16/04/2026

മീരാമാധവം : ഭാഗം 05

രചന – വൈദേഹി വൈഗ

“ഹാ.. എന്താ അവിടെ തന്നെ നിന്ന് കളഞ്ഞത്.. ഇങ് വാടോ.. ” പോകാൻ മടിച്ചു നിന്ന എന്നെ ഇലഞ്ഞിമരച്ചോട്ടിൽ ഇരിക്കുക ആയിരുന്ന കുഞ്ഞേട്ടൻ അരികിലേക്ക് വിളിച്ചു.. എനിക്കാണെങ്കിൽ വല്ലാത്ത ചമ്മലും നാണക്കേടും.. “ഇവിടെ ഇരിക്ക്.. എന്താ നീയൊന്നും മിണ്ടാത്തെ..” കൈയ്യിൽ പെറുക്കി എടുത്ത ഇലഞ്ഞിപ്പൂക്കളുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ടായിരുന്നു കുഞ്ഞേട്ടൻ സംസാരിച്ചത്.. “എന്താ തീരുമാനം.. എന്തായാലും തുറന്നു പറഞ്ഞോളൂ.. ” “അത്‌…. എനിക്കും ഇഷ്ട്ടാണ്.. ” “എന്ത്.. ശെരിക്കും.. ” “മ്മ്.. ” “താങ്ക് ഗോഡ്.. തന്റടുത്തുന്ന് ഇത്രപെട്ടെന്ന് ഒരു പോസിറ്റീവ് റിപ്ലൈ ഞാൻ പ്രതീക്ഷിച്ചില്ല.. ” “ഇത്ര പെട്ടന്ന് തരണം എന്ന് ഞാനും കരുതിയതല്ല.. പക്ഷെ എന്തോ ഒന്ന് എന്നെ ഏട്ടനരികിലേക്ക് അടുപ്പിക്കുന്നു.. ” “പിന്നെ ഒരു കാര്യം കൂടി ഉണ്ട്.. ” “എന്താ.. ” “എനിക്ക് ഈ കോളേജിൽ മറ്റൊന്നിനോടു കൂടി വല്ലാത്ത പ്രണയം ഉണ്ട്.. ” ന്റെ കണ്ണാ.. പെട്ടന്ന് അത്‌ കേട്ടപ്പോൾ എനിക്കെന്തോ പോലെയായി..

“താൻ ഞെട്ടണ്ട.. അത്‌ മറ്റൊന്നും അല്ല.. ദാ ഈ ഇലഞ്ഞി പൂക്കളോടാണ്.. ” ഞാൻ ഒന്ന് പുഞ്ചിരിച്ചു… “അതേ.. ഏട്ടനോട് ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. ” “മ്മ് ന്താ.. ” “എന്താ എന്നെ ഇഷ്ടപ്പെടാൻ? ” “ഹഹാ… ” “ന്തിനാ ചിരിക്കണേ… ” ഞാൻ ചെറുതായിട്ട് ദേഷ്യം അഭിനയിച്ചു.. “പിന്നെ ചിരിക്കാതെ.. തന്നെ ആർക്കാഡോ ഇഷ്ട്ടം അവാത്തെ.. തന്റെ ഈ നാടൻ ലുക്ക്… നിന്റെ കണ്ണും മുടിയും ദാവണിയും.. എന്തോ അങ് ഇഷ്ട്ടപെട്ടു പോയി..” തിരിച്ചു ഞാൻ ഒന്നും പറഞ്ഞില്ല.. ആ കണ്ണിലേക്കു തന്നെ നോക്കി ഇരുന്നു… ആ കണ്ണുകൾ എന്റെ ഹൃദയത്തിൽ എവിടെയോ ഒരു ചലനം സൃഷ്ട്ടിക്കും പോലെ.. “മീരാ.. ” “മ്മ്.. ” ഞാൻ വെറുതെ ഒന്ന് മൂളി.. “സമയം എത്രയായി എന്നൊന്നു നോക്കിയേ.. തനിക്കു പോണ്ടേ.. ” “അയ്യോ.. ശരിയാണല്ലോ” ഞാൻ വേഗം ബാഗും എടുത്തു എണീറ്റു..

“ഹ.. നിക്കേടോ ഞാൻ കൊണ്ടു വിടാം.. ബൈക്കിൽ.. ” “ഏയ്യ് അതൊന്നും വേണ്ട.. ” ഞാൻ നടക്കാൻ തുനിഞ്ഞതും… “മീരാ.. ദാ ഇത് വച്ചോളു..” എന്ന് പറഞ്ഞു ഒരു പിടി ഇലഞ്ഞി പൂക്കൾ ഏട്ടൻ എന്റെ കൈയിൽ തന്നു.. കോളേജ് ഗേറ്റ് കടക്കും വരെ എന്നെ തന്നെ നോക്കി നിൽക്കുന്ന ആ കടുംകാപ്പി മിഴികൾ ഞാൻ കണ്ടു.. സാധാരണ ഞാൻ ആശ്രമത്തിൽ എത്തിയാൽ പൂന്തോട്ടത്തിലും കൃഷിയിടത്തിലും ആയി സമയം കഴിക്കാറാണ് പതിവ്.. ഇന്നത് ഉണ്ടായില്ല.. നേരെ മുറിയിൽ പോയി കിടന്നു .. കൂട്ടിനു കുഞ്ഞേട്ടൻ തന്നു വിട്ട ഇലഞ്ഞി പൂക്കളും ഉണ്ടായിരുന്നു… എപ്പഴോ ഒന്ന് മയങ്ങി പോയി… “മോളേ.. മീരേ.. വാതിലു തുറക്ക് കുട്ടി..” ഞാൻ ഉറക്കച്ചടവോടെ ചെന്നു വാതിലു തുറന്നു… “എന്താ യമുനമ്മേ.. ” “ഇതെന്താ പതിവില്ലാത്തൊരു കിടത്തം.. വന്ന വേഷം പോലും മാറ്റിയിട്ടില്ല…” അപ്പോഴാണ് ഞാനും ആ കാര്യം ഓർത്തത്… വേഷം മാറ്റിയിട്ടില്ല… “മോളേ സ്വാമി അന്വേഷിക്കുന്നുണ്ടായിരുന്നു..

അത്താഴത്തിനു മുന്നെ ഒന്ന് ചെന്നു കാണാൻ പറഞ്ഞു.. ” “മ്മ്.. ” എന്തെങ്കിലും കാര്യമായി ഇല്ലാതെ സ്വാമി വിളിപ്പിക്കില്ല.. “ഞാൻ ചെന്നു കണ്ടോളാം യമുനമ്മേ” “എന്നാ മോള് ചെന്നു കുളിച്ചിട്ടു വാ… പിന്നെ കുളത്തിലേക്ക് ഇനി ഈ ത്രിസന്ധ്യക്ക് പോവണ്ട.. ” “മ്മ് ” കുളിച്ചിറങ്ങി.. രാസ്നാദി പൊടി തലയിൽ തിരുകി.. നേരെ പൂജാ മുറിയിൽ ചെന്നു പ്രാര്ഥിച്ചു… ഭസ്മം തൊട്ടു നേരെ സ്വാമീടെ അരികിലേക്കു ചെന്നു.. “ആ.. മോള് ഇരിക്ക്.. ” ഞാൻ സ്വാമീടെ അരികിൽ ഇരുന്നു… അച്ഛൻ പോയതിനു ശേഷം സ്വാമി എനിക്ക് ആ സ്ഥാനത്തു ആയിരുന്നു.. എനിക്ക് വേണ്ടതെല്ലാം കണ്ടറിഞ്ഞു ചെയ്തു തരുമായിരുന്നു.. ഈ ആശ്രമത്തിൽ ഏറ്റവും ഇളയത് ആയതിനാൽ ആവണം എന്നോട് സ്വാമിക്ക് ഒരു പ്രതേക വാത്സല്യം ആണു… “ഇന്ന് ഒക്കെ തെറ്റി അല്ലേ കുട്ടിയേ.. ” ഞാൻ മനസിലാകാതെ സ്വാമീടെ മുഖത്തേക്ക് നോക്കി.. “അല്ലെങ്കിൽ കോളേജ് വിട്ടു വന്നാൽ തോട്ടത്തിലും കുളത്തിലും ഒക്കെ ആയി ഓടി നടക്കണ ആളാണല്ലോ… പൂജാ മുറിയിൽ വിളക്ക് വെക്കാനും ഇന്ന് മോളേ കണ്ടില്ലലോ.. ”

“അത്‌.. വയ്യാരുന്നു.. അതാ സ്വാമി… ” “ആ സാരില്ല്യ.. പോട്ടെ.. ” “മ്മ്.. ” “ഞാൻ ഇന്ന് കോളേജിൽ വന്നിരുന്നു.. വൈകീട്ട്… ” ഞാൻ പെട്ടന്ന് ഞെട്ടി.. സ്വാമീടെ മുഖത്തേക്ക് നോക്കി… “അത്‌.. സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടായിരുന്നു… അതാ വരാനും വൈകിയേ.. ” “മ്മ്.. മോള് അത്താഴം കഴിച്ചോ.. ” “ഇല്ല കഴിക്കണം.. ” “എന്നാൽ ചെല്ല്… പിന്നെ ഏത് കാര്യത്തിൽ ആയാലും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട… ” ഞാൻ അവിടെ നിന്ന് എണീറ്റു അകത്തേക്ക് നടന്നു.. എന്തോ ഒരു കുറ്റബോധം പോലെ… സ്വാമി എന്തൊക്കെയോ അറിഞ്ഞ പോലെ.. കോളേജിൽ വന്നിരുന്നു എന്നല്ലേ പറഞ്ഞത്.. ഇനി ഞങ്ങള് സംസാരിക്കുന്നതു മറ്റോ കണ്ട് കാണുവോ… അച്ഛനെയും അമ്മയെയും പോലെ സ്നേഹിക്കുന്ന സ്വാമിയെയും യമുനമ്മയെയും ഞാൻ ചതിക്കുക ആണോ ന്റെ കണ്ണാ.. “മോളേ.. അത്താഴം എടുത്തു വച്ചിട്ടുണ്ട്.. വാ വന്നു കഴിക്ക്.. ” “വേണ്ട യമുനമ്മേ.. വിശപ്പില്ല.. ഞാൻ ഒന്ന് കിടക്കട്ടെ.. ” മുറിയിൽ ചെന്നു കിടന്നു.. മനസിന്‌ വല്ലാത്ത തളർച്ച പോലെ.. ഒരു ഭാഗത്തു യമുനമ്മയും സ്വാമിയും മറുഭാഗത്ത് കുഞ്ഞേട്ടൻ… കുഞ്ഞേട്ടനെക്കാളും എനിക്ക് വലുത് ഇവിടുള്ളോര് തന്നാണ്.. എന്നാലും… ഓരോന്ന് ചിന്തിച്ചു ഉറങ്ങി… പിറ്റേന്ന് കോളേജിൽ നേരത്തെ എത്തി..

കുഞ്ഞേട്ടനെ കണ്ട് ചിലത് സംസാരിക്കാൻ ആയിരുന്നു.. പക്ഷെ ആളെ കണ്ടില്ല… “ടി… ” തിരിഞ്ഞു നോക്കിയപ്പോൾ ശിവാനി… “ന്താ.. ” മനസ്സിൽ അവളെ പേടി ഉണ്ടെങ്കിലും ധൈര്യം സംഭരിച്ചു ഞാൻ ചോദിച്ചു… “അവസാനം എന്റെ ഏട്ടനെ മയക്കി എടുത്തു.. അല്ലേടി… നോക്കിക്കോ.. ഇത് അതികം കാലം പോകില്ല.. ” ഇതും പറഞ്ഞു അവള് പോയി.. ക്ലാസ്സ്‌ തുടങ്ങും വരെ കുഞ്ഞേട്ടന്റെ ക്ലാസ്സ്‌ മുറിക്കു പുറത്ത് കാത്തു നിന്നിട്ടും എനിക്ക് ആളെ കാണാൻ പറ്റിയില്ല.. എനിക്കും ഒരു ക്ലാസ്സിലും ശ്രദ്ധിക്കാൻ പറ്റിയില്ല… നേഹയും ഇന്ന് ലീവ് ആണ്.. വല്ലാത്തൊരു ഒറ്റപ്പെടൽ അനുഭവപെട്ടു.. ലഞ്ച് ബ്രേക്കിന്റെ സമയത്തു വരാന്തയിലേക്കുള്ള ജനൽ കമ്പിയിൽ പിടിച്ചു ഇങ്ങനെ ഓരോന്ന് ആലോചിച്ചു നിൽക്കുവാരുന്നു ഞാൻ .. “ട്ടോ.. ” പെട്ടന്ന് പേടിച്ചു ഞാൻ പിന്നോട്ട് പോയി…

നോക്കിയപ്പോ കുഞ്ഞേട്ടൻ.. “ന്താ ന്റെ മീര കുട്ടി പേടിച്ചു പോയോ.. ” “ഹ്മ്മ്.. ” ഞാൻ ദേഷ്യം കാണിച്ചു തിരിഞ്ഞു നിന്നു.. കുഞ്ഞേട്ടൻ ജനലിലൂടെ എന്റെ കൈയ്യിൽ നുള്ളി.. ഞാൻ കൈ തട്ടി മാറ്റി… “ഹ പിണങ്ങല്ലേ ഡോ.. ” എന്നെ പിടിച്ചു തിരിച്ചു നിർത്തി.. “ഇത്ര ദേഷ്യം വരാൻ ഇപ്പൊ ഇവിടെ ന്താ ണ്ടായേ.. ” എന്നിട്ടും ഞാൻ മുഖത്തേക്ക് നോക്കിയില്ല.. കുഞ്ഞേട്ടനോട് ദേഷ്യം കളിക്കാൻ നല്ല രസം ണ്ട്.. “ഒന്ന് നോക്ക് പെണ്ണേ.. ” എന്റെ താടിക്ക് പിടിച്ചു മുഖം ഉയർത്തി… “പറ.. കേൾക്കട്ടെ.. രാവിലെ താൻ എന്നെ അന്വേഷിച്ചു ന്ന് ഫ്രണ്ട്‌സ് പറഞ്ഞു.. ന്താ കാര്യം.. ” “കുഞ്ഞേട്ടാ.. അത്‌.. ” ഇന്നലെ സ്വാമി പറഞ്ഞതൊക്കെ ഞാൻ ഏട്ടനോട് പറഞ്ഞു.. “സ്വാമിയും യമുനമ്മയും വേണം എന്നെ ഏട്ടന്റെ കൈയ്യിൽ ഏൽപ്പിക്കാൻ. അല്ലാതെ അവരെ വേദനിപ്പിച്ചു കൊണ്ട് ഒരിക്കലും ഞാൻ കുഞ്ഞേട്ടന്റെ കൂടെ ഇറങ്ങി വരില്ല.. അത്‌ ആദ്യമേ പറഞ്ഞില്ലെങ്കിൽ.. ” എന്തോ പെട്ടന്ന് എന്റെ കണ്ണ് നിറഞ്ഞു പോയി.. “കൂടെ ഇറങ്ങി വരാൻ ഞാൻ പറഞ്ഞോ ഇല്ലാലോ.. നമ്മള് പ്രണയിച്ചു തുടങ്ങുന്നതല്ലേ ഉള്ളു.. എനിക്കും വീട്ടുകാരുടെ സമ്മതത്തോടെ ഒന്നവനാ ഇഷ്ട്ടം… ഒരിക്കലും ഒരു ഒളിച്ചോട്ടത്തിനു ഞാൻ തന്നെ നിര്ബന്ധിക്കില്ല…” അത്‌ കേട്ടപ്പോൾ എനിക്കും ആശ്വാസം ആയി…

“ഏട്ടാ.. ശിവാനി..” “മ്മ് അവളെ നിനക്ക് പേടി ഉണ്ടല്ലോ.. അത്‌ നി കാര്യം ആക്കണ്ട.. അവളോട്‌ ഞാൻ പറഞ്ഞോളാം.. വീട്ടിൽ അമ്മ ഒഴികെ ബാക്കി എല്ലാവർക്കും അവളുടെ അതേ സ്വഭാവം ആണ്. അത്‌ കൊണ്ട് അത്ര പെട്ടന്നൊന്നും നമ്മുടെ ബന്ധത്തിന് അവർ പച്ച കോടി കാണിക്കില്ല.. ആ അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ.. ” “മ്മ്.. ” “ഹാ. ഒന്ന് ചിരിക്കെടോ..” ഞാൻ കുഞ്ഞേട്ടനെ നോക്കി ഒന്ന് ചിരിച്ചു.. ഈ സ്നേഹം എന്നും ഉണ്ടായാൽ മതിയാരുന്നു… ഈ പൊട്ടി പെണ്ണിന് ആശ തന്നിട്ട് അവസാനം ചാതിക്കല്ലേ ന്റെ കണ്ണാ.. ദിവസങ്ങൾ ശരവേഗത്തിൽ പോയിക്കൊണ്ടിരുന്നു.. കോളേജിൽ മീരയുടെയും മാധവിന്റെയും പ്രണയം പൂത്തുലഞ്ഞു.. കോളേജ് വരാന്തയും തൂണും മരവും പൂവും എന്ന് വേണ്ട ചെറിയ പുൽനാമ്പ് പോലും ഞങ്ങളുടെ പ്രണയത്തിന്റെ മൂക സാക്ഷികളായി.. ഏറെ സമയവും ഞങ്ങള് ഇലഞ്ഞി ചോട്ടിൽ ആയിരുന്നു.. കുഞ്ഞേട്ടനെ പോലെ ഞാനും ആ ഇലഞ്ഞി മരത്തെ പ്രണയിക്കാൻ തുടങ്ങിയിരുന്നു..

പക്ഷെ ഒരു കൊല്ലത്തെ ആയുസ്സ് മാത്രമേ കോളേജിലെ നമ്മുടെ പ്രണയത്തിനു ഉണ്ടായിരുന്നുള്ളു.. പി ജി കഴിഞ്ഞു കുഞ്ഞേട്ടൻ പോയതോടേ ഞാൻ അവിടെ തനിച്ചായി.. എങ്കിലും കോളേജിന് പുറത്തു വച്ചും ഫോണിലൂടെയും പ്രണയിക്കാൻ ഞങ്ങള് മറന്നില്ല.. ഞാൻ പി ജി കഴിഞ്ഞു ബി ഇ എഡ് ലാസ്റ്റ് ഇയർ എത്തി.. കുഞ്ഞേട്ടൻ അടുത്തൊരു കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി ചെയ്യുന്നു.. ഇനിയും കല്യാണം വച്ചു താമസിപ്പിക്കേണ്ടെന്ന് ഞങ്ങള് രണ്ടാളും തീരുമാനിച്ചു.. അങ്ങനെ ആണ് കുഞ്ഞേട്ടൻ ഒരു ദിവസം ആശ്രമത്തിൽ എത്തിയത്… “ആ ഞാൻ നോക്കിയിരിക്കുവാരുന്നു.. കയറി ഇരിക്ക് ഏട്ടാ.. ” “മ്മ്.. സ്വാമി ഇല്ലേ.. ” “ഉണ്ട്.. ഞാൻ വിളിക്കാം..” ഞാൻ സ്വാമിയേ കുഞ്ഞേട്ടന് പരിചയപ്പെടുത്തി കൊടുത്തു… അവര് സംസാരിക്കുന്നതിനിടയിൽ ഞാൻ ചായ കൊണ്ട് കൊടുത്തു…

“മോന്.. മീരേടെ കാര്യങ്ങൾ ഒക്കെ.. ” “ഒക്കെ അറിയാം സ്വാമി.. അറിഞ്ഞിട്ടു തന്നെയാണ് ഞാൻ.. ” “മ്മ്.. മീര മോളേ മോന് തരുന്നതിൽ ഞങ്ങള് സന്തോഷം മാത്രമേ ഉള്ളു.. അവളുടെ ഇഷ്ടം തന്നാണ് ഞങ്ങളുടേതും” സ്വാമീടെ വാക്ക് കേട്ടു എനിക്കും കുഞ്ഞേട്ടനും ഒരുപ്പാട് സന്തോഷം ആയി.. “മോന്റെ വീട്ടിൽ നിന്ന് എപ്പഴാ ഇങ്ങോട്ട്.. അല്ല മുതിർന്നവർ സംസാരിച്ചു ഉറപ്പിക്കുന്നതല്ലേ അതിന്റെ രീതി.. ” “അതേ.. ഞാൻ വീട്ടിൽ ഇതുവരെ ഇതേ പറ്റി സംസാരിച്ചിട്ടില്ല… സ്വാമീടെ തീരുമാനം അറിഞ്ഞിട്ടു പറയാം എന്ന് കരുതി അതാ ഞാൻ ഇന്ന് തനിയെ വന്നത്… ” “എന്നാൽ മോന്റെ വീട്ടിലും സംസാരിച്ചിട്ടു തീരുമാനിക്കു.. ” “ഉവ്വ്.. ഞാൻ അടുത്ത് തന്നെ അച്ഛനെയും അമ്മയെയും കൂട്ടി വരാം. ” “എന്നാൽ അങ്ങനെ ആവട്ടെ.. ” കുഞ്ഞേട്ടൻ പോകാൻ ഇറങ്ങി… കാർ വരെ ഞാനും ഒപ്പം ചെന്നു… “ഞാൻ വിളിക്കാം.. ” “മ്മ് ശെരി.. ” കുഞ്ഞേട്ടൻ യാത്ര പറഞ്ഞു പോയി.. ആശ്രമത്തിൽ ഞങ്ങടെ ബന്ധം സമ്മതിച്ചതോടെ എനിക്ക് പാതി സമാധാനം ആയിരുന്നു…

വീണ്ടും ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നു പോയി… അമ്മയെയും അച്ഛനെയും കൂട്ടി പെട്ടന്ന് വരാം എന്ന് പറഞ്ഞു കുഞ്ഞേട്ടൻ പോയിട്ട് രണ്ടു വർഷം കഴിഞ്ഞു.. എനിക്ക് പഠിച്ച അതേ കോളേജിൽ തന്നെ ജോലി കിട്ടി… ഇത് വരെ കുഞ്ഞേട്ടന്റെ വീട്ടുകാരിൽ നിന്നു പോസിറ്റീവ് ആയൊരു റെസ്പോൺസ് കിട്ടാത്തത് കൊണ്ട് അന്നാദ്യമായി ഞാൻ പൊട്ടിത്തെറിച്ചു.. “മീരാ.. ഡോണ്ട് ഷൗട്ട്.. ഇതൊരു പബ്ലിക് പ്ലേസ് ആണ്.. ” “പിന്നെ.. എത്ര കാലം ആയി ഇന്ന് ശരിയാവും നാളെ ശെരിയാവും എന്ന് പറഞ്ഞു നടക്കുന്നു.. ഏട്ടന്റെ വീട്ടുകാർ എന്താ ഇത് വരെ ആയിട്ടും സമ്മതിക്കാത്തത്… എനിക്ക് വയസ്സ് ഇരുപത്തഞ്ചായി… ” “നിനക്ക് മാത്രം അല്ല. എനിക്കും വയസ്സ് കൂടുന്നുണ്ട്… ആദ്യമേ ഞാൻ പറഞ്ഞിരുന്നല്ലോ.. എന്റെ വീട്ടിൽ അത്രപെട്ടെന്നൊന്നും സമ്മതിക്കില്ല എന്ന്.. ” “വീട്ടുകാര് സമ്മതിക്കാത്തതോ അതോ മറ്റേത്തലവളെങ്കിലും ആയി.. ” കരണം പൊട്ടുന്ന ഒരടി ആയിരുന്നു എനിക്ക് അതിനുള്ള മറുപടി ആയി കുഞ്ഞേട്ൻ തന്നത്… ഒന്നും പറയാത്തെ ഞാൻ അവിടുന്ന് പോയി… പിറ്റേന്ന് സ്റ്റാഫ്‌ റൂമിൽ ബുക്കും നോക്കി വെറുതെ ഇരിക്കുകയായിരുന്നു… അപ്പോഴാണ് ഫോൺ റിങ് ചെയ്തത്.. ‘ശിവാനി കാളിങ്… ‘ തുടരും.