18/04/2026

ജട്ടിയിടാൻ മറന്ന് കല്യാണം ക്ഷണിക്കാൻ പോയ ഒരു കഥയുണ്ട് എനിക്ക് … പണ്ട് പണ്ട് … അത്ര പണ്ടല്ല ,,,

രചന – നയന സുരേഷ്

ജട്ടിയിടാൻ മറന്ന് കല്യാണം ക്ഷണിക്കാൻ പോയ ഒരു കഥയുണ്ട് എനിക്ക് …
പണ്ട് പണ്ട് … അത്ര പണ്ടല്ല ,,, അങ്ങനെ പറഞ്ഞാൽ നിങ്ങള് കരുതും എനിക്ക് കുറേ പ്രായമുണ്ടെന്ന് ,, ഇല്ല ,,,, ഞാൻ എന്നും ചെറുപ്പാ ,,,

വകയിലെ ഒരമ്മാവന്റെ കല്യാണം ,
ഉടുതുണിക്ക് മറുതുണി അലർജിയായ കാലഘട്ടം
വെറും നാലോ , അഞ്ചോ , ആറോ വയസ്സ് പ്രായം
ആര് വീട്ടിന്നു പുറത്തു പോകുംബോഴും അവരുടെ വണ്ടീമ്മെ ഞാൻ ആദ്യം കേറിയിരിക്കണ ഒരസ്കിതയുള്ള സമയം..

ഹരിമാമ എന്റെ ചങ്കാണ് ….മാമടെയാണ് കല്യാണം …. കല്യാണം ക്ഷണിക്കാൻ അവർ പുറപ്പെടണ കണ്ടപ്പോ എനിക്കും പോണം കൂടെ ….

വല്ലാണ്ട് കൊഞ്ചിച്ച് വഷളാക്കി വെച്ചേക്കാണ് എന്നെ എല്ലാരും ….

വേറെ ഒന്നും നോക്കീല കിട്ടിയ ഉടുപ്പ് വാരിവലിച്ചിട്ട് വേഗം വണ്ടീമ്മെ കേറിയിരുന്നു ….

മുള്ളൂര് എന്ന സ്ഥലത്തക്കാണ് പോക്ക് …

മുള്ളുരെത്തി മുള്ളാൻ നോക്കിയപ്പോ ജട്ടി കാണാനില്ല ..

ഇനി എന്റെ തോന്നലാണോ ?

ഒന്നൂടെ തപ്പി നോക്കി

ദൈവമേ ….. ഇട്ടട്ടില്ല ,,,,,

മാമയും കൂടെ വന്ന വല്യമ്മയും ആ വീട്ടിലെ സഹജീവികളും മൂക്കത്ത് വിരൽ വെച്ചു…
അയ്യേ … പൂയ് … പൂയ്

ഹോ … എന്റെ കുട്ടിയേ ഇതൊക്കെ ഇട്ടിട്ടു വേണ്ടെ പോവാൻ ,,

കളിയാക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങളെ ,,, എന്റെ അഞ്ച് വയസ്സ് മാത്രമുള്ള ഹൃദയം വിങ്ങിപ്പൊട്ടി …

ഉടുപ്പ് എറക്കിയിട്ടാൽ അല്ലെങ്കിലും എങ്ങനെ അറിയും ജട്ടി ഇട്ടുണ്ടോ ഇല്ലേന്ന്…
അല്ലെങ്കിലും വലിയവർക്ക് ഭയങ്കര അഹങ്കാരാ അവരിതൊക്കെ ഇട്ടിട്ടുണ്ടല്ലോ

ഞാൻ വളരുംതോറും ജട്ടി കഥയിലെ പ്രായം കൂടി വന്നു …

പത്തു വയസ്സുള്ളപ്പോൾ എട്ട് വയസ്സിൽ ജട്ടിയിടാതെ പോയീന്നാക്കി .. പറഞ്ഞു വന്നാ ഇന്നലെയിലേക്ക് ഈ സംഭവം പൊളിച്ചെഴുതാൻ മടിയില്ലാത്ത കൂട്ടങ്ങളാണ്…

ഇപ്പോഴും എന്റെ അമ്മയെ കണ്ട അവര് ചോദിക്കും

ജട്ടിയിടത്ത കുട്ടി വന്നില്ലെ ?

എന്തിനധികം ,,, എല്ലാരും കൂടി പുറത്തിറങ്ങമ്പോ ,,

ഡീ .. നയനെ … ജട്ടി ഇട്ടട്ടില്ലെ… എന്ന് ഉറക്കെ ചോദിച്ച് ഉറപ്പു വരുത്തുന്ന ഒരു പട അമ്മാവൻന്മാരുണ്ട് ….

എന്തൊരു കരുതലാണ് ഈ മനുസൻമാർക്ക്..