19/04/2026

ആ ഹോസ്പിറ്റലിൽ ചാർജെടുത്തപ്പോൾ മുതൽ കാണുന്നതായിരുന്നു അവളെ.

രചന – അഭിരാമി

നന്ദിനി
💫💫💫
ആ ഹോസ്പിറ്റലിൽ ചാർജെടുത്തപ്പോൾ മുതൽ കാണുന്നതായിരുന്നു അവളെ. ഒരിക്കലും ഒന്നിനോടും പ്രതികരിച്ചു കണ്ടിരുന്നില്ല അവൾ. താൻ തന്നെ ഇവിടെ വന്നവളെ കാണാൻ തുടങ്ങിയിട്ടും മൂന്നുമാസത്തിനടുത്തായിരിക്കുന്നു. പക്ഷേ ഇന്നീ നിമിഷം വരെ അവളുടെ ശബ്ദമൊന്ന് കേട്ടിട്ടില്ല. ആ നോട്ടമൊന്നിലേക്കും പാറിവീണ് കണ്ടിരുന്നില്ല.

ആരോടും മിണ്ടാതെ ആരെയും ശ്രദ്ധിക്കാതെ സാധാരണ മനുഷ്യർ പ്രകടിപ്പിക്കുന്ന ഒരു വികാരങ്ങളും പ്രകടിപ്പിക്കാതെ ആ ആശുപത്രിയുടെ പല മൂലകളിലും ഏകയായി അവളെ കാണാറുണ്ടായിരുന്നു.

അവളുടെ നീണ്ട മുടിയിഴകൾ ശ്രദ്ധക്കുറവ് കൊണ്ടാവാം വല്ലാതെ കെട്ടുപിണഞ്ഞുപോയിരുന്നു. പുരികങ്ങൾ വളർന്ന് തമ്മിൽ സന്ധിച്ചിരുന്നു. നിറയെ പീലികളുള്ള നീല മിഴികളിൽ എപ്പോഴുമൊരു വിഷാദം തളം കെട്ടിയിരുന്നു. പക്ഷേ അവയൊരിക്കലും ഒന്നിനെയും കൗതുകത്തോടെ നോക്കിക്കണ്ടിരുന്നില്ല.

പക്ഷേ….. പക്ഷേ ഇന്ന്…. ഇന്നവളുടെ മിഴികൾ നിറഞ്ഞുവോ ??? ആവോ…. പക്ഷേ ഒന്നുറപ്പാണ് അവളിൽ നിന്നും വാക്കുകൾ പുറത്തേക്കടർന്നുവീണു. ഒരിക്കലും കേട്ടിട്ടില്ലാത്ത അവളുടെ സ്വരമൊരു നിലവിളിയുടെ രൂപത്തിലായിരുന്നെങ്കിലും പുറത്തേക്ക് തെറിച്ചു. കുറേ സമയം കൂടി ആലോചിച്ചിരുന്നിട്ട് അവൻ നേരെ പുറത്തേക്ക് നടന്നു. ആ സമയം പതിവില്ലാതെ ഡോക്ടറേ കണ്ടതിനാലാവാം ഉറങ്ങാൻ തുടങ്ങുകയായിരുന്ന അറ്റൻഡർ സുബ്രമണ്യം ഒന്ന് ഞെട്ടിയത്.

” എന്താ ഡോക്ടർ ?? ? ”

ശരീരത്തിലേക്ക് പകുതിയോളം വലിച്ചിട്ട പുതപ്പ് തട്ടി മാറ്റി എണീറ്റുകൊണ്ട് അയാൾ ചോദിച്ചു.

” നമ്മുടെ നന്ദിനിയിവിടെ വന്നിട്ട് എത്ര നാളായി ??? അവളെയാരാ ഇവിടെ കൊണ്ടുവന്നത് ??? ”

അവന്റെ ചോദ്യം കേട്ട് സുബ്രു ആദ്യമൊന്ന് അമ്പരന്നു. പിന്നെ പതിയെ ചിരിച്ചു.

” ഓഹ് ആ ഊമപെണ്ണോ…. എന്റെ ഡോക്ടറേ അതിനേ ഇവിടെ കൊണ്ടുവന്നിട്ട് എനിക്ക് തോന്നുന്നു അഞ്ചുമാസമായിട്ടുണ്ട്. ഇവിടെ കൊണ്ടുവന്നത് പോലീസുകാരാ. ചികിൽസിക്കാൻ കോടതി ഉത്തരവിട്ടതാത്രേ…. അന്ന് മുതൽ ഇന്നുവരെ ഇതേ ഭാവമേ ഇവിടെയുള്ളവർ കണ്ടിട്ടുള്ളു. അല്ല സാറിനെന്നാത്തിനാ ഈ രാത്രി അവളെ???? ”

അത്രയും പറഞ്ഞിട്ട് സംശയത്തോടെ അയാൾ ചോദിച്ചു.

” ഏയ് വെറുതെ ഒന്നറിയാൻ…. അല്ല എന്തായിരുന്നു അവളുടെ പേരിലുള്ള കുറ്റം.???? ”

” സ്വന്തം അച്ഛനെ വെട്ടിനുറുക്കി കൊന്നുകളഞ്ഞെന്ന്. അത്രയും പോരാഞ്ഞിട്ട് ആ മാംസമെല്ലാം കൂടി തെരുവിലേ പട്ടിക്കൂട്ടത്തിനിട്ട് കൊടുത്തു. അതും വെറും പതിനേഴാം വയസിൽ. ഒരനിയത്തിയുണ്ടായിരുന്നു അതിനേയും എങ്ങനെയോ തട്ടി. ”

വല്യ താല്പര്യമുണ്ടായിരുന്നില്ല എങ്കിലും സുബ്രു പറഞ്ഞു. അയാൾ പറയുന്നതൊക്കെ പകപ്പോടെയായിരുന്നു ഡോക്ടർ കേട്ട് നിന്നത്.

” എന്താ കാര്യമെന്നറിയോ ??? ”

” ഭ്രാന്ത് അല്ലാതെന്താ….. അവളെന്തോ ദുസ്വപ്നം കണ്ടതുകൊണ്ടാ തന്തേ വെട്ടിനുറുക്കിയതെന്നാ അന്നവൾ പറഞ്ഞതെന്നാ ഡോക്ടർ ജേക്കബ് കുര്യനോട്‌ പോലിസ് പറഞ്ഞത്. ”

” ആഹ് ഞാൻ വെറുതെ ചോദിച്ചുവെന്നേയുള്ളൂ…. സുബ്രു കിടന്നോളു…. ”

പറഞ്ഞിട്ടവൻ തിരികെ നടക്കുമ്പോഴും അയാൾ പിറുപിറുക്കുന്നുണ്ടായിരുന്നു അവൾക്ക് ഭ്രാന്താണെന്ന്. പക്ഷേ ഡോക്ടർ മഹാദേവന് മാത്രം അപ്പോൾ ഉറപ്പായിക്കഴിഞ്ഞിരുന്നു ഈ മെന്റൽ ഹോസ്പിറ്റലിൽ കഴിയുന്ന അന്തേവാസികളിൽ ഭ്രാന്ത്‌ പിടിമുറുക്കാത്തത് അവളിൽ മാത്രമാണെന്ന്. അവനവിടെ നിന്നും നേരെ പോയത് നന്ദിനിയുടെ സെല്ലിലേക്കായിരുന്നു.

അരണ്ട വെളിച്ചമുള്ള ഇടനാഴികൾ താണ്ടി നടക്കുമ്പോൾ അവന്റെ ഷൂസിന്റെ സ്വരം ആ കരിങ്കൽ ചുവരുകളിൽ തട്ടി അവിടമാകെ അലയടിച്ചു. എത്രയേറെ പൊലിഞ്ഞ സ്വപ്നങ്ങളുടെ നിലവിളികളാവാം ഇതുപോലെ ഈ ചുവരുകളിൽ തട്ടി ഇല്ലാതായിരിക്കുക.

മഹാദേവ് ചെല്ലുമ്പോഴും നന്ദിനി പതിവ് പോലേ ആ ജനലോരം തന്നെ നിന്നിരുന്നു. ആ മിഴികൾ പുറത്തേ കട്ടപിടിച്ച ഇരുട്ടിൽ എന്തിനെയോ തേടിക്കോണ്ടിരിക്കുകയായിരുന്നു അപ്പോഴും. പാറിപ്പറന്നിരുന്ന അവളുടെ മുടിയിഴകളെ തഴുകിത്തലോടി ഒരു കാറ്റതിലേ കടന്നുപോയി അപ്പോൾ.

” നന്ദിനീ….. ”

പിന്നിൽ കാൽപ്പെരുമാറ്റം കേട്ടിട്ടും ഒരു ചലനവുമില്ലാതെ നിന്നിരുന്ന അവളുടെ തോളിൽ പതിയെ തൊട്ടുകൊണ്ട് അവൻ വിളിച്ചു. എന്നിട്ടും അവളിൽ മാറ്റമൊന്നുമുണ്ടായില്ല.

” നന്ദിനീ….. ഒരു ഡോക്ടറായ എന്റെ മുന്നിൽ വേണോ നിന്റെയീ അഭിനയം??? അഴിച്ചുവച്ചുകൂടെ ഈ ഭ്രാന്തിയുടെ വേഷം ???
തന്റെ മുന്നിൽ നിൽക്കുന്ന ആളിന് രോഗമുണ്ടോ എന്നറിയാൻ എത്ര സമയം വേണമൊരു ഡോക്ടർക്ക്??? ”

അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിക്കുമ്പോൾ എന്തുകൊണ്ടൊ മഹാദേവിന്റെ മുഖത്തൊരൽപ്പം പുച്ഛമോ അഹങ്കാരമോ നിറഞ്ഞിരുന്നു. പെട്ടന്ന് എന്തോ വിചിത്രമായ കാര്യം കേട്ടത് പോലെ നന്ദിനി മുഖമുയർത്തി അവനെ നോക്കി. പിന്നെ വിടർന്ന് ചിരിച്ചു. അതവനിൽ വല്ലാത്ത അമ്പരപ്പ് തോന്നിച്ചു. കാരണം അവളെ കാണാൻ തുടങ്ങിയിട്ട് മൂന്ന് മാസത്തോളമായെങ്കിലും ആദ്യമായിരുന്നു അവളിൽ നിന്നുമെന്തെങ്കിലുമൊരു പ്രതികരണം. ആ മാറ്റമൊരെ സമയമവനെ സന്തോഷിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു.

” എന്നിട്ടും എന്നേയറിയാൻ എന്തേ ഡോക്ടറിത്ര സമയമെടുത്തത് ???? ”

മാസങ്ങളോളം നീണ്ട അവളിലെ മൗനമുടഞ്ഞുകൊണ്ട് പുറത്തുവന്ന ആ ചോദ്യത്തിന് മുന്നിൽ മഹാദേവിന്റെ ശിരസ്സ് പതിയെ കുനിഞ്ഞു. അത് കണ്ട് നന്ദിനി വീണ്ടും മനോഹരമായി പുഞ്ചിരിച്ചു.

” എന്തിനായിരുന്നു നന്ദിനീ ഈ ഭ്രാന്തൻ വേഷം ??? ”

വീണ്ടും തളം കെട്ടിയ മൗനത്തേ ഭേദിച്ചുകൊണ്ട് അവൻ പതിയെ ചോദിച്ചു.

” ഇത് ഞാൻ കെട്ടിയാടിയ വെറുമൊരു വേഷമായിരുന്നില്ല ഡോക്ടർ…… എനിക്ക് സത്യമായും ഭ്രാന്തുണ്ടായിരുന്നു. അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ കഴിയാതെ അവരെ വെറും ഭോഗവസ്തുക്കി മാറ്റുന്ന നാൽക്കാലിയെ കണ്മുന്നിൽ കാണേണ്ടി വന്നപ്പോൾ എന്നിൽ മുള പൊട്ടിയ ഭ്രാന്ത്…… അതാണെന്നെ മുഴുഭ്രാന്തിയുടെ വേഷമണിയിച്ച് ഇവിടെ വരെ കൊണ്ടെത്തിച്ചത്. ”

പറഞ്ഞു നിർത്തുമ്പോൾ അവൾ ചെറുതായി കിതച്ചിരുന്നു. വല്ലാത്തൊരു വെപ്രാളമവളെ വരിഞ്ഞുമുറുക്കിയിരുന്നു. അത് മനസ്സിലാക്കിയെന്നോണം മേശ മേൽ വച്ചിരുന്ന സ്റ്റീൽ മോന്തയിൽ നിന്നുമല്പം വെള്ളമൊഴിച്ച് അവനവൾക്ക് നേരെ നീട്ടി. അവനിലേക്കൊന്ന് പാളി നോക്കിയിട്ടവളത് വാങ്ങി വായിലേക്ക് കമഴ്ത്തി.

” ഇനി പറയ് നന്ദിനി…. ”

ആരുമറിഞ്ഞിട്ടില്ലാത്ത അവളുടെ ജീവിതത്തിലെ കറുത്ത ദിനങ്ങളിലേക്കിറങ്ങിച്ചെല്ലാനൊരുങ്ങി അവിടെയിട്ടിരുന്ന ഇരുമ്പ് കസേരയിലേക്ക് ഇരുന്നുകൊണ്ട് മഹാദേവ് പറഞ്ഞു. നന്ദിനിയുടെ മിഴികൾ വീണ്ടും പുറത്തെ ഇരുളിനെ തുളച്ചിറങ്ങി.

” അച്ഛനുമമ്മയ്ക്കും ഞങ്ങൾ രണ്ട് പെൺകുട്ടികളായിരുന്നു. ഞാനും അനിയത്തി ദേവികയും. ജനനം തന്നെ വൈകല്യത്തോടെയായിരുന്ന അവൾ ഒരു കിടക്കയിൽ തന്നെയായിരുന്നു മരിക്കുന്നത് വരെയും. അച്ഛന് വയനാട്ടിൽ ഏതോ തോട്ടത്തിൽ ജോലിയായിരുന്നതിനാൽ ആഴ്ചയിൽ ഒരു ദിവസം മാത്രമായിരുന്നു വീട്ടിൽ വന്നിരുന്നത്. . അതുകൊണ്ട് തന്നെ വീട്ടിൽ ഞങ്ങളും അമ്മയും മാത്രമായിരുന്നു. ആഴ്ചയിൽ അച്ഛൻ വരുന്ന ദിവസങ്ങൾ ഞങ്ങളൊരുൽസവം പോലെ ആഘോഷിച്ചിരുന്നു.

അങ്ങനെയിരിക്കേ ആയിരുന്നു ഒരറ്റാക്കിന്റെ രൂപത്തിൽ അമ്മയേ മരണം ഞങ്ങളിൽ നിന്നും കവർന്നെടുത്തത്. ആ ആഘാതത്തിൽ നിന്നും മുക്തമാവാൻ ഞങ്ങളൊരുപാട് സമയമെടുത്തു. പക്ഷേ പതിയെപ്പതിയെ ഞങ്ങളതിൽനിന്നൊക്കെ മുക്തമായി വന്നു. പക്ഷേ പിന്നീട് വീട്ടിൽ ഞങ്ങൾ രണ്ട് പെൺകുട്ടികളൊറ്റയ്ക്കാകുമെന്ന് കരുതി അച്ഛൻ വയനാട്ടിലേക്ക് തിരികെപ്പോയില്ല. ചെറിയജോലികളൊക്കെ ചെയ്ത് നാട്ടിൽ തന്നെ കൂടി.

അതിനിടയ്ക്ക് തന്നെ സ്കൂളിൽ പോകുന്ന എന്നേയൊന്നിലും ഇടപെടുത്താതെ വീട്ടിലെ കാര്യങ്ങളും കിടക്കയിൽ നിന്നെണീക്കാത്ത ദേവുവിന്റെ കാര്യങ്ങളുമെല്ലാം കൃത്യമായി ചെയ്യുന്ന അച്ഛനോടെനിക്ക് സ്നേഹത്തേക്കാളുപരി വല്ലാത്ത ബഹുമാനമായിരുന്നു.

ഞാൻ പ്ലസ് ടൂവിലെത്തിയ സമയത്തായിരുന്നു അച്ഛനിൽ എന്തൊക്കെയോ മാറ്റങ്ങൾ വന്നത് പോലെ എനിക്ക് തോന്നിത്തുടങ്ങി. പക്ഷേ അങ്ങനെയൊന്നുമില്ലെന്ന രീതിയായിരുന്നു അച്ഛന്റെ പെരുമാറ്റം. പിന്നെപ്പിന്നെ ദേവുവിലും എന്തൊക്കെയോ ഭയങ്ങൾ കൂടുകൂട്ടുന്നത് പോലെ എനിക്ക് തോന്നിത്തുടങ്ങി. പക്ഷെ എത്രയൊക്കെ ചോദിച്ചിട്ടും ഒന്നുമില്ലെന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞ് മാറുകയാണ് ചെയ്തത്.

അങ്ങനെയിരിക്കേ സ്കൂൾ നേരത്തെ വിട്ട ഒരു ദിവസം ഞാൻ വീട്ടിലെത്തുമ്പോൾ പുറത്ത് ആരെയും കണ്ടില്ല. അച്ഛൻ പുറത്തേക്ക് പോകുമ്പോൾ ചെയ്യാറുള്ളത് പോലെ വാതിൽ ചാരിയിരുന്നു. അച്ഛൻ പോയിട്ടുണ്ടാകുമെന്ന് കരുതി വാതിൽ തുറന്നെന്റെ റൂമിലേക്ക് പോകുമ്പോഴായിരുന്നു ദേവൂവിന്റെ മുറിയിൽ നിന്നും അടക്കിപ്പിടിച്ച ഒച്ചകൾ കേട്ടത്.

എന്തോ പന്തികേട് തോന്നിയ ഞാനോടിയാ മുറിയിലെത്തുമ്പോൾ കണ്ടത് ഒരു മകളോ ഒരു സഹോദരിയോ ഒരിക്കലും കാണാൻ പാടില്ലാത്ത കാഴ്ചയായിരുന്നു.

അച്ഛൻ…..അയാൾ….. അയാളെന്റെ ദേവു….. എന്റെ…. ദേവുവിനെ….. ”

ആ വാക്കുകളെ പൂർത്തീകരിക്കാൻ കഴിയാത്തവണ്ണം അവളുടെ സ്വരമിടറിയിരുന്നു. ശബ്ദം തൊണ്ടക്കുഴിയിൽ കുരുങ്ങിക്കിടന്നു. കണ്ണുകൾ നിറഞ്ഞൊഴുകി. ശ്വാസമെടുക്കാനവൾ വല്ലാതെ ബുദ്ധിമുട്ടുന്നുവെന്ന് തോന്നിയപ്പോൾ മഹാദേവ് എഴുന്നേറ്റവളുടെ അരികിലേക്ക് വന്നു. ഒന്നും മിണ്ടാതെ അവളെ ചേർത്ത് പിടിച്ചു. നിറഞ്ഞുകലങ്ങിയ കണ്ണുകൾ കൊണ്ട് വല്ലാത്തൊരു ഭാവത്തിൽ അവനെയൊന്ന് നോക്കിയിട്ട് ഒരാശ്രയം കിട്ടിയത് പോലെ അവളാ മാറിലേക്ക് ചാഞ്ഞു. കുറച്ചുനിമിഷങ്ങൾ വീണ്ടും കൊഴിഞ്ഞു. ശ്വാസഗതിയൊന്ന് നേരെയായതും അവനിൽ നിന്നകന്ന് അവൾ വീണ്ടും പറഞ്ഞുതുടങ്ങി.

” പരസഹായമില്ലാതൊന്ന് ചലിക്കാൻ പോലും കഴിയാത്ത എന്റെ…. എന്റെ ദേവുവിലേക്കാഴ്ന്നിറങ്ങുന്ന അയാളെ…. അയാളെ കണ്ടതും നിന്ന നിൽപ്പിൽ ഭൂമി പിളർന്ന് താഴ്ന്ന് പോയാൽ മതിയായിരുന്നു എനിക്ക്. ആ നിമിഷമാദ്യമായി എന്നിൽ ഭ്രാന്ത് മുളപൊട്ടി. ആ ഭ്രാന്തിന്റെ ബലത്തിൽ അയാൾ തന്നെ രാകി മൂർച്ചകൂട്ടി വച്ചിരുന്ന വാക്കത്തികൊണ്ട് ഒന്ന് നിലവിളിക്കാൻ പോലുമനുവധിക്കാതെ ഞാനയാളെ തുണ്ടം തുണ്ടമായി വെട്ടിനുറുക്കി. എന്നിട്ടും കലിയടങ്ങാതെ ആ പച്ചമാംസം തെരുവ് നായ്ക്കൾക്കെറിഞ്ഞുകൊടുത്തു.

എല്ലാം കഴിഞ്ഞപ്പോഴാണ് പരസഹായമില്ലാതെ ഒന്നനങ്ങാൻ പോലും കഴിയാത്ത ദേവുവിന്റെ മുഖമെന്റെ മനസ്സിലേക്ക് വന്നത്. അവളുടെ മുഖം വീണ്ടുമെന്നെ തളർത്തി. ഒരു മനുഷ്യനെ പച്ചജീവനോടെ വെട്ടിനുറുക്കിക്കൊന്ന എനിക്ക് രക്ഷയില്ലെന്ന് എനിക്കുറപ്പായിരുന്നു. പക്ഷെ ഞാനും കൂടിപ്പോകുമ്പോൾ വീണ്ടുമീ ലോകത്തവളെ തനിച്ചാക്കാൻ , ഇതുപോലെയുള്ള കഴുകൻമാർക്ക് കടിച്ചുകീറാനിട്ടുകൊടുക്കാനെനിക്ക് മനസ്സ് വന്നില്ല. അതിലും ഭേദം അവളെ എന്നന്നേക്കുമായി രക്ഷപെടുത്തുന്നതാണെന്ന് എനിക്ക് തോന്നി. ഒരുതുള്ളി വിഷം കൊണ്ട് അവളെയും ഞാനവസാനിപ്പിച്ചു.

കോടതിയിൽ എത്തിയപ്പോൾ അവിടെയാരുടേയും ചോദ്യങ്ങൾക്ക് നൽകാൻ പാകത്തിനുള്ള മറുപടി എന്നിലുണ്ടായിരുന്നില്ല. അല്ലെങ്കിൽ തന്നെ എന്താ ഞാൻ പറയേണ്ടത് ???? ജന്മം നൽകിവൻ തന്നെ സ്വന്തം രക്തത്തെ കടിച്ചുകുടഞ്ഞതുകൊണ്ടാണ് ഞാനിത് ചെയ്തതെന്നോ….. ഇല്ല…. കഴിയുമായിരുന്നില്ല എനിക്കതിന്….. എന്റെ…. എന്റെ ദേവുവിന് ഒരു ഇരയുടെ മുഖം ചാർത്തിക്കൊടുക്കാൻ എനിക്കാവില്ലായിരുന്നു.

പിന്നെ…… പിന്നെന്ത് പറയണമെന്നും എനിക്കറിയില്ലായിരുന്നു. ആ അറിവില്ലായ്മയിൽ ഞാനെടുത്തണിഞ്ഞതാണ് ഈ മൗനം. അന്നുതൊട്ടിങ്ങോട്ട് ഇന്നുവരെ അതിലാണെന്റെ ജീവിതം. ഇപ്പൊ ഇതാണ് സുഖവും…… ”

പറഞ്ഞുനിർത്തുമ്പോൾ കിതപ്പവളെ വല്ലാതെ കീഴ്പ്പെടുത്തിയിരുന്നു. കണ്ണുകൾ ധാരധാരയായ് പെയ്തിറങ്ങി. ഞരമ്പുകൾ വലിഞ്ഞുമുറുകി. വല്ലാതെ തളർന്നുപോയ അവൾ കുഴഞ്ഞുനിലത്തേക്ക് വീണുപോകുമെന്ന് തോന്നിയപ്പോൾ മഹാദേവിന്റെ കൈകൾ തന്നെ വീണ്ടുമവളെ താങ്ങിപ്പിടിച്ചു. ഇരുകൈകളാലും അവളെ കോരിയെടുത്ത് ബെഡിലേക്ക് കിടത്തി പതിയെ ആ നെറ്റിയിലൊന്ന് തലോടിയിട്ട് പുറത്തേക്ക് നടക്കുമ്പോൾ അവനെന്തൊക്കെയോ മനസ്സിലുറപ്പിച്ചിരുന്നു.

വെളുപ്പിച്ച് പിറ്റേന്ന് അതിരാവിലെ തന്നെ മഹാദേവ് ഹോസ്പിറ്റലിൽ എത്തി. എത്തിയുടൻ അവന്റെ കണ്ണുകൾ തിരിഞ്ഞത് അവളെയായിരുന്നു….. നന്ദിനിയേ. അവൾ പക്ഷെ പതിവ് പോലെ ചുറ്റുമുള്ള ലോകത്തിൽ നിന്നാകെ കണ്ണും ചെവിയും മൂടിക്കെട്ടി തന്റെ മാത്രം ലോകത്തിൽ മുഴുകിയിരിക്കുകയായിരുന്നു.

” നന്ദിനീ….. ”

കൽചുമരിൽ ചാരിയെങ്ങോട്ടൊ നോക്കിയിരുന്നിരുന്ന അവളുടെ അരികിലെത്തി അവൻ വിളിച്ചുവെങ്കിലും അവളവളുടെ സ്ഥായീഭാവത്തിലേക്ക് ചേക്കേറിയിരുന്നു അപ്പോഴേക്കും.

” തല്ക്കാലം നീയെന്റെ വാക്കുകൾക്ക് മുന്നിൽ ചെവികൾ കൊട്ടിയടച്ചോളൂ നന്ദിനീ…. പക്ഷെ അധികം വൈകാതെ എനിക്കായ് വീണ്ടും നിന്റെയീ മൗനമുടയ്ക്കപ്പെടുക തന്നെ ചെയ്യും. എന്നന്നേക്കുമായി…..അന്ന് നിന്റെയീ ഭ്രാന്തിയെന്ന മേൽവിലാസം ഞാൻ തിരുത്തിക്കുറിച്ചിരിക്കും….. ”

പറഞ്ഞുകൊണ്ട് അവളെയൊരിക്കൽ കൂടിയൊന്ന് നോക്കി നിന്നിട്ട് തിരികെ നടക്കുമ്പോൾ അവന്റെ ഉള്ള് മന്ത്രിച്ചു. പക്ഷെ നന്ദിനിയപ്പോഴും അതൊന്നുമറിയാതെ അവളിൽ മാത്രം മുഴുകിയിരുന്ന് തന്നിലേ ഭ്രാന്തിയെ വീണ്ടും വീണ്ടും രാകി മിനുസപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു.

( നന്ദിനിയെന്ന വെറുമൊരു പതിനെട്ടുകാരിയുടെ കഥ മാത്രമാണ് ഇവിടെയവസാനിക്കുന്നത്. പക്ഷെ അവളുടെ ജീവിതം അതിവിടെ തുടങ്ങുകയാണ്…. അത് ആരുടെ കൂടെ എങ്ങനെ എന്നത് വായിക്കുന്ന ഓരോരുത്തരുടേയും മനോധർമം പോലെയാവുന്നതാണ് നല്ലത്. സ്നേഹപൂർവ്വം അഭിരാമി 💞💞💞 )