23/04/2026

വിവാഹമോചനം : ഭാഗം 41 & 42

രചന – സുധീ മുട്ടം

ഫോൺ വിളി കഴിഞ്ഞതും മനസിനൊരു സംതൃപ്തി വന്നത് പോലെ ഹിമക്ക് അനുഭവപ്പെട്ടു..എങ്ങനെ എങ്കിലും വയറ്റിലെ ഗർഭം ഉണ്ണിയുടെ തലയിൽ കെട്ടി വെക്കണമെന്നു ആഗ്രഹിച്ചു…അവന്റെ പേരിലെ കണക്കറ്റ സ്വത്തുക്കളിലായിരുന്നു കണ്ണുകൾ. എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് കൂടെ കൂടിയതും..ഭാര്യയുമായുളള ഉണ്ണിയുടെ അകൽച്ച ശരിക്കും മുതലെടുത്തത് കഴുത്തിൽ താലി കെട്ടിയവന്റെ സമ്മതത്തോടെ ആയിരുന്നു അടുത്തത്…

ഹിമ അകത്തേക്ക് കയറി.. ഉണ്ണി അപ്പോഴും നല്ല ഉറക്കത്തിൽ ആയിരുന്നു.. ഹിമയുടെ ചതി അറിയാതെ…

അവനെ വെറുപ്പോടെ നോക്കിയിട്ട് കുറച്ചകലെ മാറി കിടന്നു…പുലരിയുടെ വെളിച്ചം മിഴികളിലേറ്റിട്ടും എഴുന്നേൽക്കാതെ അലസമായി അങ്ങനെ കിടന്നു..

“വയ്യ ഉണ്ണി വല്ലാത്ത തലവേദന… രാത്രി മുതൽ തുടങ്ങിയതാ..ഒട്ടു ഉറങ്ങിയട്ടില്ല…

ഉണ്ണി എഴുന്നേറ്റപ്പോൾ ക്ഷീണിതയായി അഭിനയിച്ചു കിടക്കുന്ന ഹിമയെയാണു കണ്ടത്..അവനവളോട് സഹതാപം തോന്നി…

” ഞാൻ കട്ടൻ ചായ ഇട്ടു തരാം…

“വേണ്ട ഉണ്ണി..ഉണ്ണിക്കതു ശീലമില്ലല്ലോ..

” സാരമില്ല…ഹിമക്ക് വയ്യാത്തത് കൊണ്ടല്ലേ..

അവൻ കിച്ചണിലേക്ക് നടക്കുന്നതും നോക്കി തല ചരിച്ചു നോക്കി ചിരിച്ചിട്ടു അവൾ കണ്ണടച്ചു….

💜💜💜💜💜💜💜💜💜💜💜💜💜💜💜

“ആരവ്….

പുലരിയുടെ പൊൻ കിരണങ്ങൾ ജനലഴികളിലൂടെ മുറിയിലേക്ക് വിരുന്നിനു എത്തിയതോടെ നന്ദിനിക്കുട്ടി മിഴികൾ തുറന്നു… ഒരേ പുതപ്പിനുള്ളിൽ അവനെ ഒന്നു കൂടി പുണർന്നു നെഞ്ചിലക്ക് വലതു കാൽ ഉയർത്തി വെച്ചു…

നന്ദിനിക്കുട്ടിയുടെ വിളി കേട്ടാണു ആരവ് മിഴികൾ തുറന്നത്..നെഞ്ചിലൊട്ടി കിടക്കുന്നവളെ ആലിംഗനം ചെയ്തു ഒന്നു കൂടി കണ്ണുകൾ പൂട്ടി..

” എഴുന്നേൽക്ക് ആരവ്..

“ഒന്നുകൂടി മയങ്ങട്ടെ പെണ്ണേ…ഉറങ്ങി മതിയാകുന്നില്ല..

” ഹൊ..ഇങ്ങനെയും ഒരു മടിയൻ…

പുലമ്പിക്കൊണ്ടു എഴുന്നേൽക്കാൻ ഭാവിച്ചവളെ പിടിച്ചു വലിച്ചു വീണ്ടും കൂടെ കിടത്തി..

“ഇന്ന് ഞായറാഴ്ച അല്ലേ…കുറച്ചു സമയം കൂടി കിടക്ക്..

” ആരവ് നമുക്ക് വീട്ടിലേക്ക് പോകണ്ടേ…എല്ലാവരും കൂടി പറഞ്ഞു പറഞ്ഞു ഇവിടെ നിന്ന് ദിവസങ്ങൾ കുറെ പോയി‌.ഇന്നെങ്കിലും അങ്ങോട്ടേക്ക് താമസമാകണം…

“ശരി പോകാം…

മടിയോടെ ഉറക്കത്തെ ആട്ടിയകറ്റി നന്ദിനിക്കുട്ടിയുടെ കൂടെ ആരവും എഴുന്നേറ്റു.. മോൾ അപ്പോഴും നല്ല മയക്കത്തിൽ ആയിരുന്നു….

” മോളു കുറച്ചു സമയം കൂടി ഉറങ്ങട്ടെ…

അവളുടെ അഭിപ്രായത്തെ ശരിവെച്ചു കൊണ്ടു ആരവും നന്ദിനിക്കുട്ടിക്കൊപ്പം ബാത് റൂമിലേക്ക് കയറി…ഒരുമിച്ച് ഷവറിൻ കീഴിൽ മതിവരുവോളം പുണർന്നു നിന്നു..

“കുറച്ചു കൂടണുണ്ട്…

പിന്നിലൂടെ അടുപ്പിച്ച് മാറിടത്തിലേക്ക് അവന്റെ കരങ്ങൾ അമർന്നതോടെ നന്ദിനിക്കുട്ടി കുറുമ്പോടെ പറഞ്ഞു..

” ഇതൊക്കെ അല്ലേ പെണ്ണേ ഒരു ത്രില്ല്…

ഇളനീർക്കുടങ്ങളെ നോവിക്കാതെ ഞെരിച്ചു ഉടച്ചതോടെ നന്ദിനിക്കുട്ടി കിടന്നു പുളഞ്ഞു..

“മതി…ബാക്കി പിന്നെ..

അവനെ തള്ളിമാറ്റി കുളിക്കാൻ തുടങ്ങി… ഫ്രഷായി നന്ദിനിക്കുട്ടി വേഗമിറങ്ങി..പിന്നാലെ ആരവും…

ആരതിമോളെ വിളിച്ചു ഉണർത്തി നന്ദിനിക്കുട്ടി കുളിപ്പിച്ചു ഒരുക്കി…

മൂവരും കൂടി ഡൈനിങ്ങ് ടേബിളിൽ ചെല്ലുമ്പോൾ ബ്രേക്ക് ഫാസ്റ്റ് റെഡിയായിരുന്നു…എല്ലാവരും അവരുടെ വരവ്‌ പ്രതീക്ഷിച്ചു അവിടെ ഇരിപ്പുണ്ടായിരുന്നു…നന്ദിനിക്കുട്ടി ഇന്നലേ സൂചിപ്പിച്ചിരുന്നു ആരവിന്റെ വീട്ടിലേക്ക് മടങ്ങുന്നത്..അതിനാൽ തുളസിയുടെ മുഖം ഒഴികെ മറ്റെല്ലാവരുടെയും മുഖം വാടിയിരുന്നു..

എല്ലാവരും നിശബ്ദരായി ഇരുന്നു ബ്രേക്ക് ഫാസ്റ്റ് കഴിച്ചു..മൗനം അസഹ്യമായതോടെ നന്ദിനിക്കുട്ടി മൗനം മുറിച്ചു ‌.

” ഇതെന്തു പറ്റി എല്ലാവർക്കും…

ആരും ഒന്നും മിണ്ടിയില്ല…ഉമയിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി.. മകളെ പിരിയാൻ കഴിയുന്നില്ല..

“മോള് ഇന്നല്ലേ പോകുന്നത്…അതിന്റെയാ…

തുളസി ചിരിയോടെ പറഞ്ഞു..

” എന്നായാലും ഞാൻ ആരവിന്റെ വീട്ടിലേക്ക് പോകേണ്ടതല്ലേ..അവിടെയല്ലേ ഞങ്ങൾ ജീവിക്കേണ്ടത്..

അവളുടെ ചോദ്യത്തിനു ആർക്കും ഉത്തരമില്ലായിരുന്നു…

ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു നന്ദിനിക്കുട്ടിയും ആരവും കൊണ്ടു പോകാനുളളതൊക്കെ പാക്ക് ചെയ്തു.. മോളും ആരവുമായി എല്ലാം എടുത്ത് ഹാളിലേക്കെത്തി..

“ഇനിയൊരു യാത്ര പറച്ചിൽ ഇല്ലെന്ന് നന്ദിനി തീരുമാനിച്ചു.. കണ്ണുനീരു കാണാൻ വയ്യ..നല്ലോണം സങ്കടമുണ്ട് എല്ലാവരെയും പിരിയുന്നതിൽ..പക്ഷേ പോകാതിരിക്കാൻ കഴിയില്ല..

” ഞങ്ങൾ ഇറങ്ങാ…

ആരോടെന്ന് ഇല്ലാതെ പറഞ്ഞിട്ട് എല്ലാവരെയും നോക്കി..ആനന്ദൻ അവൾക്ക് അരികിലേക്ക് എത്തി..

“ദാ മോളേ പുതിയ കാറിന്റെ കീ..നിനക്കും ആരവിനും ആയിട്ടു വാങ്ങിയതാ…

” എന്തിനാ അങ്കിളേ ഇതൊക്കെ.. സ്കൂട്ടർ ഉണ്ട് അതുപോരെ..അഥവാ ആവശ്യം ഉണ്ടെങ്കിൽ ഇവിടെ വന്നു എടുക്കാലൊ..

“അങ്ങനെയല്ല മോളേ…ഞങ്ങളുടെ ഒരു സന്തോഷം..നീ വാങ്ങാതിരിക്കരുത്…

തല ചരിച്ചു ആരവിനെ നോക്കി…കണ്ണുകളാൽ അനുവാദം നൽകിയതോടെ നന്ദിനിക്കുട്ടി കാറിന്റെ കീ വാങ്ങി…

” ഞങ്ങൾ നാളെ ഇറങ്ങാം…

മോളേയും കൂട്ടി ഇറങ്ങാൻ തുടങ്ങിയതോടെ ആരതിക്കുട്ടി ഓടിച്ചെന്നു ഉമയെ കെട്ടിപ്പിടിച്ചു ഉറക്കെ കരഞ്ഞു.. ഇവിടെ വന്നതു മുതൽ അവരുമായി നല്ല അടുപ്പത്തിലാണ്.കഥകൾ പറഞ്ഞും കൊഞ്ചിച്ചും വാരിക്കഴിപ്പിച്ചും സ്നേഹത്തോടെ എപ്പോഴും കൂടെയുണ്ട് അവർ..ഉമയും കുഞ്ഞിനൊപ്പം കരഞ്ഞു പോയി…

“ഞാൻ മുത്തശ്ശിയെ വിട്ടു വരുന്നില്ല…

അവൾ കരഞ്ഞു തുടങ്ങിയതോടെ നന്ദിനിക്കുട്ടിയും ആരവും വല്ലാതായി…

” നമ്മൾ വീട്ടിൽ പോയാലും എല്ലാ ദിവസവും ഇങ്ങോട്ടു വരും മോളെ…

“എന്നാൽ നമുക്ക് ഇവിടെ കഴിയാം അമ്മേ..മോൾക്ക് ഇപ്പോഴാ എല്ലാവരെയും കിട്ടിയത്…

എണ്ണിപ്പെറുക്കി ആരതി കരഞ്ഞു തുടങ്ങിയതോടെ നന്ദിനിക്കുട്ടിക്ക് സഹിക്കാൻ കഴിഞ്ഞില്ല…അവളെ മറ്റാരെക്കാളും നന്നായി നന്ദിനിക്ക് മനസ്സിലാകുമായിരുന്നു..കുഞ്ഞിനെ പുണർന്നു കൂടെ കണ്ണീരൊഴുക്കി..

” അമ്മ സമ്മതിച്ചാൽ അച്ഛനും കേൾക്കും…

പ്രതീക്ഷയോടെ കുഞ്ഞിക്കണ്ണുകൾ അമ്മയിലേക്ക് നീണ്ടു…നന്ദിനിക്കുട്ടി നിസ്സഹായായി ആരവിനെ നോക്കി…അവനും ആകെ തരിച്ചു നിൽക്കുകയാണ്..പെട്ടന്നൊരു മറുപടി നൽകാൻ കഴിഞ്ഞില്ല…

“വയ്യ ആരവ് എനിക്ക് മോളെ സങ്കടപ്പെടുത്താൻ കഴിയില്ല…

മിഴിനീരിലും ആരവിന്റെ കണ്ണുകൾ പുഞ്ചിരിച്ചു… അവന്റെ മനസ് നിറഞ്ഞു..കാരണം നന്ദിനിക്കുട്ടിക്ക് അവളാകാനെ കഴിയൂ….

” സാരമില്ല നന്ദിനി…നമുക്ക് ഇടക്കിടെ വീട്ടിലേക്ക് പോയി വരാം…ജന്മം നൽകിയവരുടെയും പ്രിയപ്പെട്ടവരെയും ഒരിക്കലും വേദനിപ്പിക്കേണ്ടാ….

ആരവിന്റെ വാക്കുകൾ കേട്ടതോടെ എല്ലാവരുടെയും മുഖം പ്രകാശിച്ചു….അവനിലെ നന്മ എല്ലാവർക്കും അറിയാം…

നന്ദിനിക്കുട്ടിയും ആരവും കൂടി ലഗേജുമായി മുറിയിലേക്ക് പോയി…ആരതിമോൾ ഉമയുടെ കവിളിൽ ഉമ്മവെച്ചു..

“മുത്തശ്ശി പറഞ്ഞത് അനുസരിച്ചതിനു മോൾക്ക് ഇന്നു കഥകൾ കൂടുതൽ പറഞ്ഞു തരണം…

എല്ലാവരും വായ് തുറന്നു നിന്നതും ആരതിയെ വാരിയെടുത്തു അവർ കവിളിൽ തുരുതുരാ ഉമ്മവെച്ചു…

” മുത്തശ്ശിയുടെ ചക്കരക്കുട്ടിക്ക് ഇഷ്ടം പോലെ കഥകൾ പറഞ്ഞു തരാല്ലൊ….

അപ്പോഴാണ് എല്ലാവർക്കും ഏകദേശം കാര്യങ്ങൾ പിടികിട്ടിയത്…പതിയെ അവരിലേക്ക് പുഞ്ചിരി തെളിഞ്ഞു തുടങ്ങി…

തുടരും

ഭാഗം 42

“മുത്തശ്ശിയും കൊച്ചുമോളും കൊള്ളാമല്ലോ…

ബാലൻ അരുമയോടെ ആരതി മോളെ എടുത്ത് കവിളിൽ ഉമ്മ നൽകി…ആനന്ദനും അവളെ വാരിയെടുത്തു ഉമ്മകളാൽ മൂടി…

” എന്തായാലും നന്നായി ഉമേ…മക്കൾ പിരിഞ്ഞു അകന്നു പോകുന്നതൊരു ദുഖം തന്നെയാണ്..

“അതേ ആനന്ദേട്ടാ….അവരെ കണ്ടു അടുത്ത് കഴിഞ്ഞും എനിക്ക് മതിയായില്ല..

ഉമ കഴുകി ഇറങ്ങിയ കണ്ണുനീരൊപ്പി…തുളസി അവരുടെ അരികിലെത്തി ചുമലിൽ കൈവെച്ചു..

” കരയാതെ തുളസി സങ്കടത്തോടെയാണു അവരെ പോകാൻ ഞാനും അനുവദിച്ചത്..മനസ്സാൽ എനിക്കും ഇഷ്ടം ആയിരുന്നില്ല..മക്കളായാൽ അടുത്ത് തന്നെ വേണമെന്നാ ആഗ്രഹം.. പക്ഷേ നന്ദിനിക്കുട്ടിയുടെ ചോദ്യങ്ങൾ ന്യായമായതിനാലാ ഞാനും സമ്മതിച്ചത്…

“സാരമില്ല തുളസി…എനിക്ക് നിന്നെ മനസ്സിലാകും…

അവർ കൂട്ടുകാരിയെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചു…

മുറിയിലെത്തിയ നന്ദിനിക്കുട്ടിയൂം ആരവും കൂടി ലഗേജുകൾ ഒതുക്കി വെച്ചു…

” സങ്കടമുണ്ടോ ആരവ് നിനക്ക്…

ബെഡ്ഡിലേക്ക് ഇരുന്നവന്റെ അരികിലേക്കിരുന്നു മുഖം തനിക്ക് അഭിമുഖമായി തിരിച്ചു പിടിച്ചു കൊണ്ട് അവൾ ചോദിച്ചു..ആരവിന്റെ മിഴികൾ നിറഞ്ഞതോടെ നന്ദിനിക്കുട്ടിക്കും സങ്കടമായി…

“ഹേയ് സാരമില്ല പെണ്ണേ…എല്ലാവരേയും പിരിയുന്നത് സങ്കടമാണ്..എന്നാലും അമ്മുവിനൊരു തിരി വെക്കാതെ അവളെ തനിച്ചാക്കിയപ്പോൾ എന്തോ പോലെ…

” ഇല്ലെടാ നമ്മുടെ അമ്മു തനിച്ചാകില്ല..എന്നും വൈകുന്നേരം നമുക്ക് പോയി ഒരുമിച്ച് തിരി വെയ്ക്കാം..ഇടക്കവിടെ താമസിക്കുകയൂം ചെയ്യാം….

അവന്റെ മനസ്സ് നിറഞ്ഞു.. എത്ര പെട്ടന്നാണ് നന്ദിനിക്കുട്ടി ഓരോന്നിനും സൊല്യൂഷൻ കണ്ടെത്തുന്നത്…പലപ്പോഴും അവനെയത് വിസ്മയിപ്പിച്ചിട്ടുണ്ട്….

പ്രണയത്തോടെ അവളുടെ മൂർദ്ധാവിൽ ചുംബിച്ചതും കിടക്കയിലേക്ക് അവൾ അവനുമായി വീണു കഴിഞ്ഞു..

“എനിക്ക് എത്രയും പെട്ടെന്ന് ഒരു കുഞ്ഞാവയെ തര്യൊ…

കാതിൽ ചുണ്ടുകൾ ചേർത്തു കൊതിയോടെ ചോദിച്ചവളുടെ കവിളിൽ അരുമയോടൊരു ചുംബനം നൽകി…

” ഇപ്പോൾ തന്നെ തന്നേക്കട്ടെ…

“മ്മ്മ്….

നാണത്തോടെ അവളൊന്ന് മൂളി ആരവിന്റെ ചുംബനങ്ങളേറ്റു പിടഞ്ഞു….വസ്ത്രങ്ങൾ ഓരോന്നായി അഴിഞ്ഞു വീണപ്പോൾ ഇമകൾ അടച്ചു പിടിച്ചു..ധൃതി കൂടാതെ പതിയെ നന്ദിനിക്കുട്ടിയിലേക്ക് പടവുകൾ താണ്ടിയിറങ്ങി…

മധുവിന്റെ ലഹരി നുകർന്നു താമരമൊട്ടായി നന്ദിനിക്കുട്ടിയുടെ മിഴികൾ കൂമ്പിയടഞ്ഞു…. പിന്നെയും സൗരഭ്യം പൊഴിക്കുന്ന പൂവിനെ വിട്ടകലാൻ കഴിയാതെ വീണ്ടും പരാഗണം നടത്താൻ വണ്ട് പിന്നെയും പൂവിനു മേൽ വട്ടമിട്ടു പറന്നു…

ഋതുക്കൾ പിന്നെയും കടന്നു പോയി… ആനന്ദനും ബാലനും കൂടി ബിസിനസ്സ് നന്ദിനിക്കുട്ടിയേയും ആരവിനേയും ഏൽപ്പിച്ചു റെസ്റ്റ് ചെയ്തു തുടങ്ങി…

നന്ദിനിക്കുട്ടി ആദ്ധ്യാപനം ഉപേക്ഷിക്കാതെ കിട്ടുന്ന സമയങ്ങളിൽ ബിസിനസ്സിൽ ആരവിനെ സഹായിക്കും…ആരതിമോൾ രണ്ടും മൂന്നും കടന്ന് നാലിൽ എത്തി…

ഇടക്കിടെ വീട്ടിലേക്ക് ആരവും നന്ദിനിക്കുട്ടിയും ആരതിയും കൂടി പോകും.അവിടെ എല്ലാം വൃത്തിയാക്കി ചില ദിവസങ്ങളിൽ വീട്ടിൽ താമസിക്കും..എല്ലാം ദിവസവും മുടങ്ങാതെ അമ്മുവിനു തിരി വെയ്ക്കാൻ പ്രത്യേകം ശ്രദ്ധിച്ചു…

ഒരുദിവസം പതിവു പോലെ ഞായറാഴ്ച… ബെഡ് കോഫി കുടിച്ചു കൊണ്ട് നന്ദിനിക്കുട്ടിയും ആരവും ഹാളിൽ ഇരിക്കുന്നു…ആനന്ദനും ബാലനും ഉമയും തുളസിയും അവർക്കൊപ്പമുണ്ട്…

“എന്തുപറ്റി മോളേ …

മുത്തശ്ശിക്ക് അരികിൽ പറ്റിച്ചേർന്നു നിൽക്കുവായിരുന്നു ആരതിക്കുട്ടി.. മുഖമാകെ വീർപ്പിച്ചിട്ടുണ്ട്..അവളുടെ മുഖം ശ്രദ്ധിച്ച നന്ദിനിക്കുട്ടി ചോദിച്ചെങ്കിലും അവളങ്ങനെ തന്നെ നിന്നു..

” മോൾക്ക് കുഞ്ഞാവയെ വേണമെന്ന് പറയാൻ തുടങ്ങിയട്ട് എത്ര നാളായി…

ഉമ അങ്ങനെ പറഞ്ഞതും നന്ദിനിക്കുട്ടിയും ആരവും പരസ്പരം നോക്കി…അവരുടെ മുഖം വിളറിപ്പോയി.. പെട്ടെന്ന് അമ്മ എടുത്തടിച്ചു പറയുമെന്ന് കരുതിയില്ല..

“അമ്മേ അതുപിന്നെ… മോൾ കുറച്ചു കൂടി വളരട്ടെയെന്ന് കരുതി…

” അങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാകും…മോൾ നാലിലായി..പിന്നെ ഞങ്ങൾക്കും മോഹങ്ങളില്ലേ ഒരു പേരക്കുട്ടിയെ കൂടി ലാളിക്കാനായിട്ട്…

അമ്മ പറയുന്നത് ന്യായമാണെന്ന് അറിയാം…തനിക്കും ഏറെ ആഗ്രഹമായിരുന്നു ഉടനെയൊരു കുഞ്ഞിനെ വേണമെന്ന്.. ആരവിനും അങ്ങനെ തന്നെ ആയിരുന്നു. പക്ഷേ കുറച്ചു കൂടി പ്രാക്റ്റിക്കലായി ചിന്തിച്ചപ്പോൾ മോൾ അഞ്ചിൽ ആകട്ടെയെന്നു കരുതി..കുറച്ചു കൂടി പക്വത അവൾക്ക് എത്തും..പിന്നെ കുഞ്ഞാവയെ മോൾ തന്നെ നോക്കിക്കോളും…

ഒരുപേരക്കുട്ടിയെ ലാളിക്കാനുളള മോഹം വർഷങ്ങളേറെയായി ആഗ്രഹിക്കുന്നു…ആരതിമോളിലൂടെ സങ്കടങ്ങൾ കുറെ മാറിയെങ്കിലും ഒരു കുഞ്ഞിക്കരച്ചിലത് കേൾക്കാനായി അടങ്ങാത്ത ആഗ്രഹമാണ്.തുറന്നു പറഞ്ഞതിൽ ഉമക്കൊരു തെറ്റും തോന്നിയില്ല..വിവാഹം കഴിഞ്ഞു വർഷങ്ങൾ ഇത്രയേറെ ആയി…

ആരവും നന്ദിനിക്കുട്ടിയും കൂടി അവിടെ നിന്ന് പെട്ടെന്ന് മുറിയിൽ കയറി.. അമ്മ ഇനി എന്തൊക്കെ വിളിച്ചു പറയുമെന്ന് അറിയില്ല..

“ആരവ്…

നന്ദിനിക്കുട്ടി ആരവിന്റെ മുഖത്തേക്ക് നോക്കി…

” അമ്മയെ കുറ്റം പറയാൻ കഴിയില്ല നന്ദിനിക്കുട്ടി… എല്ലാവരും ഒരു കുഞ്ഞിനായി വളരെയേറെ ആഗ്രഹിക്കുന്നു..

“എനിക്ക് അറിയാം ആരവ്…അമ്മ വെട്ടിത്തുറന്നു പറഞ്ഞ സ്ഥിതിക്ക് ഇനി താമസിക്കേണ്ടാ…

” അതു തന്നെയാ എന്റെ അഭിപ്രായവും…

നന്ദിനിക്കുട്ടി ആരവിലേക്ക് ചാഞ്ഞു…അവനവളെ കെട്ടിപ്പിടിച്ചു നിറുകയിൽ ചുംബിച്ചു…

💜💜💜💜💜💜💜💜💜💜💜💜💜💜💜

ഉണ്ണി തറവാട്ടിൽ അമ്മയുടെ വീട്ടിലേക്ക് താമസം മാറ്റി… അവന് ഹിമയോടൊത്തുളള ജീവിതം മതിയായിരുന്നു… ഹിമ പെട്ടെന്ന് പ്രഗ്നന്റ് ആയതിൽ സംശയിച്ചു രണ്ടു പേരും തമ്മിൽ വഴക്കിട്ടു..അങ്ങനെ ഒടുവിൽ രണ്ടും കൽപ്പിച്ചു ഉണ്ണി അവിടെ നിന്നും ഇറങ്ങി..

പക്ഷേ ഹിമ അവനെ അങ്ങനെ വിടാൻ ഉദ്ദേശ്യം ഇല്ലായിരുന്നു… കുഞ്ഞിന്റെ അച്ഛൻ ഉണ്ണിയാണെന്നും തന്നെ സ്വീകരിച്ചില്ലെങ്കിൽ കേസു കൊടുക്കുമെന്നും ഭീക്ഷണിപ്പെടുത്തി..

ഉണ്ണി വഴങ്ങില്ലെന്ന് ഉറപ്പായതോടെ മറഞ്ഞു നിന്ന കാമുകൻ രജിത്തുമായി പ്രത്യക്ഷത്തിൽ ശല്യമായി..ഹിമയൊരു ഊരാക്കുടുക്കായി മാറിയതോടെ അവളുടേയും കാമുകന്റേയും ശല്യം തീർക്കാനായി കഷ്ടകാലത്തിനു കൊട്ടേഷൻ കൊടുക്കയും ചെയ്തു.. പക്ഷേ വിധി അവിടെയും ഉണ്ണിക്ക് എതിരാളി.. പോലീസ് അയാളെ അറസ്റ്റ് ചെയ്തു പരാതി രജിസ്റ്റർ ചെയ്തു.. ഒടുവിൽ കോടതിയും മറ്റുമായി നാണക്കേടായതോടെ ഒത്തുതീർപ്പ് ചർച്ചയിലെത്തി..ശമ്പളത്തിന്റേയൂം തറവാട് സ്വത്തുക്കൾ കുറെയേറെ വിറ്റും അതിന്റെ ബാധ്യത അവസാനിപ്പിച്ചു…

തറവാട് സ്വത്തുക്കളിൽ തറവാടും കുറച്ചു പറമ്പുമായി കുറച്ചു ഭാഗം മാത്രം മിച്ചം കിട്ടി…അമ്മയുടെ ട്രീറ്റ്മെന്റിനായി കുറെ പണം ചിലവഴിച്ചു.. അതിന്റെ ഫലമായി അമ്മ ചെറുതായി എഴുന്നേറ്റു നടക്കാൻ തുടങ്ങി.. ഒടുവിൽ അമ്മമാത്രമായി ഉണ്ണിക്കൊപ്പം..

അന്നൊരു ദിവസം ജോലി കഴിഞ്ഞു വീട്ടിലെത്തിയ ഉണ്ണി അമ്മക്ക് അരികിലെത്തി…

“എനിക്ക് അമ്മയുടെ മടിയിലൊന്നു കിടക്കണം…

എത്രയൊക്കെ തെറ്റ് ചെയ്താലും അമ്മക്ക് മകൻ കുഞ്ഞു തന്നെയാണ് ..പലപ്പോഴും അവനെ ശപിച്ചത് ഓർത്ത് അമ്മ ദുഖിച്ചിട്ടുണ്ട്…

” അമ്മേ നന്ദിനിക്കുട്ടി ആയിരുന്നു ശരി…എനിക്കത് മനസ്സിലാക്കാൻ വർഷങ്ങൾ വേണ്ടി വന്നു…

അമ്മയുടെ മടിയിൽ കിടന്നു ഉണ്ണി അന്നാദ്യമായി പൊട്ടിക്കരഞ്ഞു.. അവനിലെ മിഴിനീരിന്റെ ആഴം അവരെ ചുട്ടുപൊള്ളിച്ചു…

ഉണ്ണി നന്ദിനിക്കുട്ടിയെ ഓർക്കാത്ത ദിവസങ്ങൾ ഇല്ല…നഷ്ടപ്പെടുത്തിയത് വിലമതിക്കാൻ കഴിയാത്ത അമ്യൂല്യ രത്മനായിരുന്നെന്ന് തിരിച്ചറിവ് പലപ്പോഴും അവനെ വേട്ടയാടി..

മകന്റെ പശ്ചാത്തപ കണ്ണുനീർ അമ്മയിൽ സങ്കടങ്ങളാൽ മൂടി…

“നമുക്ക് പോകാമെടാ ഒരു ദിവസം മോളെ കാണാൻ… അമ്മ വിളിച്ചാൽ എന്റെ മകൾ വരും…

ഉണ്ണിയുടെ മുടിയിഴകളിൽ അവർ വിരലോടിച്ചു…നന്ദിനിക്കുട്ടിയെ ഒന്നു കാണണമെന്ന് ഒരുപാട് നാളായി അവരും ആഗ്രഹിക്കുന്നുണ്ട്…

അമ്മയുടെ വാക്കുകൾ ഉണ്ണിയിലൊരു പ്രതീക്ഷ ഉണർത്തി….അമ്മ വിളിച്ചാൽ നന്ദിനിക്കുട്ടി എല്ലാം മറന്നു വരുമെന്ന് അവനു ഉറപ്പുണ്ട്‌.തന്നെയുമല്ല ഇറങ്ങി പോകുമ്പോൾ താൻ ചാർത്തിയ താലി വേണമെന്നു മാത്രമാണ് പാവം ആവശ്യപ്പെട്ടത്….

ഉണ്ണിയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ ഒരു തിരിനാളം തെളിഞ്ഞു നിന്നു….

തുടരും