22/04/2026

നാട്ടിലെ ഒരു അൻപത് വയസ്സുകാരിയെ ഒരു മുപ്പത് വയസ്സുകാരന്റെ കൂടെ ഗുരുവായൂര് ഹോട്ടൽ മുറിയിൽ നിന്ന് അവിഹിത ബന്ധം നടത്തുമ്പോൾ പൊക്കീന്ന്

രചന – സജയൻ ഞാറേക്കാട്ടിൽ

ങ്ങളറിഞ്ഞാ
മ്മടെ നാട്ടിലെ ഒരു അൻപത് വയസ്സുകാരിയെ ഒരു മുപ്പത് വയസ്സുകാരന്റെ കൂടെ ഗുരുവായൂര് ഹോട്ടൽ മുറിയിൽ നിന്ന് അവിഹിത ബന്ധം നടത്തുമ്പോൾ പൊക്കീന്ന് ?

നാട്ടിൽ വെടി മാപ്ള എന്നറിയപ്പെടുന്ന ചെറിയാൻ വെടിച്ചില്ല് പോലെ ഷിബുവിന്റെ ചായക്കടയിലേക്ക് പാഞ്ഞ് കയറി ഒറ്റ ശ്വാസത്തിൽ പറഞ്ഞു

അതാരപ്പാ ആ കിളവി ?

ഈ വയസ്സാം കാലത്ത് നമ്മുടെ നാട്ടിൽ മദമിളകി നടക്കുന്നത്
ചായ അടിക്കുന്നതിനിടയിൽ ഷിബു ചോദിച്ചു

മ്മടെ നാട്ടിലെ ഏറ്റവും വലിയ കുലസ്ത്രീ കുന്നത്തെ രാധാമണി അല്ലാണ്ടാരാ ?
ചെറിയാൻ പുച്ഛത്തോടെയും ദേഷ്യത്തോടെയും ആളെ വെളിപ്പെടുത്തി

ഷിബുവിന്റെ കയ്യിലിരുന്ന് ചായക്കപ്പ് വിറക്കാൻ തുടങ്ങി

ഈശ്വരാ
ഭർത്താവ് മരിച്ച് ഇത്ര കൊല്ലമായിട്ടും അവര് ഇന്നേവരെ ഒരു ദുഷ്പേരും കേൾപ്പിച്ചിട്ടില്ല
എന്നിട്ട് ഈ വയസ്സാം കാലത്ത് രാധാമണി ചേച്ചിക്ക് ഇതെന്ത് പറ്റി
ഷിബു ആരോടെന്നില്ലാതെ ചോദിച്ചു

വായിൽ പകുതി മാത്രം പല്ലുള്ള കൃഷ്ണൻ ചേട്ടൻ പരിപ്പുവട കടിച്ച് ചായ കുടിച്ചു കൊണ്ട് പറയാൻ തുടങ്ങി

എടാ ഷിബു

ഈ രാധാമണിയെ രാമൻ കെട്ടിക്കൊണ്ട് വന്ന കാലം മുതലേ എനിക്കറിയാം
വേണ്ടതിലധികം പണവും പ്രതാപവുമുള്ള വീട്ടിലെ ഏക സന്തതി ആയിരുന്നിട്ടും കള്ളുകുടിയും പെണ്ണ് പിടുത്തവുമായി നടന്ന രാമന് നല്ല ബന്ധമൊന്നും കിട്ടാതായപ്പോഴാണ് പാവപ്പെട്ട വീട്ടിൽ നിന്ന് രാധാമണിയെ രാമന് അച്ഛൻ മാധവേട്ടൻ കല്യാണം കഴിപ്പിച്ച് കൊടുത്തത്
രാധാമണിയുടെ വീട്ടിലെ ഗതികേടുകൊണ്ടാണ് രാധാമണി ഈ കല്യാണത്തിന് സമ്മതിച്ചത്
കല്യാണം കഴിച്ചിട്ടും രാമൻ നേരെയായോ ?
ഇല്ല
എന്നും കള്ളും കുടിച്ച് വന്ന് രാധാമണിയെ തല്ലും
എപ്പോഴും ആ വീട്ടിൽ വഴക്കും വക്കാണവും മാത്രമായിരുന്നു
രാമന്റെ ദുർനടപ്പിൽ മനംനൊന്ത് മാധവേട്ടൻ മരിച്ചു
അവസാനം കുടിച്ച് കുടിച്ച് രാമൻ മരിക്കുമ്പോൾ രാധാമണിക്ക് ആറ് മക്കളെ ഒണ്ടാക്കി കൊടുത്തു എന്നല്ലാതെ ആ ചെറ്റ മാനസ്സികമായോ ശാരീരികമായോ ഒരു സുഖവും രാധാമണിക്ക് കൊടുത്തിട്ടുണ്ടാവില്ല
അയാൾ മരിച്ചിട്ടും അവൾ ആ സ്വത്ത് വകകളെല്ലാം സംരക്ഷിച്ച് മക്കളെ പഠിപ്പിച്ച് വലിയ നിലയിലാക്കി എല്ലാവരുടേയും കല്യാണവും നല്ല രീതിയിൽ നടത്തി കൊടുത്തു
ഇപ്പോൾ മനസ്സിന് സന്തോഷവും സമാധാനവും വന്നപ്പോൾ അവരുടെ മനസ്സിലും ചില ആഗ്രഹങ്ങൾ ഉണ്ടായിട്ടുണ്ടാകും
അതിന് തെറ്റ് പറയാൻ പറ്റില്ല
പിന്നെ ഈ കാര്യത്തിന് വയസ്സൊന്നും പ്രശ്നമില്ലന്നേ
ഒത്ത് കിട്ടിയാൽ ആരും ആസ്വദിക്കും

മം മം
കൊതികിനുമില്ലേ കൃമികടി
ഈ രാധാമണിയെ പണ്ട് മുതലേ ഞാൻ കുറേ മുട്ടി നോക്കിയതാ പക്ഷെ ഒന്ന് തൊടാൻ പോലും കിട്ടിയില്ല
അല്ലങ്കിലും എന്നും കിളവികൾക്ക് ചെറുപ്പക്കാരോടും ചെറുപ്പക്കാർക്ക് കിളവികളോടുമാണ് പൂതി
കിട്ടിയവന്റെ ഭാഗ്യം
മ്മക്ക് ഭാഗ്യമില്ല
വെടി മാപ്ള തന്റെ ഗദ്ഗദം ഒരു നെടുവീർപ്പിലൂടെ അറിയിച്ചു

കുന്നത്ത് രാധാമണിയുടെ വീട്

അഞ്ച് ഏക്കർ പറമ്പിന് നടുവിൽ ഒരു വലിയ വീട്
ഭർത്താവ് മരിച്ചു
രാധാമണി ഒറ്റക്കാണ് ഈ വീട്ടിൽ താമസിക്കുന്നത്
രാധാമണിക്ക് മൂന്ന് ആൺമക്കൾ മൂന്ന് പെൺമക്കൾ

മൂത്ത മകൻ രാഷ്ട്രീയക്കാരൻ
രണ്ടാമത്തെ മകൻ ഡോക്ടർ
മൂന്നാമത്തെ മകൻ എഞ്ചിനിയർ
പെൺമക്കളെല്ലാം ഭർത്താക്കന്മാരോടൊത്ത് നല്ല നിലയിൽ കഴിയുന്നു
എല്ലാ മക്കളും ജോലിയുമായി ബന്ധപ്പെട്ട് ഈ വീട്ടിൽ നിന്നും മാറി ദൂരെയാണ് താമസം

ഇന്ന് മക്കളെല്ലാം ആ വീട്ടിൽ ഒത്തുകൂടിയിട്ടുണ്ട്

സ്വന്തം അമ്മയെ ഒരു ചെറുപ്പക്കാരന്റെ കൂടെ ഹോട്ടൽ മുറിയിൽ നിന്നും പിടികൂടി
അമ്മയും ചെറുപ്പക്കാരനും ഹോട്ടൽ മുറിയിൽ കയറുന്നത് കണ്ട ആരോ വിളിച്ച് പറഞ്ഞിട്ടാണ് മൂത്ത മകൻ അവിടെ ചെന്നത്
അധികം ആരും അറിയാതെ അമ്മയെ മകൻ വീട്ടിലേക്ക് കൂട്ടികൊണ്ടു വന്നു
തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ചെറുപ്പക്കാരന്റെ പേരിൽ പോലിസിനെ കൊണ്ട് കള്ളക്കേസ് ചുമത്തിച്ചു

തള്ളേ
നിങ്ങക്ക് ഈ വയസ്സാം കാലത്ത് എന്തിന്റെ സൂക്കേടാ
കാമപ്രാന്തും മൂത്ത് കണ്ടവന്റെ കൂടെ കിടന്ന് നടക്കാണോ
മേലിൽ ഈ വീട്ടിന്ന് പുറത്ത് ഇറങ്ങിയേക്കരുത്
നിങ്ങടെ മറ്റവനുള്ള പണി ഞാൻ കൊടുത്തിട്ടുണ്ട്
അവൻ ഇനി പുറം ലോകം കാണില്ല
രാഷ്ട്രീയക്കാരൻ അലറി

ഇതിലും ഭേദം ഞങ്ങടെ അച്ഛൻ മരിച്ചപ്പോൾ നിങ്ങക്ക് വേറെ കെട്ടാമായിരുന്നില്ലേ ?
നാട്ടാരെങ്ങാനും ഇതറിഞ്ഞാൽ പിന്നെ ജീവിച്ചിട്ട് കാര്യമില്ല
രണ്ടാമത്തെ മകനും രാധാമണിയെ കണക്കിന് ചീത്ത വിളിച്ചു

വയസ്സാം കാലത്ത് ഫെയ്സ് ബുക്കും വാട്സപ്പുമായി എപ്പഴും മൊബൈലിൽ കുത്തിയിരിക്കുന്നത് കണ്ടപ്പഴേ മനസ്സിലായി ഇങ്ങനെ എന്തെങ്കിലുമൊക്കെ ഒപ്പിക്കുമെന്ന്
പെൺമക്കളും അവരുടേതായ രീതിയിൽ അമ്മയെ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു

എല്ലാം കേട്ടുകൊണ്ട് രാധാമണി തല നിവർത്തിപ്പിടിച്ച് കണ്ണുകളടച്ച് മറുപടിയൊന്നും പറയാതെ യാതൊരു കൂസലുമില്ലാതെ ഉമ്മറത്തെ ചാരുപടിയിൽ ഇരുന്നു

ഇത് കണ്ട് ദേഷ്യം മൂത്ത് ഏറ്റവും താഴെയുള്ള മകൻ പറഞ്ഞു
ഇങ്ങനെയൊരു വൃത്തികെട്ട അമ്മയെ
എനിക്ക് വേണ്ട
അച്ഛന്റെ സ്വത്ത് ഭാഗം വച്ച് എനിക്കുള്ളത് തന്നേക്ക്
പിന്നെ ഞാനും എന്റെ കുടുംബവും ഈ വഴിക്ക് വരില്ല
നിങ്ങ ആരുടെയെങ്കിലും കൂടെ പോവുകയോ വരുകയോ കിടക്കുകയോ സുഖിക്കുകയോ ചെയ്യ്

ഇത് കേട്ടതും രാധാമണി ദേഷ്യത്തോടെ അകത്തേക്ക് പോയി ഒരു വിൽപ്പത്രം എടുത്തു കൊണ്ടുവന്നു

നിങ്ങളുടെ അച്ഛൻ കള്ള് കുടിയനും താന്തോന്നിയുമായിരുന്നെങ്കിലും ഒരു നല്ല കാര്യം ചെയ്തു
അദ്ദേഹം മരിക്കുന്നതിന് മുമ്പ് എല്ലാ സ്വത്തിന്റെയും വിൽപ്പത്രം തയ്യാറാക്കി വച്ചു
ആർക്ക് വേണമെങ്കിലും വായിച്ച് നോക്കാം
ഈ വീടും അഞ്ച് ഏക്കർ പറമ്പും എന്റെ പേരിലാണ്
ബാക്കിയുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ നിങ്ങൾ ആറ് പേർക്ക് വീതിച്ചിട്ടുണ്ട്
എന്റെ കാലശേഷം എന്നാണ് എഴുതിയിരിക്കുന്നത്
അത് ഇപ്പോൾ വേണമെങ്കിൽ നിങ്ങളുടെ പേരിലേക്ക് മാറ്റിത്തരാം
രാധാമണി ദൃഡനിശ്ചയത്തോടെ പറഞ്ഞു

അത് കേട്ടതും മക്കൾക്ക് ആശ്വാസമായി
അപ്പോൾ രണ്ടാമത്തെ മകൻ രാധാമണിയോട് ചോദിച്ചു
ഈ വീടും അഞ്ച് ഏക്കർ പറമ്പും നിങ്ങളുടെ കാലശേഷം ആർക്കാണ് കൊടുക്കുക ?

രാധാമണി ആ ചോദ്യത്തിന് മറുപടിയൊന്നും പറഞ്ഞില്ല

ഓ അവന് കൊടുക്കുമായിരിക്കും
നിങ്ങളുടെ ഒളി സേവക്കാരന് അല്ലേ ?

രാഷ്ട്രീയക്കാരനായ മകന്റെ പുച്ഛത്തോടെയുള്ള ചോദ്യത്തിന് അതെയെന്ന് രാധാമണി മറുപടി നല്കി

രാധാമണിയിടെ മറുപടി കേട്ടതും മക്കളൊന്ന് ഞെട്ടി

തള്ളേ ആ പൂതിയങ്ങ് മനസ്സിൽ വച്ചാ മതി
ഞങ്ങളുടെ കൊക്കിൽ ജീവനുള്ളിടത്തോളം അതിന് ഞങ്ങൾ സമ്മതിക്കില്ല
ഞങ്ങളുടെ അച്ഛന്റെ സ്വത്തിന് നിങ്ങളുടെ സമ്പന്ധക്കാരൻ എങ്ങനെ അവകാശിയാകും ?
ഞങ്ങളുടെ അച്ഛന്റെ സ്വത്തിന് ഞങ്ങൾ മാത്രമാണ് അവകാശികൾ
രണ്ടാമത്തെ മകൻ ദേഷ്യത്തോടെ പറഞ്ഞു

അതെ നിങ്ങളുടെ അച്ഛന്റെ സ്വത്തിന് അവനും നിങ്ങളെപ്പോലെ അവകാശമുണ്ട്
അവനും നിങ്ങളെപ്പോലെ ഒരു അവകാശിയാണ്
അവൻ നിങ്ങളുടെ അച്ഛന്റെ മകനാണ്
അല്ലാതെ എന്റെ അവിഹിതക്കാരനല്ല
രാധാമണി പറഞ്ഞു

രാധാമണിയുടെ വാക്കുകൾ കേട്ട് മക്കൾക്ക് തല ചുറ്റുന്നത് പോലെ തോന്നി

രാധാമണി തുടർന്നു

നിങ്ങളുടെ അച്ഛൻ മരിക്കുമ്പോൾ ഒന്നേ എന്നോട് ആവശ്യപ്പെട്ടിരുന്നുള്ളൂ
അച്ഛന് മറ്റൊരു സ്ത്രീയിൽ ജനിച്ച ഒരു മകനുണ്ട്
അവനെ അനാഥാലയത്തിലാക്കിയിട്ട് ആ സ്ത്രീ മറ്റൊരാളുടെ കൂടെ എങ്ങോട്ടോ പോയി
അവനെപ്പോയി കാണണം
പറ്റുമെങ്കിൽ സഹായിക്കണം
അച്ഛന്റെ മരണശേഷം ആ അനാഥാലയത്തിൽ പോയി ഞാനവനെ പലതവണ കണ്ടു
ഒരിക്കൽ ഞാനവനെ കാണാൻ ചെന്നപ്പോൾ അവൻ അനാഥാലയം വിട്ടു പോയെന്നാണ് അറിഞ്ഞത്
പിന്നീട് വർഷങ്ങളോളം അവനെ തിരഞ്ഞെങ്കിലും എനിക്ക് കണ്ടെത്താനായില്ല
വർഷങ്ങൾക്ക് ശേഷം ഫെയ്സ് ബുക്കിലെ എന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ ഞാനവനെ കണ്ടെത്തി
ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ ഒരു കെട്ടിടത്തിൽ വർക്ക്ഷോപ്പ് നടത്തുകയായിരുന്നു അവൻ
താമസവും അവിടെത്തന്നെ
ബന്ധുക്കളും സ്വന്തക്കാരുമില്ലാതെ ഒരു അനാഥനെപ്പോലെ

പിന്നീട് ഞങ്ങളുടെ ബന്ധം വളർന്നു
ഞങ്ങൾ എന്നും ഫോണിൽ സംസാരിക്കുമായിരുന്നു
ഇടക്കിടെ കാണും
സ്നേഹത്തോടെയുള്ള സംസാരത്തിലൂടെയും വാത്സല്യത്തോടെയുള്ള കണ്ടുമുട്ടലുകളിലൂടെയും ഒരു മകന്റെ അളവറ്റ സ്നേഹം അവൻ എനിക്ക് തന്നു
ഒരു മകന്റെ പരിഗണന കരുതൽ സുരക്ഷിതത്വം എല്ലാം അവൻ എനിക്ക് തന്നു
ഒരു അമ്മയുടെ സ്നേഹവും വാത്സല്യവും വേണ്ടുവോളം ഞാനവന് പകർന്ന് നല്കി
ഞങ്ങൾ പലപ്പോഴും പല ഹോട്ടൽ മുറികളിലും പല രാത്രികളിലും ഒരുമിച്ച് കഴിഞ്ഞിട്ടുണ്ട്
ആ രാത്രികളിലെല്ലാം നേരം വെളുക്കുവോളം ഞങ്ങൾ പരസ്പരം ഞങ്ങളുടെ ദു:ഖങ്ങളും സന്തോഷങ്ങളും പങ്ക് വയ്ക്കുമായിരുന്നു
എന്നെ അവൻ മതിവരുവോളം അമ്മേയെന്ന് വിളിക്കും ഞാൻ മോനെയെന്നും

എന്റെ സ്വന്തം മക്കൾക്ക് എന്നെ കാണാനോ മിണ്ടാനോ നേരമില്ല
എല്ലാവരും തിരക്കിലാണ്
ഒറ്റക്ക് ജീവിക്കുന്ന അമ്മയുടെ ആഗ്രഹങ്ങളെക്കുറിച്ച് തിരക്കുവാൻ അവർക്ക് നേരമില്ല
അമ്മയെ പരിഗണിയ്ക്കാനോ സ്നേഹിക്കാനോ വേണ്ട കരുതൽ കൊടുക്കാനോ അവർക്ക് നേരമില്ല
എന്റെ ആറ് മക്കളുടേയും സ്നേഹം അവൻ എനിക്ക് തന്നു
എന്റെ ആറ് മക്കൾക്കുമുള്ള സ്നേഹം ഞാൻ അവന് നല്കി
അങ്ങനെ എന്നിലെ മാതൃത്വത്തിന് ഒരു അമ്മയുടെ ആഗ്രഹങ്ങൾക്ക് അവനിലൂടെ പുതിയ അർത്ഥതലങ്ങൾ ഉണ്ടായി

അല്ലാതെ നിങ്ങൾ കരുതുന്ന പോലെ എന്റെ കാമം തീർക്കാനല്ല അവനോടൊപ്പം പോയത്
അതിനാണെങ്കിൽ നിങ്ങളുടെ അച്ഛൻ മരിക്കുന്നതിന് മുമ്പും മരിച്ചതിന് ശേഷവും പോകുവാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു
എന്നിട്ടും ഞാൻ പോകാതിരുന്നത് എന്റെ മനസ്സും ശരീരവും ആഗ്രഹിക്കാഞ്ഞിട്ടല്ല
എന്റെ ഭർത്താവിനോടുള്ള ആത്മാർത്ഥ സ്നേഹവും
ഒരു അവിഹിതക്കാരിയുടെ മക്കൾ എന്ന ദുഷ്പേര് നിങ്ങൾക്ക് ഉണ്ടാകാതിരിക്കാനും വേണ്ടിയാണ്
ഞാൻ ഈ പറഞ്ഞ കാര്യങ്ങളെല്ലാം നിങ്ങൾക്ക് വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം
എന്തായാലും എനിക്ക് പ്രശ്നമല്ല

ഇത്രയും പറഞ്ഞ് രാധാമണി വീട് പൂട്ടി മുറ്റത്തേക്ക് ഇറങ്ങി
എന്നിട്ട് രാഷ്ട്രീയക്കാരനായ മകനോട് പറഞ്ഞു

നിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അവനെ നീ കള്ളക്കേസിൽ കുടുക്കിക്കൊള്ളൂ
എന്റെ ഫെയ്സ് ബുക്ക് സൗഹൃദത്തിൽ നിന്നേക്കാളും സ്വാധീനമുള്ളവരുണ്ട്
അവരുടെ സഹായത്താൽ ഞാൻ അവനെ രക്ഷിക്കും
എന്നിട്ട് ഞങ്ങൾ ഒരുമിച്ച് അമ്മയും മകനുമായി ജീവിക്കും
നിങ്ങളുടെ അച്ഛന്റെ മകനായിട്ടല്ല
എന്റെ സ്വന്തം മകനായിട്ട്
അവന്റെ സ്വന്തം അമ്മയായിട്ട്

ഇത്രയും പറഞ്ഞ് റോഡിലേക്ക് നടന്നകലുന്ന അമ്മയെ നോക്കി എന്ത് ചെയ്യണമെന്നറിയാതെ ആ മക്കൾ നിന്നു

രാധാമണി മനസ്സിൽ പറഞ്ഞു

അമ്മിഞ്ഞപ്പാൽ കുടിച്ചതുകൊണ്ട് മാത്രം മക്കളാകണമെന്നില്ല
അമ്മിഞ്ഞപ്പാൽ കൊടുത്തതുകൊണ്ട് മാത്രം അമ്മയുമാകണമെന്നില്ല…