18/04/2026

കാട്ടുപൂക്കൾ : ഭാഗം 07

രചന – അഞ്ജു തങ്കച്ചൻ

മേനക അന്നാകെ ഉത്സാഹത്തിലായിരുന്നു. ഇനിയൊരു അബദ്ധം പറ്റാതെ രഘു നോക്കും. ഒരിക്കൽ പാളിപ്പോയത് കൊണ്ട് തന്നെ അവനൊരു വാശി കേറിയിട്ടുണ്ട്. ചിന്നുവിന്റെ അവസാനം കണ്ടിട്ടേ അവൻ വരൂ.

അതുകഴിഞ്ഞിട്ട് വേണം ഇവിടുത്തെ മുതുക്കനെ ഒതുക്കാൻ. അയാൾക്ക്‌ ഈയിടെയായി മകളോട് ഇത്തിരി സ്നേഹം കൂടുതലാണ്.

തന്നോടുള്ള അങ്ങേരുടെ മനോഭാവത്തിലും മാറ്റമുണ്ട്. അയാൾക്ക്‌ കഴിഞ്ഞതിലെല്ലാം കുറ്റബോധമുണ്ട് പോലും.

ഹും… അയാള് കുറ്റബോധം കൊണ്ട് ഇരിക്കട്ടെ. ഒന്നുകിൽ അനങ്ങാൻ പറ്റാത്ത വിധം അയാളെ കിടപ്പിലാക്കണം, അല്ലെങ്കിൽ പരലോകത്തേക്ക് അയാളെയും അയക്കണം.
എന്നിട്ട് വേണം എന്റെ രഘുവിനൊപ്പം,ഞങ്ങളുടെ കുഞ്ഞുങ്ങളുമായി സന്തോഷത്തോടെ,സമാദാനത്തോടെ ജീവിക്കാൻ.

അതിന് വേണ്ടി എന്ത് ചെയ്യാനും ഈ മേനക തയ്യാറാക്കും.

കണ്ടത്തിലെ ചെളിയിൽ നിന്നും, ഈ തറവാട്ടിൽ കാലുറപ്പിക്കാൻ തനിക്ക് കഴിഞ്ഞെങ്കിൽ,പിന്നെ ഈ കിളവനെയും അയാളുടെ മോളെയും ഒഴിവാക്കാനാണോ പാട്.

എട്ട്‌ വർഷം മുൻപ് അയാളുടെ അതിസുന്ദരിയായ ഭാര്യ സരസ്വതിയെ ഇവിടുന്ന് അയാളെക്കൊണ്ട് തന്നെ ഓടിച്ചതാണ് താൻ.

ഇവിടുന്ന് മാത്രമല്ല,ഈ ലോകത്തുനിന്ന്…..

അവളെ തന്റെയീ കരങ്ങൾ കൊണ്ട് അവസാനിപ്പിച്ചതാണ്.അവളുടെ അവസാനപ്പിടച്ചിൽ നോക്കി നിന്നവളാണ് താൻ.

എന്നെ കൊല്ലരുത്,എന്റെ കുഞ്ഞുങ്ങളെകണ്ട് എന്റെ കൊതി തീർന്നിട്ടില്ലെന്ന് അവൾ കരഞ്ഞപേക്ഷിച്ചപ്പോൾ,ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു താൻ.

രഘുവും താനും ചേർന്ന് ആ ചെങ്കുത്തായ പാറമടയിൽ നിന്നുമവളെ താഴേക്ക് വലിച്ചെറിഞ്ഞപ്പോൾ,തനിക്ക് ലോകം കീഴടക്കിയ സന്തോഷം തോന്നി.

എന്നിട്ട് ഒന്നുമറിയാത്ത പോലെ മാധവന് മുൻപിൽ ഒരു കള്ളക്കണ്ണീരും ഒഴുക്കി.ഞാൻ കാരണമാണോ മാധവേട്ടന്റെ ഭാര്യ ആത്മഹത്യ ചെയ്തതെന്ന് ചോദിച്ചപ്പോൾ അയാൾ അന്ന് പറഞ്ഞത്,അതവളുടെ വിധി ആണെന്നായിരുന്നു.

തന്റെ രാത്രികളെ നിറമുള്ളതാക്കാൻ വിരുന്ന് വന്നവനായിരുന്നു രഘു….
തന്നെക്കാൾ പ്രായം കുറവാണെങ്കിലും അവനെന്നെയും,ഞാൻ അവനെയും സ്നേഹിച്ചു പോയി.
അവന്റെ നിർദേശപ്രകാരമാണ് മാധവനെ തന്റെ വരുതിയിലാക്കിയത്.

രഘുവിനൊപ്പം ഒരു കൂലിപ്പണിക്കാരിയായിട്ടല്ല,ഒരു റാണിയായി തനിക്ക് ജീവിക്കണം.

അവനൊരിക്കലും തന്നെ വിട്ടുപോകാതിരിക്കാൻ വേണ്ടിയാണ് അവന്റെ കുഞ്ഞുങ്ങളെ പെറ്റുവളർത്തിയത്.

അവരോടൊപ്പം ഒരു സ്വർഗ്ഗം തീർക്കണം അതിന് ആരെ വേണമെങ്കിലും കരുവാക്കും,എന്തും ചെയ്യും.

************
അതിരാവിലെ തന്നെ നരേന്ദ്രൻ ഉണർന്നു.
ചിന്മയിയെ ഇനിയും അപകടത്തിലാക്കാൻ അവർ നോക്കും.

ഒരു നിഴൽ പോലെ അവൾക്ക് പിന്നാലെ,അവൾ കോളേജിൽ പോയ ദിവസം മുതൽ താനുണ്ട്.

ടൗണിൽ ചുമടെടുക്കാൻ പോയത് തന്നെ അവളെ ശ്രെദ്ദിക്കാമല്ലോ എന്ന് കരുതിയാണ്. കോളേജ് കഴിഞ്ഞ് അവൾ വീട്ടിലേക്ക് കയറുന്നത് വരെ താനവൾക്ക് കാവലായ് ഉണ്ട്‌.

രഘുവിനെ അവൾ ഇറക്കി വിട്ടു എന്നറിഞ്ഞതിൽ പിന്നെ വല്ലാത്തൊരു ആകുലതയാണ് . കാരണം രഘുവിനെ മുൻപേ പരിചയമുണ്ട്. അവൻ പലവട്ടം ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയവനാണ്.

കുറച്ച് നാളുകളായി അവൻ ഒതുങ്ങി ജീവിക്കുകയാണെങ്കിലും,അവനിലെ ക്രൂരൻ അടങ്ങിയിട്ടൊന്നും ഇല്ല.

ചിൻമയിയെ വീട്ടിൽ രാധേച്ചി ശ്രെദ്ദിച്ചോളും, അവർ ഒരു പാവമാണ്.
എല്ലാ വിവരങ്ങളും അവർ തന്നെ അറിയിക്കാറുണ്ട്.

രഘുവും, മേനകയും തമ്മിലുള്ള ബന്ധം പറഞ്ഞതും രാധേച്ചിയാണ്. അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി.

അതുകൊണ്ട് തന്നെ അവർ ചിന്നുവിനെ ഇല്ലാതാക്കാൻ ശ്രെമിക്കും.
തന്റെ ജീവൻ കൊടുത്തും അവളെ താൻ രക്ഷിക്കും.

കാരണം എന്നേക്കാൾ അവളെ സ്നേഹിക്കുന്നു.

സ്വന്തമാക്കാൻ താൻ ആഗ്രഹിക്കുന്നില്ല. അവൾഎവിടെ ആയാലും, ആരുടേതായാലും സന്തോഷമായി ഇരിക്കണം അത്രമാത്രം.

കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ അയാൾ സമയം നോക്കി.7.28 ആയതേ ഉളളൂ.

ചിന്നു വീട്ടിൽ നിന്നും ഇറങ്ങുന്നത് എട്ടരക്കാണ്.

അച്ഛനോടുള്ള വാശിയിൽ ആയിരിക്കണം അവൾ വീട്ടിലെ ഒരു വാഹനവും ഉപയോഗിക്കാറില്ല.
അച്ഛനോ,അച്ഛൻ നിയോഗിച്ച ഡ്രൈവറോ അവളെ കൊണ്ടാക്കാൻ അവൾ സമ്മതിക്കാറില്ലെന്ന് രാധേച്ചി പറഞ്ഞിട്ടുണ്ട്.

ഇപ്പോൾ പഴയപോലെ കരഞ്ഞു നടക്കുന്ന പെണ്ണല്ല അവൾ.
തൊട്ടാൽ പൊള്ളുന്ന തീക്കനലാണ്.

എന്തായാലും ചായക്കടയിൽ കയറി ചായ കുടിച്ചിട്ട് പോകാം ഇനിയും ഒരു മണിക്കൂർ സമയം എടുക്കും അവൾ വീട്ടിൽ നിന്നും ഇറങ്ങാൻ

അയാൾ ചായക്കടയിലേക്ക് നടന്നു.

ചിന്നു രാവിലെ ഭക്ഷണം കഴിച്ചിട്ട്,മേനകയുടെ മുറിയിലേക്ക് ചെന്നു.

വിലയേറിയ പട്ടുസാരി,ഞൊറിയിട്ട് ഉടുക്കുന്ന തിരക്കിലായിരുന്നു അവർ

പതിവില്ലാതെ ചിന്നുവിനെ കണ്ടതും അവളുടെ നെറ്റി ചുളിഞ്ഞു.

ഉം… എന്താടി

എന്റെ വിവാഹത്തിനാണെന്ന് പറഞ്ഞ് അച്ഛൻ എന്റെ കൈയിൽ തന്ന ആഭരണപ്പെട്ടി എവിടെ?

അതെന്തിനാ ഇപ്പോൾ നിനക്ക്?
അത് നിന്റെ കല്യാണം തീരുമാനിക്കുമ്പോൾ നിനക്ക് തരും അതുവരെ എന്റെ കൈയിൽ ഇരുന്നോട്ടെ.

അതിന്റെ ആവശ്യം ഇല്ല.സൂക്ഷിക്കാൻ എനിക്കറിയാം.

നീ പോകാൻ നോക്ക് ചിന്നൂ… മുതിർന്നവർ പറയുന്നത് കുറച്ചൊക്കെ അനുസരിക്കണം.
അതെങ്ങനാ തള്ള പഠിപ്പിച്ചു വച്ചതല്ലേ ഓരോന്ന്.എന്നിട്ട് അവള് പോയി ചാടിച്ചത്തു.

ദേ…. പെണ്ണുമ്പിള്ളേ എന്റെ അമ്മയെ പറഞ്ഞാൽ ഉണ്ടല്ലോ മുരണ്ടുകൊണ്ട് അവൾ ചുറ്റിലും നോക്കി.

മേശയിൽ ഇരുന്ന കത്രികയാണ് അവളുടെ കണ്ണിൽ പെട്ടത്
കത്രിക വലിച്ചെടുത്തതും,അത് മേനകയുടെ കഴുത്തിൽ വച്ചതും ഒരുമിച്ചായിരുന്നു.
അനങ്ങിയാൽ നിന്റെ അവസാനം എന്റെ കൈ കൊണ്ടായിരിക്കും.

മോളേ കത്രിക മാറ്റ് കുഞ്ഞമ്മയുടെ കഴുത്തു മുറിയും.

ആദ്യം എന്റെ ആഭരങ്ങൾ എവിടെ അത് പറ.

അത് അലമാരയിൽ ഇരിപ്പുണ്ട്.

അവൾ കത്രിക മാറ്റി.
അലമാര തുറന്ന് ആഭരണപ്പെട്ടി കൈയിൽ എടുത്തു.

ഉം..ഇനി കഴുത്തിൽ കിടക്കുന്ന ആ മാല ഇങ്ങൂര് അത് മംഗലത്തു തറവാട്ടിലെ പെണ്ണുങ്ങൾക്ക് തലമുറ കൈമാറി കിട്ടിയ മാലയാണ്.
വിലയേറിയ രത്നങ്ങൾ പതിപ്പിച്ച ആ മാല നോക്കാനുള്ള യോഗ്യത പോലും നിങ്ങൾക്കില്ല.

ഇല്ല.. ഇത് മാധവേട്ടൻ എനിക്ക് തന്നതാണ്.
ഇത് ഞാൻ തരില്ല.

എന്റെ അമ്മയുടെ കഴുത്തിൽ കിടന്ന മാലയാണിത്.കഴിഞ്ഞു പോയ തലമുറകൾ സൂക്ഷിച്ചു വച്ചത്.അത്രമേൽ പവിത്രമായ അത് തൊടാൻ പോലും നിനക്കർഹതയില്ല.മര്യാദക്ക് തന്നോ.

ഇല്ല..

അവൾ കത്രികയുയർത്തി.എന്ത് ചെയ്യാനും മടിക്കില്ല ഞാൻ.തിന്ന് തിന്ന് ചീർത്തിരിക്കുന്ന നിങ്ങൾക്ക് ഒന്നോടാൻ പോലും പറ്റില്ല അതോർത്തോളണം.
നിങ്ങളുടെ പള്ളക്ക് ഇത് കേറ്റാൻ എനിക്കൊരു മടിയുമില്ല

തരാനാ പറഞ്ഞത്.അവൾ ഉറക്കെ പറഞ്ഞു.

രക്തം ഇരച്ചു കയറി ചുവന്ന, അവളുടെ കവിളിണകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

അത് കണ്ടതും മേനക മാല ഊരി ചിന്മയിയുടെ കൈയിൽ കൊടുത്തു.

അവൾ അതുമായി മുറി വിട്ടിറങ്ങി.

മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ്. പേടിച്ച് ഇപ്പോൾ കരയുമെന്ന മട്ടിൽ വിതുമ്പി നിൽക്കുന്ന ഗോകുൽ മോനെയും,അമ്പരന്ന് നോക്കുന്ന ഗൗതമിനെയും ചിന്നു കണ്ടത്.

പേടിച്ച് പോയോ….?
അവൾ ആഭരണ പെട്ടി നിലത്തു വച്ചിട്ട് ഗോകുൽ മോനെ വാരിയെടുത്തു ചുംബിച്ചു.
വെറുതെ തമാശ കാണിച്ചതല്ലേ… വാ രണ്ടാൾക്കും ചിന്നു ചേച്ചി മിഠായി തരാം.

ആഭരങ്ങൾ അലമാരയിൽ വച്ച് പൂട്ടിയിട്ട്.അവൾ കുഞ്ഞുങ്ങൾക്ക് മിഠായി കൊടുത്തു.അവരുടെ മുഖത്ത് ചിരി വിരിഞ്ഞപ്പോഴാണ് അവൾക്ക് സമാധാനമായത്

മേനക കട്ടിലിൽ ഒരേ ഇരുപ്പ് ഇരുന്നു….. അവരുടെ ഉടലാകെ ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.

അവളെ രഘു അവസാനിപ്പിക്കാൻ പാടില്ല.
തന്റെ ഈ കൈകൾ കൊണ്ട് ഇഞ്ചിഞ്ചായി വേദനിച്ചു പിടഞ്ഞവൾ തീരണം.അവളുടെ അമ്മയെ പോലെ പ്രാണന് വേണ്ടി അവൾ കെഞ്ചണം.

അത് കണ്ടാലേ താൻ ഏറ്റ ഈ അപമാനത്തിന് പകരമാകൂ.

ചിന്നൂ….. നീ നോക്കിക്കോ ഈ മേനക ആരെന്ന് നീ അറിയാൻ പോകുവാ…

ഒന്നുകിൽ ഞാൻ അല്ലെങ്കിൽ നീ.രണ്ടിൽ ഒരാളെ ഇന്നീ രാത്രി താണ്ടൂ…

അവർ മനസിലെന്തോ ഉറപ്പിച്ചു.

**********
തുടരും.