Karimizhi

The World of Malayalam Stories

Malayalam short stories

അമ്പലത്തിൽ ദേവിക്കു മുന്നിൽ തൊഴുതു

എന്റെ ദേവി

 

എന്റെ ദേവീ… ഈ ഉള്ളവന് നീ അല്ലാതെ വേറെ ആരാ ഉള്ളത്, എന്റെ ജീവിതത്തിലെ ദേവിയെ ഈ കൊല്ലത്തെ അവധി തീരും മുന്നേ എങ്കിലും എനിക്ക് കാട്ടി തരണേ….

 

അമ്പലത്തിൽ ദേവിക്കു മുന്നിൽ തൊഴുതു നിന്നു പ്രാർത്ഥിക്കുകയാണ് കാർത്തിക്. കണ്ണു തുറന്നപ്പോൾ രണ്ടു വിടർന്ന കണ്ണുകൾ തന്നെ തുറിച്ചു നോക്കി നിൽക്കുന്നതാണ് കണ്ടത്. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ആ കണ്ണുകളുടെ വശ്യതയിൽ അവൻ സ്വയം മറന്നു നിന്നു. ആ കണ്ണുകളിൽ അല്പം കണ്മഷി ഉണ്ടായിരുനെങ്കിൽ എന്നു ചിന്തിച്ചു നിൽകുമ്പോൾ തിരുമേനി പ്രസാദവുമായി വന്നു. നെറ്റിയിൽ ചന്ദനം തൊടുമ്പോൾ അവൾക്കും ചന്ദനത്തിനും ഒരേ നിറമാണെന്ന് അവനു തോന്നി. ഒരു ചുവന്ന പൊട്ടുകൂടി ആ നെറ്റിയിൽ തൊട്ടുകൂടായിരുന്നോ, എങ്കിൽ ഈ ലോകത്തിലെ ഏറ്റവും സുന്ദരി ഇവളാകുമായിരുന്നു. നിരാശയോടെ അതും ചിന്തിച്ചു അവളെ നോക്കി നിൽകുമ്പോൾ അവൾ പിന്നെയും തന്നെ തുറിച്ചുനോക്കി.

 

ദേവി പോകാം, ആ വിളിയാണ് കാർത്തിക്കിനെ ഉണർത്തിയത്. തന്നെ നോക്കി നിന്ന അവൾ ആ വന്ന ചേച്ചിക്കൊപ്പം പോയപ്പോഴാണ് എന്തിനാണ് തന്നെ തുറിച്ചു നോക്കിയതെന്ന് മനസിലായത്. തിരിഞ്ഞു നിന്നു സാക്ഷാൽ ദേവിയോട് നന്ദി പറഞ്ഞു അവൻ അവർക്ക് പിന്നാലെ പോയി.

 

ദേവി ഒന്നു നിൽക്കുമോ, കാർത്തിക്കിന്റെ വിളികേട്ടു അവൾ തിരിഞ്ഞു നിന്നു. അപ്പോഴാണ് കൂടെയുണ്ടായിരുന്ന ചേച്ചിയുടെ കയ്യിൽ ഇരുന്ന കുഞ്ഞു കരഞ്ഞത്. അമ്മേടെ ചക്കരെ എന്നുപറഞ്ഞവൾ കുഞ്ഞിനെ കൈയിലേക് വാങ്ങി .അഞ്ചു മിനുട്ട് കൊണ്ടു മനസ്സിൽ കെട്ടിപ്പൊക്കിയ കതിര്മണ്ഡപവും മണിയറയും തകർന്നു വീണു.

 

എന്താ…. എന്തിനാ വിളിച്ചത്. ഇനിയും കളിയാക്കാനാണോ?

 

എന്തുപറയണം എന്നറിയാതെ ഒരു ഉത്തരത്തിനായി തപ്പിത്തടഞ്ഞവൻ ഒരു വിധം ഒരു സോറി പറഞ്ഞു

 

എനിക്ക് അറിയില്ലായിരുന്നു ദേവിന്നാണ് പേരെന്ന്. അതുകൊണ്ടാ….

 

സാരമില്ല അമ്പലത്തിൽ പോകുമ്പോൾ പണ്ടുമുതലേ കളിയാക്കലുകൾ കിട്ടാറുണ്ട് അതാ ഞാനും അങ്ങനെ….

 

ഞാൻ കാർത്തിക്, ദുബായിൽ ആണ്. ഇപ്പോ ലീവിന് വന്നതാ. കുട്ടി എവിടുള്ളതാ. ആദ്യമായ കാണുന്നത്.

 

ഞാൻ…. ഞാൻ പാലക്കലെ രഘുറാമിന്റെ ഭാര്യയാണ്. അവളുടെ മുഖത്തേക് നോക്കിനില്കുമ്പോൾ പ്രണയവും, വേദനയുമൊന്നുമല്ല അപ്പോൾ തോന്നിയത് ബഹുമാനമാണ്. അതു തിരിച്ചറിഞ്ഞാകും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നത് ഒപ്പം ആ കണ്ണുകൾ നിറഞ്ഞതും.

…………………………………………………………

രഘു തന്റെ ബാല്യകാല സുഹൃത്തായിരുന്നു, ഇടക് അവർ അവന്റച്ഛന് ട്രാൻസ്ഫെറായി കൽക്കട്ടയ്ക് പോയെ പിന്നെ കണ്ടിട്ടില്ല . പിന്നീട് അവൻ പട്ടാളത്തിലാണെന്ന് അമ്മ പറഞ്ഞറിഞ്ഞു. താൻ അപ്പോൾ ദുബായിലേക്കും പോയിരുന്നു. കഴിഞ്ഞ വരവിനു അമ്മ പറഞ്ഞു രഘുന്റെ കല്യാണം തറവാട്ടിൽ വെച്ചു ആയിരുന്നു. നല്ല ഐശ്വര്യമുള്ള ഒരു കുട്ടിയാണ്. നിങ്ങൾ രണ്ടാളും ഒരേ പ്രായമാണ്. നിന്റേത് ഇക്കൊല്ലമെങ്കിലും നടക്കുമോ.

 

അതിനു താൻ മറുപടി പറഞ്ഞില്ല. കാരണം പെണ്ണുകാണൽ പ്രഹസനത്തിൽ കണ്ട ഒരു മുഖവും തനിക്കു മനസിന്‌ ഇണങ്ങിയില്ല എന്നുള്ളതാണ്. തിരികെ പോയി കഴിഞ്ഞപ്പോഴാണ് ഒരു ദിവസം ഓൺലൈനിൽ ന്യൂസ്‌ നോക്കിയിരിക്കുമ്പോൾ അതിർത്തിയിലെ യുദ്ധത്തിൽ മലയാളി ജവാന്റെ വീരമൃത്യു എന്ന തലക്കെട്ടിലേക്കു കണ്ണുപോയത്. അതു രഘു ആണെന്നറിഞ്ഞപ്പോൾ വല്ലാത്ത വിഷമവും തോന്നി. നാട്ടിൽ നിന്നു വാട്സാപ്പ് ഗ്രൂപ്പിൽ സുഹൃത്തുക്കൾ അവനെ പറ്റിയും ഭാര്യയെപ്പറ്റിയുമൊക്കെ പറഞ്ഞു. പ്രസവത്തിനായി അവളെയും കൊണ്ട് കൽക്കട്ടയിലേക് പോകാൻ ലീവ് അപേക്ഷിച്ച സമയത്തായിരുന്നു ഈ വിധി. നാട്ടിലെ തറവാട്ടിലാണ് അടക്കം ചെയ്തത്. അവന്റച്ഛനും അമ്മയും ഭാര്യയും തറവാട്ടിൽ താമസവും ആയി. പിന്നീട് ജോലി തിരക്കുകളിൽ താൻ അവരെ പറ്റി ഒന്നും ഓർത്തുമില്ല.

 

ഇപ്രാവശ്യം നാട്ടിൽ വന്നപ്പോൾ മുതൽ ആഗ്രഹിച്ചതാണ് അവിടേക്കു പോകണമെന്ന്. പക്ഷെ വന്ന പിറ്റേന്നുമുതൽ അമ്മയും പെങ്ങമ്മാരും വിടാതെ പിടികൂടി ഓരോ സ്ഥലത്ത് പെണ്ണുകാണാൻ കൊണ്ടുപോക്കായിരുന്നു . ഇന്നാണ് ഒന്നു ഒഴിവു കിട്ടിയതു, അമ്പലത്തിൽ വന്നു ദേവിയെ തൊഴുതു പാലക്കലേക് കൂടി പോകണം എന്നും കരുതിയാണ് ഇറങ്ങിയത്. അപ്പോഴാണ് തന്റെ പ്രാർത്ഥന കേട്ടത് പോലെ ദേവിയെ മുന്നിൽ കൊണ്ട് നിർത്തിയത്.

 

കുറച്ചു നിമിഷങ്ങൾ കൊണ്ട് മനസ്സിൽ താൻ എന്തൊക്കെയോ സ്വപ്നങ്ങൾ കാണുകയും അതൊക്കെ വെറും പായ്ക്കിനാവുകൾ ആണെന്ന തിരിച്ചറിവിൽ എത്തുകയും ചെയ്‌തെങ്കിലും. ദേവിയുടെ മുഖം മനസ്സിൽ മായാതെ നിന്നു.

 

ഞാനും ഉണ്ട് തറവാട്ടിലേക്, അങ്ങോട്ടേക്ക് കൂടിയ ഇറങ്ങിയത്. അതുംപറഞ്ഞവൻ അവർക്കൊപ്പം നടന്നു. ഗേറ്റ് കടക്കുമ്പോൾ കണ്ടു രഘുവിന്റെ അച്ഛനും നാട്ടിലെ ദല്ലാളും കാര്യമായി സംസാരത്തിലാണ്. തന്നെ കണ്ടപ്പോൾ ദല്ലാളാണ് രഘുവിന്റെ അച്ഛനോട് പറഞ്ഞത്, അറിയില്ലേ ഇതു മേലേതിൽ വാസുദേവന്റെ മോൻ കാർത്തിക്, ദുബായിലാണ്. ഇയാൾക്കു അതിന്റെ വല്ല കാര്യവും ഉണ്ടോ ഉള്ള മരമില്ലും പാടവും പറമ്പും തോട്ടവും ഒക്കെ നോക്കി നടന്നാൽ മതി.

 

അതുകേട്ടു കുറുപ്പ് സാർ തന്നെ നോക്കി പുഞ്ചിരിച്ചു. ചെറുപ്പത്തിൽ കണ്ടതാ. അച്ഛൻ പറഞ്ഞിരുന്നു നാട്ടിലേക് വരാനായിന്ന്. എന്താടോ പെണ്ണന്വേഷണം കഴിഞ്ഞില്ലേ… അദ്ദേഹത്തിന്റെ ആ ചോദ്യത്തിന് ദല്ലാളാണ് മറുപടി പറഞ്ഞത്.

 

ഞാൻ കൊണ്ടുവരാത്ത ആലോചനകളില്ല, പക്ഷെ ആരെയും ഇഷ്ടപ്പെടില്ല. ഇനീപോ ഞാൻ സാക്ഷാൽ ദേവിയെ മുന്നിൽ കൊണ്ട് നിർത്തേണ്ടിവരും. അതും പറഞ്ഞയാൾ ചിരിച്ചതും അവന്റെ കണ്ണു അറിയാതെ ദേവിയെ തിരഞ്ഞു.

 

കുറുപ്പ് സാർ അല്പം സങ്കടത്തോടെ പറഞ്ഞു, ഞങ്ങളും ഒരു വിവാഹക്കാര്യം സംസാരിക്കുക ആയിരുന്നു.അവളും ഒരു ദേവിയാ. എന്റെ രഘുന്റെ…. പറഞ്ഞത് മുയുവനക്കാതെ അദ്ദേഹം കണ്ണുകൾ തുടച്ചു. അവൾക് ഒരു ജീവിതം ഉണ്ടാവണം. പാവമാണവൾ. അവളുടെ അച്ഛനും അമ്മയും മുൻപേ മരിച്ചതാണ്. രഘു ആരുമില്ലാത്തൊരു കുട്ടിയെ മതിയെന്ന് പറഞ്ഞപ്പോൾ ഞാൻ കണ്ടെത്തിയതാണവളെ.അവൾക്കൊരു നല്ല ജീവിതം കൊടുക്കാൻ പറ്റിയില്ല. ഈ ചെറുപ്രായത്തിൽ അവൾ ഇങ്ങനെ കഴിയേണ്ടവൾ അല്ല. അവൾക്കൊരു ജീവിതം വേണം. കുട്ടി പലർക്കും തടസമാകും. അതുകൊണ്ട് കുഞ്ഞിനെ ഞങ്ങൾ വളർത്താമെന്നു കരുതുകയാണ്.

 

കുറുപ് സാർ അതു പറയുമ്പോൾ പടികടന്നു വരുന്ന അച്ഛനെ കാർത്തിക് കണ്ടു.

 

ആഹ് നീയിവിടുണ്ടായിരുന്നോ, നിന്റെ പെങ്ങമ്മാരു വന്നിട്ടുണ്ട് അടുത്ത ആലോചനയുമായി. വൈകിട്ട് പോകണമെന്ന് പറയുന്നുണ്ടവർ. എന്തായാലും കല്യാണം കഴിഞ്ഞാൽ ഇനി നീ ദുബായ്‌ക്കൊന്നും പോകണ്ട. ഇവിടെ ഉള്ളതൊക്കെ നിനക്കല്ലേ അപ്പോ അതൊക്കെ നോക്കി ഇവിടെകൂടം.

 

കുറുപ് സാറും അച്ഛനെ പിന്താങ്ങി.

 

കാർത്തിക് അച്ഛനെ വിളിച്ചു മുറ്റത്തേക്കിറങ്ങി.

 

അച്ഛാ, ഞാൻ ഒരുകാര്യം ചോദിച്ചാൽ അച്ഛൻ എതിരുപറയരുത്. എനിക്ക് ഇഷ്ടപെട്ട പെണ്ണിനെ ഞാൻ കണ്ടു. അവൾക്കൊരു കുട്ടിയുണ്ട് അതു എനിക്ക് പ്രശ്നമില്ല. ഒന്നുമില്ലേലും ഈ നാടും, നമ്മുടെ ജീവനും സംരക്ഷിക്കാൻ ജീവൻ ത്യജിച്ച ഒരു ജവാന്റെ മോളല്ലേ അച്ഛാ അവൾ. അവളെ ഇനിയുള്ള കാലം ഒരച്ഛന്റെ സംരക്ഷണം നൽകി വളർത്താൻ ഞാൻ ഒരുക്കമാണ്.

 

അവന്റെ വാക്കുകൾ കേട്ടു അല്പനേരം എന്തോ ആലോചനയിൽ നിന്ന ശേഷം അയാൾ ഉമ്മറത്തേക് പോയി. അപ്പോഴാണ് താൻ പറഞ്ഞതൊക്കെ കേട്ടു നിറമിഴികളോടെ നിന്ന ദേവിയെ അവൻ കണ്ടത്. തിരിഞ്ഞു ഉമ്മറത്തേക് കയറുമ്പോൾ അച്ഛന്റെ ഫോണിലൂടുള്ള സംസാരം കേൾകാം.

 

സുമിത്രേ നീ മക്കളെയും കൂട്ടി പാലക്കലേക്കു വാ. നമ്മുടെ മരുമോളെ കാണാൻ…

 

എന്താണ് സംഭവിക്കുന്നതെന്നറിയാതെ നിന്ന കുറുപ്പ് സാറിന്റെ കൈപിടിച്ച് അച്ഛൻ പറഞ്ഞു, ഇവന് ദേവിയെ കൊണ്ട് മുന്നിൽ നിർത്തണമെന്ന് ഈ ദല്ലാൾ എന്നും കളിപറയും. പക്ഷെ ഇവൻ ഇവന്റെ ദേവിയെ കണ്ടെതിയടോ.എന്റെ മോൻ ഉണ്ടാകും തനിക്കിനി രഘുവിന് പകരം.

 

അച്ഛനതു പറയുമ്പോൾ കുറുപ്പ് സാർ വിശ്വാസം വരാതെ അവനെ നോക്കി.

 

ആ കൈകൾ പിടിച്ചവൻ പറഞ്ഞു ദേവിക്കൊരു ഭർത്താവ് മാത്രമല്ല രഘുവിന്റെ മോൾക്കൊരു അച്ഛനായും ഞാൻ ഉണ്ടാകും.

 

അപ്പോയെക്കും അച്ഛൻ ദേവിയെയും മോളെയും ഉമ്മറത്തേക് വിളിച്ചു. അവളുടെ സമ്മതമറിയാനായി.

 

ഒന്നും പറയാതെ നിന്ന അവളെ നോക്കി കാർത്തിക് പറഞ്ഞു എനിക്ക് ഈ ദേവിയെ തന്നത് എന്റെ ദേവിയാ. ഉപേക്ഷിക്കാൻ പറയരുത്. മോളെ നോക്കി അവൻ പറഞ്ഞു, ഇവൾക്കൊരു അച്ഛന്റെ സ്നേഹവും കരുതലും നൽകാൻ എനിക്ക് ആകുമെന്നുറപ്പുണ്ടെങ്കിൽ ദേവിക് ഒരു തീരുമാനം എടുകാം.

 

എല്ലാവരും അവളെ നോക്കി നിന്നു മറുപടിക്കായി. ഒന്നും മിണ്ടാതെ നിന്നപ്പോൾ നിരാശയോടെ പോകാൻ ഒരുങ്ങുമ്പോൾ അവൾ മോളെ കാർത്തിക്കിന്റെ കൈയിലേക് വെച്ചുകൊടുത്തു.

 

ഇവളെ കാർത്തികിന് രഘുവിനെ പോലെ സ്നേഹിക്കാൻ ആകുമെന്ന് എനിക്കുറപ്പുണ്ട്…..

……………………………………………………..

 

അടുത്ത ശുഭ മുഹൂർത്തത്തിൽ അതേ ദേവിയുടെ നടയിൽ വെച്ച് കാർത്തിക് അവന്റെ ദേവിയെ കഴുത്തിൽ താലിയും നെറുകയിൽ സിന്ദൂരവും ചാർത്തി സ്വന്തമാക്കി.

LEAVE A RESPONSE