20/04/2026

നീരജ : അവസാന ഭാഗം

രചന – സിന്ധു അപ്പുക്കുട്ടൻ

“അപ്പൂ, സോറിഡാ എന്നോട് ക്ഷമിക്കൂ..

“അതൊക്കെ നമുക്ക് ആലോചിക്കാം. നീയെന്റെ ചോദ്യങ്ങൾക്കുള്ള മറുപടി താ.

ബിനീഷ് അക്ഷമനായി.

ഹോസ്പിറ്റലിനു മുന്നിലെ കോഫീഷോപ്പിലിരിക്കുകയായിരുന്നു അവർ.

“കുറച്ചു ദിവസം മുൻപ് നിന്റെയച്ഛൻ സ്കൂളിൽ വന്നിരുന്നു..?

നീരജ പറഞ്ഞു തുടങ്ങി.

“എന്തിന് ?

ബിനീഷിന്റെ നെറ്റി ചുളിഞ്ഞു.

“നിന്നെ അയാൾക്ക് വിട്ടുകൊടുക്കണം എന്ന് പറയാൻ.

“വിട്ടു കൊടുക്കാൻ നീയെന്താ എന്നെ പൂട്ടിയിട്ടിട്ടുണ്ടോ..?

“അതൊന്നും എനിക്കറിയില്ല ബിനീ… എന്നെപ്പോലൊരു പ്രൈമറി സ്കൂൾ അധ്യാപികക്ക് നിന്റെ കൂടെ കൂടാനുള്ള യോഗ്യതയില്ല എന്നാ അയാൾ പറഞ്ഞത്.. അയാളുടെ സ്റ്റാറ്റസിന് ചേരുന്ന ഒരു കുട്ടിയെ അയാൾ കണ്ടു വെച്ചിട്ടുണ്ടത്രേ. അവരിൽ നിന്നും കിട്ടാൻ പോകുന്ന കനത്ത ഡൗറിയുടെ കണക്കും എന്നെ ബോധിപ്പിച്ചു.ഞാൻ ഒഴിഞ്ഞു പോയില്ലെങ്കിൽ തല്ലിക്കൊല്ലാനും മടിക്കില്ല എന്നൊരു ഭീഷണിയും.

ആലോചിച്ചപ്പോ നിന്റെ നല്ല ഭാവിക്കും അതാണ് നല്ലതെന്ന് എനിക്കും തോന്നി

സോ… ഞാൻ മാറി തന്നേക്കാം എന്ന് കരുതി.

“ഇത് സ്ഥിരം ക്‌ളീഷേയാണല്ലോ.. പഴയ മലയാള സിനിമയിലെ നായികാ നായകൻമാരെപ്പോലെ. വില്ലനായിട്ട് അച്ഛനും.

ബിനീഷ് പരിഹസിച്ചു ചിരിച്ചു.

നിനക്ക് നാണമില്ലേടി കോപ്പേ എന്നോടിത് പറയാൻ. ഇത്രയും കാലം ജീവനെപ്പോലെ സ്നേഹിച്ചതാ. അതിനിത്തിരിയെങ്കിലും വിലയിട്ടോ നീ..

അച്ഛൻ എനിക്ക് വേണ്ടി വിവാഹമാലോചിക്കുന്ന കാര്യം എത്രയൊ വട്ടം ഞാൻ തന്നെ നിന്നോട് പറഞ്ഞിട്ടുണ്ട്. അതുവഴി അച്ഛന്റെ സമ്പാദ്യം കൂട്ടണം എന്നല്ലാതെ എന്റെ ജീവിതത്തേക്കുറിച്ച് യാതൊരു ചിന്തയുമില്ല അങ്ങേർക്ക്.

ഒരു കേന്ദ്ര ഗവണ്മെന്റ് എംപ്ലോയിയുടെ പെൻഷൻ എത്രയുണ്ടാകും എന്ന് നിനക്ക് പറഞ്ഞു തരേണ്ടതില്ലല്ലോ ഞാൻ.

എന്നിട്ടും എന്റെ സാലറി വരുന്ന ദിവസം അങ്ങേർക്കൊരു നൂറാവശ്യങ്ങളാ.

അമ്മക്ക് അസുഖം വന്നാൽ ഒരു പാരസെറ്റമോൾ പോലും വാങ്ങിക്കൊടുക്കില്ല. അതും എന്റെ ചുമലിൽ. എന്നിട്ടിപ്പോ മോന് നല്ല ഭാവിയുണ്ടാക്കികൊടുക്കാൻ ഇറങ്ങിയെക്കുന്നു.

“അല്ല ഇതൊക്കെ നിന്നോട് പറഞ്ഞിട്ടെന്തിനാ. പലവട്ടം പറഞ്ഞു കഴിഞ്ഞതല്ലേ. എന്നിട്ടും ഇത്രയും കാലം ഇങ്ങോട്ടു തന്ന സ്നേഹത്തിൽ ഒരിത്തിരി ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ, അങ്ങേര് വന്നു ഡയലോഗടിച്ചപ്പോ, താൻ പോയി പണി നോക്കെടോ, അപ്പുവിന് ഞാനില്ലാതെ പറ്റില്ല എന്ന് മുഖത്തു നോക്കി പറയുമായിരുന്നു.

നിരാശയുടെയും, മടുപ്പിന്റെയും അവസാന പടവിൽ എത്തി നിൽക്കുമ്പോഴാ നീയെന്റെ ലൈഫിലേക്ക് കയറി വരുന്നത്.. അവിടെ നിന്നാണ് നീയെന്നെ പ്രതീക്ഷയുടെയും, സ്വപ്നങ്ങളുടെയും ലോകത്തേക്ക് കൈപിടിച്ചത്.ഒരുപക്ഷെ നീ വന്നില്ലായിരുന്നെങ്കിൽ ഞാനിന്നീ ഭൂമിയിൽ ഉണ്ടാവില്ലായിരുന്നു.ആ പടിയും താണ്ടി ഞാനൊരു പോക്ക് പോയേനെ. എനിക്ക് വേണ്ടി കരയാൻ ഒരു പട്ടിക്കുഞ്ഞുപോലും ഇല്ലാത്തയീ ലോകത്തു നിന്ന്.

ഇത്രയും കാലം വിവാഹം പോലും വേണ്ടെന്നു വെച്ച് തനിയെ ജീവിക്കാൻ ശ്രമിച്ചത് ജീവിതനുഭവങ്ങൾ അത്രയേറെ മനസ്സ് തകർത്തു കളഞ്ഞതുകൊണ്ടാ.

ഈ നാൽപതാം വയസ്സിൽ നിന്റെ സ്നേഹത്തിന് അടിമയായിപ്പോയത് അത്രയേറെ മനസ്സിലാക്കി നീയെന്നെ സ്നേഹിക്കുന്നുണ്ടെന്ന വിശ്വാസത്തിലാ…

ഇതൊക്കെ നിനക്ക് അറിയാമായിരുന്നതല്ലേ എന്നിട്ടും..

തൊണ്ടയിടറി വാക്കുകൾ നഷ്ടപ്പെട്ട് ബിനീഷ് അവളുടെ കണ്ണുകളിലേക്ക് നോക്കി. നിറ മിഴികളോടെ.

“സോറി അപ്പൂ… സോറി..

രവി വന്നു ശിവാനിയെ കൂട്ടിക്കൊണ്ട് പോയതിനു ശേഷം എന്റെ സമനിലതന്നെ തെറ്റിയിരുന്നു. അതിനിടയിലാ നിന്റെ അച്ഛന്റെ വരവ്..ഞാനും കൂടി ഇല്ലാതായാൽ അച്ഛൻ തകർന്നു പോകും.എല്ലാം കൂടി ആലോചിച്ചപ്പോ ഒരു തീരുമാനമെടുക്കാൻ എനിക്ക് കഴിഞ്ഞില്ലടാ.

സത്യം പറഞ്ഞാ, നിന്നോടും ഈ ലോകത്തിനോട് മുഴുക്കെയും ദേഷ്യമായിരുന്നു മനസ്സിൽ.

ഒരു ചോരക്കുഞ്ഞായിട്ടാ ശിവാനി എന്റെ കയ്യിൽ വന്നു ചേർന്നത്. അവൾക്ക് വേണ്ടി ഞാനെന്റെ എല്ലാ സന്തോഷങ്ങളും മാറ്റി വെച്ചു. അച്ഛനെപ്പോലും വെറുപ്പിച്ചു. അച്ഛനവളെ കാണുമ്പോഴൊക്കെ അമ്മയെ ഓർമ്മ വരും. അതച്ഛന്റെ ഹൃദയവേദനയെ ഇരട്ടിപ്പിച്ചിരുന്നു. എങ്കിലും അവൾക്കൊരാവശ്യം വന്നാൽ ഞാൻ അച്ഛന്റെ മുന്നിൽ കൈ നീട്ടും. എതിർപ്പൊന്നും പറയാതെ അച്ഛനാ ആവശ്യങ്ങൾ നിറവേറ്റി തന്നിട്ടുമുണ്ട്. എന്നിട്ടും അവൾ അച്ഛന്റെ മുഖത്തു നോക്കി ആക്രോശിച്ചു, ഒരു മുത്തശ്ശന്റെ സ്നേഹം നിങ്ങളെനിക്ക് തന്നിട്ടുണ്ടോയെന്ന്.

ഞാൻ നിന്റെ മുത്തശനല്ലെന്നു തിരിച്ചു പറയാൻ അച്ഛൻ ഒരിക്കലും ശ്രമിച്ചില്ല.

അവളാ സ്നേഹം തിരിച്ചറിഞ്ഞുമില്ല.

ശിവാനിയെ അയാൾ കൂട്ടിക്കൊണ്ട് പോയപ്പോ കുറേ സങ്കടപ്പെട്ടെങ്കിലും, ഇത്രയും കാലം ഞാൻ പോറ്റി വളർത്തി ഇനിയങ്ങോട്ട് അവൾ അച്ഛന്റെ സ്നേഹത്തിൽ വളരട്ടെ എന്ന് ആശ്വസിക്കുകയും ചെയ്തു. എന്നിട്ട് സംഭവിച്ചതോ..

അന്നത്തെ ആ സംഭവത്തിന്‌ ശേഷം അമ്മയേം കൂട്ടി വീട്ടിൽ നിന്നിറങ്ങിപ്പോയ രവി ഒരു വീട് വാടകക്കെടുത്തു താമസിക്കുകയായിരുന്നു. അമ്മ ഗർഭിണിയാണെന്നറിഞ്ഞപ്പോ തൊട്ട് അത് അബോർട്ട് ചെയ്യാൻ പറഞ്ഞു പീഡനം ആയിരുന്നത്രെ. ഒടുവിൽ പ്രസവമടുത്തപ്പോൾ അമ്മയെ സർക്കാർ ആശുപത്രിയിൽ കൊണ്ട്ത്തള്ളി അവിടുന്ന് മുങ്ങിയതാ അവൻ.

പിന്നെ എവിടെയൊക്കെയൊ അലഞ്ഞു തിരിഞ്ഞു നടന്ന്, മദ്യത്തിനും, ഡ്രഗ്സിനും അടിമയായി.

അച്ഛനൊപ്പം വീട്ടിൽ വരുമ്പോൾ നല്ലൊരു ചെറുപ്പക്കാരനായിരുന്നു. വിവേകം കൊണ്ട് ചിന്തിക്കാതെ വികാരംകൊണ്ട് മാത്രം ചിന്തിച്ച് സ്വയം നാശത്തിലേക്കു എടുത്തു ചാടി.

കൂട്ടുകാർ ശിവാനിയെ ഉപദ്രവിക്കുന്നത് സുബോധത്തോടെയായിരിക്കില്ല അവൻ കണ്ടു നിന്നത്.

പാവം ന്റെ കുട്ടി.. പത്രമാധ്യമങ്ങളിൽ മുഴുവൻ അവളെക്കുറിച്ചുള്ള വാർത്തകളാ അച്ഛനും കൂട്ടുകാരും ചേർന്നു പീഡിപ്പിച്ചവൾ എന്ന തലക്കെട്ടോടെ.

അവൾക്കിനിയൊരു ജീവിതമുണ്ടോ… നല്ലൊരു ഭാവിയുണ്ടോ..?

എല്ലാം കൂടി ആലോചിച്ചപ്പോ തല പെരുത്തു. ആണെന്ന വർഗ്ഗത്തിനെ തന്നെ വെറുത്തുപോയി. അതിന്റെ പ്രതിഫലനമാണ് നീയും കണ്ടത്. ക്ഷമിക്കാൻ കഴിയുമെങ്കിൽ ക്ഷമിക്കെടാ.

“നീരു… ഞാനൊന്നു ചോദിച്ചോട്ടെ.എല്ലാ ആണുങ്ങളെയും പോലെ ഒരുവനായിട്ടാണോ നീയെന്നെ കണ്ടത്.നിന്റെ സ്നേഹം വെറും അഭിനയമായിരുന്നോ.. അതുകൊണ്ടാണോ ഇത്രയും നിസാരമായൊരു കാരണത്തിന്റെ പേരിൽ നീയെന്നെ ഇത്രമാത്രം തകർത്തു കളഞ്ഞത്..

നീരജ കൈമുട്ടുകൾ മേശയിലൂന്നി കൈപ്പത്തി തലയിൽ അമർത്തി പിടിച്ച് കുനിഞ്ഞിരുന്നു. തുളുമ്പിയൊഴുകുന്ന കണ്ണുനീർ അവളുടെ മടിത്തട്ടിൽ വീണു ചിതറി.

ബിനീഷ് സീറ്റിൽ നിന്നെഴുന്നേറ്റ് അവൾക്കരികിൽ വന്നിരുന്നു.

വാവേ…

അവൻ അവളുടെ ചെവിക്കരികിലേക്ക് കുനിഞ്ഞ് മെല്ലെ വിളിച്ചു.

സാരമില്ല…പോട്ടെ.. കരയാതിരിക്കൂ.ഞാൻ ക്ഷമിച്ചെടോ തന്നോട്.. എനിക്കറിയില്ലേ തന്നെ..എന്റെ വാവയെ ഞാൻ മനസ്സിലാക്കിയിടത്തോളം മറ്റാര് മനസ്സിലാക്കിയിട്ടുണ്ട്.

കഴിഞ്ഞതൊക്കെ കഴിഞ്ഞു.. ജീവിതാവസാനം വരെ നിന്നെയെനിക്ക് വേണം.. ആർക്കും വിട്ടു കൊടുക്കില്ല ഞാൻ.

നീരജ മുഖമുയർത്തി അവനെ ഉറ്റുനോക്കി. പിന്നെ സ്ഥലകാലങ്ങൾ പോലും മറന്ന് ഒരേങ്ങലോടെ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു വെച്ചു.

************************************

നീരജ താഴെ നിന്നും കയറി വരുമ്പോൾ ശിവാനി മച്ചിലേക്കു കണ്ണും നട്ടു കിടക്കുകയായിരുന്നു.

അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ട് ശിവാനി അമ്പരന്നു.

“അമ്മേ… അമ്മ കരഞ്ഞോ..?

“നീരജ അവളെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു.

“സോറിയമ്മേ… എനിക്ക് ചേച്ചിന്ന് വിളിക്കാൻ പറ്റണില്യ..

“നീ നിനക്ക് ഇഷ്ടമുള്ളത് വിളിച്ചോ. പക്ഷേ പഴയ കരുണയൊന്നും എന്നിൽ നിന്ന് നീ പ്രതീക്ഷിക്കരുത്.അത്രേ എനിക്ക് പറയാനുള്ളു.

പിന്നെ വേറൊരു കാര്യം. ഞാനൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചു… ഇത്രയും കാലം നിനക്ക് വേണ്ടിയും, പഠിത്തം കഴിഞ്ഞു ഒരു ജോലി കിട്ടട്ടെ എന്നൊക്ക വിചാരിച്ചും എന്റെ ലൈഫ് ഞാൻ നാനാവിധമാക്കി. ഇനിയെങ്കിലും എനിക്ക് വേണ്ടി ജീവിക്കണം. അച്ഛനെ സങ്കടപ്പെടുത്താതെ.

ശിവാനി ഒന്നും മിണ്ടാതെ വിമ്മിവിമ്മിക്കരഞ്ഞു.

“അമ്മേ….അയാളെ പോലീസ് പിടിച്ചോ…?

ഏറെ നേരത്തിനു ശേഷം ശിവാനി ശബ്ദമടക്കി ചോദിച്ചു.

“ഉവ്വ്… അയാളും കൂട്ടുകാരുമിപ്പോ ജയിലിലാ.. നിനക്ക് താല്പര്യമുണ്ടെങ്കിൽ നമുക്കാ കേസ് നടത്താം ജീവപര്യന്തമെങ്കിലും മേടിച്ചു കൊടുക്കാം… പക്ഷേ അതൊക്കെ നിന്റെ മാത്രം ആവശ്യമാണെന്ന് വിചാരിച്ചു നീ തന്നെ മുന്നിട്ടിറങ്ങണം.ഞാൻ ഹെല്പ് ചെയ്യാം..കാരണം നാളെ ഇതിനും എന്നെ പഴി ചാരരുത് എന്റെ അച്ഛനെ നിങ്ങൾ ഇല്ലാതാക്കിയില്ലേ എന്നും ചോദിച്ച്

“അമ്മേ… പ്ലീസ്… ഇനിയും ശവത്തിൽ കുത്തി രസിക്കല്ലേ. ഞാൻ ഇനിയൊരിക്കലും എന്റെ അമ്മയെ വേദനിപ്പിക്കില്ല.

എന്നോട് പൊറുക്ക്… ചെയ്തു പോയ അപരാധങ്ങൾ ക്ഷമിക്ക്.

ശിവാനി അവളുടെ മാറിലേക്ക് വീണ് പൊട്ടിക്കരഞ്ഞു.

നീരജ അവളുടെ മുടിയിഴകളിൽ തലോടി അവളെ ഒന്നുകൂടെ തന്നിലേക്ക് ചേർത്തു പിടിച്ചു.

അവളുടെ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു. കഴിഞ്ഞു പോയ ഇന്നലെകൾ തന്ന വേദനകളാൽ നെഞ്ചിനുള്ളിൽ ഉരുണ്ടു കൂടിയ കാർമേഘക്കൂട്ടങ്ങൾ പെയ്തു തോരും പോലെ…

അവസാനിച്ചു.