങ്ങാൻ തുടങ്ങിയ തന്റെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞു വന്നിരിക്കുന്നു!!
മനസ്സിൽ ഒരായിരം സന്തോഷ തിരമാലകൾ അലയടിച്ചു..

കൊടുക്കേണ്ട ബേബിഫുഡുകൾ എന്തൊക്കെയാണ്, എങ്ങനെയൊക്കെ ആണ് എന്ന് ഒരു നൂറായിരം നിർദ്ദേശങ്ങൾ തന്നിട്ട് മകൻ അമേരിക്ക യിലേക്ക് മടങ്ങി പോയി..

ഒരു ആൺകുഞ്ഞിനെ വളർത്തിവലുതാക്കി, ഇനി അവന്റെ പെൺകുഞ്ഞിനെ വളർത്താനുള്ള യോഗം തനിക്ക് ആയിരിക്കാം!!
സന്തോഷത്തോടെ ആ നിയോഗം ഏറ്റെടുത്തു.. കുപ്പിപ്പാൽ കൊടുത്തും, താരാട്ടു പാടി ഉറക്കിയും, കൈപ്പത്തികൾ കൊണ്ട് തട്ടിത്തട്ടി ഉറക്കി ഒരു കള്ളിയെപ്പോലെ പതുങ്ങി എണീറ്റു ബാക്കിയുള്ള ജോലികൾ ചെയ്തു തീർത്തും അവളുടെ വികൃതികൾ ആസ്വദിച്ചും, മാതൃത്വം വീണ്ടും അനുഭവിക്കുകയായിരുന്നു രാജലക്ഷ്മി!!

മൂന്ന് നാല് വയസ്സ് ആയതിൽ പിന്നെ പാലിൽ പ്രോട്ടീൻ പൗഡർ കലക്കി കൊടുത്തും, മറ്റു പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കൊടുത്തും ആരോഗ്യമുള്ള സുന്ദരിക്കുട്ടി ആക്കി എടുത്തു.. നഗരത്തിലെ പ്രസിദ്ധമായ സ്കൂളിൽ കിൻഡർ ഗാർഡനിൽ ചേർത്തു.
അഞ്ചാം ക്ലാസ് വരെ ആ സ്കൂളിൽ പഠിച്ചു.. അവളുടെ അച്ഛനമ്മമാർ വർഷത്തിലൊരിക്കൽ വന്നും പോയും കൊണ്ടിരുന്നു.

വീണ മോൾ അവരോടൊപ്പം പോണം എന്ന് ഒരിക്കൽ വന്നപ്പോൾ ശക്തമായി വാശിപിടിച്ചു.. രാജലക്ഷ്മി എന്നും അമേരിക്കയിൽ പോയി താമസം ആക്കുന്നതിനെ ഭയന്നിരുന്നു.. അവിടെ ചെന്നാൽ വെറും ഒരു വേലക്കാരിയുടെ സ്ഥാനം മാത്രമേ തനിക്ക് കിട്ടുകയുള്ളൂ എന്ന് അവർക്ക്

വീണ മോൾ അവരോടൊപ്പം പോണം എന്ന് ഒരിക്കൽ വന്നപ്പോൾ ശക്തമായി വാശിപിടിച്ചു.. രാജലക്ഷ്മി എന്നും അമേരിക്കയിൽ പോയി താമസം ആക്കുന്നതിനെ ഭയന്നിരുന്നു.. അവിടെ ചെന്നാൽ വെറും ഒരു വേലക്കാരിയുടെ സ്ഥാനം മാത്രമേ തനിക്ക് കിട്ടുകയുള്ളൂ എന്ന് അവർക്ക് നിശ്ചയമായിരുന്നു.
പരമാവധി ആ യാത്രയെ ഒഴിവാക്കാൻ ശ്രമിച്ചുവെങ്കിലും.. ഒരിക്കൽ ഭയന്നിരുന്ന ത് സംഭവിക്കുക തന്നെ ചെയ്തു.

മകനും മരുമോളും തങ്ങൾക്കുവേണ്ടി അമേരിക്കൻ വിസ ഒക്കെ തയ്യാറാക്കി എത്തിച്ചേർന്നു..
വീണ മോൾക്ക് അമേരിക്കയിലെ പ്രശസ്തമായ സ്കൂളിൽ അഡ്മിഷനും ശരിയാക്കി വച്ചിട്ടുണ്ട്.
അങ്ങനെ ജന്മനാടും മനോഹരമായ ഫ്ളാറ്റും ഓർമ്മയിൽ ബാക്കി നിർത്തി കൊണ്ട് അമേരിക്കയിലേക്ക് പറന്നു.

വീടിന്റെ ബാൽക്കണിയിൽ നിന്നിരുന്ന രാജലക്ഷ്മിയേ ഒരു മന്ദമാരുതൻ തഴുകിയുണർത്തി.. ചുറ്റിലും ലക്ഷ്വറിയസ് വില്ല കൾ ആണ്.. ആളനക്കങ്ങൾ ഉണ്ട്. ഒരു വീട്ടിൽ നിന്നും വേറൊരു വീട്ടിലേക്ക് ചെല്ലണം എങ്കിൽ pre അപ്പോയ്ന്റ്മെന്റ് എടുക്കണം
കവടിയാറിലെ ഫ്ലാറ്റും തൊട്ടടുത്ത റൂമിലുള്ള ലീലാമ്മയും കുടുംബവും എത്ര നല്ലവർ ആയിരുന്നു… എത്ര സൗഹാർദ്ദ മനോഭാവം ഉള്ളവർ ആയിരുന്നു!
എപ്പോ വേണമെങ്കിലും ആ വീട്ടിലേക്ക് കയറിച്ചെല്ലാമായിരുന്നു!!

കൊച്ചു മകൾ വീണ ഇപ്പോൾ ഒരു ശത്രുവിനോട് എന്നപോലെയാണ് തന്നോട് പെരുമാറുന്നത്.. സന്ധ്യ മയങ്ങിയതിൽ പിന്നെ, കൂട്ടുകാരുമായി ഡേറ്റ് ഉണ്ട് എന്ന് പറഞ്ഞു പോയേക്കുവാണ്.. ഇനി എപ്പോ കേറി വരും എന്ന് ആർക്കറിയാം!!

അടുക്കളയിൽ കയറി എന്തെങ്കിലും ഉണ്ടാക്കാം എന്ന് വിചാരിച്ചു.. ഡയബറ്റിക് പേഷ്യന്റ് ആയതുകൊണ്ട് സമയത്ത് എന്തെങ്കിലും ആഹാരം കഴിക്കണം. ബ്ലഡ് പ്രഷറും കൊളസ്ട്രോളും എല്ലാം അധികമാണ്! ഒരുപാട് മരുന്നുകളും കഴിക്കുന്നുണ്ട്..

പെട്ടെന്നാണ് നെഞ്ചിലെ ഇടതു ഭാഗത്തു നിന്ന് ഒരു വല്ലാത്ത വേദന വരുന്നതുപോലെ തോന്നിയത്.. പതുക്കെ പതുക്കെ അത് അധികരിച്ചു, ഇടനെഞ്ചു പൊട്ടുന്നത് പോലെ തോന്നി.. രാജലക്ഷ്മി ഇരുകൈകളും നെഞ്ചോട് അമർത്തിപ്പിടിച്ചു.. ഒരുവിധം നടന്നു ലിവിങ് റൂമിലെ ഷെൽഫിൽ വച്ചിരിക്കുന്ന ഫോൺ എടുക്കാൻ വേണ്ടി ശ്രമിച്ചു. എമർജൻസി നമ്പർ ഒന്ന് ഡയൽ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ. ഒരു സിംഗിൾ ഡിജിറ്റ് അമർത്തിയാൽ മതി.. സഹായം പാഞ്ഞെത്തും.. പക്ഷേ അതിന് കഴിയുന്നില്ല ഫോൺ എത്തിപ്പിടിക്കാൻ അവർ ശ്രമിച്ചു … കൈവിരലുകൾ വിറച്ചു കൊണ്ടിരുന്നു..

തൊണ്ട വരളുന്നത് പോലെ തോന്നി.. പൊടുന്നനെ നിലത്തു കുഴഞ്ഞു വീണു.. ഒരിറ്റ് ദാഹജലം കിട്ടിയിരുന്നെങ്കിൽ!! അവർ അതിയായി ആഗ്രഹിച്ചു!!
നാവ് കുഴഞ്ഞു പോകുന്നു.. ഹൃദയമിടിപ്പ് അതിശക്തമാം വിധം വർദ്ധിച്ചിരിക്കുന്നു.. വയറു വീർത്തു പൊട്ടി പോകുന്നത് പോലെ തോന്നുന്നു. കൃഷ്ണമണികൾ മുകളിലോട്ടു മറിഞ്ഞു പോകുന്നു!!

തന്റെ മോനെയും കൊച്ചു മോളെയും ഒരു നോക്ക് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ!!
തന്നെ മരണം മാടി വിളിക്കുകയാണ് എന്ന് മനസ്സിലായി.. ഈ ജന്മത്തിൽ തന്നിൽ നിക്ഷിപ്തമായ കർമ്മങ്ങളെല്ലാം അവസാനിച്ചിരിക്കുന്നു!!

അനേകായിരങ്ങളുടെ ഹൃദയങ്ങൾ കീറിമുറിക്കുന്ന cardiac സർജനായ മകന്റെ ഒരു സാന്നിധ്യം പോലും ഇല്ലാതെ രാജലക്ഷ്മി ഹൃദയസ്തംഭനം വന്ന് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു!
ദേഹം വിട്ട് ദേഹി യാത്രയായി!!!