23/04/2026

സ്നേഹപൂർവ്വം നിനക്കായ് : ഭാഗം 04

രചന – അശ്വതി അച്ചൂസ്

ദിയ പക്ഷെ എത്ര ശ്രെമിച്ചിട്ടും വാതിൽ തുറക്കാൻ കഴിഞ്ഞതേ ഇല്ല. അത് ലോക്ക് ആണെന്ന് അവൾക്ക് മനസിലായി. നിരാശയോടെ അവൾ ബാഗ് സോഫയിൽ ഇട്ടു.
ചെറു ചിരിയോടെ തന്റെ മീശയൊന്നു പിരിച്ചു വെച്ച് ഹരി പതിയെ സ്റ്റെപ്പ് ഇറങ്ങി വന്നു.
ഒരു അഞ്ചു മിനിറ്റ് എന്നെ കേൾക്കാൻ നിനക്ക് പറ്റില്ലല്ലേ ”
“നിങ്ങളുടെ വീട് നിങ്ങളുടെ ഇഷ്ടം… ബാക്കി ഞാൻ പറയുന്നില്ല ”
അവൾ സോഫയിൽ ഇരുന്നു.
ഹരി അവൾക്ക് എതിരെ വന്നിരുന്നു.
എത്ര വർഷങ്ങൾക്ക് ശേഷമാണ് കാണുന്നത്. പക്ഷെ കുറച്ചു ദിവസങ്ങൾ കാണാതിരുന്ന പരിഭവമാണ് അവളുടെ മുഖത്ത്. ഹരി പതിയെ അവൾക്ക് അരികിലേക്ക് മാറിയിരുന്നു.
അത് അറിഞ്ഞു എങ്കിലും ശ്രെദ്ധിക്കാത്ത മട്ടിൽ തലക്ക് കൈ കൊടുത്ത് കുനിഞ്ഞ് ഇരുന്നു.

ഹരി പതിയെ പറഞ്ഞു തുടങ്ങി.
“അന്ന്…. അവിടെ നിന്ന് ഇറങ്ങി എന്ത് വേണം എന്ന് അറിയില്ലായിരുന്നു. അമ്മയില്ലാത്ത കുഞ്ഞിനെ എങ്ങനെ വളർത്തും എന്നറിയാതെ ഞാൻ കുഴഞ്ഞു. എന്ത് കൊടുക്കും എങ്ങനെ കൊടുക്കും എങ്ങനെ കുളിപ്പിക്കും…. എങ്ങനെ കളിപ്പിക്കും… ഒന്നും ഒന്നും അറിയാതെ നീണ്ട ഒരു വർഷം. ആ ഒരു വർഷം സത്യം പറഞ്ഞാൽ… ദിയ നിന്നെ ഞാൻ ഓർത്തതെ ഇല്ല. ”

ഓർക്കില്ല…. നിങ്ങൾ ഓർക്കില്ല. ആ ഒരു വർഷം ഒരു ഭ്രാന്തിയെ പോലെ നിങ്ങളെ കുറിച്ച് മാത്രം ഓർത്തു നടന്ന ഞാൻ എത്ര വലിയ വിഡ്ഢിയാണ്. എന്റെ അച്ഛൻ…. എന്റെ അച്ഛൻ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ഇന്ന് സുബോധത്തോടെ നിങ്ങൾക്ക് മുന്നിൽ ഈ ദിയ ഇരിക്കുന്നത്…. എന്ന് ഉറക്കെ വിളിച്ചു പറയണം എന്നുണ്ട്… പക്ഷെ പറഞ്ഞില്ല. നിറഞ്ഞ കാണുകൾ തുടച്ച് വീണ്ടും അവനായി കാതോർത്തു.
“മോള് സംസാരിച്ചു തുടങ്ങിയപ്പോൾ ആണ് ആദ്യമായ് ഞാൻ നിന്നെ കുറിച്ച് ഓർത്തത്. അന്നവൾ ആദ്യമായ് അമ്മയെ ചോദിച്ചപ്പോൾ യാതൊരു മടിയും കൂടാതെ നിന്റെ ഫോട്ടോ കാട്ടി കൊടുത്തു. പിന്നീട് ഒരു ഓട്ടമായിരുന്നു നിന്നെ തേടി. ഞാൻ ഒറ്റയ്ക്ക് തിരഞ്ഞാൽ കിട്ടില്ല എന്നുറപ്പായിരുന്നു അതാ മോള് കൂടെ അന്വേഷിക്കട്ടെ എന്ന് കരുതി നിന്റെ ഫോട്ടോ കാട്ടി അമ്മയാണ് എന്ന് പറഞ്ഞു കൊടുത്തത്.”
പറഞ്ഞു കഴിഞ്ഞ് ഹരി അവളെ നോക്കി..
“നിനക്ക് ഒരുപാട് കാര്യങ്ങൾ എന്നോട് ചോദിക്കാം ഉണ്ട് എന്നെനിക്കറിയാം…. ചോദിക്കണ്ട.”
അവൾ എന്തോ പറയാൻ വന്നത് വിഴുങ്ങി.
“പറ എന്താ പറയാൻ വന്നത് ”
“ഈ കല്യാണം മുടങ്ങും എന്ന് നിങ്ങൾക്ക് നേരത്തെ അറിയാമായിരുന്നില്ലേ ”
“ഉം ”
“എന്നിട്ടെന്താ മുന്നെ പറയാഞ്ഞത് ”
“ആ പറഞ്ഞിട്ട് വേണം ആ വാശിക്ക് നിന്റെ അച്ഛൻ വേറെ ആരേലും കണ്ട് പിടിച്ച് കറക്ട് സമയത്ത് വേറെ ആളെ കൊണ്ട് കെട്ടിക്കാൻ അല്ലെ ”
“അപ്പോ എന്റെ വിവാഹം മുടങ്ങാൻ വേണ്ടി മനഃപൂർവം…. നിങ്ങൾ ”
“അതെ. അത് മനസിലായില്ലേ നിനക്ക്. കറക്റ്റ് താലി കെട്ടുന്ന ടൈം ആയത് കൊണ്ട് സമയം കഴിഞ്ഞു പോവുകയും ചെയ്യും ”
” എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. നിങ്ങൾ അങ്ങനെ ഒക്കെ ചെയ്തു എന്ന്. എന്തിന്… എന്തിന് അങ്ങനെ ഒക്കെ ചെയ്തു.”
ഹരി പതിയെ അവളുടെ ഇടം കൈയിൽ വിരലുകൾ കോർത്തു.
“നിന്നെ വേറെ ആർക്കും വിട്ട് കൊടുക്കാൻ എനിക്ക് പറ്റില്ലായിരുന്നു. അത് കൊണ്ട് ”
ദിയ പെട്ടന്ന് ചോദ്യം നിർത്തി. അത്ഭുതത്തോടെ അവനെ നോക്കി.
“ഉം?”
“എന്ന് വെച്ചാൽ ”
“അങ്ങനെ ഇപ്പോ വേറെ ആരും നിന്നെ കെട്ടണ്ട അത്ര തന്നെ ”
അവൾ അവനെ നോക്കി ഇരുന്നു. മനസിലാകുന്നില്ല ഇയാളെ
“ഉം??”
“ഒന്നൂല്ല… ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഹരിയേട്ടാ?”
“ചോദിച്ചോ ”
“സത്യം പറ ഹരിയേട്ടാ നിച്ചു ആരുടെ മോളാണ്?”
ഹരി പെട്ടന്ന് അവളുടെ കൈ വിട്ടു.
“അവൾ എന്റെ മകൾ ആണ് ”
“കള്ളം…. അത് അന്നും ഞാൻ വിശ്വസിച്ചിട്ടില്ല ഇന്നും വിശ്വസിക്കുന്നില്ല”
ഹരി പെട്ടന്ന് എണീറ്റു.
അത് വരെ ഉണ്ടായിരുന്ന ചിരി മാഞ്ഞു
“നിച്ചു എന്റെ മകൾ ആണ്. എന്റെ മാത്രം…. മേലിൽ ഈ ചോദ്യം എന്നോട് ചോദിക്കരുത്.”
ദിയ അയാളെ നോക്കി നിന്നു. എല്ലാം കഴിഞ്ഞു എന്നും ഇനി ഒരു പുതിയ ജീവിതം എന്നും ആരെ കുറിച്ച് താൻ വിചാരിച്ചു…. അയാൾക്ക് താൻ ജീവനാണെന്ന് കരുതി ഒരു നിമിഷത്തേക്ക് അഹങ്കരിച്ചില്ലേ എന്തിന്….ഒരു നിമിഷം കൊണ്ട് എല്ലാം തീർന്നത് കണ്ടോ. നാലു കൊല്ലം മുൻപ് അപമാനിക്കപ്പെട്ടതിനേക്കാൾ വേദന തോന്നുന്നു ഇപ്പോൾ. ഒരു പക്ഷെ അന്നത്തേക്കാൾ അധികമായി താൻ ആഗ്രഹിച്ചകൊണ്ടാകും.

ഹരി താക്കോൽ എടുത്ത് വാതിൽ തുറന്നു. വലതു കൈ നിവർത്തി ദിയക്ക് പുറത്തേക്കുള്ള വഴി കാണിച്ചു.
ദിയ അവനെ നോക്കി. എന്ത് കൊണ്ടോ ഇപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞില്ല. ബാഗ് എടുത്തു തിരിഞ്ഞു നോക്കാതെ പോയപ്പോൾ തളർച്ചയോടെ ഹരി സോഫയിൽ ഇരുന്നു. വേണ്ടായിരുന്നു…. പാവം അവൾ അനുഭവിച്ചതിന്റെ മൂന്നിരട്ടി വേദന താൻ അനുഭവിച്ചു എന്ന് അവളോട് എങ്ങനെ പറഞ്ഞു മനസിലാക്കും…. അവളെ കൂടാതെ ഒരു ജീവിതം തനിക്കില്ല എന്നും. വേണ്ട ഇങ്ങനെ പോകട്ടെ. സമയം ഉണ്ടല്ലോ… അവൻ സമാധാനിച്ചു.

*****

ഡോറിൽ ആരോ മുട്ടിയപ്പോൾ ഹരി കണ്ണുകൾ തുടച്ച് എണീറ്റു.
“സാർ എങ്ങോട്ടോ പോകണം എന്ന് പറഞ്ഞിരുന്നില്ലേ. നാലരയായി സാർ ”
“ആ താങ്ക് യു സ്റ്റെഫി. വേറെ വല്ലതും ഉണ്ടേൽ നാളെ നോക്കാം ”
“ഓക്കേ സാർ.”

അവൻ വേഗം ഇറങ്ങി. വീട്ടി പോയി കുളിച്ചു. വീണ്ടും ഇറങ്ങി.

ദിയ വീട്ടിൽ എത്തുമ്പോൾ ഹരിയുടെ വണ്ടി കണ്ട് അവിടെ നിന്നു. ഓ വന്നോ വരുമെന്ന് കരുതിയില്ല. അവൾ പതിയെ അകത്തേക്ക് ചെന്നു.
“ദിയ…. മോളെ എന്താ നേരം വൈകി. ഹരി വന്നിട്ടുണ്ട് ”
“ഞാൻ ഒന്ന് ഫ്രഷ് ആയി വരാം അച്ഛാ ”
“ആ ”
അവൾ പെട്ടന്ന് ഫ്രഷ് ആയി ഇറങ്ങി. അധികം ഒന്നും ആലോചിച്ചു കൂട്ടാൻ ഇല്ല. എന്ത് മറുപടി ആണ് അവിടെ നിന്ന് വരിക എന്ന് അറിയില്ല.
“ആ ചെല്ല് മോളെ അവൻ പിന്നിൽ ഉണ്ട് ”
“ഉം ”
അവൾ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.
ഹരി അവിടെ തിണ്ണയിൽ ഇരിപ്പുണ്ടായിരുന്നു.
വാതിൽ തുറന്ന ശബ്ദം കേട്ട് ഹരി തിരിഞ്ഞു നോക്കി. ദിയ… ചുമരും ചാരി നിൽപ്പാണ്. അതെ വീട് അതെ പെണ്ണ് മാറ്റം വന്നത് തനിക്ക് ആണ്….. തനിക്ക് മാത്രം.
“ആ ദിയ വന്നോ. എന്തിനോ ഒരു അഞ്ചു മിനിറ്റ് എന്നോട് സംസാരിക്കണം എന്ന് പറഞ്ഞിട്ട്…. എന്താ പറയാൻ ഉള്ളത് ”
അവൾ അവനെ കണ്ണ് തുറുപ്പിച്ചു നോക്കി.
“പിണക്കത്തിൽ ആണല്ലോ. മാറിയില്ലേ ഇത് വരെ ”
അവൾ മറുപടി പറഞ്ഞില്ല.
“ശരി നിന്റെ ഈ മൗനം അതെന്നെ കുത്തിനോവിക്കുന്നുണ്ട് വല്ലാതെ ”

ഓ അപ്പൊ നിങ്ങൾക്കും വേദനയൊക്കെ ഉണ്ടല്ലേ. അവൾ മനസ്സിൽ പറഞ്ഞു.

“നിച്ചുവിനെ കുറിച്ച് അല്ലാതെ വേറെ എന്തും നിനക്ക് ചോദിക്കാം. ഞാൻ ഉത്തരം തരാം. അല്ലെങ്കിലും നിന്റെ ഏത് ചോദ്യത്തിനും ഉത്തരം നൽകേണ്ട ബാധ്യത എനിക്ക് മാത്രമാണല്ലോ ഉള്ളത്”
“ബാധ്യത.. അത്രയ്ക്ക് കഷ്ടപ്പെടണം എന്നൊന്നും ഇല്ല. ഞാൻ ആർക്കും ബാധ്യതയാകാൻ ഉദ്ദേശിച്ചിട്ടില്ല ”
“ഓ ഞാൻ അങ്ങനെ അല്ല ഉദേശിച്ചത്‌ ”
“അല്ലെങ്കിലും ഞാൻ ഉദ്ദേശിക്കുന്നത് മാത്രമാണല്ലോ തെറ്റ് ”
“ദിയ ഇങ്ങനെ വഴക്കിടാൻ ആണെങ്കിൽ…. നീ വാ എന്റെ വീട്ടിലേക്ക്. എന്നിട്ട് നമുക്ക് ഒന്നിച്ചു വഴക്കിടാം എന്ത് പറയുന്നു.”
അവൾ അവനെ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല
“എന്നെ തിരഞ്ഞു കുറെ നടന്നു എന്നല്ലേ നിച്ചുവിനോട് പറഞ്ഞത്. ഞാൻ നിന്റെ പുറകെ തന്നെ ഉണ്ടായിരുന്നു. നീ എന്താ ദിയ ഒന്ന് തിരിഞ്ഞു നോക്കാഞ്ഞത്.”
അവൾ മറുപടി നൽകിയില്ല
ഹരി എഴുന്നേറ്റ് അവൾക്ക് അരികിൽ എത്തി. പുറകിൽ നിന്ന് തന്നോട് ചേർത്ത് നിർത്തി.
“എനിക്ക് പേടിയുണ്ടായിരുന്നു നിന്നെ എനിക്ക് നഷ്ടപ്പെടുമോ എന്ന്. ജോലിക്ക് അജി വന്ന ശേഷം. നീ അവനുമായി നല്ല കമ്പനി ആയിരുന്നില്ലേ. ഞാൻ നിന്റെ പിറകെ ഉള്ളത് നിനക്ക് അറിയുകയും ഇല്ല. ഒരു നിമിഷം നീ അവനിലേക്ക് ചെയ്യുമോ എന്ന് പോലും ഞാൻ ഭയന്നു ”
അതിന് എന്റെ പേര് ഹരിനാരായണൻ എന്നല്ല….. എന്ന് പറയണമെന്ന് തോന്നി പക്ഷെ പറഞ്ഞില്ല.
“അവസാനം നീ എന്റെ കൈ വിട്ട് പോയി എന്ന് വരെ കരുതി ഞാൻ പക്ഷെ…”
ദിയ പെട്ടന്ന് തിരിഞ്ഞ് അവനെ നോക്കി
“പക്ഷെ ഈ മോതിരം ഇവിടെതന്നെ ഉണ്ട് എന്ന അറിവ് എന്റെ എല്ലാ സംശയങ്ങളും മാച്ചുകളഞ്ഞു.”
അവളും നോക്കി…. ശരിയാണ് താൻ മാത്രം അല്ല ഹരിയും ആ മോതിരം ഊരിയിരുന്നില്ല.
“നിച്ചുവിന് ഒരു അമ്മയെ മതിയായിരുന്നു എങ്കിൽ എനിക്ക് എപ്പോഴേ ആകാമായിരുന്നു ദിയ. എനിക്ക് വേണ്ടത് ഒരു ഭാര്യയെയാണ് എല്ലാ അർത്ഥത്തിലും എന്നെ അറിയുന്ന എനിക്കറിയുന്ന ഒരു ഭാര്യ. തനിക്ക് സമ്മതമാണെന്ന് ഞാൻ പറയട്ടെ തന്റെ അച്ഛനോട് ”
അവൻ പറഞ്ഞത് അവൾ കേട്ടില്ല. അവൾ അപ്പോൾ മറ്റൊരു കാര്യം ഓർക്കുകയായിരുന്നു.

********

കോളേജ് വിട്ട് വരുമ്പോൾ ആണ് ഹരി പെട്ടന്ന് കാറും കൊണ്ട് വരുന്നത്.
“അച്ഛനോട് ഞാൻ പറഞ്ഞിട്ടുണ്ട്. ലേറ്റായാലും കുഴപ്പമില്ലാ വീട്ടിൽ ആക്കാം ”
അവൾ തലയാട്ടി. ഹരിയേട്ടന് എന്ത് പറ്റി ആകെ നിരാശനായി. രണ്ടാഴ്ച കൂടെ കഴിഞ്ഞാൽ കല്യാണം ആണ് എന്നിട്ടാണോ ഇങ്ങനെ
കടപുറത്ത് വണ്ടി നിന്നപ്പോൾ അവൾ പതിയെ ചോദിച്ചു
“എന്താ ഹരിയേട്ടാ മുഖമൊക്കെ വല്ലാതെ എന്തേലും പ്രശ്നം ഉണ്ടോ ”
“ഏയ്‌ എന്ത് പ്രശ്നം.”
“പിന്നെ എന്താ ഇവിടെ. എന്തേലും പറയാൻ ഉണ്ടോ ”
“ഉം. ഇറങ്ങ് ”
അവർ ഇറങ്ങി ഫ്രീ ആയി കിടന്ന ഒരു സീറ്റിൽ ഇരുന്നു.
“ദിയ… ഞാൻ അത്യാവശ്യമായി പുറത്ത് പോവാണ്. അപ്പോ നിന്നെ ഒന്ന് കാണണം എന്ന് തോന്നി അതാ വന്നത് ”
“ഉം ”
“ദിയക്ക് എന്നെ ഒരുപാട് ഇഷ്ടമാണല്ലേ ”
“ഉം ”
“ഇഷ്ടം ഉള്ള ആള് എന്തെങ്കിലും തെറ്റ് ചെയ്താൽ ക്ഷെമിക്കാൻ കഴിയുമോ തന്നിക്ക് ”
“അതിന് ഹരിയേട്ടൻ എന്നോട് എന്തേലും…. എന്തെ ഹരിയേട്ടാ ”
“ഏയ്‌ ചുമ്മ ചോദിച്ചു എന്നെ ഉള്ളു. അങ്ങനെ എന്തേലും കാരണത്താൽ ഈ കല്യാണം മുടങ്ങി പോയാൽ ദിയ എന്ത് ചെയ്യും ”
“ആവശ്യം ഇല്ലാതെ ഒന്നും പറയല്ലേ ഹരിയേട്ടാ ”
“പറ എന്ത് ചെയ്യും ”
“ഞാൻ എന്ത് ചെയ്യണം ഹരിയേട്ടൻ പറ ”
അവൻ അവളുടെ കൈ കൈയിൽ എടുത്തു. മോതിരത്തിൽ പതിയെ ഉമ്മ വെച്ചു
” കാത്തിരിക്കുമോ… നീ എനിക്ക് വേണ്ടി ”
ദിയ നിറക്കണ്ണുകളോടെ അവനെ നോക്കി
“ദാ ആ കാണുന്ന കടൽ സാക്ഷിയാക്കി ഞാൻ വാക്ക് തരുകയാണ് ഈ ഹരിനാരായണന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ദാ എന്റെ ഈ കൃഷ്ണ ദിയ ആയിരിക്കും. മറ്റാർക്കുവേണ്ടിയും….. മറ്റൊന്നിനുവേണ്ടിയും…. നിന്നെ ഞാൻ വിട്ട് കളയില്ല. സത്യം ”
ദിയ നിറക്കണ്ണുകളോടെ അവന്റെ നെഞ്ചിൽ തലച്ചേർത്തു….

******

എന്നിട്ട് ഒരു കാരണവുമില്ലാതെ തന്നെ ഉപേക്ഷിച്ചു…. എല്ലാർക്കുമുന്നിലും വെച്ച് അപമാനിച്ച്… വേദനിപ്പിച്ച്…..
“ദിയക്ക് സമ്മതമാണെന്ന് ഞാൻ അച്ഛനോട് പറയട്ടെ ”
“ഉം ”
അവൾ പോലും അറിയാതെ മൂളിപോയി.
ഇത്രയൊക്കെ ചെയ്തിട്ടും നിങ്ങളിൽ നിന്ന് ഒരു രക്ഷപ്പെടൽ എനിക്ക് ഉണ്ടാകാത്തത് എന്താണ്…. അതിന് ഒരൊറ്റ ഉത്തരമേ ഉള്ളു…. പ്രണയം…. അതങ്ങനെ അലിഞ്ഞു ചേർന്നിരിക്കുന്നു തന്നിൽ. ശരിക്കും പ്രണയം എന്നല്ല വിളിക്കേണ്ടത് ഭ്രാന്ത്‌ എന്നാണ്. ആ കണ്ണുകളിൽ നിന്ന് ഒരു മടങ്ങിപോക്ക് തനിക്ക് അസാധ്യമാണ്….. തീർത്തും അസാധ്യമായ ഒന്ന്.

തുടരും