22/04/2026

അഗ്രഹാരം : ഭാഗം 23

രചന – നിവേദ്യ ഹരിഹരൻ

അർജുൻ റൂമിലേക്കു തിരികെ വന്നപ്പോൾ നിമ്മി അവനരികിലേക്ക് ചെന്നു.. ” അജു … നിന്റെ സെലക്ഷൻ സൂപ്പർ.. കാണാനും പെരുമാറ്റോം ഒക്കെ അടിപൊളി .. എനിക്ക് നല്ല ഇഷ്ടായടാ ആ കുട്ടിയെ .. ആദിയേട്ടനും ഇഷ്ടപ്പെട്ടു.. നിമ്മി ആവേശത്തോടെ പറഞ്ഞു. നീ അതിന്റെ പിന്നാലെ ഇങ്ങനെ മസിലും പെരുപ്പിച്ചു നടക്കുന്നതിൽ എന്തായാലും നിന്നെ കുറ്റം പറയാൻ പറ്റില്ലട്ടാ.. നിമ്മി പതുക്കെ അവന്റെ കൈയ്യിലെ മസിലിൽ തട്ടി.. അവരുടെ സംസാരം കേട്ട് ജയയും അങ്ങോട്ടു വന്നു.. “അതേടാ അജു .. നല്ല കുട്ടിയാ.. നിനക്ക് നല്ല മാച്ചാ .. നീട്ടിക്കൊണ്ടുപോകാതെ അതിന്റെ വീട്ടിൽ പോയി ആലോചിക്കാന്നെ … ആഹ് പിന്നെ നിന്റെ അച്ഛൻ ഇപ്പോ രഹസ്യായി എന്നോട് പറയാ ആ കൊച്ചിനെ അജൂന് ആലോചിച്ചാലോന്ന്.. രാജേട്ടനും കുട്ടിയെ ഇഷ്ടപ്പെട്ട മട്ടാ.. ഞാനൊന്നും പറഞ്ഞിട്ടില്ല.. നീ പാലക്കാട് പോയതിന്റെ പിന്നിലെ ചേതോവികാരം … അർജുനോട് ചേർന്നു നിന്നു കൊണ്ട് സ്വകാര്യം പോലെയാണ് ജയയത് പറഞ്ഞത്..

” അച്ഛനോട് ഞാൻ പറയാൻ പോവാ അമ്മേ…. ” ആണോ… കണ്ണുകൾ വിടർത്തിക്കൊണ്ട് നിമ്മിയും ജയയും പരസ്പരം നോക്കി. “അതെ… രാജേന്ദ്രനും ആദിയും കുഞ്ഞിനെയും കൊണ്ട് അപ്പുറത്തെ റൂമിൽ ഇരിക്കുകയായിരുന്നു.. അർജുൻ അവർക്കടുത്തേക്കു ചെന്നു.. “അച്ഛാ … എനിക്കൊരു കാര്യം പറയാനുണ്ട്.. “എന്താടാ പതിവില്ലാതെ ഒരു മുഖവുര.. നീ കാര്യം പറ … കുഞ്ഞുണ്ണിയെ കളിപ്പിക്കുന്നതിനിടയിൽ അർജുന്റെ മുഖത്തേക്ക് നോക്കാതെ രാജേന്ദ്രൻ പറഞ്ഞു.. “അത് അച്ഛാ ഇപ്പോ വന്ന ആ കുട്ടിയില്ലെ.. അവളെ ..അവളെ എനിക്കിഷ്ടാ .. അനുവിനെ ഫോളോ ചെയ്താ ഞാൻ പാലക്കാട് പോയതും.. ആ പ്രോപ്പർട്ടി വാങ്ങിയതും.. അർജുൻ മുഖം കുനിച്ചു നിന്നു.. അർജുന്റെ സംസാരവും ഭാവവും ആദിയിൽ ചിരി നിറച്ചു. എങ്കിലും അവൻ ആ ചിരി ചുണ്ടുകൾക്കു പിന്നിൽ ഒളിപ്പിച്ചു.. രാജേന്ദൻ അത്ഭുതത്തോടെ അർജുനെ നോക്കി..

“ആഹാ അപ്പോ എന്റെ മോൻ എല്ലാം നേരത്തേ പ്ലാൻ ചെയ്ത് ചെയ്തതാണല്ലേ… ഇതാണ് ആ ഒരു കോടി വിലയുടെ പോപ്പർട്ടി അല്ലേ.. രാജേന്ദ്രൻ ഒന്നിരുത്തി അർജുനെ നോക്കി. അതു പോട്ടെ ഇത് നിന്റെ അമ്മക്കറിയോ ..? “അറിയാം… അർജുൻ മുഖമുയർത്തിയില്ല.. “നിനക്കോടാ… രാജേന്ദ്രൻ ആദിയെ നോക്കി.. “എന്നോടും ഇവൻ പറഞ്ഞിട്ടുണ്ടച്ഛാ … കള്ളത്തരം പിടിക്കപ്പെട്ട കുട്ടിയുടെ മുഖഭാവത്തിലായിരുന്നു ആദി.. “അപ്പോ ഇനി ഞാൻ മാത്രം അറിയാനുള്ളു അല്ലേ.. കൊള്ളാം.. രാജേന്ദ്രൻ ബെഡ്ഡിൽ നിന്നും എഴുന്നേറ്റു .. ജയയും നിമ്മിയും അങ്ങോട്ടേയ്ക്ക് കയറി വന്നു.. “എന്നാലും ജയേ നിനക്കെങ്കിലും എന്നോട് പറയാരുന്നില്ലേ.. രാജേന്ദ്രന്റെ മുഖത്ത് ഗൗരവം നിറഞ്ഞു നിന്നു.. “ഇവൻ പറയരുതെന്ന് വിലക്കിയിട്ടാ രാജേട്ടാ ഞാൻ അത് മറച്ചുവച്ചത്… ജയ കൂർപ്പിച്ച് അർജുനെ നോക്കി.. “എനിയ്ക്ക് അവളെ മാത്രം മതി അച്ഛാ … അനുവിനെ അല്ലാതെ മറ്റാരെയും ഞാൻ വിവാഹം ചെയ്യില്ല.. അത്രയ്ക്ക് എനിക്കവളെ … അർജുൻ വാക്കുകൾക്കു പരതി..

അത്ഭുതപൂർവ്വം അവനെത്തന്നെ നോക്കി നിൽക്കുകയായിരുന്നു രാജേന്ദ്രൻ .. “നിന്റെ ഇഷ്ടം അതാണെങ്കിൽ ഞങ്ങൾക്ക് എന്താടാ പ്രശ്നം.. എന്തായാലും നിന്റെ സെലക്ഷൻ കൊള്ളാം അജു .. അവൾ നല്ല കുട്ടിയാ … നല്ലൊരു നർത്തകിയും .. രാജേന്ദ്രൻ അർജുനു നേരേ ചെന്ന് അവന്റെ ചുമലിൽ തട്ടി.. “താങ്ക്സ് അച്ഛാ.. അർജുൻ രാജേന്ദ്രന്റെ കരം കവർന്നു… അവൻ തലയുയർത്തി എല്ലാവരെയും നോക്കി പുഞ്ചിരിച്ചു.. “നമുക്ക് ആ കൊച്ചിന്റെ വീട്ടിൽ പോയി ചോദിക്കാന്നേ.. അടുത്ത ദിവസം തന്നെ പോയേക്കാം.. അല്ലേ ആദി ..?? “ആഹ് അച്ഛാ .. ഇനി നീട്ടി വയ്ക്കണ്ട … ഉടനെ പോണം … ആദി കുഞ്ഞിനെ നിമ്മിയുടെ കയ്യിലേക്ക് ഏൽപ്പിച്ചുക്കൊണ്ടു ഇരുവരെയും നോക്കി പറഞ്ഞു. “അച്ഛാ പക്ഷെ അവർ ബ്രാഹ്മിൺസ് ആണ്.. അർജുൻ ചോദ്യരൂപേണ രാജേന്ദ്രനെ നോക്കി “അതിനെന്താ അജു .. നമ്മളും നല്ല മേനോന്മാരല്ലെ .. നമുക്ക് ചോദിച്ച് നോക്കാന്നേ.. അർജുന്റെ മുഖം വിടർന്നു.. “ഹാ ചെക്കന്റെ മുഖം നോക്കിയേ .. 1000 വോൾട്ടിന്റെ ബൾബ് ഇട്ട പോലുണ്ട്.. നിമ്മി അതു പറഞ്ഞതും അവിടൊരു കൂട്ടച്ചിരി മുഴങ്ങി. ❣️❣️❣️

ഉറക്കം കഴിഞ്ഞ് അനു കണ്ണുതുറക്കുമ്പോൾ അവൾ ബെഡ്ഡിൽ കിടക്കുവായിരുന്നു.. അനു അങ്കലാപ്പോടെ പകച്ചു ചുറ്റും നോക്കി.. എബി റൂമിൽ ഉണ്ടായില്ല… അവൾ എഴുന്നേറ്റിരുന്ന് ഫോണെടുത്ത് സമയം നോക്കി.. 6 മണി.. കിടക്കയിൽ എങ്ങനെയെത്തി എന്ന ചിന്തയിലായിരുന്നു അനുവിന്റെ മനസ്സ് .. അവൾ ഫോണിൽ എബിയുടെ നമ്പർ ഡയൽ ചെയ്തു… അവൻ കോളെടുത്തു… “ആഹ് ഗുഡ് മോണിംഗ് .. മാഡം എണീറ്റോ..?? “ഡോക്ടറ് എപ്പോഴാ ഇവിടന്നു പോയത്..? “ഏതാണ്ട് ഒരു മണി ആയിക്കാണും .. ഞാൻ കണ്ണു തുറക്കുമ്പോൾ താൻ നല്ല ഉറക്കത്തിലായിരുന്നു.. “എന്നിട്ട് …?? “എന്നിട്ടെന്താ ഞാൻ തന്നെയെടുത്ത് കട്ടിലിലേക്ക് കിടത്തി.. “എന്നെ എടുത്തെന്നോ… അനുവിൽ പരിഭ്രമം നിറഞ്ഞിരുന്നു..

“അതേന്ന് … അല്ലാതെ പിന്നെ താൻ ഇരുന്ന് ഉറങ്ങുന്നത് കണ്ടിട്ട് എങ്ങിനാടോ ഞാൻ പോണത് .. “മമ്… അനു പരിഭവത്തോടെ മൂളി.. “അവിടെത്തന്നെ കിടക്കാന്നാ ആദ്യം ഓർത്തത്.. പിന്നെ താൻ എന്ത് വിചാരിക്കുമെന്ന് ഓർത്തിട്ടാ ഇങ്ങോട്ട് പോന്നത് .. എബി ചിരിച്ചു.. തന്റെ റൂമിന്റെ ഡോറ് ഞാൻ ലോക്ക് ചെയ്തേക്കുവാണ്.. ഇപ്പോ വന്നു തുറന്നു തരാം.. സുന്ദരിയായ ഒരു പെൺകുട്ടി ഒരു ബോധോം ഇല്ലാതെ കിടന്നുറങ്ങുമ്പോൾ വാതിൽ തുറന്നിട്ട് പോരുന്നതെങ്ങനാ … “ശ്ശോ ഒന്നു പോ ഡോക്ടറെ … എനിയ്ക്ക് നല്ല ബോധം ഉണ്ട്… “ആഹ് ഉണ്ട് ഉണ്ട്… എന്നിട്ടാണ് ഞാൻ തൂക്കിയെടുത്തത് പോലും അറിയാഞ്ഞത്… ഒരു പൂച്ചക്കുഞ്ഞിനെ പോലെ കിടന്ന ആളാ ഇപ്പോ പുലിയെ പോലെ ചീറുന്നത്.. “ഓഹ് ആയിക്കോട്ടെ .. സാറ് വന്ന് ആ ഡോറങ്ങ് തുറന്നേ … 8 മണിക്ക് ഞങ്ങൾക്ക് ഇവിടുന്നു ഇറങ്ങണം… “താൻ അവരുടെ കൂടെ പോവാണോ ..? ഞാനും അങ്ങോട്ടല്ലേ .. എന്റെ കൂടെ വാടോ.. “അയ്യോ ഞാനില്ല ഡോക്ടറെ.. ഇവരൊക്കെ എന്തു വിചാരിക്കും.. ഇതൊക്കെ അമ്മ അറിഞ്ഞാലോ .. അനുവിന്റെ സ്വരത്തിൽ ഭയം ചേർന്നിരുന്നു..

“എന്റെ അനു താനിങ്ങനെ പേടിച്ചാൽ എങ്ങനാ … താൻ കൂട്ടുകാരോട് എന്തെങ്കിലും കള്ളം പറ .. ഏതെങ്കിലും ഫ്രണ്ടിന്റെ വീട്ടിൽ പോണമെന്നോ അങ്ങനെ എന്തേലും .. ആന്റി ഒന്നും അറിയാൻ പോണില്ലടോ … “ഡോക്ടറ് ആദ്യം വന്നു ഡോർ തുറക്ക്… “ദാ വരുന്നു.. എബി കോൾ കട്ട് ചെയ്തു.. ഡോറിൽ കീ തിരിയുന്ന ശബ്ദം കേട്ട് അനു എഴുന്നേറ്റ് അങ്ങോട്ടു ചെന്നു.. വാതിലിനപ്പുറത്ത് എബി ഉണ്ടായിരുന്നു.. “പ്ലീസ് അനു എന്റെ കൂടെ വാ താൻ .. അവരെ എന്തേലും പറഞ്ഞ് ഒഴിവാക്ക് … എബി ദയനീയത അഭിനയിച്ചു… “ഡോക്ടർ എന്റെ പുക കണ്ടേ അടങ്ങു.. അനു ധർമ്മസങ്കടത്തിലായി.. “ഇതുപോലെ ഒരവസരം ഇനി നമുക്ക് കിട്ടില്ലെടോ.. തന്റെ ടീം പാലക്കാട് എത്തുന്ന സമയത്തു തന്നെ നമ്മളും അവിടെത്തും.. വാടോ പ്ലീസ്… എബി വിടാനുള്ള ഭാവമില്ലായിരുന്നു.. “മമ് ശരി … ഞാനവരോട് എന്തെങ്കിലും കള്ളം പറയാം.. അനു മനസ്സില്ലാ മനസ്സോടെ അവന്റെ വാക്കുകൾക്കു കീഴ്പ്പെട്ടു…

“അതാണ് .. എബിയുടെ മുഖം വിടർന്നു.. “ഞാൻ ചെക്ക് ഔട്ട് ചെയ്തിട്ട് ഹോട്ടലിനു പുറത്തു വെയ്റ്റ് ചെയ്യാം… അവർ ഇവിടന്നു പോയിട്ടു നമുക്ക് പോകാം … ഇനി നമ്മൾ ഹോട്ടലിന്റെ പുറത്ത് വച്ചേ കാണു.. അവർ പോയി 5 മിനിറ്റ് കഴിഞ്ഞിട്ട് താൻ വന്നാ മതി താഴേക്ക് … “കടവുളേ… എന്താവോ എന്തോ…. അനു പേടിയോടെ വിരൽ കടിച്ചു.. “ഒരു കുഴപ്പവും ഇല്ല താൻ വന്നേക്ക്… ഞാൻ പോവ്വാ റൂമിലേക്ക് … എബി പോയ്ക്കഴിഞ്ഞപ്പോൾ അനു വാതിൽ പൂട്ടി കൂട്ടുകാരുടെ റൂമിനടുത്തേക്ക് നടന്നു.. ഫ്രണ്ടിന്റെ വീട്ടിൽ പോകണം എന്ന് കള്ളം പറഞ്ഞ് അവരെ ധരിപ്പിച്ചു.. അപ്പോഴും അനുവിന്റെ ഉള്ളിൽ തീയായിരുന്നു.. ആരെങ്കിലും അറിഞ്ഞാലോ എന്ന ചിന്തയിൽ മനസ്സ് വേവലാതി പൂണ്ടു.. തിരിച്ച് റൂമിലേക്കെത്തി ബാഗ് പാക്ക് ചെയ്യവേയാണ് അർജുൻ കൊടുത്ത റിംഗിനെ പറ്റി അവൾക്ക് ഓർമ്മ വന്നത്.. കട്ടിലിൽ പരതി തലയണയ്ക്ക് കീഴിൽ നിന്നും അവളാ റിംഗ് കണ്ടെത്തി..

അതെടുത്ത് അലസമായ് ബാഗിന്റെ ഒരു മൂലയിലേക്കിട്ടു… കതകിൽ ആരോ തട്ടുന്നത് കേട്ടിട്ട് ആരാണാവോ എന്ന ചിന്തയോടെയാണ് അനു വാതിൽ തുറന്നത്.. പുറത്ത് രാജേന്ദ്രനും ജയയും .. അനു ഒന്നു പകച്ചു… “മോള് പോകാനുള്ള തയ്യാറെടുപ്പിലാണോ .. അകത്തേക്ക് കയറി ബെഡ്ഡിലെ ഡ്രസ്സുകളിലേക്കു നോക്കി ജയ ചോദിച്ചു.. “അ..അതെ മാഡം… “മോളോട് ഒരു കാര്യം പറയാൻ വേണ്ടിയാ ഞങ്ങൾ വന്നത്.. രാജേന്ദ്രനും ജയയും മുഖത്തോടു മുഖം നോക്കി ചിരിച്ചു.. “എന്താ സാർ …? അനു വിനയപൂർവ്വം ചോദിച്ചു.. “മോൾക്ക് അറിയാല്ലോ എനിയ്ക്ക് രണ്ട് ആൺകുട്ടികളാ… രണ്ടു പേരെയും മോള് പരിചയപ്പെട്ടല്ലോ ഇന്നലെ … രാജേന്ദ്രനാണ്. “അതെ എന്ന ഭാവത്തിൽ അനു തലയാട്ടി… “എന്റെ ഇളയമകൻ അർജുന് മോളെ വിവാഹം ചെയ്താൽ കൊള്ളാമെന്നുണ്ട്… സത്യത്തിൽ അത് അങ്ങനെയല്ല … മോളെ അല്ലാതെ വേറെ ആരെയും വേണ്ട എന്ന തീരുമാനത്തിലാ അവൻ … രാജേന്ദ്രൻ ഒന്നു നിർത്തി.. അനു ഉള്ളാലെ ഒന്നു ഞെട്ടി..

“അത് സാർ ഞാൻ … “അല്ല മോളിപ്പോ ഒന്നും പറയണ്ടാ.. നാളെ കഴിഞ്ഞ് ഞങ്ങൾ മോളുടെ വീട്ടിലേക്കൊന്ന് വരുന്നുണ്ട്.. അമ്മയോട് ഇതേപ്പറ്റി സംസാരിക്കാൻ … എത്രയും വേഗം ഇത് നടത്തണമെന്നാ ഞങ്ങളുടെ ആഗ്രഹം… മോളോടു കൂടി ഒരു വാക്ക് പറയണമല്ലോ അതാ ഞങ്ങൾ രണ്ടു പേരും കൂടി വന്നത്… മുഖത്തു നിന്നും രക്‌തം വാർന്ന് വിളറി വെളുത്തു നിൽക്കുകയായിരുന്നു അനു .. “എന്നാ അനു റെഡിയായിക്കോ ഞങ്ങൾ ഇറങ്ങാ … മോളെ ഇതൊന്ന് അറിയിച്ചു വയ്ക്കണം എന്നുണ്ടായിരുന്നു.. അത് നടന്നു.. രാജേന്ദ്രൻ പുറത്തേക്ക് നടക്കും വഴി പറഞ്ഞു. “ഞങ്ങൾ ഇറങ്ങട്ടെ മോളെ… ഇനി വീട്ടിൽ വരുമ്പോൾ കാണാം.. ജയ അനുവിന്റെ കൈകൾ സ്നേഹപൂർവ്വം അമർത്തി.. “മമ് .. അവൾ യാന്ത്രികമായി മൂളി… വാതിലിനടുത്തു നിന്നും തിരിച്ചു നടക്കുമ്പോൾ അനുവിന്റെ ഹൃദയം പടപടാ മിടിച്ചു ക്കൊണ്ടിരുന്നു.. തുടരും