24/04/2026

ഓർമ്മക്കായ് : ഭാഗം 07

രചന – ഭവ്യ ഭാസ്ക്കരൻ

പകപോടെവൾ അവനെ നോക്കി. കിച്ചേട്ടൻ എന്താ ഇപ്പോ പറഞ്ഞെ..?

എനിക്ക് തന്നെ ഇഷ്ടമാണ് മീനൂ..,
മാനസി തറഞ്ഞു നിന്നു.

രുദ്രൻ അവളുടെ അടുത്തേക്ക് വന്നു. അവളുടെ കൈകളിൽ പിടിച്ചു.

അവൾ ഞെട്ടി കൊണ്ടവനെ നോക്കി.

മീനൂ.. ഞാൻ നിന്നെ കല്യാണം കഴിച്ചോട്ടെ..? ഐ റിയലി ലവ് യൂ… കണ്ണുകളിൽ പ്രണയം നിറച്ചവൻ അവളോടായി പറഞ്ഞു. ഒരു നിമിഷമവൾ അവന്റെ കണ്ണുകളിൽ അടിമപ്പെട്ടു പോയി.

അവന്റെ കൈ മാറ്റി കൊണ്ടവൾ കരയിലേക്ക് നടന്നു.

അവനും അവളുടെ പിന്നാലെ നടന്നു, അവൾക്കു മുന്നിൽ വന്നു നിന്നു.

നിറമിഴിയോടെ തന്നെ നോക്കുന്ന പെണ്ണിനെ കണ്ട് അവന്റെ നെഞ്ചോന്ന് പിടഞ്ഞു.

എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ട് പോ മാനസി. വേദനയോടെവൻ പറഞ്ഞു.

അവൾ മിഴികൾ താഴ്ത്തി നിന്നു. നെഞ്ചു വല്ലാതെ നീറി പുകയുന്നുണ്ട്, കിച്ചേട്ടൻ സ്നേഹിച്ചത് എന്നെ ആയിരുന്നോ.. ഓരോന്നു ഓർത്തത്തതും അവൾക്ക് തല പെരുക്കുന്നപ്പോലെ തോന്നി.

മീനൂ..സ്കൂൾ കാലം തൊട്ട് മനസ്സിൽ കൊണ്ട് നടക്കുന്നതാ നിന്നെ ഞാൻ. എനിക്ക് നിന്നോടുള്ള പ്രണയം എങ്ങനെ നിന്നെ പറഞ്ഞു മനസിലാക്കണം എന്നറിയില്ല.

ഞാൻ നിന്നെ ആദ്യമായ് കണ്ടത് മഹാദേവന്റെ ക്ഷേത്രത്തിൽ വച്ചാ. അന്ന് പട്ടുപാവാട ഇട്ടു ക്ഷേത്രപടികൾ കയറി വന്ന ആ പതിനേഴുകാരി വന്നു കയറിയത് എന്റെ ഈ ഹൃദയത്തിലേക്കാ. ഓർമകളിൽ അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

അവൾ അവനെ മുഖമുയർത്തി നോക്കി.

അവൻ അവളെ നോക്കി ചിരിച്ചു.

അന്ന് തന്നെ എന്റെ അച്ഛനും അമ്മയ്ക്കും നിന്നെ കാണിച്ചു കൊടുത്തിരുന്നു. എന്റെ പഠിത്തമൊക്കെ കഴിഞ്ഞു ജോലിക്ക്‌ കയറിയാൽ നിന്നെ കെട്ടിച്ചു തരാമെന്നു പറഞ്ഞു അവർ.

അവൾ കണ്ണുമിഴിച്ചവനെ നോക്കി.

അവിടുന്ന് അങ്ങോട്ടു ഒരു നിഴൽ പോലെ നിന്റെ കൂടെ ഉണ്ടായിരുന്നു. ശ്രീഹരി നിന്നെ പ്രൊപ്പോസ് ചെയ്ത ദിവസം ഞാൻ അനുഭവിച്ച ടെൻഷൻ എത്രയെന്നു പറഞ്ഞറിയിക്കാൻ പറ്റില്ല. ഒടുവിൽ നീനുവാണ് പറഞ്ഞത് നിനക്ക് അവനോട് ഒന്നുമില്ല എന്ന്. നീ ഞങളുടെ കോളേജിൽ തന്നെ ചേർന്നപ്പോൾ ഏറ്റവും അധികം സന്തോഷിച്ചത് ഞാനായിരുന്നു. അതോടെ നീയുമായി എനിക്ക് നല്ലൊരു സൗഹൃദം ഉണ്ടാക്കി എടുക്കാൻ സാധിച്ചു.

പക്ഷേ, പ്രതീക്ഷിക്കാതെ അച്ഛനെ അമ്മയെ നഷ്ടമായപ്പോൾ.. അവനെ വാക്കുകൾ ഇടറി. ഒരു ദീർഘശ്വാസം എടുത്ത് അവൻ വീണ്ടും പറയാൻ തുടങ്ങി.

അവരുടെ മരണം എന്നെ വല്ലാത്ത തളർത്തി. അവിടെ നിൽക്കുന്ന ഓരോ നിമിഷവും എനിക്ക് എന്നെ തന്നെ നഷ്ടമാവുന്ന പോലെയായിരുന്നു. ഒടുവിൽ ഞാനും മാമനും ഇവിടെ നിന്ന് പോയി. എല്ലാം ഒന്ന് ഓക്കേ ആയപ്പോൾ ഞാൻ നിമലിന് വിളിച്ചിരുന്നു. അവനിൽ നിന്നും നിന്റെ വിശേഷങ്ങൾ അറിയും. നിന്റെ ഫോട്ടോസും വീഡിയോസ് എല്ലാം അവൻ എനിക്ക് അയച്ചു തരും.

അപ്പോഴൊക്കെ എനിക്ക് സ്വന്തം എന്ന് പറയാൻ നീയുണ്ടല്ലോ.. എന്നാ പ്രതീക്ഷ ആയിരുന്നു. അവൻ ഒന്ന് നിർത്തി അവളെ നോക്കി.

നിറഞ്ഞ കണ്ണുകൾ അവൻ കാണാതെ ഇരിക്കാൻ വേണ്ടി അവൾ കടലിലേക്ക് മിഴികൾ പായിച്ചു.

ഹയർ സ്റ്റഡീസ് ഇവിടുന്ന് വിദേശത്തേക്ക് പോകുമ്പോഴും, അങ്ങനെ ഒരു യാത്ര തന്നെ നിന്നിലേക്ക്‌ എത്രെയും പെട്ടെന്ന് എത്താൻ വേണ്ടിയായിരുന്നു. പഠിത്തം കഴിഞ്ഞാൽ അച്ഛന്റെ ആഗ്രഹപ്രകാരം ഞങ്ങളുടെ കമ്പനിയിൽ തന്നെ ജോയിൻ ചെയ്യണം. പിന്നെ അവർ ആഗ്രഹിച്ചപോലെ നിന്റെ വീട്ടിൽ വന്നു ചോദിച്ചു എല്ലാവരുടെ അനുഗ്രഹത്തോടെ നിന്നെ സ്വന്തമാക്കണം. ആ ലക്ഷ്യങ്ങളായിരുന്നു മുന്നോട്ടു ഉള്ള എന്റെ ജീവിതത്തിനു പ്രചോദനം.

പോകെ നിമൽ എന്നെ വിളിക്കുന്നത് നിർത്തി. വിളിച്ചാൽ നിന്നെ കുറിച്ച് ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറാൻ തുടങ്ങി. നീ കോഴ്സ് കംപ്ലീറ്റ് ആക്കി വാ. എന്നിട്ട് നേരിട്ട് പോയി കാണാം എന്ന് പറഞ്ഞു ഒരിക്കൽ അവൻ. പിന്നെ എക്സാം കാരണം ഞാൻ തിരക്കിലായി. എക്സാം കഴിഞ്ഞതും എത്രെയും പെട്ടന്ന് നാട്ടിൽ എത്തണം, നിന്നെ കാണണം എന്നാ ചിന്ത മാത്രമായിരുന്നു എന്റെ മനസ്സിൽ.

നേരെ വന്നതും നിമലിന്റെ വീട്ടിൽ പോയി. അവിടെ നിന്നും നിമിലിനെ വിളിച്ചപ്പോൾ അവൻ വരാൻ കൂട്ടാക്കിയില്ല. ഒടുവിൽ അവനോടു ദേഷ്യപ്പെട്ടു ഒറ്റയ്ക്ക് വരാൻ തുടങ്ങുമ്പോൾ അവൻ എന്നെ പിടിച്ചു നിർത്തി.

അപ്പോഴാണ് അവൻ നിന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യവും അവൻ എന്നോട് തുറന്നു പറയുന്നത്. എല്ലാം അറിഞ്ഞപ്പോൾ ഒരു തരo മരവിപ്പ് ആയിരുന്നു.

അതിനു ശേഷം നിന്റെ മുന്നിൽ വരാനോ സംസാരിക്കാനോ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. എല്ലാം നഷ്ടമായി എന്നാ തോന്നൽ ആയിരുന്നു. നാളുകൾ നീങ്ങവേ, നീനുവിനെ പിക് ചെയ്യാൻ കോളേജിൽ വന്നു. അന്ന് അവിടെ വച്ച് നിന്നെ വീണ്ടും കണ്ടു. ആ നിമിഷം നിന്റെ അടുത്തേക്ക് ഓടി വരാൻ തോന്നി. പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു അന്നനിക്ക്. പക്ഷേ നിന്റെ അടുത്തേക്ക് വരുന്നതിനെ നീനു എന്നെ വിലക്കി. ഈ ഒരു അവസ്ഥയിൽ നീ എന്നെ മനസിലാക്കില്ലയെന്നു തോന്നി. നിന്റെ പിജി കഴിയുന്നവരെ ദൂരെ നിന്നു ഞാൻ നിന്നെ കണ്ടു. നീനു നിന്റെ ഓരോ കാര്യവും എന്നോട് വന്നു പറയും. നീ ജോലി നോക്കുന്നു എന്ന് നീനു പറഞ്ഞപ്പോൾ ഞാൻ തന്നെയാണ് എന്റെ കമ്പനിയിൽ ജോലി ശെരിയാക്കിയെ. നീ എന്റെ കൺവെട്ടത്തു ഉണ്ടാവുമല്ലോ.. അത് മതിയായിരുന്നു എനിക്ക്. നിന്നെ ഒരു ദിവസം പോലും കാണാതെ ഇരിക്കാൻ പറ്റില്ല എന്നാവസ്ഥയിലായി.

മീറ്റിംഗ് കഴിഞ്ഞു നിന്നെ കാണാൻ ഓടിപിടിച്ചു വന്ന ഞാൻ, ശ്രീഹരിയോടെപ്പം വീണ്ടും നിന്നെ കണ്ടപ്പോൾ, എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. നിന്നോട് നല്ല കണക്കിന് നാലു പറയണം എന്ന് കരുതിയ പിറ്റേന്ന് ഓഫീസിൽ വന്നത്. പക്ഷേ നിന്റെ മുഖം കണ്ടപ്പോൾ എന്റെ ദേഷ്യം എങ്ങോ പോയ്‌ മറഞ്ഞു.

മീനൂ.. എനിക്ക് നിന്റെ പാസ്ററ് അറിയണ്ട. മുന്നേ നീ എങ്ങനെ ആയിരുന്നു എന്നനിക് അറിയണ്ട. ഇനി അങ്ങോട്ടു നിനക്ക് എന്നെ സ്നേഹിക്കാൻ കഴിയോ..? എന്റേത് മാത്രമായിക്കൂടെ..?

മാനസി പിടപ്പോടെ അവനെ നോക്കി.

നീ നന്നായി ആലോചിക്ക്, എന്നിട്ട് സമ്മതം ആണെന്ന് മാത്രം പറഞ്ഞാൽ മതി. അവൻ കുറുമ്പോടെ പറഞ്ഞു.

എനിക്ക് പോണം.. അവൾ അവനെ നോക്കാതെ പറഞ്ഞു കൊണ്ട് മുന്നോട്ടു നടന്നു.

പിന്നെ ഒന്ന് നിൻന്നെ.. അവൾ തിരിഞ്ഞു നോക്കി.

തന്റെ അമ്മക്ക് സമ്മതട്ടോ നമ്മുടെ വിവാഹത്തിന്. ഞാനും മാമനും അമ്മയെ പോയി കണ്ടിരുന്നു.

നമ്മുക്ക് എല്ലാവർക്കും സന്തോഷമായി ഒരുമിച്ച് ജീവിക്കാടോ..? അവൻ പുഞ്ചിരിയോടെ പറഞ്ഞു.

തിരിഞ്ഞു നടക്കുമ്പോൾ എന്തിനെന്ന് അറിയാതെ അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.

അവൻ ചിരിയോടെ അവൾക്കു പുറകെ നടന്നു.

ഞാൻ ഡ്രോപ്പ് ചെയ്യാം. അമ്മയോട് നീ എന്റെ കൂടെയാണെന്ന് ഞാൻ വിളിച്ചു പറഞ്ഞിരുന്നു.

കണ്ണു മിഴിച്ചവൾ അവനെ നോക്കി.

ഇങ്ങനെ നോക്കല്ലേ പെണ്ണെ.. ആ കണ്ണു താഴെ വീഴും.

മാനസി അവനെ കൂർപ്പിച്ചു നോക്കി.

അവൻ ഡോർ തുറന്നു കൊടുത്തു. അവനെ ഒന്ന് നോക്കിയ ശേഷം അവൾ കാറിൽ കയറി.

യാത്രയിൽ ഉടനീളം രണ്ടു പേരും ഒന്നും സംസാരിച്ചില്ല. ഇടക്ക് രുദ്രൻ നോട്ടം തന്നിലാണെന്ന് അറിഞ്ഞുo മാനസി അവനെ നോക്കാൻ പോയില്ല. അവളുടെ ചിന്തകൾ നാനാവഴിക്ക് സഞ്ചരിച്ചു.

ഒന്ന് നോക്കടി.. പുറത്ത് എന്ത് തേങ്ങയാ ഇതിനു മാത്രം കാണാൻ. ഞാൻ ഫുൾ സ്റ്റോറി പറഞ്ഞിട്ടും, ഭദ്രകാളി ഒന്നും പറഞ്ഞില്ല. കണ്ണുരുട്ടി പേടിപ്പിക്കാൻ മാത്രം അറിയാം. അവൻ പിറുപിറുത്തു. അവൻ മുഖം തിരിച്ചു ഡ്രൈവിംഗിൽ ശ്രെദ്ധിച്ചു.

വീട് എത്തിയതും അവൻ കാർ നിർത്തി. മാനസി ഡോർ തുറന്നു ഇറങ്ങി.

കയറിയിട്ട് പോവാം.. അവൾ അവനെ ക്ഷണിച്ചു.

കേൾക്കാൻ കാത്തു നിന്ന പോലെ അവൻ കാറിൽ നിന്നും ഇറങ്ങി. അവൾക്കു ഒപ്പം നടന്നു.

മുറ്റത്തെ ബൈക്ക് കണ്ട് സംശയത്തോടെയവൾ ഉമ്മറപടി കയറി. ഹാളിൽ ഇരിക്കുന്നവരെ കണ്ട് അവൾ ഒന്ന് ഞെട്ടി.

ശ്രീഹരി..

അവൾ ഉമ്മറപടിയിൽ തന്നെ നിന്നു.

തുടരും.