17/04/2026

എന്ത്‌ ചെയ്താലും കുറ്റം പറയുന്നയൊരു അമ്മായിയമ്മയും ഭർത്താവും രണ്ട് കുഞ്ഞുങ്ങളും ഉൾപ്പെടുന്നതാണ് അവളുടെ ഇമ്പമില്ലാത്ത കുടുംബം.

രചന – ഗുരുജി

എന്ത്‌ ചെയ്താലും കുറ്റം പറയുന്നയൊരു അമ്മായിയമ്മയും ഭർത്താവും രണ്ട് കുഞ്ഞുങ്ങളും ഉൾപ്പെടുന്നതാണ് അവളുടെ ഇമ്പമില്ലാത്ത കുടുംബം.

അടുക്കളയിലെ ഗ്യാസ് തീർന്നാലും തക്കാളി ചീഞ്ഞാലും അലക്കാത്ത ഏതെങ്കിലുമൊരു തുണി മുഷിഞ്ഞ് കണ്ടാലും അമ്മായിയമ്മയ്ക്ക് അവളോടുള്ള കലി പുറത്ത് വരും. അനിഷ്ട്ടം തോന്നിയവരെ താഴ്ത്തിക്കെട്ടാൻ തെറ്റ് കുറ്റങ്ങൾ കണ്ടുപിടിക്കുകയെന്നത് വളരേ നിസ്സാരമായ ഒരു സംഗതിയാണല്ലോ..!

എന്തിനാണ് അങ്ങനെയൊരു ചട്ടക്കൂട്ടിൽ ജീവിതം പാഴാക്കി കളയുന്നുവെന്ന് പരസ്പരം ഇഷ്ട്ടം തുടങ്ങിയ കാലത്ത് തന്നെ ഞാൻ അവളോട് ചോദിച്ചതാണ്. അതിനവൾ എട്ടും പൊട്ടും തിരിയ്യാത്ത തന്റെ സ്കൂളിൽ പോകുന്ന പ്രായമുള്ള കുഞ്ഞുങ്ങളുടെ ഭാവിയോർത്ത് ദുഃഖിക്കും.

ഭർത്താവുമായി ഒരിക്കലും പൊരുത്തപ്പെട്ട് പോകാൻ പറ്റില്ലെന്ന തിരിച്ചറിവിൽ നിന്നാണ് തന്നെ പരിഗണിക്കുന്ന ഒരാളുമായി മറ്റൊരു ജീവിതമെത്തിപ്പിടിക്കാൻ അവൾ ശ്രമിച്ചത്. അങ്ങനെയാണ് കഴിഞ്ഞ മൂന്ന് വർഷങ്ങളോളം ഞാനും അവളും ഞങ്ങൾക്ക് മാത്രം തിരിച്ചറിയാൻ സാധിക്കുന്നയൊരു ബന്ധത്തിൽ ഏർപ്പെടുന്നത്.

അവിഹിതമെന്നൊക്കെ പറഞ്ഞ് ആൾക്കാർക്ക് ഞങ്ങളെ തള്ളിക്കളയാൻ തോന്നുമെങ്കിലും ഞങ്ങൾക്കിടയിൽ അതെത്ര വിശുദ്ധമാണെന്ന് ബോധിപ്പിക്കാനൊന്നും എനിക്ക് താല്പര്യമില്ല. അല്ലെങ്കിലും എത്ര വിശദീകരിച്ചാലും മൂന്നാമതൊരാൾക്ക് മനസ്സിലാക്കാനും ഉൾക്കൊള്ളാനും പറ്റാത്ത എത്രയെത്ര മനസ്സുകളാണ് ജീവിതത്തിന്റെ ഏതെങ്കിലുമൊരു വഴിയിൽ നിന്ന് പരസ്പരം കോർത്തുവെക്കപ്പെടുന്നത്.

കുഞ്ഞുങ്ങൾക്ക് ചിറക് മുളച്ചിട്ടവർ അവരുടെ ലോകത്തേക്ക് പാറുമ്പോൾ, നരകയറിയ തലയുമായി താൻ വന്നാൽ കൂടെ താമസിപ്പിക്കുമോയെന്ന് അവൾ എപ്പോഴുമെന്നോട് ചോദിക്കാറുണ്ട്. അപ്പോഴൊക്കെ എന്റെ ചുളിയാത്ത കൈകൾ നോക്കി, ഇനിയുമെത്ര നാളെന്ന് ഞാൻ എന്നോട് തന്നെ ചോദിക്കും.

കാത്തിരിപ്പിന്റെ സുഖദുഃഖത്തിൽ ഞാനാ വൃദ്ധ കമിതാക്കളെ ഇടക്കൊക്കെ സ്വപ്നം കാണാറുണ്ട്. അത് കേൾക്കുമ്പോഴെല്ലാം പെണ്ണിന്റെ ശബ്ദത്തിൽ നാണം കലരും. എന്നിട്ടാ നാണമൊരു മണി കെട്ടിയ പൂച്ചയെ പോലെ ചിരിച്ച് കൊണ്ട് എനിക്ക് ചുറ്റും നടക്കും. എന്നിട്ടുമെനിക്കാ പൂച്ചയെ, എന്നും അടുത്തിരുത്തി കൊഞ്ചിക്കാനുള്ള ഭാഗ്യമില്ലാതായി പോയി…

ചിലപ്പോഴൊക്കെ ക്ഷേത്രത്തിൽ പോകുന്നുവെന്ന കള്ളമൊക്കെ പറഞ്ഞ് അവളെന്നെ കാണാൻ വരാറുണ്ട്. ക്ഷേത്രവുമായി മുട്ടി നിൽക്കുന്ന വീടാണ് എന്റേതെങ്കിലും അവിടുത്തെ ദൈവവും ഞാനും തമ്മിൽ വലിയ ബന്ധമൊന്നുമില്ല. വഞ്ചനാ തട്ടിപ്പ് മൂലം തമ്മിൽ തല്ലി പിരിഞ്ഞ് ശത്രുക്കളായ രണ്ട് അയൽക്കാരെ പോലെയാണ് ഞാനും അവിടുത്തെ ദൈവവും.

ആത്മഹത്യ ചെയ്ത അമ്മയുടെ ശവം കത്തി തീരും മുമ്പേ അച്ഛനെ പോലീസുകാർ കൊണ്ടുപോയി. അമ്മയുടെ മരണം കൊലപാതകം ആയിരുന്നുവത്രേ..! ഒരു ടെന്നീസ് ബാളുപോലെ ബന്ധുക്കൾ തമ്മിൽ എന്നെയിട്ട് അങ്ങോട്ടുമിങ്ങോട്ടും തട്ടി കളിച്ചപ്പോഴുള്ള മടുപ്പിലാണ് ഞാൻ നാടുവിട്ടതും മനുഷ്യർ ഉണ്ടാക്കിയതിൽ വെച്ച് ഏറ്റവും ശക്തിയുള്ള ദൈവം പണമാണെന്ന് തിരിച്ചറിഞ്ഞതും.

വിയർപ്പ് വാർന്നൊലിച്ച് ഞാനാ ദൈവവുമായി തിരിച്ച് വന്നപ്പോൾ പിന്നിട്ട വഴികളെല്ലാം വരണ്ട് കീറിയിരിക്കുന്നു. കുറച്ച് കൂടി ആലങ്കാരികമായി പറഞ്ഞാൽ, അവിടത്തേക്ക് ഏതോയൊരു കുളിർ കാറ്റത്ത് പാറിവീണ മഴയായിരുന്നു അവൾ. അവൾ എന്നിൽ തിമിർത്ത് പെയ്തുവെന്ന് പറയാമല്ലോ…!

എത്ര നനഞ്ഞാലും പൊടി പാറുന്ന പിന്നിലെ വരണ്ട ഭൂമിയിൽ യാതൊന്നും സംഭവിച്ചില്ലെങ്കിലും, എന്റെ മുന്നോട്ടുള്ള വഴികളിൽ മുഴുവൻ പൂക്കൾ പടർന്ന് പന്തലിച്ചിരുന്നു.

ഒരിക്കലൊരു രാത്രിയിൽ അവൾ ഫോണിൽ വിളിച്ചിട്ട് ഏറെ നേരം കരഞ്ഞു. കിടപ്പറയിൽ സഹകരിക്കുന്നില്ലായെന്ന അതി ഗുരുതരമായ കുറ്റം ചുമത്തി ഭർത്താവ് അവളെ തൊഴിച്ച് പോലും. കാര്യമറിഞ്ഞ അമ്മായിയമ്മ നിന്നെയൊക്കെ എന്തിന് കൊള്ളാമെന്ന് പറഞ്ഞ് കാർക്കിക്കുകയും ചെയ്തു. പിള്ളേര് മാത്രം, സംഭവിക്കുന്നത് എന്താണെന്ന്ന് അറിയാതെ ഭയന്ന് മിഴിച്ചിരിക്കുന്നുവത്രെ.

വർഷങ്ങൾക്ക് മുമ്പ് അയാളോട് പിണങ്ങി പിള്ളേരേയും കൂട്ടി അവൾ അവളുടെ വീട്ടിലേക്ക് പോയതാണ്. അനിയന്റെ ഭാര്യയുടെ ഭരണമുള്ളയാ വീട്ടിൽ നിന്ന് ഇറക്കി വിടുന്നതിന് മുമ്പ് അയാൾ വന്ന് വിളിച്ചപ്പോൾ മറ്റ് ഗതിയില്ലാതെയവൾ വീണ്ടും കൂടെ പോകുകയായിരുന്നു. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നേടിക്കൊടുക്കുകയെന്നത് മാത്രമാണ് അവൾ ആഗ്രഹിക്കുന്നത്. അതിന് വേണ്ടിയെന്ത് സഹിക്കാനും അവൾ ഒരുക്കമായിരുന്നു.

അന്ന് നീ മാത്രമാണ് എനിക്കൊരു ആശ്വാസമെന്ന് അവൾ പറഞ്ഞപ്പോൾ, കരയാതെ സുഖമായി കിടന്നുറങ്ങ് പെണ്ണേയെന്ന് ഞാൻ പറഞ്ഞു. അവളത് അക്ഷരം പ്രതിയനുസ്സരിച്ചുവെന്ന് പിറ്റേന്ന് കാലത്താണ് ഞാനറിയുന്നത്. രാത്രിയിൽ ഉറങ്ങിയ അവൾ, ഇനിയെത്ര രാപ്പകൽ വന്ന് വിളിച്ചാലും ഉണരാത്ത വിധം ഉറങ്ങിപ്പോയെന്ന്…!

എനിക്ക് അവളെ അവസാനമായി ഒന്ന് കാണണമെന്ന് തോന്നിയപ്പോൾ രണ്ടും കൽപ്പിച്ച് ഞാൻ അവളുടെ വീട്ടിലേക്ക് പോയി. സംസ്‌ക്കരിക്കാനുള്ള തയ്യാറെടുപ്പുകൾ പറമ്പിന്റെ തെക്ക് വശം തകൃതിയായി നടക്കുന്നുണ്ട്. ഹൃദയ സ്തംഭനം മൂലമാണ് മരണമെന്ന പോസ്റ്റുമാർട്ടം റിപ്പോർട്ടിനെ കുറിച്ച് ആരോ പറഞ്ഞത്, മുറ്റത്തിൽ വലിച്ചുകെട്ടിയ പന്തലിന്റെ മേൽക്കൂരയിൽ തട്ടി ഞാൻ കേട്ടു. സ്തംഭിച്ചതെന്റെ ഹൃദയമാണെന്നത് ആർക്കും തിരിച്ചറിയാൻ സാധിച്ചില്ല.

ഞാൻ അവളുടെ തള്ള വിരലുകൾ തമ്മിൽ കൂട്ടി കെട്ടിയ കാലിൽ തൊട്ട് ശബ്ദമില്ലാതെ കണ്ണുനീർ ഒഴുക്കിയപ്പോൾ, പലരുമെന്നെ ശ്രദ്ധിക്കുന്നത് പോലെയെനിക്ക് തോന്നി. ആരെങ്കിലും വന്ന്, ആരായെന്ന് ചോദിച്ചിരുന്നുവെങ്കിൽ ആരാണെന്ന് പറയുമെന്ന് എനിക്ക് അറിയില്ലായിരുന്നു.

അങ്ങനെ, തറപ്പിച്ച് ചോദിച്ചാൽ ആരാണെന്ന് പറയാൻ പറ്റാത്ത എത്രയെത്ര മനുഷ്യരാണ് അവരുടെ പ്രിയപ്പെട്ടവർ അടങ്ങുന്ന മുഹുർത്തങ്ങളിലൂടെ സഞ്ചരിക്കുന്നതെന്ന ചിന്ത മാത്രമായിരുന്നു അവിടം വിടുമ്പോഴെന്റെ നെഞ്ചിൽ.

എന്നിട്ടും എന്നെ അറിയുന്ന ആരോ ആ സ്ത്രീയെ എങ്ങനെ അറിയാമെന്ന് എന്നോട് ചോദിച്ചു. അറിയാമെന്ന് മാത്രം പറഞ്ഞ് ഞാൻ നടക്കുമ്പോൾ, എനിക്ക് മാത്രമേ അവളെ അറിയൂയെന്ന് ഞാൻ എന്നോട് തന്നെ കൂട്ടി ചേർക്കുകയായിരുന്നു…!!!