രചന – അളകനന്ദ
കല്യാണവേഷത്തിൽ ശിവക്ഷേത്രത്തിലേക്ക് ചെല്ലുമ്പോൾ ഹൃദയം പട പാടാന്ന് ഇടിക്കുകയായിരുന്നു. പപ്പേട്ടനും അച്ഛനും അപ്പച്ചിയമ്മയും അടുത്ത ബന്ധുക്കളും മാത്രമേ ഉള്ളൂ. ഇവിടുന്നും അതേ… വളരെ വേണ്ടപ്പെട്ടവരെ മാത്രം ക്ഷണിച്ചു. പപ്പേട്ടൻ പതിവ് ചിരിയുമായി നല്ല ഉഷാറായി നിൽക്കുന്നുണ്ട്. സർവ്വാഭരണവിഭൂഷിതയായി എന്നെ കണ്ടപ്പോൾ ആ കണ്ണുകൾ വിടരുന്നതും കല്യാണിക്കുട്ടിന്ന് വിളിച്ചു ഓടി വരാൻ ആയുന്നതും കണ്ടു. അച്ഛൻ കയ്യിൽ പിടിച്ചു വച്ച് കണ്ണുരുട്ടി കാണിച്ചു. അടുത്ത് ചെന്നു നിന്നപ്പോ മാലയിലും വളയിലും കമ്മലിലുമൊക്കെ കണ്ണുകളോടി… അത് ചെന്നവസാനിച്ചതു തലമുടി മറച്ചു ചൂടിയിരിക്കുന്ന മുല്ലപ്പൂവിലും. കൈ നീട്ടി തൊടാനാഞ്ഞതും അപ്പച്ചിയമ്മ ,,പപ്പാന്ന്,, ശാസനയോടെ വിളിച്ചിരുന്നു. ചുണ്ടും പിളർത്തി എന്നെ നോക്കി പരിഭവം നടിച്ചപ്പൊ ഇരു കണ്ണും അടച്ചു കാണിച്ചു. താലിഎടുത്തു കൊടുത്തപ്പൊ പപ്പേട്ടൻ തല വെട്ടിച്ചു വെട്ടിച്ചു ചുറ്റും നോക്കി.
കൊച്ചു കുട്ടികളുടെ സ്വഭാവമായതുകൊണ്ടു വാശി പിടിച്ചു വല്ല അലമ്പും ഉണ്ടാക്കുമോ എന്നുള്ള ഭയവും ആകാംഷയും പലരുടെയും മുഖത്ത് കണ്ടു. പക്ഷേ,, കൈതണ്ടയിലുള്ള അപ്പച്ചിയമ്മയുടെ ചെറിയ ചെറിയ കൊട്ടലുകളും അച്ഛന്റെ കണ്ണുരുട്ടി പേടിപ്പിക്കലിലും ഒതുങ്ങുന്ന അച്ചടക്കവും അനുസരണയുള്ള കുട്ടി കുറുമ്പനെപ്പോലെയാണ് പപ്പേട്ടനെന്നെനിക്കറിയാവുന്നതിനാൽ വല്യ ആശങ്കകളൊന്നും തന്നെ എന്നെ അലട്ടിയിരുന്നില്ല . അപ്പച്ചിയമ്മ പറഞ്ഞതനുസരിച്ച് പപ്പേട്ടൻ താലി എടുത്തു എനിക്ക് നേരേ തിരിഞ്ഞു. രണ്ടു വശത്തുടെയും കൈകൾ പിന്നിലേക്ക് പോയപ്പോൾ ആ മുഖവും എന്നിലേക്കടുത്തു. ഇടതു തോളിൽ താടിയൂന്നി മുല്ലപ്പൂ മാലയിൽ മുഖമമർത്തുമ്പോ ഒരു കൊള്ളി മീൻ ഉള്ളിലൂടെ പാഞ്ഞു. മൂക്കിലേക്ക് തുളച്ചു കയറുന്ന പപ്പേട്ടന്റെ ചന്ദന ഗന്ധം എന്നെ കൂടുതൽ തളർത്താൻ പാകത്തിനുള്ളതായിരുന്നു.
പപ്പേട്ടൻ താലി കെട്ടി മാറുമ്പോഴും ചലന ശേഷി അറ്റവളെപ്പോലെ ഞാൻ നിന്നു. മൂന്നു കൂട്ടം പായസം കൂട്ടി ഉള്ള ഊണായിരുന്നു. ചൂട് ചോറിനു മീതെ പരിപ്പ് കറി ഒഴിച്ച് നെയ്യ് തൂവിയിരുന്നു. അതിനു മേൽ രണ്ടു പപ്പടം,,, ഒന്നിന്റെ മുകളിൽ മറ്റേതും വച്ച് കൈപത്തി വിടർത്തി പപ്പേട്ടനത് അടിച്ച് പൊടിച്ചപ്പോൾ പലരുടെയും കണ്ണുകൾ അവജ്ഞയോടെയും സഹതാപത്തോടെയും നീണ്ടു. “”വാരി തരുമോ കല്യാണിക്കുട്ടി… ” കഴിക്കാനെടുത്ത ആദ്യത്തെ ഉരുള വായിലേക്ക് വയ്ക്കാൻ പോയപ്പോൾ കേട്ട ചോദ്യത്തിൽ തല ചെരിച്ചു നോക്കിയപ്പോ പ്രതീക്ഷയോടെ പപ്പേട്ടനിരുപ്പുണ്ട് . “നിനക്കു ഞാൻ വാരി തരാം. മോള് കഴിച്ചോട്ടെ പപ്പാ.. ” അമ്മ പറഞ്ഞത് കേട്ട് വേണ്ട എന്ന മട്ടിൽ തല ഇരുവശത്തേക്കും ചലിച്ചുകൊണ്ടിരുന്നു. “ഞാൻ കൊടുത്തോളാം അമ്മേ.. ”
കയ്യിലിരുന്ന ഉരുള പപ്പേട്ടനു നേരേ നീട്ടുമ്പോ ചുറ്റുമുള്ളവരെക്കുറിച്ചു ചിന്തിക്കാൻ തോന്നിയില്ല. സന്തോഷത്തോടെ വീണ്ടും വീണ്ടും വായ തുറന്നു കാട്ടുമ്പോ മുഴുവൻ ചോറും ഊട്ടി കൊടുക്കാതിരിക്കാനായില്ല. ഇറങ്ങാൻ സമയമടുത്തപ്പോ മുതൽ നെഞ്ചിലൊരു വിങ്ങൽ… അതു കരച്ചിൽ ചീളുകളാകാതിരിക്കാൻ കടിച്ചു പിടിച്ചു. ഇറങ്ങും മുൻപ് വല്യച്ഛൻ വന്നു. സംസാരിക്കാൻ.. “”എനിക്ക് ഇഷ്ടമില്ലാണ്ട് നടത്തി തന്നതാണെന്നോർത്ത് എന്റെ കുട്ടി വേദനിക്കണ്ടാട്ടോ…. പപ്പനെ എല്ലാർക്കും പണ്ടേ അറിയാവുന്നതാ…. നല്ലവനാ. ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് പഴേ പപ്പനാക്കണം നീ അവനെ.. പെൺ മക്കളുള്ള എല്ലാ അച്ഛനമ്മമാർക്കും അവരെ ഏറ്റവും സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ചു കൊടുക്കണ വരെ നെഞ്ചിലൊരു പെടപ്പാ…. അതിന്റെ വേവലാതിയിലും,,, പിന്നെ ന്റെ കുട്ടിക്ക് ഇതു കേൾക്കുമ്പോ വിഷമവാകുമോ എന്നൊക്കെ കരുതിയാ വല്യച്ഛൻ അന്നങ്ങനെയൊക്കെ പറഞ്ഞേ… “” ചേർത്ത് പിടിച്ചു നെറുകയിൽ മുത്തുമ്പോ രണ്ടു തുള്ളി കണ്ണുനീർ അടർന്നു വീണു .
നിറഞ്ഞു വന്ന കണ്ണുകളെ മറയ്ക്കാൻ വല്യച്ഛൻ വേഗം തിരിഞ്ഞു നടന്നു. 💙 വലതുകാൽ വച്ച് കയറാൻ വിളക്കെടുത്തു തന്നത് അപ്പച്ചിയമ്മയായിരുന്നു. കല്യാണത്തിനു വന്നവരിൽ കുറച്ചു പേർ മാത്രം വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. വിളക്ക് പൂജാമുറിയിൽ വച്ച ശേഷം എല്ലാരോടും കുറച്ചു നേരം മിണ്ടിയും പറഞ്ഞും നിന്നപ്പോൾ കുളിച്ചു മാറി വന്നിട്ട് സംസാരിക്കാമെന്ന് പറഞ്ഞു അമ്മ വന്നു. സാരിയും ഇട്ടിരുന്ന ആഭരണങ്ങളും അഴിച്ചു സഹായിക്കാൻ അമ്മ കൂടെ നിന്നു.മുല്ലപ്പൂ അഴിച്ചു മാറ്റിയപ്പോൾ അതിനു വല്യ വാട്ടം തട്ടിയിട്ടില്ല. പപ്പേട്ടന് കൊടുക്കാൻ നീക്കി വച്ചു. വന്നപ്പോ മുതല് ഓടി നടക്കുന്നുണ്ട്. ഇതൊന്നു കയ്യിലേൽപ്പിക്കാൻ ആളെ കണ്ടു കിട്ടട്ടെയെന്ന് വച്ചിരുന്നപ്പോഴാണ് വാതിൽ മലക്കെ തുറന്നു ഇടിച്ചു കേറി വന്നത്.
അമ്മ തലയിൽ കൈ വച്ചു നിൽക്കുവാണ്. അമ്മയുടെ നോട്ടത്തിലുള്ള പപ്പേട്ടന്റെ കുറ്റം ചെയ്തപോലുള്ള നിൽപ് കണ്ടപ്പോൾ ചിരിയാണ് പൊട്ടിയത്. “ഞാൻ പപ്പേട്ടനെ നോക്കിയിരിക്യാരുന്നു. ഇതു തരാൻ… ” എടുത്തു കൊടുത്തപ്പോ മുഖം നൂറു വോൾട്ടിൽ പ്രകാശിക്കുന്നുണ്ട്. കിട്ടിയപാടെ അതുമായിട്ട് ഇറങ്ങി ഓടി. “ഈ ചെക്കന്റെ കാര്യം. ” വാതിൽക്കൽ നോക്കി അമ്മ പറഞ്ഞത് കേട്ട് ആ പോക്കും നോക്കി ഞാനും ചിരിയോടെ നിന്നു. വൈകിട്ട് മുകളിലെ പപ്പേട്ടന്റെ മുറിയുടെ മുന്നിൽ വരെ അമ്മ കൊണ്ടാക്കി. പപ്പേട്ടൻ മരുന്നു കഴിക്കുന്നുണ്ട്. ചിലപ്പോ ഉറങ്ങിക്കാണാനാണ് സാധ്യത എന്നും പറഞ്ഞു അമ്മ പോയി. ഉറക്കമാണെങ്കിൽ വെറുതെ ശബ്ദം കേട്ട് ഉണരണ്ടന്ന് കരുതി പതിയെയാണ് വാതിൽ തുറന്നത്. എങ്കിലും ചെറിയതോതിൽ ശബ്ദം പൊങ്ങി.
അകത്തേക്ക് കയറിയപ്പോ കണ്ട കാഴ്ചയിൽ തലയിൽ കൈ വച്ചു പോയി. വടി കൊടുത്തു അടി വാങ്ങുക എന്ന് പറയുന്നത് ഇതിനാണോയെന്ന് തോന്നിപ്പോയി. മുല്ലപ്പൂ മുഴോൻ പിച്ചി കീറി തറയിലും മേശയിലുമൊക്കെയായി വിതറിയിട്ടിട്ടുണ്ട്. “എങ്ങനുണ്ട് കല്യാണിക്കുട്ടി?? നന്നായിട്ടില്ലേ?? മുല്ലപ്പൂവിന്റെ മണം വരാനാ.. ” പപ്പേട്ടൻ കട്ടിലിൽ ചമ്രം പടിഞ്ഞിരിക്കുവാണ്. ചുറ്റിനും മുല്ലപ്പൂവും. ദയനീയമായൊന്നു ചിരിച്ചു. “എന്തിനാ പപ്പേട്ട ഇങ്ങനെ പിച്ചി കീറിയെ… മുറി മൊത്തം വൃത്തികേടായില്ലേ… ” ആണോന്നുള്ള മട്ടിൽ തറയിലും മറ്റും മാറി മാറി നോക്കുന്നുണ്ട്. “എങ്കി നമുക്കിത് വൃത്തിയാക്കാം. ” നിഷ്കളങ്കമായ പറച്ചിൽ കേട്ടപ്പോൾ പിന്നെയൊന്നും പറയാൻ തോന്നില്ല. ഉടുത്തിരുന്ന സാരിയുടെ തുമ്പ് എടുത്തു എളിയിൽ കുത്തി,, ഷീറ്റിലെയും മേശയിലെയുമൊക്കെ തട്ടി നിലത്ത് ഇട്ടിട്ടു തറയിൽ നിന്ന് തൂത്തു വാരി എടുത്തു.
ഒച്ചയൊണ്ടാക്കാതെ താഴെ എത്തി. നിഴൽ പോലെ പപ്പേട്ടനും കൂടെ ഉണ്ട്. അടുക്കള കതക് തുറന്നു വെളിയിലേക്ക് കളയാൻ പോയപ്പോൾ പപ്പേട്ടനെന്തോ പറയാൻ തുടങ്ങുന്ന കണ്ടു. പെട്ടന്ന് തന്നെ ഞാനെന്റെ ചുണ്ടിനു കുറുകെ വിരൽ വച്ച് മിണ്ടരുതെന്ന് ആഗ്യം കാട്ടി. ഉടനെ തന്നെ പപ്പേട്ടൻ ഇരുകൈ കൊണ്ടും വായ പൊത്തി നിന്നു.വന്നവരെല്ലാം പോയിരുന്നു. അമ്മയുടെയും പപ്പേട്ടന്റെ അച്ഛന്റെയും മുറികളിൽ വെട്ടം ഇല്ലായിരുന്നു. ഉറങ്ങിക്കാണും. മരത്തടികൾ കൊണ്ടുള്ള ഗോവണി ആയതിനാൽ ശബ്ദമുണ്ടാകാതിരിക്കാൻ പൂച്ച പതുമ്മി പോണ പോലെയാണ് ഞങ്ങൾ കേറിയത്. റൂമിൽ കയറി ലൈറ്റണച്ച് കിടന്നപ്പോ തൊട്ട് പപ്പേട്ടൻ വാതോരാതെ സംസാരിക്കുന്നുണ്ട്. അയല്പക്കത്തെ കുട്ടികളെക്കുറിച്ചും മുറ്റത്തെ ഊഞ്ഞാലു രാഘവേട്ടനെ കൊണ്ട് കെട്ടിച്ചതും കുളക്കടവിൽ പോകുന്നതിനെക്കുറിച്ചുമൊക്കെയാണ്. വർത്താനം പറയുന്നതിനിടയിൽ പെട്ടന്നാണ് പപ്പേട്ടൻ ചാടി കട്ടിലിമ്മേൽ എണീറ്റിരുന്നത്.
“എന്താ പപ്പേട്ട..” “കല്യാണിക്കുട്ടിക്ക് വീട്ടിൽ പോണ്ടേ?? രാത്രി ആയീല്ലോ… ഇനി എങ്ങനാ പോവ്വാ? ” ഒരു നിമിഷം നെഞ്ചോന്നു കാളി. “ഇനി മുതലേ ഞാനിവിടെയാ…. പപ്പേട്ടന്റെ കൂടെ കളിക്കാനും ഊഞ്ഞാലാടാനും കുളത്തിൽ പോവാനുമൊക്കെ ഞാനാ വരുന്നേ… ” “ശരിക്കും? “വിശ്വാസം വരാത്ത പോലെ വീണ്ടും ചോദിച്ചു. “മ്മ് ശരിക്കും.. എന്നെ ഇഷ്ടായില്ലേ പപ്പേട്ടന്? ” “ഇഷ്ടായി…. ഒത്തിരി ഒത്തിരി ഇഷ്ടായി. ” മെല്ലെയാ വലം കവിളിൽ എന്റെ ഇടം കൈ ചേർത്ത് വച്ചു. “എന്നെ നാളെ കുളത്തില് കൊണ്ടോവ്വോ? ” “കൊണ്ടോകാട്ടോ… നാളെയല്ലേ… ഇപ്പോ ഉറങ്ങിക്കോ. സമയം ഒരുപാടായി. “പറഞ്ഞു തീരുന്നതിന് മുന്നേ കണ്ണുകളിറുക്കി അടച്ചു കിടന്നു. ഉറങ്ങുമ്പോഴും പുഞ്ചിരി തെളിഞ്ഞു നിൽക്കുന്ന ആ മുഖം നോക്കി കിടന്നു ഞാനും എപ്പഴോ മയങ്ങിയിരുന്നു. എന്നും ഉണരാറുള്ള സമയത്തു തന്നെ ഉണർന്നു.
പാല് കൊടുക്കാൻ പോയിരുന്നതുകൊണ്ട് നേരത്തെ എണീറ്റ് ശീലം ഉണ്ടല്ലോ…. കുളിച്ചിറങ്ങി താഴേക്കു ചെന്നപ്പോ പപ്പേട്ടന്റെ അച്ഛൻ നടുമുറിയിൽ നിന്നും പത്രവുമായിട്ട് വെളിയിലേക്ക് ഇറങ്ങുകയാണ്. അടുക്കളയിൽ അമ്മ ചായ തിളയ്ക്കാൻ നോക്കി നിൽപ്പുണ്ട്. തിളച്ചു പൊങ്ങുന്നതു കണ്ടിട്ടും അമ്മ അറിയുന്നില്ലന്നു കണ്ടപ്പോ ഞാൻ ചെന്ന് സ്റ്റവ് ഓഫ് ആക്കി. ഞെട്ടിയെന്ന് തോന്നുന്നു. “ഞാൻ…… പെട്ടന്ന്.. എന്തെക്കെയോ ചിന്തിച്ചു…. ” വാക്കുകൾ കൂട്ടി പെറുക്കി പറയാൻ ശ്രമിക്കുന്നുണ്ട്. “ഞാൻ എടുക്കാമ്മേ… ” “പപ്പൻ ഇങ്ങോട്ട് വരുമേ.. ” നാല് ഗ്ലാസ്സിൽ ചായ പകർന്നൊഴിച്ചപ്പോ അമ്മ പറഞ്ഞു. “”ഒരെണ്ണം ശേഖരേട്ടന് കൊടുത്തേക്കോ മോള്,, ഏട്ടൻ വാതുക്കലുണ്ട്. “” ഉമ്മറ തിണ്ണയിലെ ചാരു കസേരയിൽ പത്രം വായിച്ചിരിക്കുന്നുണ്ട്. “”അച്ഛാ ചായ.. “” “”മോൾക് ഇവടൊക്കെ ഇഷ്ടായോ? “” ആദ്യമായാണ് ഇത്രയും നല്ല ചിരിയോടെ അച്ഛനെ കാണുന്നത്.
പപ്പേട്ടന്റെ കുറുമ്പ്കൾക്ക് കണ്ണുരുട്ടി പേടിപ്പിക്കുന്നത് മാത്രമേ കണ്ടിരുന്നുള്ളൂ. “”മ്മ്.. “”ചിരിയോടെ തന്നെയൊന്ന് മൂളി. പൊടുന്നനെ അടുക്കളയിൽ നിന്നൊരു ശബ്‌ദം കേട്ടു അപ്പോൾ തന്നെ അച്ഛനെയൊന്നു നോക്കിയിട്ട് അകത്തേക്കോടി. എന്റെ പിറകെ തന്നെ അച്ഛനുമുണ്ടായിരുന്നു. “കല്യാണിക്കുട്ടി എവിടേന്നു? “പപ്പേട്ടനാണ്. ഏട്ടന്റെ അലറക്കം കേട്ട് അമ്മയുടെ കയ്യിൽ നിന്ന് താഴെ പോയതാന്ന് തോന്നണു ഒരു ചെരുവം കിടപ്പുണ്ട് നിലത്ത്. “എന്തിനാ പപ്പേട്ടാ ഒച്ചയെടുക്കണേ… ഞാനിവിടെ തന്നെയില്ലേ.. എവിടെ പോവാനാ ” ശാന്തമായാണ് ചോദിച്ചത്. അച്ഛനിതിന് പപ്പേട്ടനെ വഴക്ക് പറയുവോന്ന് കരുതിയാണ് ചാടി കയറി ഇടപെട്ടത്. എന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് ആള് അച്ഛനെ കണ്ടത്.
തല കുനിഞ്ഞു. അപ്പൊ തന്നെ അച്ഛൻ വന്ന വഴി തിരിച്ചു പോയി. “ബാ നമുക്ക് കുളത്തിൽ പോവാം… ഇന്ന് കൊണ്ടോകാന്ന് പറഞ്ഞയല്ലേ.. ” “ഇപ്പോ നീ എണീറ്റു വന്നതല്ലേയുള്ളു പപ്പാ… ചായ ഒക്കെ കുടിച്ചിട്ട് പോകാം. ” “വേണ്ട.. വന്നിട്ട് കുടിക്കാം ” എന്റെ കൈയിൽ പിടിച്ചു അപ്പച്ചിയമ്മയോട് പറഞ്ഞിട്ട് നടന്നപ്പോൾ മറുകയ്യാൽ പിടിച്ചു നിർത്തി. “പപ്പേട്ടൻ ചായ കുടിച്ചാലേ ഞാൻ വരൂ. ” ഗൗരവത്തിൽ തന്നെ പറഞ്ഞു. “ചൂടാ…. ” ഗ്ലാസിൽ വച്ചിരുന്ന ചായ ആവേശത്തോടെ എടുത്തപ്പഴെ പിടിച്ചു വാങ്ങി. ഒരു സ്റ്റീൽ ഗ്ലാസ് എടുത്തു ആറ്റിച്ചു കൊടുത്തു. പോകാനുള്ള തത്രപ്പാടിൽ ഒറ്റ വലിക്കു കുടിച്ചു. “മോളെ…. സൂക്ഷിച്ചോണം … മഴഒക്കെയല്ലേ…. നല്ല വഴുക്കലുണ്ടാവും. ” ഗ്ലാസ് പാതകത്തിൽ വച്ചു എന്നേം വലിച്ചു പപ്പേട്ടനോടുമ്പോ പിന്നിൽ നിന്ന് അമ്മ വിളിച്ചു പറയുന്നത് കേൾക്കുന്നുണ്ടായിരുന്നു.
ഇവിടുത്തെ കുളത്തിലേക്കാണ് പോയത്. കരിങ്കല്ല് കൊണ്ട് മൂന്നു ചുറ്റിലും കെട്ടിയിട്ടുണ്ട്. നല്ല കടുംപച്ച നിറത്തിൽ കിടക്കണ വെള്ളം.താഴെ രണ്ടു പടവുകൾ വെള്ളത്തിൽ മൂടി കിടക്കുന്നു. അമ്മ പറഞ്ഞത് ശരിയാ… പായൽ നല്ലോണം പിടിച്ചിട്ടുണ്ട്. “സൂക്ഷിച്ചു……. ” പപ്പേട്ടൻ ഏച്ചും പേച്ചുമില്ലാതെ പടവുകളിറങ്ങുന്നുണ്ട് . വെള്ളം മൂടിയാ രണ്ടാമത്തെ പടവിൽ കാലിട്ട് തൊട്ട് മുകളിലത്തേതിൽ ഞാനിരുന്നു. ഞാൻ കാലിട്ടിരുന്ന വെള്ളം മൂടിയ പടവിലാണ് പപ്പേട്ടനിരുന്നത്. ഐസ് പോലെ തണുത്ത വെള്ളം. പപ്പേട്ടനിതൊക്കെ സ്ഥിരമായത് കൊണ്ടാവും യാതൊരു കൂസലുമില്ലാതെ കയ്യും കാലുമിട്ടു അടിച്ചു കളിക്കുന്നു. കുളത്തിലിറങ്ങണ്ടന്ന് വരുന്ന വഴിതന്നെ ഞാൻ പറഞ്ഞിരുന്നു.
പപ്പേട്ടനു നീന്തലൊക്കെ അറിയാമെന്നു അമ്മ പറഞ്ഞെങ്കിലും എനിക്കൊരു പേടി. മുഖത്ത് വെള്ളം തട്ടിയപ്പോഴാണ് ശ്രദ്ധിച്ചത്. ഏട്ടൻ ന്റെ മേല് മുഴുവൻ വെള്ളം തെറിപ്പിച്ചിട്ടുണ്ട്.ഞാനും കണ്ണുരുട്ടി പേടിപ്പിച്ചാലോന്ന് ആലോചിച്ചു ആ മുഖത്തേക്ക് നോക്കി എപ്പോഴത്തേയും പോലെ ആളെ കൊല്ലുന്ന ചിരി….. ശ്രദ്ധിച്ചു നോക്കിയപ്പോ നോട്ടം എന്റെ കാലിമ്മേൽ ആണ്……. . വെള്ളത്തിലിറക്കി കാലിട്ടിരുന്ന കൊണ്ട് സാരി നനയാതിരിക്കാൻ കണങ്കാലിനു മുകളിൽ വരെ അല്പം വലിച്ചു വച്ചിരുന്നു. മിന്നൽ വേഗത്തിൽ പപ്പേട്ടന്റെ കൈകൾ എന്റെ പാദങ്ങളിൽ പിടുത്തമിടുന്നതും അവ പടവുകളിൽ നിന്ന് വേർപെട്ട് വായുവിൽ ഉയരുന്നതും പിന്നിലേക്കാഞ്ഞപ്പോൾ ഞാൻ കാണുന്നുണ്ടായിരുന്നു.

by