Karimizhi

The World of Malayalam Stories

Malayalam short stories

അപമാനം ആയിരുന്നു. റിസൾട്ട്‌

ഒരു കൃഷിക്കാരന്റെ പെങ്ങളായതിൽ എനിക്കത്ര അഭിമാനം ഒന്നുമില്ലായിരുന്നു. പത്താം ക്ലാസ്സ്‌ തോറ്റ ഏട്ടൻ എനിക്ക് ഒരു അപമാനം ആയിരുന്നു. റിസൾട്ട്‌ വന്നപ്പോൾ ഏട്ടന്റെ മാർക്ക്‌ തിരക്കിയവരോട് ഫസ്റ്റ് ക്ലാസ്സുണ്ടെന്ന് കള്ളം പറഞ്ഞ ആളാണ് ഞാൻ. ഏട്ടൻ പ്രീഡിഗ്രിക്കു ചേർന്നു എന്നും പിനീട് ഡിഗ്രിക്കു ചേർന്നു എന്നും ഒക്കെ കാലാകാലം ഞാൻ എന്റെ കൂട്ടുകാരികളോട് കള്ളം പറഞ്ഞുകൊണ്ട് ഇരുന്നു.

 

ഏട്ടൻ പെട്ടെന്നാണ് വീടിനോടു ചേർന്നുള്ള പാടത്തും പറമ്പിലും കൃഷി ചെയ്യാൻ തുടങ്ങിയതും ഓട്ടോ വാങ്ങി ഓടിക്കാൻ ആരംഭിച്ചതും.അച്ഛൻ ഗൾഫിൽ ആയത് കൊണ്ട് എനിക്ക് ആ ഒരു ഗമ ഉണ്ടായിരുന്നു. ഗൾഫുകാരന്റെ മോൾ എന്നു കേൾക്കാനാണ് ഒരു കൃഷിക്കാരന്റെ പെങ്ങൾ എന്നു കേൾക്കുന്നതിലും എനിക്കിഷ്ടം.

 

കോളേജിലേക്കുള്ള എന്റെ യാത്ര ഓട്ടോയിൽ ആയിരുന്നെങ്കിലും ഏട്ടനെ ഞാൻ ഒരു ഡ്രൈവറാക്കി എന്റെ കൂട്ടുകാർക്കു മുന്നിൽ. ഒരിക്കൽ ഒരു കർക്കിടക മാസ മഴയ്ക്ക് പാടത്തുന്നു എന്നെ കൂട്ടാൻ മണ്ണ് പുരണ്ട വസ്ത്രങ്ങളോടെ കോളേജിൽ വന്ന ഏട്ടൻ വേഗം വാ പൊന്നു അമ്മ തനിച്ചാണെന്ന് പറഞ്ഞെന്റെ കൈ പിടിച്ചപ്പോൾ ചുറ്റും നിന്ന കൂട്ടുകാർക്കുമുന്നിൽ ഞാൻ അപമാനിത ആയപോലെ തോന്നി. നിന്റെ ഡ്രൈവർ ആളുകൊള്ളാമല്ലോ എന്നു അവര്പറഞ്ഞപ്പോൾ ഞാൻ ഏട്ടനെ നോക്കാതെ തലതായ്തി ഓട്ടോയിൽ പോയിരുന്നു . അന്ന് പെയ്ത മഴയിൽ ഏട്ടന്റെ കണ്ണീരു ഞാൻ കണ്ടില്ല. പിന്നീട് ഏട്ടൻ എന്നെ കോളേജിൽ കൊണ്ടാക്കാൻ വന്നിട്ടില്ല.

 

ഏട്ടന് പെണ്ണന്വേഷിക്കാൻ അമ്മ മൂന്നാനെ ഏൽപ്പിച്ചു ഒരാഴ്ച കഴിഞ്ഞപ്പോൾ പെണ്ണുകാണാൻ പോകാൻ റെഡിയായിക്കോളാൻ അറിയിപ്പ് കിട്ടി. മനസില്ലാമനസോടെ അങ്ങോട്ടേക്കു പുറപ്പെടുമ്പോൾ അതു എന്റെ ഒപ്പം പഠിച്ച രാജി ആകുമെന്ന് ഞാൻ അറിഞ്ഞില്ല. പത്താം ക്ലാസ്സ്‌ ഫസ്റ്റ് ക്ലാസ്സിൽ പാസായ പ്രീ ഡിഗ്രിയും ഡിഗ്രിയും കഴിഞ്ഞ ഏട്ടൻ ശെരിക്കും പത്താം ക്ലാസ്സു തോറ്റ കൃഷിക്കാരൻ ആണെന്ന് മൂന്നാൻ എന്റെ മുന്നിൽ പറയുമ്പോൾ രാജി എന്റെ മുഖത്തേക് നോക്കി മിഴിച്ചു നിന്നു.

 

പിറ്റേമാസം ഏട്ടൻ അവളെ താലികെട്ടി ഏട്ടത്തിയാക്കി കൊണ്ടുവന്നപ്പോൾ അവൾ എന്റെമുന്നിൽ വെച്ചു ഏട്ടനോട് ചോദിച്ചു ഹരിയേട്ടന് വേറെ ഏട്ടനോ അനിയനോ ഉണ്ടോന്ന്. ഇല്ല എന്താ അങ്ങനെ ചോദിക്കാൻ എന്നു ഏട്ടൻ ചോദിച്ചപ്പോൾ രാജി ഏട്ടനോട് പറഞ്ഞു, ഇവൾ എന്നോട് ഏട്ടൻ ഡിഗ്രിയൊക്കെ കഴിഞ്ഞ ആളാണെന്ന് പറഞ്ഞിരുന്നു അതുകൊണ്ട് ചോദിച്ചതാ എന്നവൾ പറഞ്ഞു. അന്ന് മഴ ഇല്ലാത്തതുകൊണ്ട് ഏട്ടൻ കരഞ്ഞപ്പോൾ ആ കണ്ണീരു ഞാൻ കണ്ടു. പക്ഷെ എന്നെ സങ്കടപെടുത്തിയത് രാജിക്ക് മുന്നിൽ എന്റെ കള്ളങ്ങൾ തകർന്നല്ലോ എന്ന ചിന്ത ആയിരുന്നു .

 

അവിടുന്നങ്ങോട്ട് ഞാനും അവളും തമ്മിലൊരു ശീതയുദ്ധം ആയിരുന്നു. എന്റെ കള്ളങ്ങൾ അവൾ മറ്റു കൂട്ടുകാർക്കുമുന്നിലും പൊളിച്ചടുക്കി.

എല്ലാത്തിനും കാരണമായ ഏട്ടനെ അതോടെ ഞാൻ പൂർണമായി അവഗണിച്ചു .

 

കർഷകശ്രീ പുരസ്‌കാരം ഏട്ടനാണെന്ന് അറിഞ്ഞപ്പോൾ അല്പം ഇഷ്ടമൊക്കെ തോന്നിയെങ്കിലും ഏട്ടൻ എന്നോട് മിണ്ടാനേ വന്നില്ല. നാട് മുഴുവൻ ഏട്ടനെ സ്നേഹം കൊണ്ട് മൂടി. ഏട്ടൻ ആ നാടിന്റെ അഭിമാനം ആണെന്ന് അനുമോദന ചടങ്ങിൽ പഞ്ചായത് പ്രസിഡന്റ പറയുമ്പോൾ ഞാൻ മുഖം തായ്തി ഇരുന്നു.

 

കോളേജിലെ ആർട്സ് ഡേയുടെ തലേന്നാണ് ഏട്ടനാണ് മുഖ്യഅതിഥി എന്നു ഞാൻ അറിഞ്ഞത്.പരിപാടിയിൽ സ്വാഗത പ്രസംഗം നടത്തേണ്ട നന്ദന പെട്ടെന്ന് സുഖമില്ലാതായത് കൊണ്ട് ആ ചുമതല എങ്ങനെയോ എന്റെ തലയിൽ തന്നെ വന്നു വീണു. മുഖ്യാതിഥിക്ക്‌ സ്വാഗതമർപ്പിച്ചു എന്റെ വാക്കുകൾ അവസാനത്തോടടുത്തപ്പോളാണ് വായിച്ച വരികൾ എന്റെ തലച്ചോറിൽ ഒന്നുകൂടി മിന്നിമാഞ്ഞത്. “കർഷകശ്രീ അവാർഡ് ജേതാവായ ശ്രീ ഹരികുമാർ എന്റെയും നിങ്ങളുടെയും ഈ നാടിന്റെയും അഭിമാനം ആണ് “. അറിയാതെ പൊഴിഞ്ഞ കണ്ണുനീർ തുള്ളികൾ എന്റെ ഏട്ടൻ കണ്ടുവെന്നുറപ്പായപ്പോൾ ഞാൻ വേഗം സ്റ്റേജിൽ നിന്നു ഇറങ്ങി.

 

ഫങ്ക്ഷന് കഴിഞ്ഞു ഏട്ടൻ ഇറങ്ങുമ്പോൾ എന്റെ കൂട്ടുകാർ എന്നോട് പറഞ്ഞു ദേ നിന്റെ ഡ്രൈവർ അല്ലേടി കർഷകശ്രീ എന്നു. ഏട്ടൻ എന്നെ നോക്കുമ്പോൾ ഞാൻ പറഞ്ഞു ഡ്രൈവറാണ് പക്ഷെ അതെന്റെ ഏട്ടനുമാണ്. അപ്പോയെക്കും ഓട്ടോയിൽ കയറി ഏട്ടൻ എനിക്കായി കാത്തുനിൽകുക ആയിരുന്നു.

 

പിറ്റേന്നു ഓട്ടോയിൽ പാടത്തു നിന്നു പച്ചക്കറികൾ കയറ്റി വരുമ്പോൾ ഏട്ടൻ എന്നെയും കൂടെ കൂട്ടി. ഞങ്ങൾ നേരെ പോയത് അനാഥാശ്രമം എന്നു തോന്നിക്കുന്ന ഒരു സ്ഥലത്തേക്കു ആയിരുന്നു. കൊണ്ടുപോയ പച്ചക്കറികൾ അവിടെ ഇറക്കി ഏട്ടൻ എന്നെ ഉള്ളിലേക്കു കൊണ്ടുപോയി, ഇരുപതോളം അന്തേവാസികളും അവരുടെ ശുസ്രൂഷകരും ഉള്ള ഒരു ആയുർവേദ ചികിത്സാലയം ആയിരുന്നു അതു കാൻസർ ബാധിതരായ അന്ധേവാസികൾക്കു ഒപ്പം ഞാൻ എന്റെ അച്ഛനെയും കണ്ടു. ഓടിച്ചെന്നു അച്ഛനെ കെട്ടിപിടിച്ചു കരയുമ്പോൾ അച്ഛൻ പറഞ്ഞു

 

ഏട്ടൻ ഒന്നും പറഞ്ഞിരുന്നില്ല അല്ലേ. സാരമില്ല അച്ഛന്റെ അസുഖം ഭേദമായി. ഇന്നു അച്ഛനെ കൂട്ടികൊണ്ട് പോവാന നിങ്ങൾ വന്നത്. ചികിത്സയുടെ ഭാഗമായ അച്ഛൻ ഇവിടെ വന്നത്. ഇവിടെ അരിയും പച്ചക്കറികളും പഴങ്ങളും ഒക്കെ കീടനാശിനികളും രാസവളങ്ങളും ഇല്ലാത്തവ ആണ് രോഗികൾക്കു കൊടുക്കാറുള്ളത്. അതു കിട്ടാൻ പ്രയാസമായതോടെയാ നിന്റേട്ടൻ അച്ഛനും ഇവിടുള്ളോർക്കും വേണ്ടി സ്വയം തൂമ്പ എടുത്ത് പാടത്തും പറമ്പിലും ഇറങ്ങിയത്. എന്നെപോലെ ഇവിടുള്ളോർക്കെല്ലാം അവനിപ്പോ മകനാണ്. അച്ഛന്റെ അഭിമാനമാണ് നിന്റേട്ടൻ.

 

അച്ഛന്റെ മാത്രമല്ല എന്റെയും അഭിമാനമാണ് എന്റെട്ടൻ എന്നുപറഞ്ഞു ഞാൻ ആ കാലിൽ വീണു. എന്നെ എണീപ്പിച്ചു എന്റെ കണ്ണുകൾ തുടക്കുമ്പോൾ ഏട്ടൻ പറഞ്ഞു ഏട്ടന്റെ പൊന്നു കരഞ്ഞാൽ ഏട്ടനു സഹിക്കില്ല എന്നു.

 

അച്ഛനെ കൂട്ടി വീട്ടിലെത്തുമ്പോൾ എല്ലാം അറിയുന്ന അമ്മ ഓടിവന്നച്ചനെ കൂട്ടി അകത്തേക്കു പോയി. അപ്പോ രാജി എന്നോട് ചോദിച്ചു

 

നിന്റെ ഏട്ടൻ ആരാണെന്നറിയുമോ ഇപ്പോ.

 

ഒട്ടും അപമാനം ഇല്ലാതെ ഞാൻ പറഞ്ഞു ദൈവത്തോളം വളർന്ന ഒരു നന്മ നിറഞ്ഞൊരു കൃഷിക്കാരൻ ആണ് എന്റെ ഏട്ടൻ…….. .

LEAVE A RESPONSE