ഹലോ കൂട്ടുകാരെ….3 പാർട്ട് മാത്രം ഉള്ള ചെറിയൊരു കഥയാണിത്.. എല്ലാവരും വായിച്ചു അഭിപ്രായം അറിയിക്കണേ 🙏🏻🥰)
പാർട്ട് 1
കോടതി വരാന്തയിലൂടെ കാറിനടുത്തേക്ക് നടന്നു നീങ്ങവേ കണ്ണിലൂടെ ഉരുണ്ടുരുളുന്ന നീർക്കണങ്ങളെ ആരും കാണാതെ തട്ടിതെറിപ്പിക്കുമ്പോൾ തനിക്കിതെന്താ പറ്റിയതെന്നോർത്ത് അവൾ അത്ഭുതപ്പെട്ടു. ഞാനേറെ ആഗ്രഹിച്ചിരുന്ന ദിവസം.. എന്റെ വേറൊരു വാശി കൂടി വിജയിച്ച ദിവസം. ഞാനേറെ സ്വപ്നം കണ്ടിരുന്ന ദിവസം.. പക്ഷെ അതിലൊരിക്കൽ പോലും ഒരു കണ്ണൂനീരിന്റെ നനവ് തന്റെ കവിളിലൂടെ ഒലിച്ചിറങ്ങുമെന്ന് കരുതിയില്ല.കോടതയിലൂടെ തുള്ളിചാടി അവന്റെ മുന്നിലൂടെ വിജയശ്രീ ലാളിതയായി തലയിടുപ്പോടെ നടന്നു നീങ്ങുന്ന എന്നെ മാത്രമേ ഞാൻ ഇന്നലെ വരെയും ഭാവനയിൽ കണ്ടുള്ളൂ…ഒരിക്കൽ പോലും കണ്ണീർപൊഴിച്ചു തലതാഴ്ത്തി നടന്നു നീങ്ങുന്ന എന്നെ എനിക്ക് പോലും ഉൾക്കൊള്ളാൻ ആവുന്നില്ല.
അച്ഛൻ പിന്നേയും എന്നെ പിറകിൽ നിന്ന് ഉറക്കെ വിളിക്കുന്നുണ്ട്.. ഞാൻ കേൾക്കാത്ത പോലെ നടത്തതിന്റെ വേഗത കൂട്ടി.
ഡോർ തുറന്ന് കാറിൽ കയറാൻ തുനിഞ്ഞപ്പോഴേക്കും അച്ഛന്റെ പിടിത്തം കൈത്തണ്ടയിൽ വീണിരുന്നു.
അത് അഴിച്ചു കൊടുക്കൂ തനു ..അവന്റെ ഒരോർമ്മയും ഇനി നിനക്കൊരു ബുദ്ധിമുട്ടാവേണ്ട.
അച്ഛന്റെ ഈ വാക്കുകൾക്ക് എന്നെ വേദനിപ്പിക്കാൻ മാത്രം മൂർച്ചയുണ്ടെന്ന് നേരത്തെ കേട്ടപ്പോൾതന്നെ ബോധ്യമായതാണ്… പിന്നേയും അച്ഛൻ അത് തന്നെ ആവർത്തിച്ചു പറയുമ്പോൾ കണ്ണുകൾ നിറഞ്ഞു തുളുമ്പി കൊണ്ടേയിരുന്നു.
അപ്പോഴാണ് ഞങ്ങളുടെ അടുത്തേക്ക് നടന്നു വരുന്ന വിധുവിനെ കണ്ടത്.
വേഗം പുറംതിരിഞ്ഞു നിന്ന് കണ്ണീർ ഒപ്പി.. അപ്പോഴേക്കും അച്ഛൻ താലിമാലയുടെ കൊളുത്ത് അഴിച്ചു കഴിഞ്ഞിരുന്നു.. ഞാൻ ഒന്നൂടെ ആ ആലില താലിയിൽ മുറുകെ പിടിച്ചു നെഞ്ചോടു ചേർത്തു വെച്ചു.. അച്ഛൻ അത് കാര്യമാക്കാതെ എന്നിൽ നിന്നും വിടുവിച്ചു.. പ്രിയപ്പെട്ടതെന്തോ നഷ്ടമായ വേദനയിൽ തൊണ്ടകുഴിയിൽ നിന്നും ഒരു ഗദ്ഗദം പുറത്തേക്കു ചാടി.. പിന്നിൽ നിൽക്കുന്ന വിധു അത് കേൾക്കാതിരിക്കാൻ ഞാൻ വേഗം കാറിൽ കയറി ഡോർ അടിച്ചിരുന്നു.
അച്ഛൻ താലി വിധുവിന്റെ കയ്യിനുള്ളിൽ വെച്ചു കൊടുത്ത് പറയുന്നത് കേട്ടു…
മോനെ.. ഈ താലിക്ക് നല്ലൊരു അവകാശിയെ എത്രയും പെട്ടെന്ന് തന്നെ കിട്ടട്ടെ.. മോന്റെ അമ്മയെ വിഷമിപ്പിക്കരുത്.ദിവസങ്ങൾ എണ്ണിക്കൊണ്ടിരിക്കുന്ന അവർക്ക് ഇനിയുള്ള ദിവസങ്ങളെങ്കിലും സന്തോഷവും സമാധാനവും നൽകുക.. സ്വന്തം പേരക്കുട്ടിയെ കാണാനും
മടിയിലിരുത്തി കൊഞ്ചിപ്പിക്കാനുമൊക്കെ ആ അമ്മ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്.. അതിനൊന്നും നിങ്ങളുടെ ഭൂതകാലം ഒരു തടസ്സമ്മാവരുതേ എന്ന് മാത്രമേയുള്ളൂ ഈ അച്ഛന്റെ അപേക്ഷ.. മോന് നല്ലതു മാത്രം വരട്ടെ..
അച്ഛൻ മറുപടിക്ക് കാത്തു നിൽക്കാതെ കണ്ണീർ തൂകി കൊണ്ട് കാറിന്റെ ഫ്രണ്ട് സീറ്റിൽ കയറിയിരുന്നു. ഞാൻ വണ്ടി സ്റ്റാർട്ട് ആക്കിയതും അച്ഛൻ വേഗം ഗ്ലാസ് താഴ്ത്തി കൊണ്ട് തങ്ങളെയും നോക്കി നിൽക്കുന്ന വിധുവിനെ അരികിലേക്ക് വിളിപ്പിച്ചു..
മോനെ….ബന്ധങ്ങളെ ഇവിടെ അറുത്തുമാറ്റിയിട്ടുള്ളൂ… സ്നേഹവും അടുപ്പവുമെല്ലാം എന്നും മനസ്സിലുണ്ടാവും.2 പെൺകുട്ടികൾ മാത്രമുള്ള ഞങ്ങളുടെ വീട്ടിലേക്ക് വലതുകാൽ വെച്ചു ആദ്യമായി കയറി വന്ന എന്റെ മോനാണ് നീ..ആരൊക്കെ ഇനി വന്നാലും ആ സ്ഥാനം എന്നും എന്റെ മോന് തന്നെ ഉള്ളതായിരിക്കും. എന്ത് ആവശ്യം ഉണ്ടെങ്കിലും അച്ഛനെ വിളിക്കാൻ മറക്കരുത്. ഒറ്റയ്‌ക്കായി പോയി എന്നും തോന്നരുത്.. ഞാനും ജാനകിയും എന്നും നിന്റെ കൂടെ ഉണ്ടാവും.
വിധു ഒന്നും മിണ്ടാതെ അച്ഛന്റെ കയ്യിൽ തടവി കൊണ്ട് ആശ്വസിപ്പിച്ചുനിന്നു..
എന്നാൽ പോട്ടെ മോനെ എന്നും പറഞ്ഞു അച്ഛൻ സീറ്റിൽ കണ്ണുമടച്ചു കിടന്നു..എന്നെ നോക്കി നിൽക്കുന്ന വിധുവിന്റെ മുഖത്ത് നോക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. ഞാൻ ഒന്നും പറയാതെ കാർ ഓടിച്ചു പോന്നു.
വീട്ടിൽ എത്തിയതും നേരെ റൂമിലേക്ക് ഓടി.. കണ്ണു നീരിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല.. ഡിവോഴ്സ് കിട്ടുന്ന ദിവസം fb യിലും ഇൻസ്റ്റയിലുമൊക്കെ ഇടാനുള്ള സ്റ്റാറ്റസ് വീഡിയോ 2 ദിവസം മുന്നേ ഞാൻ റെഡി ആക്കി വെച്ചിരുന്നു രാത്രിയിൽ ഫ്രണ്ട്സ്നോടെല്ലാം ഇന്നത്തെ ഡിന്നർ എന്റെ വകയാണെന്നും ഫെയസ്‌റ്റോ ക്ലബ്ബിലേക്ക് രാത്രിയിൽ എത്താനുമെല്ലാം പറഞ്ഞു വെച്ചതാണ്. കട്ട് ചെയ്യാനുള്ള കേക്ക് ഒരാഴ്ച മുന്നേ order ചെയ്തു വെച്ചിട്ടുണ്ട്.. സ്വാതന്ത്രത്തിന്റെ ആഘോഷം എല്ലാരും അറിയട്ടെ എന്ന് കരുതി. പക്ഷേ എന്നിൽ ഇങ്ങനെയൊരു മാറ്റം ഞാൻ പോലും പ്രതീക്ഷിച്ചതല്ലല്ലോ..
ഇഷ്ടദൈവത്തിന്റെ നടയിൽ വെച്ച് വിധു എന്റെ കഴുത്തിൽ താലി ചാർത്തുമ്പോൾ
ഏഴുജന്മവും ഈ താലിയുടെ അവകാശി ഞാൻ തന്നെ ആവണമേ എന്ന് ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു ഞാനപ്പോൾ.. അന്ന് മുതൽ കഴുത്തിൽ കിടക്കുന്ന താലി എനിക്കൊരു ധൈര്യമായിരുന്നു. വിധുവിനോട് വഴക്കുണ്ടാക്കി മാറി നിന്നപ്പോഴും, ഡിവോഴ്സ്ന് വേണ്ടി കാത്തിരിക്കുമ്പോഴും ഞാൻ ഓർത്തതേയില്ല ഈ താലി കഴുത്തിൽ നിന്ന് അഴിച്ചു കൊടുക്കേണ്ടി വരും എന്ന്..
ഓരോന്നോർത്ത് ഡ്രസ്സ് പോലും മാറിയിടാതെ ഞാൻ അങ്ങനെ കിടന്നു.. ഉച്ചക്ക് ആരും എന്നെ ഉണ്ണാൻ ഒന്നും വിളിച്ചില്ല. അവരറിയാതെ ഡിവോഴ്സ്ന് അപ്ലൈ ചെയ്ത മകളുടെ ഒരു കാര്യത്തിലും ഇനി അച്ഛനും അമ്മയും ഇടപെടില്ല എന്ന് തീർത്തു പറഞ്ഞിട്ടുണ്ട്. നിന്റെ വീടെന്ന നിലക്ക് നിനക്ക് ഇവിടെ വരാം.. താമസിക്കാം…. പോകാം. അത്രമാത്രം.. അതിലപ്പുറത്തേക്ക് നീ ഞങ്ങളെ ഇനി ഒന്നിനും ശല്യപ്പെടുത്തരുത്. അച്ഛൻ എന്നോട് കൈകൂപ്പി പറഞ്ഞ നിമിഷം വീണ്ടും ഓർമ്മയിലേക്ക് വന്നപ്പോൾ ഞാൻ കണ്ണുകളടച്ചു കിടന്നു.
ആർട്സ് ഡേ യ്ക്ക് കോളേജ് മൈക്കിലൂടെ ഒഴുകി വന്ന പാട്ടിന്റെ മധുരമുള്ള ശബ്ദത്തിന്റെ ഉടമയ്ക്കായ് ഓഡിറ്റോറിയത്തിലേക്ക് ഓടി കിതച്ചു വന്നപ്പോൾ ആണ് ആദ്യമായ് ഞാൻ വിധുവിനെ കാണുന്നത്. അതായിരുന്നു തുടക്കം.പിന്നെ അവന്റെ മനസ്സിലേക്ക് കയറി പറ്റാനുള്ള തത്രപ്പാടിൽ ആയിരുന്നു ഞാൻ. പല പെൺകുട്ടികളും അവന്റെ ഒരു നോട്ടത്തിനായി ക്യൂ ആണെന്ന് മനസ്സിലായപ്പോൾ നേരിട്ട് തന്നെ ഞാൻ എന്റെ ഇഷ്ടം അവനെ അറിയിച്ചു.
അവൻ അപ്പോൾ തന്നെ എന്നെ വിലക്കി.. നീ സ്വപ്നം കാണുന്ന തരത്തിലുള്ള ഒരു ആളോ ജീവിതമോ അല്ല എന്റേത്..കാൻസർ രോഗിയായ അമ്മ, അച്ഛൻ ചെറുപ്പത്തിലേ മരിച്ചു, കൂടപ്പിറപ്പുകൾ ആരും ഇല്ല.. അച്ഛന്റെയും അമ്മയുടെയും ഇന്റർകാസ്റ്റ് മാര്യേജ് ആയതു കൊണ്ട് കുടുംബങ്ങളും ഇല്ല. അമ്മയെ വിട്ട് ഒരു ലോകം എനിക്കില്ല.. നീ ഇപ്പോൾ പഠിക്കുന്ന MBA കൊണ്ട് ലക്ഷ്യമാക്കുന്നത് എന്റെ കുഗ്രാമത്തിലേക്ക് വന്ന് എന്റെ അമ്മയെയും വീട്ടു കാര്യങ്ങളും നോക്കി, അടുത്തുള്ള ഏതെങ്കിലും ടൗണിൽ ചെറിയൊരു കമ്പനിയിൽ ജോലി ചെയ്യാൻ ആണോ തനുശ്രീ..അല്ലല്ലോ…നിന്റെ സ്വപ്‌നങ്ങൾ വളരെ വലുതാണ്.. അതിനു അനുസരിച്ചുള്ള ജീവിതമാണ് നീ തിരഞ്ഞെടുക്കേണ്ടത്.. മുപ്പതാം വയസ്സിൽ വിധവയായ എന്റെ അമ്മ ഇത്രയും കാലം എനിക്ക് വേണ്ടി ജീവിച്ചു. ഇനി എനിക്ക് അമ്മയ്ക്ക് വേണ്ടി ജീവിച്ചേ മതിയാവൂ.. അതിനിടയിൽ പ്രേമമോ, ഒരു വിവാഹമോ ഒന്നും എന്റെ ചിന്തയിലേക്ക് വന്നിട്ടില്ല . എന്റെ അമ്മയുടെ ജീവൻ രക്ഷിക്കണം.. അത് മാത്രമേ എന്റെ മനസ്സിലുള്ളൂ ..തനുശ്രീയുടെ നല്ലൊരു ഫ്രണ്ടായി ഞാൻ എന്നും കൂടെ ഉണ്ടാകും.. അതിലപ്പുറത്തേക്ക് എന്നെ പ്രതീക്ഷിക്കണ്ട.
അവസാനത്തെ അവന്റെ വാക്കുകൾ ഒന്നൂടെ ഗൗരവം നിറഞ്ഞതായിരുന്നു.
ഞാൻ വിധു ആഗ്രഹിക്കുന്ന വിധത്തിലുള്ള ഒരു ഭാര്യയായി ജീവിച്ചാൽ വിധു എന്നെ സ്വീകരിക്കുമോ?
ഉള്ളിൽ ആളികത്തുന്ന ദേഷ്യം അടക്കി പിടിച്ചു കൊണ്ട് സൗമ്യതയോടെ അവൻ പറഞ്ഞു.
ഇപ്പോൾ ആദ്യം പഠിക്കൂ കുട്ടി.. കല്യാണമൊക്കെ അതു കഴിഞ്ഞുള്ള കാര്യമല്ലേ
പിന്നീട് വിധുവിനെ കാണാൻ മാത്രം കോളേജിലേക്ക് പോകുക എന്ന പോലെ ആയി ഞാൻ .. അവൻ ആണെങ്കിൽ എന്റെ മുന്നിലേക്ക് വരാതെ മാക്സിമം ഒഴിഞ്ഞു മാറി നടന്നു..
അങ്ങനെ രണ്ടു കൊല്ലം പോയതറിഞ്ഞില്ല. വീട്ടിൽ കല്യാണാലോചകൾ വന്നു തുടങ്ങിയപ്പോൾ ഞാൻ അച്ഛനോട് കാര്യം പറഞ്ഞു.. ആഗ്രഹിച്ചത് നേടിയെടുക്കുക എന്നുള്ളത് എന്റെ ചെറുപ്പം മുതലേയുള്ള സ്വഭാവം ആണ്.. എന്റെ വാശിയിൽ പലതും വീട്ടുകാർ സമ്മതം മൂളുമ്പോൾ അവരെ കുറിച്ച് ഞാൻ ഓർക്കാറേയില്ല. ഈ കാര്യത്തിലും അത് തന്നെ സംഭവിച്ചു.
എന്റെ വാശിക്ക് മുന്നിൽ അച്ഛൻ വിധുവിന്റെ വീട്ടിൽ പോയ് സംസാരിക്കാം എന്നായി.
വിധുവിന്റെ വീട്ടിൽ പോയി വന്നതിനു ശേഷം അച്ഛന്റെ മുഖത്ത് ഒരു തെളിച്ചയില്ലായ്മ കാണപ്പെട്ടു.അമ്മയോടും അനിയത്തി ഗായുവിനോടും എത്ര ചോദിച്ചിട്ടും അവർ മൗനവ്രതം പൂണ്ടു.
അച്ഛൻ രാത്രിയിൽ അത്താഴം കഴിക്കുമ്പോൾ ആണ് എന്നോട് സംസാരിച്ചത് .
മോളെ.. നീ പറഞ്ഞതിനേക്കാൾ പാവം പിടിച്ച ഒരു മോനും ഒരു അമ്മയും.. അവരുടേതായ ഒരു കൊച്ചു ലോകം…അവരിടയിലേക്ക് അവരെ പോലെ ഒരു പാവം കൊച്ചായിരിക്കും നല്ലത്.. മോളിത് മറന്നേക്ക്…
അപ്പോൾ ഞാൻ ഭയങ്കര ദുഷ്ടയാണെന്നാണോ അച്ഛൻ പറഞ്ഞു വരുന്നത്?
അങ്ങനെ അല്ല മോളെ … മോൾക്ക് അവിടെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റും എന്ന് തോന്നുന്നില്ല.ഒരു കുഗ്രാമത്തിൽ ഉള്ളിലേക്കായി ചെറിയൊരു ഒറ്റ നില ടെറസ് വീട്.. സിറ്റിയിലേക്ക് വരണം എന്നുണ്ടെങ്കിൽ 30 km ദൂരമുണ്ട്.. ചെറിയ പെട്ടിക്കടകളും പാടങ്ങളും തോടും ഒക്കെയുള്ള
നല്ല ഭംഗിയുള്ള ഗ്രാമം..നമ്മൾ വല്ല പിക്നിക്നൊക്കെ പോകുകയാണെങ്കിൽ ഓക്കേ.. പക്ഷേ അതങ്ങനെ അല്ലല്ലോ.. പിന്നെ ഒരു ചായ പോലും ഇടാത്ത നീ എങ്ങനെ അവിടെപ്പോയി ചോറും കറികളുമൊക്കെ ഉണ്ടാക്കി ഒരു വീട് കൊണ്ടു നടത്തും.. അവര് അങ്ങനെയൊക്കെയുള്ള ഒരു മരുമോളെയാണ് ആഗ്രഹിക്കുന്നത്. നമ്മുടെ പോലെ അടുക്കള പണിക്കൊന്നും ആളില്ല. പിന്നെ നിന്റെ സ്വപ്നം UK യിലൊക്കെ പോയി വർക്ക് ചെയ്യണം എന്നല്ലേ.. ഞാൻ വിധുവുമായി കുറേനേരം സംസാരിച്ചു.. അവൻ പറഞ്ഞത് അവന്റെ നാടും അമ്മയെയും വിട്ട് വേറൊരു ലോകം അവനുണ്ടാവില്ല എന്നാണ്.. അവനും എന്നെ പോലെയുള്ള ആശങ്കകൾ തന്നെയാണ്.. രണ്ടു ധ്രുവങ്ങളിൽ കിടക്കുന്ന നിങ്ങൾ തമ്മിൽ എങ്ങനെയും ശരിയാവില്ല എന്നാണ് അവൻ പറഞ്ഞത്.
അച്ഛാ.. എന്റെ കാര്യം ഞാൻ അല്ലേ പറയേണ്ടത്.. അല്ലാതെ അച്ഛനും അവനും അല്ലല്ലോ.. ഏത് നരകം ആണേലും എനിക്ക് കുഴപ്പമില്ല അച്ഛാ…. കൂടെ വിധു ഉണ്ടെങ്കിൽ എന്തും അഡ്ജസ്റ്റ് ചെയ്യാൻ എനിക്ക് കഴിയും..എനിക്കുറപ്പാണ്..
ഇതെല്ലാം കേട്ടിരുന്ന അമ്മ പറഞ്ഞു
മോളെ.. അഡ്ജസ്റ്മെന്റ് എന്നുള്ളത് വായ കൊണ്ട് പറയാൻ എളുപ്പമാണ്.. പക്ഷേ അത് ജീവിച്ചു കാണിക്കാൻ പറയുന്നത് പോലെ അത്ര എളുപ്പമല്ല..അച്ഛൻ നിനക്ക് മനസ്സിലാവുന്ന ഭാഷയിൽ എല്ലാം പറഞ്ഞു തന്നിട്ടുണ്ട് ഇനിയെല്ലാം നിന്റെ ഇഷ്ടം പോലെ..
അന്ന് രാത്രിയിൽ വിധു എന്നെ ഫോൺ വിളിച്ചു. അവന് മനസിലാക്കി തരാൻ പറ്റുന്ന വിധത്തിൽ അവനും എന്നോട് സംസാരിച്ചു.
എല്ലാം കേട്ടു കഴിഞ്ഞതിന് ശേഷം അച്ഛനോട് പറഞ്ഞത് പോലെ തന്നെ അവനോടും മറുപടി പറഞ്ഞു.
ഏത് നരകം ആണേലും എനിക്ക് കുഴപ്പമില്ല വിധു ….. നീ കൂടെ ഉണ്ടെങ്കിൽ എന്തും അഡ്ജസ്റ്റ് ചെയ്യാൻ എനിക്ക് കഴിയും..നീയാണ് എന്റെ സ്വർഗം.
അങ്ങനെ എന്റെ തീരുമാനം ഉറച്ചതായതിനാൽ പെണ്ണുകാണലും നിശ്ചയവും കല്യാണവും വിരുന്നും എല്ലാം തകൃതിയായി നടന്നു. വിധുവിന്റെ വീട്ടിൽ അവർ ആഗ്രഹിക്കുന്ന ഒരു മരുമോളായി തന്നെ ഞാൻ ജീവിച്ചു പോന്നു.. വിധുവിന്റെ സ്നേഹത്തിനു മുന്നിൽ എല്ലാം അഡ്ജസ്റ്റ് ചെയ്യാൻ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു.. അത്രയും സ്നേഹവും പരിഗണനയും സംരക്ഷണവുമെല്ലാം വിധു എനിക്ക് വാരിക്കോരി തന്നു ..ഞാനും എന്റെ പ്രണയം വിധുവിന്മേൽ പൊഴിയിച്ചു കൊണ്ടിരുന്നു.
കോളേജിലെ ഞങ്ങളുടെ കോമൺ ഫ്രണ്ട് ആയ മഞ്ജിമയുടെ മാര്യേജിന്റെ അന്ന് അമ്മയ്ക്ക് കീമോ ഉള്ളതിനാൽ വിധു എന്നോട് തനിച്ചു പോകാൻ പറഞ്ഞത് മുതൽ ആണ് ഞങ്ങൾക്കിടയിൽ ചെറിയ വിള്ളലുകൾ ഉണ്ടായി തുടങ്ങിയത്.
ഞങ്ങളുടെ കല്യാണത്തിന് അച്ഛൻ സമ്മാനമായി ഒരു കാർ തന്നിരുന്നു. എനിക്ക് ഡ്രൈവിങ്ങും അറിയുന്നത്കൊണ്ട് മഞ്ജിമയുടെ മാര്യേജ് ന് ഒറ്റയ്ക്ക് പോകുന്നത് ഒരു ബുദ്ധിമുട്ടായി തോന്നിയതേയില്ല.. എങ്കിലും വിധു കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ എന്ന് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തപ്പോൾ തോന്നി.എങ്കിലും അവിടെയെത്തി പഴയ ഗാങ് നെയെല്ലാം കണ്ടപ്പോൾ ഞാൻ ഓക്കേ ആയി. എല്ലാവരും അവരുടെ പുതിയ ജോലിയെ കുറിച്ചും മറ്റും വാചാല ആകുമ്പോൾ തനിക്ക് പറയാൻ മാത്രം ഒന്നുമില്ലെന്ന് സ്വയം തോന്നി .. ഫൈനൽ എക്സാമിന് 4 സപ്ലി ഉണ്ടായിരുന്ന ലക്ഷ്മി പോലും അമേരിക്കയിലേക്ക് ജോലി ശരിയായി അടുത്ത മാസം പോവുകയാണെന്ന് കേട്ടപ്പോൾ കോളേജ് ടോപ്പർ ആയ എനിക്ക് പറയാനുള്ളത് അടുക്കള പണിയും,മുറ്റം തൂക്കലും, അമ്മയെ നോക്കലും മാത്രമാണ് എന്നുള്ളത് എന്നെ വീർപ്പുമുട്ടിച്ചു കൊണ്ടേയിരുന്നു.അന്ന് തിരിച്ചു വീട്ടിലെത്തിയതിനു ശേഷം ഞാൻ ആകെ മൂഡ് ഓഫ് ആയിരുന്നു. എന്റെ മാറ്റം വിധു പെട്ടെന്ന് തന്നെ മനസ്സിലാക്കി. ഞാൻ ഒറ്റയ്ക്ക് കല്യാണത്തിന് പോയ സങ്കടം ആണെന്നാണ് അവൻ ധരിച്ചിരിക്കുന്നത്.. അതിനാൽ അവൻ എന്നോട് കുറേ സോറിയൊക്കെ പറഞ്ഞു.
അന്ന് ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ഞാൻ പെട്ടെന്ന് വിധുനോട് ചോദിച്ചു.
നമുക്ക് ബാംഗ്ലൂരിലേക്ക് ഷിഫ്റ്റ് ചെയ്താലോ വിധു.
അതെന്തെപ്പോ തനു…ഇങ്ങനെ പെട്ടെന്ന് ചോദിക്കാൻ?
ഒന്നുമില്ലഡാ… നീ ജോലിക്ക് പോയി കഴിഞ്ഞാൽ എനിക്ക് ബോറടിക്കാൻ തുടങ്ങും. പണികൾ എല്ലാം ചെയ്തു കഴിഞ്ഞാൽ പിന്നെ സമയമേ പോകുന്നില്ല.. ബാംഗ്ലൂരിൽ ആണെങ്കിൽ നമുക്ക് 2 പേർക്കും പെട്ടെന്ന് അവിടെ ജോബ് കിട്ടും.. അമ്മയ്ക്ക് ഇവിടുത്തെക്കാൾ നല്ല ട്രീറ്റ്മെന്റ് ഉം കിട്ടുമല്ലോ.നിനക്കെന്തു തോന്നുന്നു?
എടോ.. എന്റെ അവസ്ഥ തന്നോട് എത്രയോ തവണ പറഞ്ഞു മനസ്സിലാക്കി തന്നതല്ലേ.. അമ്മയെയും ഈ നാടും വിട്ട് ഞാൻ എങ്ങോട്ടും തത്കാലത്തേക്കില്ല. പിന്നെ ഞാൻ ഒരു കാര്യം സർപ്രൈസ് ആയി വെച്ചതായിരുന്നു. എന്തായാലും നീ ഇങ്ങോട്ട് പറഞ്ഞ സ്ഥിതിക്ക് ഇനി മൂടിവെയ്ക്കുന്നില്ല.. നിനക്കൊരു ജോബ് ഞാൻ എന്റെ ഫ്രണ്ടിനോട് പറഞ്ഞു കൊച്ചിയിൽ ശരിയാക്കിയിട്ടുണ്ട്.. നീ ഇവിടെ കിടന്നു കഷ്ട്ടപെടുന്നത് ഞാൻ കാണുന്നുണ്ട്.. എന്നേക്കാൾ സങ്കടം അമ്മയ്ക്കാണ്. നല്ലൊരു പെങ്കൊച്ചിനെ കൊണ്ടു വന്ന് ഇവിടെ തളച്ചിടാൻ ആണോ ഉദ്ദേശം എന്നും പറഞ്ഞു എന്നെ ചീത്ത പറയാൻ തുടങ്ങിയിട്ട് കുറേ ആയി. എന്തായാലും നീ ഹാപ്പി ആയിലേ തനൂട്ടാ… അവൻ സ്നേഹത്തോടെ എന്നെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു.
അപ്പോൾ ഞാൻ ഒറ്റയ്ക്കാണോ കൊച്ചിയിലേക്ക് പോകേണ്ടത്?
അതേ. നിനക്ക് എല്ലാ വീക്കെൻഡ് ലും ഇങ്ങോട്ടേക്കു വരാലോ തനു.. പിന്നെന്താ..
അപ്പോൾ എന്നെ തനിച്ചു വിടുന്നതിൽ ഒരു സങ്കടവും ഇല്ലാലേ.. അമ്മയെ പിരിഞ്ഞിരിക്കാനെ ബുദ്ധിമുട്ടുള്ളൂ… അല്ലേ?
എന്താ തനു നീ ഇങ്ങനെ പിള്ളേരെ പോലെ സംസാരിക്കുന്നത്.
ഓഹ്.. ഞാൻ പറയുന്നതിൽ മാത്രേ കുഴപ്പമുള്ളൂ… നീ പ്രവർത്തിക്കുന്നതെല്ലാം ശരിയാണല്ലോ..ആണോ വിധു?
എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ ആയില്ല
എന്താ തനു നീ ഇങ്ങനെയൊക്കെ പറയുന്നേ.. ജോലിയുടെ കാര്യം കേൾക്കുമ്പോൾ നീ ഹാപ്പി ആവും എന്നാ ഞാൻ കരുതിയെ
വിധു.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. എന്തു കൊണ്ട് അമ്മയെയും കൊണ്ട് കൊച്ചിയിലേക്കോ ബാംഗ്ലൂരിലേക്കോ നമുക്ക് മാറിക്കൂടാ?
തനു.. നമ്മൾ 2 പേരും ജോലിക്ക് പോയാൽ അമ്മ പാവം ആ ഫ്ലാറ്റിൽ ഇരുന്നു വീർപ്പുമുട്ടും.. നീ അമ്മയുടെ അവസ്ഥ കൂടി ഓർത്തു നോക്കെടാ..പ്ലീസ്
അങ്ങനെയെങ്കിൽ നീ ഇപ്പോൾ എനിക്ക് ജോലി റെഡി ആക്കിയതോ? ഞാനും നീയും ജോബിന് പോയാലും അമ്മ ഇവിടെയും തനിച്ചാവില്ലേ?
അവിടത്തെ പോലെ ആണോ തനു ഇവിടെ.. ഇവിടെ അമ്മയ്ക്ക് ചുറ്റും അമ്മയുടെ കൂടെപിറപ്പുകളെ പോലെയുള്ള അയൽക്കാർ ഉണ്ട്.. നീ കണ്ടിട്ടില്ലേ അമ്മയൊന്ന് തുമ്മിയാൽ പോലും എത്ര പേരാ എന്താ രമേച്ചി എന്നും ചോദിച്ചു ഓടി വരുന്നത്..ഈ സ്നേഹവും കരുതലുമൊക്കെ നമുക്ക് അറിയാത്ത നാട്ടിൽ പോയാൽ കിട്ടോ. ഇവിടെ അമ്മയെ ഒരു രാത്രി ഒറ്റക്കിട്ട് പോയാലും എനിക്ക് പേടിയില്ലെടോ.. അതുകൊണ്ട് തന്നെ അല്ലേ നമുക്ക് ഹണിമൂൺ എല്ലാം നിന്റെ ഇഷ്ടപ്രകാരം പോലെ എല്ലായിടത്തും സ്റ്റേ ചെയ്യാനുമൊക്കെ സാധിച്ചത്..പിന്നെ അമ്മ എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ അച്ഛന്റെ കൂടെ കയ്യും പിടിച്ചു കയറി വന്നത് ഈ മണ്ണിലേക്കാ.. എന്റെ അച്ഛൻ ഉറങ്ങുന്നതും ഈ മണ്ണിലാ..ഈ വയ്യാത്ത അമ്മയെ ഇനി പുതിയൊരു പറച്ചു നടലിനു ഞാൻ സമ്മതിക്കില്ല.. ഇനി അമ്മ സമ്മതിച്ചാലും..
അവനും ദേഷ്യത്തിൽ തന്നെ ആയിരുന്നു.ഇനി സംസാരിച്ചിട്ട് കാര്യമില്ല എന്നെനിക്ക് മനസ്സിലായി.
പിറ്റേ ആഴ്ച തന്നെ ഞാൻ കൊച്ചിയിലേക്ക് ചേക്കേറി.. വിധുവിനെ പിരിഞ്ഞിരിക്കുന്നത് ആദ്യമൊക്കെ അസഹ്യമായിരുന്നെങ്കിലും ആഴ്ചയിൽ ഞാൻ അങ്ങോട്ടേക്ക് പോവുകയോ അല്ലെങ്കിൽ വിധു എന്റെ അടുത്തേക്ക് വരികയോ ചെയ്യും.. വിധു വരുമ്പോൾ എന്നെ എത്രയൊക്കെ സന്തോഷിപ്പിച്ചാലും എന്റെ കൂടെ ഷിഫ്റ്റ് ചെയ്യാത്തതിന്റെ പരിഭവം എന്റെ മനസ്സിൽ കരടായി തന്നെ കിടന്നു. കിട്ടുന്ന ഗ്യാപ്പിൽ അതും പറഞ്ഞ് വിധുനെ കുത്തി നോവിക്കാനും ഞാൻ മറന്നില്ല.
കമ്പനിയിൽ കയറി 4 മാസം ആയപ്പോൾ ആണ് അവരുടെ തന്നെ ബാംഗ്ലൂരിലേക്കുള്ള ഓഫീസിലേക്ക് എനിക്ക് പ്രൊമോഷൻ ആയത്.. ഞാൻ അതീവ സന്തോഷത്തോടെ വിധുവിന് വിളിച്ചു പറഞ്ഞപ്പോൾ അവൻ അതു വേണോടാ.. അത്രയും ദൂരെക്ക് പോണോ.. എന്ന് ചോദിച്ചത് എനിക്കിഷ്ട്ടമായില്ല..
വിധുവിനെക്കാൾ നല്ല ജോബ് ഓഫർ കിട്ടിയതിന്റെ ഈഗോ ആണോ എന്ന് ഞാൻ ഉടനെ ചോദിച്ചു
ഒരിക്കലും അല്ലെടോ.. കൊച്ചിയിൽ ആവുമ്പോൾ ഒരാഴ്ച നിന്നെ പിരിഞ്ഞിരുന്നാൽ മതിയായിരുന്നു.. ഇതിപ്പോൾ മാസത്തിലെങ്കിലും നമ്മൾ കാണുമോ… എനിക്ക് നിന്നെ അത്ര ദിവസമൊന്നും കാണാതിരിക്കാൻ വയ്യെടോ…
അവൻ സങ്കടപ്പെട്ടു.
അതിനുള്ള സൊല്യൂഷൻ ഒക്കെ വിധുവിനോട് പറഞ്ഞതല്ലേ ഞാൻ… അമ്മയെയും കെട്ടിപിടിച്ചു ആ വീടിനു കാവലിക്കണം എന്ന് ശഠിക്കുന്നവരോട് കൂടുതൽ എന്ത് പറയാൻ എന്നും പറഞ്ഞു ഞാൻ വേഗം ഫോൺ കട്ട് ചെയ്തു.
ബാംഗ്ലൂരിലെ ഓഫീസിൽ ജോലി ഭാരം കൂടുതലായിരുന്നു.. പലപ്പോഴും നൈറ്റ് ഷിഫ്റ്റ് എല്ലാം എടുക്കേണ്ടി വന്നു.. വിധു ഫോൺ ചെയ്യുമ്പോൾ പലപ്പോഴും തിരക്ക് പറഞ്ഞ് ഫോൺ കട്ട് ചെയ്യേണ്ടി വന്നു.2 മാസം കൂടുമ്പോൾ നാട്ടിലേക്ക് 2 ദിവസത്തെ ലീവ് ഒപ്പിക്കാൻ പലപ്പോഴും എംഡി യുടെ കാലു പിടിക്കേണ്ട അവസ്ഥ ആയിരുന്നു.. നാട്ടിൽ എത്തിയാലും വീട്ടിൽ നിൽക്കാൻ ഒന്നും നേരം കാണില്ല.. 2 ദിവസം കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ടാകും.. രാത്രിയിൽ വിധുവിന്റെ നെഞ്ചിൽ ചേർന്ന് കിടക്കുമ്പോൾ ഇനി തിരിച്ചു പോകുന്നില്ല എന്നൊക്കെ കരുതും .. പക്ഷേ വിധു വിചാരിച്ചിരുന്നെങ്കിൽ എല്ലാം സ്മൂത്ത് ആയി കൊണ്ടു പോകാൻ പറ്റുമായിരുന്നല്ലോ എന്ന ചിന്ത എന്നിലെ വാശിയെ വീണ്ടും ഊതി വീർപ്പിക്കും..
അങ്ങനെയിരിക്കെ ആണ് uk യിലെ വളരെ പ്രസ്തമായ കമ്പനിയിലേക്ക് അപ്രതീക്ഷിതമായി എനിക്ക് ഒരു ജോബ് ഓഫർ കിട്ടുന്നത്. എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്ന ഗൗതം അവിടെ ആ കമ്പനിയിൽ ആണ് വർക്ക് ചെയ്യുന്നത്.. കോളേജിൽ പഠിക്കുമ്പോഴേ എല്ലാവർക്കും അറിയാം എനിക്ക് uk യിൽ പോയി ജോബ് ചെയ്യണം എന്നൊക്കെയുള്ള ആഗ്രഹം.. അങ്ങനെ ആണ് അവൻ അത് ഓർമിച്ചു കൊണ്ട് എന്നെ വിളിച്ചത്.. എന്റെ cv എല്ലാം അവന് അയച്ചു കൊടുക്കാൻ പറഞ്ഞു..അതു കഴിഞ്ഞ് online വഴി ഇന്റർവ്യൂ ഉം കഴിഞ്ഞ് ഞാൻ സെലക്ടഡ് ആയി എന്നതിന് ശേഷം ഞാൻ ബാംഗ്ലൂരിലെ ജോബ് റിസൈൻ ചെയ്തു. വിധുവിനോട് നേരിട്ട് പറഞ്ഞു മനസ്സിലാക്കാം എന്ന ചിന്തയിൽ ഒന്നും ഞാൻ ആരെയും അറിയിച്ചില്ല.
വീട്ടിലെത്തി രാത്രിയിൽ വിധുവിന്റെ നെഞ്ചിൽ തല ചേർത്ത് കിടക്കുമ്പോൾ മനസ്സാകെ അസ്വസ്ഥമായിരുന്നു.. എങ്ങനെ നല്ല രീതിയിൽ അവനോട് അവതരിപ്പിക്കും എന്ന ചിന്ത വീർപ്പു മുട്ടിച്ചുകൊണ്ടിരുന്നു.
എന്താടോ. താൻ ഒന്നും മിണ്ടാത്തെ.. ആകെ ഒരു ടെൻഷൻ പോലെ..
വിധു എന്റെ മുഖം ഉയർത്തി കൊണ്ട് ചോദിച്ചു..
ഒന്നും ഇല്ലെടോ…
മ്മ്മ്.. എന്നാൽ ഞാൻ ഒരു കാര്യം പറയട്ടെ തനൂട്ടി..
മ്മ്മ്.. പറഞ്ഞോളൂ..
ബാംഗ്ലൂരിലെ ജോബ് നമുക്ക് കുറച്ചു കാലത്തേക്ക് റിസൈൻ ചെയ്താലോ..
അതെന്തിനാ. ഞാൻ ഞെട്ടലോടെ ചോദിച്ചു..
അതല്ലെടോ… നമ്മുടെ കല്യാണം കഴിഞ്ഞിട്ടിപ്പോ 2 വർഷം ആയി.. എന്നും നമ്മൾ രണ്ടും മാത്രം മതിയോ.. നമുക്കിടയിൽ ഒരാൾ കൂടെ വരേണ്ട സമയം ആയില്ലേ തനു.. നീയും അത് ആഗ്രഹിക്കുന്നില്ലേഡാ …
അവൻ ആർദ്രമായി ചോദിക്കുന്നത് കേട്ട് ഞാൻ ആകെ വല്ലാതെ ആയി… എന്റെ uk എന്ന സ്വപ്നം എന്നെ പല്ലിളിച്ചു കാണിക്കുന്നത് പോലെ തോന്നി എനിക്ക്…
അത് ദൈവം തരുന്ന കാര്യമല്ലേ വിധു.. സമയം ആവുമ്പോൾ ദൈവം നമുക്ക് തരും.. അപ്പോൾ സന്തോഷത്തോടെ നമുക്ക് സ്വീകരിക്കാം… ഓക്കേ
അതൊക്കെ ശരി തന്നെ.. പക്ഷേ അക്കരെയും ഇക്കരേയും നിൽക്കുന്ന നമ്മുടെ കാര്യത്തിൽ ദൈവം വല്ലാതെ ബുദ്ധിമുട്ടി നിൽക്കാഡോ.. ദൈവത്തിനെ വിഷമിപ്പിക്കുന്നതിലും ഇത്തിരി പരിധിയില്ലെടോ.ഇപ്പോൾ ലാസ്റ്റ് വന്ന രണ്ട് മാസവും നിനക്ക് പീരിയഡ് ആയിരുന്നു..6 മാസം ആയടോ നമ്മൾ തമ്മിൽ…… പിന്നെ അമ്മയും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് നമ്മുടെ കുഞ്ഞിനെ ഒന്ന് കാണാൻ.. അമ്മയുടെ അവസ്ഥ വളരെ മോശം ആയി കൊണ്ടിരിക്കാണ്. എത്ര നാൾ എന്ന് പോലും അറിയാത്ത നിലയിലേക്ക് എത്തിയിരിക്കുന്നു..ഇനിയും ഇങ്ങനെ…… എന്ത് പറഞ്ഞു ഒഴിഞ്ഞു മാറും ഞാൻ
ഓഹ് അല്ലെങ്കിലും അമ്മയുടെ സന്തോഷങ്ങളും ആഗ്രഹങ്ങളും നിറവേറ്റിയാൽ മതിയല്ലോ.. ഞാൻ അല്ലെങ്കിലും നിന്റെ ആരാ.. എന്റെ ആഗ്രഹങ്ങൾ ഞാൻ ആരോടാ പറയേണ്ടേ… എനിക്കും ഇല്ലേ സ്വപ്നങ്ങളും മോഹങ്ങളും.. അതോ അതൊന്നും എനിക്ക് പാടില്ല എന്നുണ്ടോ
ഞാൻ ഏങ്ങി കരഞ്ഞു
എന്താ മോളെ.. എന്തിനാ നീയീ കരയുന്നത്?
വിധുവിനു അറിയോ എന്റെ ഏറ്റവും വലിയ സ്വപ്നം നടക്കാൻ പോവാണ് എന്നറിഞ്ഞിട്ടും എനിക്കൊന്നു മനസ്സ് നിറഞ്ഞു സന്തോഷിക്കാൻ പോലും പറ്റുന്നില്ല.. എല്ലായിടത്തും എന്നെ കയറിട്ടു വരിഞ്ഞു മുറുക്കുന്നത് പോലെ.. എന്റെ ഫ്രീഡം കല്യാണം കഴിഞ്ഞതോടെ നഷ്ട്ടമായിരിക്കുന്നു.. പക്ഷേ ഇനി എനിക്ക് ഇങ്ങനെ വീർപ്പുമുട്ടി ജീവിക്കാൻ വയ്യ..അധികം വൈകാതെ തന്നെ ഞാൻ uk യിലേക്ക് പോവുകയാണ്. അതിനിടയിൽ കുട്ടി കൊച്ച് എന്നൊന്നും പറഞ്ഞു എന്നെ തളച്ചിടാൻ വരരുത്… പ്ലീസ്
കൈകൂപ്പി കൊണ്ട് ഞാൻ റൂമിൽ നിന്നും പുറത്തിറങ്ങി…
രാവിലെ കാറിന്റെ ശബ്ദം കേട്ടാണ് ഞാൻ പുറത്തേക്ക് വന്നത്..അച്ഛനും അമ്മയും ആണ്.. ഇന്നലത്തെ വിശേഷങ്ങൾ എല്ലാം വിധു വള്ളിപുള്ളി വിടാതെ അവിടെ അറിയിച്ചിട്ടുണ്ടെന്ന് അച്ഛന്റെ മുഖം കണ്ടപ്പോഴേ മനസിലായി..
എന്താ തനു നിന്റെ പ്രശ്നം.. നിന്റെ കാര്യങ്ങൾ നീ ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ മാത്രം ആയോ
വന്ന് കയറിയപ്പോൾ തന്നെ അച്ഛൻ എന്നോട് കയർത്തു.
ഞാൻ ചെറിയ കുട്ടി ഒന്നും അല്ല അച്ഛാ.. അത്യാവശ്യം maturity എനിക്കും ആയിട്ടുണ്ട്..
എന്നിട്ട് ആരോടും പറയാതെ uk യിലേക്ക് പോകുന്നതാണോ നിന്റെ മച്ചൂരിറ്റി?
അച്ഛനും അമ്മയ്ക്കും അറിയുന്നതല്ലേ അതെന്റെ ഏറ്റവും വലിയ സ്വപ്നം ആണെന്ന്.
അറിയാം.. പക്ഷേ നിനക്ക് നിന്റെ സ്വപ്‌നങ്ങൾ നിറവേറ്റാമായിരുന്നു.. പണ്ട്…നിന്റെ കല്യാണത്തിന് മുൻപ്. പക്ഷേ ഇപ്പോൾ അതിനുള്ള അർഹത നിനക്കില്ല തനു.. നീ വിധുവിനെ കല്യാണം കഴിക്കാൻ വാശി പിടിച്ചപ്പോൾ നീ പറഞ്ഞത് എന്തൊക്കെയാ.. വിധു ഉള്ളിടത്തു നിനക്ക് സന്തോഷം ആണെന്ന്.. ആ സന്തോഷം ഒക്കെ മതിയായോ നിനക്ക്.. വിധു അവന്റെ കാര്യങ്ങൾ നിന്നോട് വ്യക്തമായി പറഞ്ഞു തന്നെ ആണ് നിന്നെ വിവാഹം കഴിച്ചത്.. എന്നിട്ടും അവൻ നിന്നെ കൊച്ചിയിലേക്കും ബാംഗ്ലൂരിലേക്കും ജോലിക്ക് വിട്ടു.. അതവന്റെ മനസ്സിന്റെ വിശ്ശാലത… പക്ഷേ നീയോ… അവൻ ഉള്ളിടത്ത് ജീവിക്കാം അഡ്ജസ്റ്റ് ചെയ്യാം എന്ന് പറഞ്ഞ നീ ചെയ്തതെന്താ മോളെ… ഞാൻ നിന്നോട് പറഞ്ഞതല്ലേ ഒരു പാവം അമ്മയും മോനും ആണ് അവർക്ക് നിന്നെ പോലെയുള്ള ഒരു മോളെ അല്ല വേണ്ടതെന്ന്..
അച്ഛൻ രാവിലെ തന്നെ പ്രസംഗിക്കാൻ വന്നതാണോ?.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ തീരുമാനത്തിൽ മാറ്റമില്ല..
ഞാൻ വാശിയോടെ പറഞ്ഞു
തനു.. മോളെ.. ഇപ്പോൾ നിങ്ങൾക്ക് വേണ്ടത് ഒരു കുഞ്ഞാണ്.. ജോലി എപ്പോ വേണമെങ്കിലും കിട്ടുമല്ലോ… എന്റെ അമ്മ വാത്സല്യത്തോടെ എന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു..
ഹാ എന്നിട്ട് കുട്ടി ആയതിനു ശേഷം നിങ്ങൾക്ക് പറയാലോ കുട്ടിയെ ഒറ്റയ്ക്കാകി പോവാൻ പറ്റില്ല എന്നൊക്കെ.. എന്റെ കരിയറിനെ കുറിച്ച് മാത്രമേ ഞാൻ ഇപ്പോൾ ചിന്തിക്കുന്നുള്ളൂ.. വേറൊന്നും എനിക്ക് കേൾക്കണ്ട.
മോളെ.. എന്തിനാ ഈ പിടിവാശി.. മോൾടെ എല്ലാ ഇഷ്ടങ്ങളും ഈ വീട്ടിൽ നടത്തി തന്നിട്ടില്ലേ.. എന്റെ മോളായിട്ടല്ലേ ഞാൻ നിന്നെ കണ്ടിട്ടുള്ളൂ.. മോള് എല്ലാവരും പറയുന്നത് കേൾക്കൂ.. മരിക്കുന്നതിന് മുമ്പ് എന്റെ പേരക്കുട്ടിയെ ഒന്ന് എടുക്കാൻ കഴിയണം എന്ന ആഗ്രഹം മാത്രമേ ഈ അമ്മയ്ക്കിനിയുള്ളൂ…
ഹാ ശരിയാ.. അമ്മയ്ക്ക് ആ ആഗ്രഹം മാത്രമേ ബാക്കിയുള്ളൂ.. ബാക്കി എല്ലാം മോൻ കണ്ടറിഞ്ഞു സാധിപ്പിച്ചു തരുന്നുണ്ടല്ലോ.. അതുകൊണ്ടെന്താ ഭാര്യയുടെ ആഗ്രഹങ്ങൾ കാണാൻ മകന് കണ്ണില്ലാണ്ടായി… എത്ര തവണ ഞാൻ കെഞ്ചി പറഞ്ഞിട്ടുണ്ടെന്നറിയോ നമുക്കെല്ലാവർക്കും കൂടി ബാംഗ്ലൂരിലോ കൊച്ചിയിലോ നിൽക്കാം എന്ന്.. എനിക്ക് വിധുവിനെ എന്നും കാണാലോ എന്നൊക്കെ… അമ്മയുടെ പേരും പറഞ്ഞു അതൊന്നും ചെവി കേട്ടത് പോലും ഇല്ല നിങ്ങളുടെ മകൻ..
ഞാൻ വിറഞ്ഞു തുള്ളി പറഞ്ഞു..
തനു നിർത്തെടീ…
അച്ഛൻ ഉച്ചത്തിൽ പറഞ്ഞു.
അവൻ നിന്നോട് എത്രയോ തവണ പറഞ്ഞതല്ലേ അവന്റെ അമ്മയെയും അവന്റെ അച്ഛൻ ഉറങ്ങുന്ന ഈ മണ്ണും വിട്ട് എങ്ങോട്ടും വരില്ല എന്ന്.. അതൊക്കെ നീ സമ്മതിച്ചതും അല്ലേ
അച്ഛൻ വിറപൂണ്ടു
പാർട്ട് 2 – എന്റെ സ്വർഗം
പാർട്ട് 1
https://m.facebook.com/groups/1725045934377816/permalink/3684003691815354/?mibextid=Nif5oz
ഹാ അതൊക്കെ സത്യം തന്നെയാ
.. പക്ഷേ അന്നൊക്കെ വിചാരിച്ചത് അമ്മയ്ക്ക് ക്യാൻസർ ആണെന്ന് പറഞ്ഞപ്പോൾ പെട്ടെന്ന് മരിച്ചു പോകും അപ്പോൾ അവൻ എപ്പോഴും എന്റെ കൂടെ ഉണ്ടാകും എ…….
പറഞ്ഞു തീർന്നില്ല അപ്പോഴേക്കും മുഖം അടച്ചു അടി വീണിരുന്നു.. ഞാൻ പിന്നിലേക്ക് വേച്ചു വീഴാൻ പോയി.. തൊട്ടടുത്തുള്ള കസേരയിൽ പിടിച്ചു ഞാൻ ബാലൻസ് ചെയ്തു നിന്നു .. ആകെ ഒരു മരവിപ്പ്.. അടിച്ചത് അച്ഛൻ ആണെന്ന് കരുതി മുഖം ഉയർത്തിയപ്പോൾ ആണ് കണ്ണുകളിൽ തീ പാറിച്ചു നിൽക്കുന്ന വിധുവിനെ പിന്നിലേക്ക് പിടിച്ചു മാറ്റുന്ന അച്ഛനെ കാണുന്നത്..
ഞാൻ ആകെ ഞെട്ടിപ്പോയി.. വിധുവിൽ നിന്നും ഇങ്ങനെ ഒരു വികാരം ആദ്യമായി കാണുകയാണ്…
എന്നെ കൊല്ലാനുള്ള ദേഷ്യത്തോടെ അവൻ അച്ഛന്റെ പിടിയിൽ നിന്നും കുതറി മാറാൻ ശ്രമിക്കുന്നുണ്ട്.. അച്ഛൻ അവനെ മുതുകിൽ തലോടി ആശ്വസിപ്പിക്കുന്നുണ്ട്.. രണ്ടു അമ്മമാരും ഇരുന്ന് കരയുകയാണ്..
ഈ നിമിഷം നീ ഈ വീട്ടിൽ നിന്നും ഇറങ്ങിക്കോണം.. ഇത്രയും വിഷം നിന്റെ ഉള്ളിലുണ്ടെന്ന് ഞാൻ അറിഞ്ഞില്ല.. ഓരോ തവണ നീ കുശുമ്പ് പറയുമ്പോഴും എന്നോടുള്ള സ്നേഹക്കൂടുതൻ ആണെന്ന് കരുതി ഞാൻ സന്തോഷിച്ചിട്ടേയുള്ളൂ… പക്ഷേ ഇതെനിക്ക്… ഇതെനിക്ക് പൊറുക്കാൻ കഴിയില്ല
അവൻ കിതപ്പോടെ പറഞ്ഞു നിർത്തി.. കുറച്ചു നേരത്തെ മൗനത്തിനു ശേഷം വീണ്ടും പറഞ്ഞു തുടങ്ങി
എന്നെയാണല്ലോ അല്ലേ നിനക്ക് സ്വന്തമായി വേണ്ടത്.. ഈ ഞാൻ എങ്ങനെ ഇങ്ങനെ ആയി എന്ന് നീ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. മുപ്പതാം വയസ്സിൽ വിധവയായ ചുറ്റിനും കുടുംബക്കാർ ഇല്ലാതെ 6 വയസ്സുള്ള മകനെയും പിടിച്ചു ഒന്നുറക്കെ കരയാൻ പോലും പേടിച്ചു കഴിഞ്ഞ ഒരമ്മയുടെ വേദന. അത് എന്താണെന്ന് പറഞ്ഞു തന്നാൽ പോലും നിനക്ക് മനസ്സിലാവുമോ ഡീ.. ഞാൻ എന്റെ അമ്മയുടെ ആയുസ്സിന് വേണ്ടി ഓരോ സെക്കൻഡിലും പ്രാർത്ഥിക്കുമ്പോൾ നീ എന്റെ അമ്മയുടെ മരണത്തിനായി പ്രാർത്ഥിക്കുകയായിരുന്നു അല്ലേ?
അവൻ വീണ്ടും എന്നെ അടിക്കാൻ ആയി പാഞ്ഞടുത്തതും വിധുവിന്റെ അമ്മ എന്റെ മുന്നിലായി തടസ്സമായി നിന്നു.
കൊച്ചെന്തെങ്കിലും ദേഷ്യത്തിൽ പറഞ്ഞു എന്ന് കരുതി അതെല്ലാം സത്യം ആവണം എന്നുണ്ടോ.. നമ്മളും ദേഷ്യം വരുമ്പോൾ പലതും വിളിച്ചു പറയാറില്ലേ.. അതെല്ലാം മനസ്സിൽ തട്ടി പറയുന്നതാണോ.. എന്റെ മോളെ എനിക്കറിയാം.. അവൾ ഇവിടെ ഉള്ള നേരമെല്ലാം എന്നെ പൊന്നു പോലെ നോക്കിയിട്ടുണ്ട്..
അവർ ഒന്ന് നെടുവീർപ്പിട്ടു.
ഇവിടെപ്പോ ഒരു പ്രശ്നവും ഇല്ല.. എല്ലാരും സന്തോഷത്തോടെ ചായ കുടിക്കാൻ വരൂ…
അതുകേട്ടതും ശില പോലെ നിന്നിരുന്ന ഞാൻ കൊടുങ്കാറ്റ് പോലെ പുറത്തേക്കിറങ്ങി.. എല്ലാവരും എന്നെ നോക്കി നിൽക്കുകയാണ്.. ഞാൻ ഒന്നും മിണ്ടാതെ അച്ഛന്റെ കാർ തുറന്ന് ബാക്ക് സീറ്റിൽ പോയിരുന്നു..
അച്ഛനും അമ്മയും എന്തൊക്കെയോ വിധുനോടും അമ്മയോടും പറയുന്നുണ്ട്.. അച്ഛൻ വിധുവിനെ പുറത്തേക്ക് മാറ്റി നിർത്തി മുതുകിൽ തടവി ആശ്വസിപ്പിക്കുന്നുണ്ട്. അതെല്ലാം കണ്ട് എന്റെ ദേഷ്യം ഇരട്ടിച്ചു കൊണ്ടിരുന്നു.. ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും കാറിൽ കയറി.. വിധു എന്നെ നോക്കാതെ അകത്തേക്കും..
വീട്ടിലെത്തി ആരും എന്നോട് സംസാരിച്ചില്ല.. ഞാനും മിണ്ടാൻ പോയീല.. വിധുവിന്റെ അടികൊണ്ട കവിൾ പിറ്റേ ദിവസം ആയപ്പോഴേക്കും നീര് വന്ന് കല്ലച്ചിരുന്നു.. വേദന കൂടുമ്പോൾ എല്ലാം അവനോടുള്ള ദേഷ്യം ഒരു പകയായി മാറി.
2 ദിവസം കഴിഞ്ഞപ്പോൾ ആണ് ഗൗതമിന്റെ കാൾ വന്നത്.. ഒരു 6 മാസം കഴിഞ്ഞ് വന്നാൽ മതി അപ്പോഴേക്കും അവൻ അയച്ചു തരുന്ന ഡിപ്ലോമ കോഴ്‌സ് പഠിക്കാനും പറഞ്ഞു.. വിസയുടെ കാര്യങ്ങൾ എല്ലാം അപ്പോഴേക്കും റെഡി ആക്കാൻ പറഞ്ഞു.
എല്ലാം ഞാൻ തനിയെ ചെയ്തു.അതിനിടയിൽ ആരും അറിയാതെ ഡിവോഴ്സ് ആവശ്യപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തു.. ഇവിടെ നിന്നും uk യിലേക്ക് പോകുമ്പോൾ എല്ലാ ബന്ധനങ്ങളിൽ നിന്നും മോചിതയായിട്ട് വേണം പോവാൻ എന്ന് എനിക്ക് നിർബന്ധം ആയിരുന്നു.. വിധുവിന് നോട്ടീസ് കിട്ടി എന്ന് മനസ്സിലായത് അച്ഛന്റെ ചോദ്യം ചെയ്യലിൽ നിന്നാണ്..
വിശ്വവേട്ടൻ മിണ്ടാതിരി …. അത്രയും നല്ലൊരു പയ്യനെ ഭർത്താവായി കിട്ടാനുള്ള യോഗ്യത അവൾക്കില്ല.. അത്രതന്നെ… അവൻ നന്നായി ഇനിയെങ്കിലും ജീവിക്കട്ടെ.. സന്തോഷവും സമാധാനവും അവനും ആഗ്രഹിക്കുന്നുണ്ടാവില്ലേ
എന്നെ ശകാരവർഷങ്ങൾ നടത്തുന്ന അച്ഛനെ നോക്കി അമ്മ ഇത്രയും പറഞ്ഞപ്പോൾ അച്ഛൻ ഒതുങ്ങി..
ആ അമ്മയുടെയും മകന്റെയും മനസ്സിന്റെ വിശാലത ഒന്നും നമ്മുടെ മോൾക്ക് മനസ്സിലാവില്ല ഏട്ടാ… ആ അമ്മ മരിച്ചു കാണാൻ ഇവൾ ആഗ്രഹിച്ചു എന്നറിഞ്ഞപ്പോഴും അവർ ഇവളെ ന്യായീകരിച്ചാ സംസാരിച്ചേ.. അവരുടെ നിഷ്കളങ്കമായ സ്നേഹമൊക്കെ അനുഭവിക്കാനുള്ള എന്ത് ഗുണമാ ഇവൾക്കുള്ളത്..
ഞാൻ അമ്മയെ പുച്ഛിച്ചു നോക്കി കൊണ്ട് മുകളിലേക്ക് പോയി..
മ്യൂച്വൽ ഡിവോഴ്സ്ന് വിധുവിന് സമ്മതമാണെന്ന് അറിഞ്ഞപ്പോൾ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ ഓർത്തപ്പോൾ വലിയ സമാധാനം ആയി.. പോകുന്നതിനു മുന്നേ തന്നെ എല്ലാം തീരുമാനം ആകുമല്ലോ..എങ്കിലും നോട്ടീസ് കാണുമ്പോൾ വിധു ഷോക്ക് ആവുമെന്നും എന്നെ വന്നു കണ്ട് എന്നോട് തിരികെ വരണമെന്നൊക്കെ പറയും എന്നും അപ്പോൾ ഞാൻ അവനെ ആട്ടിപ്പുറത്താക്കും എന്നൊക്കെ ഞാൻ സ്വപ്നം കണ്ടിരുന്നു.. പക്ഷേ അതു നടന്നില്ല..ഇനി എന്റെ ഷൊ ഓഫ് കാണിക്കാനുള്ള ദിവസം കോടതിയിൽ നിന്നും ഡിവോഴ്സ് കിട്ടുന്ന അന്നാണ്.. അന്ന് അവന്റെ മുന്നിലൂടെ അന്തസ്സായി തലയുയർത്തി വിജയശ്രീലാളിതയായി ഇറങ്ങി പോരണം എന്നൊക്കെ ആഗ്രഹിച്ചതായിരുന്നു.. അതിപ്പോ ഇങ്ങനെയും ആയി.വിധു ഇന്ന് മുതൽ എന്റെ ആരും അല്ല എന്ന സത്യം മനസ്സിനെ വേദനിപ്പിച്ചു കൊണ്ടേയിരുന്നു.. എങ്കിലും അത് പുറത്തു കാണിക്കാതെ വൈകുന്നേരം ഫ്രണ്ട്സിനു വേണ്ടി ഒരുക്കിയ പാർട്ടിയിൽ കേക്ക് എല്ലാം കട്ട് ചെയ്ത് ഞാൻ എന്റെ ഫ്രീഡം ആഘോഷമാക്കി നടത്തി..
ഒരാഴ്ച കഴിഞ്ഞപ്പോൾ ഗൗതമിന്റെ കാൾ വന്നു.. നെക്സ്റ്റ് വീക്ക് uk യിലേക്ക് ഫ്ലൈറ്റ് കയറാൻ പറഞ്ഞിട്ട്. ഇതിനിടയിൽ അവൻ പറഞ്ഞ കോഴ്സ്ന് ചേർന്ന് അതിന്റെ സർട്ടിഫിക്കറ്റ് ഞാൻ വാങ്ങിയിരുന്നു..
പോകുന്ന ദിവസവും അച്ഛന്റെയും അമ്മയുടെയും മുഖത്ത് നിർവികാരത മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ.. ഗായുവിന് മാത്രം ചെറിയൊരു സങ്കടം ഉള്ളത് പോലെ തോന്നി..അച്ഛന്റെ കടമ നിറവേറ്റാൻ എന്ന വണ്ണം
യാത്ര അയക്കാൻ അച്ഛൻ മാത്രം എയർപോർട്ടിലേക്ക് വന്നു..
Uk യിൽ എത്തി ആദ്യ രണ്ട് മാസം സ്വപ്ന ലോകത്ത് എത്തിയതിന്റെ സന്തോഷം ഉണ്ടായിരുന്നു.. പിന്നെ പിന്നെ എല്ലാത്തിനോടും വല്ലാത്തൊരു മടുപ്പ് തോന്നി തുടങ്ങി.. അല്ലെങ്കിലും എല്ലാതും അങ്ങനെ തന്നെ ആണല്ലോ.. എന്തും വാശിയോടെ സ്വന്തമാക്കി കഴിഞ്ഞാൽ പിന്നെ അതിനോടുള്ള ഭ്രമം എല്ലാം പതിയെ ഇല്ലാണ്ടാവും..ഇപ്പോൾ ജീവിതം വല്ലാതെ വീർപ്പു മുട്ടുന്നത് പോലെ… എല്ലാം ഒരു യന്ത്രം പോലെ ചെയ്തു തീർക്കുന്നു എന്ന് മാത്രം..
എന്റെ സ്വന്തം എന്ന് പറഞ്ഞ് ഓടി ചെല്ലാനോ കെട്ടിപിടിക്കാനോ ആരും ഇല്ലെന്നൊരു തോന്നൽ.. തോന്നൽ അല്ലല്ലോ പരമമായ സത്യം ആണല്ലോ.. ഒന്നരാടം വീട്ടിലേക്ക് വീഡിയോ കാൾ വിളിക്കുമെങ്കിലും അച്ഛനും അമ്മയ്ക്കും എന്നോട് ചോദിക്കാനും പറയാനും ഒന്നും തന്നെ ഇല്ലായിരുന്നു.. ഗായു ആണ് പിന്നെ എന്തെങ്കിലും ചോദിക്കുന്നത് തന്നെ.. എക്സാം ആയതു കൊണ്ട് അവളും ഇപ്പോൾ ഓൺലൈനിൽ വരാതെ ആയി..
പണ്ട് ബാംഗ്ലൂരിലെ എത്ര ജോലിതിരക്കിനിടയിലും 2 മാസം കൂടുമ്പോൾ നാട്ടിലേക്ക് വരുമ്പോൾ വിധുവിന്റെ നെഞ്ചിൽ തല ചേർത്തു കിടക്കുമ്പോൾ കിട്ടുന്ന ഒരാശ്വാസം… അത് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.. ആ 2 മാസം കിട്ടാതെ പോയ സ്നേഹമെല്ലാം അവൻ വാരിക്കോരി തരുമ്പോൾ ഇനി തിരിച്ചു പോകില്ലെന്ന് തീരുമാനിക്കും.. അപ്പോഴാണ് അമ്മയോടുള്ള അവന്റെ സ്നേഹത്തിന് മുന്നിൽ കുശുമ്പ് കുത്തി വീണ്ടും പോവാൻ തന്നെ തീരുമാനിക്കും.. തന്റെ ജീവിതത്തിലെ ഒരിക്കലും നികത്താൻ കഴിയാത്ത നഷ്ടം.. വിധു കൂടെ വേണം എന്ന് ഓരോ സെക്കൻഡും ആഗ്രഹിച്ചു പോകുന്നു.. അവൻ വീണ്ടും കല്യാണം കഴിച്ചുവോ.. അവൻ fb യും ഇൻസ്റ്റയുമെല്ലാം ബ്ലോക്ക് ആക്കി വെച്ചിരിക്കുകയാണ്.. എന്തെങ്കിലുമൊക്കെ അവനെ കുറിച്ചറിയാൻ മനസ്സ് ഈയിടെയായി എപ്പോഴും ആഗ്രഹിച്ചു കൊണ്ടേയിരിക്കുന്നു….
എന്നും രാത്രിയിൽ കണ്ണീരു വറ്റി ഉറങ്ങുക പതിവായി.. ഇന്ന് തീരെ ഉറക്കം വരുന്നില്ല.. ഇന്ന് ഞങ്ങളുടെ മൂന്നാം വിവാഹ വാർഷികം ആണ്. വിധു ഓർക്കുന്നുണ്ടോ ആവോ.. അതോ വേറെ വിവാഹം കഴിച്ചു എല്ലാം മറന്നു പോയോ… വിധുവിന്റെ തനൂട്ടാ എന്ന വിളി കേൾക്കാൻ വല്ലാതെ കൊതിക്കുന്നു.. അറ്റ്ലീസ്റ്റ് അവന്റെ ശബ്ദം എങ്കിലും…. എന്റെ uk നമ്പർ അവന്റെ കയ്യിൽ ഉണ്ടാവില്ല.. അതുകൊണ്ട് ഇത് ബ്ലോക്ക് ആയിരിക്കില്ല.. രണ്ടും കല്പിച്ച് വർധിച്ച ഹൃദയമിടുപ്പോടെ അവന്റെ നമ്പറിലേക്ക് കാൾ ചെയ്തു…
അവന്റെ ഹലോ എന്ന സ്വരം കേട്ടതും ഹൃദയം നുറുങ്ങുന്നതു പോലെ തോന്നി.. തികട്ടി വന്ന തേങ്ങൽ അടക്കിനിർത്തി കൊണ്ട് അവന്റെ ഹലോ ഹലോ എന്ന ശബ്ദം എന്റെ ആത്മാവിലേക്ക് ഞാൻ വലിച്ചെടുത്തു.. മറുതലക്കൽ ഫോൺ കട്ട് ആയതൊന്നും ഞാൻ അറിഞ്ഞില്ല.. കണ്ണീർ തൂകി എപ്പോഴോ ഉറങ്ങി… പാതി രാത്രിയിൽ ദുസ്വപ്നം കണ്ട് ഞാൻ ഞെട്ടി ഉണർന്നു.. ആരോ മരിച്ചു കിടക്കുന്നതാണ് സ്വപ്നം കണ്ടതെന്നറിയാമായിരുന്നു.. പക്ഷേ മുഖം ഇപ്പോൾ ഓർത്തെടുക്കാൻ പറ്റുന്നില്ല.. ഞാൻ കുറേ ഓർത്തെടുക്കാൻ ശ്രമിച്ചു.. മെല്ലെ ആ മുഖം ഓർമ വന്നു.. വിധുവിന്റെ അമ്മ… ഈശ്വരാ… അന്ന് അവസാനമായി ആ വീട്ടിൽ നിന്നും ഇറങ്ങി പോന്ന രംഗം മനസ്സിലേക്ക് ഓടിയണഞ്ഞു.. അവരോട് പറഞ്ഞ വാക്കുകൾ.. വിധു എന്നെ ആദ്യമായും അവസാനമായും അടിച്ചത്.. എല്ലാം വ്യക്തമായി തന്നെ മുന്നിൽ തെളിഞ്ഞു നിന്നു.. ഒരിക്കൽ പോലും ആ അമ്മ മരിക്കണം എന്ന് ഞാൻ പ്രാർത്ഥിച്ചിട്ടില്ല.. അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞ് പോയതാണ്.. ആ അമ്മയോട് മാപ്പ് പറഞ്ഞത് പോലും ഇല്ല.. സംഭവം കഴിഞ്ഞ് ഇത്രയും ആയിട്ടും ഇങ്ങനെ ഒരു ചിന്ത മനസ്സിലേക്ക് വന്നതേ ഇല്ലല്ലോ.. എന്റെ ശിരസ്സ് കുറ്റബോധം കൊണ്ടു താണു തന്നെയിരുന്നു..
ആ അമ്മ ജീവിച്ചിരിപ്പുണ്ടോ ഇപ്പോഴും .. അതോ എന്റെ വാക്കുകൾ അറം പറ്റിപോയോ…വയറിലൂടെ ഒരു കാളൽ അനുഭവപ്പെട്ടു…
പിറ്റേ ദിവസം ഇന്ത്യൻ സമയം രാവിലെ 11 മണി നോക്കി അമ്മയുടെ നമ്പറിലേക്ക് വിളിച്ചു…
ആദ്യ കാളിൽ ഫോൺ റിങ് ചെയ്തു എന്നല്ലാതെ ആരും എടുത്തില്ല.. വീണ്ടും ഒന്നൂടെ റിങ് ചെയ്തു.. അവസാന കാളിൽ ഫോൺ എടുത്തു…. ആദ്യം ശബ്ദം ഒന്നും കേൾക്കാത്തത് കൊണ്ട് ഞാനും മൗനം പൂണ്ടു…
പിന്നെ വിറയാർന്ന ശബ്ദം മെല്ലെ ഒഴുകി എത്തി
ഹലോ ഹലോ ആരാ…
അമ്മേ… ആ ഒറ്റ വിളിയിൽ എല്ലാം ഉണ്ടായിരുന്നു
അമ്മേ ഇതു ഞാനാ തനുശ്രീ
ഞാൻ ഒന്നൂടെ ഉച്ചത്തിൽ പറഞ്ഞു..
മോളെ.. എന്റീശ്വരാ… എന്തായീ കേള്ക്കുന്നെ… തനൂട്ടി തന്നെ ആണോ
അതേ അമ്മേ.. അമ്മയ്ക്ക് എങ്ങനെ ഉണ്ടിപ്പോ..
കുഴപ്പമില്ല മോളെ.. ഇപ്പോൾ സമാധാനം ഉണ്ട്..
മോൾ അവിടെ തന്നെ ആണോ.. അതോ നാട്ടിൽ വന്നോ..
ഇല്ലമ്മേ.. ഞാൻ ഇവിടെ uk യിൽ തന്നെയാ… പിന്നെ അമ്മേ ഞാൻ വിളിച്ചത്.. അന്ന് അവസാനമായി ഞാൻ അമ്മയോട് എന്തൊക്കെയോ പറഞ്ഞു പോയി.. തെറ്റാണെന്ന് അറിയാം.. അന്നത്തെ ദേഷ്യത്തിൽ അങ്ങനെയൊക്കെ പറഞ്ഞു പോയതാണ്…അമ്മേ എന്നെ വിശ്വസിക്കുമോ എന്നറിയില്ല.. എന്നാലും എന്റെ സമാധാനത്തിന് വേണ്ടി പറയാ.. എന്റെ അമ്മയെ പോലെ തന്നെയാ ഞാൻ അമ്മയേം കണ്ടിട്ടുള്ളൂ.. അതുപോലെ തന്നെയാ ഞാൻ സ്നേഹിച്ചിട്ടുള്ളൂ.. എന്റെ അമ്മ മരിക്കണം എന്ന് ഞാൻ സ്വപ്നത്തിൽ പോലും ആഗ്രഹിക്കോ അമ്മേ..അപ്പോഴേക്കും വാക്കുകൾ മുറിഞ്ഞു പോയിരുന്നു.. അമ്മ എന്നോട് പൊറുക്കണം… അന്നത്തെ വാശിയിൽ പിന്നെ മാപ്പ് ചോദിക്കാൻ ഒക്കെ മറന്നു പോയി…..അമ്മ എന്നെ ശപിക്കരുത്
എന്താ കുട്ടി ഈ പറയണേ ഞാൻ ശപിക്കാനോ.. ന്റെ കുട്ടീനെ ഈ അമ്മയ്ക്ക് അറിയില്ലേ.. കുട്ടിയ്ക്ക് നല്ലതേ വരൂ.. ദൈവം കൂടെ ഉണ്ടാവും എപ്പോഴും.
ഞാൻ എല്ലാം ഒരു മൂളലോടെ കേട്ടിരുന്നു.
വിധുവിനെ കുറിച്ച് ചോദിക്കാൻ എന്റെ മനസ്സ് വെമ്പി.. പക്ഷേ എന്ത് ചോദിക്കും.
അവിടെ എല്ലാവർക്കും സുഖമല്ലേ അമ്മേ.
ഹാ എല്ലാവരും സുഖായിട്ടിരിക്കുന്നു മോളെ..
എന്നാ ശരി അമ്മേ… ഞാൻ പിന്നെ എപ്പോഴെങ്കിലും വിളിക്കാം ട്ടോ.
ഹാ ശരി മോളെ
ഫോൺ കട്ട് ചെയ്തതും എനിക്ക് വല്ലാത്തൊരു ആശ്വാസം തോന്നി…
ദിവസങ്ങൾ ആരെയും കാത്തു നിൽക്കാതെ ഓടി കൊണ്ടേയിരുന്നു.. തീരെ ഉറക്കം കിട്ടാത്ത ചില രാത്രികളിൽ മാത്രം വിധുവിന്റെ ഫോണിലേക്ക് വെറുതെ വിളിക്കും ആ ഹലോ ശബ്ദം കേൾക്കുമ്പോൾ തന്നെ എന്തോ ഒരു ആശ്വാസം ആണ്… … Uk യിൽ വന്നിട്ട് 2 വർഷം ആവാൻ ആയി.നാട്ടിലേക്ക് പോകണം എന്നുണ്ട്.. പക്ഷേ തമാശയ്ക്ക് പോലും അച്ഛനോ അമ്മയോ നീ വരുന്നില്ലേ എന്ന് ഇത് വരെ ചോദിച്ചിട്ടില്ല.. ഞാൻ നാട്ടിലേക്ക് വരുന്നുണ്ടെന്നു പറയാൻ എനിക്കും ഒരു മടി പോലെ..
അങ്ങനെ ഇരിക്കെയാണ് ഓഫീസിൽ ഇരിക്കുമ്പോൾ അച്ഛന്റെ മെസ്സേജ്.. നീ റൂമിൽ എത്തിയാൽ വിളിക്ക് എന്നും പറഞ്ഞിട്ട്.
വൈകുന്നേരം വരെ കാത്തിരിക്കാൻ വയ്യെന്ന് തോന്നി.. ആദ്യമായാണ് ഇങ്ങനെ ഒരു മെസ്സേജ്. എമർജൻസി ലീവും എടുത്ത് വേഗം റൂമിലേക്ക് എത്തി വീഡിയോ കാൾ ചെയ്തു.. അച്ഛനും അമ്മയും ഗായുവും ഉണ്ട്.
എന്തേ അച്ഛ.. ഞാൻ വേവലാതിയോടെ ചോദിച്ചു…
ഗായുവിന്റെ കല്യാണം ശരിയായിട്ടുണ്ട്.. അത് പറയാൻ വേണ്ടി മെസ്സേജ് ഇട്ടതാ..
ആണോ. എന്റെ സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകൾ ഇല്ലായിരുന്നു..
എവിടുന്നാ അച്ഛാ.. എന്താ ചെക്കൻ ചെയ്യുന്നേ, എന്താ പേര്
ആഹാ ചേച്ചീടെ സന്തോഷം കണ്ടാൽ ചേച്ചീടെ കല്യാണം ഉറപ്പിച്ച പോലെയുണ്ടല്ലോ
ഗായു ഉച്ചത്തിൽ ഉറക്കെ ചിരിച്ചു കൊണ്ടു പറഞ്ഞു.
ലവ് മാര്യേജ് ആണോ ഗായു.. നിന്റെ നാണം കാണുമ്പോൾ അങ്ങനെ തോന്നുന്നു..
അയ്യോ ഒരു ലവ് മാര്യേജ് നടത്തിയതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല… ഇത് അച്ഛനായി കണ്ടു പിടിച്ചു മുന്നിൽ കൊണ്ടു നിർത്തി തന്നതാ ചേച്ചി .
ഗായുവിന്റെ മറുപടി ഒന്ന് മനസ്സിൽ കൊണ്ടെങ്കിലും പുറമേക്ക് കാണിച്ചില്ല..
എന്നിട്ട് പറയൂ വിവരങ്ങൾ…
നെക്സ്റ്റ് സൺഡേ നിശ്ചയം.. അതു കഴിഞ്ഞ് 2 മാസം കഴിഞ്ഞ് മാര്യേജ്..
ഹാ 2 മാസം കഴിഞ്ഞാണോ മാര്യേജ്.. എന്നാൽ ഞാൻ അപ്പോഴേക്കും നാട്ടിലേക്ക് എത്താം..
നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ വരണം എന്നില്ല കുട്ടീ.. ഇപ്പോൾ കല്യാണമൊക്കെ live ആയി കാണാൻ സൗകര്യം ഉണ്ടല്ലോ…
അതുവരെ മിണ്ടാതിരുന്ന അമ്മയുടെ മറുപടി എന്റെ ഹൃദയം പൊള്ളിച്ചു
അച്ഛനും അതേറ്റു പറഞ്ഞു
നീ റിസ്ക് എടുത്ത് വരണം എന്നില്ല തനു. കല്യാണമൊക്കെ live ആയി കാണാനുള്ള സൗകര്യം ശരിയാക്കി തരാം..
എന്റെ അനിയത്തിയുടെ കല്യാണം അല്ലേ.. അതിന് എന്നോട് വരണ്ട എന്ന് പറയാൻ നിങ്ങളൊക്കെ ആരാ
അതുവരെ അടക്കിപിടിച്ച സങ്കടം ഒരു ദേഷ്യമായി പുറത്തേക്കു ചാടി..
ഞാൻ വരും.. എന്തായാലും വരും.. അത്രയും പറഞ്ഞ് മറുപടിക്ക് കാത്തു നിൽക്കാതെ കാൾ കട്ട് ചെയ്തു.
2 വർഷം ആയി അവിടെ നിന്നും പോന്നിട്ട്.. ഇതുവരെ ആർക്കും എന്നെ നേരിട്ട് ഒന്ന് കാണാൻ പോലും തോന്നുന്നില്ലേ.. അച്ഛനും അമ്മയും അതിന് ശേഷം എന്നെ മോളെ എന്ന് പോലും വിളിച്ചിട്ടില്ല.. അത്രയ്ക്കും അവർ എന്നെ വെറുത്തു പോയോ
എന്തായാലും നാട്ടിലേക്ക് പോണം.. ഇനിയും അവരെ കാണാതെ പിടിച്ചു നിൽക്കാൻ വയ്യ.. അവർക്ക് എന്നെ വേണ്ടെങ്കിലും എനിക്ക് അവരെ വേണമല്ലോ..
ഗായുവിന്റെ കല്യാണത്തിന്റെ ഒരാഴ്ചയ്ക്ക് മുന്നേയുള്ള ഡേറ്റ് നോക്കി ഗൗതമിനോട് ടിക്കറ്റ് book ചെയ്യാൻ പറഞ്ഞു.. നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ മെല്ലെ ചെയ്തു തുടങ്ങി.
വീട്ടിലേക്ക് പിന്നീട് വിളിക്കുമ്പോൾ ആരും ഞാൻ വരുന്നുണ്ടോ,എന്നാ വരുന്നത് എന്നൊന്നും ചോദിച്ചില്ല.. പോകുന്നതിന്റെ 2 ദിവസം മുന്നേ ഗായുവിന് ഫ്ലൈറ്റ് ടിക്കറ്റിന്റെ pdf അയച്ചു കൊടുത്തു. അവരും എന്നെ സ്വീകരിക്കാൻ മനസ്സ് കൊണ്ട് റെഡി ആയിക്കോട്ടെ. അല്ലെങ്കിൽ പെട്ടെന്ന് കാണുമ്പോൾ എന്തെങ്കിലും പറഞ്ഞു പോയാൽ എനിക്ക് സഹിക്കാൻ പറ്റിയെന്ന് വരില്ല.
എയർപോർട്ടിൽ ആരെയും പ്രതീക്ഷിച്ചിരുന്നില്ല.. ടാക്സി എടുത്ത് പോകാം എന്നായിരുന്നു പ്ലാൻ.. ഗായുവിനെ ആൾക്കൂട്ടങ്ങൾക്കിടയിൽ വെച്ച് കണ്ടപ്പോൾ മനസ്സിന് അല്പം സന്തോഷം തോന്നി…ഓടിച്ചെന്നു അവളെ കെട്ടിപിടിച്ചു ഉമ്മ വെച്ചു.. തിരിച്ച് അവളും…
ലഗേജ് മായി കാറിന്റെ അടുത്തേക്ക് നടന്നപ്പോൾ ഒരു നിമിഷം ഓർമ്മകൾ പിന്നിലേക്ക് സഞ്ചരിച്ചു… അച്ഛൻ ഞങ്ങൾക്ക് സമ്മാനിച്ച കാർ.. ഡിവോഴ്സ് ആവുന്നതിനു മുന്നേ തന്നെ വിധു കാർ വീട്ടിൽ എത്തിപ്പിച്ചിരുന്നു..എന്റെയും വിധുവിന്റെയും ഒരുപാട് നല്ല നിമിഷങ്ങളുടെ കഥ പറയാനുണ്ടാവും ഈ കാറിന്.
ഒരു നെടുവീർപ്പോടെ കാറിൽ കയറി.. സിറ്റ് ഔട്ടിൽ തന്നെ അച്ഛനും അമ്മയും ഉണ്ടായിരുന്നു.. കണ്ടപ്പോൾ ഓടി വന്ന് കെട്ടിപിടിക്കലോ ഉമ്മ വെയ്ക്കലോ ഒന്നും ഉണ്ടായില്ല.. എങ്കിലും ഒരു പുഞ്ചിരി രണ്ടു പേരുടെയും മുഖത്തുണ്ടായിരുന്നു.. രണ്ടു പേരെയും കെട്ടിപിടിക്കണം എന്നും ഉമ്മ കൊടുക്കണം എന്നൊക്കെ ഒരുപാട് ആഗ്രഹിച്ചു. പക്ഷേ അങ്ങനെ ചെയ്യാനെന്തോ മടി തോന്നി.. അതിനൊന്നും എനിക്ക് അർഹതയില്ലാത്ത പോലെ..
എന്റെ റൂമിലേക്ക് കയറി ആദ്യം വിസ്‌തരിച്ചൊന്നു കിടന്നു.. ഇതുവരെയും പ്രതീക്ഷിച്ചിരുന്നത് എന്റെ വീടെത്തിയാൽ എന്റെ റൂമിലെ ബെഡിൽ കിടന്നാൽ ഇതുവരെ കിട്ടാത്ത മനസുഖം ലഭിക്കും എന്നായിരുന്നു… എവിടെ.. മനസിപ്പോഴും വിങ്ങി കൊണ്ടിരിക്കുന്നു …കുറച്ചു നേരം കിടന്നതിന് ശേഷം ഫ്രഷ് ആയി താഴെക്കിറങ്ങി ചെന്നു. അമ്മ ടേബിളിൽ ഫുഡ് നിരത്തിയിരുന്നു.. എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി..
നീ എന്നാ തിരിച്ചു പോകുന്നത്
അച്ഛന്റെ ആദ്യചോദ്യം കേട്ട് ഞാൻ പകച്ചു പോയി
എന്തേ അച്ഛാ ഞാൻ ഇപ്പോൾ തന്നെ തിരിച്ചു പോകണോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു.. ഒന്നും മിണ്ടിയില്ല
മറുപടി കിട്ടാത്തതിഞ്ഞാലാവും അമ്മയാണ് പിന്നീട് ചോദിച്ചത്
നീ റിട്ടേൺ ടിക്കറ്റ് എടുത്തിട്ടുണ്ടോ തനു.
ഇല്ല.. ഇവിടെ വന്ന് എടുക്കാം എന്ന് കരുതി.
ആരും ഒന്നും മിണ്ടിയില്ല.. ഞാൻ എന്തൊക്കെയോ കഴിച്ചെന്നു വരുത്തി വേഗം റൂമിലേക്ക് നടന്നു ..
കരഞ്ഞു കരഞ്ഞു മനസ്സിലെ ഭാരം കുറഞ്ഞെന്നു തോന്നിയപ്പോൾ ലഗേജ് പൊട്ടിച്ചു ഓരോരുത്തർക്കും ഉള്ള സമ്മാനങ്ങളുമായി താഴെക്കിറങ്ങി.. അച്ഛനും അമ്മയും റൂമിൽ ഉണ്ടായിരുന്നു.. ഒന്നും പറയാതെ അവരിരിക്കുന്ന ബെഡിൽ വെച്ച് ഞാൻ തിരിച്ചു പോന്നു.
ഗായുവിനുള്ള കല്യാണ സമ്മാനം പ്രത്യേകം ആയി തന്നെ വേറെ വാങ്ങിച്ചിരുന്നു.. നല്ലൊരു ഡയമണ്ട് set.. അവൾക്കത് കണ്ടപ്പോ സന്തോഷം ആയി..
ഡീ എന്റെ അനിയനെ ഞാനിത് വരെ കണ്ടിട്ടില്ല.. എൻഗേജ്മെന്റ് ഫോട്ടോസ് ഇല്ലേ നിന്റെ ഫോണിൽ.. നോക്കട്ടെ
എന്തായാലും ചേച്ചി ഇതുവരെ ആളെ കണ്ടില്ലല്ലോ.. ഇനിയിപ്പോ ഞായറാഴ്ച നേരിട്ട് കാണുന്നത് അല്ലേ അതിന്റെ ഒരു ത്രിൽ.. അവൾ എന്റെ കവിളിൽ നുള്ളിയിട്ട് പറഞ്ഞു.. പിന്നെ ഒരു കാര്യം.. കല്യാണ ചെക്കനെ കാണുമ്പോൾ ഷോക്കേറ്റ് മണ്ഡപത്തിൽ ബോധം കെട്ട് വീണ് എന്റെ കല്യാണം മുടക്കല്ലേ ട്ടോ
ചേച്ചി.. ആറ്റു നോറ്റ് കാത്തിരിക്കാ ഞാൻ കല്യാണത്തിന്..
അതെന്താടീ ഞാൻ ഷോക്കേറ്റു വീഴാൻ മാത്രം ഭീകരൻ ആണോ എന്റെ അനിയൻ..
ഹാ അതൊന്നും എനിക്കറിയില്ല… എന്തായാലും ചേച്ചി ഒന്ന് അലെർട് ആവുന്നത് എന്തുകൊണ്ടും നല്ലതാ
അവൾ കണ്ണിറുക്കി കാട്ടി ചിരിച്ചു കൊണ്ട് അമ്മയെ കാണിക്കാൻ വേണ്ടി ഡയമണ്ട് സെറ്റും എടുത്ത് താഴേക്കു പോയി
കല്യാണത്തിന് ഉടുക്കാൻ എനിക്ക് ആരും ഡ്രസ്സ് ഒന്നും വാങ്ങിയിട്ടില്ലെന്നു മനസ്സിലായി..വീട്ടിലെ അന്തരീക്ഷം കാണുമ്പോൾ പുതിയതൊന്നും വാങ്ങിക്കാനും തോന്നുന്നില്ല.. ഉള്ളതിൽ വെച്ച് ഏതെങ്കിലും നല്ല ചുരിദാർ ഇടാം എന്ന് തീരുമാനിച്ചു.. കല്യാണം കഴിഞ്ഞ ഉടനെ അധികം വൈകാതെ തന്നെ തിരിച്ചു പോണം.. വേണ്ടപ്പെട്ടവരുടെ അവഗണന… അത് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്..
ഗായു ആകെ തിരക്കിൽ ആണ്.. മൈലാഞ്ചി ഇടലും ഫോട്ടോ ഷൂട്ടും.. അവൾ പാറി നടക്കുകയാണ്.. അച്ഛനും അമ്മയും ഒന്നിലേക്കും എന്നെ അടുപ്പിക്കുന്നേയില്ല..ഇനിയിപ്പോ ഇങ്ങനെയൊരു ചേച്ചി ഉള്ള കാര്യം ഗായുവിന്റെ വീട്ടുകാരോട് പറഞ്ഞിട്ട് പോലും ഇല്ലേ.. ഡിവോഴ്സ് ആയി നിൽക്കുന്ന ഒരു ചേച്ചിയുണ്ടെന്നു അറിയുന്നത് അവർക്കൊരു കുറച്ചിലായി തോന്നുന്നുണ്ടോ..
കല്യാണ തലേന്ന് വീടാകെ ആളുകൾ കൊണ്ട് നിറഞ്ഞു..എല്ലാവരും സന്തോഷത്തിൽ ആണ്.. എനിക്ക് മാത്രം ഒന്നിലും സന്തോഷം കണ്ടെത്താൻ കഴിഞ്ഞില്ല… അഹങ്കാരി എന്ന രൂപേണയുള്ള എന്റെ നേർക്ക് വരുന്ന നോട്ടങ്ങൾ എനിക്ക് താങ്ങാൻ കഴിയുന്നില്ല.. ആരവങ്ങൾ എല്ലാം കഴിഞ്ഞ് കിടക്കാൻ നേരം ആണ് ഗായു ഒരു കവർ എന്നെ ഏൽപ്പിച്ചത്..
ചേച്ചിക്ക് നാളെ ഇടാനുള്ളതാണ്.. ബ്ലൗസ് ഒന്ന് ഇട്ടു നോക്കികോളൂ… പഴയ ബ്ലൗസിന്റെ അളവിൽ തയ്ച്ചതാണ്.
മ്മ്മ്.. വെറുതെ ഒന്ന് മൂളിക്കൊടുത്തു..
ഭംഗിയായി നടക്കാൻ ഒക്കെ മറന്നിരിക്കുന്നു.. ഇപ്പോ എന്തു കിട്ടിയാലും അതേ കോലത്തിൽ ഇട്ട് നടക്കലാണ് പതിവ്..
തോർത്തു മുണ്ടിൽ പൊതിഞ്ഞ മുല്ലപ്പൂവും കവറിനടുത്തു വെച്ച് അവൾ പോയി.. മുല്ലപ്പൂവിന്റെ സുഗന്ധം റൂമിലാകെ പരന്നു..
വീടിന്റെ അടുത്തു തന്നെയുള്ള ഓഡിറ്റോറിയത്തിൽ വെച്ച് തന്നെ ആണ് താലിക്കെട്ട്.
രാവിലെ സാരി ഉടുത്താണ് താഴേക്ക് ഇറങ്ങിയത്.. വാടാമല്ലി നിറത്തിലുള്ള നല്ല കാഞ്ചിപുരം പട്ടു സാരി.. അമ്മയുടെ സെലെക്ഷൻ ആവും.. അതിന്റെ ഭംഗി കണ്ടപ്പോൾ ഊഹിച്ചു..
ചെക്കൻ വരേണ്ട സമയം ആയപ്പോൾ പക്കമേളവും താലവും ഒക്കെ ആയി എല്ലാവരും മുന്നിൽ തന്നെയുണ്ട്.അമ്മ അതിലേക്കും എന്നെ വിളിച്ചില്ല.. ചേച്ചിയുടെ സ്ഥാനം സ്വയം ഏറ്റെടുത്തു മുന്നിലേക്ക് ഓടിച്ചെല്ലാനും തോന്നിയില്ല.. ഡിവോഴ്സ് ആയി നിൽക്കുന്ന ചേച്ചി ഒരു അപശകുനം ആവേണ്ട എന്ന് തോന്നി ഞാൻ ഏറ്റവും പിന്നിലേക്ക് മാറി നിന്നു..
ചെക്കൻ വന്നിറങ്ങിയതും ഒരു നോക്ക് കാണാൻ ഞാൻ ഏന്തി വലിഞ്ഞു നോക്കി.. സൈഡ് മാത്രമേ കണ്ടുള്ളൂ… അപ്പോഴേക്കും ഞാൻ തളർന്നു പോയിരുന്നു…
സാരിയുടെ മുന്താണിയുടെ അറ്റം വായിൽ തിരുകി കൊണ്ട് ഞാൻ ഓടി.. എങ്ങോട്ടേക്ക് എന്നറിയാതെ… അവസാനം സ്റ്റേജിന്റെ പുറകിലുള്ള ഡ്രെസ്സിങ്ങിൽ റൂമിൽ കയറി വാതിലടച്ചതും പൊട്ടികരഞ്ഞതും ഒരുമിച്ചായിരുന്നു..
എന്റെ ഗായുവിന്റെ ഭർത്താവായി… എന്റെ അനിയനായി….. വിധു!!!
പാർട്ട് 3 – എന്റെ സ്വർഗം
പാർട്ട് 2 link
https://m.facebook.com/groups/1725045934377816/permalink/3684164315132625/?mibextid=Nif5oz
എങ്ങനെ ഇങ്ങനെ ഒരു ചതി എല്ലാവർക്കും എന്നോട് ചെയ്യാൻ തോന്നി.. ഞാൻ നാട്ടിലേക്ക് വരുന്നത് ആർക്കും ഇഷ്ട്ടമല്ലാതിരുന്നത് ഇതു കൊണ്ടായിരുന്നു അല്ലേ… ഗായു… നീ…..സ്വന്തം ഏട്ടനെ പോലെ കരുതിയിരുന്ന ആളെ നിനക്കെങ്ങനെ മോളെ…… കരച്ചിൽ നിർത്താൻ ആയില്ല… ഒരുപക്ഷെ മൂത്ത മകൾ ചെയ്ത തെറ്റിന് അച്ഛൻ രണ്ടാമത്തെ മോളെ കൊണ്ട് പ്രായശ്ചിത്തം ചെയ്തതായിരിക്കും… എന്തായാലും ഇനി പറഞ്ഞിട്ട് കാര്യമില്ല….താലിക്കെട്ട് കഴിഞ്ഞിരിക്കുന്നു..കാതിലേക്ക് തുളഞ്ഞ് കയറുന്ന നാദസ്വരത്തിന്റെ ശബ്ദം എന്നിൽ അസ്വസ്ഥത ഉളവാക്കി..
എത്ര നേരം അവിടെയിരുന്നു എന്നറിയില്ല.. ഡോറിൽ ശക്തമായി മുട്ടുന്ന ശബ്ദം കേട്ടപ്പോൾ ആണ് സുബോധത്തിലേക്ക് വന്നത്.. തുറന്നു നോക്കിയപ്പോൾ ഗായു ആണ്. അവളുടെ നെറ്റിയിൽ പതിഞ്ഞ സിന്ദൂരത്തിലേക്കാണ് ആദ്യം കണ്ണ് പോയത്.. പിന്നെ നെഞ്ചിൽ പറ്റി ചേർന്ന് കിടക്കുന്ന ആലില താലിയിലേക്കും…
ചേച്ചി എന്താ ഉറങ്ങുവായിരുന്നോ.. മുഖമെന്താ ഇങ്ങനെ ഇരിക്കുന്നെ..
ഒന്നുമില്ല.. തല വേദന…
അവളുടെ പിറകിലായി നിൽക്കുന്ന ആളെ അപ്പോഴാണ് കണ്ടത്… വിധു!!!
ഒന്നേ നോക്കിയുള്ളൂ… പെട്ടെന്ന് തല താഴ്ത്തി നിന്നു…
ചേച്ചി… ആളെ കണ്ടില്ലേ… അവൾ വിധുവിനെ എന്റെ മുന്നിലേക്കായി നിർത്തി.
എന്തായാലും നിങ്ങൾ പരസ്പരം എല്ലാം സംസാരിച്ചു തീർക്കു.. എന്നിട്ട് വേണം എനിക്കൊരു പുതിയ ജീവിതം തുടങ്ങാൻ…
ഗായു പറഞ്ഞു.
അതിന് മോളെ ചേച്ചിക്ക് ഒന്നും പറയാനില്ല.. എല്ലാത്തിനും ക്ഷമ ചോദിക്കുന്നു…നിങ്ങളുടെ കൺവെട്ടത് പോലും ചേച്ചി ഇനി വരില്ല.. രണ്ടുപേർക്കും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ…
ഞാൻ പോവാൻ ആയി റൂമിൽ നിന്നും തുനിഞ്ഞതും വിധുവിന്റെ ശബ്ദം അവിടെയാകെ മുഴങ്ങി…
നിൽക്കൂ….
ഞാൻ അവിടെ തറഞ്ഞു നിന്നുപോയി.
ഗായു…നിന്റെ ചേച്ചിക്കല്ലേ ഒന്നും പറയാൻ ഇല്ലാത്തത്.. എനിക്കുണ്ട് ചിലത് പറയാൻ.. നീ സ്റ്റേജിലേക്ക് പൊയ്ക്കോളൂ …. ഞങ്ങളൊന്ന് സംസാരിക്കട്ടെ..
ഓക്കേ എന്നും പറഞ്ഞു അവൾ പോയി
വിധു മുറിക്കകത്തേക്ക് കയറി.. ഞാൻ എന്തു ചെയ്യണം എന്നറിയാതെ ഉരുകി.. കുറ്റബോധം കൊണ്ട് തല പൊങ്ങിയതേ ഇല്ല.
വിധു ഇതുവരെ ആയും ഒരക്ഷരം സംസാരിച്ചില്ല.. സമയം പോയി കൊണ്ടിരിക്കുന്നു… സ്റ്റേജിൽ കല്യാണ ചെക്കനെ കാണാഞ്ഞു എല്ലാവരും അന്വേഷിക്കുന്നുണ്ടാവും.. ഞാൻ വീർപ്പുമുട്ടി കൊണ്ടു മെല്ലെ വിധുവിനെ നോക്കി..
വിധു എന്നേയും നോക്കി ചുമരിൽ ചാരി കയ്യും കെട്ടി നിൽക്കുകയാണ്..
ആ നോട്ടത്തെ നേരിടാൻ പറ്റുന്നില്ല.. എന്റെ പഴയ വിധുവായി മുമ്പിൽ നിൽക്കുന്നത് പോലെ… എന്റെ പ്രണയം… എന്റെ സ്വർഗം ആ വിരിഞ്ഞ നെഞ്ചിൽ ആണ്…ഒരു നിമിഷം ഞാൻ എല്ലാം മറന്ന് ഓടി ചെന്ന് ആ നെഞ്ചിൽ തല പൂഴ്ത്തി ആർത്തലച്ചു പൊട്ടി കരഞ്ഞു…
അയ്യേ ചേച്ചി….എന്തായീ കാണിക്കുന്നെ….
ഗായുവിന്റെ ശബ്ദം പിറകിൽ നിന്നും കേട്ടതും ഞാൻ പെട്ടെന്ന് ഞെട്ടി തരിച്ചു മാറി നിന്നു.
നിന്ന നിൽപ്പിൽ ആവി ആയി പോയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി…ആരുടേയും മുഖത്തേക്ക് നോക്കാൻ വയ്യ.. അവിടെ നിന്നും ഓടി പോകണം എന്നുണ്ടെങ്കിൽ ഒരടി പോലും വെയ്ക്കാൻ കഴിയുന്നില്ല…
ചേച്ചി ഇങ്ങനെ തല താഴ്ത്തി നിന്നിട്ട് വല്യ കാര്യവും ഉണ്ടോ.. ഓരോ വൃത്തികേട് ചെയ്തു വെച്ചിട്ട്…
ഗായുവിന്റെ ദേഷ്യം നിറഞ്ഞ സ്വരം അവിടെയാകെ പ്രതിധ്വനിച്ചു
ഗായു… മോളെ.. സോറി.. ഞാൻ അറിയാതെ….
എന്തറിയാതെ ചേച്ചി… ചെറിയ കുട്ടിയൊന്നും അല്ലല്ലോ അറിയാതെ പോയി കെട്ടിപ്പിടിക്കാൻ…
ഞാൻ വിതുമ്പി കൊണ്ടേയിരുന്നു..
ചേച്ചി ആദ്യം തലയൊന്നു പൊക്കിയേ.. ഈ കള്ളകരച്ചിൽ കാണുമ്പോഴാ ദേഷ്യം വരുന്നത്…
ഞാൻ വേഗം കണ്ണീർ തുടച്ചു അവളെ നോക്കി…
അവളുടെ കൂടെയതാ വേറൊരു പയ്യൻ.. അതും കല്യാണവേഷത്തിൽ.
അവർ രണ്ടു പേരും പെട്ടെന്ന് എന്റെ കാലിൽ വണങ്ങി…
ചേച്ചി ഞങ്ങളെ അനുഗ്രഹിക്കണം
ചേച്ചി ഇത് രാഹുൽ.. ചേച്ചിയുടെ അനിയൻ.. ഇഷ്ട്ടമായോ
ഞാൻ പകപ്പോടെ വിധുവിനെ നോക്കി
അവൻ അപ്പോഴും അതേ നിൽപ്പ് തന്നെ നിൽക്കുന്നുണ്ട്.
അച്ഛനും അമ്മയും അപ്പോഴേക്കും ധൃതി പിടിച്ചു അങ്ങോട്ടേക്ക് ഓടി വന്നു..
മുഹൂർത്തത്തിനു സമയമായി.. വേഗം എല്ലാവരും അങ്ങോട്ടേക്ക് വരൂ..
അത് കേട്ടതും എല്ലാവരും അവിടെ നിന്നും പോയി.. ശില പോലെ അനങ്ങാതെഅവിടെ തന്നെ നിൽക്കുന്ന എന്റെ അടുത്തേക്ക് ഗായു തിരിച്ചു വന്നു….എന്നെ കെട്ടിപിടിച്ചു കവിളിൽ ഒരുമ്മ തന്നു..
അവൾ എന്റെ മുഖത്തെ കണ്ണുനീരൊക്കെ ടിഷ്യൂ വെച്ച് ഒപ്പിയെടുത്തു.. എന്റെ കയ്യും പിടിച്ചു അവൾ എന്നെ സ്റ്റേജിലേക്ക് കൊണ്ടു പോയി..
സ്റ്റേജിന്റെ മധ്യത്തിൽ ആയിരിക്കുന്ന ആളിന്റെ അടുത്ത് എന്നെ കൊണ്ടുരിത്തി.. നാദസ്വരം മുഴങ്ങിയപ്പോൾ എന്റെ കഴുത്തിൽ താലി വീണു.. ഞാൻ മെല്ലെ മിഴിയൊന്നുയർത്തി നോക്കി… വിധു… എന്റെ പ്രാണൻ.. എന്റെ സ്വർഗം…. തൊട്ടടുത്തായി വിധുവിന്റെ അമ്മയും നിൽക്കുന്നുണ്ടായിരുന്നു.. ഓടിച്ചെന്ന് അവരെ കെട്ടിപിടിച്ചു കരഞ്ഞു.. എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു… പക്ഷേ ശബ്ദം പുറത്തേക്ക് വന്നില്ല.. ഒന്നുമില്ലെന്ന് പറഞ്ഞ് ആ അമ്മ എന്നെ തഴുകി കൊണ്ടേയിരുന്നു.
വിധുവിന്റെ വീട്ടിൽ എത്തുന്നത് വരെ എന്റെ ചുറ്റിൽ നടന്നതൊന്നും ഞാൻ അറിഞ്ഞതേയില്ല.. യാന്ത്രികമായി എല്ലാരും പറയുന്നത് പോലെ എന്തൊക്കെയോ ചെയ്തു… അത്രമാത്രം..
അമ്മ നൽകിയ നിലവിളക്കും പിടിച്ചു ആ വീട്ടിലേക്ക് വീണ്ടും വലതു കാൽ വെച്ച് കയറി.. വിധുവിനോട് ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല.. വിധു എന്നോടും..ആ കാലിൽ പിടിച്ചു മാപ്പ് ചോദിക്കാൻ മനസ്സ് വെമ്പി കൊണ്ടിരുന്നു..
വിധു മുഖം തരാതെ ഒഴിഞ്ഞു മാറി നടന്നു..
രാത്രിയിൽ വിധു റൂമിലേക്ക് വന്നതും ഞാൻ ആ കാലിലേക്ക് വീണ് പൊട്ടിക്കരഞ്ഞതും ഒരുമിച്ചായിരുന്നു.
വിധു അനങ്ങാതെ കുറച്ചു നേരം നിന്നു.. പിന്നെ മെല്ലെ എന്നെ പിടിച്ചു എണീപ്പിച്ചു കൂടെ നിർത്തി ചേർത്തു പിടിച്ചു..
എല്ലാത്തിനും മാപ്പ്.. അത്രയേ എനിക്ക് പറയാൻ സാധിച്ചുള്ളൂ..
സാരമില്ലെടോ… എല്ലാം കഴിഞ്ഞില്ലേ.. ഇന്ന് തൊട്ട് വീണ്ടും ഒരു പുതിയ ജീവിതം ജീവിച്ചു തുടങ്ങാം നമുക്ക്..കരയാതെ നീ..
എന്നാലും എന്നോട് എങ്ങനെ ക്ഷമിക്കാൻ കഴിഞ്ഞു വിധു നിനക്ക്…
ഞാൻ കണ്ണീരോടെ ചോദിച്ചു.
മ്മ്മ്മ്.. അവൻ ദീർഘമായി ഒന്ന് നിശ്വസിച്ചു.
അന്ന് നീ ഇവിടെ നിന്നും പോയപ്പോൾ 2 ദിവസം കഴിഞ്ഞപ്പോൾ തന്നെ നിന്നെ കൊണ്ടു വരാൻ വേണ്ടി ഞാൻ നിന്നതായിരുന്നു..അമ്മ പറഞ്ഞത് പോലെ അപ്പോഴത്തെ ദേഷ്യത്തിൽ നിന്റെ വായിൽ നിന്നും അറിയാതെ വീണ്പോയ ഒരു വാക്ക്.. അത് ക്ഷമിക്കാൻ ഞാൻ അപ്പോഴേ തയ്യാറായിരുന്നു… പക്ഷെ നിന്റെ അച്ഛനാണ് തടഞ്ഞത്.. ഇനിയും അവളുടെ വാശിക്കനുസരിച്ചു താളം തുള്ളിയാൽ അവൾ ഒന്നൂടെ ധിക്കാരിയായി മാറും.. കുറച്ചു ദിവസം അവൾ ഇവിടെ നിൽക്കട്ടെ.. നീ അവളെ വിളിക്കാനോ അവൾ വിളിച്ചാൽ ഫോൺ എടുക്കാനോ പോവരുത്.. ഞങ്ങളും ഇവിടെ അതിനനുസരിച്ചു നിന്നോളാം.. ഒറ്റപെട്ടു എന്ന് തോന്നുമ്പോൾ തനിയെ നിന്നെ തേടി അങ്ങോട്ട് വന്നോളും.. തെറ്റ് എന്താണെന്ന് അവൾ സ്വയം മനസ്സിലാക്കട്ടെ ..
അങ്ങനെയൊക്കെ അച്ഛൻ പറഞ്ഞപ്പോൾ എനിക്കും തോന്നി അതായിരിക്കും നല്ലതെന്ന്..
പക്ഷേ ഞങ്ങളെ എല്ലാം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ടാണ് നിന്റെ ഡിവോഴ്സ് നോട്ടീസ് എന്നെ തേടിയെത്തിയത്.. ഞാൻ ആകെ തകർന്നു പോയി.. നീ ഇന്ന് വരും നാളെ വരും എന്നോർത്ത് കാത്തിരുന്ന എനിക്ക് വല്ലാത്തൊരു ഷോക്ക് ആയിരുന്നു അത്.. എന്റെ സ്നേഹത്തിന്റെ ആഴം മനസിലാക്കാത്ത നിന്നോട് ആദ്യമായി എനിക്കപ്പോൾ ദേഷ്യം വന്നു.. അതുകൊണ്ടാണ് മ്യൂച്വൽ ഡിവോഴ്സ്ന് ഞാനും വേഗം സമ്മതം മൂളിയത്.. പിന്നീട് 2 തവണ നമ്മൾ നേരിട്ട് കണ്ടപ്പോഴും നിന്റെ കണ്ണിൽ എന്നോടുള്ള അടങ്ങാത്ത പക എരിയുന്നത് ഞാൻ കണ്ടു.. നീ മനസ്സ് കൊണ്ടും എന്നിൽ നിന്നും ഒരുപാട് ദൂരെ ആണെന്ന് മനസ്സിലായി..
പക്ഷേ ഡിവോഴ്സ് കിട്ടിയ ദിവസം നിന്റെ സങ്കടം തുളുമ്പിയ മിഴികൾ എന്റെ ഉറക്കം കെടുത്തി…. ഗായു അവിടുത്തെ എല്ലാ വിവരവും എന്നെ അറിയിക്കുന്നുണ്ടായിരുന്നു…ഡിവോഴ്സ് ആയതിനു ശേഷം നീ നല്ല മൂഡ് ഓഫിൽ ആണെന്ന് പറഞ്ഞു..uk യിലേക്ക് പോകുന്ന ഡേറ്റ് ഒക്കെ അവൾ എന്നെ അറിയിച്ചിരുന്നു . നീ പോകുന്ന ദിവസം ഞാൻ നിന്നെ കാണാൻ എയർപോർട്ടിൽ വന്നിരുന്നു.. മറഞ്ഞിരുന്നു ഞാൻ നിന്നെ മതിവരുവോളം കണ്ടു..അപ്പോഴും നിന്റെ മുഖത്ത് ഒരുണർവും കാണാൻ സാധിച്ചില്ല.
രാത്രിയിൽ നിന്നെയും ഓർത്ത് ഉറക്കം വരാതെ കിടക്കുമ്പോൾ എന്നെ തേടി വരുന്ന unknown കാൾ നിന്റേതാണെന്ന് ആദ്യ ദിവസം തന്നെ എനിക്ക് മനസ്സിലായി. നമ്മൾ ലോകത്തിന്റെ രണ്ടറ്റത്ത് ആണെങ്കിലും ഒരേ സമയം നമ്മുടെ മനസ്സുകൾ വേദനിക്കുന്നുണ്ടായിരുന്നു .നിനക്ക് ഞാൻ ഇല്ലാതെയും എനിക്ക് നീ ഇല്ലാതെയും ഒരു പൂർണ്ണത ഇല്ല എന്നെനിക്ക് ബോധ്യമായി ..
നിന്റെ അച്ഛനും അമ്മയും ഇടയ്ക്കിടെ വിളിച്ചു എന്റെ രണ്ടാം വിവാഹത്തെ കുറിച്ച് ഓർമിപ്പിച്ചു കൊണ്ടേയിരുന്നു.. അച്ഛന് വല്ലാത്തൊരു കുറ്റബോധം ആയിരുന്നു അവർ കാരണം എന്റെ ലൈഫ് ഇങ്ങനെ ആയിപോയല്ലോ എന്നോർത്ത്..പക്ഷെ നിന്നെ ഓർക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല…നീ അമ്മയ്ക്ക് വിളിച്ച ദിവസം ഞാനും കൂടെ ഉണ്ടായിരുന്നു…ഒരുപാട് ദിവസങ്ങൾക്കു ശേഷം നിന്റെ ശബ്ദം കേട്ട ദിവസം
.. പറഞ്ഞറിയിക്കാൻ വയ്യ അന്നത്തെ സന്തോഷം…നിന്റെ അച്ഛനോട് ഞാൻ അപ്പോൾ തന്നെ ഫോൺ വിളിച്ചു പറഞ്ഞിരുന്നു നിന്നെ എനിക്ക് തന്നെ തിരിച്ചു തന്നേക്കണേ എന്ന്.. അച്ഛൻ വിസമ്മതിച്ചു.. ഇനിയും എന്നേയും അമ്മയെയും വിഷമിപ്പിക്കാൻ വയ്യ എന്ന്…അങ്ങനെ ഒന്നും ഇനി ഉണ്ടാവില്ല എന്നും ഒരവസരം കൂടി അവൾക്ക് കൊടുത്തുകൂടെ എന്നും ഞാൻ അച്ഛനോട് പറഞ്ഞു.
നിന്റെ തെറ്റുകൾ നിനക്ക് സ്വയം മനസ്സിലാക്കി തരാൻ വേണ്ടിയാ നിന്റെ അച്ഛനും അമ്മയും നിന്നെ അത്രയ്ക്ക് അവോയ്ഡ് ചെയ്തത്.. പിന്നെ ഞാൻ ഗൗതമിനോട് വിളിച്ചു നിന്റെ വിവരങ്ങൾ അന്വേഷിക്കാറുണ്ടായിരുന്നു.. വല്ലപ്പോഴും അവൻ നിന്റെ ഫോട്ടോസ് നീ അറിയാതെ എനിക്ക് അയച്ചു തരുമായിരുന്നു.. ആഗ്രഹിച്ച ജോലി നീ നേടിയെങ്കിലും ഒരു ഫോട്ടോയിലും നിന്റെ കണ്ണുകളിൽ ആ പഴയ തെളിച്ചം കണ്ടതേയില്ല..
ഗായുവിന്റെ കല്യാണകാര്യം പറയാൻ എല്ലാവരും ഇങ്ങോട്ടേക്കു വന്നിരുന്നു.. നീ വരുന്നുണ്ടെങ്കിൽ അതേ പന്തലിൽ വെച്ച് നമ്മുടെയും കല്യാണവും നടത്താം എന്ന് എന്റെ അമ്മയാണ് അച്ഛനോട് പറഞ്ഞത്.. നേരിട്ട് നിന്നോട് പറഞ്ഞാൽ ചിലപ്പോൾ എങ്ങനെ പ്രതികരിക്കും എന്നറിയാത്തത് കൊണ്ട് ഗായു ആണ് ഇങ്ങനെയൊക്കെ പ്ലാൻ ചെയ്തത്…. നിനക്ക് ഇഷ്ടക്കുറവ് എന്തെങ്കിലും ഉണ്ടായിരുന്നോ തനുട്ടാ…
അവന്റെ ആർദ്രമായ ചോദ്യം എന്റെ ഉള്ളു പൊള്ളിച്ചു..
എങ്ങനെ വിധു.. എങ്ങനെ നിനക്കെന്നെ ഇങ്ങനെ ആഴത്തിൽ സ്നേഹിക്കാൻ കഴിയുന്നു…
അതും പറഞ്ഞു ഞാൻ ആ നെഞ്ചിലേക്ക് തല പൂഴ്ത്തി…
അവന്റെ കൈകൾ എനിക്കു ചുറ്റും പൊതിഞ്ഞു.
ആ നിമിഷം ഞാൻ ഒരിക്കൽ കൂടി തിരിച്ചറിയുകയായിരുന്നു ഇതാ….. ഇവിടെ… ഈ നെഞ്ചിൽ ആണ് എന്റെ സ്വർഗം എന്ന്!!!!!❤️
അവസാനിച്ചു
അനാമിക

by