25/04/2026

അഗ്രഹാരം : ഭാഗം 32

രചന – നിവേദ്യ ഹരിഹരൻ

ക്ലാസ്സ് കഴിഞ്ഞ് റൂം പൂട്ടി ഇറങ്ങിയതായിരുന്നു അനു ..

പുറത്തേക്കിറങ്ങിയപ്പോൾ കാറിൽ ചാരി നിൽക്കുന്ന അർജുനെയാണ് കണ്ടത്..

അവനെ കണ്ടെങ്കിലും കാണാത്ത ഭാവത്തിൽ തോളിൽ കിടന്ന ബാഗ് ഒന്നു കൂടി തോളിലേക്ക് കയറ്റിയിട്ട് അവൾ നടന്നു…

“ഹാ .. മാഡം അങ്ങനങ്ങ് പോയാലോ ..
കുറേ നേരായി ഞാനിവിടെ വെയ്റ്റ് ചെയ്ത് നിൽക്കുന്നു..
എന്നിട്ട് കാണാത്ത മട്ടിൽ പോകുന്നോ ..??

അനുവിന്റെ വഴിയേ അവൻ വട്ടം കയറി നിന്നു..

“എന്താടോ തന്റെ പ്രശ്നം..?
ഇനീപ്പോ വഴി തടയൽ ആയോ ..??
കുറച്ചു പരുഷമായാണ് അവളതു പറഞ്ഞത്..

“ശ്ശോ …
എന്താ അനുക്കുട്ടി ഈ പറയണേ ..?
അവൻ ഗ്ലാസ്സ് ഊരി പോക്കറ്റിലേക്കിട്ടു..

“എന്റെ ഈ സുന്ദരിക്കുട്ടിടെ വഴി ഏട്ടൻ തടയോ..
തന്നോട് സംസാരിക്കാൻ വന്നതല്ലേ ഞാൻ..
പിന്നെ തന്റെ വഴി തടയാനല്ല ഒപ്പം നടക്കാനാ ഈ പാവം ഏട്ടനിഷ്ടം..!!

കുസ്യതി നിറഞ്ഞ മുഖഭാവത്തോടെ അവനതു പറയുമ്പോൾ അനുവിന് ദേഷ്യം ഇരച്ചുകയറി..

“നിങ്ങൾ എന്റെ കൂടെ നടക്കണ്ട..
സംസാരിക്കേം വേണ്ട..
എനിയ്ക്കത് താൽപര്യവുമില്ല.!!
അനു തീർത്തു പറഞ്ഞു..

“അങ്ങനെ കടുത്ത തീരുമാനം ഒന്നും എടുക്കല്ലേ അനുകുട്ട്യേ …
ജീവിതകാലം മുഴുവൻ എന്നോട് സംസാരിക്കേണ്ട ആളാണോ ഇങ്ങനൊക്കെ പറയണത്..
അർജുന്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു…

“നിങ്ങൾക്ക് നാണം ഉണ്ടോ മനുഷ്യാ ..
ഇഷ്ടമല്ലെന്ന് എത്രവട്ടം പറഞ്ഞു..
എന്നിട്ടും ഇങ്ങനെ പിന്നാലെ നടന്ന് ഭ്രാന്ത് പിടിപ്പിക്കാൻ ..

നിങ്ങൾ ഒന്ന് പോയിത്തരാൻ ഇനി ഞാനെന്താ ചെയ്യേണ്ടത്..
ക്ഷമയുടെ നെല്ലിപ്പലക കണ്ടാ ഞാനിപ്പോ നിൽക്കണത്..
പ്ലീസ്..
അവൾ അർജുനു നേരേ കൈകൂപ്പി..

അർജുൻ അവളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു..

“താൻ ഇങ്ങനെ എന്നോട് സംസാരിക്കല്ലേടോ…
കൂടുതൽ കൂടുതൽ തന്നിലേക്ക് വീണു പോവ്വാ ഞാൻ ..

വളരെ സൗമ്യനായി അവൻ അവളുടെ മുഖത്തു നിന്നു കണ്ണെടുക്കാനാവാതെ നിന്നു..

“ഛേ…!
അനു ദേഷ്യഭാവേന മുന്നോട്ടു നടന്നു..

“ടോ പോവാതെ ..
വന്ന കാര്യം ചോദിക്കാൻ മറന്നു…
അർജുൻ അവളോടൊപ്പം ചേർന്നു നടന്നു.

“അറിഞ്ഞോ ആ എബിന്റെ ഫാദറെപ്പറ്റിയും തന്റെ …??
അവൻ ഒന്നു നിർത്തി.

“അറിഞ്ഞു..
അതു കേട്ട് ഒരുപാടു വേദനിക്കേം ചെയ്തു..
നിങ്ങൾക്ക് സന്തോഷായോ ഇപ്പോ …??

സജല മിഴികളോടെ അവളെ കണ്ടപ്പോൾ ഉള്ളിന്റെ ഉള്ളിൽ അവനൊരു നീറ്റൽ അനുഭവപ്പെട്ടു..

“എടോ സത്യത്തിൽ അതു തന്നെ വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല ..
ആ നേരത്ത് എബിയെ ഒന്ന് അടക്കി നിർത്തണം എന്നേ ഉണ്ടായുള്ളു..
താൻ വേദനിച്ചു കാണണം എന്നാഗ്രഹിച്ചിട്ടല്ല…

അവനേം തന്നേം ഒരുമിച്ചു കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ കൈവിട്ടു പോയി..
വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാൻ…
എന്റെ വാക്കുകൾ കുറച്ചു കടന്നു പോയി…
അറിയാം..
പറ്റുമെങ്കിൽ താൻ ക്ഷമിക്ക് ..

അവളുടെ കണ്ണുകളെ നേരിടാനാവാതെ മറ്റെവിടേക്കോ നോക്കിയാണ് അവൻ അതു പറഞ്ഞത്..

“ക്ഷമ…
നിങ്ങളോട് ക്ഷമിക്കാൻ എനിയ്ക്ക് ഒരിയ്ക്കലും പറ്റില്ല…
പിന്നേം പിന്നേം നിങ്ങൾ എനിയ്ക് ടെൻഷൻ തന്നുക്കൊണ്ടിരിക്കല്ലേ …

നിങ്ങൾ ഇപ്പോ പറഞ്ഞ പോലെ എന്നെ വേദനിപ്പിക്കാൻ താൽപര്യം ഇല്ലെങ്കിൽ ഇപ്പോ ഒന്നു പോയി താ ..
നിങ്ങളെ കാണുന്നതും എനിയ്ക്ക് വെറുപ്പും സങ്കടവും തന്നാ…

അവളുടെ മുഖഭാവം ശ്രദ്ധിച്ചുക്കൊണ്ട്
അർജുൻ ഒന്നു നിന്നു..

അനു അതു വകവെയ്ക്കാതെ മുന്നോട്ടു നടന്നു…

“ഇപ്പോ ഞാൻ പോവാം..
പക്ഷെ ഇനീം വരും..
ചെറിയ വേദനകൾ സന്തോഷത്തിലേക്കുള്ള ചവിട്ടു പടികളാ അനു ..
അതുകൊണ്ട് തന്നെ ഇതിലധികം തന്നെ ഇനിയുമെനിക്ക് വേദനിപ്പിക്കേണ്ടി വരും ചിലപ്പോൾ ..

പിന്നെ ഈ വേദനയൊക്കെ മറന്ന് ഒരിയ്ക്കൽ നീ സന്തോഷിക്കും..
അന്നു നീ എന്നെ സ്നേഹിക്കേം ചെയ്യും…

അതുവരെ നിന്റെ പിന്നാലെ ഞാൻ ഉണ്ടാവും..

അർജുൻ വിളിച്ചു പറഞ്ഞു..

അനു ചെവികൾ അടച്ചു പിടിച്ചു ക്കൊണ്ട് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു..

❣️❣️❣️❣️❣️

ടെറസ്സിൽ പ്രാക്ടീസ് കഴിഞ്ഞ് വിശ്രമിക്കുമ്പോൾ അനുവിന്റെ കണ്ണുകൾ എന്തൊക്കെയോ ഓർത്ത് നിറഞ്ഞൊഴുകി…

മനസ്സിന് വല്ലാത്തൊരു ഭാരം പോലെ ..
അമ്മയും എന്തോ ഒരു അകൽച്ച കാണിക്കുന്നു..
ഉള്ളിൽ തികട്ടി വന്ന സങ്കടം കണ്ണീരായി പുറത്തേക്ക് പ്രവഹിച്ചു കൊണ്ടിരിന്നു…

“എന്താടോ …
ഇന്ന് പ്രാക്ടീസ് നേരത്തേ കഴിഞ്ഞോ …
താനിപ്പോ കുറച്ച് ഉഴപ്പുന്നുണ്ടോ അനു ..
പഴയ ആ ഉത്സാഹം കാണുന്നില്ലല്ലോ…
അതും ചോദിച്ച് എബി അവൾക്കടുത്തേക്ക് ചെന്നു..

മുണ്ടൊന്നു കൂട്ടി ഒതുക്കി പിടിച്ച് അവളുടെ അരികിലിരുന്നു..

“താൻ കരയാണോ അനു ..?
ഇതിപ്പോ എന്താ പറ്റിയത്..??
അവളുടെ വീർത്തു കെട്ടിയ മുഖം കണ്ട് അവൻ ചെറിയ അങ്കലാപ്പോടെ അവളെ നോക്കി…

” ഒന്നൂല്ല ഡോക്ടറെ..
ഓരോന്നാലോചിച്ച് …
അനു മുഖം ഒന്നമർത്തി തുടർച്ചു ..

“എന്താടോ കാര്യം
എന്നോട് പറ ..
അവൻ അവളുടെ താടിയിൽ പിടിച്ചുക്കൊണ്ട് മുഖം തെല്ലുയർത്തി..

എബിയുടെ ചോദ്യം കേട്ടപ്പോൾ അനുവിന് വീണ്ടും കണ്ണു നിറഞ്ഞു…

“അങ്ങനെ പ്രത്യേകിച്ച് ഒരു കാരണം ഒന്നുമില്ല ഡോക്ടറെ..
പക്ഷെ മനസ്സ് ആകെ അസ്വസ്ഥമാണ്…
രണ്ട് ദിവസമായിട്ട് അമ്മയ്ക്കും എന്നോടെന്തോ അകൽച്ച പോലെ ..
ഞാനാകെ ഒറ്റപ്പെട്ട പോലെ തോന്നാ..

കണ്ണീർ തുള്ളികൾ ഉരുണ്ട് എബിയുടെ കൈയ്യിൽ പതിച്ചു..

“ഞാനുള്ളപ്പോൾ എങ്ങനാടോ താൻ ഒറ്റപ്പെടണത് ..
ഈ പ്രശ്നത്തിലേക്ക് തന്നെ വലിച്ചിഴച്ചത് ഞാനാ..
അങ്ങനുള്ളപ്പോൾ തന്നെ ഞാൻ ഒറ്റക്കാക്കോ ..
അങ്ങനെ തോന്നണുണ്ടാ അനു …??
അവന്റെ ശബ്ദം ആർദ്രമായി.

എബി മെല്ലെ അവളുടെ കവിളിണകൾ തുടച്ചു..

“ഇല്ല…
എനിയ്ക്കറിയാം…
എന്നാലും …
അനു വിങ്ങിപ്പൊട്ടി..

“അമ്മയുടെ പെരുമാറ്റം കാണുമ്പോൾ എനിയ്ക്ക് സഹിക്കണില്ല ഡോക്ടറെ..
ഒന്നും തുറന്നു പറയുന്നുമില്ല..

“താൻ ആന്റിയെ കുറ്റപ്പെടുത്തണ്ട അനു ..
ആന്റിക്ക് തന്നെ ഓർത്ത് നല്ല ടെൻഷനുണ്ട്..
തന്റെ ഫ്യൂച്ചർ എന്താകുമെന്നോർത്ത്…
അതാ…

എബി അവളെ നെഞ്ചോടു ചേർത്തു പിടിച്ചു..

“ആന്റി രാവിലെ എന്നോട് കുറേ സംസാരിച്ചു..
ആന്റിടെ ഭാഗത്തും ന്യായം ഉണ്ട്..
അനുവിന്റെ മുടിയിഴകൾ തലോടുന്നതിനിടയിൽ എബി പറഞ്ഞു. –

“എന്താ .. എന്താ അമ്മ സംസാരിച്ചത്..??

എബിയുടെ നെഞ്ചിൽ നിന്നും അനു പെട്ടെന്ന് തലയുയർത്തി..

“നമ്മുടെ വിവാഹത്തിൽ ആന്റിക്ക് കുറച്ച് വിയോജിപ്പുണ്ട്..
അതു പക്ഷെ ഭാവിയിൽ ഉള്ള കാര്യങ്ങൾ ആലോചിച്ചിട്ടാ ..
അല്ലാതെ അപ്പൻ ആയിട്ടുള്ള വിഷയത്തിൽ അല്ല..

ആന്റി പറഞ്ഞതിനെ പറ്റി പിന്നീട് ഞാൻ ആലോചിച്ചപ്പോൾ അതിൽ കുറച്ച് കാര്യങ്ങൾ ഇല്ലാതില്ല എന്ന് എനിയ്ക്കും തോന്നി…

“അതുകൊണ്ട് ..???
അനു നെറ്റി ചുളിച്ചു..

“അതുകൊണ്ടൊന്നുമില്ലെടോ..
ആന്റിയെ പറഞ്ഞ് മനസ്സിലാക്കാൻ കുറച്ച് സമയം വേണ്ടിവരും അത്ര തന്നെ..
അതു വരെ നമ്മൾ വെയ്റ്റ് ചെയ്യണം അനു ..

“മ്മ്ഹ്…
അവന്റെ നെഞ്ചിലേക്ക് വീണ്ടും തലചായ്ച്ചുക്കൊണ്ട് അവളൊന്നു മൂളി

“ഇന്ന് അർജുൻ എന്നെ കാണാൻ ഹോസ്പിറ്റലിൽ വന്നിരുന്നു…

“എന്നിട്ട്..?
അനുവിന്റെ ശബ്ദം ആകാംഷഭരിതമായിരുന്നു

“എന്നിട്ടെന്താ … എന്തൊക്കെയോ വെല്ലുവിളി നടത്തിയിട്ട് അവൻ പോയി..

അനു മൗനമായി അവനെ കേട്ടു..

“തന്നെ കാണാൻ വരുമെന്നും പറഞ്ഞാ ഇറങ്ങിയത് …
അങ്ങോട്ട് വന്നിരുന്നോ ..??

“ആഹ് വന്നിരുന്നു..
എന്നോടും വെല്ലുവിളി തന്നെയായിരുന്നു..
അലസമായാണ് അവളതു പറഞ്ഞത്.

“എടോ അനു …
എബിയുടെ ശബ്ദം മൃദുവായി

“എന്താ ഡോക്ടറെ..

“എന്നെ പരിചയപ്പെട്ടില്ലായിരുന്നെങ്കിൽ താനവനെ മാരി ചെയ്യുമായിരുന്നോ..??

“ഇതെന്താ ഇപ്പോ അങ്ങനൊരു സംശയം..
അനു പതിയെ അവന്റെ നെഞ്ചിൽ ഒന്നിടിച്ചു..

“അതല്ലടോ ..
സത്യത്തിൽ അവന് തന്നോട് ഭ്രാന്തമായ ഇഷ്ടമുണ്ട്..
അവൻ ഒരുപാടധികം സ്നേഹിക്കുന്നുണ്ടെടോ തന്നെ…
എനിയ്ക്കത് ഫീൽ ചെയ്യുന്നുണ്ട്.

“ഒന്ന് നിർത്ത് ഡോക്ടറെ..
എനിക്ക് കേൾക്കണ്ട ..
അനു മുഖം കൂർപ്പിച്ചു..

“പക്ഷേ സത്യമതാടോ …

എബി അവളുടെ മുടി മാടിയൊതുക്കി ക്കൊണ്ട് നെറുകിൽ ചുംബിച്ചു..

🎵 സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ ..
കരയാതെന്നാരോമൽ തുമ്പീ..
നീയില്ലെങ്കിൽ ഞാനുണ്ടോ പൂവേ ..
വാത്സല്യത്തേൻ ചോരും പൂവേ ..
ഏതോ ജന്മത്തിൻ കടങ്ങൾ തീർക്കാനായ് നീ വന്നു…
ഇന്നെന്നാത്മാവിൽ തുളുമ്പും ആശ്വാസം നീ മാത്രം..

(സ്നേഹത്തുമ്പീ..)

അനുവിന്റെ കൈത്തലം കവർന്നുക്കൊണ്ട് പൂർണശോഭയിൽ തിളങ്ങി നിൽക്കുന്ന ചന്ദ്രനെ നോക്കി എബി പാടി…

തുടരും