15/04/2026

അനുരാഗി : ഭാഗം 26

രചന – ആയിഷ അക്ബർ

അവൾ മിഴികൾ പതിയെ ആധിയിലേക്ക് നീക്കി…..
അപ്പോഴേക്കും അഞ്ചു ആ മുറിയിലേക് കസേര കൊണ്ട് വന്നിട്ട് കൊടുത്തിരുന്നു…അവൻ പതിയെ അവിടെയിരുന്നതും അവൾ വീണ്ടും ആദിയെ യൊന്നു നോക്കി……അവൻ കാറിൽ നിന്നും ഉറങ്ങിയതാണ്….ശിവയതും പറഞ്ഞു കൊണ്ട് തോളിൽ കിടന്നിരുന്ന കുഞ്ഞിനെ മടിയിലേക്ക് വെച്ചതും അവൾ കൈകൾ കൊണ്ടവനെ എടുത്തിരുന്നു….കണ്ണാ…..അവൾ അവനെ ചേർത്ത് പിടിച്ചു കാതോരം വിളിച്ചപ്പോഴും അവൻ നല്ല ഉറക്കമാണ്….

അവൾ ചുണ്ടുകൾ പതിയെ അവന്റെ നെറ്റിയിലമർത്തി…..പിന്നേ അവന്റെ കവിൾ തന്റെ മുഖത്തോട് ചേർത് വെച്ചവനെ പിടിച്ചങ്ങനെയിരുന്നു….ശിവ ഇതെല്ലാം കണ്ടൊരു നിമിഷമങ്ങനെ നോക്കിയിരുന്നു….ആദി പതിയെ യൊന്നു കണ്ണുകൾ തുറന്നതും അവളെ കണ്ടെന്ന പോലൊന്നു പുഞ്ചിരിച്ചു….പിന്നെ പതിയെ അവളിലേക്ക് തല ചേർത്ത് വെച്ചങ്ങനെ കിടന്നിരുന്നു…..വേദനയുണ്ടോ ഇപ്പോ…..അവന്റെ ചോദ്യത്തിന് അവളില്ലെന്ന് തലയാട്ടി…..എന്തോ ഒരു നിശബ്ദത ഇരുവർക്കുമിടയിൽ നിറഞ്ഞു നിൽക്കും പോലെ…..എന്നാൽ മിഴികൾ തമ്മിൽ ഏറെ വാചാലമാകുന്നത് പോലെ……വേദ അവനിൽ നിന്ന് മിഴികൾ നീക്കാൻ ഏറെ പ്രയാസപ്പെട്ടു…..ഭയമായിരുന്നവൾക്ക്……
ഇനിയും ഉണങ്ങിയിട്ടില്ലാത്ത ആ മുറിവിനെയോർത്…..

ഒരു പ്രണയം തോന്നാനുള്ള സമയമോ സന്ദർഭമോ അല്ല തനിക്കെന്നുള്ള വ്യക്തമായ ബോധ്യ മുള്ളത് കൊണ്ട് തന്നെ ശിവയും അവളിലേക്ക് നോക്കാതിരിക്കാൻ ആവതും ശ്രമിച്ചു….അപ്പോഴും എന്തോ ഒന്ന് അവരെ വലിച്ചടുപ്പിക്കും പോലെ….
ഇരുവരുടെയും നോട്ടങ്ങൾ തെന്നി മാറി അവരിൽ തന്നെപതിഞ്ഞുനിന്നത്പോലെ………നിങ്ങളിങ്ങോട്ട് തന്നെ വന്നതാണോ……ആ നിശബ്ദത തങ്ങളുടെ മിഴികളെ കൂടുതൽ വാചാലമാക്കും എന്ന് തോന്നിയത് കൊണ്ട് തന്നെയാണ് അവൾ സംസാരിച്ചു തുടങ്ങിയത്..അത് ചോദിച്ചതും അവന്റെ കണ്ണുകളി ൽ എന്തോ ഒരു ഭാവം….ആദി…..അവൻ…. ആരെയോ തിരയും പോലെ….. എന്തോ ഒന്ന് മിസ്സ്‌ ചെയ്യുന്ന പോലെ…..
അത് നീയാണെന്ന് തോന്നിയത് കൊണ്ട് വന്നതാ….

തല മുടിയൊന്ന് മുകളിലേക്കൊതുക്കി ശിവയത് പറഞ്ഞതും അവളൊന്നു കൂടി ആദിയെ ചേർത്ത് പിടിച്ചു……എന്നും ഇങ്ങനെയൊന്നു വന്നിരുന്നെങ്കിൽ തന്റെ മനസ്സിന് ഏറെ സ്വസ്ഥത കിട്ടുമായിരുന്നു എന്നത് മനസ്സിലുണ്ടെങ്കിൽ കൂടി അവളോന്നും പറഞ്ഞില്ല…..കണ്ണുകൾ വിടർത്തി അവനെയൊന്ന് നോക്കുക മാത്രം ചെയ്തു…….
ഞാനെന്നാൽ ഇറങ്ങട്ടെ….അവൻ കയ്യിൽ കെട്ടിയ ആ വാച്ചിലേക്ക് നോക്കി എത്തുന്ന പറഞ്ഞു കൊണ്ട് എഴുന്നേറ്റത് അവൾക്കുള്ളിലൊരു വിങ്ങൽ തോന്നിയിരുന്നു….അവർ രണ്ട് പേരും കൂടെയുണ്ടാകുമ്പോൾ കിട്ടുന്നൊരു പ്രത്യേക അനുഭൂതി അവൾക്കനുഭവിച്ചറിയാൻ കഴിയുന്നതാണ്….. ഒരിക്കൽ പോലും പ്രസാദേട്ടനിൽ നിന്ന് തനിക്ക് കിട്ടാത്തൊരു പരിഗണന അവന്റെ ഓരോ നോട്ടത്തിലുമുണ്ട്…..

താൻ പറയുക പോലും ചെയ്യാതെ തന്റെ മനസ്സ് വായിക്കാനുള്ള ഒരു കഴിവ്……അവൾ ദയനീയമായി അവനെയൊന്ന് നോക്കി….
ഇനിയും വരാം…. അവനു വല്ലാതെ തന്നെ കാണാൻ തോന്നുമ്പോൾ….അവളെ അറിഞ്ഞെന്ന വണ്ണം അവനത് പറഞ്ഞതും അവളുടെ കണ്ണുകളിൽ പടർന്നൊരു പുഞ്ചിരി അവനു മാത്രമായി അറിയുന്നുണ്ടായിരുന്നു…..അതേ…. അവനിനിയും വരും…..അതായിരുന്നു മനസ്സിന് കിട്ടിയ ഏറ്റവും വലിയ സമ്മാനം…….ഡോക്ടറെ…. വെള്ളമേടുക്കുന്നുണ്ട്….വേണ്ടാ…… എനിക്ക് ചെറിയൊരു കോൾഡ് ഉണ്ട്…. പിന്നെയാവട്ടെ…..
അഞ്ചു അതും പറഞ്ഞു വന്നതും അവൻ ഒരു പുഞ്ചിരിയോടെ അതും പറഞ് ആദിയെ എടുത്തിറങ്ങിയിരുന്നു……അവരിരുവരും പോകുന്നത്നോക്കിഅവളങ്ങനെയിരുന്നു…അവനെയും ആദിയെയും ആഗ്രഹിക്കാൻ വേദ വിശ്വനാഥനു അർഹതയുണ്ടയായിരുന്നു…..എന്നാൽ പ്രസാദ്ദേന്നൊരാൾ തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതും അതെല്ലാം നഷ്ടമായി…..
ഒന്നും ആഗ്രഹിക്കാൻ പോലും കഴിയാത്ത വിധം താൻ മരവിച്ചു പോയി…..അവൻ ഏത് നിമിഷവും തന്നെ തേടി ഇവിടെയെത്താം….അത് വരെ യെങ്കിലുംതനിക്കിവരുടെകൂടെസന്തോഷമായിരിക്കണം….പുഞ്ചിരിക്കാൻ ഇഷ്ടമുള്ള ആ പഴയ വേദയായി……..ആ മുറിയിൽ അപ്പോഴും നിറഞ്ഞു നിന്നിരുന്നൊരാ ചന്ദന ഗന്ധത്തിലേക്ക് അവളങ്ങനെ ലയിച്ചിരുന്നു……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

പിറ്റേ ദിവസവും അവരുടെ വരവ് അവളുടെ ഉള്ളം പ്രതീക്ഷിക്കുന്നുണ്ടായിരുന്നു…….ആരെയോ തിരയുന്ന ആ മിഴികൾ അഞ്ജുവിന് മനസ്സിലായെങ്കിലും അവളൊന്നും ചോദിച്ചിരുന്നില്ല……അന്നവൾക്ക് നിരാശ സമ്മാനിചെന്ന വണ്ണം അവർ വന്നില്ല……
പിറ്റേ ദിവസം ഉച്ച തിരിഞ്ഞ സമയം കതകിലാരോ മുട്ടിയതും അവളുടെ ഉള്ളിലൊരു പ്രതീക്ഷ വിരിഞ്ഞു…..പക്ഷെ ഉച്ച സമയത്ത് ഡോക്ടർ ഹോസ്പിറ്റലിലായിരിക്കുമല്ലോ …പിന്നേ ആരായിരിക്കും….അവൾ ഒറ്റ ക്കാല് കൊക്കി കൊണ്ട് വന്നു ജനലിലൂടെ ഒന്നെത്തി നോക്കി…..മുറ്റത് നിൽക്കുന്ന ആളെ അവൾ ഒട്ടും പ്രതീക്ഷിക്കുന്നില്ലെന്നത് കൊണ്ട് തന്നെ അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു….ഡോക്ടറിന്റെ അമ്മയാണ്…..അവൾ വേഗം കതക് തുറന്നു……

അവളെ കണ്ടതും അവരൊന്നു നിറഞ്ഞു പുഞ്ചിരിച്ചു…..അപ്പോഴാണ് അവർക്ക് പിറകിലായി അവരുടെ ഭർത്താവെന്നു തോന്നിക്കുന്ന ഒരാളെ കൂടി വേദ കണ്ടത്….കയറു…. ഇരിക്കു….അവൾ അവരെ സ്നേഹ പൂർവ്വം അകത്തേക്കു ക്ഷണിച്ചു…….എന്താ മോളെ വിശേഷം…. കാലിനു വേദനയുണ്ടോ…..കയറിയ ഉടനെ ഏറെ പരിചിതരെ പോലെ രാജേന്ദ്രനത് ചോദിച്ചതും അവളൊരു പുഞ്ചിരിയോടെ ഇല്ലെന്ന് തലയാട്ടി….
നിങ്ങള് തമ്മിൽ ആദ്യമായല്ലേ കാണുന്നത്…. മോളെ ഇത് ശിവയുടെ അച്ഛനാണ്….. നീ അവിടെയുള്ള നേരമൊക്കെയും രാജേട്ടൻ മില്ലിലേക്ക് പോയിരിക്കുകയാവും…..അതാ തമ്മിൽ കാണാത്തത്…….

രേവതി അതും പറഞ്ഞു കൊണ്ട് അവൾക്കായി കൊണ്ട് വന്ന ഫ്രൂട്ട്സ് അവിടെ മേശയിലേക്ക് വെച്ചു……ഇരിക്കു… ഞാൻകുടിക്കാനെന്തെങ്കിലും എടുക്കാം…..ഒന്നും വേണ്ടാ….ഈ വയ്യാത്ത കാലും വെച്ച് എങ്ങോട്ടാ പോകുന്നത്…..
വേദ അതും പറഞ്ഞു തിരിഞ്ഞതും രേവതി അവളുടെ കയ്യിൽ പിടിച്ചതും പറഞ്ഞു അവിടെയിരുത്തിയിരുന്നു…..ഞങ്ങള് വന്നത് മോളെ കാണാനാണ്….അത്കൊണ്ട്മോളിവിടെയിരിക്ക്…..രാജേന്ദ്രൻ അതും കൂടി പറഞ്ഞതും വേദ പുഞ്ചിരിയോടെ അവർക്കരികിലിരുന്നു…..അമ്മ കൂടി വരാനൊരുങ്ങിയതാണ്… പെട്ടെന്ന് അമ്മക്ക് പ്രഷർ കൂടി ഒരു തലകറക്കം പോലെ…. അപ്പൊ ഞങ്ങളോട് കണ്ടിട്ട് വരാൻ പറഞ്ഞു……..രേവതി അവളെ നോക്കിയത് പറയുമ്പോൾ എന്തോ ഒന്ന് ചോദിക്കാൻ അവരുടെ നാവിൻ തുമ്പിൽ വന്ന് നിൽക്കുന്നത് പോലെ അവൾക്ക് തോന്നിയിരുന്നു.

ശിവാ…. വന്നിരുന്നോ….അല്പം വിശേഷം കൂടി ചോദിച്ചോടുക്കമാണ് രേവതി അത് ചോദിച്ചത്……
അവൾക്ക്പെട്ടെന്ന്എന്ത്പറയണമെന്നറിയില്ലായിരുന്നു…മ്മ്…. ഒരു തവണ വന്നിരുന്നു……അവൾ പതിയെ പറഞ്ഞു….മോളോട് മാത്രമേ അവനിതിരി അലിവോടെ പെരുമാറുന്നത് കണ്ടിട്ടുള്ളു…..
ഞങ്ങളെല്ലാം അവനു ശത്രുക്കളാണ്……രേവതി അത് പറയുമ്പോൾ ആ വാക്കുകൾ വല്ലാതെ ഇടറുന്നത് പോലെ തോന്നിയിരുന്നവൾക്ക്…..
എന്താണ് കാര്യമെന്ന് ചോദിക്കണമെന്നുണ്ടയായിരുന്നെങ്കിലും അതിനുള്ള അർഹത തനിക്കില്ലെന്ന വ്യക്തമായ ബോധ്യമുള്ളത് കൊണ്ട് തന്നെ അവളൊന്നും മിണ്ടിയില്ല……അല്ലാ…. അവനെയും പറഞ്ഞിട്ട് കാര്യമില്ല….അവനൊരു പെണ്ണിനെ കൊണ്ട് വന്നപ്പോൾ ഞങ്ങൾക്കത് വലിയ അഭിമാന
പ്രശനമായിരുന്നു…. എന്നാൽ അവളുടെ വയറ്റിൽ ആധിയുണ്ടെന്ന് സത്യമായും ഞങ്ങൾക്കന്നറിയില്ലായിരുന്നു……

എന്നെ പരിഗണിക്കാത്തവർ എന്റെ കുഞ്ഞിനെ യും സ്നേഹിക്കണ്ട എന്നതാണ് അവന്റെ ഇപ്പോഴത്തെ വാശി…….അമ്മയില്ലാത്ത കുഞ്ഞിനെ ഇത്രത്തോളം ആക്കാൻ അവനൊറ്റക്ക് ഒത്തിരി കഷ്ടപ്പെട്ടിട്ടിട്ടുണ്ടാവും…അതാവും ഈ ദേഷ്യമെല്ലാം…..രേവതി അതും പറഞ്ഞു മിഴികളോപ്പുമ്പോൾ ആ അമ്മ മനസ്സ് അവൾക്ക് വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നു……രാജേന്ധ്രനും അങ്ങനെയിരിക്കുകയാണ്…..വേദ ഒരു തരം പ്രയാസത്തോടെ അവരെ നോക്കി……
ഞാൻ വെറുതെ….. ഒരോന്നു പറഞ്….
മോളിനി കാലു ഭേദമയിട്ട് വാ…..
ഞങ്ങളെന്നാൽ ഇറങ്ങട്ടെ……രേവതി മിഴികൾ അമർത്തി തുടച്ചു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു…….രാജേന്ധ്രനും ഏറെ സ്നേഹത്തോടെ അവളോട് യാത്ര പറഞ്ഞു….അവർ പോകുന്നതും നോക്കി അവളെങ്ങനെ നിന്നു……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ആഹാ…. ഇവള് വരുന്നതിനു മുന്പേ ഇവൾക്ക് ബന്ധുക്കളൊക്കെ ആയല്ലോ……അവർ വന്നപ്പോൾ കൊണ്ട് വന്ന ഒരാപ്പിളെടുത്തു കടിച്ചു കൊണ്ടാണ് ആൻസിയത് പറഞ്ഞത്…..എന്നാലും നല്ല ആൾക്കാരാണ് അല്ലെ…..ജോലിക്ക് നിൽക്കുന്നവരെയൊക്കെ ഇങ്ങനെ പരിഗണിക്കാൻ വലിയ മനസ്സ് തന്നെ വേണം…..ആൻസി പറഞ്ഞതിനോട് നീലിമ കൂട്ടി ചേർത്ത്….അവരുട വീട്ടിൽ നിന്ന് പറ്റിയതല്ലെ… അത് കൊണ്ടാവും…….

അവരുടെ സംസാരത്തിനിടക്ക് അഞ്ചു അതും കൂടി പറഞ്ഞതും എല്ലാവരും അത് ശെരിയെന്നു വെച്ചിരുന്നു……..അപ്പോഴും വേദ യുടെ മനസ്സ് മറ്റെന്തൊക്കെയോ ചിന്തകളെ പേറുകയായിരുന്നു…….ഇത് വരെ തന്റെ സങ്കടങ്ങളും ചിന്തകളും തന്നെ കുറിച്ചായിരുന്നു…..എന്നാൽ ഇന്നതല്ലാ…..
ഇന്ന് അവരുടെ സങ്കടങ്ങളാണ് തന്റെ ചിന്തകളെ ഭരിക്കുന്നത്….അവരുടെ ദുഃഖങ്ങൾ തന്റേത് കൂടിയായത് പോലെ….അവളുടെ ചിന്തകൾക്ക് ആശ്വാസം പകരാനെന്ന വണ്ണം ആ കാറിന്റെ ശബ്ദം പുറത്ത് നിന്ന് കേട്ടതും അവളുടെ കണ്ണുകൾ വല്ലാതെ വിടർന്നിരുന്നു……

(തുടരും)