രചന – നന്ദിത ദാസ്
“ഇതെന്തു പണിയാ വിനുവേട്ടാ കാണിച്ചത്…
എന്നെക്കൂടി ഈ ചെളിക്കുണ്ടിലേക്കു വലിച്ചിട്ടില്ലേ…
ഈ കോലത്തിൽ ഇനി എങ്ങനെ വീട്ടിൽ ചെന്ന് കയറും?
കഷ്ടം ഉണ്ട് കേട്ടോ… ”
“അറിയാതെ പറ്റി പോയതല്ലേടോ ക്ഷമിക്കു പ്ലീസ്… ”
എങ്ങനെയൊക്കെയോ എഴുന്നേറ്റു നിന്നിട്ട് ഞാൻ അവളെക്കൂടി പിടിച്ചെഴുന്നേല്പിച്ചു…
“നമുക്ക് ആ തോട്ടിൽ പോയി ചെളിയെല്ലാം കഴുകി കളഞ്ഞിട്ട് പോകാം എന്താ യാമി??? ”
“ഹും… അതല്ലാതെ ഇനി വേറെ വഴി ഇല്ലല്ലോ… ”
എങ്ങനെയൊക്കെയോ വേച്ചു വേച്ചു തോട്ടിൻ കര എത്തി…
വൗ നല്ല തെളിഞ്ഞ വെള്ളം…
അതിലേക്കു ചാടി ഇറങ്ങി ഒന്ന് മുങ്ങി നിവർന്നു…
യാമി ശ്രദ്ധയോടെ ഡ്രസ്സിൽ പറ്റിയ ചെളി കഴുകുന്ന തിരക്കിലായിരുന്നു…
ശരിക്കും ലെച്ചുന്റെ അതേ സ്വഭാവം…
വലിയ കുറ്റപ്പെടുത്തലുകൾ ഒന്നും ഉണ്ടായില്ല…
എല്ലാത്തിനും അതിന്റെതായ പക്വത യാമിയുടെയും ലെച്ചുന്റെ സ്വഭാവത്തിൽ എടുത്തു പറയേണ്ടത് തന്നെയാണ്…
“എന്താ വായും പൊളിച്ചു നോക്കി നിൽക്കുന്നത്…
ഇങ്ങോട്ട് കയറി പോരെ…
ഏറെ നേരം വെള്ളത്തിൽ കിടന്നാൽ ജലദോഷം പിടിക്കും..
ശീലമില്ലാത്തതൊന്നും ചെയ്തു ശീലിക്കണ്ടാ… ”
യാമിക്കൊരു പുഞ്ചിരി സമ്മാനിച്ചു ഞാൻ തോട്ടിൽ നിന്നും കയറി…
നനഞ്ഞൊട്ടിയ കോഴികളെപോലെ ഞങ്ങൾ രണ്ടാളും വീട് ലക്ഷ്യമാക്കി നടന്നു…
“അതേ… വീടിന്റെ ബായ്ക്കിൽ കൂടി പോയാൽ മതി…
അതാകുമ്പോൾ അമ്മ കാണില്ല…
വിനുവേട്ടന് മതില് ചാടാനൊക്കെ അറിയാല്ലോ അല്ലേ? ”
“പിന്നെന്താ…
കോളജിന്റെ മതില് എത്രയോ തവണ ചാടി കടന്നിട്ടുള്ളവനാണ് ഞാൻ… ”
“എങ്കിൽ ഒക്കെ…
എന്റെ പിറകെ ചാടിക്കോ… ”
കള്ളന്മാരെ പോലെ പതുങ്ങി പതുങ്ങി യാമി മതിലുനപ്പുറം കടന്നു..
എനിക്ക് പൊട്ടിചിരിക്കാനാണ് തോന്നിയത്…
കൂടുതൽ ആലോചിച്ചു നിൽക്കാതെ ഞാനും പുറകെ തന്നെ ചാടി…
“അതേ… വിനുവേട്ടന് ഇനി ഒരു മതില് കൂടി ചാടാനുണ്ട്… മാഷിന്റെ വീടിന്റെ മതില് ദാ ആ കാണുന്നതാണ്…
പെട്ടെന്ന് ചാടിക്കോ…
എന്നിട്ട് ഫ്രഷ് ആയി വാ ഫുഡ് നന്ദുന്റെ വീട്ടിൽ നിന്നും കഴിക്കാം കേട്ടോ… ”
“ഒക്കെ.. ഒക്കെ..
അല്ല… തന്നെ ആരാ ഇങ്ങനെ വൃത്തിയായി മതില് ചാടാൻ പഠിപ്പിച്ചത്? ”
“ഗേറ്റ് കടന്ന് വരാൻ ടൈം എടുക്കുമെന്ന് പറഞ്ഞു ആദ്യമായി നന്ദു പറഞ്ഞു തന്ന ഐഡിയ ആണ്.. ”
“ഓഹ്ഹ്… എന്തായാലും നിങ്ങൾ രണ്ടാളും കിടുവാ കേട്ടോ…
ചക്കിക്കൊത്ത ചങ്കരൻ… ഓഹ് സോറി ചങ്കരി… ഹിഹി ”
“മതി മതി ചിരിച്ചത്… പെട്ടെന്ന് പോകാൻ നോക്കു…
ഞാനും പോവാ ബൈ ”
“മ്മ് ബൈ ”
ഭാഗ്യത്തിന് ബാത്‌റൂമിൽ കയറിയതും ഫ്രഷ് ആയി വന്നതൊന്നും അമ്മ അറിഞ്ഞില്ല…
പതിയെ നന്ദുവിന്റെ അടുത്തോട്ടു സ്കൂട്ട് ആകാൻ നോക്കിയപ്പോളാണ് പുറകിൽ നിന്നും അമ്മ വിളിക്കുന്നത്..
“വടക്കേലോട്ടാണേൽ തെക്കേൽ വന്നിട്ടുള്ള ആ കുട്ടിയെ കൂടി വിളിച്ചോണ്ട് പോ യാമി…. ”
“ഓഹ് ആള് അങ്ങ് വന്നോളും അമ്മേ…
ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു…. ”
“എങ്കിൽ മോള് പൊയ്ക്കോ… ”
“മ്മ് ശരി ”
നേരെ നന്ദുന്റെ റൂമിലോട്ട് പോയി…
സാധാരണ റൂം പുറത്തുന്നു ലോക്ക് ചെയ്യാറില്ല…
ഇതിപ്പോൾ അവൾ റൂമും പൂട്ടി ഇരിപ്പാണല്ലോ…
“ഡീ… നന്ദു…. വാതിൽ തുറക്ക്…”
“എന്താടി കിടന്നു വിളിച്ചു കൂവുന്നത്…
ഞാൻ വരുവാ… ”
റൂം തുറന്നു അവൾ പുറത്തേക്കു വന്നു…
എനിക്ക് മുഖം തരാതെ പെട്ടെന്ന് തന്നെ തിരിഞ്ഞു…
“എന്താ പതിവില്ലാതെ റൂം അടച്ചിട്ടു ഇരിപ്പ്…
നീ ഇങ്ങോട്ട് ഒന്ന് തിരിഞ്ഞേ…. ”
അവളുടെ മുഖം ഞാൻ എന്റെ നേരെ തിരിച്ചു വെച്ചു…
കണ്ണൊക്കെ ചുവന്നു കലങ്ങി കിടക്കുന്നു…
“ആഹ് ബെസ്റ്റ്…
എന്തിനാ ആവശ്യം ഇല്ലാതെ നീ കരയുന്നത് നന്ദു….
വെറുതെ ഒന്നും ആലോചിച്ചു കൂട്ടണ്ട കേട്ടല്ലോ…. ”
“ഓഹ്ഹ് ഇല്ല…. ഞാൻ ഒന്നും ആലോചിക്കുന്നില്ല…
പിന്നെ ആ കണ്ണനോട് പറഞ്ഞേക്ക് ഇനി എന്റെ നേരെ ഒന്നും വന്നേക്കരുതെന്നു ”
“എന്തോ??? എങ്ങനെ??? ഒന്ന് പോടീ…
എനിക്ക് അറിയാവുന്നതല്ലേ മോളെ നിന്നെ… ഈ വീറും വാശിയുമൊക്ക നേരിട്ട് സംസാരിച്ചാൽ തീരാവുന്നതേ ഉള്ളു…
അതെങ്ങനെ നീ നിന്നു കൊടുത്തിട്ട് വേണ്ടേ…. ”
“നീ നോക്കിക്കോ… ആളുടെ മുഖത്ത് നോക്കി ഞാൻ പറയും ഇഷ്ടം അല്ലെന്ന് ”
“മ്മ്… നിനക്കതിനു കഴിയില്ല നന്ദു… ”
” അതെന്താ?? ”
“കാരണം നീ കണ്ണേട്ടനെ സ്നേഹിക്കുന്നുണ്ട് ഒരുപാട്… എന്താ സത്യം അല്ലേ? ”
“ആഹ് എനിക്ക് അറിഞ്ഞു കൂടാ…
എന്തിനാ യാമി വെറുതെ ആ പാവത്തിന് ഒരു മോഹം കൊടുക്കുന്നത്…
ഒരു ജീവിതം ഇല്ലാത്തവളാണ് ഞാൻ…
കണ്ണേട്ടന് നല്ല ഒരു ഫ്യൂച്ചർ ഉള്ളതാണ്
ഒരിക്കലും ഞാനായിട്ട് അത് നഷ്ടമാക്കില്ല… ”
“നിനക്കൊന്നും പറ്റില്ല…
പറ്റാൻ ഞാൻ സമ്മതിക്കില്ല…
നീ ഇല്ലെങ്കിൽ പിന്നെ ഈ യാമി എന്തിനാ…
തനിച്ചാക്കി പോകാൻ ഒരിക്കലും ഞാൻ സമ്മതിക്കില്ല… ”
“പിന്നേ… ഞാൻ ടൂർ പോകുവല്ലേ നിന്നെയും കൊണ്ടുപോകാൻ… ഒന്ന് പോ പെണ്ണേ… ”
“ഹും കാണാം…
ഡി പിന്നേ വിനുവേട്ടൻ ചോദിച്ചു നീ എന്താ ഓടി പോയതെന്ന്…
കണ്ണേട്ടന്റെ കാര്യം ഞാൻ സൂചിപ്പിച്ചു…
വേറെ ഒന്നും പറഞ്ഞില്ല… ”
“മ്മ് നന്നായി…
നീ വാ എനിക്ക് വിശക്കുന്നു…
അച്ഛൻ കുറേനേരം കൊണ്ട് വിളിക്കുന്നുണ്ട്… ”
ഫുഡ് കഴിക്കാൻ താഴേക്ക് ഇറങ്ങി ചെന്നപ്പോൾ വിനുവേട്ടൻ അച്ഛനോടും ഏട്ടന്മാരോടും സംസാരിക്കുന്നുണ്ടായിരുന്നു…
എല്ലാരും ഒരുമിച്ചിരുന്നു ആഹാരം കഴിച്ചു…
ഭക്ഷണം കഴിഞ്ഞു യാമിയും ഞാനും കൂടി തെക്കേത്തൊടിയിലെ മൂവാണ്ടൻ മാവിൻ ചോട്ടിൽ പോയിരുന്നു…
അവിടെ ഇരുന്നാണ് സാധാരണ എന്തെങ്കിലുമൊക്കെ കുത്തി കുറിക്കാറുള്ളത്….
അതൊക്കെ എഫ്ബിയിൽ പോസ്റ്റി ലൈക്കുകൾ നേടുമ്പോൾ… കമൻറ്റുകൾ വായിക്കുമ്പോൾ ഒരു വല്ലാത്ത ആത്മ നിർവൃതി ആണ്…
“നിന്റെ പൊട്ടത്തരമൊക്കെ വായിക്കാനും ഇത്രയധികം ആളുകൾ ഉണ്ടോ നന്ദു…
ഇതിനുമാത്രം എന്താ നീ എഴുതുന്നത്… ”
“അതൊക്കെ ഉണ്ട് മോളെ…
വായനാശീലം ഇല്ലാത്ത നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല…
വായനയുടെ സുഖം നിനക്കറിയാമോ… ആ ലഹരിയിൽ വീണു പോയാൽ പിന്നെ ഒരു രക്ഷയും ഇല്ല എന്റെ യാമി… ”
“ഓഹ് ഒരു വല്യ സാഹിത്യകാരി…
എനിക്ക് ഈ നൃത്തം തന്നെ ധാരാളം…
അതാണ് എന്റെ ലഹരി…
എന്റെ സ്വപ്നം… എന്റെ ജീവിതം… ”
“അത് എനിക്ക് അറിയാവുന്നതല്ലേ മോളു…
ഒരിക്കൽ നീ എല്ലാരും അറിയപ്പെടുന്ന ഒരു നർത്തകി ആകും…
ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തും…
നീ നോക്കിക്കോ…
എന്റെ വാക്കുകൾ ഒന്നും വെറുതെ ആകില്ല… ”
“എല്ലാം ഗുരുവായൂരപ്പന്റെ കൈയിൽ…
ഇന്ന് ഒരു ന്യൂ അഡ്മിഷൻ ഉണ്ടെടി…
അമ്മ പറഞ്ഞു ഒരാൾ തിരക്കി വന്നുന്നു… ”
“ആഹ് അപ്പോൾ ഗുരുവായൂരപ്പൻ പണി തുടങ്ങി അല്ലേ…
നീ അനുഭവിച്ച സങ്കടങ്ങളെല്ലാം മാറുന്ന ഒരു ദിവസം വരും ഡി ഉറപ്പ്… ”
“നമുക്ക് വീട്ടിലോട്ടു പോകാം…
നീ എഴുന്നേൽക്കു… ”
“നീ പൊയ്ക്കോ യാമി…
ഞാൻ വന്നോളാം…
കുറച്ചു നേരം ഇവിടെ ഇരിക്കട്ടെ…
എഴുതാൻ നല്ല മൂഡ്… ”
“മ്മ് ഒക്കെ ”
പാവം യാമി… ജീവിതത്തിൽ എന്തെല്ലാം കഷ്ടപ്പാടുകൾ സഹിച്ചാണ് ഈ നിലയിൽ വരെ അവളെത്തിയത്…
ജീവിതത്തിൽ താങ്ങായി നിൽക്കേണ്ടവർ കൈവിട്ടപ്പോൾ സ്വന്തം അമ്മയെ മാത്രം ചേർത്ത് പിടിച്ചു അവൾ നേടിയതാണ് ഇതെല്ലാം…
ഒരുപാട് ഉയരങ്ങളിൽ അവൾ എത്തട്ടെ… എത്തണം…
നിഖിലേട്ടനുമായി വിവാഹം ഉറപ്പിച്ചില്ലാരുന്നേൽ ഉറപ്പായും വിനുവേട്ടന് അവളെ കിട്ടിയേനെ…
അവളുടെ കരിയറിന് ഒരിക്കലും ഒരു തടസ്സവും ഉണ്ടാകില്ലാരുന്നു…
പക്ഷേ…. നിഖിലേട്ടൻ ഇപ്പോൾ നൃത്തത്തോടു അനിഷ്ടം പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു…
ചിലങ്ക അഴിക്കുക എന്നുവെച്ചാൽ അത് യാമിയുടെ മരണത്തിനു തുല്യവും ആണ്…
എന്റെ യാമിക്ക് നല്ലത് മാത്രം വരുത്തണേ ഭഗവാനേ….
***************************************
“കണ്ണേട്ടൻ ഇത് എപ്പോൾ എത്തി? ”
“ഇപ്പോൾ വന്നതേ ഉള്ളു യാമി…
അമ്മ എന്നോട് കുറച്ചു വിത്തുകൾ ചോദിച്ചിരുന്നു…
തിരക്ക് കാരണം ഇങ്ങോട്ട് ഇറങ്ങാൻ പറ്റിയില്ല… ”
“എന്തായാലും കണ്ണേട്ടൻ എന്റെ അമ്മയ്ക്ക് കർഷകശ്രീ അവാർഡ് വാങ്ങി കൊടുക്കുന്ന ലക്ഷണം എല്ലാം കാണുന്നുണ്ട്…
എന്റെ കാര്യം പോലും നോക്കാൻ അമ്മയ്ക്ക് ഇപ്പോൾ ടൈം ഇല്ല… ഏത് നേരവും പറമ്പിൽ ആണ്… ”
“അതുകൊണ്ട് നിനക്ക് വിഷം ഇല്ലാത്ത പച്ചക്കറികൾ കഴിക്കാമല്ലോ യാമി…
ഞാൻ എങ്കിൽ അമ്മയുടെ കൂടെ പറമ്പിലോട്ട് ഒന്ന് പോകുവാ…
തിരിച്ചെത്തുമ്പോളേക്കും നീ ആ വിനയനെ ഒന്നിങ്ങോട്ട് കൂട്ടികൊണ്ടു വരൂ… കാര്യമായിട്ടൊന്നു പരിചയപ്പെടാലോ… ”
“മ്മ് ഒക്കെ… ”
ശ്ശോ നന്ദു ഒന്ന് ഇങ്ങോട്ട് വന്നിരുന്നെങ്കിൽ…
ഇന്ന് എന്തായാലും രണ്ടാളെയും കൂട്ടി മുട്ടിക്കണം…
ഞാൻ പോയി വിനുവേട്ടനെ വിളിച്ചു കൊണ്ടു വന്നു…
പുള്ളിയോട് കാര്യം അവതരിപ്പിച്ചു…
“ഓഹോ അങ്ങനെ എങ്കിൽ ഞാൻ കൂടെ നിൽക്കാം യാമി…
ആദ്യം കണ്ണനെ കൂട്ടിക്കൊണ്ടു വാ…
അതിന്റെ പുറകെ നന്ദുനെ കയറ്റി വിടാം നമുക്ക്… ”
“മ്മ്മ്… ഒക്കെ ഒക്കെ… ”
യാമി കണ്ണനെ കൂട്ടിക്കൊണ്ടു വന്നു…
“ഹായ് വിനയാ… രാവിലെ നന്നായി പരിചയപ്പെടാൻ കഴിഞ്ഞില്ലാലോ… അതാ യാമിയെ വിട്ട് ഇപ്പോൾ വിളിപ്പിച്ചേ…
ബുദ്ധിമുട്ട് ആയില്ലല്ലോ അല്ലേ? ”
“ഹേയ് എന്ത് ബുദ്ധിമുട്ട്…
ഞാൻ അവിടെ ആകെ ബോറടിച്ചിരിക്കുവായിരുന്നു…
ഇടക്ക് നന്ദുവും യാമിയും വരുന്നതാണ് ആകെ ഒരു ആശ്വാസം… ”
നന്ദുവിന്റെ പേര് പറഞ്ഞപ്പോൾ ആ മുഖം ഒന്ന് വിടർന്നു…
“എന്നിട്ട് നന്ദു എവിടെ? ”
ഞാൻ യാമിയെ ഒന്ന് കണ്ണ് കാണിച്ചു…
അവൾ ചിരിച്ചോണ്ട് നിൽക്കുവാണ്…
“എന്താ കണ്ണേട്ടാ നന്ദുനെ കാണണമെന്ന് തോന്നുന്നോ? എന്റെ ബലമായ സംശയം കണ്ണേട്ടൻ ഇങ്ങോട്ട് വന്നതിന്റെ പിന്നിൽ ഒരു ദർശന സുഖം ഇല്ലാതില്ല അല്ലേ… ”
“അവളൊന്നു പിടി തരേണ്ടേ യാമി…
കണ്മുന്നിൽ വന്നാൽ പിന്നെ കണ്ണടച്ചു തുറക്കും മുൻപേ ആള് മുങ്ങിയിട്ടുണ്ടാകും ”
“ആഹ് ഇന്ന് മുങ്ങില്ല…
ഞങ്ങൾ ഒരു സൂത്രം ഒപ്പിക്കാൻ പോവാ…
കണ്ണൻ കട്ടക്ക് കൂടെ നിന്നോളണം… ”
കാര്യങ്ങളൊക്കെ കേട്ടപ്പോൾ കണ്ണന് ആകെ പരിഭ്രാന്തി..
“അയ്യോ… എല്ലാരും കൂടി ചേർന്ന് പറ്റിച്ചുന്നു അറിഞ്ഞാൽ അവൾ പിന്നെ ഒരിക്കൽ പോലും എന്നോട് മിണ്ടിയില്ലെങ്കിലോ? ”
“അതൊന്നും ഇപ്പോൾ ഓർക്കണ്ട…
ആശാൻ എന്തായാലും യാമിയുടെ മുറിയിലോട്ടു കയറിക്കോളൂ…
അവൾ വന്നാലുടൻ യാമി ഇവിടുന്നു മാറും…
യാമിയെ അന്വേഷിച്ചു നന്ദു റൂമിൽ കയറുകയും ചെയ്യും…
അപ്പോൾ ഞങ്ങൾ വാതിൽ പുറത്തുനിന്നു പൂട്ടുന്നു…
നിങ്ങൾ സംസാരിക്കുന്നു… ശുഭം… ഒക്കെ… ”
യാമിയുടെ റൂമിനുള്ളിലേക്കു കയറിയപ്പോളും മുട്ടുകൾ രണ്ടും വിറക്കുന്നുണ്ടായിരുന്നു…
എന്റെ ഈശ്വര എനിക്ക് ഇത്ര പേടിയോ നന്ദുനെ…
സംസാരിക്കാൻ ശക്തി തരണേ…
കുളമാക്കല്ലേ…
ബി ബോൾഡ് കണ്ണാ ബി ബോൾഡ് എന്ന് മനസ്സിനെ കുറേ തവണ പറഞ്ഞു പഠിപ്പിച്ചു…
“അപ്പോൾ യാമി… നീ ഇവിടുന്നു നന്ദുനെ കൂവി വിളിച്ചോ… നിന്റെ കൂവൽ കേട്ടു അവൾ ഓടി വരണം… ”
“ഡൺ ”
യാമി പുറത്തേക്കിറങ്ങി നിന്നു നന്ദുനെ വിളിക്കാൻ തുടങ്ങി…
“നന്ദൂ… ഡി ഒന്നിങ്ങോട്ട് വാടി… കൂയി നന്ദു…. പെട്ടെന്ന് വായോ… ”
“എന്താഡാ എന്തുപറ്റി? ”
“അതൊക്കെ പറയാം പെട്ടെന്ന് വാ… ”
ഇവൾക്കിത് എന്തുപറ്റി…
ആഹ് എന്തായാലും ചെന്ന് നോക്കാം..
മതിൽ ചാടി കടക്കാൻ നോക്കിയപ്പോൾ അമ്മ ദഹിപ്പിച്ചൊരു നോട്ടം…
പിന്നെ ആ സാഹസത്തിനു മുതിർന്നില്ല…
നല്ല കുട്ടിയായി നേരെ ഗേറ്റ് വഴി യാമിയുടെ വീട്ടിലേക്കു…
“ആഹാ വിനുവേട്ടൻ ഇവിടെ ഇരിപ്പുണ്ടാരുന്നോ? അവൾ എന്തിയേ? കിടന്നു കാറി കൂവി വിളിക്കുന്ന കേട്ടല്ലോ? ”
“റൂമിൽ ഉണ്ട്… എന്തോ കണ്ടില്ലെന്നോ മറ്റോ പറയുന്നത് കേട്ടു അത് നോക്കാനായിരിക്കും വിളിച്ചത് ”
“അല്ലേലും അവൾ അങ്ങനെ ആണ്… ഒരു ഉത്തരവാദിത്തവും ഇല്ല… ഞാൻ എന്താണെന്നു ചോദിക്കട്ടെ കേട്ടോ ”
“മ്മ് മ്മ് ചോദിക്ക് ചോദിക്ക് ”
യാമിയുടെ റൂമിലേക്ക് നന്ദു കയറിയ ഉടനെ യാമി ഓടി വന്നു പുറത്തുനിന്നും വാതിൽ ലോക്ക് ചെയ്തു…
“എന്താടി.. യാ… മി.. ”
മുന്നിൽ കണ്ട ആളെ കണ്ടു വാക്കുകൾ മുറിഞ്ഞു പോയി…
ഈശ്വര ഇതെന്താ സ്വപ്നം ആണോ…
ഇങ്ങേരെന്താ യാമിയുടെ റൂമിൽ..
ഞാൻ എന്റെ കണ്ണുകൾ തിരുമ്മി നോക്കി…
(തുടരും )

by