22/04/2026

അവൻ കുട്ടിയല്ലേ നമ്മുടെ മക്കളെക്കാൾ ഇളയവൻ അതുതന്നെയല്ല അമ്മയില്ല അവനിനി അത് മറന്നു സംസാരിച്ചു കൂടാ നീ ..

രചന – രച്ചൂസ് പപ്പൻ

#അച്ഛൻപെങ്ങൾ

പെങ്ങളുടെ ചിത കത്തി തീർന്നില്ല അപ്പോഴേക്കും ഈ അസത്തിനെ എടുത്തു ഒക്കത്തു വെച്ചോ… ഇനി ഇതിനെ കൂടെ ഇവിടെ തീറ്റി പോറ്റേണ്ടി വരുമോ..

വല്യമ്മായി അത് പറഞ്ഞു തീരും മുൻപേ മാമന്റെ ഒക്കത്തു നിന്നും ഞാൻ ഊർന്നിറങ്ങിയിരുന്നു..

ഒന്ന് പതുക്കെ… ഗംഗേ.. അവൻ കുട്ടിയല്ലേ നമ്മുടെ മക്കളെക്കാൾ ഇളയവൻ അതുതന്നെയല്ല അമ്മയില്ല അവനിനി അത് മറന്നു സംസാരിച്ചു കൂടാ നീ ..

വലിയേട്ടൻ മാമൻ അത് പറയുമ്പോൾ തന്നെ എന്നിലെ
അഞ്ചുവയസ്കാരൻ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ നഷ്ടത്തെ കുറിച്ച് ബോധവാൻ ആയി കഴിഞ്ഞിരുന്നു ..

ഒന്നും മിണ്ടാതെ കണ്ണുനിറഞ്ഞു അമ്മയുടെ ചിതക്കരികിൽ തലകുനിച്ചു ഇരിക്കുമ്പോൾ സീത എന്ന എന്റെ അമ്മ ഇനി അങ്ങോട്ടുള്ള യാത്രയിൽ എന്റെ ഒപ്പം ഇല്ല എന്ന് ചുട്ടുപൊള്ളുന്ന നോവോടെ തിരിച്ചറിയുക ആയിരുന്നു… കൂടെ ഇന്നലത്തെ രാത്രി എനിക്ക് തന്ന ഭിതിയുള്ള ഓർമകളും …

മഴയുള്ള ദിവസങ്ങളിൽ അമ്മയെ ഇറുകി പിടിച്ചു ആ പഴയ കോട്ടൺ സാരീ പുതച്ചു ഉറങ്ങാൻ പ്രേത്യേക സുഖമാണ്..

ഇന്നലെയും നല്ല മഴയായിരുന്നു.. അമ്മയ്‌ക്കോപ്പം കെട്ടിപിടിച്ചു ഉറങ്ങാൻ ആണ് അച്ഛമ്മയുടെ മുറിയിൽ നിന്നും ഓടി വന്നത്..

വാതിലിനുള്ളിലെ അടക്കി പിടിച്ച സംസാരത്തിനും അമ്മയുടെ പൊട്ടിക്കരച്ചിലിനും ഒടുവിൽ ഇടിവെട്ടേറ്റ പോലെ ഉള്ള ഒച്ച കേട്ടാണ് ഞാൻ
വാതിലിൽ തട്ടി വിളിച്ചത്.

എപ്പോഴും ഉള്ള അമ്മയുടെ തേങ്ങികരച്ചിലുകൾ ആ മുറിയിൽ നിറഞ്ഞു നിന്നിരുന്നു എങ്കിലും ആദ്യമായാണ് ആ മുറിയിൽ നിന്ന് ഇത്തരം ഒരു ശബ്ദം കേൾക്കുന്നത്

പടക്കo പൊട്ടിയ പോലെ ഒരു ശബ്ദം
അപ്പോഴേക്കും അച്ഛമ്മയും ഓടി വന്നിരുന്നു..

എന്റെ അമ്മേ എന്നൊരു നീട്ടി വിളികേട്ടാൽ അമ്മ ഏതു സമയവും വാതിൽ തുറക്കാറുള്ളത് ആണ് പക്ഷെ ഇന്ന്…

കൊറേ നേരത്തിനു ശേഷം അച്ഛൻ കതക് തുറന്നു..

ദേ.. തള്ളേ അവൾക് അനക്കമില്ല ജീവനുണ്ടൊന്ന് വേണെങ്കിൽ പോയി
നോക്ക്..

കാലമാട..കൊന്നോടാ അവളെ എന്ന് ചോദിച്ചു മുറിക്കുള്ളിൽ കയറിയ അച്ഛമ്മയുടെ അലമുറയാണ് ഞാനും നാട്ടാരും പിന്നെ കേട്ടത്…

അമ്മയെയും കൊണ്ട് ആസ്പത്രിയിൽ പോകുമ്പോഴും ആ കണ്ണുകൾ പാതി അടഞ്ഞിരുന്നു..

എന്റെ അമ്മ ഉറങ്ങുംമ്പോളും പാതി കണ്ണ് അടഞ്ഞാണ് ഇരിക്കാറു ചിലപ്പോൾ അമ്മ ഉറങ്ങുകയാകും…

ആസ്പത്രിയെത്തിയതും അമ്മയുടെ ആങ്ങളമാർ ഓടി പാഞ്ഞെത്തി പക്ഷെ ആരൊക്കെ വന്നെങ്കിലും അമ്മ മാത്രം ഉറക്കം എഴുനേറ്റില്ല..

അമ്മയുടെ ചിതക്ക് തീ കൊളുത്താൻ ആയി അമ്മയുടെ വലിയേട്ടൻ എന്നോട് പറഞ്ഞപ്പോൾ അമ്മയുടെ മുഖം മറക്കേ അടുക്കി വെച്ച മാംവിറക് മാറ്റി അമ്മയെ കാണണം എന്ന് കരഞ്ഞ ആ അഞ്ചു വയസുകാരനെ ആണ് ചിതകൊളുത്തി ആ നിമിഷം തന്നെ മാമൻ എടുത്തു ഒക്കത് വെച്ച് ആശ്വസിപ്പിക്കാൻ ഉള്ള പാഴ്ശ്രെമം നടത്തിയത്…

കരഞ്ഞു കലങ്ങിയ കണ്ണുകൾക്ക് ഇടയിലും പുകഞ്ഞു പൊന്തിയ
പുകമറയ്ക്ക് ഇടയിലും അമ്മയുടെ അഭികുട്ടാ എന്ന വിളിയാരുന്നു ചെവിട്ട് നിറയെ…

തോളിൽ വന്നു പതിഞ്ഞ കൈകൾ ആയിരുന്നു എന്നെ ഓർമയുടെ ഭണ്ടാരടത്തിൽ നിന്നും ഉണർത്തിയത്..

ഭാമ ചിറ്റ..
അമ്മയ്‌ക്കൊപ്പം അമ്പലങ്ങളും ഞാറ്റുവേലയും ഉത്സവമാക്കിയ അച്ഛൻ പെങ്ങൾ..

തോരാ സങ്കടങ്ങളിലും അമ്മ പറയാറുണ്ടാരുന്നു ഭാമ ഇവിടെ ഉള്ളതാ നിക്ക് ഇത്തിരി ആശ്വാസം എന്ന്..

അമ്മയുടെ സാരീ തുമ്പിൽ വട്ടംചുറ്റി നടന്ന ആ കുഞ്ഞി അഭിക്ക് അമ്മയായിരുന്നു ലോകം അന്നൊന്നും.
ഭാമേച്ചിറ്റയെ ഞാൻ കണ്ടഭാവം കാട്ടിട്ടില്ല…

അഭികുട്ടാ… കരയണ്ടാട്ടോ
എന്ന് പറഞ്ഞു ഭാമ ചിറ്റ എന്നെ എടുത്തു കൊണ്ട് അമ്മ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അമ്മായി അടക്കം എല്ലാവരും മൂക്കത്തു വിരൽ വെച്ചു ..

അമ്മ ചത്തിട്ടു പുലകുളി കഴിയാതെ കുട്ടിയെ കൊണ്ട് പോകാൻ പറ്റില്ല ഇവിടുന്നു വലിയേട്ടൻ മാമൻ ദേഷ്യത്തോടെ പറയുമ്പോളും…

ആർക്കും ഒരു ഭാരം ആവണ്ട അവൻ സീതേച്ചിക്കും അതാവും സന്തോഷം ആരും വിഷമിക്കണ്ട അവനുള്ളിടത് സീതേച്ചിയുടെ ആത്മാവും ഉണ്ടാവും….

അത് പറഞ്ഞു ഭാമ ചിറ്റ അച്ഛമ്മയുടെ കൂടെ എന്നെയും കൂട്ടി അമ്മയുടെ വീട് വിട്ടിറങ്ങുമ്പോൾ ഇനിയൊരിക്കലും ഇവിടെയാർക്കും ഭാരമാകാൻ ഇവൻ വരില്ല എന്ന് ഉറപ്പ് നൽകി ഇറങ്ങുമ്പോൾ വീണ്ടും അമ്മ പുനർജനിക്കുക ആയിരുന്നു….

എന്റെ ഓരോ വളർച്ചയിലും ഭാമചിറ്റ ഒപ്പം തന്നെ
ഉണ്ടാരുന്നു…

ആദ്യമായി സ്കൂളിൽ ചേർക്കുമ്പോഴും ഭാനു ചിറ്റ ആയിരുന്നു രക്ഷാകർത്താവിന്റെ സ്ഥാനത്…

കുട്ടികൾക്കു ട്യൂഷൻ എടുത്തു കിട്ടുന്ന തുച്ഛമായ തുകയിൽ എന്റെ കാര്യങ്ങൾ മറ്റാരുടെയും സഹായം ഇല്ലാതെ തന്നെ നോക്കി തുടങ്ങിയിരുന്നു

അമ്മയ്ക്ക് പകരമായി അച്ഛൻ പുതിയ ഭാര്യയും ആയി വന്നപ്പോളും ചിറ്റയുടെ മടിത്തട്ടിൽ ആയിരുന്നു എന്റെ ഉറക്കം…

അഭി … ഇതാണ് ഇനി നിന്റെ അമ്മ അമ്മയെന്ന് വിളിക്കണം കെട്ടോ

അച്ചന്റെ വാക്കുകളോട് തികഞ്ഞ പുച്ഛം ആണ് എനിക്ക് തോന്നിയത്..

നിക്ക് .. പെറ്റമ്മയായിട്ടു ഓരമ്മയെ ഒള്ളു എന്റെ അമ്മ സീത..
പോറ്റമ്മ ആയിട്ട് എന്റെ ചിറ്റയും
പകരം പുതിയ ഒരമ്മ വേണ്ട എനിക്ക്

എന്ന് പറഞ്ഞു തിരിഞ്ഞു നടന്നുപോളും അതെ പുച്ഛം ആയിരുന്നു മനസ്സിൽ..

അച്ഛന്റെയും പുതിയ ഭാര്യയുടെയും മുറിയിൽ കളിയും ചിരിയും നിറയുമ്പോൾ എന്റെ ഉള്ളിൽ എന്നും അമ്മയുടെ പഴയ തേങ്ങലുകൾ മാത്രം ആയിരുന്നു ..

എന്തിനും ഏതിനും ചിറ്റ കൂടെ ഉണ്ടാവും എന്നാ ഉറപ്പോടെ ഉള്ള ജീവിതയാത്രയിൽ ആരുന്നു ചിറ്റക്ക് ഒരു വിവാഹ ആലോചന എത്തിയത്..

എന്നെ ഏറെ തളർത്തിയതും അത് മാത്രം ആയിരുന്നു.. എങ്കിലും ചിറ്റക്ക് നല്ലൊരു ജീവിതം കിട്ടട്ടെ എന്ന് മാത്രം ആയിരുന്നു എന്റെ പ്രർത്ഥന …

വിവാഹ ദിവസം എന്നെ കെട്ടിപിടിച്ചു ഏറെ
കരഞ്ഞെങ്കിലും ന്റെ ചിറ്റ ഇനി ഒരിക്കലും എന്നെ ഓർത്തു കരയരുത് നിക്ക് അച്ഛമ്മ ഉണ്ടല്ലോ സന്തോഷം ആയി ജീവിക്കു ട്ടോ എന്ന് പറയുമ്പോൾ എന്റെ കണ്ണും നിറഞ്ഞിരിന്നു..

അച്ഛന് ഞാൻ ഒരു ഭാരമായി മാറിയ സമയം
പലപ്പോഴും ആ വീട്ടിൽ ഞാൻ ഒരു അധിക
പാറ്റായി തുടങ്ങിയപ്പോൾ തന്നെ ജീവിതത്തെ വെറുത്തെങ്കിലും അന്ന് ആദ്യമായി കള്ളൻ എന്ന പേര് വീണപ്പോൾ മരണത്തെ പുൽകി അമ്മക്കരികിൽ എത്താൻ കൊതിച്ച എന്റെ പിഞ്ചു ബാല്യത്തിലേക്ക് വീണ്ടും ചിറ്റ എത്തിയത് ഒരു വിധവ ആയി ആരുന്നു…

എങ്കിലും ന്റെ ഭാമക്ക് ഇത് വന്നുല്ലോ എന്റെ കൃഷ്ണ എന്ന് പറഞ്ഞു നെഞ്ചത്തടിച്ചു കരയുന്ന അച്ഛമ്മയോടു ചിറ്റ ഒന്നേ പറഞ്ഞുള്ളൂ

ഒന്നു ചീഞ്ഞാലേ മറ്റൊന്നിനു വളമാകുള്ളൂ അമ്മേ..

എന്റെ വിധി ഇതാവാം അമ്മ പേടിക്കണ്ട ഞാൻ ജീവിക്കും ന്റെ അഭിക്ക് വേണ്ടി..

ഒരുപക്ഷെ എന്റെ ഈ ജന്മം അവനുവേണ്ടി മാത്രം ഉള്ളതാവാം..

പിന്നീട് ജീവിതത്തോട് ഒരുതരം വാശിയാരുന്നു ..
പടുത്തവും ജോലിയും ഒക്കെ സമ്പാദിച്ചു ചിറ്റക്ക് മുന്നിൽ എന്നുo തല ഉയർത്തി നില്കുമ്പോളും ആ കണ്ണുകളിൽ അഭിമാനത്തിന്റെ തിളക്കം ആയിരുന്നു..

ആദ്യമായി മനസിന്‌ ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം ആലോചിച്ചപ്പോഴും അവളോടും ഒന്നേ പറഞ്ഞുള്ളു ചിറ്റ ആയി അല്ല അമ്മആയി വേണം കാണാൻ അമ്മയാണ് എന്റെ അമ്മ…
എന്നെ വളർത്തിയ അമ്മ..

അമ്മയില്ലാത്ത അവൾക്കും അതായിരുന്നു സന്തോഷം..
അമ്മായായെ കാണുള്ളൂ അഭിയേട്ട..

ആ വാക്കുകൾ മതിയാരുന്നു അവൾക് എന്റെ താലിയുടെ അവകാശി ആകുവാൻ..

എന്റെ കല്യാണത്തിന് വിധവ ആയ ചിറ്റ വേണ്ട എന്ന് ബന്ധുക്കൾ എല്ലാം ഒരേ സ്വരത്തിൽ പറയുമ്പോളും എന്റെ വലം കൈയിൽ ചിറ്റയുടെ വിറക്കുന്ന കൈകളും ഉണ്ടായിരുന്നു..

ഞാൻ ആദ്യമായി എന്റെ നല്ല പാതിക്കൊപ്പം വീട്ടിൽ എത്തുമ്പോൾ ആരതി ഉഴിയാൻ നിന്ന അച്ഛന്റെ ഭാര്യയെ നോക്കാതെ എന്റെ കണ്ണുകൾ ചിറ്റക്കായി തിരയുമ്പോൾ ആരോ പറയുന്നുണ്ടാരുന്നു അമ്മയാണ് വധു വരൻ മാരെ സ്വീകരിക്കേണ്ടത് എന്ന്..

എന്റെ അമ്മയും എന്റെ ലോകവും എന്റെ ചിറ്റയാണ് മറ്റാരും എന്നെ സ്വീകരിക്കേണ്ട എന്റെ അമ്മ മതി..
എന്റെ പെറ്റമ്മക് പകരം ദൈവം തന്ന ന്റെ പോറ്റമ്മ..

അമ്മേ..
എന്ന് ഞാൻ ആദ്യമായി ചിറ്റയെ വിളിക്കുമ്പോൾ നിറദീപവും നിറകണ്ണുകളുമായി ചിറ്റ ഞങ്ങളെ ഏതിരേൽകാൻ ഉമ്മറ പടിയിൽ എത്തിയിരുന്നു..

ഒരുപക്ഷെ ആ ഒരു വിളി അമ്മയും ആഗ്രഹിച്ചിരുന്നിരിക്കാം..

എന്റെ പെറ്റമ്മ ആകാശത്തു നിന്ന് ഇതൊക്കെ കണ്ടു സന്തോഷത്തോടെ മനസ് നിറച്ചിരിക്കാം..