രചന – അഹാനിക അനു
“” നിലാന്റി….. നിലാന്റി…… “”
റൂമിൽ നിന്ന് ശരത് കൊണ്ട് വച്ച ബുക്ക് ചുമ്മാ മറിച്ചു അതിന്റെ വെയിറ്റ് നോക്കുമ്പോളാണ് നില പാറുവിളിക്കുന്നത് കേട്ടത്…….
“” ഹാ വന്നല്ലോ വനമാല….. “”
“” അറ്റ് എൻറ്റ നിലാന്റി……. “”
“” ഓ ഒന്നുല്ല മോളെ ഒരു ഫ്ലോയിൽ പറഞ്ഞതായിരുന്നു…….. “”
“”ദേവൂട്ടി എവിറ്റേ നിലാന്റി……..””
റൂം മൊത്തം ഒന്ന് കണ്ണ് കൊണ്ട് തിരഞ്ഞു പാറു ചോദിച്ചു…….
“” ദേവൂട്ടി അച്ഛഛന്റെ കൂടെ ഉണ്ടല്ലോ…… “”
“” അച്ചാച്ചൻ എവിറ്റേ എന്നിറ്റ്…… “”
“”കോലായിൽ ഉണ്ടായിരുന്നല്ലോ….. ചിലപ്പോൾ പാടത്തേക്ക് പോയിട്ടുണ്ടാവും……..””
“” എന്നാൽ നാനും പോട്ടെ….. “”
റൂമിൽ നിന്ന് തിരിഞ്ഞു ഓടാൻ നിന്ന പാറുവിനെ നില പിടിച്ചു വച്ചു……..
“” പാറുവിന് ഇപ്പോൾ കൈക്ക് വയ്യാത്തല്ലേ….. കൈ എല്ലാം ശേരിയായിട്ട് പോവാം ട്ടോ….. അല്ലേൽ ഇനിയും വീണാൽ അടുത്ത കൈ കൂടി കെട്ടേണ്ടി വരും……. “”
“” അയ്യോ ബേണ്ട ആന്റി…. ഇപ്പോ തന്നെ എൻറ്റോരു സോറിച്ചില……. “”
മുഖം ചുളിച്ചു പാറു പറഞ്ഞപ്പോൾ നില അവളുടെ കവിളിൽ ഉമ്മ വച്ചു…………
“” ഇനി ഇബിടെ…… “”
അടുത്ത കവിളും കാണിച്ചു ചിരിച്ചു കൊണ്ട് നിൽക്കാണ്……
“” അയ്യട മോളെ….. ഞാൻ അങ്ങനെ ഇത് ഫ്രീ ആയിട്ടൊന്നും കൊടുക്കില്ല……. “”
“” അറ്റെന്താ…… “”
“” ആ അതങ്ങനെ ആണ്……. “”
“” ഹോ എൻറ്റോരു ഡിമാൻറ്റ് ആണ് നിലാന്റിക്കി..””
ചുണ്ട് ഒന്ന് കോട്ടി കൊണ്ട് പാറു തിരിഞ്ഞു……
“” അയ്യടാ ആർക്കാടി ഡിമാൻഡ്….. ഏയ് ആർക്കാടി ഡിമാൻഡ്….. “”
നില അവളെ ഇക്കിളിയാക്കി ചോദിച്ചപ്പോൾ പെണ്ണ് ചിരിച്ചു കൊണ്ട് നിലത്തുന്നു……..
“” നിലാന്റി നിക്ക് ഒരു ശാതനം സേയ്ത് തരോ…. “”
ഇടം കണ്ണിട്ട് നോക്കി പാറു ചോദിക്കുന്നത് കേട്ടപ്പോൾ നില ഒന്ന് സൂക്ഷിച്ചു നോക്കി…….
“” നിന്റെ നോട്ടം കണ്ടിട്ട് അത്ര പന്തിയല്ലല്ലോ മോളെ……… അവസാനം എനിക്കിട്ട് പണി കിട്ടുന്ന വല്ലതും ആവോ…….. “”
“”അല്ല നിലാന്റി……… പ്ലീശ്…..””
“” ഓ സോപ്പിടേണ്ട കാര്യം പറയി…… “”
“” നാൻ സേവിയിൽ പറയാം….. “”
“” ആയിക്കോട്ടെ…….. “”
നില ചെവി പാറുവിന്റെ എടുത്തേക്ക് വച്ചു നിന്നു….. പാറു വന്നു പറഞ്ഞത് കേട്ട് നില ഒന്നവളെ നോക്കി….. ചിരി വന്നെങ്കിലും ചിരിച്ചില്ല….. ഇനി ചിരിച്ചാൽ പെണ്ണ് തന്നെ പഞ്ഞിക്കിടും….
“” പാറുട്ടിയുടെ കൈക്ക് വയ്യാത്തതെല്ലേ….. ഇതൊക്കെ മാറിയിട്ട് പോരേ…… “”
“” നിക്ക് ഇപ്പോ കുയപ്പമില്ല നിലാന്റി………. പ്ലീശ്…… അമ്മ ശമ്മയ്ച്ചു തരണില്ലാ……. “”
“” അപ്പോൾ അങ്ങനെ പറയി മോളെ…. ചേച്ചി സമ്മതിക്കാഞ്ഞിട്ടാണ് ഇപ്പോൾ എന്റെ എടുത്തേക്ക് വന്നത്……….. ഹ്മ്…. എന്തായാലും നോക്കാം….. ഇപ്പോൾ വേണ്ട……… ആന്റിക്ക് കുറച്ച് പണി ഉണ്ട് അതൊക്കെ ചെയ്തു തന്നിട്ട് നോക്കാം ട്ടോ……… ”
ആ ഉറപ്പ് പോരേ പാറുസിന് ഇപ്പോൾ തന്നെ മുഖം പൂനിലാവ് ഉദിച്ച പോലെയായി……..
🌻🌻🌻🌻🌻🌻🌻🌻
കാന്റീനിൽ ഇരിക്കുമ്പോളും ശ്രുതി വാ തോരാതെ സംസാരിക്കുന്നുണ്ടായിരുന്നു…….. ഇവൾക്ക് ഇതിന് മാത്രം സംസാരിക്കാൻ എവിടെന്നു കിട്ടുന്നത് എന്ന ചിന്തയിൽ ആയിരുന്നു നന്ദു……. അവൾ ഒന്ന് നിർത്തിയാലേ ഇവന് എന്തെങ്കിലും ഒന്ന് ചോദിക്കാൻ പറ്റു…………..
“” ടോ എനിക്ക് എന്തെങ്കിലും ഒന്ന് സംസാരിക്കാൻ സമയം തടോ…… “”
നന്ദു ദയനീയമായി ചോദിക്കുന്നത് കേട്ടപ്പോൾ ശ്രുതി ഒരു വളിഞ്ഞ ചിരി ചിരിച്ചു…..
“” സോറി…. എനിക്ക് സംസാരിക്കാൻ ഒരാളെ കിട്ടിയാൽ ഞാൻ വായ അടയ്ക്കില്ല….. “”
“” ഓ അതിനി പറയെണ്ട ആവശ്യമില്ല മനസിലായി………. “”
“” ഈ…… അല്ല ഞാൻ ഒരു കാര്യം ചോദിക്കട്ടെ….. അന്ന് ഹോസ്പിറ്റലിൽ നിന്ന് കണ്ടപ്പോൾ മുതൽ മനസ്സിൽ കുടുങ്ങിയാ ഡൌട്ട് ആണ്…… “”
“” എന്താണാവോ ഇത്ര വല്യ ഡൌട്ട്……. “”
“” അല്ല നിങ്ങളെ രണ്ട് പേരെയും വീട്ടിൽ ഉള്ളവർക്ക് മനസിലാവോ…… പേരിനു പോലും ആളെ തിരിച്ചറിയാൻ ഒരു ഡോട്ട് ഇല്ല………. “”
“” അപ്പോൾ ശ്രുതിക്ക് എങ്ങനാണ് ഞങ്ങളെ മനസിലാവുന്നത് ………. “”
ശ്രുതിയുടെ മുഖത്തേക്ക് നോക്കി തന്നെ നന്ദു അത് ചോദിച്ചപ്പോൾ അവൾ വേഗം തല താഴ്ത്തി…
“” പറയെടോ…. തനിക്ക് എങ്ങനാ ഞങ്ങളെ മനസിലാവുന്നത്…….. “”
“” അത്…… കിച്ചു ചേട്ടൻ എന്നേ കണ്ടാൽ അപ്പോൾ ചിരിച്ചു സംസാരിക്കും…… മറ്റെ കാട്ടാളൻ ആണെങ്കിൽ മുഖത്തേക്ക് പോലും നോക്കില്ല………. ഞാൻ എന്തോ ചെയ്ത പോലെ എന്നേ കാണുമ്പോളേക്കും കടിച്ചു കീറാൻ വരും…… എന്തൊരു സ്വഭാവാണ് അതിന്…… അല്ല ആ പോത്തിന്റെ പേരെന്താ…… “”
ശ്രുതിയുടെ സംസാരമെല്ലാം കേട്ട് നന്ദു തല ചെരിച്ചു പല്ല് കടിച്ചു താടി ഉഴിഞ്ഞു…….. ഞാൻ പോത്ത് അല്ലേ….. കാണിച്ചു തരാം……. ഹോ എന്റെ കിച്ചു ഇതിനെ അണോ നീ പ്രേമിക്കാൻ പോവുന്നത് പാറുവിന്റെ ഇടത്തെ ഭാഗത്തേക്ക ഇത്…….മിക്കവാറും എന്റെ കൈ കൊണ്ടാവും …….
“” ഇത് എന്താ അങ്ങോട്ടേക്ക് നോക്കി നിൽക്കുന്നത് നെയിം പറ…… “”
“” അത് ശെരി അപ്പോൾ അവന്റെ നെയിം ഇത്രയായിട്ടും അറിയില്ലേ…….. “”
“” ഹോ ഞാൻ എന്തിന് ആ കാട്ടാളന്റെ പേര് നോക്കണം………
“” എന്നാൽ പിന്നെ എന്തിനാ ഇപ്പോൾ അറിയുന്നത്….. “”
“” ഏയ് ചുമ്മാ…….ഒന്ന് പറയെന്നെ…….. “”
“” നന്ദുന്ന് വിളിച്ചാൽ മതി…… “”
“”അപ്പോൾ ഒർജിനൽ നെയിം……””
“” അത് ആരും അങ്ങനെ വിളിക്കാറില്ല….. ഞങ്ങൾക്ക് ഇത് വിളിക്കുന്നത് കേൾക്കാനാണ് ഇഷ്ട്ടം……… “”
“” ഓ ആയിക്കോട്ടെ….. ഞാൻ ചോദിക്കുന്നില്ല……
അതേ ഒരു കാര്യം പറയട്ടെ…… “”
“” നിനക്ക് ഈ ചോദിക്കുന്നത് നിർത്താൻ ആയില്ലേ പെണ്ണേ……. “”
“” ഇത് കൂടി ചോദിച്ചാൽ കഴിഞ്ഞു…… “”
പല്ല് മൊത്തം കാണിച്ചു ഒന്ന് ഇളിച്ചു കൊണ്ട് ശ്രുതി പറഞ്ഞപ്പോൾ അവന് ചിരി വന്നു….
“” ഹ്മ്മ് ഒക്കെ പറ……. “”
“” നിങ്ങൾക്ക് രണ്ട് പേർക്കും ഡ്രസ്സ് ഒന്ന് ചേഞ്ച് ചെയ്തു ഇട്ട് വന്നൂടെ…. “”
“” അത് എന്നാത്തിനാ മോളെ…… “”
മീശ ഒന്ന് പിരിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് തന്നെ നോക്കി ചോദിച്ചപ്പോൾ ശ്രുതിക്ക് പറയാൻ കിട്ടിയില്ല……..
“” അത് ഞാൻ ചുമ്മാ…….. “”
“” ഏയ് അത് വെറുതെ കാര്യം പറയി…… “”
“” അങ്ങനെ അല്ല…….. “”
“” എങ്ങനെ അല്ല……. “”
“” അത് മനസ്സിലാവാൻ……. “”
“” ആർക്ക് മനസ്സിലാവാൻ……. “”
“” നിക്ക്…… “”
അബദ്ധം പറ്റിയ പോലെ ശ്രുതി നാവ് കടിച്ചു നന്ദുവിന്റെ നോക്കി അവിടെ ഒരു ചിരി കൂടി കണ്ടപ്പോൾ കയ്യിന്ന് പോയി എന്ന മനസിലായി….
ഞാൻ പോയി ക്ലാസ്സ് ഉണ്ടെന്ന് പറഞ്ഞു ബാഗ് കയ്യിൽ എടുത്ത് പുറത്തേക് ഓടി…….
മതി…. ഇത്രയും മതി….. ഇനി ഏട്ടൻ പഠിപ്പിച്ചു തരാം നിന്നേ…… എന്നാലും എന്റെ കിച്ചു നിനക്ക് ഇത്ര പെട്ടെന്ന് ഒരു പെണ്ണിനെ വളയ്ക്കാൻ കഴിയുമെന്ന് ഞാൻ വിചാരിച്ചില്ല…. പെണ്ണിനെ മാത്രമല്ല അവളുടെ അപ്പനെയും………. ഹോ ഇത് ഇപ്പോൾ അവനോട് പറയാനും പറ്റൂല…. ആരോടും പറഞ്ഞില്ലേൽ ഒരു സമാധാനവും ഉണ്ടാവില്ല……..
അല്ലേൽ വേണ്ട ആരോടും പറയണ്ട…… അവളെ കുറച്ച് കൂടി മെരുക്കി എടുക്കാൻ ഉണ്ട്……… ഹ്മ് ശേരിയാക്കാം………..
കാന്റീൻ നിന്ന് നന്ദു ക്ലാസ്സിൽ പോണോ എന്ന് ആലോജിച്ചു പിന്നെ വേണ്ടെന്ന് വച്ചു പുറത്തേക്ക് ഇറങ്ങി………..
കിച്ചു ക്ലാസ്സിൽ നിന്ന് നോട്ട് എഴുതി കൊണ്ട് നിൽക്കുമ്പോളാണ് അലക്സ് അങ്ങോട്ട് ഓടി വന്നത്………
“” ടാ കിച്ചു കാന്റീനിൽ നിന്ന് നന്ദു ആ പെണ്ണുമായി ഒടുക്കത്തെ സൊള്ളലാണല്ലോ……. അത് സെറ്റായോ……… “”
ശ്വാസമൊന്ന് വിടാൻ പോലും ടൈം കൊടുക്കാതെ അലക്സ് പറഞ്ഞു കിതയ്ക്കുന്നത് തല പൊക്കി കിച്ചു നോക്കി …….
“” നീ ഇത് ചോദിക്കാനാണോ ഈ ഓട്ടം ഓടിയത് ……… “”
“” ഈ…. ഒരു ആവേശം മൂത്തപ്പോൾ അറിയാൻ ഉള്ള ത്വര കൊണ്ട് ഓടിയതായിരുന്നു…… “”
“” എന്നാൽ പിന്നെ ഓടേണ്ട ആവശ്യം ഉണ്ടായിരുന്നോ നിനക്ക് അത് അവിടെ നിന്നേ അവനോട് ചോദിച്ചു കൂടായിരുന്നോ…….. “”
“” ആ ബെസ്റ്റ്….. എന്റെ അപ്പനും അമ്മയും എന്നേ ജീവനോടെ കാണണം എന്ന് ആഗ്രഹം ഉണ്ട്…. ഞാനായിട്ട് എനിക്ക് ഭിത്തിയിൽ ആണിയടിക്കാനുള്ള അവസരം ഉണ്ടാക്കില്ല……….
അതൊക്കെ ഒഴിവാക്ക് നമ്മൾ വിഷയത്തിൽ നിന്ന് തെന്നി മാറുന്നു ……. നീ നന്ദുവിന്റെ കാര്യം പറ…………. “”
“” അവന് ഇഷ്ട്ടമാണെന്ന് തോന്നുന്നു…… അവൾക്ക് അത് തിരിച്ചുണ്ടോ എന്ന് അറിയില്ല…. “”
ബുക്കിലേക്ക് നോക്കി നോട്ട് എഴുതി കൊണ്ട് കിച്ചു പറഞ്ഞു…………..
“” ഹോ അവന്റെ ഒക്കെ യോഗം….. നീ ഇങ്ങനെ പാർട്ടി പഠിത്തമായി നടന്നോ …..
അലക്സ് പറഞ്ഞു അവസാനിപ്പിക്കുന്നതിനു മുന്നേ കിച്ചു എഴുത്ത് നിർത്തി ബുക്ക് അടച്ചു വച്ചു പുറത്തേക്ക് പോയി…….
കുറച്ച് നേരം വാകയുടെ ചുവട്ടിൽ പോയി ഇരുന്നു………….നന്ദു ആരോടോ സംസാരിച്ചു ചിരിച്ചു പോവുന്നത് കണ്ടപ്പോൾ അവനും ഒന്ന് ചിരിച്ചു……… നന്ദുവിന്റെ സന്തോഷം നഷ്ടപ്പെടുത്തി എനിക്ക് എന്താണ് നേടാനുള്ളത്…… ശെരിയാണ്…… ശ്രുതിയോട് ഒരു ഇഷ്ട്ടം തോന്നിയിരുന്നു…. കീ ചോദിച്ചു വന്നു തന്റെ കുത്തിന് പിടിച്ചപ്പോളും…. അത് തിരിച്ചു കൊടുത്തപ്പോൾ വേണ്ടെന്ന് പറഞ്ഞു വാശി കാണിച്ചപ്പോ എന്തോ ഒരു ഇഷ്ട്ടം തോന്നി….. ഇനി അവളത് ചോദിക്കാതെ തിരിച്ചു കൊടുക്കില്ലെന്ന് വിചാരിച്ചത് തന്നെയായിരുന്നു….
പക്ഷെ മഴയത്ത് എങ്ങനെ പോവും എന്ന് പേടിച്ചു നിൽക്കുന്ന അവളെ കണ്ടപ്പോൾ കൊടുക്കാതിരിക്കാൻ തോന്നിയില്ല നേരിട്ട് കൊടുത്താൽ വാങ്ങില്ലെന്ന് അറിഞ്ഞു കൊണ്ടാണ് വണ്ടിയിൽ വച്ചത്…….. അത് കണ്ടപ്പോളുള്ള ആ മുഖത്തേ സന്തോഷം ഇപ്പോളും മനസ്സിൽ കിടപ്പുണ്ട്…………… ഹോസ്പിറ്റലിൽ നിന്ന് നിസ്സഹായതയോടെ നിൽക്കുമ്പോൾ ആ കണ്ണുകളിലെ നിർവികാരത തന്നെ പിടിച്ചെടുത്തതാണ്…….. ജിതിനവളെ നോക്കുന്നത് കണ്ടപ്പോൾ അസൂയയും ദേഷ്യമായിരുന്നു….. അവന്നിട്ട് ഒന്ന് പൊട്ടിക്കാൻ തോന്നിയിരുന്നു………. അതിന്നേക്കാളും നല്ലത് അവളെ അവിടെ നിന്ന് പറഞ്ഞയക്കുന്നതാണെന്ന് തോന്നിയിട്ടാണ് കൂടെ വരാൻ പറഞ്ഞു കൂട്ടി കൊണ്ട് പോയത്………..നന്ദുവിന് അവളെ ഇഷ്ട്ടമാണെന്ന് അറിഞ്ഞിരുന്നേൽ ഒരിക്കലും ആഗ്രഹിക്കില്ലായിരുന്നു……….. മറക്കാൻ തന്നെ കൊണ്ട് കഴിയും കഴിയണം……….
ഓരോന്ന് ആലോജിച്ചു ഇരിക്കുമ്പോളാണ് അടുത്ത് നിന്ന് ഒച്ചയും അനക്കവും കേട്ട് തിരിഞ്ഞു നോക്കിയത് അടുത്തൊക്കെ lovers സ്ഥാനം പിടിച്ചിരിക്കുന്നു ……….
ഹോ എന്തേലും ഒന്ന് മറക്കാൻ തീരുമാനിക്കുമ്പോളേക്കും പാണ്ടി ലോറി തോട്ട് ചായ കട വരെ അവരെ പേര് ആയിരിക്കും എന്ന് പറഞ്ഞ പോലെ ആയി ഇത്……
ഒന്ന് ചിരിച്ചു കൊണ്ട് തന്നെ എഴുനേറ്റു ഇനി ക്ലാസ്സിൽ ഇരിക്കാൻ മൂഡില്ല എന്ന് തോന്നി വീട്ടിലേക്ക് പോവാൻ തയ്യാറായി…… നന്ദു വരില്ല എന്ന് അറിയുന്നത് കൊണ്ട് വിളിക്കാൻ നിന്നില്ല…… വണ്ടിയിൽ കയറാൻ നേരം കണ്ടു സ്റ്റൈർ ഇറങ്ങി വരുന്ന ശ്രുതിയെ…… കണ്ണുകൾ ആരെയോ പ്രതീക്ഷിച്ച പോലെ തിരിയുന്നുണ്ട്…. വണ്ടി സ്റ്റാർട്ട് ചെയ്തു പോവാൻ നിൽക്കുമ്പോളാണ് ബാക്കിൽ ആരോ കയറി ഇരുന്നത്…… മിററിലൂടെ നോക്കിയപ്പോൾ നന്ദു ആണെന്ന് കണ്ട് ഒന്നും മിണ്ടാതെ തന്നെ വണ്ടി എടുത്തു…….. അവൻ തിരിഞ്ഞു നോക്കി ശ്രുതിക്ക് കൈ വീശി കാണിക്കുന്നതും കണ്ടു…………..
🌻🌻🌻🌻🌻🌻🌻🌻
വീട്ടിലെത്തലും നന്ദു വേഗം ചാടി ഇറങ്ങി….. ഉള്ളിലേക്ക് കയറാതെ ഡോറിന്റെ മുന്നിൽ താടിക്ക് കൈ കൊടുത്തു നിൽക്കുകയാണ് അവൻ………… ഉള്ളിൽ നിന്ന് സംസാരം കേൾക്കുന്നുണ്ട്….. എന്താ സംഭവം എന്ന് നോക്കാൻ ഉള്ളിലേക്ക് ഒന്ന് കിച്ചു എത്തി നോക്കി…… അവിടെ ഫാഷൻ ഷോ ആണ്…… പാറു അതാ സാരി എല്ലാം ചുറ്റി നിൽക്കുന്നു …. കയ്യിൽ കേട്ടുണ്ട്….. അതൊക്കെ എന്ത് എന്ന ധാരണയിൽ ആണ്………. നിലയെ പിൻ കുത്തി കൊടുക്കാൻ സമ്മതിക്കുന്നില്ല…….
“” അടങ്ങി നിൽക്ക് പാറുസേ ആന്റി കുത്തി തരാം….. “”
“” ഇറ്റ് ബേണ്ട നിലാന്റി….. മേൽ കുത്തും….. “”
“” ഇല്ല പെണ്ണേ……… മേൽ കുത്തില്ല…… “”
“” ബേണ്ട നിലാന്റി…… “”
മുഖമൊന്ന് ചുളിച്ചു പേടിച്ച പോലെ പറയുന്നത് കേട്ടപ്പോൾ അവൾക്ക് പാവം തോന്നി….
“” ആ എന്നാൽ വേണ്ട….. പക്ഷെ ഇത് അഴിഞ്ഞു പോവും ട്ടോ….. “”
“” ഇല്ല നാൻ പിറ്റിചോളാം…… “”
ഷോൾഡറിൽ നിന്ന് അഴിഞ്ഞു വീഴാൻ പോയ സാരി വലത്തേ കൈ കൊണ്ട് പിടിച്ചു ഒന്ന് കറങ്ങി കൊണ്ട് പറഞ്ഞു……….
“” നീ ആരാടി സിൽക്ക് സ്മിതയോ….. “”
“” അല്ല പാരുവാ…… “”
ഡോറിന്റെ അടുത്തു നിന്ന് നന്ദു ചോദിച്ചപ്പോൾ അത് ആരാണെന്ന് പോലും നോക്കാതെ അറിയാതെ പാറുവിന്റെ വായയിൽ നിന്ന് വന്നു പോയതാണ്…….. പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ നന്ദുവിനെ കണ്ടപ്പോൾ പാറു വേഗം നിലയുടെ അടുത്തേക്ക് നീങ്ങി…..
“” അയ്യോ ഇവൾക്ക് സാരി ഉടുത്തപ്പോൾ നണമൊക്കെ വരുന്നു……. “”
“” ഇറ്റ് നാനമൊന്നും അല്ല വിക്രമ… ശാരി ഇപ്പോ അയിഞ്ഞു പോവും….. “”
“” ഇത് ഉടുക്കാൻ അറിയില്ലെങ്കിൽ വാരി ചുറ്റണ്ട ആവശ്യം ഉണ്ടോ…. അഴിച്ചു ഒഴിവാക്കുന്നുണ്ടോ ….അവളെ ഓരോ അമ്മായി കളി….. അതിനൊക്കെ ഈ ഏട്ടത്തിയും നിന്ന് കൊടുക്കും…… “”
“” വിക്രമന് ക്ലാശ് ഇല്ലേ…… എൻറ്റിനാ ഇപ്പോ ഇങ്ങോട്ട് ബന്നത്…… “””
നന്ദുവിന്റെ സംസാരം ഇഷ്ട്ടപെടാത്ത പോലെ പാറു കലിപ്പായി……
“” എനിക്ക് എന്റെ വീട്ടിൽ വരണേൽ നിന്നോട് ചോദിക്കണോടി…… “”
“” ആ വേനം……. “”
“” ഒന്ന് പോടീ…. “”
റൂമിലേക്ക് നടക്കുമ്പോൾ പാറു ഷോൾഡറിൽ ചുരുട്ടി കൂട്ടി പിടിച്ചത് അവളെ മൈൻഡ് ചെയ്യാതെ നന്ദു തട്ടി ഇട്ടു…..
“” ശോ ഈ വിക്രമൻ…… “”
നന്ദു റൂമിൽ കയറുന്നതിനു മുന്നേ അവന് ഒന്ന് കൊടുക്കാൻ വേണ്ടി പിറകെ ഓടി….. പക്ഷെ സാരി ഉടുത്തു കൊണ്ട് ഓടാൻ കഴിയുന്നില്ല………മുന്താണി നിലത്ത് കൂടെ ഇഴയുന്നുണ്ട് കുണുങ്ങി കുണുങ്ങി നടന്നു എത്തുമ്പോളേക്കും നന്ദു ഡോർ അടച്ചിരുന്നു……
“” ഹോ എൻറ്റോരു ശോബാവാണ്……. നിലാന്റി ഇറ്റോക്കെ അയിഞ്ഞു പോയി……… ബേറെ ഉടുത്തു തരോ……… “”
“” എന്റെ പെണ്ണേ നിന്നേ കൊണ്ട് ഞാൻ തോറ്റല്ലോ…… “”
“”പ്ലിശ്……””
“” ഓ സോപ്പിടേണ്ട വാ….. “”
നില വിളിച്ചപ്പോൾ വേഗം അവളുടെ അടുത്തേക്ക് ഓടി………കിച്ചു ചിരിച്ചു കൊണ്ട് അടുത്തുള്ള ചെയ്റിൽ ഇരുന്നു….
“” അല്ല നിങ്ങൾ രണ്ടും എന്താ ഈ സമയത്ത് വന്നത് വന്നത്…… എന്താ പ്രിൻസിപ്പൽ പറഞ്ഞയച്ചോ …..””
പാറുവിന് സാരി ഉടുപ്പിച്ചു കൊണ്ട് നില ചോദിച്ചു…
“” ഏയ് ഒന്നുല്ല ഒരു മടി……… പ്രത്യേകിച്ചു ഒന്നുല്ല ശ്രുതിക് കംപ്ലയിന്റ് ഇല്ല എന്ന് പറഞ്ഞു…. പ്രശ്നം അവിടെ കഴിഞ്ഞു…. “”
“” ആ വിക്രമനെ കോലേജിൽ ഇറ്റാൽ പോരേനോ കിച്ചു സേട്ടാ…… “”
“” അത് എന്തിനാടി…….. “”
“” ഇവിറ്റേ നിന്നാൽ വികൃതി കാനിക്കും……. “”
“” ശെരിക്കും…… “”
കിച്ചു അവളെ നോക്കി ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് ചോദിച്ചു …
“” ആ കിച്ചു സേട്ടാ സേരിക്കും……. “”
“” അല്ല ഏട്ടത്തി ഇവളെ ഞാൻ അങ്ങു കെട്ടിയാലോ… സാരി ഒക്കെ ഉടുത്തു വല്യ പെണ്ണായി….. “”
“” ആയോ പപ്പ ശമ്മയികൂല……. “”
പാറുവിന്റെ പറച്ചിൽ കേട്ട് നില വാ പൊത്തി ചിരിച്ചു കിച്ചുവിന്റെയും അവസ്ഥ ഏറെ കുറെ ഇത് തന്നെ…….
“” ഹോ പപ്പ സമ്മതിക്കാഞ്ഞിട്ടാണ്….. നിനക്ക് സമ്മതമാണോടി…….. “”
“” അറ്റിനു നാൻ സേരിയ കുറ്റിയല്ലേ…….. “”
നില ചോദിച്ചത് പെണ്ണ് സീരിയസ് ആയിട്ടാണ് എടുത്തിരിക്കുന്നത്…….
“” ഓ ഒരു സേറിയ കുറ്റി വന്നിരിക്കുന്നു……. നിന്നേ നാളെ തന്നെ നിവിനേട്ടൻ ആ പറമ്പിൽ പണിക്ക് വന്ന അണ്ണാച്ചിക്ക് കെട്ടിച്ചു കൊടുക്കാൻ പോവാ….. നിന്നേ ഇന്നലെ അവർ പെണ്ണ് കാണാൻ വന്നിരുന്നല്ലോ നീ കണ്ടില്ലേ…… “”
ഡോർ തുറന്നു പുറത്തേക്ക് വന്ന് കൊണ്ട് നന്ദു പറഞ്ഞപ്പോൾ പാറു കുറച്ച് നേരം അവനെ നോക്കി നിന്നു….
“” കല്ലം പരയല്ല വിക്രമ……. നിക്ക് ഇന്നലെ ആ മാമൻ സോക്ലേറ്റ് ഒക്കെ വാങ്ങി തന്നതാ….. “”
“” ആഹ് അപ്പോൾ അങ്ങനെ പറയി….. ഏട്ടത്തി ഇവൾക്ക് ചോക്ലേറ്റ് കൊണ്ട് വന്നാണ് അവർ പെണ്ണ് കാണാൻ വന്നത്…… “”
“” അല്ല വിക്രമൻ നോന പരയാ…….. “”
“” അതേ നന്ദു കള്ളം പറയാണ്….. പാറുവിനെ ഞാൻ നിവിനേട്ടനോട് ചോദിച്ചു വച്ചിട്ടുണ്ടായിരുന്നു…… എനിക്ക് കെട്ടിച്ചു തരാം എന്നേനി പറഞ്ഞത്…….. “”
ഇടയിലൂടെ കിച്ചു പറഞ്ഞപ്പോൾ പാറു അവനെ സൂക്ഷിച്ചു നോക്കി…….
“” അയ്യട മനമേ…. ഈ ട്രൗസറിന്റെ മുകളിൽ സാരി ഉടുത്ത ശൂർപ്പണകയെ ഇങ്ങോട്ട് കൊണ്ട് വന്നിട്ട് വേണം വീട് തല കുത്തനെ മറച്ചിടാൻ…….'””
“” അറ്റ് എന്നേ കൊണ്ട് കയ്യില്ല വിക്രമ…. “”
“” ഓഹോ….. ഈ വാ തന്നെ പോരേ…. വീട് താനേ മറിഞ്ഞോളും……. “”
“” അങ്ങനെ ആനേൽ ഇപ്പോ മരിയണ്ടേ….. എൻറ്റ് ഉരക്കനേയ വിക്രമൻ സംശാരിക്കുന്നത്….. “”
അടഞ്ഞു നന്ദുവിന്റെ വാ അടഞ്ഞു ഒന്നും പറയാൻ കിട്ടാതെ ഉരുണ്ട് കളിക്കുന്ന നന്ദുവിനെ കണ്ടപ്പോൾ കിച്ചുവും നിലയും ചിരിക്കാൻ തുടങ്ങി……….
“” നിനക്കുള്ളത് കിട്ടിയില്ലേ നന്ദു….. “”
വായ പൊത്തി ചിരിച്ചു കൊണ്ട് നില ചോദിച്ചപ്പോൾ നന്ദു ഒരു വളിഞ്ഞ ചിരി ചിരിച്ചു…..
“” ഹ്മ്മ് കിട്ടി….. ചോദിച്ചു വാങ്ങിച്ചു…… “”
കിച്ചു പറഞ്ഞു ചിരിച്ചപ്പോൾ നന്ദു പതുക്കെ പാറുവിന്റെ എടുത്ത് വന്ന് അറിയാത്ത പോലെ ഷോൾഡറിലെ സാരി വീണ്ടും തട്ടി തെറിപ്പിച്ചു………..
“” ഹോ ഈ വിക്രമൻ…… “”
സഹി കേട്ട് പാറു നിലത്ത് കൂടെ ഇഴയുന്ന സാരി എല്ലാം വലത്തേ കൈ കൊണ്ട് പൊന്തിച്ചു പിടിച്ചു ഓടി പോയി നന്ദുവിന്റെ കൈക്ക് ഒരു കടി കൊടുത്തു………..
“” ആ….. കയ്യിന്ന് വിടെടി കുട്ടി തേവാങ്കെ വേദന ആവുന്നു….. ഏട്ടത്തി ഒന്ന് പറ……… “”
“” നിനക്ക് അത് വേണം ആ കുട്ടിയെ കുറച്ച് നേരമായി വെറുപ്പിക്കുന്നു അവൾ തന്നെ എങ്ങനെയോ പിടിച്ചാണ് നടക്കുന്നത്….. അതിന്റെ ഇടയിലൂടെയെടാ നിന്റെ കളിയും….. “”
“” കണ്ണിൽ ചോര ഇല്ലാതെ പെരുമാറല്ല ഏട്ടത്തി….മുന്നിൽ ഒരു പല്ലില്ലെങ്കിലെന്താ നല്ല വേദന ഉണ്ട്……. ഇനി ചിലപ്പോൾ ഇവളുടെ മറ്റെ കൈ കൂടി ഞാൻ ടിക്കും…… “”
അത് കേട്ടപ്പോൾ തന്നെ പാറു കടി നിർത്തി…… ഇനിയും കെട്ടി നടക്കാൻ അവൾക്ക് കഴിയില്ല …… ഇപ്പോൾ തന്നെ ചൊറിച്ചിൽ സഹിച്ചാണ് നിൽക്കുന്നത്………… കടി നിർത്തി പാറു വേഗം സാരി എല്ലാം അഴിച്ചു കിച്ചുവിന്റെ കയ്യിൽ കൊടുത്തു…..
“” ഇപ്പോ എൻറ്റോരു ഷുഗം……… “”
“” നിന്റെ സംസാരം കേട്ടാൽ തോന്നും ഞാൻ എങ്ങാനും നിർബന്ധിച്ചു ചുറ്റിച്ചതാണ്….. നീ പറഞ്ഞിട്ടല്ലേ ഞാൻ ഉടുപ്പിച്ചു തന്നത്…… “”
“” ഈ… നിലാന്റിക്ക് ശാരി ഉടുപ്പിക്കാൻ അരിയില്ല….. അറ്റാണ് ഇത് കോലമായാത്…… “”
“” എടി ദുഷ്ട്ടെ എത്ര പെട്ടെന്നാണ് നിന്റെ സ്വഭാവം മാറിയത്…. ഓന്ത് മാറോ ഇത് പോലെ……..അമ്മ സമ്മതിക്കില്ല…. ആനയാണ് ചേമ്പാണ് എന്നൊക്കെ പറഞ്ഞിട്ട്………..””
“” അറ്റ് നാൻ സുമ്മ പരഞ്ഞതല്ലേ…. “”
മുന്നിൽ പല്ല് ഇല്ലാതെ മോണ കാട്ടി ചിരിച്ചു പറയുന്നത് കണ്ടപ്പോൾ നിലയ്ക്കും ചിരി വന്നു…. എന്നാലത് പുറത്ത് കാണിച്ചില്ല……..
“” നോണ പറയുന്നോടി………. നിന്നോട് ഞാൻ കൂട്ടില്ല……. “”
പറഞ്ഞു കൊണ്ട് നില എഴുനേറ്റു ഉള്ളിൽ പോയി…..
“” അയ്യേ ബോബനും മോളിയും തെറ്റി പിരിഞ്ഞെ…. ഹയ്യമ്മ ഹയ്യമ്മ……. “”
തുള്ളി ചാടി ചിരിക്കുന്ന നന്ദുവിനെ കണ്ടപ്പോൾ പാറു കൂർപ്പിച്ചു നോക്കി……
“” നീ എന്നേ നോക്കണ്ടടി………. അയ്യോ പാവം….. ഒരാളുമായി ഏട്ടത്തി തെറ്റിയെ …….. “”
വീണ്ടും കളിയാക്കുന്ന നന്ദുവിന്റെ കാലിനൊരു ചവുട്ട് കൊടുത്തു പാറു നിലാന്റിന്ന് വിളിച്ചു അടുക്കളയിലേക്ക് കുണുങ്ങി ഓടി……..
“”””””””””””””””””””””””””””””
വൈകുന്നേരം മഴ വല്ലാതെ ശക്തിയിൽ പെയ്യുന്നത് കണ്ട് നന്ദു റൂമിൽ നിന്ന് എഴുന്നേറ്റു ഉമ്മറത്ത് വന്നു പടിയിൽ ഇരുന്നു പുറത്തേക്ക് കാൽ നീട്ടി……. മഴ പാറൽ മുഖത്തേക്ക് അടിക്കുന്നുണ്ട്…….. പാടത്ത് വെള്ളം നിറഞ്ഞു റോഡിലേക്ക് കയറിയിരിക്കുന്നു …ഓടിൽ നിന്ന് ഒലിചിറങ്ങുന്ന വെള്ളം കൊണ്ട് കാല് നനയ്ക്കുമ്പോളാണ് പുറകിൽ നിന്ന് ഒച്ച കേട്ട് തിരിഞ്ഞു നോക്കിയത്……… പടിയിൽ കയറി ഇരിക്കാനുള്ള പരിശ്രമത്തിലാണ് പാറു ……കയ്യിൽ ഒരു പത്രം ഉണ്ട്……. ഏട്ടത്തിയോട് നന്നായി സോപ്പിട്ട് എന്തോ ഉണ്ടാക്കിച്ചതാണ്……. കയറാൻ കയ്യുന്നും ഇല്ല…… ആ പത്രം ആണേൽ നിലത്ത് വയ്ക്കുന്നും ഇല്ല………….അവളുടെ കളി കണ്ട് ചിരിച്ചു കൊണ്ട് തിരിഞ്ഞു നിന്ന് അവളെ എടുത്തു പൊക്കി പടിയിൽ ഇരുത്തി……
“” ഹോ എന്തൊരു weight ആണേടി തടിച്ചി പാറു…””
അവളെ എടുത്ത് ഇരുത്തി കൈ കുടഞ്ഞു കൊണ്ട് നന്ദു പറഞ്ഞപ്പോൾ അവളൊന്ന് ചിരിച്ചു…..
“” കയിച്ചിട്ട…. “”
“” ഓ…. തിന്നിട്ടാണ് ഈ തടി എന്ന് നിനക്ക് അറിയാം……. എന്നാൽ ഈ തീറ്റി കുറയ്ക്ക അതും ഇല്ല…….. “”
“” കയിക്കുന്നത് നല്ലതല്ലേ…….. “”
“”ആ അതേ അതേ നീ ജീവിക്കാൻ വേണ്ടി കഴിക്കുന്നതല്ലല്ലോ .. കഴിക്കാൻ വേണ്ടി ജീവിക്കുക്കുന്നതല്ലേ……. “”
“” എൻറ്റാ… എൻറ്റാ പരഞ്ഞേ………. “”
“” ഒന്നുല്ല പൊന്നോ….. നിന്റെ പണി നടക്കട്ടെ….. എന്തോന്നാ അത്….. “”
“” ചക്കയാ…. വേണോ…. നല്ല മതുരമുണ്ട്……. “”
“” വോ വേണ്ട വേണ്ട വെട്ട് വെട്ട്…… “”
പറഞ്ഞു കൊണ്ട് നന്ദു പുറത്തേക്ക് നോക്കി നിന്നു…. ഇടയ്ക്ക് ഒന്ന് തല ചെരിച്ചപ്പോൾ കണ്ടു ഒരു കയ്യിൽ ചക്ക പിടിച്ചു നിൽക്കുന്നുണ്ട് മറ്റെ കയ്യിന്റെ കെട്ടിനുള്ളിലൂടെ വലത്തേ കൈ കൊണ്ട് തന്നെ അതിന്റെ ഉള്ളിലൂടെ കൈ ഇടാൻ നോക്കുന്ന പാറുവിനെ……
“” അയ്യേ നീ ഇത് എന്താ ചെയ്യുന്നത്….. “”
നന്ദു ചോദിക്കുന്നത് കേട്ട് പാറു മുഖം ചുളിച്ചു…
“” ചൊരിയുന്നു…….. “”
“” നല്ലോണം ചോരിയുന്നുണ്ടോ….. “”
“” മ്മ്…… “”
“” ഞാൻ ഒരു കാര്യം പറഞ്ഞു തരാം അത് പോലെ ചെയ്യോ…… “”
പാറു ഉത്സാഹത്തോടെ ഒന്ന് മൂളി……. നന്ദു പതുക്കെ പറഞ്ഞു കൊടുത്തത് കേട്ട് മുന്നും പിന്നും നോക്കാതെ പെണ്ണ് തിരിഞ്ഞു നിലത്തേക്ക് ചാടി…..
“” ഇന്നാ ചക്ക വിക്രമൻ തോന്നോ….
കയ്യിലെ പാത്രം നന്ദുവിന് കൊടുത്തു പെണ്ണ് ഉള്ളിലേക്ക് ഓടി…………
“” പടച്ചേനെ കാവടി തുള്ളിയ പോവുന്നത്…ഇനി എന്തൊക്കെ കാണണം …… “”
ചിരിച്ചു കൊണ്ട് അവൻ പാറു പോയ വഴിയേ നോക്കി………….
കുറച്ച് കഴിഞ്ഞു പോയ അതേ സ്പീഡിൽ പാറു തിരിച്ചു വന്നു വലത്തേ കൈ പിറകിലേക് വച്ചിട്ടുണ്ട്……. അവളുടെ ആ ചിരിയിൽ നിന്നും മനസിലാക്കാം പറഞ്ഞ പോലെ ചെയ്തിട്ടുണ്ടെന്ന്……….
“” ഇന്നാ വിക്രമ പിറ്റിക്ക്……. “”
പിറകിലെ കൈ മുന്നോട്ട് നീട്ടി പപ്പട കോൽ പൊന്തിച്ചു പിടിച്ചു നിൽക്കുന്ന പാറുവിനെ കണ്ട് അവനു ചിരിച്ചു വന്നു……….
“” ഇത് എങ്ങാനും ഏട്ടത്തി കണ്ടാൽ പെണ്ണിനെ പപ്പടം പൊടിക്കുന്ന പോലെ പൊടിക്കും…..
“” വിക്രമ ഇറ്റ് ഒന്ന് ഉള്ളിൽ ഇറ്റ് കുത്തി താ……. ഇറ്റ് കൊണ്ട് കുറ്റിയാൽ സോരിച്ചിൽ മാറില്ലേ….. “”
ഒരു പ്രതീക്ഷയോടെ ആണ് അവൾ ചോദിക്കുന്നത്…..
“” പിന്നെ…. ഉറപ്പായും മാറും………ഇത് കണ്ട് കൊണ്ട് ഏട്ടത്തി വന്നാൽ നിന്റെ എല്ലാ ചൊറിച്ചിലും മാറ്റി തരും……. “”
“” വിക്രമ കുത്ത്…… “”
പപ്പട കോൽ കയ്യിൽ കൊടുത്തു കൊണ്ട് പാറു പറഞ്ഞപ്പോൾ നന്ദു ഡോറിന്റെ എടുത്തേക്ക് ഒന്ന് നോക്കി……. ആരെയും കാണുന്നില്ല എന്ന് കണ്ടപ്പോൾ പതുക്കെ കെട്ടിന്റെ ഇടയിലൂടെ ഇട്ട് കുത്തി കൊടുത്തു……….. അത് നല്ലവണ്ണം ഇഷ്ട്ടപെടുന്നുണ്ട് എന്ന് പെണ്ണിനേ കണ്ടാൽ മനസിലാക്കാം………. നന്ദു ചൊറിച്ചിൽ മാറ്റി കൊണ്ട് നിൽക്കുമ്പോൾ പാറു ചക്ക നല്ല തീറ്റി ആണ്…..
“” വിക്രമ ഇനി ഇവിടെ സോരിയി…… “”
“” മുതലാക്കാണോ സജി……… “”
“” അറ്റാര…… “”
“” അത് നിന്റെ………… “”
പറഞ്ഞു മുഴുവപ്പിക്കുന്നതിന് മുന്നേ ഡോറിന്റെ സൈഡിൽ നിന്ന് ടാ….. എന്ന വിളി മുഴങ്ങിയിരുന്നു……..
🦋തിരികെ വരും 🦋

by