രചന – ആരുണി കൃഷ്ണ
ഇറങ്ങുമ്പോൾ സുഭദ്ര, ദേവനെ ഒന്ന് നോക്കി… ദേവൻ നൽകിയ പുഞ്ചിരിയിൽ ഉള്ളിലെ ഭാരം ഇറക്കി വെച്ച പോലെ സുഭദ്രക്ക് തോന്നി…
********************************************
രണ്ട് ആഴ്ച്ച നീണ്ട ആശുപത്രി വാസത്തിന് ഒടുവിൽ, സുഭദ്ര കോട്ടൂർ തറവാട്ടിൽ തിരികെ എത്തി… ഇപ്പോൾ ചെറുതായി പിടിച്ചു നടക്കാം എന്നായി… മുറിവുകൾ ഏറെക്കുറെ പൂർണമായും ഭേദമായി… വീണ്ടും ആ വീട്ടിൽ പഴയ സന്തോഷം തിരിച്ചെത്തി… ഒരു ദിവസം സന്ധ്യ നേരം…
“അനന്ദേട്ടാ… എനിക്ക് ഒരു കൂട്ടം പറയാനുണ്ട്… എല്ലാരേയും വിളിക്കു… ”
“എന്താ മോളെ…? ”
“പറയാം ഏട്ടാ….എല്ലാരോടും കൂടി വേണം… ”
അനന്ദൻ എല്ലാരേയും വിളിച്ചു….
“ഇനി ഞാൻ പറയാൻ പോകുന്ന കാര്യം ചിലപ്പോൾ എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയില്ല പക്ഷെ ഇപ്പൊ എനിക്ക് ഈ ഒരു മാർഗമേ ഉള്ളു… ”
” മിഥുവിന്റെ വിവാഹം ഉടനെ നടത്തണം… !!”
കേട്ടത് വിശ്വസിക്കാൻ കഴിയാതെ മിഥു ചാടി എഴുന്നേറ്റു…
“വിവാഹമോ… ഇപ്പോഴെയോ.അവൾ പഠിക്കുവല്ലേ..? ”
“ഏട്ടാ, ഈ വിവാഹം അവളുടെ പഠനത്തിന് ഒരിക്കലും ഒരു തടസ്സം ആകില്ല ഏട്ടാ… എനിക്ക് പൂർണ വിശ്വാസമുണ്ട്… ”
“നിങ്ങൾക്ക് എല്ലാർക്കും അറിയാം…. നന്ദേട്ടന്റെ മരണം വെറുമൊരു ആക്സിഡന്റ് അല്ലെന്ന്…. അതിന് പിന്നിൽ ചില പക പോക്കലുകൾ ഉണ്ട്… ഇനിയും പുറത്ത് വരാത്ത കുറെ സത്യങ്ങൾ… അതിന്റെ പ്രതികാരം എന്നോടും എന്റെ മക്കളോടും അവർ തീർക്കും… കാരണം മരിക്കും മുൻപ് അവർക്കുള്ള കുരുക്ക് തീർത്തു വെച്ചിട്ടാണ് അദ്ദേഹം പോയത്… അവർ വിചാരിക്കുന്നത് എനിക്കും മിഥുവിനും ആ സത്യങ്ങൾ അറിയാം എന്നാണ്, പക്ഷെ അദ്ദേഹം ഞങ്ങളെ അതിലേക്ക് കൊണ്ട് വരാൻ ആഗ്രഹിച്ചില്ല… പക്ഷെ അദ്ദേഹത്തിന്റെ മരണത്തിലൂടെ ഞങ്ങളും ആ കേസിലേക്ക് വലിച്ചിഴക്കപ്പെട്ടു…. ഇപ്പൊ എനിക്ക് ഉണ്ടായ ആക്സിഡന്റ് പോലും അതിന്റെ ഒക്കെ ബാക്കിയാണ്… എന്റെ കുഞ്ഞുങ്ങൾക്ക് കൂടി ഒരു ആപത്ത് ഉണ്ടാവാൻ പാടില്ല… അതിന് അവർ ഏറ്റവും സുരക്ഷിതമായൊരു കയ്യിൽ എത്തണം…. അഥവാ എനിക്ക് എന്തെങ്കിലും സംഭവിച്ചാലും, അവർ സുരക്ഷിതർ ആവണം… ”
“ഈശ്വരാ അമ്മ ഇത് എന്തൊക്കെയാ പറഞ്ഞു വരുന്നത്… അമ്മക്ക് അറിയില്ലെങ്കിലും, എനിക്ക് അറിയാം എല്ലാ സത്യങ്ങളും… പക്ഷെ അവയൊക്കെ എങ്ങനെ നിങ്ങളെ പറഞ്ഞു മനസ്സിലാക്കും ഞാൻ..വിവാഹമോ അച്ഛന്റെ മരണത്തിന് ഉത്തരവാദി ആയവരെ നിയമത്തിനു മുന്നിൽ എത്തിക്കാതെ എങ്ങനെ…. ” മിഥുവിന്റെ ഉള്ളിൽ സങ്കടവും ദേഷ്യവും പകയും അലയടിച്ചുകൊണ്ടിരുന്നു….
“നിന്റെ മകളുടെ കാര്യമല്ലേ… ഇപ്പൊ ഞങ്ങളുടെ വാക്കുകൾക്ക് എന്ത് പ്രസക്തി… ”
സുജാത പരിഭവം അറിയിച്ചു..
“ഏട്ടത്തി, നമ്മുടെ മക്കളെ എന്നെങ്കിലും എന്റേത് നിന്റേത് എന്ന് ഞാൻ കണ്ടിട്ടുണ്ടോ… പ്രവീണയും മിഥുവും എനിക്ക് ഒരുപോലെയാണ്… അതുകൊണ്ട് തന്നെ എനിക്ക് നിങ്ങളുടെ സമ്മതവും പിന്തുണയും വേണം… ”
സുഭദ്ര ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു…
“ഭദ്രേ, വിവാഹം ഉറപ്പിച്ചു… അവൾ സുരക്ഷിത ആകും അതിലൂടെ എന്ന് നീ പറയുന്നല്ലോ… ആരുമായിട്ടാണ് എന്ന് മാത്രം പറഞ്ഞില്ല… ”
“ശ്രീറാം… ദേവേട്ടന്റെ മകൻ… ”
മിഥുവിന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി…
“എന്റെ സുരക്ഷക്ക് വേണ്ടി അമ്മ എന്ത് അവിവേകമാണ് ചെയ്യാൻ ഒരുങ്ങുന്നത് … അച്ഛനെ വകവരുത്തിയവരുടെ കയ്യിൽ ഞാൻ സുരക്ഷിത ആണെന്നോ… പാടില്ല… ഇത് നടക്കാൻ പാടില്ല… ”
“അമ്മേ… ”
മിഥു വിളിച്ചതും, ശ്രീയും ദേവനും ഒപ്പം ലതയും ശ്രീക്കുട്ടിയും അവിടേക്ക് വന്നത് ഒരുമിച്ച് ആയിരുന്നു…
“വാ മോനെ…. ”
“ഇതാണ് മിഥുവിന് വേണ്ടി ഞാൻ കണ്ടത്തിയ, എന്റെ മരുമകൻ… അല്ല മകൻ… ”
അതു പറഞ്ഞു ശ്രീയുടെ കൈകളിലേക്ക് മിഥുവിന്റെ കൈകൾ സുഭദ്ര ചേർത്ത് വച്ചു…
മിഥു ഒന്നും പറയാൻ കഴിയാതെ എല്ലാം കേട്ട് സ്തംഭിച്ചു നിൽക്കുകയായിരുന്നു…
ശ്രീക്കും ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല… അവൻ ദേവനെയും ലതയെയും നോക്കിയപ്പോൾ അവർ നിന്ന് ചിരിക്കുന്നു..
“ശ്രീക്കുട്ടൻ ആയിരുന്നോ , നീ കണ്ടത്തിയ പയ്യൻ… ആദ്യം അതു പറയാത്തത് എന്താ ഭദ്രേ…. ” അനന്ദൻ തീർത്തും ഗൗരവത്തോടെ പറഞ്ഞു….
“എന്താ ഏട്ടാ….ഏട്ടന് ഇഷ്ടം ആയില്ലെന്നുണ്ടോ.. ? ”
സുഭദ്ര ആശങ്കയോടെ ചോദിച്ചു…
“ഇവനെ ഇഷ്ടപ്പെടാതെ ഇരിക്കാൻ എന്താ… ശ്രീക്കുട്ടൻ ആണെങ്കിൽ എനിക്ക് നൂറു വട്ടം സമ്മതം. ”
അനന്ദൻ പതിയെ ചിരിച്ചുകൊണ്ട് അവനെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു…
മിഥുവിന്റെ ആകെ പ്രതീക്ഷ ആയിരുന്ന അമ്മാവനും കൂടി അവരോടൊപ്പം ചേർന്നപ്പോൾ അവൾക്ക് ആ സന്തോഷം അരോചകം ആയി തോന്നി… പെട്ടന്ന് അവൾ മുത്തശ്ശിയെ നോക്കി…
“ശ്രീമോനെ ഞാൻ എന്നും എന്റെ കുഞ്ഞായെ കണ്ടിട്ടുള്ളു… മിഥുവിന് ഏറ്റവും ചേരുന്നത് ശ്രീക്കുട്ടൻ തന്നെയാണ്… “ഈശ്വരി അമ്മ പറഞ്ഞു…
“പ്രണവേ… നീ എന്താ ഒന്നും പറയാത്തത്… ” എന്തോ വലിയ ചിന്തയിൽ എന്നപോലെ നിന്ന പ്രണവിനോട് അനന്ദൻ ചോദിച്ചു…
“അമ്മായി, ഇനി ഞാൻ ഒരു സത്യം പറയട്ടെ… ശരിക്കും ആദ്യം തൊട്ടേ എന്റെ മനസ്സിൽ ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു… എങ്ങനെ അവതരിപ്പിക്കും എന്നായിരുന്നു ചിന്ത…. അളിയാ… ഇനി ശരിക്കും അങ്ങനെ വിളിക്കാല്ലോ… ”
അത് പറഞ്ഞു പ്രണവ് ശ്രീയെ കെട്ടിപിടിച്ചു…
മായയും പ്രവീണയും മഞ്ജുവും ശ്രീക്കുട്ടിയും എല്ലാവരിലും ഒരുപോലെ സന്തോഷം… എന്തിനധികം പറയുന്നു… അച്ചൂട്ടനും അമ്മൂട്ടിയും പോലും ശ്രീയോട് ചേർന്ന് നിന്നു….വീട്ടിലെ ഓരോരുത്തരും ഈ ബന്ധത്തിൽ ഇത്രത്തോളം സന്തോഷിക്കുന്നത് ഓർത്തപ്പോൾ മിഥുവിന് ഭയം തോന്നി…
“ഈ സന്തോഷം ക്ഷണികമാണ്… ഞാൻ ഈ വിവാഹം വേണ്ടെന്ന് പറയുമ്പോൾ എല്ലാം അവസാനിക്കും… എനിക്ക് കഴിയില്ല… ”
മിഥു എല്ലാം തുറന്നു പറയാൻ ഒരുങ്ങിയതും സുഭദ്ര സംസാരിക്കാൻ തുടങ്ങി….
“ഹാവു, ആശ്വാസമായി… ഒരുപക്ഷെ നിങ്ങൾ എല്ലാവരും എതിർത്തെങ്കിൽ, ഈ വിവാഹം നടക്കില്ല… പിന്നെ ഈ സുഭദ്രയും ഉണ്ടാവില്ല എന്ന് ഉറപ്പിച്ചതാ… ”
“മോളെ… “ഭാർഗ്ഗവിയമ്മ ക്രോധത്തോടെ വിളിച്ചു… മിഥുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…
“അതെ അമ്മേ…. എനിക്ക് മറ്റാരെയും വിശ്വാസമില്ല… എന്റെ മിഥുവിന്റെ കാര്യത്തിൽ പ്രത്യേകിച്ച്… ഈ വിവാഹം തീരുമാനിക്കും മുന്നേ നന്ദേട്ടന് ഞാൻ മനസ്സ് കൊണ്ടു വാക്ക് കൊടുത്തിരുന്നു… മിഥുവിനെ ഏറ്റവും സുരക്ഷിതമായ ഈ കൈകളിൽ ഞാൻ ഏൽപ്പിക്കും എന്ന്… അത് പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ…. ”
ഇടർച്ചയോടെ വാക്കുകൾ മുഴുമിപ്പിക്കാതെ അവർ നന്ദന്റെ ഫോട്ടോക്ക് അരികിൽ നിന്ന് തേങ്ങി കരഞ്ഞു…
“അമ്മേ… ” മിഥു സുഭദ്രയുടെ തോളിൽ കൈ വെച്ച് മെല്ലെ വിളിച്ചു…
“മോളെ, അച്ഛനോട് അമ്മ പറഞ്ഞിട്ടുണ്ട്… അച്ഛനും അമ്മയ്ക്കും പൂർണ സമ്മതമാണ്… ആദ്യമായാണ് മോളോട് ഒരു അഭിപ്രായം പോലും ചോദിക്കാതെ ഒരു തീരുമാനം അമ്മ എടുക്കുന്നത്… ഇതുവരെ എല്ലാം നിന്റെ ഇഷ്ടം അനുസരിച്ചേ അമ്മ ചെയ്തിട്ടുള്ളു… എന്റെ ഈ തീരുമാനം മോൾക്കും ഇഷ്ടമാണെന്ന് അമ്മക്ക് ഉറപ്പുണ്ട്… ഈ അമ്മയെ മോൾ അങ്ങനെ തോൽക്കാൻ വിട്ട് കൊടുക്കില്ല എന്ന് അറിയാം… എങ്കിലും അച്ഛനെ കൂടി സാക്ഷി നിർത്തി അമ്മ ചോദിക്കുവാ… മോൾക്ക് സമ്മതമല്ലേ….? ”
ആ മുറിയിൽ ആകെ നിശബ്ദത പടർന്നു .. ഒരു മൊട്ടു സൂചി വീണാൽ പോലും കേൾക്കാം… ശ്രീയുടെ നെഞ്ചിടിപ്പിന്റെ വേഗം ഉയരുന്നത് ശ്രീക്കുട്ടി അറിയുന്നുണ്ടായിരുന്നു… അവൾ ശ്രീയുടെ കയ്യിൽ മുറുക്കെ പിടിച്ചു….
“മിഥു, അമ്മ ചോദിച്ചത് കേട്ടില്ലേ… മോൾക്ക് ഈ വിവാഹത്തിന് സമ്മതം ആണെന്ന് കരുതട്ടെ അമ്മ??”
“മ്മ്… “മിഥു തല കുമ്പിട്ട് നിന്ന് മെല്ലെ തലയാട്ടുമ്പോൾ ആ കണ്ണുകൾ നിറഞ്ഞു വന്നു… ശ്രീ ആശ്വാസത്തൊതെ ഒരു നെടുവീർപ്പിട്ടു… എല്ലാവരിലും സന്തോഷം നിറഞ്ഞു…
“ഇവിടെ എല്ലാം കണ്ട് ഒരുത്തൻ അന്തംവിട്ട് നിൽക്കുന്നത് കണ്ടില്ലേ… ഞങ്ങളും ശ്രീകുട്ടനോടും ഒന്നും പറഞ്ഞിരുന്നില്ല…മോൾടെ അഭിപ്രായത്തിന് പ്രാധാന്യം നൽകാം എന്ന് കരുതി… സമ്മതം ആണെങ്കിൽ മാത്രം ഇവനെ അറിയിക്കാം എന്ന് വിചാരിച്ചു… ” ദേവൻ പറഞ്ഞതും സുഭദ്ര തെല്ലൊരു ആശങ്കയോടെ ശ്രീക്ക് അരികിലേക്ക് വന്നു…
“മോനെ… നിനക്ക് എതിർപ്പ് എന്തെങ്കിലും…”
“അയ്യോ ആന്റി ഒന്നുകൊണ്ടും പേടിക്കേണ്ട… ഈ കാര്യത്തിൽ ഏട്ടന് പൂർണ സമ്മതമാണ്…. “ശ്രീക്കുട്ടി ശ്രീയോട് ചേർന്ന് നിന്ന് കൊണ്ടു പറഞ്ഞു…
“ശ്രീകുട്ടാ ഇനി നീ എന്ത് പറഞ്ഞാലും, ഞങ്ങൾക്ക് ഞങ്ങടെ മോളായി മിഥുവിനെ മതി… ” ലത അവളുടെ നെറ്റിയിൽ മുത്തം നൽകികൊണ്ട് പറഞ്ഞു..
അപ്പോഴും ശ്രീയെ നോക്കി നിൽക്കുന്ന സുഭദ്രയുടെ കൈ തന്റെ ഇരു കൈകളാലും ചേർത്ത് പിടിച്ചുകൊണ്ടവൻ പുഞ്ചിരിച്ചു…. സുഭദ്ര സന്തോഷത്തോടെ അവന്റെ നെറുകിൽ മെല്ലെ തലോടി…
മിഥു എല്ലാം കണ്ട് നിസ്സംഗമായി നിന്നു…
“മറ്റൊന്ന് കൂടി എനിക്ക് പറയാൻ ഉണ്ട്… രണ്ട് ദിവസത്തിനുള്ളിൽ വിവാഹം നടത്തണം…
സുഭദ്ര പറഞ്ഞതും മിഥുവും ശ്രീയും ഉൾപ്പെടെ എല്ലാവരും ഞെട്ടി… ”
“എന്ത് ഭ്രാന്താ ഭദ്രേ നീ പറയുന്നേ… ”
“സുഭദ്ര പറഞ്ഞത് സത്യമാണ് അനന്ദ … ആർഭാടങ്ങൾ ഒന്നും ഇല്ലാതെ ചെറിയൊരു രീതിയിൽ ഒരു വിവാഹം… നമ്മൾ മാത്രം മതി… ഈ പ്രശ്നങ്ങൾ എല്ലാം ഒന്ന് കെട്ടടങ്ങി കഴിയുമ്പോൾ, നാടറിഞ്ഞു കെങ്കേമം ആയി നടത്താം നമുക്ക്… ഇപ്പൊ ആരും അറിയാതെ ഇരിക്കുന്നതാ നല്ലത്… വിവാഹം കഴിഞ്ഞ് അറിഞ്ഞാൽ മതി… ”
ദേവൻ പറഞ്ഞതിൽ കാര്യം ഉണ്ടെന്ന് തോന്നി എല്ലാവരും അത് സമ്മതിച്ചു…
“എന്റെ കുഞ്ഞിന്റെ കല്യാണം നാടറിയെ കെങ്കേമം ആയി നടത്തണം എന്നാ മുത്തശ്ശിടെ ആഗ്രഹം… പക്ഷെ ഇപ്പൊ അതിന് പറ്റിയ സാഹചര്യം അല്ലല്ലോ… എല്ലാ പ്രശ്നവും തീർന്ന് വീണ്ടും മോള് സുമംഗലി ആകുമ്പോൾ കണ്ണ് നിറയെ കാണാൻ ഈ കിഴവിക്ക് ദൈവം ആയുസ്സ് തരട്ടെ… ”
“എന്നെയും കെട്ടിച്ചു വിട്ട്, എന്റെ കൊച്ചുങ്ങളുടെ കല്യാണം കൂടി കണ്ടിട്ട് മുത്തശ്ശി പോയാൽ മതി… ”
മഞ്ജു പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു…
“ഒരു ഒഫീഷ്യൽ പെണ്ണ് കാണലിന്റെ ഒന്നും ആവശ്യം ഇല്ലെന്ന് അറിയാം, എന്നാലും നിങ്ങൾക്കു ഇനി പരസ്പരം എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ആയിക്കോ…. ”
ശ്രീ ആഗ്രഹിച്ച കാര്യം ദേവൻ പറഞ്ഞപ്പോൾ അവന് വീണ്ടും തന്റെ അച്ഛന്റെ തീരുമാങ്ങളിൽ സന്തോഷം തോന്നി….
മിഥു നേരെ ടെറസിലേക്ക് പോയി… ഒപ്പം ശ്രീയും…
“എന്തൊക്കെയാ സംഭവിക്കുന്നത് നമ്മുടെ ലൈഫിൽ അല്ലെ… എല്ലാം ഓരോരോ ട്വിസ്റ്റുകൾ… പലതും അപ്രതീക്ഷിതമായി വന്നു ചേരുന്നു… അച്ഛൻ ഇങ്ങനെ ഒരു സർപ്രൈസ് തരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല… ”
ശ്രീ വാ തോരാതെ ഓരോന്ന് സംസാരിച്ചപ്പോഴും മിഥു മൂകയായി തുടർന്നു… പക്ഷെ അവൾ മനസ്സിൽ കണക്ക് കൂട്ടലുകൾ തുടങ്ങി കഴിഞ്ഞിരുന്നു…
“മിഥു,….” ശ്രീയുടെ വിളിയാണ് അവളെ ചിന്തകളിൽ നിന്നുണർത്തിയത്…
താൻ ഇത് ഏത് ലോകത്താ…
“ശ്രീയേട്ടാ എനിക്ക് ഒന്ന് കിടക്കണം.. നല്ല തലവേദന… ”
“തലവേദനയൊ… എന്താ പനിയുണ്ടോ…? ”
ശ്രീ പതിയെ അവളുടെ നെറ്റിയിൽ കൈ വെച്ചു…
മുൻപ് അവന്റെ ഓരോ സ്പർശനവും അവളിൽ പ്രണയം ഉണർത്തിയിരുന്നു… ഇന്ന് ഒരു നോട്ടംകൊണ്ട് പോലും താൻ അവനെ വെറുക്കുന്നുണ്ടെന്നവൾ തിരിച്ചറിഞ്ഞു…
“ഇനി 2 ദിവസം കൂടി ഒന്ന് ക്ഷമിക്കു… ഇപ്പൊ പോകാൻ ടൈം ആയി… ഏട്ടനെ അച്ഛൻ വിളിക്കുന്നു…. ”
ശ്രീക്കുട്ടി അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പോയി… ഇടക്ക് അവൾ തിരിഞ്ഞു നിന്ന് പറഞ്ഞു…
“ഏട്ടത്തി, ഇപ്പൊ ഏട്ടനെ കൊണ്ട് പോകുവാണെ… 2 ദിവസം കഴിഞ്ഞു മൊത്തം ആയി അങ്ങ് തന്നേക്കാം.. ”
ശ്രീക്കുട്ടിയുടെ സന്തോഷത്തിന് മുന്നിൽ മിഥു വ്യർത്ഥമായി ഒന്ന് ചിരിച്ചു…
©ആരുണി കൃഷ്ണ ❤️
“അച്ഛാ, ഇതൊക്കെ എപ്പോ നടന്നു…? ഈ തീരുമാനം…? ”
“ആ അതൊക്കെ ഉണ്ട് ..”
“ശേ, പറയുന്നുണ്ടോ… ഇനിയും സസ്പെൻസ് ഇടാതെ… ”
“ഞാൻ പറഞ്ഞാൽ മതിയോ…? ” ലത അവിടേക്ക് കയറി വന്നു….
“ആരേലും ഒന്ന് പറ… ”
“ഡാ നമ്മൾ അന്ന് സുഭദ്രയെ കാണാൻ ഒന്നിച്ച് ഹോസ്പിറ്റലിൽ പോയില്ലേ… അന്ന് സുഭദ്ര നിന്റെ അച്ഛനോട് ശ്രീകുട്ടനെ മിഥുവിന് തന്നേക്കുവോ എന്ന് ചോദിച്ചു… അച്ഛന് പൂർണ സമ്മതം ആയിരുന്നു… അപ്പോഴാണ് നന്ദൻ സാറിന്റെ ശത്രുക്കളെ കുറിച്ചൊക്കെ പറഞ്ഞതും, എത്രയും വേഗം വിവാഹം നടത്തണം എന്നൊക്കെ പറഞ്ഞതും…
എനിക്ക് ആദ്യം ഒരു ആശങ്ക ആയിരുന്നു… പക്ഷെ അവൾ നല്ല കുട്ടിയല്ലേ…. നിനക്ക് നന്നായി ചേരും… പിന്നെ നമ്മളെയും നമ്മുക്കും പരസ്പരം അറിയാം.. ഇതാണ് ഉചിതം എന്ന് തോന്നി… ഉറപ്പിച്ചു…
ലത പറഞ്ഞു തീർന്നതും, ശ്രീ അവർ ഇരുവർക്കും ഉമ്മ നൽകി…”
“താങ്ക്യൂ അച്ഛാ, അമ്മേ… ” എന്ന് പറഞ്ഞു ഓടി….
അവൻ ഒത്തിരി സന്തോഷത്തിലാണ്, അല്ലെ ദേവേട്ടാ…
‘മ്മ്, നമ്മൾ വീണ്ടും അവനോട് ചിലതൊക്കെ മറച്ചു വെക്കുന്നു അല്ലെ…. ”
“നന്ദൻ സാർ ജീവിച്ചിരുന്ന കാലത്തെ മക്കൾ തമ്മിലുള്ള വിവാഹം, നിങ്ങൾ രണ്ടാളും മനസ്സ് കൊണ്ട് ആഗ്രഹിച്ചിരുന്നു എന്ന് പറഞ്ഞാൽ പിന്നെ പലതും തുറന്ന് പറയേണ്ടി വരും…അത് പുറത്ത് അറിയാൻ ഇടയായാൽ, ഏട്ടൻ ഭയക്കുന്നത് പോലെ പലതും ഇനിയും സംഭവിക്കും….സുഭദ്രയെ അവർ ജീവനോടെ വെച്ചേക്കില്ല…. പിന്നെ ഏട്ടനേയും…. ”
ലതയുടെ വാക്കുകൾ ഇടറി…
“അതുകൊണ്ട് വേണ്ട ദേവെട്ടാ ….. ”
ദേവൻ ഒരുപാട് ഓർമകളിലൂടെ യാത്ര ചെയ്തു കൊണ്ട് ഉറക്കത്തിലേക് വഴുതി….
© ആരുണി കൃഷ്ണ ❤️
മിഥുവിന് റൂമിൽ എത്തിയിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല…
“എല്ലാം അമ്മയോട് തുറന്നു പറഞ്ഞാലോ, അമ്മ കരുതുംപോലെ ആ കൈകകളിൽ ഞാൻ സുരക്ഷിത ആയിരിക്കില്ല… ”
അവൾ തന്റെ ഷെൽഫ് തുറന്ന് ലക്ഷ്മി തന്ന ആ ഫയൽസ് കയ്യിൽ എടുത്തു… ഒരു നിമിഷം ലക്ഷ്മിയും ആയുള്ള കൂടികാഴ്ച്ച മിഥുവിന്റെ മനസ്സിലേക്ക് കടന്നു വന്നു….
“മൈഥിലി, ഞാൻ പറയുന്നതൊന്നും താൻ വിശ്വസിക്കില്ല എന്ന് എനിക്ക് അറിയാം… താൻ ഈ ഫയൽ ഒന്ന് തുറന്നു നോക്ക്… ”
“ഇടുക്കിയിലെ ഡി എം ടീ പ്ലാന്റഷന്റെയും ഫാക്ടറിയുടെയും പിന്നിൽ നടന്ന ഹവാല ഇടപാടുകളുടെ പിന്നിൽ ഡി എം എന്ന വ്യക്തി ആണെന്നും, അയാൾ ബിനാമി പേരിൽ നടത്തിയ അനധികൃത പണമിടപാടുകളുടെ രേഖകളാണ് ഇതിനോടൊപ്പം ഉള്ളത് എന്നും എഴുതിയിരുന്നു… ഒപ്പം ആ വ്യക്തിയുടെ സകല സ്ഥാപനങ്ങൾ റെയ്ഡ് ചെയ്യാനും, ആ വ്യക്തിയെ കസ്റ്റഡിയിൽ എടുക്കാനും ഉള്ള ഒരു വാറന്റ് ആയിരുന്നു അത്…. ”
ചുവടെ തന്റെ അച്ഛന്റെ ഒപ്പ് കണ്ടപ്പോൾ മിഥുവിന്റെ കണ്ണിൽ നനവ് പടർന്നു…. അവൾ പേജ് മറിച്ചു പക്ഷെ ബാക്കി തെളിവുകൾ എവിടെ…
“ലക്ഷ്മി, ഇതിൽ പറയുന്ന പോലെ ഡിഎം എന്ന വ്യക്തി നടത്തിയ പണം ഇടപാടുകളുടെ രേഖകൾ, പിന്നെ അത് യഥാർത്ഥത്തിൽ ആരെന്ന് തെളിയിക്കുന്നവ ഒന്നും ഇതിൽ കാണുന്നില്ലല്ലോ…? ഇതുമായി ശ്രീയേട്ടന്റെ കുടുംബത്തിന് എന്ത് ബന്ധം..? ”
“അതാണ് മൈഥിലി ഞാൻ പറഞ്ഞു വരുന്നത്…. ഈ രേഖകൾ എവിടെയോ മിസ്സിംഗ് ആണ്… കാരണം ഈ രേഖകൾ പുറത്ത് വന്നാൽ യഥാർത്ഥ ഡി എം ആരാണെന്ന് പുറം ലോകം അറിയും…അയാൾക്ക് റാമിന്റെ കുടുംബവും ആയി ബന്ധമുണ്ട്… സോ അവരിൽ നിന്നൊക്കെ മറച്ച് തന്റെ അച്ഛൻ ആ രേഖകൾ എവിടെയൊ സൂക്ഷിച്ചു വെച്ചിട്ടുണ്ട്… ”
“ഇല്ല, ഞാൻ വിശ്വസിക്കില്ല… എന്ത് അർത്ഥത്തിൽ ആണ് ശ്രീയേട്ടനും ദേവൻ അങ്കിളിനും ഇതിൽ പങ്കുണ്ടെന്ന് പറയുന്നത്… ”
ലക്ഷ്മി അവർക്ക് നേരെ ഒരു പഴയ ചിത്രം നീട്ടി…
ദേവനും ശ്രീയും ഒപ്പം മറ്റൊരാളും…. ഒരു വെള്ള ഷർട്ടും പാന്റുമാണ് അയാളുടെ വേഷം… മിഥു ആ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി…
“ഇത്………….ഇയാളാണ് എന്റെ അച്ഛനെ…. ”
“അതെ മൈഥിലി , നിന്റെ അച്ഛന്റെ മരണത്തിനു കാരണക്കാരൻ ആയിരുന്ന ലോറി ഡ്രൈവർ തന്നെ… ”
തുടരും…..

by