24/04/2026

പ്രണയരാഗം : ഭാഗം 03

രചന – സുധീ മുട്ടം

നയനയുടെ സ്നേഹമന്ത്രവും പരിചരണവും കൊണ്ടാണ് ലക്ഷമിയമ്മ പെട്ടെന്ന് ഊർജ്ജസ്വലതയായത്”

ഡോക്ടറുടെ വാക്കുകൾക്ക് ഞാനൊരു പുഞ്ചിരിയാണു സമ്മാനിച്ചത്….

“അതേ ഡോക്ടർ.. എനിക്ക് ഈശ്വരൻ നൽകിയ പുണ്യമാണ് ഇവൾ..ചിലർക്കൊന്നും അത് വിധിച്ചിട്ടില്ല”

അമ്മയുടെ സംസാരത്തിലെ ധ്വനി ഹരിയേട്ടുള്ളൊരു കുത്തായിരുന്നു.ആളുടെ മുഖം വിളറിപ്പോയി…..

അമ്മ അങ്ങനെ പറയുമെന്നും ഞാൻ കരുതിയതേയില്ല.വിളറിയ മുഖം എന്നിൽ വന്ന് മറയ്ക്കാനായി ഹരിയേട്ടൻ തിരിഞ്ഞ് നിന്നതും കണ്ടില്ലെന്ന് നടിച്ചു.

ആശുപത്രിൽ നിന്ന് നേരെ വീട്ടിലേക്കാണ് ഞങ്ങൾ പോയത്..ഭക്ഷണമൊക്കെ പാകം ചെയ്ത ശേഷം അമ്മക്ക് കഴിക്കേണ്ട മരുന്നും കൊടുത്തു.

“ഞാൻ വീട്ടിലേക്ക് പോകുവാ അമ്മേ”

എന്റെ മറുപടി കേട്ടതും അമ്മ എതിർപ്പ് പ്രകടിപ്പിച്ചു.

“നിനക്കവിടെ ആരാ ഉളളത്”

അമ്മയുടെ എടുപിടിയുന്നുളള ചോദ്യം കേട്ടതും ഞാനാകെ വിളറിപ്പോയി..അങ്ങനെയൊരു ചോദ്യം തീരെ പ്രതീക്ഷിരുന്നില്ല.

അമ്മയും അച്ഛനും ഉറങ്ങുന്ന മണ്ണ്..എല്ലാ ദിവസവും പോയി വീടും പരിസരവും വൃത്തിയാക്കി ഹരിമംഗലത്തിലേക്ക് മടങ്ങിയെത്തും..പിന്നെ അവിടുത്തെ ലക്ഷ്മിയമ്മക്ക് ഒപ്പമാണ്.ഇതായിരുന്നെന്റെ ലോകവും..

“പറയ് ഞാൻ നിന്റെ ആരാ..നീ എനിക്കാരാ”

അമ്മയുടെ സ്വരമിടറി ശബ്ദം പതറി രണ്ടുതുള്ളി കണ്ണുനീരൊഴുകി പതിച്ചതെന്റെ ഹൃദയത്തിലായിരുന്നു..

“എന്റെ അമ്മയും അച്ഛനും എല്ലാം എന്റെ ലക്ഷമിയമ്മയാണ്”

കണ്ണുകൾ നിറഞ്ഞൊഴുകിയതോടെ ഞാനമ്മയെ കെട്ടിപ്പിടിച്ചു ഉറക്കെ കരഞ്ഞു..അമ്മയും എന്റെ കൂടെ നിലവിളിച്ചു.

“കരയാതെ മോളേ അമ്മക്ക് നിന്നെ പിരിയാൻ വയ്യെടീ.എന്റെ മോളെ വിഷമിപ്പിച്ചതിന് ക്ഷമിക്ക്”

“അമ്മ എന്നോട് ക്ഷമ ചോദിക്കരുത്..എനിക്ക് സങ്കടമാണ്”

എന്റെ കൈവിരലുകൾ അമ്മയുടെ മുഖത്തിലെ കണ്ണുനീര് തുടച്ചു കളഞ്ഞു.ലക്ഷമിയമ്മയും എന്നെ ആശ്വസിപ്പിച്ചു.

“ഇല്ലമ്മേ എന്റെ അമ്മയെ വിട്ടെങ്ങും പോകില്ല”

അമ്മയുടെ കൈകളിൽ ചേർത്ത് സത്യം ചെയ്യുമ്പോൾ സന്തോഷത്തോടെ ആ മിഴികൾ തുടിച്ചത് ഞാൻ കണ്ടു.

“നീയെന്റെ മോളാടീ..നിന്നെ മാത്രമേ അമ്മ പ്രസവിച്ചുള്ളൂ”

അമ്മയിലേക്കെന്നെ ചേർത്ത് പിടിച്ചു തഴുകിയതും ആ സ്നേഹ വാത്സല്യം മുഴുവനും ആസ്വദിച്ചറിഞ്ഞു..പതിയെ മയക്കം കൺകളിൽ മൂടിയതും അമ്മക്ക് ഓരോം ചേർന്ന് മയങ്ങിപ്പോയി.ആശുപത്രി ജീവിതം കുറെയേറെ മാനസികമായി തളർത്തിയിരുന്നു.

ഞാൻ ഉണരുമ്പോഴും അമ്മ നല്ല മയക്കത്തിലായിരുന്നു..എഴുന്നേറ്റു ചായക്ക് വെള്ളം പകർന്ന് അടുപ്പിൽ വെച്ചു..കട്ടൻ ചായയിട്ട് ഹരിയേട്ടന്റെ മുറിയിലെത്തുമ്പോൾ ആളാരോടോ ഫോണിൽ സംസാരമായിരുന്നു.ഒന്നും പറയാതെ ടേബിളിലേക്ക് ചായഗ്ലാസ് വെച്ചു മടങ്ങുമ്പോളൊരു പിൻ വിളിയെത്തി.

“നയനേ എനിക്കൊന്ന് സംസാരിക്കാനുണ്ട്”

ഹരിയേട്ടന്റെ സ്വരം..പതിയെ പാദങ്ങൾക്ക് കൂച്ചു വിലങ്ങ് വീണു.മുമ്പൊക്കെ നയനേന്ന് വിളിക്കുമ്പോഴൊക്കെ കൊതിയോടെ ഓടിയെത്തിയിരുന്നു.

“എന്താ പറയാനുള്ളത് വേഗം വേണം..എനിക്ക് ജോലിയുണ്ട്”

പിന്തിരിഞ്ഞ് നോക്കാതെ മറുപടി കൊടുത്തു. എന്നെ വേണ്ടാന്ന് പറഞ്ഞയാളുടെ മുഖത്തേക്ക് നോക്കണമെന്ന് ഞാനാഗ്രഹിച്ചില്ല.

“എന്നോട് നിനക്ക് ദേഷ്യമുണ്ടോ?”

“ഇതാണോ നിങ്ങൾക്ക് സംസാരിക്കാനുളളത്..ഒരിക്കൽ ഞാൻ പറഞ്ഞു കഴിഞ്ഞു എന്നെ വേണ്ടാന്നു വെച്ച നിമിഷം എന്നിൽ നിങ്ങളും മരിച്ചു കഴിഞ്ഞൂന്ന്”

തിരിഞ്ഞ് നിന്നു മൂർച്ചയേറിയ സ്വരത്തിലാണ് പറഞ്ഞത്..വിളറിയ അയാളുടെ മുഖം പതിയെ ഞാനാസ്വദിച്ചു.

“എന്നോട് നിനക്ക് ദേഷ്യമുണ്ടോന്ന്”

പ്രണയത്തിന്റെ പൂക്കാലമൊരുക്കി സ്നേഹിക്കുന്നവനാണ് ചോദിക്കുന്നത്.എന്റെയുള്ളിരു കടൽ ആർത്തിരമ്പി മറിഞ്ഞു.

“ലക്ഷമിയമ്മയെ കരുതിയാണ് ഞാനിവിടെ നിൽക്കുന്നത്..അതിനിടയിൽ പലപ്പോഴും മുഖാമുഖം കാണേണ്ടി വരും..എന്നു കരുതി പഴയ ആധിപത്യം എന്നിലുറപ്പിക്കാൻ വരരുത്”

താക്കീതോടെ മൂർച്ചയേറിയ സ്വരത്തിൽ പറഞ്ഞിട്ട് ഞാനൊരു ഓട്ടമായിരുന്നു..അടുക്കളയിൽ കിതപ്പോടെ ചെന്ന് നിന്നു.അപ്പോഴും ഹരിയേട്ടന്റെ ചോദ്യം ഉള്ളിൽ കിടന്ന് വീണ്ടും തികട്ടി വന്നു.

ആരോരുമില്ലാത്തവളെ അമ്മ കൂടെ കൂട്ടിക്കൊണ്ട് വന്നു. ഉടുപ്പും ഭക്ഷണവും നൽകി.നല്ല വിദ്യാഭ്യാസം തന്ന് പഠിപ്പിച്ചു വളർത്തി.സ്നേഹവും വാത്സല്യവും പകർന്നു തന്നു.ആ അമ്മയെ ഓർത്ത് മാത്രമാണ് ഇന്ന് ഈ വീടിന്റെ പടികൾ കയറിയത്.

“മോളേ നയനേ”

അമ്മയുടെ സ്നേഹം സ്വരമായി ഒഴുകിയെത്തി..ടാപ്പ് തുറന്ന് മുഖം കഴുകി.തോർത്ത് എടുത്ത് അമർത്തി തുടച്ചു അമ്മക്ക് അരികിലേക്ക് ഓടിയെത്തി.

“എന്താ അമ്മേ ക്ഷീണമുണ്ടോ”

എന്റെ ചോദ്യം അവഗണിച്ച് അമ്മ മിഴികൾ എന്നിൽ ഉറപ്പിച്ചു.

“മോളെന്തിനാ കരഞ്ഞത്”

“ഞാനോ..എന്തിന്”

ചോദ്യത്തിനൊപ്പം ഞാൻ കിലുകിലെ ചിരിച്ചു..

“അമ്മയോട് വേണ്ടാ മോളേ നിന്റെ അഭിനയം..പെറ്റില്ലെന്ന് അല്ലേയുള്ളൂ നീയെന്റെ മകളാ”

പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല..അമ്മയെ കെട്ടിപ്പിടിച്ചു സങ്കടങ്ങളത്രയും പുറത്തേക്കൊഴുക്കി.

“നീയെന്തിനാടീ കരയുന്നത്..നിന്നെ പോലൊരാളെ അവന് വിധിച്ചിട്ടില്ല.ഒരിക്കലവൻ ദുഖിക്കും നിന്നെയോർത്ത്.എന്റെ മോൾക്കൊരു രാജകുമാരൻ കടൽ കടന്ന് വരും.”

അമ്മക്ക് അറിയില്ലല്ലോ മനസ്സിൽ ഇരമ്പുന്നതൊരു വലിയ കടലാണെന്ന്..അതങ്ങനെ ശക്തമായി തിരകളുയർത്തുകയാണ്..എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും കഴിയാതെ ഹരിയേട്ടൻ നൽകിയ അവഗണന അങ്ങനെ നിറഞ്ഞ് നിൽക്കുവാണ്.

“എനിക്കൊരു രാജകുമാരനെയും വേണ്ടാ..അമ്മയുടെ മകളായിങ്ങനെ ജീവിച്ചാൽ മതി”

“അമ്മയുടെ കാലശേഷം.. അതൊന്ന് ചിന്തിച്ചാൽ മതി”

“അതൊക്കെ പിന്നീട് മതി..ലക്ഷമിയമ്മേ..ഇപ്പോഴെന്റെ അമ്മ കൂടെയില്ലേ..അതുമതി”

ചേർത്ത് പിടിച്ചു അമ്മ അങ്ങനെ തഴുകുമ്പോൾ കുറച്ചൊക്കെ സങ്കടങ്ങൾ അലിയുന്നുണ്ട്..അതിനാൽ അമ്മയുടെ തണല് പറ്റി ഞാൻ നിന്നു..

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹.

ദിവസങ്ങൾ ശരവേഗത്തിൽ പാഞ്ഞുപോയി..ഒരാഴ്ചയോളം അമ്മയുടെ ഒപ്പം മാറാതെ നിന്നു..മരുന്നും ഗുളികയുമൊക്കെ സമയത്ത് കൊടുത്തു.ലക്ഷമിയമ്മ വേഗത്തിൽ സുഖം പ്രാപിച്ചു.

ഹരിയേട്ടൻ പോകും വരെ ആളുടെ മുന്നിൽ പോകാതിരിക്കാൻ ശ്രമിച്ചു.. എങ്കിലും ഇടക്കൊക്കെ കാണുമ്പോൾ ആളുടെ മിഴികൾ എന്നിൽ തറഞ്ഞത് ശ്രദ്ധിക്കാനോ പോയില്ല.

ലീവ് കഴിഞ്ഞു ഹരിയേട്ടൻ മടങ്ങിയത് എനിക്ക് വലിയൊരു ആശ്വാസമായി.. ഒരുവീട്ടിൽ താമസിക്കുന്നവർ തമ്മിൽ കാണുമ്പോഴൊക്കെ ഒരുതരം വീർപ്പുമുട്ടലായിരുന്നു.

രണ്ട് മാസങ്ങൾക്ക് ശേഷം ഒരു തിങ്കളാഴ്ച വൈകുന്നേരം അമ്മയുടെ കൂടെ പറമ്പിലൂടെ നടക്കുകയായിരുന്നു..മൈനർ അറ്റാക്ക് വന്ന ശേഷം എല്ലാ ദിവസവും അമ്മയെ നടത്തിക്കും..

“ലക്ഷമിയമ്മ”

പരിചയക്കാരനായ കേശവേട്ടൻ ചെറിയ പുഞ്ചിരിയോടെ ഞങ്ങൾക്ക് അരികിലെത്തി.

“എന്തായി കേശവാ”

“അത് പിന്നെ കേശവനൊരു കാര്യം ഏറ്റാൽ ഏറ്റതല്ലേ”

“എങ്കിൽ വാ”

ഒന്നും മനസ്സിലായില്ലെങ്കിലും എന്റെ മനസ്സിൽ അസ്വസ്ഥത വളർന്നു തുടങ്ങി..

“ഇരിക്ക് കേശവാ”

ഹാളിലേക്ക് കയറി മുന്നിലുള്ള കസേരയിലേക്ക് അമ്മ വിരൽ ചൂണ്ടിയതും കേശവേട്ടൻ ഇരുന്നു..വിവാഹ ബ്രോക്കറാണ് ആൾ..പേഴ്സിൽ നിന്നും കുറച്ചു ഫോട്ടോസ് അമ്മക്ക് നേരെ നീട്ടി. അമ്മയത് വാങ്ങിയതും മനസ്സൊന്ന് പിടഞ്ഞു

“നല്ല ബന്ധമാ ലക്ഷമിയമ്മേ..ഇതുപോലൊരു ആലോചന ഒത്തുകിട്ടില്ല”

ഫോട്ടോയിലേക്ക് നോക്കിയിരിക്കുന്ന അമ്മയുടെ മുഖം സന്തോഷത്താൽ വികസിച്ചു.

“ഇത് നമുക്ക് ഉറപ്പിക്കാം”

നെഞ്ചിലൊരു കൊളുത്ത് വീണു..അമ്മ ഹരിയേട്ടനായി പെണ്ണിനെ തിരയുകയാണ്.അവിടെ നിന്ന് ഓടിപ്പോരാനെന്റെ മനസ്സ് വെമ്പൽ കൊണ്ടു.

“മോളേ നിനക്ക് ഇഷ്ടമാകും.‌നോക്കിക്കേ”

വിറയാർന്ന കൈകളുമായി ഫോട്ടോ വാങ്ങിച്ചു..നോക്കുവാൻ കഴിഞ്ഞില്ല‌.ഹരിയേട്ടൻ മറ്റൊരാളുടെ സ്വന്തമാകാൻ പോകുന്നു.

“ശരിക്കും നോക്കിക്കോണം..പിന്നീട് ആളെ ഇഷ്ടം ആയില്ലെന്ന് പറയരുത്”

കേശുവേട്ടൻ ചിരിയോടെ പറഞ്ഞു.. മിഴിനീരിനിടയിലും പുഞ്ചിരിക്കുന്ന ആണിന്റെ ഫോട്ടോ ഞാൻ കണ്ടു..നെഞ്ചിലൊരു കനലാളി..

“അമ്മക്ക് വാശിയാ മോളേ..എന്റെ മോന് മുമ്പേ എന്റെ മോളുടെ വിവാഹം അമ്മ നടത്തും..എന്റെ കുഞ്ഞിന് ഒരുഭാവിയുണ്ടാകണം.അമ്മ തീരുമാനിച്ചു കഴിഞ്ഞു”

“അമ്മേ”

ഞാൻ ദയനീയമായി വിളിച്ചു.

“മോളൊന്നും പറയണ്ടാം.ഹരിയെ പെട്ടെന്ന് മറക്കാൻ കഴിയില്ലെന്ന് അമ്മക്ക് അറിയാം..അവര് വന്ന് കണ്ടിട്ട് പോകട്ടെ..ഒരുവർഷം കഴിഞ്ഞു മതി വിവാഹം. നീ എഴുതിയ ഏതെങ്കിലും പി എസ്‌ സി ടെസ്റ്റിന് ഏതെങ്കിലും ഒന്നിന് ഫലമില്ലാതാകില്ല”

എന്റെ കയ്യിൽ നിന്നും ഫോട്ടോ നിലത്തേക്ക് തെറിച്ചു.. ഞാനമ്മയെ കെട്ടിപ്പിടിച്ചു ഉറക്കെ കരഞ്ഞു.

“എനിക്ക് കല്യാണം വേണ്ടമ്മേ.”

തുടരും