രചന – നന്ദിത ദാസ്
നേർക്കു നേർ നോട്ടം വീഴാതിരിക്കാൻ അവൾ പരമാവധി ഒഴിഞ്ഞു മാറി നടക്കുന്നുണ്ട്… ബാഗ് പായ്ക്ക് ചെയ്യാൻ എല്ലാം കൂടെ നിന്നു സഹായിച്ചെങ്കിലും ഒരക്ഷരം പോലും അവളെന്നോട് സംസാരിച്ചില്ല… കാണെ കാണെ എന്റെ പനിനീർപ്പൂവ് ഒരു നനഞ്ഞ പൂവായി മാറിയിരുന്നു… അവളുടെ മൗനം എനിക്കു താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു… നാളെ രാവിലെ 7 മണിക്കാണ് ഫ്ലൈറ്റ്… മുംബൈ എയർപോർട്ടിൽ ചെന്നിട്ടു വേണം നാസിക്കിലോട്ടുള്ള വണ്ടി കയറാൻ… അവിടുന്ന് നേരെ “ദേവാലാലി ക്യാമ്പിലോട്ടു “…. ഇന്ദുവിന്റെ വീട്ടിൽ നിന്നും എല്ലാരും വന്നിട്ടുണ്ട്… അളിയനും മായയും വന്നിട്ടുണ്ട് … ഇന്ദു അവരുടെയെല്ലാം ഒപ്പം കൂടി എന്തൊക്കെയോ ചെയ്തെന്നു വരുത്തുന്നുണ്ട്… പുറമേ ചിരിക്കുന്നുണ്ടെങ്കിലും ആ നെഞ്ച് വിങ്ങുന്നത് എനിക്കു കാണാമായിരുന്നു…. ഇന്ദുവിന്റെ വീട്ടുകാർ എല്ലാം പോയതിനു ശേഷം അടുക്കളയിൽ ആയിരുന്ന അവളെ ഞാൻ പിടിച്ചു വലിച്ചു റൂമിലേക്ക് കൊണ്ട് വന്നു..
എനിക്കു മുഖം തരാതെ അവൾ തല കുനിച്ചു… “എന്തിനാ ഇന്ദു ഈ മൗനം… നിന്റെയീ മൗനം എന്നെ എത്രത്തോളം വേദനിപ്പിക്കുന്നുണ്ടെന്നു നിനക്കറിയുമോ… എല്ലാം ഉള്ളിൽ ഒതുക്കി എന്തിനാ നീ ഇങ്ങനെ വീർപ്പുമുട്ടുന്നത്… എന്നെ കെട്ടിപ്പിടിച്ചു ഒന്ന് കരഞ്ഞുകൂടേ നിനക്കു… ” അവളെ വലിച്ചു ഞാൻ നെഞ്ചോടു ചേർത്തു… ആർത്തു പെയ്യുന്ന മഴപോലെ അവളുടെ കണ്ണുകൾ കുതിച്ചൊഴുകി… പലതും പറഞ്ഞു ഞാൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും എന്റെ വാക്കുകളും പാതി വഴിയിൽ മുറിഞ്ഞു പോയിരുന്നു… കരച്ചിൽ മനസ്സിനെ ശാന്തം ആക്കുമെന്നല്ലേ പറയുന്നത്… കുറേനേരം കഴിഞ്ഞപ്പോളേക്കും അവളൊന്നു ശാന്തം ആയി… കണ്ണുകൾ തുടച്ചുകൊണ്ട് അവളെന്നെ നോക്കി… “ഏട്ടൻ പോയിട്ട് വാ ഇനി ഞാൻ കരയില്ല… പെട്ടെന്ന് വിട്ടു പോവാണെന്നു കേട്ടപ്പോൾ സഹിക്കാൻ പറ്റിയില്ല അതാ ഞാൻ… ” “എനിക്കു മനസ്സിലാകും മോളെ… കല്യാണം കഴിഞ്ഞിട്ട് വിരലിൽ എണ്ണാവുന്ന ദിവസങ്ങളെ ആയിട്ടുള്ളു… എല്ലാത്തിനോടും നീ ഒന്ന് അഡ്ജസ്റ്റ് ചെയ്തു വരുന്നതുമേയുള്ളു… അതിന്റെ ഇടയിൽ പെട്ടെന്ന് ഒരു യാത്ര പറച്ചിലും… ”
“സാരമില്ല ഏട്ടാ എല്ലാം അഡ്ജസ്റ്റ് ചെയ്തല്ലേ പറ്റു… ഞാൻ കുറച്ചു കൂടി ബോൾഡ് ആകാൻ ഉണ്ട്… ഒന്നുമില്ലെങ്കിലും കറ തീർന്നൊരു പട്ടാളക്കാരന്റെ ഭാര്യ അല്ലേ ഞാൻ അപ്പോൾ ബോൾഡ് ആയല്ലേ പറ്റൂ… ” അതും പറഞ്ഞവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു… പെട്ടെന്ന് എന്റെ മനസ്സിലേക്ക് ഓടിയെത്തിയത് അന്ന് ഉണ്ണി അളിയൻ ഇന്ദുവിനെക്കുറിച്ചു പറഞ്ഞ ആ വാക്കുകൾ ആയിരുന്നു… അത് ഇങ്ങനെ ആയിരുന്നു… ‘ദേഷ്യവും സങ്കടവും വാശിയുമൊക്കെ കാണിക്കുമെങ്കിലും വെറും രണ്ട് മിനിറ്റ് മാത്രമായിരിക്കും അതിനു ആയുസ്സ് ഉണ്ടാവുക… അത്രക്ക് ശുദ്ധയാണവൾ.. ‘ അളിയൻ പറഞ്ഞത് അക്ഷരാർഥത്തിൽ എത്ര ശരിയാണ്… അതേ എന്റെ പെണ്ണ്… അവൾ എന്റെ ഭാഗ്യമാണ്… ഞാൻ അവളെ ചേർത്ത് പിടിച്ചു വാത്സല്യത്തോടെ ആ നെറ്റിയിൽ ചുംബിച്ചു… രാത്രിയിൽ എന്റെ നെഞ്ചിന്റെ ചൂടുപറ്റി ഉറങ്ങുന്ന അവളുടെ നെറ്റിയിൽ ഞാൻ തലോടിക്കൊണ്ടിരുന്നു…
എനിക്കു ഉറങ്ങാനേ കഴിയുമായിരുന്നില്ല… നാളെ മുതൽ ഇന്ദു ഈ റൂമിൽ ഒറ്റയ്ക്കു…. ക്യാമ്പിൽ ചെന്നാൽ ഉടൻ കോർട്ടേഴ്‌സ് തരപ്പെടുത്തണം… എന്നിട്ട് എത്രയും വേഗം എന്റെ പെണ്ണിനെ കൂടെ കൂട്ടണം… സാധാരണ വിവാഹം കഴിഞ്ഞു ആറു മാസം കഴിഞ്ഞേ പുതിയ കോർട്ടേഴ്‌സ് കിട്ടു… പക്ഷേ ആറു മാസം ഒന്നും വെയിറ്റ് ചെയ്യാൻ എനിക്കു വയ്യ… വിക്രം സാറിന്റെ കാലു പിടിച്ചിട്ടാണെങ്കിലും റൂം ഓക്കേ ആക്കി എടുക്കണം…. വെളുപ്പിനെ തന്നെ എഴുന്നേറ്റു പോകാൻ റെഡി ആയി… ഇന്ദു എയർപോർട്ടിലേക്കു വരുന്നില്ലെന്ന് പറഞ്ഞു… അത് നന്നായെന്ന് എനിക്കും തോന്നി… അല്ലെങ്കിൽ ഒരു പക്ഷേ അത് അവിടെ ഒരു സീൻ ക്രീയേറ്റു ചെയ്തെന്നും വരാം.. കണ്ണുനീർ ഉള്ളിൽ ഒളിപ്പിച്ചു ചുണ്ടിൽ വിടർന്ന പുഞ്ചിരിയോടെ ഇന്ദു എന്നെ യാത്രയാക്കി… “ചെന്നാൽ ഉടൻ വിളിക്കാം കേട്ടോ… സങ്കടപ്പെട്ടെന്നും ഇരിക്കരുത്… എപ്പോളും ഹാപ്പി ആയി ഇരിക്കണം… രണ്ടു ദിവസം വീട്ടിൽ പോയി നിന്നോളൂ… പിന്നെ ചെറിയ കൃഷ്ണൻകുട്ടിയെ ഞാൻ കൈയിൽ എടുത്തിട്ടുണ്ട്… അതുകൊണ്ട് ടെൻഷൻ ഒന്നും കൂടാതെ സമയത്തിന് ആഹാരമൊക്കെ കഴിച്ചു മിടുക്കിക്കുട്ടിയായി ഇരിക്കണം കേട്ടോ… ഏട്ടൻ പോയിട്ട് ഓടി ഇങ്ങു വന്നേക്കാം… ”
“മ്മ്… ഏട്ടൻ വിഷമിക്കാതിരുന്നാൽ മതി… ഞാൻ ഇവിടെ മിടുക്കിയായി തന്നെ ഇരുന്നോളാം… ” “ഓക്കേ… എന്നാൽ പോയേച്ചു വരാമേ… ” “മ്മ്… പോയിട്ട് വാ… ” അവളെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തിട്ട് ഞാൻ റൂമിന് വെളിയിൽ ഇറങ്ങി… എല്ലാരോടും യാത്ര പറഞ്ഞു കാറിൽ കയറി… അച്ഛനും മാമന്റെ മോനും കൂടെ വന്നു… ഒരു തവണ കൂടി എല്ലാവരുടെയും നേരെ കൈവീശി യാത്ര പറഞ്ഞു… കാർ മുന്നോട്ട് നീങ്ങി… എയർപോർട്ടിലെ ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞു ഫ്‌ളൈറ്റിൽ കയറി… നിമിഷങ്ങൾക്കുള്ളിൽ അനൗൺസ്മെന്റ് മുഴങ്ങി…. ഒടുവിൽ യാത്രക്കാരെയും വഹിച്ചുകൊണ്ട് വിമാനം വായുവിൽ പറന്നു… ഫ്ലൈറ്റ് കൃത്യസമയത്തു തന്നെ ലാൻഡ് ചെയ്തു… ഒരു ടാക്സി വിളിച്ചു… അവിടുന്ന് നേരെ നാസിക്കിലോട്ട്… അവിടുന്ന് ദേവലാലി ക്യാമ്പിലോട്ടു… പൊതുവെ പീസ്ഫുൾ ഏരിയ ആണിത്… വളരെ മനോഹരമായ സ്ഥലം… ചരിത്രപ്രാധാന്യമായ നിഗൂഢതകൾ ഉറങ്ങി കിടക്കുന്ന മണ്ണ്… ഒരുപാട് ക്ഷേത്രങ്ങളുടെ നാട്… ഷോപ്പിംഗിനു ഇത്രയും ബെസ്റ്റായ ഒരു സ്ഥലം എന്റെ നിഘണ്ടുവിൽ ഇല്ല… ഇന്ദുവിനെ ഇവിടേക്ക് കൂട്ടിയിട്ടു വേണം ശരിക്കൊന്നു ആഘോഷിക്കാൻ… ക്യാമ്പിന്റെ മെയിൻ എൻട്രൻസിനു മുന്നിൽ വാഹനമിറങ്ങി…. ബാഗും തൂക്കി മുന്നോട്ട് നടന്നു…
കാവൽക്കാരനായി ഡ്യൂട്ടിയിൽ നിൽക്കുന്ന പഞ്ചാബി ഭായിയെ നോക്കി ഉഗ്രൻ ഒരു സല്യൂട്ട് കൊടുത്തു… തിരിച്ചും കിട്ടി ഒരെണ്ണം… അതേ ഞാൻ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു… എന്റെ രണ്ടാം വീട്ടിലേക്കു… നേരെ ഓഫിസിലോട്ടു ചെന്നു ഫയലിൽ സൈൻ ചെയ്തു… ക്യാപ്റ്റൻ സന്ദീപിനൊപ്പം ക്യാമ്പിലേക്ക് പോയി… ഞങ്ങളുടെ ക്യാമ്പിൽ ഞങ്ങൾ ആറു പേരാണ്.. എല്ലാവരെയും വഴിയേ പരിചയപ്പെടുത്താം… തോളിലെ ബാഗുകൾ ഇറക്കി വലിയ ട്രങ്ക് പെട്ടിയുടെ പുറത്തേക്കു വെച്ചു… ഫോൺ എടുത്തു ഉടൻ തന്നെ ഇന്ദുവിനെ വിളിച്ചു… എന്റെ കാൾ പ്രതീക്ഷിച്ചു ഇരിക്കുവായിരുന്നു അവളെന്നു ഫസ്റ്റ് റിങ്ങിൽ തന്നെ കാൾ അറ്റൻഡ് ചെയ്തപ്പോൾ മനസ്സിലായി… എന്നും സമയം കിട്ടുമ്പോളൊക്കെ അവളെ വിളിക്കാമെന്ന് സമ്മതിച്ചു… ഇന്നിനി ഡ്യൂട്ടിയിൽ കയറണ്ട എന്നുള്ളത് കൊണ്ട് കിട്ടിയ സമയം പാഴാക്കാതെ ഇന്ദുവിനോട് സംസാരിച്ചുകൊണ്ടിരുന്നു…
മൂന്ന് കാട്ടാളന്മാർ റൂമിൽ വന്നു കയറിയത് അറിയാതെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു അവളോട് കൊഞ്ചിക്കൊണ്ടെ ഇരുന്നു… ബാറ്ററി ചാർജ് കുറവായിരുന്നത് കൊണ്ട് ഇനി ചാർജ് ചെയ്തിട്ട് വിളിക്കാമെന്ന് പറഞ്ഞു ഉമ്മയും കൊടുത്തു ഫോൺ വെച്ചു… എഴുന്നേറ്റപ്പോളാണ് ഞാൻ ആ കാഴ്ച്ച കണ്ടത്… മൂന്നെണ്ണം നെഞ്ചിൽ കൈയും കെട്ടി ഉണ്ടക്കണ്ണും മിഴിപ്പിച്ചു നിൽക്കുന്നു… വേറെ ആരും അല്ല എന്റെ ചങ്കുകൾ മുൻപ് ഞാൻ പറഞ്ഞ ആറുപേരിൽ മൂന്നെണ്ണം… ഒരാൾ ഞാനാണല്ലോ… ഇനി രണ്ടുപേർ കൂടി ഉണ്ട്… എന്തെങ്കിലും പറയും മുൻപേ മൂന്നെണ്ണം എന്റെ നെഞ്ചിലൊട്ടു ഇടിച്ചു കയറി വന്നു… പിന്നെ അവിടൊരു പൊട്ടിച്ചിരിയും ബഹളവും എല്ലാം കൂടി ആകെ ബഹളമയം…. അതേ… ഞങ്ങൾ ഇങ്ങനെ ആണ്… രക്തബന്ധം ഇല്ലാഞ്ഞിട്ടു കൂടി സാഹോദര്യം കാത്തു സൂക്ഷിക്കുന്നവർ… ഇത് ഞങ്ങളുടെ സ്വർഗം ആണ്… സ്വർഗ്ഗം… വിശേഷങ്ങൾ തിരക്കുന്നതിനു മുൻപ് തന്നെ അവന്മാർ ബാഗു തുറന്നു വീട്ടിൽ നിന്നും തന്നുവിട്ട പലഹാരങ്ങളൊക്കെ അകത്താക്കാൻ തുടങ്ങി… അല്ലെങ്കിലും ഇവിടെ ഇങ്ങനെ ആണ്…
ആരു നാട്ടിൽ പോയി വന്നാലും ആദ്യം പലഹാരപ്പൊതി തട്ടിയെടുത്തു അകത്താക്കിയിരിക്കും… അതും ഒരു സന്തോഷം ആണ്… ബാഗിനുള്ളിൽ നിന്നും കൃഷ്ണൻകുട്ടിയെ അവന്മാർക്ക് കിട്ടി… അത് കണ്ടതും അതുവരെ ഉള്ള എന്റെ ഭാവം മാറി… “മച്ചാന്മാരെ അതിൽ തൊട്ടുള്ള കളി ഒന്നും വേണ്ടാട്ടോ… ഇതെന്റെ പെണ്ണ് എന്നെ ഏൽപ്പിച്ച അവളുടെ വിശ്വാസം ആണ്… ” അതും പറഞ്ഞു അവന്മാരുടെ കൈയിൽ നിന്നും കണ്ണന്റെ രൂപം ഞാൻ തിരികെ വാങ്ങി… എയർപോർട്ടിൽ വെച്ചു ചെക്കിങ്ങിന്റെ ഇടയിൽ പോക്കെറ്റിൽ നിന്നും ബാഗിൽ എടുത്തു ഇട്ടതാണ്… ആ രൂപം ഞാൻ തിരിച്ചും മറിച്ചും നോക്കിക്കൊണ്ടേ ഇരുന്നു… ഇതു കൂടെ ഉള്ളപ്പോൾ ഇന്ദു അടുത്തുള്ളത് പോലെ ഒരു ഫീലിംഗ്… “മച്ചൂ… സ്വപ്നം കണ്ടത് മതി… പറ നിന്റെ വിശേഷങ്ങൾ… നിന്റെ ഇന്ദുവിന്റെ വിശേഷങ്ങൾ… ” തീറ്റയൊക്കെ കഴിഞ്ഞു അവന്മാർ മൂന്നും കൂടി എന്റെ ചുറ്റും കൂടി… “പറയാം… ഹരിയേട്ടൻ കൂടി വരട്ടെ… ഏട്ടന് അല്ലേ ഇതേക്കുറിച്ചു അറിയാൻ കൂടുതൽ താല്പര്യം… ” “അപ്പോൾ രാത്രി വരെ കാത്തിരിക്കണമെന്നു സാരം… ” അവന്മാരുടെ വാക്കുകളിൽ നിരാശ പടർന്നു…
ഞാൻ ചിരിച്ചുകൊണ്ട് തല കുലുക്കി… ഞങ്ങളുടെ റൂമിൽ ഏറ്റവും സീനിയർ ഹരിയേട്ടൻ ആണ്… പക്ഷേ അത്രയ്ക്ക് പ്രായം ഒന്നും ഇല്ല കേട്ടോ… കൂടിയാൽ ഒരു മുപ്പത്തിനാല് വയസ്സ്… ഞങ്ങൾക്ക് അഞ്ചുപേർക്കും പുള്ളി ഏട്ടന്റെ സ്ഥാനത്താണ്… ആള് മലയാളി അല്ല തമിഴൻ ആണ്… പക്ഷേ ഞങ്ങളെക്കാൾ നന്നായി മലയാളം സംസാരിക്കും… വിവാഹിതനാണ്… രണ്ട് കുട്ടികളും ഉണ്ട്…. ആളൊരു ശുദ്ധനാണ്… ഞങ്ങളുടെ എല്ലാം ഉപദേശി…. ഹരിയേട്ടനെ കൂടാതെ കോട്ടയം കാഞ്ഞിരപ്പള്ളിക്കാരൻ ഒരു അച്ചായനും കൂടി ആണ് ഇനി വരാനുള്ളത്… പേര് ജോൺ തോമസ്… ആളും വിവാഹിതനാണ് … മാലാഖയെ പോലെ ഒരു കുഞ്ഞു മോളുണ്ട്… ആളൊരു സരസനാണ്…. പഞ്ചാബിൽ ആയിരുന്നപ്പോൾ ഫാമിലിയും ഇവർക്ക് ഒപ്പം ഉണ്ടായിരുന്നു… ഇവിടെ വന്നതിനു ശേഷം ഇങ്ങോട്ട് കൊണ്ടുവന്നിട്ടില്ല… ഭാര്യമാർക്ക് താല്പര്യം ഇല്ല അത്രേ… ഈശ്വരാ എന്റെ ഇന്ദുവും ഇനി വരാതെ ഇരിക്കുമോ…. പിന്നെ ഇപ്പോൾ എന്റെ കൂടെയുള്ളത് രൂപേഷ്, ഇസ, നന്ദൻ… മൂന്നുപേരും മലയാളികൾ… ഇസക്ക് അങ്ങ് മലപ്പുറത്ത് ഒരു മൊഞ്ചത്തികുട്ടിയായി ആയി വിവാഹം പറഞ്ഞു വെച്ചിരിക്കുവാണ്…
അടുത്ത കൊല്ലം നിക്കാഹ് കാണും… രാത്രിയിൽ ഒരു ഒൻപതു മണി ആയപ്പോൾ ഇന്ദുവിനെ വിളിച്ചു… ഇനി എന്നും രാത്രിയിൽ ഈ സമയത്തു തന്നെ വിളിച്ചാൽ മതിയെന്ന് അവൾ… ഡ്യൂട്ടി അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ തീർന്നു… പക്ഷേ പെണ്ണിന് അതൊന്നും കേൾക്കണ്ടത്രേ… ഒൻപതു പി എം എന്നൊരു സമയം ഉണ്ടെങ്കിൽ വിളിച്ചേക്കണമെന്നു… മേലുദ്യോഗസ്ഥർ കാണാതെ ഒരു കുട്ടി ഫോൺ ഒളിപ്പിക്കുന്ന ശീലം ഇവിടെ ഹരിയേട്ടന് ഉണ്ട്… ഇനി മുതൽ ഞാനും അങ്ങനെ ചെയ്യുകയേ നിവർത്തി ഉള്ളു… രാത്രിയിൽ പിന്നെ പെണ്ണുകാണാൻ പോയതു മുതൽ ഇന്ന് വീട്ടിൽ നിന്നും തിരിച്ചത് വരെയുള്ള കാര്യങ്ങൾ വള്ളി പുള്ളി വിടാതെ ഒരു കഥ പോലെ അവർക്ക് മുന്നിൽ അറിയിച്ചു… സാഗറിന്റെ ഭാഗം വന്നപ്പോൾ എല്ലാ കണ്ണുകളും നിറഞ്ഞു… കഥയുടെ അവസാനം ഹരിയേട്ടൻ ഉൾപ്പെടെ എല്ലാരും ഇന്ദുവിന്റെ ഫാൻസായി മാറി… ആ രാത്രി തന്നെ എല്ലാർക്കും ഇന്ദുവിനോട് സംസാരിച്ചേ പറ്റുള്ളൂ എന്നായി…
അങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് ഇന്ദു അവർക്കെല്ലാം കുഞ്ഞുപെങ്ങളായി മാറി… കൂട്ടുകാരോടൊപ്പം ഞാൻ ഹാപ്പി ആണെന്ന് അറിഞ്ഞപ്പോൾ ഇന്ദുവിനും സന്തോഷം ആണെന്ന് പറഞ്ഞു… ഒടുവിൽ ഗുഡ് നൈറ്റ് പറഞ്ഞു വെക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു നൊമ്പരം നിറയുന്നതറിഞ്ഞു… ഇന്നലെ വരെ എന്റെ കയ്യെത്തും ദൂരത്തുണ്ടായിരുന്നു… എന്നാൽ ഇന്ന് ഞാൻ ഇവിടെയും എന്റെ പെണ്ണ് അവിടെയും… ഓർക്കും തോറും കണ്ണുകൾ നിറഞ്ഞു വന്നു… അവന്മാരൊക്കെ എന്നെ ആശ്വസിപ്പിച്ചു… ജോൺ ബൈബിളിലെ ഒരു വാക്യം എനിക്കു മുന്നിലേക്ക് തുറന്നു വെച്ചു… ഉല്പത്തി പുസ്തകം രണ്ടാം അദ്ധ്യായം ഇരുപത്തി മൂന്ന് മുതലുള്ള വാക്യങ്ങൾ… അത് ഇപ്രകാരം ആയിരുന്നു… “അപ്പോൾ മനുഷ്യൻ :ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽ നിന്നു മാംസവും ആകുന്നു.. ഇവളെ നരനിൽ നിന്ന് എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്ന് പേരാകും എന്നു പറഞ്ഞു..
അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ടു പിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും ;അവർ ഏകദേഹമായി തീരും… ” തികച്ചും അർത്ഥപൂർണമായ വാക്കുകൾ… ഭാര്യയും ഭർത്താവും ആത്മാവുകൊണ്ടും ശരീരം കൊണ്ടും ഒന്നാകുന്നവർ ആണ്… സ്വന്തം ശരീരത്തിന്റെ ഭാഗമായതിനെ പിരിഞ്ഞതിലുള്ള വേദന എന്തുകൊണ്ടാണെന്ന് ആ വാക്യം എന്നെ ഗ്രഹിപ്പിച്ചു… എന്റെ ഇന്ദുവിന്റെ ഓർമ്മകളിലേക്കു ഊളിയിട്ടു കൊണ്ട് ഞാൻ കണ്ണുകൾ മുറുക്കി അടച്ചു.. നാളത്തെ നല്ല ഒരു പ്രഭാതത്തിനായി.. (തുടരും )

by