രചന – രോഹിണി ആമി
അവളാണ് പെണ്ണ്….. എത്ര പണത്തിനു വേണ്ടിയും പകരം വെക്കാനുള്ളതല്ല തന്റെ മാനം എന്നവൾ തെളിയിച്ചു….. നല്ല കുട്ടിയാണ്… അല്ലെങ്കിൽ ഇന്നത്തെ കാലത്ത് അത്രയും പണം നിസ്സാരമായി കൊടുക്കുമോ ആരെങ്കിലും…. ഇനിയാണ് അവൾ സൂക്ഷിക്കേണ്ടത്….. ആൺതുണ ഇല്ലാതെ സമൂഹത്തിൽ ജീവിക്കാൻ. മനസ്സ് കല്ലാക്കണം…. ഇനി അവളെ കാത്തിരിക്കുന്നത് എന്തെല്ലാമാണെന്ന് ദൈവത്തിനു മാത്രം അറിയാം… അവർ ഒരു ദീർഘശ്വാസം വിട്ടു…
ഗിരിക്ക് മനസ്സിലായി അമ്മയുടെ അനുഭവങ്ങളാണ് ഇങ്ങനെ പറയിച്ചതെന്ന്…
ആ ചേച്ചിയുടെ വീടെവിടെയാ ഏട്ടാ…. എന്നെ ഒന്നു കൊണ്ടുകാണിക്കുമോ…. ഗീതുവാ …
പിന്നെ….. ഞാൻ അവളുടെ അഡ്രസ്സും കൈയ്യിൽ വച്ചല്ലേ നടക്കുന്നത്… ഗിരി പറഞ്ഞു…
ശരിയാണ്… അഡ്രസ് വാങ്ങാമായിരുന്നു…. ഗിരി ഓർത്തു….
ഗിരിയുടെ മനസ്സിൽ അനു ഒരു വേദനയുള്ള ഓർമയാണ്…. എന്നും ഓർക്കും… പോകുന്നിടത്തെല്ലാം കണ്ണ് തിരയും ആ മുഖം… വീട്ടിൽ മൂന്നുപേരും കൂടിയിരുന്നു സംസാരിക്കുമ്പോൾ അവസാനം വന്നെത്തുന്നത് അനുവിലായിരിക്കും. . ആരും മറന്നില്ല അവളെ… ഗിരി പറഞ്ഞു പറഞ്ഞു ആ കുഞ്ഞിനെ ഒന്നു കാണാൻ ആ അമ്മയും കൊതിക്കുന്നുണ്ട്….
അടുത്തുള്ള ഒരു പള്ളിയിലെ അച്ഛൻ വിളിച്ചുപറഞ്ഞു പള്ളിയുടെ മിറ്റത്തു നിന്നും ഒരു കുഞ്ഞിനെ കിട്ടിയ കാര്യം… ആരോ ഉപേക്ഷിച്ചു പോയതാണ്…. ഒരാൺകുട്ടിയാണ്…. ഒരു വയസ്സായിട്ടില്ല….. ഇതൊക്കെ കേട്ടപ്പോൾ ഒരു ചെറിയ പേടി തോന്നി… ഇനി അനുവിന്റെ കുഞ്ഞാണോ എന്നൊരു സംശയം….. അപ്പോൾ അനു എവിടെ…. ഇനി എന്തെങ്കിലും പറ്റിയിട്ടുണ്ടാവുമോ…. ആകെ ഒരു ടെൻഷൻ… അവിടെ എത്തിയപ്പോൾ ഒരാശ്വാസം തോന്നി അത് ആ കുഞ്ഞല്ല.. എല്ലാവരോടും ചോദ്യവും പറച്ചിലും കഴിഞ്ഞിട്ട് ഇറങ്ങുമ്പോളാണ് പരിചയമുള്ള മുഖം….. അനുവല്ലേ അത്…. അതെ …. അവളെന്താ ഇവിടെ… അപ്പോഴേക്കും അവൾ കുറച്ചു ദൂരമെത്തിയിരുന്നു…. പള്ളിയിലെ അച്ഛനോട് ഗിരി അവളെചൂണ്ടി കാണിച്ചു ചോദിച്ചു…. ആ പോകുന്നത് അനു അല്ലേ ….
അതെ….
അവരെന്താ ഇവിടെ….
മോന് അവളെ അറിയാമോ….. ഇവിടെ കുറെയായി അവൾ വന്നിട്ട്….. ഒരു രാത്രി പള്ളിയുടെ വാതിൽ അടക്കാൻ വന്നപ്പോൾ…. കുഞ്ഞിനേയും കൊണ്ട് പോകാനൊരിടം ഇല്ലാതെ അഭയം ചോദിച്ചു…. ആ കുഞ്ഞിന്റെ ജീവിതത്തിൽ നടന്നത് കേട്ടപ്പോൾ ഇറക്കിവിടാൻ തോന്നിയില്ല….. ഇവിടുന്നു ഇറക്കി വിട്ടാൽ പിന്നീട് അവരെ ജീവനോടെ കാണില്ലാന്ന് തോന്നി…. ഇവിടെ പള്ളിയുടെ വക ഒരു ഓർഫനേജ് ഉണ്ട്…. അവിടുത്തെ കുട്ടികളെ പഠിപ്പിച്ചും…. അപ്പാപ്പന്മാരെയും അമ്മച്ചിമാരേയും നോക്കി അവളുടെ ജീവിതം തള്ളി നീക്കുന്നു…. കുട്ടികളെ പഠിപ്പിച്ചു കിട്ടുന്ന തുച്ഛമായ തുകയിൽ അവളുടെ കുഞ്ഞിനെ നോക്കും…
അപ്പോൾ അനു സുധീഷിന്റെ വീട്ടിൽ നിന്നും ഇറങ്ങിയിട്ട് സ്വന്തം വീട്ടിലേക്കല്ലേ പോയത്…… ഗിരി ചോദിച്ചു….
പോയി…. അവിടെ അവളെ സ്വീകരിച്ചു കൈപിടിച്ച് കയറ്റാൻ ആരുമുണ്ടായിരുന്നില്ല…. എല്ലാവരും തള്ളിപ്പറഞ്ഞു…. അവരുടെ അവസ്ഥയും അതായിരിക്കാം….. വിധവ വീട്ടിൽ നിൽക്കുമ്പോൾ അനിയത്തിയുടെ കല്യാണം നടക്കില്ലെന്ന് അവൾക്കും തോന്നിയിരിക്കാം… ഇവിടെ വരാൻ തോന്നിയല്ലോ ആ കുഞ്ഞിന്… ഇതുവരെ ഒന്നു കരയുന്നത് കണ്ടിട്ടില്ല ഞാൻ… മനസ്സിൽ ധൈര്യമുള്ള കുട്ടിയാണ്… സ്വന്തം ജീവൻ അവസാനിപ്പിക്കാൻ തോന്നിയില്ലല്ലോ…. ദൈവം ചിലപ്പോളൊക്കെ ഇഷ്ടപ്പെടുന്നവരെ കൂടുതൽ ക്രൂശിക്കും.. അവളിൽ ദൈവത്തിന്റെ കണ്ണുണ്ട് എപ്പോഴും… ദൈവകൃപ… ഇപ്പോൾ അവളാണ് ആ ഓർഫനേജിന്റെ എല്ലാം…
അതുപറയുമ്പോൾ അച്ഛന് അവളോടുള്ള സ്നേഹം തെളിഞ്ഞു കണ്ടു ഗിരി ….
അച്ഛനോട് പിന്നെ കാണാം എന്നുപറഞ്ഞു ഇറങ്ങി…… മനസ്സുമുഴുവൻ അനു മാത്രം…. വീട്ടിൽ വന്നു അമ്മയോട് പറഞ്ഞു അനുവിനെ കണ്ട കാര്യം….. അവളെപ്പറ്റി എല്ലാ പറഞ്ഞു….
ഓരോന്നോർത്തു കിടന്നപ്പോൾ അമ്മയും അനിയത്തിയും അടുത്തേക്ക് വന്നു….
മോനെ ഗിരി….. നമുക്ക് അനുവിനെ ഈ വീട്ടിലേക്കു കൊണ്ടുവന്നാലോ… നിന്റെ ഭാര്യ ആയിട്ട്…. അവളെ കുറിച്ച് കേൾക്കുമ്പോൾ എന്നെയാണ് ഞാൻ കാണുന്നത്…. അന്ന് നിങ്ങളുടെ അച്ഛൻ നമ്മളെ വിട്ടിട്ടു പോകുമ്പോൾ എനിക്കു കൂട്ടായി കുറച്ചു വലുതായ നീയും കുഞ്ഞാണെങ്കിലും ഇവളും ഉണ്ടായിരുന്നു… പിന്നെ എന്റെ വീട്ടുകാരും… ഇതൊന്നുമില്ലാതെ…. പാവം ആ കുട്ടി എന്തുമാത്രം വിഷമിക്കുന്നുണ്ടാവും ….
നിനക്ക് അവളെ ഇഷ്ടമാണെന്നു അമ്മക്കറിയാം….. ഇത് അവളോടുള്ള സഹതാപത്തിന്റെ പുറത്തല്ല…. അവളെപ്പോലെ നല്ലൊരു പെണ്ണിനെ നിനക്കിനി കിട്ടില്ല…. ഈ വീടിനും….
ഏട്ടന് സമ്മതമാ അമ്മേ…. മോന്ത കണ്ടാലേ അറിയില്ലേ…. കള്ളൻ…. എനിക്കും വേണം ആ ചേച്ചിയെ…. ഗീതു പറഞ്ഞു…
മക്കളുടെ മനസ്സറിയാൻ അമ്മ കഴിഞ്ഞേയുള്ളു വേറാരും…. ഗിരി ഓർത്തു…
പള്ളിയിലേക്ക് ഫോൺ വിളിച്ചു അച്ഛനോട് സംസാരിച്ചു…. അനു ആയിട്ടുള്ള പരിചയം പറഞ്ഞു….
അവളോട് പറഞ്ഞു സമ്മതിപ്പിക്കാം…. ഇതിൽപ്പരം വേറെ സന്തോഷമില്ല…. ഉടനെ വീട്ടുകാരെ കൂട്ടി വന്നോളൂ… എന്നും പറഞ്ഞു….
അമ്മയെയും ഗീതുവിനെയും കൂട്ടി പള്ളിയിലേക്ക് പോയി…. അനുവിനെ കണ്ടതും അമ്മക്ക് മുൻപേ പരിചയമുള്ള പോലെ പോയി മിണ്ടുന്നു… ഉമ്മ കൊടുക്കുന്നു…. ഗീതുവാണേൽ കുഞ്ഞിനേയും കൊണ്ട് നടക്കുവാ…. അനുവിന്റെ മുഖത്ത് മനസ്സില്ലാമനസ്സോടെയാ സമ്മതിച്ചതെന്ന് എഴുതി വച്ചിട്ടുണ്ട്… തന്നെ ഒന്നു നോക്കുന്നു പോലുമില്ല….
അച്ഛന്റെ നിർദേശപ്രകാരം മാതാവിന്റെ മുന്നിൽ വച്ചു എല്ലാവരെയും സാക്ഷി നിർത്തി ചെറിയ ഒരു മിന്നു അണിയിച്ചു…. അത് അച്ഛന് അവളോടുള്ള കടമ ആയിരുന്നു… എല്ലാവരോടും യാത്ര പറഞ്ഞു അവിടെനിന്നും ഇറങ്ങി…. അനു തിരിഞ്ഞു തിരിഞ്ഞു നോക്കുന്നു… പോരാൻ ഒട്ടും ഇഷ്ടമില്ലന്ന് മനസ്സിലായി…..
അച്ഛൻ പറഞ്ഞു…. ഒരു വിധത്തിലും അനു സമ്മതിച്ചിരുന്നില്ല എന്നു…. കുഞ്ഞിന്റെ ഭാവി ഓർത്തു മാത്രമാണ്…. കുഞ്ഞിനെ ആരും അനാഥനായി കാണരുത്…. അതിനുവേണ്ടി മാത്രം…..
അമ്മയും ഗീതുവും രണ്ടു സൈഡിലും ഇരുന്നു അവൾക്ക് സ്വാസ്ഥത കൊടുക്കുന്നില്ല…. കുഞ്ഞു അമ്മയോടുചേർന്നു ഉറങ്ങുന്നുണ്ട്…. ഇവൻ എപ്പോളാ ഒന്ന് ഉണർന്നിരിക്കുക…. ഒന്നു കൊഞ്ചിക്കാൻ….. ഗിരി ഓർത്തു…
വീട്ടിൽ വന്നിട്ടും ഗിരിയുടെ മുന്നിൽ വരാനോ… ഒന്നു മിണ്ടാനോ അനു കൂട്ടാക്കിയില്ല…. കുഞ്ഞു ഓടി നടപ്പുണ്ട്… ഇടയ്ക്കു വീഴും… അമ്മ അവനെ കണ്ണാ ന്നു വിളിച്ചു…. ആദ്യമൊന്നും അവനെയാണ് വിളിക്കുന്നതെന്ന് അവനു മനസ്സിലായില്ല… പിന്നീട് വിളിക്കുമ്പോൾ നോക്കാൻ തുടങ്ങി…. കുഞ്ഞിപ്പല്ലു കാണിച്ചു ചിരിച്ചു മയക്കും… ഗിരിയോട് മാത്രം അടുത്തില്ല കണ്ണൻ….. അമ്മയുടെ അല്ലെ കുഞ്ഞു…. അങ്ങനല്ലേ വരൂ… ഗിരി ഓർത്തു ചിരിച്ചു…
നാളെ അമ്പലത്തിൽ പോയി ഒരു താലി കെട്ടണം….. വേണ്ടപ്പെട്ടവരെ മാത്രം വിളിച്ചാൽ മതി…. നമ്മൾ കാരണം ഇനി അനു വേദനിക്കാൻ പാടില്ല…
കുറച്ചു ദിവസത്തേക്ക് അനു അമ്മയുടെ കൂടെയായൊരുന്നു…. പെട്ടെന്ന് ഒരു പറിച്ചുനടൽ ആയതുകൊണ്ട് അമ്മയും നിര്ബന്ധിച്ചില്ല….
ദിവസങ്ങൾ കടന്നുപോകെ അനു ഗിരിയോട് കൂടുതൽ അകന്നതുപോലെ തോന്നി ഗിരിക്ക്… ഒരിക്കൽ ചോറുണ്ണാൻ വീട്ടിലെത്തിയപ്പോൾ അനു തനിച്ചായിരുന്നു… അമ്മ വീട്ടിൽ പോയിരുന്നു… ഗീതു ക്ലാസ്സിനും…
ചോറുണ്ടിട്ട് റൂമിലേക്ക് പോകെ അമ്മയുടെ മുറിയിൽ അനു കുഞ്ഞിന് പാലുകൊടുക്കുന്നതുകണ്ടു… ഗിരി അവൾക്കരികിലേക്കു ചെന്നിരുന്നു… പെട്ടെന്നു തിരിഞ്ഞു നോക്കിയ അനു ഗിരിയെക്കണ്ട് സാരിയുടെ മുന്താണിയിൽ കണ്ണനെ മറച്ചു… അവന്റെ സ്വാതന്ത്ര്യം മൂടിവെക്കുന്നത് അവനിഷ്ടപ്പെട്ടില്ല… അവൻ സാരിയുടെ തലപ്പ് മാറ്റിക്കൊണ്ടേയിരുന്നു…. അനുവിനു ആകെ അസ്വസ്ഥത തോന്നുണ്ടെന്ന് ഗിരിക്ക് തോന്നി… ഗിരി എണീറ്റിട്ടു അനുവിനോട് പറഞ്ഞു… കുഞ്ഞിനെ കിടത്തിയിട്ട് എന്റെ റൂമിലേക്ക്… അല്ല…നമ്മുടെ റൂമിലേക്ക് ഒന്നു വരണം… കുറച്ചു സംസാരിക്കാനുണ്ട്… അതുംപറഞ്ഞു റൂമിലേക്കു പോയി…
കുറച്ചു നേരം കഴിഞ്ഞു അനു വാതിൽപ്പടിയിൽ വന്നു നിന്നു… അകത്തേക്ക് കയറിവന്നാലെന്താ… ഞാൻ പിടിച്ചു തിന്നതൊന്നുമില്ല… ഗിരി പറഞ്ഞു….
നീയെന്താ എന്നോടുമാത്രം മിണ്ടാതെ അകന്നുനടക്കുന്നത്… എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയണം… ഈ കല്യാണത്തിന് ഇഷ്ടമില്ലായിരുന്നുവെന്ന് അറിയാം…. എന്നാലും നീയറിയണം…. എനിക്ക് ഇഷ്ടമായിട്ടു തന്നെയാ നിന്നെ സ്വീകരിച്ചത്… അല്ലാതെ സഹതാപത്തിന്റെ പുറത്തൊന്നുമല്ല…. നിന്നെ എവിടെയെല്ലാം തേടിയെന്നറിയുമോ… നീ എന്റെ കൈയ്യെത്തുംദൂരത്തു ഉണ്ടാവുമെന്ന് ഞാൻ വിചാരിച്ചതേയില്ല..
ഗിരി അനുവിനെ ചേർത്തു പിടിച്ചു പറഞ്ഞു… ഈ കണ്ണുകൾ എന്റെ ഉറക്കം കളഞ്ഞിട്ട് എത്ര കാലമായെന്നോ… ഇനിയും എന്നിൽനിന്നും അകലാൻ നിന്നെ ഞാൻ സമ്മതിക്കില്ല അനു…
ഗിരിയെ തള്ളിമാറ്റി അനു… എനിക്ക് പറ്റുന്നില്ല സുധിയേട്ടനെ മറന്നു ജീവിക്കാൻ… എന്തിനാ എനിക്കുവേണ്ടി ജീവിതം കളയുന്നത്… വേണ്ടിയിരുന്നില്ല…. അതിനും മാത്രം നന്മ ഒന്നുമില്ല എനിക്ക്… എന്റെ കുഞ്ഞിനു വേണ്ടി മാത്രമാണ്… അച്ഛനില്ലാതെ വളരരുത്… അതിനുവേണ്ടി മാത്രം …
ഗിരിക്ക് നല്ല ദേഷ്യം വന്നു… ഞാൻ കണ്ണനെ സ്വന്തം ആക്കിക്കഴിഞ്ഞു… നിനക്ക് നിന്റെ വിലയെന്തെന്ന് അറിയില്ല… അതുകൊണ്ടാ ഈ മണ്ടത്തരം പറയുന്നത്…. എനിക്ക് നിന്നെ വേണം അനു… നിന്റെ സ്നേഹം വേണം… ഇനി ഇവിടെ…. ഈ റൂമിൽ ഉണ്ടാവണം നീയും മോനും… ഇന്നുമുതൽ….
നിങ്ങൾക്ക് ഞാൻ പറയുന്നത് മനസ്സിലായില്ലേ…. ഞാനും……
അതു പറയുന്നതിന് മുൻപ് ഗിരി അവളുടെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു…. നിങ്ങൾ…. അയാൾ…. താൻ….. ഇതൊക്കെ നീ നിന്റെ മറ്റവനെ പോയി വിളിച്ചാൽ മതി…. എന്നോട് സംസാരിക്കുമ്പോൾ ഗിരിയേട്ടൻ എന്നു മാത്രെ ഈ വായിൽനിന്നും വരാൻ പാടുള്ളു….. കേട്ടല്ലോ….
കണ്ണൻ എണീറ്റെന്നുതോന്നുന്നു… ചിണുങ്ങുന്നുണ്ട്….. അവൾ പോകാൻ തുടങ്ങിയപ്പോൾ ഗിരി ഒന്നുകൂടി ഓർമ്മിക്കാൻ പറഞ്ഞു….. ഞാൻ പറഞ്ഞതോർമ്മ ഉണ്ടല്ലോ…. ഇവിടെ ഉണ്ടാവണം ഞാൻ തിരിച്ചു വരുമ്പോൾ… ഈ മുറിയിൽ…
വൈകുന്നേരം വന്നപ്പോൾ അമ്മയുടെ മടിയിലിരുന്ന് എന്തോ കഴിക്കുവാന് കണ്ണൻ…. കൈ നീട്ടിയപ്പോൾ നാണിച്ചു അമ്മയുടെ ദേഹത്തേക്ക് ചാഞ്ഞു… അമ്മ അവനെ ചേർത്തുപിടിച്ചു.. കണ്ണനില്ലാതെ അമ്മക്ക് പറ്റില്ല എന്നായി…. അത്രയ്ക്ക് അടുത്തു അവൻ ഈ വീടുമായി…..
ഏറെ നേരമായിട്ടും അനുവിനെ കണ്ടില്ല…. പോയി നോക്കിയപ്പോൾ അമ്മയുടെ റൂമിലുണ്ട് കിടക്കുന്നു…. ഗിരിക്ക് ദേഷ്യം തോന്നി… എന്റെ വാക്കിനു കുറച്ചെങ്കിലും വില തന്നൊന്നു നോക്ക്…. അവൻ അകത്തുകയറി കണ്ണനെ പതിയെ ഉണർത്താതെ എടുത്തു…. അനു ഞെട്ടി എണീറ്റു…. എന്താ….. അവൾ ചോദിച്ചതിന് മറുപടി കൊടുക്കാതെ ഗിരി കണ്ണനെയുമെടുത്തു നടന്നു…
അനു അമ്മയെ നോക്കി…. നല്ല ഉറക്കമാണ്… മരുന്ന് കഴിക്കുന്നുണ്ട്… അതിന്റെയാവും…. അനു അവിടെത്തന്നെ കിടന്നു… കണ്ണൻ ഇല്ലാതെ ഒരു രാത്രി പോലും തനിച്ചു കിടന്നിട്ടില്ല..അവനെ ചേർത്തുപിടിച്ചാൽ വേറൊന്നും ഓർക്കാതെ ഉറങ്ങാൻ പറ്റും… കുറച്ചു നേരം കൂടി കിടന്നു നോക്കി…. ഇല്ല പറ്റുന്നില്ല… നെഞ്ചിൽ വേദന കൂടുന്നു… അവൻ ഇപ്പോൾ എണീക്കും തന്നെ തപ്പുന്നുണ്ടാവും…. പിന്നെയൊന്നും ആലോചിച്ചില്ല എണീറ്റു ഒരോട്ടമായിരുന്നു….
തുടരും 💕💕

by