രചന – സന്തോഷ് അപ്പുക്കുട്ടൻ
”ഇത് ഹരിയേട്ടൻ്റത് തന്നെയാണ്…. കാരണം നിങ്ങളല്ലാതെ മറ്റൊരാൾ എൻ്റെ ശരീരത്തിൽ സ്പർശിച്ചിട്ടില്ലായെന്ന് ഹരിയേട്ടന് വ്യക്തമായി അറിയാവുന്നതല്ലേ?”
വീഡിയോ കോളിലൂടെ വന്ന
ലിസയുടെ വാചകം ഹരിഗോവിന്ദിൻ്റെ കർണപുടത്തിലേക്ക് തീ കാറ്റായി ഒഴുകിയിറങ്ങി.
“നീ സത്യമാണോ പറയുനത്?
ആ ചോദ്യമുന്നയിക്കുമ്പോൾ അവൻ്റെ ശബ്ദം പതറിയിരുന്നു.
“ഇതിനൊക്കെ ഒരു പെണ്ണ് കള്ളം പറയോ ഹരിയേട്ടാ…’
ആ ചോദ്യത്തോടൊപ്പം, നേർത്ത മന്ദഹാസത്തോടെ അവൾ വയറിൽ തടവുന്നത് അവൻ വ്യക്തമായി കണ്ടു.
“ഒന്നുകൂടി ചെക്ക് ചെയ്താലോ…. ഞാൻ ഇപ്പോൾ വരാം അങ്ങോട്ടേക്ക്…. ”
ഹരിഗോവിന്ദിൻ്റെ വാക്കു കേട്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരിയൂറി .
“ചെക്ക് ചെയ്യാനൊന്നുമില്ല ഹരിയേട്ടാ….. ആദ്യമേ എനിക്ക് സംശയമുണ്ടായിരുന്നു… അത് കൺഫേം ചെയ്യാൻ വേണ്ടി പിന്നെ പിരീയഡ് വരെ കാത്തിരുന്നു… ഊഹം തെറ്റിയില്ല…. അതും കൂടാതെ പ്രഗ്നൻസി ടെസ്റ്റിൽ പോസിറ്റീവ് കാണിച്ചു. ”
വീഡിയോ കോളിലൂടെ സംസാരിക്കുന്ന അവളുടെ മുഖം അവൻ ശ്രദ്ധിച്ചു.
ആദ്യമായി അമ്മയാകുന്നതിൻ്റെ സന്തോഷം ആ മുഖത്ത് തെളിഞ്ഞു കിടക്കുന്നുണ്ട് …
പൊതുവെ സുന്ദരിയായ അവളുടെ സൗന്ദര്യം ഒന്നുകൂടി വർദ്ധിച്ചതു പോലെ…..
അതെല്ലാം കാണുമ്പോൾ ഹരിഗോവിന്ദിന് തല കറങ്ങുന്നതു പോലെ തോന്നി.
“അതൊക്കെ വെറുതെയാകും ലിസാ… നമ്മൾക്ക് എന്തായാലും ഒരു ഡോക്ടറെ കണ്ട് കൺഫേം ചെയ്യാം ”
തൻ്റെ വാക്കുകൾ കേട്ടപ്പോൾ അവളുടെ മുഖം വാടുന്നത് അവൻ തിരിച്ചറിഞ്ഞു.
“നീ ഒരുങ്ങിയിരിക്ക്….. ഞാൻ അര മണികൂറിനുള്ളിൽ വണ്ടിയുമായി വരാം…. ”
“നമ്മളെ ഒന്നിച്ചു ആരെങ്കിലും ഹോസ്പിറ്റലിൽ കണ്ടാൽ … ഹരിയേട്ടൻ്റെ പൊസിഷൻ നോക്കേണ്ടേ?”
ലിസയുടെ പതിഞ്ഞ സ്വരം കേട്ടപ്പോൾ അതും ശരിയാണെന്ന് അവനു തോന്നി….
ഒരു ലീഡിങ്ങ് കമ്പനിയിലെ മാനേജറായ തന്നെ ഇവിടെ ഒരു വിധം അറിയുന്നതാണ് …..
അവരുടെയൊക്കെ മനസ്സിൽ നിഷ്കളങ്കനായ ഒരുവൻ്റെ മുഖമാണ് തനിക്ക്….
അതൊക്കെ ഒരൊറ്റ നിമിഷം കൊണ്ട് തകിടം മറിയുകയാണെന്നു തോന്നിയപ്പോൾ അവൻ പതിയെ നെറ്റിയിലൂടെ കൈ ഓടിച്ചു.
” ഒരു കാര്യം ചെയ്യാം ലിസാ…. നമ്മൾക്ക് ഇവിടെ അടുത്തുളള ഹോസ്പിറ്റലിൽ പോകണ്ട’.. ഷാർജയിലേക്ക് പോകാം… അവിടെ ഒരു ഹോസ്പിറ്റലിലെ ലാബിൽ എൻ്റെ ഏറ്റവും അടുത്ത സുഹൃത്തുണ്ട്.. ”
അവൻ്റെ പതറിയ സംസാരം കേട്ടതും അവളുടെ ചുണ്ടിൽ ഒരു പരിഹാസചിരി മൊട്ടിട്ടു.
” ഈ കാര്യം പറയാൻ പറ്റിയത് ഏറ്റവും അടുത്ത സുഹൃത്തിനോട് തന്നെയാണ് … ”
” അതോർത്ത് നീ വിഷമിക്കണ്ട
നീയെൻ്റെ ഫ്രണ്ടാണെന്നും,
നിനക്കൊരു അബദ്ധം പറ്റിയെന്നും മാത്രമേ ഞാൻ പറയുകയുള്ളൂ….. ഞാനാണ് അതിൻ്റെ ഉത്തരവാദി എന്നൊന്നും പറയുകയില്ല”
അവൻ്റെ വാക്കു കേട്ടതും ഒരു വിഷാദചിരി അവളുടെ ചുണ്ടിൽ പതിയെ വിരിഞ്ഞു.
“ഇവിടുത്തെ ഹോസ്പിറ്റലിലെ നിയമമൊന്നും എനിക്കറിയില്ല ഹരിയേട്ടാ… ചെക്ക് ചെയ്യുന്നതിനു മുൻപ് ഭർത്താവോ, ഭർത്താവിൻ്റെ രേഖകളോ വേണമെന്നൊക്കെ പറഞ്ഞാൽ ? ”
ആ ചോദ്യവും ശരിയാണെന്ന് അവനു തോന്നി…..
തലയ്ക്കുള്ളിൽ അസ്വസ്ഥതയുടെ കടന്നൽ കൂടിളകുന്നത് അവനറിഞ്ഞു.
” അഥവാ നമ്മൾ ചെക്ക് ചെയ്ത് പോസിറ്റീവ് ആണെന്ന് അറിഞ്ഞാൽ പിന്നെ ഹരിയേട്ടൻ്റെ പ്ലാൻ എന്താണ്?”
ലിസയുടെ ചോദ്യം കേട്ടതും അവൻ വിറങ്ങലിച്ചു….
സെൻട്രൽ എ.സിയുടെ തണുപ്പിന് പോലും തണുപ്പിക്കാനാകാത്ത വിധം അവൻ്റെ ചിന്തകളുടെ ഊഷ്മാവ് വർദ്ധിച്ചു.
പൊടുന്നനെ ടേബിളിൾ കിടന്നിരുന്ന മറ്റൊരു മൊബൈൽ ചിലച്ചപ്പോൾ അത് എടുത്ത് അവൻ ഡിസ്പ്ലേയിലേക്ക് നോക്കിയതും അവനു തല കറങ്ങുന്നതു പോലെ തോന്നി….
മാളവിക……
കുട്ടികാലം തൊട്ടേ കൂടെ കൂടിയവൾ…..
അമ്മാവൻ്റെ മകളാണെങ്കിലും അമ്മാവൻ്റെ ദുഷ്ടസ്വഭാവമില്ലാത്ത പെൺകുട്ടി.
അതുകൊണ്ട് തന്നെയാണ് ഇല്ലം നശിച്ചു വെണ്ണീറായപ്പോഴും, കൂടെ നിന്ന് ധൈര്യം പകർന്നത്…
എല്ലാം നഷ്ടപ്പെട്ടാലും, ഞാൻ ഒരിക്കലും ഹരിയേട്ടന് നഷ്ടപ്പെടില്ലായെന്ന് പറഞ്ഞ് തൻ്റെ പ്രതീക്ഷകളെ വളർത്തിയവൾ….
“എല്ലാം നഷ്ടപ്പെട്ടാലും നീയെൻ്റെ ഒപ്പമുണ്ടെങ്കിൽ എല്ലാം തിരിച്ചുപിടിക്കും ഈ ഹരി” എന്ന് പലവട്ടം ആ കാതിൽ മന്ത്രിച്ചിട്ടുണ്ട്…..
ആ വാശിയിലാണ് ഇവിടം വരെ എത്തിയതും…
ആലോചനകൾ ഒരുപാട് വന്നപ്പോൾ തുടങ്ങിയ വിളിയാണ്…… കഴുത്തിൽ ഒരു മഞ്ഞചരട് കെട്ടിയിട്ട് തിരിച്ചു പൊയ്ക്കോളാൻ എന്നു പറഞ്ഞിട്ട്…..
അതു മാത്രമല്ല…. ഒപ്പം ജോലി ചെയ്യുന്ന
ഡോക്ടർ അലോഷി പ്രണയപൂർവം പിന്നാലെ നടക്കുന്നുണ്ടെന്നും… ഹരിയേട്ടൻ വരുന്നിമെങ്കിൽ ഞാൻ ഡോക്ടർ അലോഷിയോടൊപ്പം പോകുമെന്നും, തമാശയായി അവൾ ഇടയ്ക്കിടെ പറയാറുമുണ്ട്.!
“എന്താ ഹരിയേട്ടാ ഒന്നും മിണ്ടാത്തത്?”
ലിസയുടെ ചോദ്യം കേട്ടതും അവൻ ദയനീയതയോടെ അവളെ നോക്കി.
“മാളു വിളിക്കുന്നുണ്ട്….. എന്നാ ചെല്ലുന്നത് എന്ന് ചോദിക്കാനാ ആ_വിളി… അവളോട് പറയാൻ എനിക്ക് ഒരു ഉത്തരവുമില്ലല്ലോ ലിസാ ”
ഹരിഗോവിന്ദിൻ്റെ സ്വരം നനഞ്ഞു തുടങ്ങിയപ്പോൾ അവൾ കുറച്ചു സമയം ചിന്തിച്ചു നിന്നു.
” പോകാൻ തീരുമാനിച്ച ഡേറ്റിൽ തന്നെ ഹരിയേട്ടൻ പോകണം…. അവളെ തന്നെ കല്യാണം കഴിക്കണം”
” അപ്പോൾ നീയോ?….”
തൻ്റെ ചോദ്യത്തിന് ഉത്തരമായി അവൾ പതിയെ ചിരിക്കുന്നത് അവൻ കണ്ടു.
” ഞാൻ പറഞ്ഞിട്ടില്ലേ? എനിക്കൊരു ആലോചന വന്ന കാര്യം… എന്നോടും വീട്ടുകാർ ചെല്ലാൻ പറഞ്ഞിട്ടുണ്ട്….. നമുക്ക് ഒരുമിച്ച് ഒരു ഫ്ലൈറ്റിൽ പോയാലോ?”
അവളുടെ സംസാരം കേട്ടതും അവനൊന്നും മനസ്സിലായില്ല…..
” ഉള്ളിൽ ഒരുത്തൻ്റെ ഗർഭവും പേറി മറ്റൊരുത്തനു മുന്നിൽ ചെന്നു നിൽക്കണ്ടേ നീ… എനിക്കറിയാം ലിസാ… ഏതെങ്കിലും ഒരു ഒറ്റമൂലി കൊണ്ട് നശിപ്പിക്കാവുന്ന പ്രശ്നം ഉള്ളു ഇത്… പക്ഷെ നിനക്കത് ഇഷ്ടമല്ല…. ”
“ഹരിയേട്ടൻ പറഞ്ഞത് സത്യമാണ്…. എൻ്റെ വയറ്റിൽ എൻ്റെ കുഞ്ഞ് പിറവിയെടുത്തിട്ടുണ്ടെങ്കിൽ ഞാനവനെ പ്രസവിക്കും… അതിനെ നന്നായി വളർത്തുകയും ചെയ്യും’… അതോർത്ത് ഹരിയേട്ടൻ വിഷമിക്കണ്ട…. തല പോയാലും ഞാൻ ഒരിടത്തും ഹരിയേട്ടൻ്റെ പേര് പറയില്ല…. ”
അവളുടെ സംസാരം കേട്ടതും എന്തു പറയണമെന്നറിയാതെ ഹരി നിന്നു.
” ഞാൻ നാട്ടിലേക്ക് പോകുന്നത്, എന്നെ കാണാൻ വരുന്നവൻ്റെ മുന്നിൽ കെട്ടിയൊരുങ്ങി നിൽക്കാനല്ല…. എൻ്റെ അനിയത്തിയുടെ വിവാഹം കഴിഞ്ഞിട്ട് മതി എൻ്റേത് മതിയെന്ന് പറയാനാ”…..”
ഹരി ഒന്നും പറയാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.
“എനിക്ക് ഡ്യൂട്ടി തുടങ്ങാൻ സമയമായി….. ഹരിയേട്ടൻ ഇനി അതൊന്നും ഓർത്ത് വിഷമിക്കണ്ട… അതൊക്കെ ഓർത്ത് വിഷമിക്കാൻ ഇവിടെ ഞാനുണ്ട് ”
സങ്കടം മറച്ചുവെച്ച ഒരു പുഞ്ചിരിയോടെ ലിസ അങ്ങിനെ പറഞ്ഞ്, കൈ വീശി കാണിച്ച് വീഡിയോ കോളിൽ അവനെയും നോക്കിയിരുന്നു.
” കോൾ
കട്ടാക്കുന്നില്ലേ ലിസാ ?…
അവൻ ചോദിച്ചതും അവൾ പതിയെ നിഷേധാർത്ഥത്തിൽ തലയിളക്കി .
” ഞാൻ കട്ടാക്കുന്നില്ല’.. ഹരിയേട്ടൻ കട്ടാക്കിയാൽ മതി…. അതു വരെ എനിക്ക് കാണാലോ?”
ലിസയുടെ നനഞ്ഞ ശബ്ദത്തിലുള്ള ചോദ്യം കേട്ടതും, അവൻ നിറം മങ്ങിയ ഒരു പുഞ്ചിരി അവൾക്കു കൊടുത്തിട്ട് വീഡിയോ കോൾ ഓഫാക്കി കസേരയിലേക്ക് ചാഞ്ഞിരുന്നു……
“സാർ ചായ ”
ആരോ വിളിച്ചു പറയുന്നതും കേട്ട് അവൻ പതിയെ കണ്ണു തുറന്നപ്പോൾ മുന്നിൽ ആവി പറക്കുന്ന ചായ…
ചായയിലേക്ക് ഒന്നു നോക്കി അവൻ വീണ്ടും കസേരയിലേക്കമർന്ന് ഓർമ്മയിലേക്ക് ഊളയിട്ടു.
സീറോ വാൾട്ട് ബൾബിൻ്റെ നിറം മങ്ങിയ വെളിച്ചത്തിൽ, പതിയെയുയരുന്ന
വെസ്റ്റേൺ മ്യൂസിക്കിൻ്റെ താളത്തിൽ, സെറ്റുസാരിയണിഞ്ഞ്, മുല്ലപ്പൂ ചൂടി, ചുണ്ടിൽ നിറം പടർത്തിയ പുഞ്ചിരിയുമായി നടന്നു നീങ്ങുന്ന മലയാളി മങ്കമാർ …..
ഗ്ലാസിലേക്ക് മദ്യം ഒഴിച്ചു കൊടുക്കുന്ന അവരുടെ ശാരീരിക അളവുകളിൽ കണ്ണും നട്ടിരുന്നു, ബിയറിൻ്റെ പത പോലെ ചുണ്ടിലൂടെ നീർ ഒലിപ്പിക്കുന്നവർ….
പതിയെ നടക്കുമ്പോൾ
ഇളകിയാടുന്ന അവരുടെ നിതംബങളിൽ, അറിയാതെയെന്നവണ്ണം തൊട്ടുരുമ്മി ആശ തീർക്കുന്നവർ…..
“വിഷമം തോന്നുന്നു ദീപേഷ് ഇവരെ കാണുമ്പോൾ ”
വിഷാദം നിറഞ്ഞ മുഖത്തോടെ തങ്ങളുടെ ഗ്ലാസിലേക്ക് മദ്യം നിറച്ചു പോയ ലിസയെ നോക്കി കൊണ്ട് ഹരിഗോവിന്ദ് പറഞ്ഞപ്പോൾ ദീപേഷ് പുച്ഛത്തോടെ അവനെ നോക്കി.
” അത് ആദ്യമായി കാണുന്നത് കൊണ്ടു തോന്നുന്നതാണ്…. കുറച്ചു ദിവസം കഴിഞ്ഞാൽ ഇതൊരു ലഹരിയായി തോന്നും നിനക്ക് ”
“അതല്ലടാ സ്വന്തം കുടുംബം പോറ്റാൻ വേണ്ടി ഈ ദുബായിയിൽ, മറ്റുള്ളവരുടെ ഗ്ലാസിലേക്ക് സന്തോഷത്തോടെ മദ്യം നിറയ്ക്കുന്നവർ…. അവരുടെ ചിരിക്കപ്പുറത്ത് ഒളിപ്പിച്ചു വെച്ചിരിക്കുന്നത് അവരുടെ ദു:ഖങ്ങളല്ലേ?”
ഹരിഗോവിന്ദിൻ്റെ ചോദ്യം കേട്ടതും ദീപേഷ് ഒരു ചിരിയോടെ ഗ്ലാസിൽ നുരയുന്ന ബിയറിലേക്ക് നോക്കി.
“ലോകത്തിൻ്റെ ഏതെല്ലാം ദിക്കിൽ നിന്നും സ്വന്തം കുടുംബം പോറ്റാൻ വേണ്ടി ഇവിടെ വന്ന് ശരീരം വിൽക്കുന്നവരുടെ അത്രയും വിഷമം വരില്ലല്ലോ, ഏതായാലും
ഗ്ലാസിൽ ബിയറൊഴിച്ചു കൊടുക്കുന്ന ഇവർക്ക്? ”
പാതിയിൽ നിർത്തി ദീപേഷ് വിഷമിച്ചിരിക്കുന്ന ഹരിഗോവിന്ദിൻ്റെ കൈയിൽ പതിയെ തൊട്ടു.
” അതിനെ പറ്റി വിഷമിച്ചിട്ട് ഒരു കാര്യവും ഇല്ല ഹരീ. കാരണം ചിലരുടെയൊക്കെ വേദനയാണ് മറ്റു ചിലരുടെ സന്തോഷം….. ഇതും അത്രയുള്ളൂ”
ദീപേഷ് പറഞ്ഞു നിർത്തുമ്പോഴും, ഹരിഗോവിന്ദിൻ്റെ നോട്ടം ബിയറുമായി വരുന്ന ലിസയിലായിരുന്നു.
അവൻ തൻ്റെ ഗ്ലാസിലേക്ക് ബിയർ പകരുന്ന ലിസയെ നോക്കി പതിയെ ചിരിച്ചു.
അവളിൽ നിന്നും തിരിച്ചു കിട്ടിയ വിഷാദം നിറഞ്ഞ പുഞ്ചിരിയ്ക്ക് സൂര്യകാന്തി പൂവിൻ്റെ ശോഭയുള്ളതുപോലെ അവനു തോന്നി.
ബിയർഗ്ലാസിൽ നുരയുന്ന പത പോലെ മനസ്സിനുള്ളിൽ എവിടെയൊക്കെയോ, എന്തെക്കൊയോ നുരയുന്നത് അവനറിഞ്ഞു.
പിന്നെയുള്ള ദിവസങ്ങളിൽ ദീപേഷ് അറിയാതെയായിരുന്നു അവൻ്റെ വരവ്’….
നുരയുന്ന മദ്യത്തെക്കാൾ അവനെ ലഹരി
പിടിപ്പിച്ചിരുന്നത് അവളുടെ നിഷ്കളങ്കത നിറഞ്ഞ
പുഞ്ചിരിയായിരുന്നു…..
മഞ്ഞുകണം പറ്റി പിടിച്ചു നിൽക്കുന്ന റോസാപൂവിൻ്റെ ഇതളുകൾ വിടരുന്നത് പോലെ അവളുടെ ചുണ്ടുകൾ വിടരുന്നത് കാണാൻ നല്ല ചേലായിരുന്നു.
നിരയൊത്ത ദന്തനിരകൾ മുല്ലമൊട്ടുകളായി തെളിയുമ്പോൾ, വിരിയുന്ന നുണകുഴികൾ…
അവളെങ്ങിനെയോ തൻ്റെ മനസ്സിൽ സ്ഥാനം പിടിച്ചു വെന്ന് അവൻ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്……
തമ്മിൽ തമ്മിലുള്ള ആരും കാണാതെ കൈമാറിയ പുഞ്ചിരിയ്ക്ക് ഒടുവിൽ തൻ്റെ കമ്പനിയുടെ കാർഡ് അവൾക്കു നേരെ നീട്ടിയപ്പോൾ, അവൾ ചുറ്റുപാടൊന്നു നോക്കി അത് വാങ്ങുമ്പോൾ അവിടം പുതിയൊരു ബന്ധം ഇത്രയും പെട്ടെന്ന് ഉടലെടുക്കുമെന്ന് അറിഞ്ഞിരുന്നില്ല……
ഫോൺ വിളിയിൽ നിന്ന് ഒഴിവുദിവസങ്ങളിൽ ഫ്ളാറ്റിലേക്കെത്തുന്നത് വരെ നീണ്ടു ആ ബന്ധം.
കുടിയേറ്റമേഖലയിലെ ഒരു പാവപ്പെട്ട കർഷകൻ്റെ മൂത്ത മകളാണെന്നും, തനിക്കു താഴെ ഒരു അനിയത്തിയുമുണ്ടെന്നും, അവളുടെ വിവാഹം കഴിഞ്ഞിട്ടു മാത്രമേ തൻ്റെ കാര്യങ്ങൾ നോക്കുകയുള്ളുവെന്നും ഒറ്റശ്വാസത്തിൽ അവൾ പറഞ്ഞപ്പോൾ, അവളുടെ കുടുംബത്തിൻ്റെ ഏകദേശ രൂപം അവനു പിടി കിട്ടി…..
“ഈ ജോലി നീ സന്തോഷത്തോടെയാണോ ചെയ്യുന്നത് ലിസാ ?”
ഒരിക്കൽ അവനത് ചോദിച്ചപ്പോൾ കണ്ണീർ നിറഞ്ഞ പുഞ്ചിരിയോടെ അവൾ ഹരിഗോവിന്ദിനെ നോക്കി.
” ഉരുകുന്നതാണെങ്കിലും അത് പ്രിയപ്പെട്ടവർക്ക് ആകുമ്പോൾ അതിനൊരു സന്തോഷമില്ലേ ഹരിയേട്ടാ.,…. ആ സന്തോഷം എനിക്കും ഉണ്ട്”
ലിസയുടെ പതിഞ്ഞ സംസാരം കേട്ടു അവൻ പുഞ്ചിരിയോടെ അവളെ നോക്കി…
അതെ…. അവൾ മറ്റുള്ളവർക്ക് പ്രകാശമേ കാൻ വേണ്ടി ഉരുകുന്ന മെഴുകുതിരി തന്നെയായിരുന്നു…
കൊടുങ്കാറ്റിലും അണയാതെ പതിയെ ആടിയുലഞ്ഞ് ഉരുകി കൊണ്ടിരിയ്ക്കുന്ന മെഴുകുതിരി…..
വളരെ കാര്യങ്ങൾ ലിസ പറഞ്ഞപ്പോൾ അതിലേറെ കുടുതൽ അവൻ, അവളോട് അടുത്തു തുടങ്ങിയിരുന്നു.
ഒഴിവുദിവസങ്ങളിൽ അവളെയും കൊണ്ട് രാവിലെ തന്നെ ദൂരെയുള്ള അജ്മാനിലോ, റാസൽഖൈമയിലോ, മറ്റു എമിറേറ്റ്സിലേക്കോ പോകുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷമാണ് …..
ഒരു വശത്ത് കുട്ടികാലം മുതൽ കൂടെയുള്ള മാളവികയെ മറന്ന്, ലിസയുമായി ഇത്രയ്ക്കും അടുത്തത് ഏത് വികാരത്തോടെയാണെന്ന് ഈ നിമിഷവും അറിയില്ല…. പക്ഷെ അതൊരിക്കലും പ്രണയമായിരുന്നില്ലെന്ന് ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു…
പേരറിയാത്ത ആ ബന്ധം കടപുഴകി വീണ ദിവസം ഇപ്പോഴും ഓർമയുണ്ട്….
കാരണം ആദ്യമായി ഒരു പെൺകുട്ടിയെ അറിഞ്ഞ ദിവസമാണ് അന്ന്…..
ശക്തമായ പൊടികാറ്റിനു ശേഷം കോരി ചൊരിഞ്ഞ് മഴ പെയ്ത ദിവസം….
ഒഴിവുദിവസത്തിൻ്റെ ആലസ്യത്തിലിൽ ഫ്ലാറ്റിലിരിക്കുമ്പോഴാണ് ദീപേഷിൻ്റെ വരവ്….
” ഇങ്ങിനെ ചടഞ്ഞുകൂടി ഇരിക്കാതെ പുറത്തേക്ക് ഇറങ്ങ് ഹരീ…. നമ്മൾക്കൊന്ന് അർമാദിച്ചിട്ടു വരാം ”
മദ്യം മണക്കുന്ന അവൻ്റെ സംസാരം കേട്ടപ്പോൾ ഹരി നിഷേധാർത്ഥത്തോടെ തലയാട്ടി….
“നീ ഒറ്റയ്ക്ക് പോയി അർമാദിച്ചാൽ മതി…. ഞാനില്ല കൂടെ ”
എവിടേയ്ക്കാണ് അവൻ പോകുന്നതെന്നറിയാമായിരുന്ന ഹരി നിഷേധസ്വരത്തിൽ പറഞ്ഞപ്പോൾ ദീപേഷ് ചിരിയോടെ അവൻ്റെ കൈപിടിച്ചു……
” ഇവിടെ നീ ആ പാവം
നമ്പൂതിരി കുട്ടിയല്ലട്ടോ…. ഒരു സ്ഥാപനത്തിൻ്റെ മാനേജറാ…. അപ്പോൾ അതിൻ്റെതായ ധൈര്യമൊക്കെ കാണിക്കണം നീ…. പിന്നെ ഇതൊന്നും ആരും അറിയാൻ പോകുന്നില്ല”
“അറിയുന്നതും, അറിയാത്തതും അല്ല എൻ്റെ പ്രശ്നം…. ബലം പ്രയോഗിച്ചും, പൈസ കൊടുത്തും കിട്ടുന്ന സുഖം എനിക്കു വേണ്ട….. പിന്നെ നാട്ടിൽ എന്നെ കാത്തിരിക്കുന്ന ഒരു പെൺകുട്ടിയുണ്ട് ”
ഉറച്ച ശബ്ദത്തിൽ ഹരി പറഞ്ഞപ്പോൾ ദീപേഷിൻ്റെ മുഖം മങ്ങി….
“എന്നാ നീയിവിടെ സാമ്പാറും, മെഴുക്കുപുരട്ടിയും ഉണ്ടാക്കി ഇരുന്നോ… ഞാൻ പോണു ”
ദേഷ്യത്തോടെ പോകുന്ന അവനെ നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം, ഹരി നിറഞ്ഞു പെയ്യുന്ന മഴയിലേക്ക് നോക്കിയിരുന്നു……
പട്ടുപാവാടയുടുത്ത ഒരു പെൺകുട്ടി ,സ്വർണ പാദസരം കിലുക്കി മഴയിലേക്ക് ഓടിയിറങ്ങുന്ന കാഴ്ചയിൽ അവനൊന്നു പുഞ്ചിരിച്ചു…..
ആ കുഞ്ഞു മാളവികയിപ്പോൾ ഡോക്ടർ മാളവികയാണ്….
ഹരിയുടെ സ്വന്തം ഡോക്ടർ ….
രണ്ടെണ്ണം അടിച്ച് മാളുവിനെ വിളിക്കാമെന്ന് വിചാരിച്ച് അവൻ റൂമിലേക്ക് കയറി മദ്യ ബോട്ടിൽ എടുത്തു…..
ജനൽ തുറന്നു പുറത്തു പെയ്യുന്ന മഴയിലേക്കും നോക്കി നിന്നു മദ്യം നുകരുമ്പോൾ നിറഞ്ഞൊഴിയുന്ന ഗ്ലാസിൻ്റെ എണ്ണം അവൻ മറന്നിരുന്നു…..
പൊടുന്നനെ കോളിങ്ങ് ബെൽ ചിലച്ചതും, അവൻ ആടിയാടി ചെന്ന് വാതിൽ തുറന്നു….
മുന്നിൽ ലിസയെ കണ്ടതും അവൻ പരുങ്ങി….
മഴയിലൂടെ ഓടി കയറി വന്നവളെ പോലെ അവളുടെ ജീൻസും,ടോപ്പും നനഞ്ഞു കുതിർന്നിരുന്നു….
” ഞാൻ നല്ല കണ്ടീഷനിലല്ലാ ലിസാ… നീ പോയിട്ട് പിന്നെ വാ”
അതും പറഞ്ഞ് ഹരി വാതിൽ അടക്കാൻ പോകുമ്പോഴെക്കും, അവൾ അവനിടയിലൂടെ നൂണ്ട് മുറിയിലേക്ക് കയറി…..
” പുറത്ത് നല്ല മഴ ഹരിയേട്ടാ…. ഇത്തിരി കഴിഞ്ഞ് ഞാൻ പോകാം”
“ലിസാ…. ഞാൻ ”
ഹരിയുടെ ശബ്ദം കുഴഞ്ഞപ്പോൾ അവൾ പതിയെ ചിരിച്ചു..
“ഹരിയേട്ടൻ കുടിച്ചിട്ട് ഞാൻ ആദ്യമായിട്ടൊന്നും അല്ലല്ലോ കാണുന്നത്… ?
അവളുടെ ചോദ്യത്തിന് ഉത്തരം പറയാൻ കഴിയാതെ അവൻ സോഫയിലേക്ക് അമർന്നു.
“ബാറിൽ വെച്ചു പരസ്യമായിട്ടല്ലേ ഞാൻ ഹരിയേട്ടന് ബിയറൊഴിച്ച് തരുന്നത് ?ഇന്ന് രഹസ്യമായിട്ട് ”
ഒരു കൊച്ചു കുട്ടിയെ പോലെ അതും പറഞ്ഞ് അവൾ ബിയർ ബോട്ടിൽ എടുത്തു…. രണ്ട് ഗ്ലാസ് ടേബിളിൽ വെച്ചപ്പോൾ ഹരി അമ്പരപ്പോടെ അവളെ നോക്കി.
“നാട്ടിലുള്ളപ്പോൾ ഞാൻ വല്ലപ്പോഴും വൈൻ കുടിക്കാറുണ്ട്…. ഇതിപ്പോ തണുത്ത് വിറയ്ക്കുന്നു ഹരിയേട്ടാ…”
അവൾ സമ്മതത്തിനു വേണ്ടി ഹരിയെ ദയനീയമായി നോക്കിയപ്പോൾ അവൻ പുഞ്ചിരിയോടെ തലയാട്ടി.
” എനിക്ക് ബിയറും, ഹോട്ടും മിക്സ് ചെയ്താൽ മതി….”
കുഴഞ്ഞു പോകുന്ന അവൻ്റെ ശബ്ദത്തിനുമപ്പുറം, മഴ ശബ്ദവും, കുളിരും റൂമിലേക്ക് ഇരച്ചുകയറി വന്നപ്പോൾ അവൾ പതിയെ ഗ്ലാസിലേക്ക് മദ്യം നിറയ്ക്കാൻ തുടങ്ങി.
ഒന്നുരണ്ട് ഗ്ലാസ് ബിയർ കുടിച്ച്, ഒരു ഗ്ലാസ് കൂടി നിറച്ച് അവൾ ജാലകത്തിനരികിലേക്ക് നടന്നു ചെന്ന് പുറത്തു പെയ്യുന്ന മഴയിലേക്ക് നോക്കി നിന്നു …
തൻ്റെ മനസ്സ് പോലെയാണ് ആകാശം കരയുന്നതെന്ന് അവൾക്കു തോന്നി….
ആരും തുണയില്ലാതെ, ഈ മരുഭൂമിയിൽ ചുണ്ടിൽ പുഞ്ചിരിയുമായി ഉരുകിയൊലിക്കുന്ന ഒരു പാവം പെണ്ണ്….
നീരണിഞ്ഞ മിഴികളോടെ അവൾ നിറഞ്ഞിരിക്കുന്ന ബിയർ ഗ്ലാസിലേക്കൊന്നു ചുണ്ട് ചേർത്തതും, പിന്നിൽ നിന്ന് ആരോ കെട്ടിപിടിക്കുന്നതറിഞ്ഞ അവൾ ഞെട്ടലോടെ തിരിഞ്ഞു.
“ഹരിയേട്ടാ…. ”
വാക്കുകൾ പൂർത്തിയാക്കും മുൻപെ അവളുടെ ചുണ്ടുകൾക്കു മീതെ അവൻ്റെ ചുണ്ടുകൾ അമർന്നിരുന്നു….
ശ്വാസം കിട്ടാതെ പിടയുന്ന ഒരു നിമിഷത്തിൽ, അവളിൽ നിന്ന് പിടിവിട്ട് ബിയർഗ്ലാസ് നിലത്തു വീണു വല്ലാത്തൊരു ശബ്ദത്തോടെ ചിതറി തെറിച്ചു….
ലിസയുടെ കവിളിൽ നിന്ന് കണ്ണീർ അവൻ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുക്കന്നതറിഞ്ഞതും അവളുടെ പ്രതിരോധം ദുർബലമായി തുടങ്ങിയിരുന്നു…….
ഹരിയുടെ നെഞ്ചിൽ കയറി കിടന്ന്, അവൻ്റെ മുഖത്തേക്ക് മുഖം ചേർത്ത് വെച്ച് അവൾ ശബ്ദമില്ലാതെ കരയുന്നത് അവനറിഞ്ഞു.
അവളുടെ ഹൃദയം മിടിക്കുന്നത് തൊട്ടറിഞ്ഞ ഹരി അവളെ പതിയെ പുണർന്നു.
” ഇത്രയ്ക്കും വിഷമമുണ്ടായിട്ടും, എന്നെ മാളൂനെ ഏൽപ്പിക്കാനാണല്ലോ നിനക്ക് തിരക്ക് ലിസാ?”
ഹരി പതിയെ ചോദിച്ചതും അവൾ അവൻ്റെ മുഖത്ത് മുഖമിട്ടുരസി.
“പിടിച്ചു വാങ്ങുക മാത്രമല്ല പ്രണയം ഹരിയേട്ടാ… നെഞ്ചുരുകി, ജീവൻ പോകുമെന്നറിഞ്ഞിട്ടും നിശബ്ദം കണ്ണീരോടെ വിട്ടു കൊടുക്കുന്നതും പ്രണയമാണ് ”
തേങ്ങലുതിരുന്ന വാക്കുകൾക്കൊപ്പം അവളുടെ കണ്ണീർ ഹരിയുടെ മുഖത്തേക്ക് ഒഴുകി പടരുന്നതറിഞ്ഞ അവൻ നിശബ്ദം അവളുടെ ശരീരത്തിൽ പതിയെ തലോടി.
” അല്ലെങ്കിലും മാളൂനെ ചതിച്ച് ഒരു ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ല ഹരിയേട്ടാ…. അതിനേക്കാൾ എത്രയോ ഭേദമാണ് ഞാൻ മരിക്കുന്നത്?”
“ലിസാ…..?”
അവളുടെ ചെവിയോരം ചുണ്ട് ചേർത്ത് സങ്കടത്തോടെ
വിളിക്കുമ്പോൾ
ഹരിയുടെ നെഞ്ച് വല്ലാതെ കലങ്ങിയിരുന്നു….
” സത്യം ഹരിയേട്ടാ… എത്ര നിഷ്കളങ്കയാണ് മാളൂ… ഒരു തുമ്പപൂവിൻ്റെ പരിശുദ്ധിയോടെ, ഹരിയേട്ടനെ മാത്രം ധ്യാനിച്ച് ഇവിടെ കാത്തിരിക്കുന്ന മാളുവിനെ മറന്ന് ആ രാത്രി എന്നിലേക്ക് പടർന്നു കയറുവാൻ എങ്ങിനെ കഴിഞ്ഞു ഹരിയേട്ടന്?”
ലിസയുടെ ചോദ്യം കേട്ടതും ഒരു ഈർച്ചവാൾ ഹൃദയത്തിലൂടെ കയറിയിറങ്ങിയതിൻ്റെ വേദന അവൻ്റെ മുഖത്ത് പ്രകടമായി.
” അവളിലില്ലാത്ത എന്തായിരുന്നു എന്നിൽ കൂടുതലുണ്ടായിരുന്നത് ഹരിയേട്ടാ? സ്നേഹിക്കാനുള്ള മനസ്സ്…..പണം, അന്തസ്, ജോലി…. എല്ലാം എന്നേക്കാൾ എത്രയോ കൂടുതലായിരുന്നു അവൾക്ക്? എന്നെക്കാൾ സുന്ദരി കൂടിയായിരുന്നല്ലോ അവൾ?” ”
വിതുമ്പി, വിതുമ്പി ചോദിക്കുന്ന അവളോട് എന്തു പറയണമെന്നറിയാത, ഹരിയുടെ കണ്ണുകളും നിറഞ്ഞു തുടങ്ങിയിരുന്നു അപ്പോൾ…..
“ഹരിയേട്ടനെ മാത്രം ഞാൻ കുറ്റം പറയുന്നതല്ലട്ടോ… ഞാനും കൂടി ആ തെറ്റിന് കൂട്ടുനിന്നു…. മറ്റൊരു പെണ്ണിൻ്റെ സ്വപ്നത്തിനും, ജീവിതത്തിനും ചിതയൊരുക്കുവാൻ തുടങ്ങുകയായിരുന്നു ഞാനെന്ന് ഹരിയേട്ടനിലേക്ക് പടരുമ്പോൾ ഞാൻ ഓർക്കണമായിരുന്നു…. ”
കണ്ണീരോടെ പറയുന്നതോടൊപ്പം
ഇരുട്ടിൻ്റെ നിശബ്ദതയെ ഇടയ്ക്കിടെ ദേദിക്കുന്ന ലിസയുടെ തേങ്ങൽ ഹരിയെ വല്ലാതെ വേദനിപ്പിച്ചു തുടങ്ങി….
” പക്ഷെ പറ്റി പോയി ഹരിയേട്ടാ… അത് പക്ഷെ ആദ്യമായി ഒരു പുരുഷൻ്റെ ചുംബനം കിട്ടിയപ്പോൾ തളർന്നു പോയതല്ല…. സിരകളിൽ നുരഞ്ഞ ബിയറിൻ്റെ ലഹരിയിലോ, നിറഞ്ഞു പെയ്ത മഴയുടെ
കുളിരിലോ മനസ്സിടറിയതല്ല…മറിച്ച് ”
പാതിയിലെത്തിയ വാക്കുകൾ മുറിച്ച് ലിസയുടെ ചുണ്ടുകൾ അവൻ്റെ നെറ്റിയിൽ പതിപ്പിച്ചു….
“എപ്പോഴോ ഞാനറിയാതെ ഹരിയേട്ടനെ ഉള്ളുതുറന്നു സ്നേഹിച്ചു തുടങ്ങിയിരുന്നതു കൊണ്ടാകാം, ആ ചുംബനത്തിൽ ഞാൻ അലിഞ്ഞു ചേർന്നത്… ”
“ലിസാ…?”
“സത്യം ഹരിയേട്ടാ… അത്രയ്ക്കും ഇഷ്ടാ എനിക്ക് ഹരിയേട്ടനെ… ഇപ്പാൾ മാത്രമല്ല… എപ്പോഴും… എൻ്റെ ശരീരം മണ്ണിലലിയും വരെ… ”
ഗദ്ഗദത്തോടെ പറഞ്ഞു കൊണ്ട് ലിസ അവൻ്റെ ചുണ്ടിലേക്ക് തൻ്റെ നെറ്റി ചേർത്തു വെച്ചു….
“ഈ നെറ്റിയിലൊന്നു അമർത്തി ചുംബിക്കൂ ഹരിയേട്ടാ… മരിച്ചു കഴിയുമ്പോൾ ഈ ഒരൊറ്റ ചുംബനം മാത്രമേ എൻ്റെ ആത്മാവ് ആഗ്രഹിക്കുകയുള്ളൂ. അതിൽ കൂടുതലൊന്നും ഈ ലിസ ആഗ്രഹിക്കുന്നില്ല. ”
ലിസയുടെ തൊണ്ടയിടറുന്നത് കണ്ട ഹരി, തികട്ടി വന്ന ഒരു കരച്ചിൽ ഉള്ളിലൊതുക്കി അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.
കണ്ണീരുകൾ പരസ്പരം അലിയുന്ന നേരം, പ്രകൃതി പോലും നിശബ്ദമായിരുന്നു….
നിറഞ്ഞു പെയ്യുന്ന
നാലുകണ്ണുകൾക്ക് തടയിണയിടാൻ കഴിയാതെ നിസഹായരായ അവർ പരസ്പരം ആർത്തിയോടെ
ചുംബിച്ച് തളർന്ന നിമിഷം….
” പൊയ്ക്കോ ലിസാ… അപ്പച്ചനും, അമ്മച്ചിയും, ലിസികുട്ടിയുമൊന്നും ഉറങ്ങിയിട്ടുണ്ടാവില്ല…. ”
വേദന നിറഞ്ഞ ശബ്ദത്തോടെ ഹരി പറഞ്ഞപ്പോൾ ലിസ പതിയെ തൻ്റെ ചുണ്ടുകൾ അവൻ്റെ കാതോരം ചേർത്തു.
” അവരെല്ലാവരും ഉറങ്ങി
ഹരിയേട്ടാ… മഞ്ഞുരുകി അസ്ഥിയിൽ കയറുന്ന ഈ തണുപ്പിൽ കരിമ്പടം പുതച്ച് അവർക്ക് സ്വസ്ഥമായി ഉറങ്ങാമല്ലോ? ഹരിയേട്ടനും ഉറങ്ങി തുടങ്ങിയതല്ലേ?…. പക്ഷേ എനിക്ക് ഉറങ്ങാൻ പറ്റോ ഹരിയേട്ടാ…. നാളെയാണ് എൻ്റെ മരണമെന്ന് നേരത്തെ അറിഞ്ഞ എനിക്ക് ഏത് കമ്പിളി പുതപ്പിന് അടിയിൽ കിടന്നാലാണ് ഉറക്കം വരിക…:. ഉറങ്ങി പോയാലും അതൊരിക്കലും ഉണരാത്ത മരണത്തിലേക്ക് ആണെങ്കിലോ? ”
കണ്ണീരോടെയുള്ള ആ ചോദ്യത്തിനൊപ്പം ലിസ പതിയെ ഇളകി കരയുന്നുണ്ടായിരുന്നു.
” ചുട്ടുപൊള്ളാണ് ഹരിയേട്ടാ…. അടി മുതൽ മുടി വരെ വല്ലാതെ പൊള്ളിയടരുവാ… ജീവിച്ചിരിക്കെ തന്നെ ചിതയിലെ പൊട്ടിയടരുന്ന തീക്കനലിൽ കിടക്കുന്നൊരു അവസ്ഥ…. ”
കണ്ണീരിനോടൊപ്പം അവളുടെ വായിൽ നിന്ന് പതയും നുരയും തൻ്റെ മുഖത്തേക്ക് പടരുന്നതറിഞ്ഞ ഹരി, ലിസയെ ചേർത്തു പിടിച്ചു വിങ്ങിപൊട്ടി.
” റൂമിലേക്ക് പൊയ്ക്കോ ലിസാ…. അവരെങ്ങാൻ ഉണർന്നാൽ?”
ഹരിയുടെ വാക്കുകൾ കേട്ടതും അവൾ, ദേഷ്യത്തോടെ അവൻ്റെ നെഞ്ചിൽ കടിച്ചു.
” ആരു കണ്ടാലും എനിക്ക് പ്രശ്നമില്ല… കാരണം ഞാൻ കരയുന്നതും, കണ്ണീരൊഴുക്കുന്നതും എൻ്റെ വയറ്റിൽ വളരുന്ന കുഞ്ഞിൻ്റെ അച്ഛൻ്റെ നെഞ്ചിൽ കിടന്നാണ്… സമൂഹത്തിനു മുന്നിൽ വെച്ച് വിളിക്കാൻ അധികാരമില്ലെങ്കിലും, എൻ്റെ ഭർത്താവിനോടൊപ്പമാണ് ഞാൻ കിടക്കുന്നത് ”
ലിസ വാശിയോടെ പറഞ്ഞു കൊണ്ട് അവനെ ശ്വാസംമുട്ടിക്കും പോൽ അവൻ്റെ മുഖത്ത് ഭാര്യയെന്ന അധികാരത്തോടെ തെരുതെരെ ചുംബിച്ചു.
” കാത്തിരിക്കുന്ന കാമുകിക്കാണോ, സ്വന്തം കുഞ്ഞിനെ ഉദരത്തിൽ പേറുന്ന സ്ത്രീക്കാണോ പുരുഷൻ്റെ ജീവിതത്തിൽ കൂടുതൽ സ്ഥാനം ഹരിയേട്ടാ…?”
കണ്ണീർ മഴയിലലിയുന്ന ഹരിയുടെ ചെവിയോരം ലിസയുടെ ആ ചോദ്യമുയർന്നതും അവനൊന്നു ഞെട്ടിവിറച്ചു:…
ഇതു വരെ ഉത്തരം കണ്ടെത്താൻ കഴിയാത്ത ചോദ്യമാണ് അവൾ ചോദിക്കുന്നതെന്ന് അറിഞ്ഞ ഹരി ഒന്നും പറയാൻ കഴിയാതെ
പതിയെ അവളെ ചേർത്തണച്ചു.’..
” അധികാരം സ്ഥാപിക്കാനല്ല ഞാൻ ചോദിച്ചത് ഹരിയേട്ടാ… വെറുതെയൊന്ന് അറിയാൻ മാത്രം….”
അവൾ കണ്ണീരലിഞ്ഞ പുഞ്ചിരിയോടെ ചോദിച്ചപ്പോൾ അവൻ പതിയെ ശിരസിളക്കി.
“അറിയില്ല ലിസാ…. ”
അവൻ്റെ ഉദാസീനമായ മറുപടി അവളെ തൃപ്തയാക്കിയില്ല…
” മനഃസാക്ഷിയെ തൊട്ടു പറ ഹരിയേട്ടാ…. ഒരു പൊടി അധികാരം ആർക്കാ കൂടുതൽ?”
ലിസയുടെ ചോദ്യത്തിൻ്റെ ഉത്തരമെന്നോണം അവൻ അവളെ മുറുകെ ചേർത്തു പിടിക്കുമ്പോൾ, അതുവരെ വിതുമ്പിയിരുന്ന ചുണ്ടുകളിൽ അറിയാതെയൊരു ഒരു പുഞ്ചിരി വിടർന്നു……
“ഇതൊക്കെ ചോദിച്ചത് അധികാരത്തോടെ കൂടെ ചേർക്കാനല്ല…. അഭിമാനത്തോടെ വിട്ടു കൊടുക്കാനാ…. ”
അവളുടെ സംസാരം കേട്ടതും പിന്നെയൊന്നും ചോദിക്കാൻ നിൽക്കാതെ ഹരി അവളെ നെഞ്ചോട് ചേർത്തമർത്തി.
എത്ര പറഞ്ഞാലും ഇളകാത്ത അത്രയ്ക്കും ഉറച്ച തീരുമാനമായിരുന്നു ലിസയുടേതെന്ന് അവനു മനസ്സിലായിരുന്നു….
ഈ കണ്ണീരും, കരച്ചിലും ഇനിയൊരിക്കലും അധികാരത്തോടെ ചേർത്തു പിടിക്കാൻ കഴിയില്ലായെന്ന സങ്കടം കൊണ്ടാണെന്നും….
ശരീരങ്ങളലിയാതെ, മനസ്സുകൾ മാത്രം അലിഞ്ഞ ആ തണുപ്പുള്ള രാത്രിയിൽ ഹരി പതിയെ ഉറക്കത്തിലേക്ക് പതിച്ചപ്പോഴും, അവൻ്റെ നെഞ്ചിൽ കിടന്നിട്ടും
ഉറക്കം വരാത്ത ലിസ അവൻ്റെ ചുണ്ടിലേക്ക് ചുണ്ടമർത്തി പതിയെ കണ്ണീരൊഴുക്കി കൊണ്ടിരുന്നു.
പുലർകാലത്ത് എഴുന്നേറ്റ ഹരി, തൊട്ടടുത്ത് ലിസയില്ലാ എന്നറിഞ്ഞതും റൂമിനു പുറത്തേയ്ക്ക് നടന്നു…..
പുറത്ത് നിറഞ്ഞു പെയ്യുന്ന മഞ്ഞിൽ വാടിയ അഗ്നി പൂക്കൾ ചിതറുന്നത് കണ്ട് അവൻ ആകാംക്ഷയോടെ നോക്കിയപ്പോൾ, അടുപ്പിൽ വെച്ച വലിയ പാത്രത്തിനു മുന്നിൽ, ഒരു ദുഃഖപുത്രി പോലെ നിൽക്കുന്ന ലിസയെ കണ്ടു….
ശബ്ദമുണ്ടാക്കാതെ അവൻ പിന്നിലൂടെ ചെന്ന് അവളെ നെഞ്ചിലേക്ക് വലിച്ചിട്ടപ്പോൾ, അവൾ കുതറി മാറാതെ അവൻ്റെ നെഞ്ചിലേക്കു ചേർന്നു നിന്നു.
“ഹരിയേട്ടന് കുളിക്കാനുള്ള വെള്ളം ചൂടാക്കാണ് ”
ലിസ പറഞ്ഞു തീർന്നതും, അവളെ അഭിമുഖം നിർത്തി, അഗ്നിജാലകൾ ഇളകിയാടുന്ന അവളുടെ മിഴികളിൽ പതിയെ ചുംബിച്ചു…..
കാലമറിയാതെ, നേരമറിയാതെ അവരങ്ങിനെ ചേർന്നു നിൽക്കുമ്പോൾ, അകത്തെ വാതിൽ തുറന്നടയുന്ന ശബ്ദം കേട്ട് അവർ പൊടുന്നനെ അകന്നുമാറി…..
പ്രഭാതകൃത്യങ്ങളും നടത്തി, കുളിച്ചൊരുങ്ങി ഡ്രസ് ഇട്ടതിനു ശേഷം അവൻ ആൻ്റണിയുടെ വാതിലിൽ മുട്ടി….
ശബ്ദം കേട്ട് മറിയാമ്മ വാതിൽ തുറന്ന് വന്നതും, കുളിച്ചൊരുങ്ങി നിൽക്കുന്ന ഹരിയെ കണ്ട് പകച്ചു.
” ഇത്ര പെട്ടെന്ന് ഇതെങ്ങോട്ട് മോനെ…. ”
എന്നും പറഞ്ഞ് അടുക്കളയിലേക്ക് ഓടാനൊരുങ്ങിയ മറിയാമ്മയെ അവൻ തടഞ്ഞു.
” ഒന്നും വേണ്ട അമ്മച്ചീ… എനിക്ക് എത്രയും പെട്ടെന്ന് നാടെത്തണം… ”
മറിയാമ്മയുടെ മറുപടിക്ക് കാത്തുനിൽക്കാതെ അവൻ റൂമിലേക്ക് ചെന്ന്
ആൻ്റണിയുടെ അനുവാദം ചോദിച്ചു പുറത്തിറങ്ങി.
ലിസിയും, മറിയാമ്മയും അവനെ തന്നെ നോക്കി നിൽക്കെ, അവൻ്റെ കണ്ണുകൾ ലിസയെ തിരയുകയായിരുന്നു.
പൊടുന്നനെ അപ്പച്ഛനോട് അനുവാദം ചോദിച്ചു കൊണ്ട്, ഉടുത്തുഒരുങ്ങി വന്ന ലിസയെ കണ്ട് മറിയാമ്മയും,ലിസിയും, ഹരിയും അത്ഭുതപ്പെട്ടു.
” ഞങ്ങളൊക്കെ കണ്ട് കൊതി തീരും മുൻപെ മോൾ എവിടേയ്ക്കാ…. ”
മറിയാമ്മയുടെ ചോദ്യം കേട്ടതും അവൾ അവരുടെ മുഖം കൊഞ്ചലോടെ ഒന്നു പിടിച്ചുലച്ചു.
“ഹരിയേട്ടൻ്റെ എൻഗേജ്മെൻ്റാണ്…
എനിക്ക് എന്തായാലും പോയ പറ്റൂ അമ്മച്ചി… അപ്പച്ഛനോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്… വാ ഹരിയേട്ടാ പോകാം നമ്മൾക്ക്?”
ഹരിയോടു പറഞ്ഞു കൊണ്ട്, ലിസിയുടെ കവിളിലൊന്നു നുള്ളി പുറത്തേക്കിറങ്ങിയ ലിസയെ നോക്കി നിന്ന ലിസിയുടെ മനസ്സിലപ്പോൾ, പുലർകാലത്ത് ഹരിയും, ലിസയും കെട്ടിപിടിച്ചു നിൽക്കുന്ന രംഗം തെളിഞ്ഞപ്പോൾ, അവൾ ഒന്നും മനസ്സിലാകാത്തതുപോലെ തലവെട്ടിച്ചു….
യാത്രയിലുടനീളം ഹരിയുടെ തോളിലേക്ക് ചാരി, മൗനത്തെ കൂട്ടുപിടിച്ചിരുന്ന അവളുടെ മിഴികൾ നിറഞ്ഞു പെയ്തിരുന്നു.
ഹോസ്പിറ്റലിൻ്റെ പോർച്ചിൽ കാർ
നിർത്തിയതും… അവൻ ചാടിയിറങ്ങി അമ്മാവൻ്റെ റൂമിലേക്ക് ഓടി.
“അമ്മാവന് എങ്ങിനെയുണ്ട് ഇപ്പോൾ?”
നാരായണൻ നമ്പൂതിരിയുടെ ക്ഷീണിച്ച മുഖത്തേക്ക് ഉറ്റുനോക്കി ഹരിയത് കിതപ്പോടെ
ചോദിച്ചതും വിതുമ്പിയതും ഒരേ നിമിഷമായിരുന്നു.
“ക്ക് വല്യ അസുഖമൊന്നുമില്ല കുട്ടീ…. പക്ഷെ ഒരു പേടി മനസ്സിലേക്ക്
കയറികൂടിയതുപോലെ…. ൻ്റ സമയമടുത്തോന്നു ഒരു തോന്നൽ ”
മുകളിലേക്ക് കണ്ണുംനട്ട് കിടന്നിരുന്ന അയാളുടെ നിറയുന്ന കണ്ണുകൾ പതിയെ തുടച്ചുകൊണ്ട്, ഹരിയും ആ ബെഡ്ഡിലേക്ക് അമർന്നിരുന്നു.
നിശബ്ദമായ നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങവെ ഓർമ്മകൾ ചുട്ടുപൊള്ളി ഹരിയുടെ മിഴികൾ നനഞ്ഞൊഴുകാൻ തുടങ്ങിയതും, ലിസ അവനെ ആശ്വസിപ്പിക്കാനെന്നവണ്ണം അവൻ്റെ തോളിൽ പതിയെ ഒന്നു തൊട്ട്, അവനോടൊപ്പം ചേർന്നിരുന്നു.
“അമ്മാവന് എന്നോടു എന്തോ പറയാൻ ഉള്ളതുപോലെ?”
മൗനം നിറഞ്ഞ
നിമിഷങ്ങൾക്ക് ശേഷം, അമ്മാവൻ്റ ശോഷിച്ച കൈകൾ തെരുപിടിച്ചു കൊണ്ട് ഹരി ചോദിച്ചപ്പോൾ അയാൾ മെല്ലെ തലയൊന്നിളക്കി.
” പറയാനുണ്ട് മോനെ… ഒരുപാട്…. പക്ഷേ അതെങ്ങിനെ മോനോട് പറയണമെന്നറിയാതെ ചങ്കിൽ കിടന്നു പിടയുകയാണ്….”
അയാൾ വാക്കുകൾക്ക് വേണ്ടി തപ്പി പിടയുന്നത് കണ്ടപ്പോൾ ഹരി പതിയെ പുഞ്ചിരിച്ചുകൊണ്ട് അയാളുടെ നരച്ച രോമങ്ങൾ നിറഞ്ഞ
മുഖത്ത് പതിയെ തലോടി.
“അമ്മാവന് എന്തും എന്നോട് പറയാം… ഞാൻ അക്ഷരംപ്രതി അനുസരിച്ചിരിക്കും… പഴയ ഹരി ചെയ്ത പാപങ്ങൾക്കുള്ള പ്രായശ്ചിത്തം പോലെ ”
ഹരിയുടെ വാക്കുകൾ കേട്ടപ്പോൾ നാരായണൻ നമ്പൂതിരിയുടെ ചുണ്ടിൽ ഒരു വിളറിയ ചിരിയൂറി.
“നമ്മുടെ കുടുംബ ജോത്സ്യനെ ഞാൻ ഒന്നു വിളിപ്പിച്ചിരുന്നു… നിൻ്റെം മാളൂൻ്റേം കാര്യം ചോദിക്കാൻ വേണ്ടി….”
നാരായണൻ നമ്പൂതിരിയുടെ വാക്കുകൾ കേട്ടതും, ലിസയുടെ കൈ, അവളറി യാതെ ഹരിയുടെ തോളിൽ, ശക്തിയോടെ അമർന്നു…..
അമ്മാവൻ്റെ സംസാരത്തിന് ആകാംക്ഷയോടെ കാതോർത്തിരുന്ന അവൻ്റെ ഹൃദയം പെരുമ്പറ കൊട്ടി തുടങ്ങി.
” അയാൾ ഗണിച്ച് നോക്കി പറഞ്ഞ കാര്യം മോനോട് ഞാൻ എങ്ങിനെ പറയാ.. ”
നീർനിറഞ്ഞ കണ്ണുകളോടെ ഗദ്ഗദത്തോടെ അയാൾ ചോദിച്ചപ്പോൾ ഹരി പതിയെ ശിരസ്സിളക്കി ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി.
” മടിയ്ക്കാതെ കാര്യം പറയ് അമ്മാവാ …”
ഹരിയുടെ വാക്ക് കേട്ടതോടെ അയാൾ അവൻ്റെ മുഖത്ത് നിമിഷങ്ങളോളം സൂക്ഷിച്ചു നോക്കി, ഗദ്ഗദത്തോടെ വാക്കുകൾ പതിയെ ചേർത്തുവെച്ചു…..
“നിങ്ങളുടെ ജാതകം തമ്മിൽ ചേരില്ലായെന്ന്… ”
ആ ഒറ്റ വാചകത്തിൽ ഹരിയുടെ മനസ്സിലേക്ക് എന്തൊക്കെയോ വികാരങ്ങൾ ആർത്തിരമ്പി കയറി.
” നിങ്ങളെ ചേർത്തു വെച്ചാൽ പൊടുന്നനെ തന്നെ നിങ്ങളിൽ ഒരാൾ ഇല്ലാതാകുമെന്ന്…. അങ്ങിനെ സംഭവിക്കാൻ കൂടുതൽ സാധ്യത എൻ്റെ മാളൂനാണെന്ന് ”
അമ്മാവൻ്റെ സംസാരം കേട്ടതും ഹരിയുടെ മനസ്സിൽ ഭീതിയുടെ കനൽ ഇളകി.
മാളവിക, ഭൂമിയിൽ
ഇല്ലാതാകുന്ന അവസ്ഥ ഓർത്തപ്പോൾ അവൻ്റെ നെഞ്ച് വിണ്ടുകീറി.
“കുട്ടികാലം തൊട്ടേ ചേർത്തുവെച്ചതല്ലേ ഞങ്ങളെ… ആ ഞങ്ങൾക്കും നക്ഷത്രങ്ങളുടെയും, ഗ്രഹങ്ങളുടെയും ദോഷമുണ്ടാകോ ?…..”
ഹരി പതിയെ ചോദിച്ചതും അയാൾ പതിയെ തലയാട്ടി ദൂരേയ്ക്ക് നോക്കിയിരുന്നു.
” ഒന്നും എനിക്കറിയില്ല കുട്ടീ… എല്ലാം ജോത്സ്യൻ പറഞ്ഞതാ ”
“മാളൂന് ഈ സംഭവം അറിയോ?”
ഹരിയുടെ നനഞ്ഞ ചോദ്യത്തോടൊപ്പം അവൻ്റെ കണ്ണും നിറഞ്ഞു തുടങ്ങി…..
കുട്ടികാലം തൊട്ടേ കൂടെ കൂടിയവൾ…..
ഒരു നിഴൽ പോലെ തന്നോടു ഒപ്പം ചേർന്ന് നടന്ന്, പേടി തൊണ്ടനായ തനിക്ക് ധൈര്യം തന്നവൾ…..
ക്ലാസിലെ വികൃതി കുട്ടികൾ പച്ചപാവമായ തൻ്റെ മേൽ കുതിര കയറുമ്പോൾ, അവരെയൊക്കെ കണ്ണുരുട്ടി പേടിപ്പിച്ചു നിർത്തിയിരുന്നവൾ….
അവളുടെ
സാമിപ്യമില്ലെങ്കിൽ മരിച്ചു പോകുമെന്നു വരെ ചിന്തിച്ചിട്ടുണ്ട്….
അവളെയും ധ്യാനിച്ചു കൊണ്ടിരുന്ന മനസ്സിലേക്കാണ് അപ്രതീക്ഷിതമായി ലിസ കയറി വന്നത്….
പറ്റിയ തെറ്റിന് മാളവികയോടു കരഞ്ഞുപറഞ്ഞു പ്രായശ്ചിത്തം ചെയ്യണം എന്ന് മനസ്സിൽ വിചാരിച്ചിരുന്നതാണ്…..
കുറ്റബോധംകൊണ്ട് നിറഞ്ഞ മനസ്സിനെ അങ്ങിനെ സാന്ത്വനിപ്പിക്കുന്നതിനിടയിലാണ് ഗർഭിണിയാണെന്ന് പറഞ്ഞ് ലിസയുടെ ഫോൺ വന്നത്…..
അവിടെ നിന്ന് ഈ സമയം വരെ മനസ്സ് ശാന്തമായിട്ടില്ല….
കുട്ടികാലം തൊട്ട് കൂടെ കൂടിയവളെയാണോ, തൻ്റെ കുഞ്ഞിനെ ഗർഭം ധരിച്ചവളെയാണോ ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ കൂടെ ചേർത്തു പിടിക്കേണ്ടതെന്നറിയാതെ മനസ്സ് ഇപ്പോഴും ഉരുകി കൊണ്ടിരിക്കാണ്….
“മാളൂനോട് ഞാൻ പറഞ്ഞിട്ടില്ല ഹരീ… പറയാൻ ശക്തിയില്ല…”
ചിന്തകളെ മുറിച്ചു കൊണ്ട് അമ്മാവൻ്റെ ദയനീയത നിറഞ്ഞ ശബ്ദം കേട്ടപ്പോൾ അവൻ മനസ്സ് കല്ലാക്കി എഴുന്നേറ്റു.
“ഞാൻ പറഞ്ഞോളാം അമ്മാവാ…. കാരണം
അവൾ എൻ്റെ അരികിൽ ഇല്ലെങ്കിലും, ഈ ഭൂമിയിൽ ഉണ്ടായിരിക്കണം…. ”
അതും പറഞ്ഞ് നിറയുന്ന കണ്ണുകളോടെ
പുറത്തേക്ക് പോകാൻ തുടങ്ങിയ ഹരിയുടെ കൈ നാരായണൻ നമ്പൂതിരി പതിയെ പിടിച്ചതും, അവൻ ഒരു നിമിഷം തിരിഞ്ഞ് അയാളെ നോക്കി.
“ഈ അവസരത്തിൽ മോനോട് പറയാൻ ഇത്തിരി വിഷമമുണ്ടെങ്കിലും, അമ്മാവന് അത് പറയാതിരിക്കാൻ പറ്റില്ല ”
പറഞ്ഞു വരുന്നത് നിർത്തി അയാൾ ഒന്നു ചുമച്ചു അവനെ ദയനീയമായി നോക്കി….
“മാളൂന് ഒരു ഡോക്ടറുടെ അന്വേഷണം വന്നിട്ടുണ്ട്… ഒരു ഡോ: കിരൺ… ന്യൂറോ സർജനാണ് … ഡോക്ടർ അലോഷിയുടെ കൂട്ടുകാരനാ ”
നാരായണൻ നമ്പൂതിരി പറഞ്ഞതും ഹരി
അയാളെ നോക്കി ഒരു വരണ്ട ചിരിയുതിർത്തു.
“എല്ലാം ഒത്തുവന്നാൽ ആ കല്യാണം നടത്തണം അമ്മാവാ .. ആ കല്യാണം നടന്നാൽ പലതുണ്ട് കാര്യം…. ഈ ഹോസ്പിറ്റലിന് നല്ലൊരു ഡോക്ടറെ കിട്ടും…. അമ്മാവൻ്റെ അസുഖത്തിന് ചികിത്സിക്കാൻ സ്വന്തമായൊരു മരുമകനെ കിട്ടും…. അതിലുപരി മാളുവിന് സ്വന്തം പ്രൊഫഷണിൽ നിന്നും ഒരു ഇണയെ കിട്ടും… എന്തുകൊണ്ടും ബെറ്ററാ ഈ പ്രെപ്പോസൽ അമ്മാവാ ….”
പ്രാണൻ പകുത്തു കൊടുക്കുന്ന വേദനയോടെ ഹരി അത് പറയുമ്പോൾ, അത് കാണാൻ ശക്തിയില്ലാതെ അയാൾ മുഖം തിരിച്ചു.
“അമ്മാവൻ പേടിക്കണ്ട അമ്മയോട് ഞാൻ പറഞ്ഞോളാം… ജാതകത്തിലൊക്കെ വല്യ വിശ്വാസമാ പുളളിക്കാരിക്ക്… അത്യാഗ്രഹം നടന്നില്ലെന്ന ഒരു സങ്കടം മാത്രമേ ഉണ്ടാകൂ അമ്മയ്ക്ക് …”
പറഞ്ഞു നിർത്തി ഹരി അമ്മാവൻ്റ മുഖത്ത്, ആശ്വസിപ്പിക്കുന്നതു പതിയെ തടവി….
“മാളൂ എവിടെ അമ്മാവാ… ഇവിടം കണ്ടില്ല… ചിലപ്പോൾ വീട്ടിൽ നിന്നും വന്നിട്ടുണ്ടാവില്ല അല്ലേ?സാരല്യ… ഞാൻ അങ്ങോട്ട് ചെന്ന് കണ്ട്, അവളോട് എല്ലാം പറഞ്ഞ്, അവളെ കൊണ്ട് ആ ഡോക്ടറുമായുള്ള വിവാഹത്തിന് സമ്മതിപ്പിച്ചിട്ടേ ഞാൻ മടങ്ങിവരൂ ”
പറഞ്ഞു തീർന്നതും, അലറി വരുന്ന കരച്ചിലിനെ നെഞ്ചിലൊതുക്കി ഹരി
പുറത്തേക്ക് വേഗതയിൽ
നടന്നതും, ലിസ അവനു പിന്നാലെ ഓടി.
അവൻ്റെ മുഖഭാവവും, ശരീരം വിറയ്ക്കുന്നതും കണ്ട ലിസയുടെ നെഞ്ചിൽ പതിയെ ആശങ്കയുടെ തീയാളി പടർന്നു തുടങ്ങിയിരുന്നു.
“ഹരിയേട്ടൻ എവിടേയ്ക്കാ ഇപ്പോൾ പോകുന്നത് … മാളു ഇങ്ങോട്ട് വരില്ലേ? അതുവരെ കാത്ത് നിൽക്ക് ഹരിയേട്ടാ ”
കരച്ചിലോടെ ലിസ പറഞ്ഞതും ഹരി
അവളെ ഒരു നിമിഷം നോക്കി, പോക്കറ്റിൽ നിന്ന് സിഗററ്റ് എടുത്ത് ചുണ്ടിൽ വെച്ച് കത്തിച്ച് പുക പുറത്തേക്ക് തുരുതുരെ ഊതി വിട്ടു……
ആ നിമിഷം ഹരി പുകയൂതി വിടുന്നതും നോക്കി, തുറന്നിട്ട ജാലകത്തിനരികെ നിന്നിരുന്ന മാളവികയുടെ കണ്ണുകളിൽ പതിയെ സന്തോഷം തിരയടിച്ചു
തുടങ്ങിയിരുന്നു….
“ഹരിയെ വിവാഹം കഴിക്കാൻ ഇഷ്ടമില്ലായിരുന്നുവെങ്കിൽ അത് നേരത്തെ പറഞ്ഞൂടായിരുന്നോ
മാളവികേ”
പിന്നിൽ നിന്നുയർന്ന ഡോക്ടർ അലോഷിയുടെ ശബ്ദം കേട്ട അവൾ ഒരു പുഞ്ചിരിയോടെ തിരിഞ്ഞു നിന്നു…
“ഇതിപ്പോൾ എല്ലാം അടുത്തു എത്തിയെന്ന് തോന്നിയ ആ പാവത്തിനെ ഈ അവസാന നിമിഷത്തിൽ, ജാതകത്തിൻ്റെയും മറ്റും പേര് പറഞ്ഞു പറ്റിക്കണ്ടായിരുന്നു…. ഇതു വളരെ കൂടുതലാ മാളൂ ”
അലോഷിയെ
നോക്കികൊണ്ടു ചോദ്യഭാവത്തിൽ മാളവിക കണ്ണുയർത്തിയപ്പോഴും അവൻ്റെ കണ്ണിൽ നീരസം പടർന്നു കിടക്കുന്നത് അവൾ കണ്ടു.
“ഓരേ-സമയം നീ മൂന്ന് പേരെയാണ് വഞ്ചിച്ചത്… ഹരിയെ, അച്ഛനെ, ആ ജോത്സ്യനെ… പരോക്ഷമായി പലരെയും … ”
അലോഷിയുടെ സ്വരത്തിൽ അലോസരത പടർന്നു തുടങ്ങിയപ്പോൾ മാളവിക അവനിൽ നിന്ന് നോട്ടം മാറ്റി ഹരിയിലേക്ക് നോക്കി നിന്നു….
ലിസയുമായി തർക്കിക്കുന്ന ഹരി, ഒടുവിൽ സെക്യൂരിറ്റി ഗാർഡിൻ്റെ കൈയിൽ നിന്നും കീ വാങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതും, സ്റ്റാർട്ട് ചെയ്ത ബൈക്കിനു മുന്നിൽ ഒരു തടസമായി ലിസ നിൽക്കുന്നതും അവൾ കണ്ടു.
” ഇത്രയും റിസ്ക് എടുത്ത് ഇല്ലാത്ത ഡോക്ടർ കിരണിൻ്റെ പേര് പറഞ്ഞ് ഈ വിവാഹത്തിൽ നിന്നൊഴിഞ്ഞ മാളുവിൻ്റെ മനസ്സിൽ മറ്റാരെങ്കിലും ഉണ്ടോ…. ഉണ്ടെങ്കിൽ പറ”
ഡോ: അലോഷിയുടെ ചോദ്യം കേട്ട് അവനെ നോക്കി ഒന്നു പുഞ്ചിരിച്ച് അവൾ ഹരിയിലേക്ക് തന്നെ നോട്ടമയച്ചു….
ലിസയെ തള്ളി മാറ്റി ഹരി ബൈക്ക് പുറത്തേക്ക് ഓടിച്ചതും , അതിനു പിന്നാലെ ലിസ വേഗതയിൽ ഓടുന്നതും, ഗേറ്റിലെത്തിയ അവൾ ബൈക്ക് പോയ വഴിയിലേക്കും നോക്കി തലയിൽ കൈവെച്ചു നിൽക്കുന്നതും നോക്കി മാളവിക നിർവികാരതയോടെ നിന്നു…..
” ഇനി അതല്ല ഞാൻ പണ്ടെങ്ങോ പ്രൊപ്പോസ് ചെയ്തതിൻ്റെ
ഹാങ്ങ്ഓവർ ഇപ്പോഴും മനസ്സിൽ കിടക്കുന്നതു കൊണ്ടാണോ ഈ നാടകം?”
അവൻ്റെ കുസൃതി നിറഞ്ഞ ചോദ്യം കേട്ടതും അവൾ പുഞ്ചിരിയോടെ അലോഷിയെ നോക്കി.
“മോനിപ്പോൾ കാൻ്റീനിൽ പോയി കടുപ്പത്തിൽ ഒരു ചായകൊണ്ടു വാ…. വല്ലാത്ത തലവേദന ”
മാളവിക അത്രയും
പറഞ്ഞു കൊണ്ട് കസേരയിൽ വന്നിരുന്ന് മേശയിലേക്ക് തലയും ചായ്ച്ചിരുന്നതും, അവളെ ഒന്നു നോക്കി അലോഷി കാൻ്റീനിലേക്ക് നടന്നു…
ഓർമകളിൽ ചുറ്റിപിണഞ്ഞ് തല വല്ലാതെ വേദനിക്കുന്നുവെന്ന് തോന്നിയപ്പോൾ, ചായക്കു കാത്തു നിൽക്കാതെ സ്റ്റെതും, ബാഗുമായി മാളവിക റൂമിൽ നിന്നു പുറത്തേക്ക് നടന്നു….
ഗെയ്റ്റിൽ നിന്നും ഹോസ്പിറ്റലിലേക്ക് പതിയെ നടന്നു വരുന്ന ലിസയെ നോക്കി ഒരു വരണ്ട ചിരിയുതിർത്ത മാളവിക, അവൾ അടുത്തുവരും മുൻപെ പോർച്ചിൽ കിടന്നിരുന്ന കാറിലേക്ക് കയറാൻ തുടങ്ങിയപ്പോഴാണ്, പൊടുന്നനെ ഒരു ആംബുലൻസ് സൈറണുമിട്ട്, വളരെ വേഗതയോടെ ഗേറ്റ് കടന്നു വരുന്നത് കണ്ടത്.
വളരെ വേഗതയോടെ വന്ന
ആംബുലൻസ് പോർച്ചിൽ ഞരങ്ങി നിൽക്കുമ്പോഴെക്കും, സ്ട്രെചറുമായി അറ്റൻഡർ ഓടിയെത്തി….
“ഹരിയേട്ടാ…..”
ലിസയുടെ അലറിയുള്ള കരച്ചിൽ കേട്ടപ്പോൾ മാളവിക കാറിൽ നിന്നിറങ്ങി ആംബുലൻസിനരികിലേക്ക് ഓടി.
” ബസുമായി കൂട്ടിയിടിച്ചതാ…. ജീവനുണ്ടോ എന്നറിയില്ല ”
ആരോ മനഃസാക്ഷിയില്ലാതെ പറയുന്നതും കേട്ടാണ് ഉള്ളിൽ നിറഞ്ഞ സങ്കടവുമായി മാളവിക, സ്ട്രെചറിനെ പൊതിഞ്ഞു നിൽക്കുന്ന ജനകൂട്ടത്തിനിടയിലേക്ക് ചെന്നത്.
“ഹരി ”
സ്ട്രെചറിൽ ചോരയിൽ കുളിച്ചു കിടക്കുന്ന രൂപത്തെ കണ്ടതും, ഹൃദയം നുറുങ്ങുന്ന വേദന യോടെ മന്ത്രിച്ചു കൊണ്ട് മാളവികയുടെ ഒരു കൈ ലിസയ്ക്കു നേരെ നീണ്ടു….
മാളവികയുടെ കൈയിലേക്ക് ലിസ തളർന്നുവീണതും, കോട്ടിൻ്റെ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് അവൾ അലോഷിയെ വിളിച്ചു….
നിമിഷങ്ങൾക്കകം
ഓടിപാഞ്ഞെത്തിയ അലോഷി, അറ്റൻഡറോട് ഹരിയെ ഓപ്പറേഷൻ റൂമിലേക്ക് എത്തിക്കാൻ പറഞ്ഞിട്ട് മാളവികയെ നോക്കി.
” മാളവിക കയറുന്നില്ലേ?’
” പറ്റില്ല അലോഷി എനിക്ക് ……”
വിതുമ്പുന്ന ചുണ്ടുകളോടെ മാളവിക അത് പറഞ്ഞപ്പോൾ, അവളുടെ തോളിൽ പതിയെ തട്ടി ആശ്വസിപ്പിച്ചു കൊണ്ട് അലോഷി സ്ട്രെചറിനു പിന്നാലെ ഓടി….
ഓപ്പറേഷൻ റൂമിനു മുന്നിൽ അലറി കരയുന്ന ലിസയെ ആശ്വസിപ്പിക്കാനാവാതെ മാളവിക കുഴഞ്ഞു…
“ലിസാ…. ഇങ്ങനെ കരയല്ലേ… ഹരിയ്ക്ക് ഒന്നും പറ്റില്ല ”
മാളവികയുടെ ആശ്വസിപ്പിക്കൽ കേട്ടതോടെ, ഒരു പൊട്ടി കരച്ചിലോടെ മാളവികയുടെ തോളിലേക്ക് അമർന്നു ലിസ….
” പറഞ്ഞത് കേൾക്ക് ലിസാ… ഹരിയ്ക്ക് ഒരു കുഴപ്പമുണ്ടാകില്ല… കരഞ്ഞ് കരഞ്ഞ് നീ നിൻ്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന് ദോഷമുണ്ടാക്കാക്കിയാൽ അത് ഹരിക്ക് താങ്ങാൻ കഴിയില്ല ”
മാളവികയുടെ
ശാസനയോടെയുള്ള സംസാരം കേട്ടതും ലിസ ഒരു ഞെട്ടലോടെ അവളുടെ മാറിൽ നിന്നകന്ന്, മാളവികയുടെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി…
ആ ചോദ്യഭാവത്തിന് ഉത്തരം നൽകാതെ, തന്നെ ചേർത്തു പിടിച്ചിരുന്ന മാളവികയുടെ തോളിൽ മുഖമർത്തി കരഞ്ഞു ലിസയപ്പോൾ …
മാളവിക എല്ലാം അറിഞ്ഞെന്നു മനസ്സിലാക്കിയ ലിസയുടെ കണ്ണീർ ,കുറ്റബോധത്തിൽ നിറഞ്ഞു പെയ്തു….
“കരയണ്ട ലിസ…. ഹരി നിനക്കുള്ളതാണ്…. നിനക്കു മാത്രം…. മറ്റൊന്നും ആലോചിക്കാതെ അവൻ്റ ജീവനു വേണ്ടി പ്രാർത്ഥിക്കുക നീയിപ്പോൾ ”
ലിസയെ തോളിലേക്ക് ചേർത്തു നിർത്തി ആശ്വസിപ്പിക്കുമ്പോഴും മാളവികയുടെ കണ്ണുകൾ ഓപ്പറേഷൻ റൂമിൻ്റെ വാതിലിനു നേർക്കായിരുന്നു….
ഇടയ്ക്കെപ്പോഴോ, അലറി കരഞ്ഞുകൊണ്ട്
ഒരു കൊടുങ്കാറ്റ് പോലെ കയറി വന്ന നീലാംബികയമ്മയെ കണ്ട മാളു, അവരെ ആശ്വസിപ്പിച്ചു കൊണ്ട് തൻ്റെ റൂമിൽ കൊണ്ടിരുത്തി.
ഉദ്വേഗത്തിൻ്റെയും, പേടിയുടെയും മുൾകിരീടമണിഞ്ഞ മൂന്നാല് മണിക്കൂറുകൾക്ക് ശേഷം, ഓപ്പറേഷൻ റൂമിൻ്റെ ഡോർ തുറന്ന് വന്ന
ഡോ:അലോഷിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി കണ്ടപ്പോൾ, ദീർഘമായ ഒരു നിശ്വാസമുതിർത്തു കൊണ്ട് മാളവിക, ലിസയെ ചേർത്തു പിടിച്ചു.
“പേടിക്കാനില്ല മാളവികാ … ധൈര്യമായിട്ട് ഇരിക്കൂ”
മാളവികയുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചുകൊണ്ട് ,
അലോഷി ലിസയെ നോക്കി.
” ലിസയ്ക്ക് വല്ലാതെ വിശക്കുന്നുണ്ടാകും മാളവികാ…. വാ
നമ്മൾക്ക് കാൻറീനിൽ പോയി വല്ലതും കഴിച്ചിട്ടു വരാം…. ”
അലോഷിയുടെ വാക്ക് കേട്ടതും മാളവിക ലിസയെ നോക്കി.
” എനിക്ക് വിശപ്പില്ല മാളൂ… നിങ്ങൾ പോയി കഴിച്ചിട്ടു വാ ”
ലിസയുടെ മറുപടി കേട്ടതും ഒരു അമ്പരപ്പോടെ അലോഷി മാളവികയെ നോക്കിയപ്പോൾ, അവൻ്റെ ചോദ്യഭാവത്തിനെന്നോണം അവൾ
പതിയെ തലയാട്ടി….!
“ലിസയെ ഒറ്റയ്ക്ക് വിട് മാളവികാ…. ”
എല്ലാം മനസ്സിലായ അലോഷി, മാളവികയെ നോക്കി പറഞ്ഞതും, ലിസയെ അവിടെ തനിച്ചാക്കി അവൾ പതിയെ എഴുന്നേറ്റു അലോഷിയുടെ പിന്നാലെ കാൻ്റീനിലേക്ക് നടന്നു….
“വിട്ടു കൊടുത്തു അല്ലേ ഹരിയെ ലിസയ്ക്ക്… അവരുടെ ബന്ധം അറിഞ്ഞപ്പോൾ നീ നടത്തിയ നാടകമായിരുന്നോ
ഡോ:കിരണിൻ്റെ പേരും പറഞ്ഞ് നടത്തിയത്?”
അലോഷിയുടെ ചോദ്യത്തിന് അവൾ പതിയെ തലയാട്ടി….
“എനിക്ക് പോലും അവരുടെ ഇടപഴകലുകളിൽ അങ്ങിനെ ഒരു ബന്ധം കണ്ടെത്താൻ സാധിച്ചില്ല… നീ എങ്ങിനെ?”
അലോഷി ചോദിച്ചതും, മാളവികയുടെ ചുണ്ടിൽ ഒരു വരണ്ട ചിരിയുതിർന്നു …
“എൻ്റെയും, ഹരിയുടെയും ചെറുപ്പം തൊട്ടുള്ള ഒരു കൂട്ടുകാരനുണ്ടായിരുന്നു… ദീപേഷ് … ദുബായിൽ ഹരിയുടെ ഒപ്പം തന്നെയാണ് അവനും ജോലി… ഒരു പെണ്ണിൻ്റെ പേരും പറഞ്ഞ് ഹരി തന്നെ അടിച്ചെന്ന് അവൻ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ ഞെട്ടി പോയി…. ”
പകുതിയിൽ നിർത്തിയ അവളെ ചോദ്യഭാവത്തോടെ അലോഷി നോക്കി.
” ചെറുപ്പംതൊട്ട് ഒന്നിച്ചു നടക്കുന്നവർ… രണ്ട് ശരീരമാണെങ്കിലും ഓരേ മനസ്സുള്ളവർ…. അവർക്കിടയിൽ ശത്രുത വരാൻ തക്കവണ്ണം ആ പെണ്ണിനുമേലുള്ള ഹരിയുടെ അധികാരത്തെ പറ്റി ഞാൻ ചിന്തിച്ചു തുടങ്ങിയിരുന്നു….
ഒടുവിൽ വകയിലുള്ള ഒരു അമ്മാവൻ ഇവരെ ഫ്ലൈറ്റിൽ വെച്ച് കണ്ടെന്നും, ഇണ കുരുവികളെ പോലെയാണ് പെരുമാറിയിരുന്നതെന്നും പറഞ്ഞപ്പോൾ എൻ്റെ ഹരി മറ്റൊരു വഴിയിലൂടെ യാത്ര തുടങ്ങിയെന്ന് ഞാൻ മനസ്സിലാക്കി….. ”
ഉള്ളിലെ സങ്കടം കടിച്ചമർത്തി മാളവിക തുടർന്നു….
“ഈ ബന്ധത്തിനെ കുറിച്ച് എന്നോടു പറയാൻ കഴിയാതെ അവനുരുകുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു…. ഈ നാടകമൊക്കെ ഹരി കളിച്ചു കൊണ്ടിരിക്കെ അവൻ ഇഞ്ചിഞ്ചായി മരിച്ചു കൊണ്ടിരിക്കാണെന്ന് എനിക്ക് അറിയാമായിരുന്നു…. അതിൻ്റെ സൂചനയായിരുന്നു ബസിനു മുന്നിലേക്കുള്ള അവൻ്റെ ബൈക്ക് ഓടിപ്പിച്ചു കയറ്റൽ…. ”
“ഇതൊക്കെ അറിഞ്ഞിരുന്ന
നിനക്കൊന്നു ആശ്വസിപ്പിക്കാമായിരുന്നില്ലേ അവനെയൊന്ന്?”
അലോഷിയുടെ ചോദ്യം കേട്ടതും, അവളുടെ ചുണ്ടിൽ ഒരു വരണ്ട ചിരിയുതിർന്നു .
” ഒരുപാട് തവണ ചോദിക്കാൻ ഒരുങ്ങിയതാണ് …
അപ്പോഴൊക്കെ മനസ്സ് സമ്മതിക്കുന്നുണ്ടായിരുന്നില്ല…. ”
പറഞ്ഞു നിർത്തി ദീർഘനിശ്വാസമുതിർത്ത അവളുടെ മിഴികളിൽ നിന്നപ്പോൾ കണ്ണീർ ചിതറി തെറിച്ചിരുന്നു….
” ഇത്രയും നാൾ
സ്വന്തമെന്നു കരുതിയവനെ
പെട്ടെന്നൊരു ദിവസം
വിട്ടുകൊടുക്കാനുള്ള എൻ്റെ സ്വാർത്ഥത കൊണ്ടായിരിക്കാം…. ”
കണ്ണുനീർ തുടച്ചുകൊണ്ട് അലോഷിക്കു നേരെ വേദന നിറഞ്ഞ ഒരു ചിരിയുതിർത്ത്, അവൾ കാൻ്റീനിലെ കസേരയിലേക്കമർന്നു…
” പെട്ടെന്ന് ആർക്കും ഉൾകൊള്ളാൻ പറ്റാത്ത സംഭവമാ നീയിപ്പോൾ ചെയ്തിരിയ്ക്കുന്നത്… എനിക്ക് പോലും ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല”
കാപ്പിയൂതി കുടിച്ചു കൊണ്ട് അലോഷി പറഞ്ഞപ്പോൾ അവൾ വേദനയോടെ ഒന്നു ചിരിച്ചു …..
” പ്രണയമെന്നാൽ സ്വാർത്ഥതയോടെ ചേർത്തു പിടിക്കൽ മാത്രമല്ലല്ലോ… ഉള്ളുരുകുകയാണെങ്കിലും സന്തോഷത്തോടെ വിട്ടു കൊടുക്കുന്നതും പ്രണയം തന്നെയാണ് … ”
മാളവികയുടെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ അലോഷി പതിയെ അവളുടെ കൈയ്ക്കു മുകളിൽ കൈവെച്ചു.
” ഇത്രനാളും സ്നേഹിച്ച ഒരുത്തനെ ഒരു എതിർപ്പും കൂടാതെ വിട്ടുകൊടുത്ത മാളവികയാണ് ഈ കഥയിലെ നായിക….”
അലോഷി പറഞ്ഞപ്പോൾ അവൾ ചിരിയോടെ തല കുടഞ്ഞു എഴുന്നേറ്റു കാൻറീനു പുറത്തേക്ക് നടന്നു.
” അത് അലോഷിക്കു തോന്നുന്നതാ…. ”
ഒരു നിമിഷം നിർത്തി അവൾ ഓപ്പറേഷൻ റൂമിനു മുന്നിൽ തളർന്നിരിക്കുന്ന ലിസയ്ക്കു നേരെ കൈ ചൂണ്ടി.
” പ്രാർത്ഥനയോടെ
ഒരു മെഴുക് തിരി പോലെ ഉരുകികൊണ്ടിരിക്കുന്ന ആ പെൺകുട്ടിയോളം ഉeണ്ടാ ഞാൻ ചെയ്ത പ്രവൃത്തി… ”
മാളവികയുടെ ചോദ്യത്തിന് ഉത്തരമില്ലാതെ അലോഷി നിന്നു.
” ഒരിക്കലുമില്ല അലോഷി… എനിക്കും ഹരിക്കും തമ്മിൽ പരിചയത്തിൻ്റെയും, സ്നേഹത്തിൻ്റയും കണക്കുകൾ മാത്രമേയുള്ളൂ…. എപ്പോൾ വേണമെങ്കിലും എന്തെങ്കിലും പറഞ്ഞു പിരിഞ്ഞു പോകാൻ പറ്റിയ ബന്ധം…. ഇപ്പോൾ ഹരിയുമായുള്ള ബന്ധം വേണ്ടെന്നും പറയാൻ പറ്റിയതും അതുകൊണ്ടാണ്… അതുപോലെയാണോ ലിസയും, ഹരിയും തമ്മിലുള്ള ബന്ധം?”
ചാറൽമഴപോലെ വീണു കൊണ്ടിരിയ്ക്കുന്ന അവളുടെ സംസാരത്തിനും, ചോദ്യത്തിനും ഉത്തരമില്ലാതെ അലോഷി നിന്നു.
” ഒരിക്കലുമല്ല അലോഷി… പരസ്പരം മനസ്സും, ശരീരവും പങ്കുവെച്ചവർ…
ഹരിയുടെ കുഞ്ഞിനെ ഉദരത്തിൽ പേറുന്നവൾ. ”
മാളവിക, പറഞ്ഞു വരുന്നത് ഒന്നു നിർത്തി കർചീഫ് എടുത്ത് മുഖം തുടച്ചു.
“ഒരു പാവപ്പെട്ട വീട്ടിലെ രണ്ട് പെൺകുട്ടികളിൽ മൂത്തവൾ…. അച്ഛനില്ലാത്ത കുഞ്ഞിനെ പ്രസവിച്ചാൽ പിഴച്ചവളെന്ന് നാട്ടുകാർ മുദ്രകുത്തുമെന്ന് അറിഞ്ഞിട്ടും … ഒരു അധികാരവും കാണിക്കാതെ…ഒറ്റയ്ക്ക് ഞാൻ കുട്ടിയെ വളർത്താമെന്ന് ഹരിയെ ആശ്വസിപ്പിച്ചു അവനെ എന്നോട് കൂടെ ചേർക്കാൻ ശ്രമിച്ചവൾ…. ‘
മാളവിക ഒന്നു നിർത്തി അലോഷിയുടെ കണ്ണുകളിലേക്ക് നോക്കി.
” അത്രയ്ക്കും മഹത്വമുണ്ടോ എൻ്റെ ഈ വിട്ടുകൊടുക്കലിന്?”
അവളുടെ ചോദ്യത്തിന് യാന്ത്രികമെന്നോണം അലോഷി
നിഷേധാർത്ഥത്തിൽ തലയിളക്കി….
” അപ്പോൾ എനിക്കൊരു പ്രതീക്ഷയുണ്ട് അല്ലേ?”
നിമിഷങ്ങൾക്കു ശേഷം കുസൃതിയോടെ അലോഷി ചോദിച്ചപ്പോഴും, അവളുടെ നോട്ടം ലിസയിൽ തന്നെ ആയിരുന്നു…
“മഞ്ഞും, മഴയും
ഒന്നുരണ്ട് വട്ടം പെയ്തു തീരട്ടെ അലോഷി… മനസ്സൊന്ന് ആറി തണുക്കട്ടെ…. എന്നിട്ട് ആലോചിക്കാം…. ”
അതും പറഞ്ഞ് ഓപ്പറേഷൻ റൂമിൻ്റെ ഡോറിലേക്ക് കണ്ണുംനട്ട്, ഒരു പ്രതിമ പോലെ ഇരിക്കുന്ന ലിസയ്ക്ക് നേരെ ധൃതിയിൽ
നടക്കുന്ന മാളവികയെ ഒന്നു നോക്കിയതിനു ശേഷം അവൻ മുകളിലേക്ക് നോക്കി പതിയെ മന്ത്രിച്ചു….
“ഭൂമിയിൽ സൻമനസ്സുള്ളവർക്ക് സമാധാനം”
ശുഭം..😚😍
തെറ്റുകളും, കുറവുകളും ഉണ്ട്…ക്ഷമിക്കുക… ഇതു വരെ പ്രോത്സാഹനം തന്ന എല്ലാ സൗഹൃദങ്ങൾക്കും നിറയെ നന്ദി…

by