23/04/2026

ഇടറാതെ : ഭാഗം 03

രചന – ഐഷ്മ ശ്രീജിത്ത്

പിന്നീടുള്ള ദിവസങ്ങൾ എന്നത്തെയും പോലെ തന്നെ കടന്നു പോയി. അമ്മുവിന് ആരോടും തന്റെ മനസ്സ് തുറക്കുവാൻ പോലും കഴിഞ്ഞില്ല. ഒരു 12 വയസ്സുകാരി താങ്ങാവുന്നതിലും അധികം പ്രഷറും ടെൻഷനും അമ്മു സഹിക്കുന്നുണ്ട്. ആരോടാണ് തന്റെ മനസ്സ് തുറക്കേണ്ടത് എന്ന് അറിയാതെ അവൾ വിഷമിച്ചു. പലപ്പോഴും ജോമോന്റെ പ്രവർത്തികൾ അവളെ വല്ലാതെ വേദനിപ്പിച്ചു, ശാരീരികമായും മാനസികമായും. ചിലപ്പോഴൊക്കെ വീട്ടിൽ അച്ഛനും അമ്മയും ഉള്ളപ്പോൾ പോലും ജോമോൻ അവളെ നോവിച്ചു. അച്ഛനും അമ്മയും ഇതൊന്നും അറിഞ്ഞതേയില്ല. അവർ അവരുടേതായ തിരക്കുകളിൽ മുഴുകി.ജോമോന് അമ്മുവനോട് പ്രണയമാണ് എന്ന രീതിയിൽ അവളെ സമീപിച്ചു കൊണ്ടേയിരുന്നു.

ഒരിക്കൽ അവളോട് പറയുകയും ചെയ്തു. “അമ്മു എനിക്ക് നിന്നെ എന്തിഷ്ടമാണെന്ന് അറിയുമോ, നിന്റെ അച്ഛനും അമ്മയും നല്ല പ്രായത്തിൽ, കല്യാണം കഴിച്ചിരുന്നെങ്കിൽ നിനക്ക് ഒരു ഇരുപത് വയസെങ്കിലും ഉണ്ടാകുമായിരുന്നു അപ്പൊ ഞാൻ നിന്നെ കല്യാണം കഴിച്ചേനെ.” അമ്മുവിന് ഇതൊക്കെ കേട്ടിട്ട് ഒന്നും ചെയ്യാൻ കഴിയാത്തതിലുള്ള ദേഷ്യവും സങ്കടവും ഒക്കെ കൂടി.തന്നെ കേൾക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു. അങ്ങനെ വേനൽ അവധിയായി.അമ്മു അവധിയായത് കൊണ്ട് കുറച്ചു ദിവസത്തേക്ക് അമ്മാവന്റെ വീട്ടിൽ പോയി.അമ്മാവന് ഒരു മകൾ ഉണ്ട്,പ്രിയ എന്ന പിയു.

അമ്മുവും പിയുവും ഒരേ പ്രായക്കാർ ആണ്. അങ്ങനെ അമ്മു പിയുവിനോട് തന്റെ വിഷമം പറഞ്ഞാലോ എന്ന് ആലോചിച്ചു. എനിക്ക് എന്തെങ്കിലും പറ്റിയാൽ സത്യം അറിയാവുന്ന ഒരാളെങ്കിലും വേണമല്ലോ എന്ന് അമ്മു ചിന്തിച്ചു. പിയുവിനോട് സംസാരിക്കാൻ തന്നെ അമ്മു തീരുമാനിച്ചു. “പിയു, എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.” “എന്താടി?? എന്താണ് വല്ല അഫൈറും ആണോ?? എന്ന് ചോദിച്ചുകൊണ്ട് പിയു അമ്മുവിനെ കളിയാക്കാൻ തുടങ്ങി. “പിയു ഞാൻ സീരിയസ് ആയിട്ടാ സംസാരിക്കുന്നെ, നി ഇത് ആരോടും പറയരുത്. നിന്നോടെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ ശ്വാസംമുട്ടി ചത്തുപോകും.” അമ്മുവിന്റെ കണ്ണൊക്കെ നിറഞ്ഞു, അവൾ പിയുവിനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. “എന്താടി നീ കാര്യം പറ, എന്നെ കൂടി ടെൻഷൻ ആക്കാതെ.” “നീ ആരോടും പറയരുത്.” “ഇല്ല നീ കാര്യം പറ.” അമ്മു പിയുനോട് എല്ലാം പറഞ്ഞു. ജോമോൻ ഭയങ്കര ശല്യമാണെന്നും. അയാൾ അവളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മറ്റും.

പിയുവിനും എന്താ പറയേണ്ടത് എന്ന് അറിയില്ലായിരുന്നു. അവൾക്ക് അമ്മുവിന്റെ അച്ഛനോടും അമ്മയോടും ദേഷ്യം തോന്നി. ഇങ്ങനെ ഒരാൾക്ക് സർവ്വ സ്വാതന്ത്ര്യവും സ്വന്തം വീട്ടിൽ കൊടുക്കുന്നതിനു. പിയു അവളുടെ അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞു. അവരും ഒരു ഞെട്ടലോടെയാണ് എല്ലാം കേട്ടത്. ആ കുഞ്ഞ് ഇത് ആരോടും പറയാതെ ഇത്രെയും നാൾ ഇത് എങ്ങനെ മനസ്സിൽ ഇട്ടു നടന്നു എന്ന് ചിന്തിച്ചു. പിയുവിന്റെ അച്ഛൻ,അമ്മുവിന്റെ അമ്മാവൻ സീതയെ ഫോണിൽ വിളിച്ചു,, സീത ഫോൺ എടുത്തതും അയാൾ ചോദിച്ചു ” നീ നിന്റെ മോളെ കൂട്ടികൊടുക്കുവാണോടി??? ” സീതക്ക് ഒന്നും മനസ്സിലായില്ല. “ഏട്ടൻ എന്ത് തോന്ന്യസമൊക്കെയാ പറയുന്നേ, എന്തും പറയാമെന്നായോ??? “ഞാൻ പറഞ്ഞതാണോ കുഴപ്പം?? അവിടെ എന്താ നടക്കുന്നെ എന്ന് നിനക്ക് അറിയോ?? നിന്റെ മോൾ എന്തൊക്കെ സഹിക്കുന്നുണ്ടെന്ന് നിനക്കറിയോ??” അവൾക്ക് എന്താ കുഴപ്പം,,, അമ്മു ഒന്നും പറഞ്ഞില്ലല്ലോ എന്നൊക്കെ സീത ഓർത്തു.

“എന്തെങ്കിലും ഉണ്ടെങ്കിൽ ഏട്ടൻ തെളിച്ചു പറ. അല്ലാതെ ഇങ്ങനെ വാലും തലയും ഇല്ലാതെ പറഞ്ഞാൽ ഞാൻ എന്താ മനസ്സിലാക്കണ്ടേ?? കാര്യം പറ.” സീതക്ക് ക്ഷമ കെട്ടു. അയാൾ സീതയോട് എല്ലാം പറഞ്ഞു. അവർക്ക് ആകെ അമ്പരപ്പ് ആയിരുന്നു. കാരണം ജോമോന്റെ ഭാഗത്ത് നിന്നു ഇങ്ങനെ ഒന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അമ്മുവിന് തോന്നിയതാകും എന്ന് തന്നെ അവർ വിചാരിച്ചു. സീതയോട് ഒരുപാട് ദേഷ്യപ്പെട്ടാണ് ഏട്ടൻ സംസാരിച്ചു വെച്ചത്. സീതക്ക് ആകെ നാണംകെട്ട പോലെ തോന്നി. അവൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് ഞങ്ങളോട് പറഞ്ഞാൽ പോരായിരുന്നോ. ഇത് ഇപ്പോ എല്ലാരേം അറിയിച്ചു നാണം കെടുത്തിയില്ലേ എന്നതായിരുന്നു സീതയുടെ പ്രശ്നം.ആനന്ദ് വന്നപ്പോൾ തന്നെ ഈ വിവരം സീത അയാളെ അറിയിച്ചു.

ആനന്ദിനും സീതയുടെ അഭിപ്രായം തന്നെ ആയിരുന്നു. ഈ സമയം ജോമോൻ നാട്ടിൽ പോയതിനാൽ അവനോട് ചോദിക്കാനും പറ്റിയില്ല. എന്നാലും ജോമോൻ അങ്ങനെ ചെയ്യില്ല എന്ന് തന്നെ അവർ ഉറച്ചു വിശ്വസിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം അമ്മു തിരികെ വീട്ടിലേക് വരാൻ തീരുമാനിച്ചു. ഈ ദിവസങ്ങളിലൊന്നും ആനന്ദും സീതയും അമ്മുവിനെ ഒന്ന് വിളിക്കുക പോലും ചെയ്തില്ല. അതുകൊണ്ട് തന്നെ അമ്മുവിന് ആകെ പേടി ആയിരുന്നു വീട്ടിലേക്കു ചെല്ലുവാൻ.അച്ഛന്റെയും അമ്മയുടെയും പ്രതികരണം ഓർത്ത് അമ്മുവിന് നല്ല ടെൻഷൻ ഉണ്ടായിരുന്നു. അവളുടെ പേടി കണ്ടിട്ട് അമ്മാവൻ തന്നെ കൂടെ വരാം എന്ന് പറഞ്ഞു. അങ്ങനെ അവർ വീട്ടിലേക്ക് തിരിച്ചു. തുടരും…