16/04/2026

ഗൗരി : ഭാഗം 12

രചന – നന്ദ നന്ദിത

ഹെലോ…സർ ഞാനാ സാന്ദ്ര..” മറുതലക്കൽ നിന്നുള്ള സംസാരം കേട്ടതും… ബാലൻ വല്ലാതെ ആസ്വസ്ഥനായി… “മ്മ്.. ന്താ സാന്ദ്ര…??” “അത്… എനിക്ക്…സർന്റെ സൗണ്ട് ഒന്ന് കേൾക്കണം എന്ന് തോന്നി… എനിക്ക് വല്ലാതെ മിസ്സ്‌ ചെയ്യുന്നു സാർനെ…” സാന്ദ്രയുടെ സംസാരം കേട്ടതും ബാലന് ദേഷ്യം വന്നു… അവൻ ഒന്നും മിണ്ടാതെ ഫോൺ കട്ട്‌ ചെയ്തു. പിന്നെയും കാൾ വന്നെങ്കിലും… അവൻ ഫോൺ സൈലന്റ് ആക്കി.. തോർത്തും എടുത്ത് പാടത്തേക്ക് നടന്നു. മുന്നിലേക്ക് നീണ്ടു കിടക്കണ വരമ്പിലൂടെ ബാലൻ മുന്നോട്ട് പൊക്കൊണ്ടേയിരുന്നു. ഇടക്കിടക്ക് കൃഷിയിടത്തിലേക്ക് വെള്ളം കയറ്റാൻ കൈ തോട് വെട്ടിയും അടച്ചും അങ്ങനെ എല്ലായിടത്തും കയറിയിറങ്ങി. “ഓയ്…ബാല എന്താടോ അവിടെ പരിപാടി..?” വിഷ്ണു അക്കരെ നിന്നും വിളിച്ചു ചോദിച്ചു… “ഹാ…. വിഷ്ണു ഞാനിവിടെ കൈത്തോട് വെട്ടി വിടുവാടോ…” വിഷ്ണുവിന്റെ അടുത്തേക്ക് നടന്നുകൊണ്ട് ബാലൻ പറഞ്ഞു.

“എവിടെ… ഗൗരി..? വന്നില്ലേ…?” “അവിടെ അവര് ജോലിതിരക്കിലാ…” “ഹഹഹ…താനതിനെക്കൊണ്ട് വീട്ടുജോലി എടുപ്പിക്കുവാണോ…?” വിഷ്ണു ചിരിയോടെ ചോദിച്ചു. “താനവളെ കോളേജിൽ ചേർത്തൂന്നൊക്കെ പറയുന്ന കേട്ടല്ലോ.. ഉള്ളതാണോ…?” “വെറുതെ എന്തിനാ വീട്ടിൽ ഇരുത്തണെ…? ന്തേലും പഠിച്ചൊരു ജോലി കിട്ട്യാ അവൾക്ക് സന്തോഷം ആവില്ലേ…?? ” “എന്നാൽ പിന്നെ തന്റെ ജോലി നടക്കട്ടെ…. മഴ വരുന്നു ഞാൻ പോകുവാ…” “മ്മ്…ശരി വിഷ്ണു…” ബാലൻ തിരികെ നടന്നു. മഴത്തുള്ളികൾ അവന്റെ ദേഹത്തൊക്കെ വീണു തുടങ്ങി. മഴയുടെ ശക്തി കൂടിയപ്പോഴേക്കും ബാലൻ വീട്ടിലേക്ക് തിരികെ നടന്നു. മഴ നനഞ്ഞു കുളത്തിലേക്ക് ഇറങ്ങി മുങ്ങി കുളിച്ചു കൊണ്ട് ബാലൻ വീട്ടിലേക്ക് കയറി. “ന്റെ കൃഷ്ണ ന്നെ വീണ്ടും കൈ വിടാതെ കാത്തൂലോ നീ… ഇന്നലെ ഒരുപോള കണ്ണടക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല, ഇന്ന് നിന്നോട് സംസാരിക്കാൻ ജീവൻ കാണുമെന്ന് പോലും കരുതിയതല്ല ഞാൻ…” “മോളെ ഗൗരി….” “എന്താമ്മേ…?? ഞാനിവിടെ ണ്ട്…” പൂജ മുറിയിൽ നിന്ന് അവൾ ഉറക്കെ പറഞ്ഞു. അംബികമ്മ അത് കേട്ടുകൊണ്ട് അവളുടെ അരികിലേക്ക് നടന്നു വന്നു.

“മോളെ…” അംബിക സൗമ്യമായി അവളെ വിളിച്ചു… “ന്താ അമ്മേ…?” “ന്റെ മോൾടെ വിഷമം ക്കെ നിക്ക് മനസിലാവും… ജീവിത സാഹചര്യം കൊണ്ട് കഴുത്തിൽ കയറിക്കൂടിയ ഈ താലി ന്റെ മോൾക്കിനി വേണ്ട…!!” “അമ്മേ…!!” “അമ്മ പറയണത് മോള് കേൾക്കണം…. ഒക്കെ മറക്കാൻ കഴിയണം ന്റെ കുട്ടിക്ക്… ഒരു താലിയിൽ അവസാനിക്കേണ്ടതല്ലല്ലോ നിന്റെ ജീവിതം…!! നിനക്ക് നല്ലൊരാളെ ഈ അമ്മ കണ്ടെത്തിത്തരും. ജഗദീശ്വരനോട് നന്നായി പ്രാർത്ഥിച്ച് താലി ഊരി വെക്ക്…” അംബികയുടെ വാക്കുകൾ കേട്ട് മൗനമായി ഗൗരി നിന്നു… അവളുടെ കൈകൾ താലിയിൽ മുറുകെ പിടിച്ചു…ഒരു നിമിഷം അനന്തന്റെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു… കണ്ണുകൾ ഇറുക്കി അടച്ചു… കണ്ണുനീര് പീലികൾക്കിടയിലൂടെ ഒഴുകി കവിളികൂടെ നിലം പതിച്ചു… അവൾ അനന്തന്റെ ആത്മാവിനായി പ്രാർത്ഥിച്ചു, മനസ്സിൽ അവനോട് മാപ്പ് പറഞ്ഞു കൊണ്ട് താലി ഊരി…

അത്താഴം കഴിഞ്ഞ് ബാലൻ മുറിയിലേക്ക് വന്നു… ഗൗരിയെ നോക്കി കുറെ നേരം കട്ടിലിൽ ഇരുന്നു… ഒത്തിരി സമയം കഴിഞ്ഞും കാണാതിരുന്നത് കൊണ്ട്… പതിയെ assignment papers നോക്കികൊണ്ടിരുന്നു… അൽപ സമയത്തിന് ശേഷം ചാരി വെച്ചിരുന്ന കതക് തുറക്കുന്ന ശബ്ദം കേട്ട്… ഗൗരി ആയിരിക്കുമെന്ന പ്രേതീക്ഷയിൽ ബാലൻ എഴുന്നേറ്റു… പ്രേതീക്ഷകൾ വിപരീതമായി അംബികമ്മ മുറിയിലേക്ക് കയറി വന്നു… “ഇതുവരെ ഉറങ്ങിലെ ബാല…??” അമ്മയുടെ ചോദ്യം കേട്ട്… ഇല്ലെന്നു തലയാട്ടി ബാലൻ. അതുകണ്ടു കൊണ്ട് അംബികമ്മ ഒന്നും പറയാതെ… അലമാരി തുറന്ന് ഗൗരിയുടെ സാധനങ്ങൾ പുറത്തെടുത്തു… “ഇതെല്ലാം ഗൗരിടെ അല്ലെ…?? ഇതൊക്കെ എവിടേയ്ക്ക് കൊണ്ട് പോകുവാമ്മേ…??” “അവൾ നിന്റെ ഭാര്യ അല്ലാലോ… പിന്നെ നിനക്ക് അവളെ വെറുപ്പും ആണുന്നല്ലേ പറഞ്ഞെ…?? അപ്പൊ പിന്നെ അവൾ ഇവിടെ ഈ മുറിയിൽ കിടക്കേണ്ട കാര്യം ഇല്ലാലോ…?? അവൾ ഇന്ന് മുതൽ ന്റെ കൂടെയ കിടക്കണേ… ഭാര്യയും ഭർത്താവും അല്ലാതെ… ഒരു മുറിയിൽ കിടക്കണത് ശേരിയല്ല…!!! നീ ഉറങ്ങിക്കോളൂ… നേരം ഒത്തിരി ആയിരിക്കണു…” അതും പറഞ്ഞു കൊണ്ട് അംബികമ്മ പുറത്തേക്ക് പോയി..

“ശേ… ഈ അമ്മ…!! അമ്മ പറഞ്ഞിട്ടാണോ ഗൗരി ന്റെ അരികിലേക്ക് വരാതെ… ഒഴിഞ്ഞു മാറണേ…?? അതോ… ശെരിക്കും അവൾക്ക് ന്നോട് വെറുപ്പായോ…??” ബാലൻ ജനാലഴികളിൽ പിടിച്ചു കൊണ്ട് പുറത്തേക്ക് നോക്കി നിന്നു. അവളുടെ ഗന്ധമാകെ ആ മുറിക്കുള്ളിൽ തങ്ങി നിൽക്കുന്നതായി തോന്നി ബാലന്… ആദ്യമായി കണ്ടതും, നടുറോഡിൽ നിന്ന് അവളെ നെഞ്ചോട് ചേർത്തു പിടിച്ചുകൊണ്ടു ആശുപത്രിയിലേക്ക് ഓടിയതും… ആശുപത്രിയിൽ നിന്ന് അവളുടെ കൈപിടിച്ചു ഈ വീടിന്റെ പടികൾ കയറിയതും, ഒക്കെ ബാലന്റെ മനസ്സിലേക്ക് കടന്നു വന്നു. “എന്നൊട് ദേഷ്യം ആയിരിക്കുമോ ന്റെ ഗൗരിക്ക്…?? ആയിരിക്കും അത്രയും വേദനിപ്പിച്ചില്ലേ ഞാൻ അവളെ…?? പാവം എത്ര വേദന സഹിച്ചതാ അവള്…?? ന്നിട്ടോടുവിൽ ന്റെ കൂടെ ഈ വീട്ടിൽ വന്നപ്പോഴാ സന്തോഷത്തോടെ ആ പാവം ഒന്ന് ചിരിച്ചത്… എന്നിട്ട്… ഒടുവിൽ ഞാൻ തന്നെ അവളെ… വേദനിപ്പിച്ചു… കാലു പിടിച്ചു കരഞ്ഞിട്ടും ഞാൻ കേൾക്കാൻ കൂട്ടാക്കിയതില്ലല്ലോ…??” “എങ്കിലും ഒന്ന് ക്ഷേമിക്കായിരുന്നു ന്നോട്… അത്രേം ഇഷ്ടപ്പെട്ടു പോയത് കൊണ്ടല്ലേ…ഞാൻ..?? ന്റെ സ്വന്തം ആന്നെന്നു കരുതിയ ആൾക്ക് മറ്റൊരാവകാശി ഉണ്ടെന്ന് അറിയുമ്പോ എങ്ങനാ സഹിക്യ…?? അതൊന്ന് മനസിലാക്കികൂടെ…??” ബാലൻ സ്വയം ഓരോന്ന് ഓർത്തു കുറെ നേരം അങ്ങിനെ നിന്നു.

രാവിലെ നിർത്താതെ ഉള്ള ഹോൺ അടി കേട്ടാണ്… അംബികമ്മ ഉമ്മറത്തേക്ക് വന്നത്… “ന്താ ബാല…?? ന്തിനാ ഇങ്ങനെ കിടന്ന് വിളിക്കണേ…?” “അവള് എന്തെ അമ്മേ… എത്ര നേരായി ഞാൻ വിളിക്കണു… ഇന്ന് കോളേജിൽ പോണംന്ന് അറിഞ്ഞുടെ അവൾക്ക്…?? എന്തെ അവള്…??” “മോള്…നേരത്തെ ഇറങ്ങിലോ മോനെ… ബസ്ന് പൊക്കോളാം എന്ന് പറഞ്ഞു…” “ബസിനോ…? അമ്മക്ക് പറഞ്ഞൂടായിരുന്നോ പോണ്ടാന്ന്..??” ബാലൻ ദേഷ്യത്തോടെ ചോദിച്ചു. “ഞാൻ പറഞ്ഞതാ കുട്ട്യേ… ബാലന്റെ കൂടെ പോയാൽ മതീന്ന്…മോള് കേട്ടില്ല…!!” “മോനെ… ആരാ കുട്ട്യേ… അവള്…??” “ആര്…??” “അയ്യോ… മറന്നു… ഗൗരി മോള് ഒരു പേര് പറഞ്ഞുലോ…!!” “പേരോ… ആരുടെ പേര്…??” “അത് ഞാൻ മറന്നു… മോള് ബാലന്റെ കൂടെ പോയാൽമതിന്ന് പറഞ്ഞപ്പോൾ പറഞ്ഞു… “കോളേജിൽ ഏതോ ഒരു കുട്ടിക്ക് നിന്നെ ഇഷ്ടാ… അവള് പറഞ്ഞുന്നു… ഗൗരി നിന്റെ കൂടെ പോകണതും, വരണതും ആ കുട്ടിക്ക് ഇഷ്ടല്ലന്ന്…?? ആണോ…??” അംബികമ്മയുടെ ചോദ്യം കേട്ട്…ബാലന് ദേഷ്യം വന്നു.. അവൻ ഒന്നും പറയാതെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.

ബൈക്ക് പാർക്കിങ്ങിൽ വച്ചു സ്റ്റാഫ് റൂമിലേക്ക് നടക്കുവാൻ തുടങ്ങിയപ്പോ തന്നെ ബാലന്റെ മുന്നിൽ സാന്ദ്ര വന്ന് നിന്നു. അവളുടെ മുഖത്തൊരു കുഞ്ഞു ചിരിയും അതിലേറെ ബാലനെ കണ്ടതിലുള്ള സന്തോഷവും ഉണ്ടായിരുന്നു. ഹായ് സാർ ഗുഡ് മോർണിങ്… ഉം മോർണിംഗ്… ബാലൻ നടന്നുകൊണ്ട് പറഞ്ഞു. “സാർ,……. സാർ പോവല്ലേ…” ബാലന്റെ ഒപ്പം സാന്ദ്രയും നടന്നു… “ഇന്നലെ എന്തായിരുന്നു..? വിളിച്ചിട്ട് ഫോൺ എടുത്തില്ലല്ലോ… ” “എപ്പോ വിളിച്ചു….? ഇന്നലെ ഫുൾ ബിസിയാരുന്നു… മാത്രല്ല പരിചയമില്ലാത്ത നമ്പർ എടുക്കാറില്ല. “പരിചയമില്ലാത്ത നമ്പർ രണ്ടുമൂന്നു പ്രാവശ്യം അടുപ്പിച്ചു വിളിച്ചാൽ എടുക്കലോ സാർ…!” “തിരക്കായിരുന്നെന്ന് തന്നോടല്ലേ പറഞ്ഞെ…!!” അവളെന്തേ… ഗൗരി…? സാറിന്റെ കൂടെ അല്ലെ കക്ഷി വരാറ്… ഇന്ന് കണ്ടില്ലല്ലോ…? “അവള് ബസിൽ വന്നോളമെന്ന് പറഞ്ഞു….” “അതെന്തായാലും നന്നായി.. നിക്ക് സാറിനൊപ്പം വരാലോ..” വന്നപ്പോൾ ഹോസ്റ്റലിന്റെ അടുത്ത് ഒന്ന് തിരക്കിയ പോലുമില്ലല്ലോ എന്നെ…?? അവളുടെ സംസാരം കേട്ട് ബാലൻ ദേഷ്യത്തോടെ അവളെ നോക്കി. സ്റ്റാഫ് റൂമിലേക്കുള്ള നടത്തക്ക് സ്പീഡ് കൂടി.

“ഈ സാറിനിതെന്ത് പറ്റി..? കഴിഞ്ഞ ദിവസം വഴക്കിട്ടതിനൊക്കെ സോറി പറഞ്ഞു ഇപ്പൊ…. സാറിന് കാണാൻ വേണ്ടിയല്ലേ ഇത്രയും നന്നയി ഒരുങ്ങിപ്പോലും വന്നത് എന്നിട്ട് ഒരുവാക്ക് പോലും പറയാതെ ദേഷ്യത്തോടെ……!” വിഷമം വന്നിട്ടവളുടെ കണ്ണുകൾ നിറഞ്ഞു. ബാലൻ സ്റ്റാഫ്‌ റൂമിലേക്ക് കേറി തന്റെ സീറ്റില്ക്ക് ഇരുന്നതും…സോഫി ടീച്ചർ കയ്യിലെ ലഡ്ഡു മുന്നിലേക്ക് നീട്ടി… ബാലൻ പതിയെ പുഞ്ചിരിച്ചു കൊണ്ട് ഒന്നെടുത്തു…. “ഇതെന്താ ടീച്ചറെ രാവിലെ ലഡ്ഡു ഒക്കെ ആയിട്ട്…??എന്താ വിശേഷം…?? “കല്യാണം കഴിഞ്ഞാൽ എല്ലാർക്കും ഉണ്ടാവണ വിശേഷം തന്നെയാ ബാലൻ സർ…” ശാരി ടീച്ചർ ചിരിച്ചു കൊണ്ട്, സോഫി ടീച്ചർന്റെ അടുത്ത് വന്നു. “ഇനി ഇവിടെ ബാലൻ സർന്റെ മാര്യേജ് മാത്രേ കഴിയാൻ ഒള്ളൂ…എന്നാ സർ ന്റെ നാട്ടിലേക്ക് വരാൻ ഒരവസരം തരണേ…??” “ന്റെ നാട് കാണാൻ… ന്റെ കല്യാണം വരെ കാത്തിരിക്കേണ്ട ടീച്ചറെ… ഇപ്പോവേണേലും അങ്ങട് വാരാലോ…” ബാലൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “അതെ… കല്യാണത്തിന്റെ കാര്യം പറഞ്ഞപ്പോഴാ…ആ സാന്ദ്ര എന്നാ കുട്ടി വന്നപ്പോൾ മുതൽ സാർനെ ചോയ്ക്കുവാ…” “സർ ചോദിക്കുന്ന കൊണ്ട് ഒന്നും വിചാരിക്കരുത്… ആ കുട്ടിയും ആയിട്ട് ഒരു സ്റ്റുഡന്റ് എന്നതിൽ അപ്പുറം എന്തെങ്കിലും ഉണ്ടോ…??” ശാരി ടീച്ചർന്റെ ചോദ്യം കേട്ടതും, ബാലന് ദേഷ്യം വന്നു.

“ഒരു സ്റ്റുഡന്റ് എന്നതിൽ അപ്പുറം ഞാനും ആ കുട്ടിയും തമ്മിൽ ഒരു ബന്ധവും ഇല്ല… ഞൻ ഇവിടെ പഠിപ്പിക്കാൻ ആണു വരുന്നത്…അല്ലാതെ…” ബാലൻ ഒന്ന് നിർത്തി… അപ്പോഴേക്കും ബെൽ അടിച്ചു… അയാൾ പെട്ടന്ന് ബുക്സ് എടുത്ത് കൊണ്ട് ക്ലാസ്സ്‌ ലേക്ക് നടന്നു. ബാലൻ ക്ലാസ്സിലേക്ക് കയറി ആദ്യം നോക്കിയത് ഗൗരിയെ ആണു… എന്നാൽ ആ സ്ഥലം ഒഴിഞ്ഞു കിടന്നു… ഗൗരി മാത്രം അല്ല… സാന്ദ്രയും… ക്ലാസ്സിലെ പകുതി സീറ്റ്കളും ഒഴിഞ്ഞു കിടന്നു… “എല്ലാവരും എവിടെ…??” ബാലൻ ബാക്കിയുള്ളവരോടായി ചോദിച്ചു.. “കലോത്സവത്തിന് വേണ്ടിയുള്ള സെലെക്ഷൻ ഉണ്ടെന്ന് പറഞ്ഞു സർ… അവർ ഓഡിറ്റോറിയത്തിലേക്ക് പോയേക്കുവാണ്‌…” അത് കേട്ടതും… ഒന്ന് മൂളി കൊണ്ട് ബാലൻ പുറത്തേക്ക് നടന്നു. “”” അന്ന് പിന്നീട് ക്ലാസ്സിലേക്ക് ബാലന് വരാൻ കഴിഞ്ഞില്ല… ഉച്ചക്ക് ഗൗരിടെ അരികിൽ ചെല്ലണം എന്നുണ്ടായിരുന്നെങ്കിലും…

സ്റ്റാഫ്‌ മീറ്റിംഗ് കാരണം പോകാൻ കഴിഞ്ഞില്ല… വൈകിട്ട്.. ക്ലാസ്സ്‌ കഴിഞ്ഞു, ബാലൻ ബൈക്കിന്റെ അടുത്തേക്ക് വരുമ്പോൾ സാന്ദ്ര ഉണ്ടായിരുന്നു… അവിടെ… “എന്താ ഇത്ര ലേറ്റ് ആയെ സർ… ഞാൻ കുറെ നേരായിട്ട് നിൽക്കുവാ ഇവിടെ… ആ ഗൗരിയെ ബസിൽ പറഞ്ഞു വിട്ടൂലെ… അവള് പോകുന്ന കണ്ട്… അപ്പൊ ഞാൻ പറഞ്ഞാലും കേൾക്കും അല്ലേ…?? എന്നേ ഡ്രോപ്പ് ചെയ്യാൻ അല്ലേ സർ അവളെ വിട്ടേ… എനിക്ക് അറിയാം സർനും എന്നേ ഇഷ്ടാണ് എന്ന്…” “Stop it സാന്ദ്ര…!! താൻ തന്റെ ലിമിറ് കടക്കുന്നുണ്ട്… ഒന്ന് താഴന്നു തന്നപ്പോൾ ന്റെ തലയിൽ കേരുന്നോ…?? താൻ സ്റുഡന്റ്റും, ഞാൻ സാറും ആണു… മറ്റുള്ളവരെ കൊണ്ട് ഓരോന്ന് പറയിക്കരുത്…!!” അതും പറഞ്ഞു കൊണ്ട് ബാലൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു..

വീട്ടിൽ വന്നു…കുളിച്ചു കേറിയപ്പോഴേക്കും… ചായയും പലഹാരവും ആയി അമ്മ വന്നിരുന്നു… “ഗൗരിയും ദേവും ന്തേ അമ്മേ…??” ബാലൻ ചുറ്റും കണ്ണോടിച്ചു കൊണ്ട് ചോദിച്ചു. “കുട്ട്യോള് രണ്ട് പേരുടെ അമ്പലത്തിൽ പോയേക്കുവാ മോനെ..” “മ്മ്…” “ബാല.. ദേവൂന്റെ കല്യാണം ഇങ്ങടുത്തു…ആഭരങ്ങളൊക്കെ എടുക്കാൻ അടുത്ത ദിവസം തന്നേ പോകണ്ടേ കുട്ട്യേ…?” “മ്മ്… പോകാം അമ്മേ… അടുത്ത ശനിയാഴ്ച പോകാം…” ബാലൻ അതും പറഞ്ഞു… പ്ലേറ്റിൽ നിന്ന് ഇലയട ഒരെണ്ണം എടുത്തു. “ബാലാ…” “ന്താമ്മേ…?” “ദേവൂന്റെ കല്യാണത്തിന്റെ കൂടെ നിന്റെ കല്യാണം കൂടെ നടന്നു കാണണം എന്നുണ്ട് അമ്മയ്ക്ക്… ഗൗരി പറഞ്ഞ… ആ കുട്ടി… കോളേജിലെ… മോന് ആ കുട്ട്യേ ആണു ഇഷ്ടം എങ്കിൽ നമുക്ക് അത് ആലോചിക്കാം…പിന്നെ വസുന്ദര ന്നോട് ഒരു കാര്യം പറഞ്ഞു… ബാലന് വേറെ കുട്ട്യേ ഇഷ്ടായ സ്ഥിതിക്ക് ഗൗരിയെ അവളുടെ മരുമോളായിട്ട് തരുവോന്ന്…?? ഉണ്ണിക്ക് ആയിട്ട്…?? ആലോചിച്ചപ്പോൾ അമ്മക്ക് അത് നല്ലതായി തോന്നി… ഉണ്ണി മ്മടെ കുട്ടിയല്ലേ..??അവളെ അവൻ നന്നായി നോക്കും…!!മോൻ ന്ത്‌ പറയുന്നു…?? അംബികമ്മയുടെ സംസാരം കേട്ടതും… ബാലൻ കഴിച്ചു കൊണ്ടിരുന്നത് നിർത്തി… എഴുന്നേറ്റു. (തുടരും )