23/04/2026

അടുക്കളയിൽ പാത്രം കഴുകുകയായിരുന്ന പ്രിയതമയുടെ പിന്നിലൂടെ ചെന്ന് സ്നേഹത്താൽ ഉറുമ്പടക്കം കെട്ടിപ്പിടിച്ചു..ഞെട്ടിയ അവൾ കയ്യിൽ കിട്ടിയ പാത്രത്താൽ തലക്കിട്ടൊന്ന് തന്നതേ ഓർമ്മയുളളൂ..

രചന – സുധീ മുട്ടം

“അടുക്കളയിൽ പാത്രം കഴുകുകയായിരുന്ന പ്രിയതമയുടെ പിന്നിലൂടെ ചെന്ന് സ്നേഹത്താൽ ഉറുമ്പടക്കം കെട്ടിപ്പിടിച്ചു..ഞെട്ടിയ അവൾ കയ്യിൽ കിട്ടിയ പാത്രത്താൽ തലക്കിട്ടൊന്ന് തന്നതേ ഓർമ്മയുളളൂ..

പിന്നിലേക്കു മറിഞ്ഞയെന്റെ പിറകെ “അയ്യോ ചേട്ടനായിരുന്നോന്നും” പറഞ്ഞവൾ അലമുറയിട്ടു..

ബോധം കെട്ടതു പോലെ അഭിനയിച്ചു കിടന്നിരുന്ന എന്റെ മുഖത്തേക്കവൾ ഒരുകുടം വെള്ളം കമഴ്ത്തി..വെള്ളം വീണതോടെ അതുവരെ പിടിച്ചു നിർത്തിയ ബോധക്കേട് എവിടെയോ പോയ്മറഞ്ഞു..

“ഏട്ടനു എന്നെ ഒന്ന് വിളിച്ചാലെന്താ”

“ഞാൻ നിനക്കൊരു സർപ്രൈസ് തരാമെന്ന് വിചാരിച്ചതാ..എന്നാലും ഇത്രക്കു വേണ്ടീരുന്നില്ല”

“സോറി ഏട്ടാ”

“സോറിയൊന്നും വേണ്ട..സമ്മാനം മതി”

എന്റെ അധരങ്ങളിലും കവിളിലും നെറ്റിയിലും അവൾ മുത്തങ്ങൾ തീർത്തു.ഞാനവളെ ഇറുകെ പുണർന്ന് നെഞ്ചോട് ചേർത്തു പിടിച്ചു ഉമ്മകൾ കൊണ്ട് മൂടി..

വീട്ടുകാരോട് പടവെട്ടി നേടിയെടുത്ത പെണ്ണാണിവൾ.കണ്ണുകാണില്ലെന്ന് അറിഞ്ഞു കൊണ്ടാണിവളെ സ്വന്തമാക്കിയത്..

പെണ്ണുകാണാനായി വീട്ടിൽ ചെന്നപ്പഴേ അവൾ ചോദിച്ചിരുന്നു..

“ഏട്ടൻ കണ്ണുകാണാത്തെ എന്നെയെന്തിനു സ്നേഹിച്ചു.എന്തിനു വീട്ടുകാരുമായി പടപൊരുതി എന്നെ സ്വന്തമാക്കണം..ഏട്ടനു എന്നെക്കാൾ നല്ല പെണ്ണിനെ കിട്ടും.അന്ധയായ എനിക്ക് ഏട്ടനു ഞാനൊടുവിൽ ബാദ്ധ്യതയാകും”

അവൾ പല ഒഴിവുകളും പറഞ്ഞു സ്വയമൊഴിയാൻ ശ്രമിച്ചു..

“നിനക്കായി എന്റെ കണ്ണുകൾ കാണും..എനിക്കായി നീയെന്നെ വരണമാല്യം അണിയിച്ചാൽ മതി.നിന്റെ കുറവുകൾ അറിഞ്ഞാണു സ്നേഹിച്ചത്‌.നാളെയെനിക്ക് എന്തുപറ്റുമെന്ന് എനിക്കറിയില്ല..നീയെന്നും എന്റെ സ്വന്തമായിരിക്കണം എനിക്കതു മാത്രം മതി”

പിന്നീട് അവൾക്കു മറുപടിയൊന്നും ഇല്ലായിരുന്നു.. സ്നേഹിച്ചവളെ സ്വന്തമാക്കുക എന്നതൊരു ഭാഗ്യമായിരുന്നു..

അന്ധത അവൾക്കൊരു പ്രശ്നമല്ലായിരുന്നു..ഏതാനം ആഴ്ചകൾ കൊണ്ട് അവൾ വീടിന്റെ മുക്കും മൂലയും മനസ്സിലാക്കി.. എന്റെ സഹായമില്ലാതെ തന്നെ അവൾ കാര്യങ്ങൾ തനിയെ ചെയ്തു തുടങ്ങി…

എവിടുത്തെയും പോലെ ഇവിടത്തെ അമ്മായിഅമ്മയും ഒട്ടും മോശമായിരുന്നില്ല.എന്തിനും ഏതിനും അവളുടെ മെക്കിട്ടു കേറുക പതിവായിരുന്നു.. പാവം എന്നിട്ടും ഒരു പരാതിയും പരിഭവും പറയാതെ അവൾ അമ്മയെ സ്നേഹിച്ചു..

ഒരു രാത്രിയിൽ കിടക്കറയിൽ വെച്ചു അവളാ മോഹം പറഞ്ഞത്..

“ഏട്ടാ എനിക്ക് കണ്ണുകാണാൻ കഴിഞ്ഞിരുന്നെങ്കിൽ ആഗ്രഹിച്ചു പോകുന്നു.കാഴ്ച കിട്ടിയാൽ എനിക്കു ഏട്ടന്റെ അമ്മയെ കാണണം.ഞാനെന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ട് എങ്കിൽ അമ്മയുടെ പാദത്തിൽ കെട്ടിപ്പിടിച്ചു മാപ്പു പറയണം”

അന്നുമുതൽ അവളെയും കൊണ്ട് കയറാത്ത ആശുപത്രിയില്ല.കണ്ണുകൾ കിട്ടിയാൽ ഓപ്പറേഷനിലൂടെ അവൾക്കു കാഴ്ച ശക്തി ലഭിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു..

എന്റെ കണ്ണുകളിലൊന്നു നൽകാമെന്നു പറഞ്ഞപ്പോൾ അവൾ സമ്മതിച്ചില്ല..

മാസങ്ങൾ അതിവേഗം പിന്നിട്ടു..പെട്ടന്നൊരു ദിവസം അമ്മയാണു ആ സന്തോഷ വാർത്ത വിളിച്ചു പറഞ്ഞത്..

“നീയൊരു അച്ഛനാകാൻ പോകുന്നു”

അന്നുമുതൽ അമ്മായിഅമ്മ ആകെ മാറി തുടങ്ങി.. എപ്പോഴും മരുമകളുടെ ചുറ്റിനുമായി കണ്ണുകൾ.. ഒടുവിൽ ആ സന്തോഷം അധികം നാൾ നീണ്ടു നിന്നില്ല.അമ്മക്കൊരു ആക്സിഡന്റ് പറ്റി മരണമടഞ്ഞു..

അന്നുതന്നെ ഡോക്ടർ വിളിച്ചു പറഞ്ഞു..

“കണ്ണുകൾ കിട്ടിയട്ടുണ്ട്..പൈസ അടച്ചു ഹോസ്പിറ്റലിൽ അഡ്മിറ്റായാൽ ഉടൻ ഓപ്പറേഷൻ നടത്താം”

ത്രിശങ്കുവിലായ ഞാൻ ഒടുവിൽ അവളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു..

അമ്മയുടെ കർമ്മങ്ങൾ പൂർത്തിയാക്കി ഞാനും ആശുപത്രിയിലേക്കു മടങ്ങി…

ഓപ്പറേഷൻ വിജയകരമായിരുന്നു..അവളുടെ കണ്ണിനു കാഴ്ച തിരിച്ച് കിട്ടി..

അമ്മയെ കാണണമെന്ന് കരഞ്ഞവളെ അമ്മയുടെ മരണവാർത്ത അറിയിക്കണ്ടി വന്നു..

പിന്നീട് അവൾക്കായി കണ്ണുകൾ ദാനം ചെയ്തവരെ കുറിച്ച് തിരക്കി.അവരെയൊന്നു കാണണമെന്നവൾ ആഗ്രഹം പ്രകടിപ്പിച്ചു..

“അല്ല എന്നെ കെട്ടിപ്പിടിച്ചിരുന്നാ മതിയാ..ഇന്നല്ലെ എനിക്ക് കണ്ണുകൾ സമ്മാനിച്ച ആളുടെ അടുത്ത് കൊണ്ട് പോകാമെന്ന് പറഞ്ഞത്”

“നിനക്ക് കണ്ണുകൾ നൽകിയവർ മരിച്ചു പോയി.അങ്ങനെ കിട്ടീതാണു ഈ കണ്ണുകൾ”

ഒരുനിമിഷം കഴിഞ്ഞവൾ ഒന്ന് ഏങ്ങി..

പിന്നെ അവരെ അടക്കം ചെയ്തിടത്ത് കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ടു..

കുളി കഴിഞ്ഞെത്തിയ അവളെ ഞാൻ പറമ്പിന്റെ തെക്കുഭാഗത്ത് കൊണ്ട് വന്നു..

അമ്മയുടെ പട്ടട ചൂണ്ടി ഞാൻ പറഞ്ഞു..

“അമ്മയാണു നിനക്കു കണ്ണുകൾ ദാനം ചെയ്തത്”

പെട്ടന്നവൾ അലമുറയിട്ട് കരഞ്ഞു..

അവളെ ആശ്വസിപ്പിച്ചു കൊണ്ടാണു ബാക്കി ഞാൻ പറഞ്ഞത്..

“അമ്മ അന്ന് നിന്റെ സംസാരം കേട്ടിരുന്നു.അമ്മ കരയുകയായിരുന്നു..അമ്മക്ക് എന്തെങ്കിലും പറ്റിയാൽ കണ്ണുകൾ നിനക്കായി ദാനം നൽകണമെന്ന് പറഞ്ഞിരുന്നു”

ഒരു നിമിഷത്തെ നിശബ്ദതക്കു ശേഷം ഞാൻ വീണ്ടും പറഞ്ഞു..

“പാഞ്ഞു വന്ന വണ്ടിക്കടിയിൽ അമ്മ ഓടിക്കയറി എന്നാണ് കണ്ടവർ പറഞ്ഞത്..അമ്മക്ക് ഒരാഗ്രഹം ഉണ്ടായിരുന്നു.. നമുക്ക് ജനിക്കുന്നത് പെൺ കുഞ്ഞാണെങ്കിൽ അമ്മയുടെ പേരു നൽകണമെന്ന്”

“നമുക്ക് ജനിക്കുന്നത് പെൺകുഞ്ഞായിരിക്കും ഏട്ടാ..അമ്മയുടെ പേരു തന്നെ നൽകണം”

അവളുടെ മറുപടിയിൽ സന്തോഷിച്ചായിരിക്കും തെക്കു പടിഞ്ഞാറു നിന്നും വീശിയകാറ്റിൽ ചന്ദനത്തിരിയുടെ സുഗന്ധവും അമ്മയുടെ സ്വരവും കാതിൽ അനുഭവപ്പെട്ടതുപോലെ ഞങ്ങൾക്കു തോന്നി….