25/04/2026

മയിൽപ്പീലി : ഭാഗം 03

രചന – നെച്ചു നസ്രിൻ

കരഞ്ഞു കരഞ്ഞു എപ്പോളാണ് ഉറങ്ങിയതെന്ന് അവൾക്കറിയില്ല. ജോലിയൊക്കെ കഴിഞ്ഞ് കോളേജിലേക്ക് ഇറങ്ങിയപ്പോൾ തനിക്ക് നേരെ നീളുന്ന കണ്ണുകളിൽ പുച്ഛം മാത്രമായിരുന്നു എന്നത് പീലി ഒരു നിസംഗതയോടെ തിരിച്ചറിഞ്ഞെങ്കിലും ആ നോട്ടത്തിനെ പാടെ അവഗണിച്ചു അവൾ മുറ്റത്തേക്കിറങ്ങി നടന്നു.

മിക്കപ്പോളും ബസ് സ്റ്റോപ്പിൽ നിന്ന് തന്നെ നോക്കുന്ന അജീഷേട്ടൻ ഇന്ന് വീട്ടീന്ന് റോഡിലേക്കിറങ്ങുന്ന വഴിയരികിൽ നിൽക്കുന്നത് കണ്ടതും പീലി ഉറപ്പിച്ചു , തന്നെ കാത്തു നിൽക്കുകയാണെന്ന്.

പീലിയെ കണ്ടതും അജീഷിന്റെ മുഖത്ത് തെളിച്ചെമുള്ളൊരു പുഞ്ചിരി വന്നു. തല കുനിച്ചു നടന്നു വന്ന അവളുടെ മുന്നിലേക്ക് കയറി നിന്നു. തലയുയർത്തി അവളവനെ നോക്കിയപ്പോളാണ് നീര് വന്ന വീർത്ത അവളുടെ മുഖമവാൻ ശ്രദ്ധിച്ചത്. അവന്റെ പുരികം ചുളിഞ്ഞു.

വെളുത്തു മെലിഞ്ഞ അവളുടെ കഴുത്തിലേക്കും നെറ്റിയിലേക്കും അലസമായി വീണുകിടക്കുന്ന കുഞ്ഞൻ മുടികളിലേക്കും അവന്റെ നോട്ടം പാളി വീണു. ഒടുവിലത് നിറയെ പീലികളുള്ള അവളുടെ കണ്ണുകളിൽ കുരുങ്ങി കിടന്നു.

“എന്താ അജീഷേട്ടാ”??

പീലിയുടെ ചോദ്യമാണ് അവനെ ചിന്തകളിൽ നിന്നുണർത്തിയത്. ഇത്രയും നേരം താൻ പീലിയെ നോക്കി നിൽക്കുകയായിരുന്നു എന്നോർത്തപ്പോൾ അവനൊരു ജാള്യത തോന്നി.

“എടൊ എനിക്ക് തന്നോടൊരു കാര്യം പറയാനുണ്ട് കുറച്ചു നാളായീ പറയണമെന്ന് ആഗ്രഹിക്കുന്നു. ഒരുപക്ഷെ തനിക്ക്‌ അറിയുന്ന കാര്യമായിരിക്കാം. എനിക്ക് തന്നെ ഇഷ്ടമാണ്. വിവാഹം കഴിക്കാൻ താല്പര്യമുണ്ട്. താൻ ആലോചിച്ചൊരു മറുപടി തന്നാൽ മതി”.

പുള്ളി പറയാൻ പോകുന്നത് ഇതായിരിക്കും എന്നറിയുന്നത് കൊണ്ട് പീലിക്ക് പ്രതേകിച്ചു ഒന്നും തോന്നിയില്ല.

“ക്ഷമിക്കണം അജീഷേട്ടാ. എനിക്ക് ചേട്ടനോട് അങ്ങനൊരിഷ്ടം ഇല്ല. ചേട്ടന് അറിയാമായിരിക്കുമല്ലോ ഞാൻ എന്ത് കഷ്ടപ്പെട്ടിട്ടാണ് പഠിക്കാൻ പോകുന്നതെന്ന്. എന്റെ മനസിലിപ്പോ ആ ഒരു ലക്ഷ്യം മാത്രേയുള്ളു. ചേട്ടനെന്നോട് വന്നു സംസാരിച്ച കാര്യം എന്റെ വീട്ടിലറിഞ്ഞാൽ എന്റെ പഠിത്തം അവസാനിക്കും. എന്നോട് ദേഷ്യമൊന്നും തോന്നിയേക്കല്ലേ”.

അവനെ മറികടന്നു മുന്നോട്ട് നടക്കുമ്പോൾ പീലിക്കൊരു സമാദാനം തോന്നി മനസിലുള്ളത് പറയാൻ കഴിഞ്ഞതിൽ. തന്റെ പിറകെ നടന്നു പുള്ളിയുടെ സമയം കളയണ്ടല്ലോ.

“എനിക്കറിയാം പീലി തന്റെ മറുപടി ഇതായിരിക്കുമെന്ന്. തന്റെ സ്വപ്നങ്ങൾക്ക് വിലങ്ങുതടിയാകാനല്ല എന്റെ പ്രണയം , സ്വപ്നത്തിലേക്ക് നീ നടന്നടുക്കുമ്പോൾ നിന്റെ ഇടം കയ്യിൽ എന്റെ വലം കൈ ചേർത്ത് പിടിക്കാൻ വേണ്ടിയാണു. കാത്തിരിക്കും എത്ര നാളായാലും. ഈ അജീഷിന്റെ ജീവിതത്തിൽ പീലിയോളം ഒന്നിനെയും ഞാൻ ആഗ്രഹിച്ചിട്ടുമില്ല പ്രണയിച്ചിട്ടുമില്ല”
. അവന്റെ കണ്ണിൽ അവളോടുള്ള പ്രണയം അലതല്ലുകയായിരുന്നു

വാകചുവട്ടിലിരുന്ന് ആനന്തിന്റെ ചെവി തിന്നുന്ന രേഷ്മയെ കണ്ടു ചിരിയോടെയാണ് പീലി കോളേജ് ഗേറ്റ് കടന്നകത്തേക്ക് കയറിയത്. പീലിയെ കണ്ടതോടെ ആനന്ദ് ആശ്വാസത്തിൽ ഒന്ന് ചിരിച്ചു.

” ശോ ബാക്കി പിന്നെ പറയാടാ”

” ഒന്ന് പോയെടി എന്റെ ചെവിയടിച്ചു പോയെന്ന തോന്നുന്നേ.എന്റെ പൊന്ന് പീലി നീയിപ്പോ വന്നില്ലാരുന്നേൽ ഇവളെന്റെ ചെവി കടിച് തിന്നേനെ. വന്നപ്പോ തൊട്ട് തുടങ്ങിയതാ ഏതോ തെലുങ്ക് സിനിമയുടെ കഥ പറഞ്ഞു വെറുപ്പിക്കൽ . പിന്നെ ഇവളായത് കൊണ്ട് ഒന്നും പറയാൻ ഒക്കില്ല ബുദ്ധിയില്ലാത്ത കുട്ടിയാ എപ്പോ എന്ത് ചെയൂന്നു പറയാൻ ഒക്കില്ല”.

“ആണോ!!! എന്നാൽ നീ ബാക്കി കൂടി കേട്ടിട്ട് പോയാൽ മതി”.

അവൾ പിടിക്കാൻ ചെല്ലും മുന്നേ അവനോടിയിരുന്നു. ഒരു ചിരിയോടെ പീലിയെ നോക്കിയ രേഷ്മയുടെ മുഖം ചുളിഞ്ഞു.

“നിന്റെ കവിളെന്താ നീര് വന്നിരിക്കുന്നത്”??

രേഷ്മ കവിളിൽ തൊട്ടതും പീലി നന്നായൊന്ന് എരിവ് വലിച്ചു. വേദനയാൽ അവളുടെ കണ്ണ് നിറഞ്ഞു തൂവി.

“നിന്നെയാ പെണ്ണുംപിള്ള തല്ലിയോ”??

ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു രേഷ്മ.പീലി കാര്യങ്ങളൊക്കെ വിശദീകരിച്ചു

“ഹും നിനക്ക് വേറെ പണിയില്ലായിരുന്നോ അവളുടെ കാര്യത്തിൽ ഉത്കണ്ട കാണിക്കാൻ. മനുഷ്യജീവിയാണെന്ന പരിഗണന പോലും നിനക്ക് തരാത്ത അവരെയൊക്കെ നി എന്തിനാ സ്നേഹിക്കുന്നത്”.

” അവളെന്റെ അനിയത്തി അല്ലെ രേഷു. എന്തേലും അരുതാത്തത് സംഭവിച്ച അച്ഛനത് താങ്ങില്ല”.

“ഒരച്ഛൻ , അങ്ങേരു നല്ലതായിരുന്നേൽ പണ്ടേക്ക് പണ്ടേ നിന്റെ ചെറിയമ്മ നന്നായിപോയേനെ”

“അച്ഛൻ പാവമാ രേഷു. എന്നെകാണുമ്പോ ആ കണ്ണിലെ കുറ്റബോധം ഞാൻ കണ്ടിട്ടുണ്ട്. ഞങ്ങടെ അടുത്തവീട്ടിലെ രാജി ചേച്ചിടെ അമ്മ എപ്പോളും പറയും അച്ഛൻ അമ്മയെ ഒരുപാടിഷ്ടമായിരുന്നു എന്ന് . എന്നെ ഗർഭിണി ആയിരിക്കുമ്പോൾ എന്റെ അമ്മയെ നിലത്തു വെയ്കാതെ കൊണ്ട് നടന്നിട്ടുണ്ടത്രേ. അമ്മയുടെ മരണശേഷം ഞാൻ കരയുമ്പോൾ അച്ഛൻ ഉറങ്ങാണ്ട് എന്നേം എടുത്ത് കൊണ്ട് നടക്കുമായിരുന്നെന്ന്.വീണ ജനിക്കും മുൻപ് വരെ ഒരു കുറവും അറിയിക്കാതെയാണ് എന്നെ നോക്കിയത്. ചെറിയമ്മ എന്നെ ദ്രോഹിക്കും എന്നോർത്ത അച്ഛനെല്ലാ സ്നേഹവും മനസിലൊതുക്കി നടക്കണേ”.

” നിന്നെയൊർത്ത് നിന്റച്ഛനും അച്ഛനെയോർത്ത് നീയും എല്ലാമിങ്ങനെ സഹിക്കുന്നതാണ് കഷ്ടം.നീ ഇന്നലെ വീണയുടെ കൂടെ കണ്ടവൻ അവളുടെ കൂടെ പഠിക്കുന്നവനാണോ”??

“കണ്ടിട്ട് അങ്ങനൊന്നുമല്ല തോന്നിയത്. എന്തിനു ആ കോളേജിൽ പോലും പഠിക്കുന്നവനല്ല കണ്ടിട്ട് ”

“ആഹ് എന്തായാലും നീ ഇനി അവളുടെ കാര്യത്തിൽ ഇടപെടേണ്ട. ആ തള്ളയുടെ കൈത്തരിപ്പ് തീർക്കാൻ നിന്നു കൊടുക്കേണ്ട കേട്ടോ. വാ ക്ലാസ്സിലേക്ക് പോകാം. ഓഹ് ഈ ഹവർ ആ മാത്തൻ സർ ആണ്. കത്തിയടിച്ചു കൊല്ലും. ഹോ നിനക്ക് പിന്നെ കുഴപ്പില്ലലോ കോളേജ് ടോപ്പർ അല്ലയോ”.

പീലി ഒന്ന് ചിരിച്ചതേയുള്ളു. ആ കാര്യത്തിൽ രേഷ്മക്ക് അവളോട് ബഹുമാനം ആണ്. എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും പഠനത്തിൽ ഒരു വിട്ടുവീഴ്ചയും പീലി കാണിക്കാറില്ല

അച്ഛനും അമ്മയും ഒരു ചേട്ടനും അടങ്ങുന്നതാണ് രേഷ്മയുടെ കുഞ്ഞു കുടുംബം.ചേട്ടൻ രാഹുൽ, സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. ഇപ്പോ ബാംഗ്ലൂർ വർക്ക്‌ ചെയ്യുന്നു. അച്ഛൻ രാഘവൻ ബാങ്കിൽ ആണ് ജോലി. അമ്മ സീത ഒരു പാവം വീട്ടമ്മ. ചേട്ടന്റെയും അച്ഛന്റെയും കാന്താരിക്കുട്ടിയാണ് രേഷ്മ. കോളേജ് ലൈഫ് മാക്സിമം എൻജോയ് ചെയ്യുന്ന തിരക്കിലാണവൾ. പഠനത്തിലും ഒരുപാട് പിന്നിലൊന്നുമല്ല.

ആനന്തിനു ഒരു ചേച്ചിയാണ്. മാരീഡ് ആയി ഒരു കുഞ്ഞു ഉണ്ട് അനാമിക.അവർ ദുബായിൽ സെറ്റിൽഡ് ആണ്. വീട്ടിൽ അച്ഛൻ അമ്മ. പ്രണയം ദുഖമാണ് ഉണ്ണീ വായ്‌നോട്ടമല്ലോ സുഖം എന്ന പോളിസിയാണ് അവനു.

ലഞ്ച് ബ്രേക്ക് ടൈമിൽ ആഹാരം കഴിച്ചു കൈ കഴുകി വരുന്ന നേരത്താണ് ജൂനിയഴ്സിന്റെ കൂട്ടത്തിലെ ഒരു പെങ്കൊച്ചിനോട് കുറുകുന്ന ആനന്ദിനെ പീലിയും രേഷ്മയും കാണുന്നത്.

” എന്താടാ ഒരിളക്കം”??

കണ്ണുകൂർപ്പിച്ചു രേഷ്മയത് ചോദിച്ചതും നാണത്തോടെ ചിരിച്ച ആനന്ദിനെ പീലിയും രേഷ്മയും വാ പൊളിച്ചു നോക്കി നിന്നു.

“അത് സാധിക നമ്മുടെ ജൂനിയറാണ്. എന്നെ കണ്ടപ്പോ casual ആയി സംസാരിച്ചതാ”

“മ്മ്മ് ആയിക്കോട്ടെ”

ഒരു ലോഡ് അല്ല ഒന്നര ലോഡ് പുച്ഛം വാരി വിതറി രേഷ്മ അവനെ നോക്കി

” നിനക്കെന്താടി ഒരു പുച്ഛം , എന്നെക്കണ്ടാലേ പെൺപിള്ളേർ പിറകെ വരും അറിയോ”

” എവിടെ? എന്നിട്ടെവിടെ”??

പിറകിലേക്ക് നോക്കി ആരെയോ തിരയും പോലെ കാണിച്ചു രേഷ്മ ചോദിച്ചപ്പോ മനസിലാകാതെ ആനന്ദ്

” ആര്?എവിടേന്നു”??

“അല്ല ആരൊക്കെയോ വരൂന്ന് പറഞ്ഞു. ജ്യോതിയും വന്നില്ല തീയും വന്നില്ല “🥺🥺.

തന്നെ കളിയാക്കിയതാണെന്ന് അവനു അപ്പോളാണ് മനസിലായത്. അവളെ പിടിച്ചു വെച്ച് ചെവിക്കൊരു കിഴുക്ക് കൊടുത്തപ്പോളാ അവനൊരു സമാദാനമായത്.

അന്നത്തെ കെട്ടിപ്പിടിയും കൂമ്പിനിട്ട് ഇടിയും സ്നേഹപ്രകടനങ്ങളുമൊക്കെ കഴിഞ്ഞ് ഷീണിച്ചു നടന്നു വരികയായിരുന്നു രേഷ്മയും ആനന്തും. പീലി ഇതൊക്കെ കുറെ കണ്ടതാ എന്നുള്ള എക്സ്പ്രഷൻ ഇട്ടു ഒപ്പമുണ്ട്.

എത്തിപ്പൊങ്ങി ആണേലും ആനന്തിന്റെ തോളിൽ കയ്യിട്ടാണ് രേഷ്മ നടക്കുന്നത്. കോളേജ് ഗേറ്റ് കടന്ന് പുറത്തേക്ക് നടന്നതും ഒരു സൈഡിലേക്ക് തന്നെ ആരോ തള്ളും പോലെ തോന്നിയ ആനന്ദ് നോക്കിയതും വളിച്ചൊരു ഇളിയുമായി രേഷ്മ ആനന്ദിനെ കണ്ണ് കൊണ്ട് അപ്പുറത്തേക്ക് ചൂണ്ടി കാണിച്ചു. ബസ് സ്റ്റോപെത്തും മുന്നേയുള്ള രാധേച്ചിയുടെ ജ്യൂസ്‌ ഷോപ്പിലേക്കാണ് അവന്റെ നോട്ടം എത്തി നിന്നത്.

ഈ പരിസരത്തു ഏറ്റവും ടേസ്റ്റ് ഉള്ള ജ്യൂസ്‌ കിട്ടുന്ന കടയാണിത്. ഭർത്താവ് മരിച്ചു പോയ രാധേച്ചിയാണത് നടത്തുന്നത്. മൂന്നാളും മിക്കപ്പോളും അവിടെ ഹാജർ വെച്ചിട്ടെ വീട്ടിൽ പോകാറുള്ളു.

” എന്താണാവോ ഭവതിയ്ക്കാവശ്യം”??

” അത് നിനക്കറിയില്ലേ?? എന്റെ സ്പെഷ്യൽ ഫിഗ് ആൻഡ് ഹണി” .

പറയുമ്പോൾ തന്നെ വായിൽ അഞ്ചാറ് കപ്പലോടുന്നുണ്ടായിരുന്നു.

“അഹ് വരൂ ഇന്ന് നിന്റെ ചിലവാണ് കേട്ടോടാ”

” ഓഹ് പറയുന്നേ കേട്ടാൽ തോന്നും കഴിഞ്ഞ തവണ നീയാ പൈസ കൊടുത്തതെന്ന്. ശവം”

“അഹ് എങ്കിൽ നീ ശെരിക്കും കേട്ടോ അടുത്തയാഴ്ച എന്റെ വക നിങ്ങൾക്ക് ബിരിയാണി”

” അടുത്തയാഴ്ച ഇങ്ങെത്തിയേക്കണം”

ഷേക്ക്‌ തീർന്നിട്ടും ഗ്ലാസ്‌ നക്കി വടിക്കുന്ന രേഷ്മയുടെ കാലിനിട്ടൊരു ചവിട്ട് കൊടുത്തു ആനന്ദ്

” വേണേൽ ഒന്നൂടി പറയാം നീ ആ ഗ്ലാസ്‌ കൂടി വിഴുങ്ങാതെ മാറ്റി വെയ്ക്കു. ആഹാ ടോബി നിന്നെ കണ്ടാൽ ദക്ഷിണ വെച്ച് പോകും”

“എന്നാലൊരു പിസ്ത ഷേക്ക്‌ കൂടി”

ഇതൊക്കെ എങ്ങോട്ട് പോകുന്നെടി എന്നൊരു ഭാവത്തിൽ വീണ്ടും ഷേക്ക്‌ ഓർഡർ ചെയ്ത് രേഷ്മയെ നോക്കിയെങ്കിലും കണ്ടാമൃഗത്തിന്റെ സന്തതസഹാചാരി എന്ന നിലയിൽ തൊലിക്കട്ടിയും കൊണ്ടിരിക്കുന്ന രേഷ്മ എന്നോടോ ബാലാ എന്നൊരു ലുക്ക്‌ തിരിച്ചു കൊടുത്തു

ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ തന്നെ നോക്കി നിൽക്കുന്ന അജീഷിനെയാണ് പീലി കണ്ടത്. അതവളിൽ ഒരു അസ്വസ്ഥത നിറച്ചു. രാവിലെ പറഞ്ഞിട്ടും വീണ്ടും……..

അവൾ തലകുടഞ്ഞു അതൊക്കെ മറക്കാൻ ശ്രമിച്ചു. രാത്രി നാളത്തേക്കുള്ള അസൈൻമെന്റ് എഴുതി അത് പഠിച്ചോണ്ടിരുന്ന നേരത്താണ് വാതില്പടിയിൽ ഒരു നിഴലനക്കം കണ്ടത്. തല റൂമിനുള്ളിലേക്കിട്ട് പീലിയെ നോക്കി ചിരിച്ചു കൊണ്ട് വിസ്മയ് ആയിരുന്നു

പഠിക്കുന്നതിൽ എന്തേലും മനസിലാകാതെ വരുമ്പോളാണ് ഈ വരവ് . എല്ലാം പറഞ് മനസിലായെന്ന് ഉറപ്പായപോളാണ് അവൻ തിരികെ പോയത്.

നാമം ജപിച്ചു അമ്മയെ ഓർത്തു പീലി ഉറങ്ങാനായി കിടന്നു. രേഷ്മയുടെയും ആനന്ദിന്റെയും കാര്യം ഓർത്തപ്പോൾ അവൾക്ക് ചിരി വന്നു. എന്നിലിപ്പോ പുഞ്ചിരി നിറക്കാൻ അവർ രണ്ടാളും ഉണ്ടല്ലോ എന്ന സന്തോഷത്തിൽ അവളുടെ കണ്ണുകൾ പയ്യെ അടഞ്ഞു..

തുടരും