19/04/2026

“രോഹൻ എന്റെ കാർഡിൽ നിന്നും പൈസ എടുത്തിരുന്നോ..? ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ..?”

രചന – ലിനിത് സേത്  ജോഷി

“രോഹൻ എന്റെ കാർഡിൽ നിന്നും പൈസ എടുത്തിരുന്നോ..? ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ..?”

മായ ജോലി കഴിഞ്ഞു വന്നപാടെ ഭർത്താവ് രോഹനോട് ചോദിച്ചു.. അവൾ അല്പം ദേഷ്യത്തിൽ ആയിരുന്നു..

“എടുത്തു.. എന്റെ ഒരു ഫ്രണ്ടിന്റെ അമ്മക്ക് വയ്യ.. അവന്റെ കയ്യിൽ പൈസയും ഇല്ല.. പെട്ടെന്ന് നിന്നോട് പറയാൻ പറ്റിയില്ല..”

അവൻ വിഷമത്തോടെ പറഞ്ഞു.

“രോഹൻ ഞാൻ രാവിലെ മുതൽ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ആണ് നീ ഇതുപോലെ കണ്ടവരുടെ അമ്മക്ക് എടുത്തു കൊടുക്കുന്നത്..

അതിനെങ്ങനെയാ നിങ്ങൾ കുറെ നാളായി സിനിമ മോഹവും ആയി നടക്കുകയല്ലേ.. എത്ര പൈസ ഉണ്ടായിരുന്ന ജോലിയാ നീ കളഞ്ഞത് രോഹൻ..? ഞാൻ കുടുംബം എങ്ങനെയാ നടത്തുന്നത് എന്ന് വല്ല ഐഡിയയും നിനക്ക് ഉണ്ടോ..?”

അവൾ ബാഗ് നിലത്തേക്ക് ശക്തിക്ക് ഇട്ട് അത് പറഞ്ഞപ്പോൾ അവൻ ആകെ വിഷമത്തിൽ ആയി..

“മായ ഇത് നമ്മൾ ഒരുമിച്ച് എടുത്ത തീരുമാനം അല്ലെ..? ഈ കഥക്ക് സ്കോപ് ഉണ്ട് എന്നും ഇത് സിനിമ ആകുന്നത് വരെ കുടുംബം നീ നടത്താം എന്നും പറഞ്ഞത് കൊണ്ടല്ലേ ഞാൻ ഇതിന് ഇറങ്ങിയത്..? എന്നിട്ട് ഇപ്പോൾ..?”

അവന്റെ തൊണ്ട ഇടറിയിരുന്നു..

“അതെ അന്ന് അത് പറഞ്ഞു.. പക്ഷെ ഒരു വർഷമായി ഇത്.. എനിക്ക് ഇത് പറ്റില്ല രോഹൻ..”

അവൾ ദേഷ്യത്തോടെ ചാടി തുള്ളി അകത്തേക്ക് പോയപ്പോൾ അവൻ വിഷമത്തോടെ നിന്നു..

•••

“ശ്യാം എനിക്ക് പറ്റുന്നില്ല.. അവന് നല്ല ചിലവ് ആണ്.. എന്റെ കാർഡ് അവന്റെ കയ്യിൽ ആണെന്ന് കരുതി ഇങ്ങനെ ചെയ്യാമോ..?”

മായ നല്ല ദേഷ്യത്തിൽ ആയിരുന്നു.. ശ്യാം അവളുടെ ഓഫീസിൽ പുതിയതായി വന്ന മാനേജർ ആണ്.. അവർ നല്ല കൂട്ടിൽ ആയിരുന്നു.. കൂട്ട് എന്ന് പറഞ്ഞാൽ കുറച്ചു അടുത്ത ഒരു ബന്ധം..
അവനെ പരിചയപെട്ട അന്ന് മുതൽ ആണ് മായക്ക് രോഹനെ പിടിക്കാതെ വന്നത്..

“സീ മായ.. നീ എത്ര സുന്ദരി ആണ്.. സ്മാർട്ട്‌ ആണ്.. ആര് കണ്ടാലും നോക്കുന്ന ഷേപ് ഉണ്ട്..
എന്നിട്ടും ഇതുപോലെ യൂസ്
ലെസ്സ് ആയ ഒരാളെ വച്ചു കൊണ്ട് ഇരിക്കുന്നതിൽ എന്ത് അർത്ഥം.. കുട്ടികൾ പോലും ഇല്ല..”

അവൻ ഒരു ചിരിയോടെ അത് പറഞ്ഞപ്പോൾ അവൾ മനസ്സിലാകാതെ അവനെ നോക്കി..

“യു മീൻ..?”

“യെസ്.. എ ഡിവോഴ്സ്.. മായയുടെ പേരിൽ അല്ലെ ആ വീട്..

അത് വിറ്റ് മായ വന്നാൽ നമുക്ക് ഒരു ഫ്ലാറ്റ് എടുത്താലോ..? ഞാൻ തന്നെ അത്രക്ക് സ്നേഹിക്കുന്നുണ്ട്.. നമ്മുടെ ലൈഫ് സുന്ദരം ആയിരിക്കും..”

ശ്യാം അവളുടെ കയ്യിൽ തൊട്ട് അത് പറഞ്ഞപ്പോൾ ആ അവസ്ഥയിൽ മായയുടെ ഉള്ളം ഒന്ന് തണുത്തു..

ശ്യാം നല്ല സുന്ദരൻ ആണ്.. രോഹൻ മോശം ഒന്നും അല്ല.. പക്ഷെ ശ്യാം നല്ല പണക്കാരൻ ആണ്. ഒരുപാട് സാലറി ഉണ്ട്.. നല്ല കെയറിങ് ആണ്.. നല്ല റൊമാന്റിക് ആണ്..

അവൾക്ക് അവനോട് എന്നും ഒരു ഇഷ്ടം കൂടുതൽ ഉണ്ടായിരുന്നു..

“മായ ഒന്നും പറഞ്ഞില്ല..?”

അവൻ വീണ്ടും ചോദിച്ചു..

“രോഹനും ഞാനും സ്നേഹിച്ചു കെട്ടിയത് ആണ് ശ്യാം.. അവനെ ഒഴിവാക്കുക എന്നൊക്കെ പറഞ്ഞാൽ..? എന്റെ വീട്ടുകാർ എന്നെ തല്ലി കൊല്ലും..”

“നിന്റെ ഐഡിയൽ ഭർത്താവ് ആണോ അവൻ.. നിനക്ക് നല്ലൊരു ഭർത്താവ് വേണ്ടേ.. സ്റ്റാറ്റസ് വേണ്ടേ..

അവൻ സിനിമ എന്നും പറഞ്ഞു ജോലി പോലും ഇല്ലാതെ നടക്കുമ്പോൾ നീ ഉണ്ടാക്കുന്ന പൈസ വരെ അവന്റെ ഇഷ്ടത്തിന് ആണ് അവൻ ചിലവഴിക്കുന്നത്.. നന്നായി ഒന്ന് ആലോചിക്ക് മായ..”

മായ ആലോചനയോടെ ഇരുന്നു.. അപ്പോഴാണ് അവളുടെ ഫോണിൽ ഒരു മെസ്സേജ് വന്നത്.. അവളുടെ അക്കൗണ്ടിൽ നിന്നും മുപ്പതിനായിരം രൂപ വിത്ത്‌ഡ്രോ ചെയ്തു എന്നുള്ള ഒരു മെസ്സേജ് ആയിരുന്നു അത്.. അവളുടെ മുഖം ചുവന്നു..

“എന്താ മായ..?”

“എന്റെ അക്കൗണ്ടിൽ നിന്നും മുപ്പത്തിനായിരം രൂപ വിത്ത്ഡ്രോ ചെയ്തിരിക്കുന്നു..”

“സീ കണ്ടില്ലേ..? നിന്നെ അവൻ ഉപയോഗിക്കുക ആണ്.. ഇനിയെങ്കിലും നല്ലൊരു തീരുമാനം എടുക്ക്..

ഞാൻ കാത്തിരിക്കും.. ഓർത്ത് നോക്ക്..? ഒരു ഫ്ലാറ്റിൽ നമ്മൾ മാത്രം..”

അവൻ എഴുന്നേറ്റ് പോയപ്പോൾ അവൾ അത്ര ദേഷ്യത്തോടെ ആണ് വീട്ടിലേക്ക് പോയത്.. അവൻ അവിടെ ഇല്ലായിരുന്നു.. അവൾ വേഷം പോലും മാറാതെ കാത്തിരുന്നു.

അല്പം കഴിഞ്ഞപ്പോൾ അവൻ വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ അവൾ അവന്റെ നേർക്ക് ചെന്നു..

“ഇതെന്താണ് രോഹൻ..? എന്റെ അക്കൗണ്ടിൽ നിന്നും മുപ്പത്തിനായിരം രൂപ എടുത്തിരിക്കുന്നു.. നാണം ഇല്ലേ നിനക്ക്…?

അന്തസ് ഉണ്ടോ..? ഇന്നലെ ഞാൻ അത്രക്ക് പറഞ്ഞിട്ടും ഒരു നാണവും ഇല്ലാത്ത എന്റെ പൈസ എടുത്ത് തിന്നാൻ ഉളുപ്പ് ഉണ്ടോ..?

ആം ഡൺ രോഹൻ.. നീ ഒരു ബാധ്യത ആണ് എനിക്ക് ഇപ്പോൾ.. എനിക്ക് ഡിവോഴ്സ് വേണം.. ഐ നീഡ് എ ഡിവോഴ്സ്..!!!! ഇൻ ഫാക്ട്.. ഞാൻ മറ്റൊരാളെ സ്നേഹിക്കുന്നുണ്ട്.. സൊ ഐ നീഡ് എ ഡിവോഴ്സ്..!”

ശ്യാം കുത്തി വച്ച വിഷം അത്രക്കും മായ പുറത്ത് എടുത്ത് അവന്റെ നേരെ കൈ ചൂണ്ടി അലറി.. അവൻ ശ്വാസം പോലും എടുക്കാൻ മറന്ന് നിന്നു..

മായ അപ്പോഴാണ് അവന് പുറകിൽ നിന്ന അവളുടെ അനിയത്തി സിയയെ കണ്ടത്..

“ചേച്ചി..? നിങ്ങൾ തമ്മിൽ..? ഇതെന്താ ഏട്ടനോട് ഇങ്ങനെ ഒക്കെ..?”

അവൾ നിറഞ്ഞ കണ്ണുകളോടെ ആണ് അത് ചോദിച്ചത്. അവൾക്ക് ഞെട്ടൽ ആയിരുന്നു..

“നീ എപ്പോ വന്നു…?”

മായ പതർച്ചയോടെ ചോദിച്ചു.. അവൾ രോഹനെ നോക്കി. അവൻ തകർന്ന് നിൽക്കുന്ന കാഴ്ച ആണ് അവൾ കണ്ടത്.. അവന്റെ തല കുനിഞ്ഞു കണ്ണിൽ നിന്നും വെള്ളം ഒഴുകുന്നത് കണ്ടപ്പോൾ അവൾക്ക് സഹിച്ചില്ല..

“ഞാൻ വന്നത് കൊണ്ടാണല്ലോ എന്റെ കാർഡ് എടിഎമ്മിൽ എടുക്കാതെ ഇരുന്നപ്പോൾ ഞാൻ ഏട്ടനെ വിളിച്ചതും ചേച്ചിയുടെ കാർഡിൽ നിന്നും മുപ്പത്തിനായിരം എടുത്തതും.. ഞാൻ ആണ് ഏട്ടനോട് പറയണ്ട എന്ന് പറഞ്ഞത്.. എന്തായാലും ചേച്ചി ഒരുപാട് വളർന്നു.. പൈസ ഞാൻ നാളെ തിരിച്ചു തരാം.., ആൻഡ് യു ചേട്ടാ… നല്ലൊരു തീരുമാനം എടുക്ക്..”

അവൾ അത് പറഞ്ഞു അകത്തേക്ക് പോയപ്പോൾ മായ രോഹനെ നോക്കി.. അവന്റെ അവസ്ഥ കണ്ടപ്പോൾ പിന്നെ അവൾ ഒന്നും മിണ്ടിയില്ല. അവളും അകത്തേക്ക് പോയി..

•••

“മായ പ്ലീസ് ഹോൾഡ് ഓൺ..”

പിറ്റേ ദിവസം അവൾ വേഷം മാറി കഴിഞ്ഞപ്പോൾ ആണ് രോഹൻ അവളുടെ അടുത്തേക്ക് വന്നത്.. അവൻ വേഷം മാറിയിട്ടുണ്ടായിരുന്നു..

“എന്താ രോഹൻ എനിക്ക് പോകാൻ ടൈം ആയി..”

അവൾ നീരസത്തോടെ പറഞ്ഞു..

“സാരമില്ല.. ഇത് വച്ചോളു…”

അവൻ ഒരു ബാഗ് അവളുടെ നേരെ നീട്ടി.

“ഇതെന്താ..?”

“കഴിഞ്ഞ ഒരു വർഷം മുഴുവൻ നിന്റെ അക്കൗണ്ടിൽ നിന്നും എടുത്ത പൈസ ആണ്.. നിന്റെ കാർഡ് അതിൽ ഉണ്ട്.. തൽക്കാലം ഈ പൈസ തന്ന് സഹായിച്ചത് സിയ ആണ്..പിന്നെ..,

നീ അങ്ങനെ ഒരു തീരുമാനം അന്ന് പറഞ്ഞത് കൊണ്ടാണ് വേലയും ജോലിയും കളഞ്ഞു ഞാൻ ഇതിന് നിന്നത്..

നിന്റെ ഓഫീസിൽ നിന്നും ചിലർ പുതിയ മാനേജറോട് ഉള്ള നിന്റെ അടുപ്പത്തിന്റെ വിവരം പറഞ്ഞിരുന്നു.. പക്ഷെ ഞാൻ നിന്നെ വിശ്വസിച്ചു.. അത് പോട്ടെ.. നിന്റെ കാർഡിൽ നിന്നും ഈ വീട്ടിലേക്ക് ഉള്ള ചിലവ് അല്ലാതെ വേറെ ഒന്നും എടുത്തിട്ടില്ല.. അവശ്യ ഘട്ടങ്ങളിൽ മാത്രമേ പൈസ എടുത്തിട്ടുള്ളൂ..

വെറും തോൽവി ആയ എന്നെ നീ ഇത്ര നാൾ സഹിച്ചത് തന്നെ ഭാഗ്യം.. ഈ വീട് വാങ്ങിയത് പൈസ ഷെയർ ചെയ്തിട്ട് ആണല്ലോ.. ആ ഷെയർ എനിക്ക് വേണ്ട.. പെട്ടെന്ന് ഡിവോഴ്സ് പേപ്പേഴ്സ് തയ്യാറാക്കിക്കോളു… എനിക്ക് സമ്മതം ആണ്..”

അവൻ അതും പറഞ്ഞു ഒന്ന് പുഞ്ചിരിച്ചു കയ്യിൽ കരുതിയ ബാഗും എടുത്ത് പുറത്തേക്ക് പോയപ്പോൾ അവൾ ഒന്നും മിണ്ടാതെ നിന്നു..

“ശ്യാം ആയിരിക്കും അല്ലെ പുതിയ ആൾ..? ഗുഡ്..”

അനിയത്തി സിയ അവളെ നോക്കി പുച്ഛത്തോടെ ചിരിച്ചു അത് പറഞ്ഞ ശേഷം പുറത്തേക്ക് പോയപ്പോൾ അവൾ വേഗം ഫോൺ എടുത്ത് ശ്യാമിനെ വിളിച്ചു..

പിന്നീട് എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു.. മ്യുചൽ ആയത് കൊണ്ട് ഡിവോഴ്സ് വളരെ വേഗം കിട്ടി..

മായ കോടതിയിൽ നിന്നും ഇറങ്ങിയപ്പോൾ ശ്യാം കാത്തു നിന്നിരുന്നു.. അവൾ അവന്റെ ഒപ്പം വണ്ടിയിൽ കയറി.. അവരുടെ ഫ്ലാറ്റിലേക്ക് ആണ് നേരെ പോയത്.. വീട് വിറ്റ പണം മുഴുവൻ അവൾ ശ്യാമിനെ ഏല്പിച്ചിരുന്നു..

ഒരു ക്ഷമ പോലും ഇല്ലാതെ അവളുടെ സമ്മതം പോലും ഇല്ലാതെ അവളിലേക്ക് പടർന്ന് കയറിയ ശ്യാമിനെ കണ്ടപ്പോൾ അവൾക്ക് ഇതൊരു തെറ്റ് ആയിരുന്നോ എന്ന് തോന്നി..

അത് ശരി വെക്കുന്ന പെരുമാറ്റം ആയിരുന്നു പിനീട് ശ്യാമിന്റെ.. അത്ര നാൾ കണ്ട കെയറിങ് ഒന്നും ഇല്ല.. അവളുടെ ശരീരം ആയിരുന്നു അവന് ഏറ്റവും പ്രധാന്യം.. അവൻ അന്ന് പറഞ്ഞ രസം ഒന്നും അവളുടെ ലൈഫിൽ ഇല്ലായിരുന്നു..

ആറു മാസങ്ങൾ കഴിഞ്ഞു..

“നിന്റെ എക്സ് ഹസ്ബൻഡ് രോഹൻ ന്യൂസിൽ ഉണ്ടല്ലോ..”

ഒരു ദിവസം രാവിലേ അവൾ ചായ കുടിക്കുമ്പോൾ ശ്യാം അത് പറഞ്ഞപ്പോൾ അവൾ ഒന്ന് ഞെട്ടി.

“എന്തിന്..?”

“ഹാ അറിഞ്ഞില്ലേ..? ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകൻ അനന്ത് അവന്റെ കഥ സിനിമ ആക്കാൻ പോകുക ആണെന്ന്.. അതും മൂന്നൂറ്‌ കോടി രൂപയുടെ സിനിമ..”

അവൾക്ക് കേട്ടത് വിശ്വസിക്കാൻ ആയില്ല..

“ഒരു കാര്യം കൂടെ മായ.. എന്റെ കല്യാണം നോക്കുന്നുണ്ട്..

നീ മാറി താമസിക്കുന്നത് ആലോചിക്കേണ്ടി വരും. പെട്ടെന്ന് വേണ്ട.. ഒരു ആഴ്ച ടൈം ഉണ്ട്..”

അത് കൂടെ കേട്ടപ്പോൾ മായ ഒന്നുകൂടെ ഞെട്ടി..

“കല്യാണമോ..? നീ തമാശ പറയുക ആണോ ശ്യാം..?”

“പിന്നെ എനിക്ക് കെട്ടണ്ടേ..?”

“യു..? നീ പറഞ്ഞിട്ട് അല്ലെ ഞാൻ രോഹനെ വരെ ഒഴിവാക്കിയത്..? എന്നിട്ട് ഇപ്പോൾ വേറെ കല്യാണം..? അതും ഞാൻ ഇവിടെ ഉള്ളപ്പോൾ..?”

അവൾ കൈ ചൂണ്ടി അലറിയപ്പോൾ അവൻ ചിരിച്ചു..

“ഞാൻ പറഞ്ഞത് നിന്നോട് ഒരു തീരുമാനം എടുക്കാൻ ആണ്.. നീ എടുത്തു..
കൂടാതെ നമ്മൾക്ക് ഒരുമിച്ച് താമസിക്കാം എന്നാണ് പറഞ്ഞത്.. അല്ലാതെ ഞാൻ നിന്നെ കെട്ടും എന്നൊന്നും പറഞ്ഞിട്ടില്ല..

സത്യം പറഞ്ഞാൽ നീയും എന്റെ കൂടെ ഉള്ള ടൈം നന്നായി എൻജോയ് ചെയ്തിട്ടുണ്ടല്ലോ..”

അവൻ അത് പറഞ്ഞപ്പോൾ അവൾ തളർന്ന അവസ്ഥയിൽ ഇരുന്നുപോയി.. ശരിയാണ്.. അവൻ ഒരിക്കലും തന്നെ വിവാഹം ചെയ്യും എന്ന് പറഞ്ഞിട്ടില്ല..

പിനീട് ഉള്ള ദിവസങ്ങൾ മായ നന്നായി ബുദ്ധിമുട്ട് അനുഭവിച്ചു..

അവന് കൊടുത്ത പണം ഉടനെ തരാൻ പറ്റില്ല എന്ന് അവൻ പറഞ്ഞപ്പോൾ അവൾ കേസ് കൊടുക്കും എന്നാണ് പറഞ്ഞത്.. പക്ഷെ പണം കറൻസി ആയി കൊടുത്തത് കൊണ്ട് ഒരു തെളിവും അവളുടെ കയ്യിൽ ഇല്ലായിരുന്നു.. ഫ്ലാറ്റ് അവന്റെ പേരിൽ ആണ് എടുത്തതും..

അവൻ വളരെ വിദഗ്‌ധം ആയി അവളെ ജോലിയിൽ നിന്നും ഒഴിവാക്കി വിടുകയും ചെയ്തു.. അതോടെ മായ പൂർണമായും തകർന്നു.. അവൾ ഒരു ഹോസ്റ്റലിലേക്ക് താമസം മാറ്റി..

കുറച്ചു നാൾ കൂടെ കഴിഞ്ഞു..

അവൾ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്ത ശേഷം ബസ് സ്റ്റോപ്പിൽ നിൽക്കുക ആയിരുന്നു.. അടുത്ത് ഒരു കാർ വന്ന് നിന്ന് അതിൽ നിന്നും അവളുടെ അനിയത്തി സിയ തല പുറത്തേക്ക് നീട്ടി..

“ചേച്ചി വാ..”

അവൾ വിളിച്ചപ്പോൾ മായ ചെന്ന് കാറിൽ കയറി.. കുറെ നാളിന് ശേഷം ആണ് അവൾ അനിയത്തിയെ കാണുന്നത്..

“ഇത് നിന്റെ വണ്ടി ആണോ..?”

“അതെ.. എന്റെ കെട്ടിയോൻ വാങ്ങി തന്നത് ആണ്..”

അവൾ ചിരിയോടെ പറഞ്ഞപ്പോൾ മായ ഞെട്ടി.

“നിന്റെ കല്യാണം കഴിഞ്ഞോ.. ഞാൻ അറിഞ്ഞത് പോലും ഇല്ല..?”

“അച്ഛനും അമ്മക്കും വാശി ആയിരുന്നു.. ഒരു പാവം ചെക്കനെ തേച്ചു സ്വന്തം ഇഷ്ടം തേടി പോയ മകളെ ഇനി വേണ്ട എന്ന് വച്ചത് അവരുടെ ഇഷ്ടം ആണ്.. അവരുടെ ഇഷ്ടം എന്റെയും ഇഷ്ടം ആണ്..”

അവൾ അത് പറഞ്ഞപ്പോൾ മായക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു..

വണ്ടി ഒരു ഇരുനില വീട്ടിലേക്ക് കയറി.. അവൾ അകത്തേക്ക് കയറി ഇരുന്നു..

മായക്ക് കുടിക്കാൻ സിയ ചായ കൊണ്ടുവന്നു കൊടുത്തപ്പോൾ ആണ് മുകളിൽ നിന്നും രോഹൻ തിടുക്കത്തിൽ ഇറങ്ങി വരുന്നത് അവൾ കണ്ടത്..

“രോഹൻ..? നീയെന്താ ഇവിടെ..?”

അവൾ അമ്പരപ്പോടെ എഴുന്നേറ്റ് നിന്നു.. അവൻ ചിരിച്ചുകൊണ്ട് അടുത്ത് നിന്ന സിയയെ നോക്കി…

“അഹ് ചേച്ചി അറിഞ്ഞില്ല എന്ന് എനിക്ക് തോന്നി..

ഇങ്ങേരെ ആണ് ഞാൻ കെട്ടിയത്..

ഇങ്ങേരെ ചേച്ചിക്ക് കിട്ടിയതിൽ പണ്ടേ എനിക്ക് ചേച്ചിയോട് അസൂയ ഉണ്ടായിരുന്നു.
പക്ഷെ ചേച്ചി ആയിട്ട് ആളെ ഒഴിവാക്കിയപ്പോൾ ഞാൻ ഇങ്ങേരെ വിടാതെ അങ്ങ് പിടിച്ചു.. അച്ഛനും അമ്മക്കും നൂറ് സമ്മതം കൂടെ ആയപ്പോൾ കാര്യങ്ങൾ ഒക്കെ പെട്ടെന്ന് ആയിരുന്നു.. പിന്നെ ഇപ്പോൾ വലിയ ഒരു സിനിമക്ക് ഉള്ള പണിപുരയിൽ കൂടെ ആണ് ഏട്ടൻ…”

സിയ അവനെ ചേർത്ത് പിടിച്ചു അത് പറഞ്ഞപ്പോൾ രോഹൻ ചിരിച്ചു.. അവൻ ഒരുപാട് സന്തോഷത്തിൽ ആയിരുന്നു..

“കുറച്ചു പണി ഉണ്ട് മായ.. നിൽക്കുക ആണെങ്കിൽ വൈകീട്ട് കാണാം.. പോട്ടെ മോളെ.. ലവ് യു..”

മായയോട് അത് പറഞ്ഞ ശേഷം സിയയെ അമർത്തി ചുംബിച്ചുകൊണ്ട് അവൻ പുറത്തേക്ക് പോയപ്പോൾ മായ മുഖത്ത് ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു..

ശ്രമം വെറുതെ ആയിരുന്നു…

താൻ ആയിട്ട് നഷ്ടപ്പെടുത്തിയ തന്റെ സ്ഥാനത്ത് സന്തോഷത്തോടെ നിൽക്കുന്ന അനിയത്തി ആയിരുന്നു അവളുടെ മനസ്സിലും കണ്ണിലും അപ്പോൾ..