രചന – രോഹിണി ആമി
ഒരു കേസിന്റെ കാര്യത്തിന് പോയതാണ് തിരുവനന്തപുരം വരെ… അപ്പോളാണ് അവളെ കണ്ടത്.. കുട്ടികളുടെ കടയിൽ നിന്നും ഇറങ്ങി വരുന്നു… കുഞ്ഞിന് എന്തെങ്കിലും വാങ്ങാൻ വന്നതാവും… ഒന്നു അമ്പരന്നെങ്കിലും ഞാൻ വിളിച്ചു
അനു….
അവൾ തിരിഞ്ഞു നോക്കി…. എന്നെ കണ്ടിട്ട് മനസ്സിലായതുകൊണ്ടാവും അവൾ തിരക്കിലേക്ക് ഊളിയിട്ടു… പിറകെ പോയെങ്കിലും കണ്ടുപിടിക്കാൻ പറ്റിയില്ല….
ശ്ശോ… കൈയെത്തും ദൂരത്തുണ്ടായിട്ടും…. ഇനി എവിടെ ചെന്നു അന്വേഷിക്കും ഞാൻ…..
ചിന്തിച്ചു….. ചുറ്റും നോക്കി… അത്യാവശ്യം വലിയ കടയാണ്…. അപ്പോൾ ഇവിടെ കാർഡും എടുക്കും….. എന്തെങ്കിലും കിട്ടാതിരിക്കില്ല…. ബില്ലിംഗ് സെക്ഷനിലേക് പോയി…. അവിടെ ചോദിച്ചു… ഇപ്പോൾ വന്നു ബില്ല് അടച്ച ലേഡിയുടെ മൊബൈൽ നമ്പർ വേണം… അവിടെ നിന്ന പെൺകുട്ടി ഒന്നു സൂക്ഷിച്ചു നോക്കി…
സോറി സർ… കസ്റ്റമേഴ്സിന്റെ ഡീറ്റെയിൽസ് തരാൻ പറ്റില്ല…..
അയാൾ പോക്കറ്റിൽ നിന്നും ഐ ഡി കാർഡ് എടുത്തു കാണിച്ചു….. ഫ്രം പോലീസ്…
സോറി സർ…. മനസ്സിലായില്ല… ഞാൻ സാറിനോട് ചോദിച്ചിട്ട് വരാം… ഒരു മിനിറ്റ്… എനിക്ക് സ്വയം ഒന്നും ചെയ്യാൻ പറ്റില്ല..
ok…. പെട്ടെന്നുവേണം… ധൃതിയുണ്ട്…. അയാൾ പറഞ്ഞു….
അവൾ ആരോടോ ചോദിച്ചിട്ട് വന്നു… മൊബൈൽ നമ്പർ എടുത്തു തന്നു… എന്നിട്ട് പറഞ്ഞു… ഇവിടുത്തെ സ്ഥിരം കസ്റ്റമർ ആണ് ആ ചേച്ചി….
വേറെന്തെങ്കിലും…..
ഇല്ല സർ… ആ പിന്നെ… ഇവിടെ ഏതോ ഹോട്ടലിൽ റിസെപ്ഷനിസ്റ് ആണെന്ന പറഞ്ഞത്….
ഓക്കേ…. താങ്ക്സ്….
നിന്നെ ഞാൻ കണ്ടുപിടിച്ചു കൂടെകൊണ്ടുപോകും അനു…. നീ വന്നില്ലെങ്കിൽ ബലം പ്രയോഗിച്ചാണെങ്കിലും…
പോലീസ് ആയതുകൊണ്ട് ആ മൊബൈൽ നമ്പറിന്റെ അഡ്രെസ്സ് കണ്ടുപിടിക്കാൻ എളുപ്പമായിരുന്നു… പിന്നീട് ആ അഡ്രെസ്സ് കണ്ടുപിടിച്ചു…. ഒരു രണ്ടുനില വീടായിരുന്നു അത്… താഴെ ആൾതാമസം ഉണ്ട്…. വെളിയിൽ നിന്നും മുകളിലേക്ക് സ്റ്റെപ് ഉണ്ട്…
അപ്പോൾ പേയിങ് ഗസ്റ്റ് ആണ്…. അയാൾ ഊഹിച്ചു…. എന്നിട്ട് മാറിനിന്നു വീക്ഷിച്ചു…
ഒരു ഓട്ടോയിൽ നിന്നും അവൾ ഇറങ്ങി… കുനിഞ്ഞു കുഞ്ഞിനെ എടുത്തു…. ഉറക്കമാണെന്നു തോന്നുന്നു… തോളത്തു കിടത്തിയിരിക്കുവാ…. അനു ഓട്ടോക്കാരന് പൈസ കൊടുക്കുവാണ്…. കൈയിൽ രാവിലെ കണ്ട കടയുടെ കവറുകളും ഉണ്ട്….
ഗേറ്റ് തുറന്നു അവൾ ഉള്ളിൽ പോയതും ഒരു പ്രായംചെന്ന സ്ത്രീ വന്നു കുഞ്ഞിനെ വാങ്ങി…. അവളുടെ നെറ്റിയിൽ കൈയൊക്കെ വച്ചുനോക്കുന്നു…. അവർ തമ്മിൽ എന്തോ സംസാരിക്കുന്നുണ്ട്… കുഞ്ഞിനേയും കൊണ്ട് അവർ അകത്തേക്കും അനു മുകളിലേക്കും പോയി… അനുവിനെ ആ വീട്ടുകാർക്ക് നല്ല മതിപ്പാണെന്നു തോന്നി… അവളെ ആർക്കാ ഇഷ്ടമാവാത്തത്….
ഇപ്പോൾ അങ്ങോട്ട് പോകണ്ടാന്നു തോന്നി…. അവൾ ടെൻഷനിൽ എന്തെങ്കിലും കാണിച്ചുകൂട്ടും…. നാളെ പോകാം… ഞാൻ ഈ കേസ് അന്വേഷിച്ചു തിരിച്ചു പോകുമ്പോൾ നിന്റെ കൈ ഈ കൈയിലുണ്ടാവും അനു…. അയാൾ ഉറച്ചമനസ്സോടെ അവിടെനിന്നും പോയി……
തിരിച്ചു റൂമിൽ വന്നു കിടന്നു…. അനുവാണ് മനസ്സുനിറയെ… ആ കണ്ണുകളിൽ ഇപ്പോഴും ആ ധൈര്യം ഉണ്ട്… അവളെ ഒന്നു കണ്നിറയെ കാണാൻ കൂടി പറ്റിയില്ല….
അനുവിനെ ആദ്യം കണ്ടത് ഓർത്തെടുക്കാൻ നോക്കി….
താൻ കണ്ണൂരിൽ പണിഷ്മെന്റ് ട്രാൻസ്ഫെറിൽ വന്നതാണ്…. സ്വഭാവം അത്ര നല്ലതാ.. അതുകൊണ്ട് ഇടക്കിടക്ക് ഇങ്ങനെ കിട്ടിക്കൊണ്ടിരിക്കും… ഒരിക്കൽ ഒരു പെണ്ണ് എന്റെ ക്യാബിനിലേക്ക് കടന്നുവന്നു….
എന്താ കംപ്ലയിന്റ്…. ഒരു ലേഡി പോലീസിനെയും കൂടി വിളിച്ചു….. ആദ്യം അവൾ മിണ്ടാതെ ഇരുന്നു….
പറയു…. സമയം കളയാനില്ല… ഒരുപാട് ജോലിയുണ്ട്….
അവൾ പതിയെ അവളുടെ കഥ പറഞ്ഞു….
ഞാൻ അനു….. മുഴുവൻ പേര് അനു സുധീഷ്…
ഹവിൽദാർ സുധീഷിന്റെ ഭാര്യ….
ഒരു സാദാരണ റിട്ടയേർഡ് ഗവണ്മെന്റ് ഉദ്യോഗസ്ഥന്റെ മക്കളിൽ മൂത്തയാൾ… താഴെ ഒരനിയത്തിയുണ്ട്… അച്ഛന്റെ പെൻഷൻ പൈസയിലാണ് പിന്നീട് പഠിച്ചത്… റിട്ടയർമെന്റിൽ കിട്ടിയ പൈസ മുഴുവനും ബാങ്കിൽ ഇട്ടു… രണ്ടു പെണ്മക്കൾക്കുവേണ്ടി…
നല്ല ഒരാലോചന വന്നപ്പോൾ അച്ഛൻ എന്റെ കല്യാണം ഉറപ്പിച്ചു… ചെറുക്കൻ പട്ടാളത്തിലാണ്… അടുത്ത ലീവിനു വരുമ്പോൾ കല്യാണം നടത്തണം…. അമ്മയും അച്ഛനും അനിയനും വന്നു കണ്ടു ഉറപ്പിച്ചു പോയി…. അവർക്ക് ഇഷ്ടമായി… ഫോട്ടോ കണ്ടപ്പോൾ എനിക്കും ഇഷ്ടമായി… അച്ഛൻ ആകെ ഒരു കാര്യമേ പറഞ്ഞുള്ളൂ…. എന്റെ പഠിപ്പു കഴിഞ്ഞു മതിയെന്ന്…. അവരും സമ്മതിച്ചു….
പിന്നീട് എല്ലാ കാര്യങ്ങളും പെട്ടെന്നായിരുന്നു… നിശ്ചയം നടന്നു അദ്ദേഹം ഇല്ലാതെ… മാസങ്ങൾ കടന്നുപോയതറിഞ്ഞില്ല… എക്സാം കഴിഞ്ഞു… സ്വർണം എടുത്തു…. ഡ്രസ്സ് എടുത്തു… വിളിയും കഴിഞ്ഞു… ഇതിനിടയിൽ അറിഞ്ഞു പട്ടാളക്കാരൻ വന്നിട്ടുണ്ടെന്ന്… ഒരിക്കൽ അച്ഛന്റെ മൊബൈലിൽ വിളിച്ചു… എന്നോടും സംസാരിച്ചു… ടെൻഷൻ കാരണം ഒന്നും മിണ്ടിയില്ല…
കല്യാണം കഴിഞ്ഞു…. പിന്നീട് അങ്ങോട്ട് കുറച്ചു ദിവസത്തേക്ക് സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു…. എന്നെ നിലത്തു വച്ചിട്ടില്ല അദ്ദേഹം…. എന്റെ സുധിയേട്ടൻ…. ലീവ് കഴിഞ്ഞു പോകാൻ നേരം കരഞ്ഞു ആകെ കൊളമാക്കി… സുധിയേട്ടൻ പോയിക്കഴിഞ്ഞപ്പോളാണ് വീട്ടുകാരുടെ തനിനിറം മനസ്സ്സിലായത്…. എന്റെ സ്വർണം ഓരോരോ കാരണം പറഞ്ഞു വാങ്ങിക്കൊണ്ടേയിരുന്നു…. ഞാനും കൊടുത്തു… ഞാൻ വന്നതിൽപ്പിന്നെ അമ്മ അടുക്കളയുടെ ആ പരിസരം കണ്ടിട്ടില്ല… ആരോടും ഒന്നും പറഞ്ഞില്ല…. എന്റെ വീടായിക്കണ്ടു…. കഴിക്കാൻ തരുന്നുണ്ട് അത്രയും ആശ്വാസം….സുധിയേട്ടൻ വിളിക്കുമ്പോളും ഒന്നും പറയാറില്ല… ഏറ്റവും വിഷമം ഏട്ടൻ പൈസ അയച്ചു തരുമ്പോൾ എന്നെയും കൂട്ടി അമ്മ ബാങ്കിൽ പോയി എടുക്കും… അതിൽനിന്നും ഒരുരൂപ കൂടി എനിക്കു തരില്ല…. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവരോടു കെഞ്ചണം….
അടുത്ത തവണ ഏട്ടൻ വന്നപ്പോൾ എന്നെയും കൂടെ കൊണ്ടുപോയി ഒരു മാസത്തേക്ക്…. വീട്ടിൽ മുറുമുറുപ്പ് ഉണ്ടായെങ്കിലും ഏട്ടൻ അതു കാര്യമായിട്ടെടുത്തില്ല….
അവിടെ ചെന്നു പട്ടാളത്തെ ശരിക്കറിഞ്ഞു…. നമ്മൾ നാട്ടിൽ ഇരുന്നു കാണുന്നതും കേൾക്കുന്നതും അല്ല പട്ടാളം എന്നു തോന്നി…. രാവും പകലും ഇല്ലാതെ വെയിലോ മഴയോ അറിയാതെ ബൂട്ട് ഒന്നൂരി വക്കാൻ പറ്റാതെ നമുക്കുവേണ്ടി കഷ്ടപ്പെടുന്ന പാവം പട്ടാളക്കാർ…. വിഷമവും അഭിമാനവും ഒരുപോലെ തോന്നി…. വീട്ടുകാരേക്കാൾ കൂടെ നിൽക്കുന്നവനെ സ്നേഹിക്കുന്ന പട്ടാളക്കാർ… എന്നേക്കാൾ വലുതാണോ കൂട്ടത്തിൽ ഉള്ളവർ എന്നു ചോദിക്കുമ്പോൾ പറയും… യുദ്ധഭൂമിയിൽ നിൽക്കുമ്പോൾ ഒരിറ്റു വെള്ളം തരാൻ അവരെ ഉണ്ടാവൂ… എനിക്കു കുടിക്കാനുള്ള വെള്ളം മാത്രമേ ഉള്ളൂ എന്നു പറയാതെ പാതി തരും അവർ… എന്നിട്ട് ഇനിയും വേണോന്നു ചോദിക്കും…. കൂടെയുള്ളവരെപ്പറ്റി പറയുമ്പോൾ ഏട്ടന് നൂറു നാവാ…
ഒന്നുപറഞ്ഞു രണ്ടാമത്തേതിന് കരയാൻ തുടങ്ങുന്ന എന്നോട് എപ്പോളും പറയും… പട്ടാളക്കാരന്റെ ഭാര്യ കരയാൻ പാടില്ല എന്നു… എപ്പോഴും കണ്ണിലും മനസ്സിലും ധൈര്യം ഉണ്ടാവണം എന്ന്….
തിരിച്ചു നാട്ടിൽ കൊണ്ടാക്കി… ഏട്ടൻ തിരിക്കുമ്പോളേക്കും ഞങ്ങളുടെ കുഞ്ഞുവാവ എത്തിയിരുന്നു എന്റെ വയറ്റിൽ……
വാവയുണ്ടായപ്പോൾ ഏട്ടൻ വന്നിരുന്നു പത്തു ദിവസത്തേക്ക്…. കണ്ടു കൊതി തീരുന്നതിനുമുന്പ് തിരിച്ചു പോയി…. വാവയുടെ നൂലുകെട്ടിനും ചോറൂണിനും ഒന്നും വന്നില്ല…. എന്തൊക്കെയോ പ്രോബ്ലെംസ് ഉണ്ടായതുകൊണ്ട് വീഡിയോ കാൾ പോലും ചെയ്യാൻ പറ്റിയില്ല….
ഒരു ദിവസം കുഞ്ഞിനെ കളിപ്പിച്ചോണ്ടിരുന്നപ്പോൾ പോലീസ് വാർഡ് മെമ്പർ വീട്ടിൽ നിന്നും എല്ലാവരും പിന്നെ നാട്ടുകാരും വരുന്നത് കണ്ടത്…. പുറകെ ഒരു ആംബുലൻസ് വന്നു…. അതിൽനിന്നും വെള്ളയിൽ പൊതിഞ്ഞു സുധിയേട്ടൻ…. ഒന്നേ നോക്കിയുള്ളൂ… പിന്നീട് ഞാൻ ഉണരുന്നത് രണ്ടു ദിവസം കഴിഞ്ഞാ…. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു… അല്ലേലും ജീവനില്ലാത്ത സുധിയേട്ടനെ കാണാൻ എനിക്കാവില്ലായിരുന്നു… ചിരിക്കുന്ന മുഖം മനസ്സു നിറഞ്ഞു നിൽക്കുന്നുണ്ട്… കുഞ്ഞിനെ നോക്കാനോ പാലു കൊടുക്കാനോ…… എന്തിനു… ഒന്ന് കരയാൻ പോലും പറ്റാതെ എത്ര ദിവസം….. ആ സംഭവത്തിന് ശേഷം എന്റെ വീട്ടിലായിരുന്നു ഞാൻ….. ഏട്ടന്റ വീട്ടുകാർ അന്വേഷിച്ചു വന്നു…. തിരിച്ചുകൊണ്ടുപോകാൻ. പോകാൻ മനസ്സു വന്നില്ലെങ്കിലും അനിയത്തിയുടെ കല്യാണം ആലോചിക്കുന്ന സമയം ആയതോണ്ട് എനിക്കും അവരെ അനുസരിക്കേണ്ടിവന്നു…. അച്ഛനും ഒന്നും പറഞ്ഞില്ല…… ഞാൻ ഒരു ബാധ്യത ആകുമെന്ന് തോന്നിക്കാണും…
വീട്ടിൽ വന്നപ്പോഴാണ് എന്നോടുള്ള സ്നേഹം കൊണ്ടല്ല കൂട്ടിക്കൊണ്ടു വന്നതെന്ന് മനസ്സിലായത്… ഏട്ടന്റെ പൈസ വന്നിട്ടുണ്ട്… അത് അവരുടെ കൈയിൽ വരണം…. ഞാൻ ഇനി വേറെ ആരെയെങ്കിലും കെട്ടിയാലോ…. കുറച്ചു മാത്രമേ അമ്മയുടെ പേരിൽ വരൂ…. ബാക്കി ഭാര്യക്കും കുഞ്ഞിനും…. ഇനി ഇതുകൂടി വേണം…. ഞാൻ വഴങ്ങുന്നില്ല എന്നു കണ്ടപ്പോൾ അനിയനെ കല്യാണം കഴിക്കാൻ നിർബന്ധിച്ചു…. ഭിത്തിയിൽ ഇരിക്കുന്ന ഏട്ടന്റെ ഫോട്ടോ കരയും പോലെ തോന്നി എനിക്ക്…. അവരുടെ അഭ്യർത്ഥന പിന്നീട് ഭീഷണി ആയി… എന്നെ കൊല്ലില്ല എന്നെനിക്കറിയാം… അവർക്ക് വേണ്ടത് എന്നെയല്ലെന്നും എനിക്ക് അറിയാം.. ഒരിക്കൽ…. ഒരു രാത്രിയിൽ… അനിയൻ എന്റെ മുറിയിൽ…. എന്നെ കയറിപിടിക്കാൻ…. എങ്ങനെ ഓടി വെളിയിൽ ഇറങ്ങിയെന്നു എനിക്കറിയില്ല… വീടിനു വെളിയിൽ ഒരു രാത്രി മുഴുവൻ…. ആരും വിളിച്ചുമില്ല…. പിന്നീടാണ് അറിഞ്ഞത് എല്ലാവരും അറിഞ്ഞുകൊണ്ടാണ് ആ നാടകം നടന്നതെന്ന്…. എന്നെ കീഴടക്കി കഴിഞ്ഞാൽ പിന്നെ അനിയനെ കല്യാണം കഴിക്കുകയല്ലേ നിവൃത്തിയുള്ളു.. അതറിഞ്ഞു ആ നിമിഷം ഇറങ്ങി അവിടുന്ന്….
തുടരും

by