രചന – രച്ചൂസ് പപ്പൻ
പ്രെഗ്നന്റ് ആണെന്നോ………..
നിനക്ക് ഞങ്ങളോട് ഇത് പറയാൻ എങ്ങിനെ തോന്നി മയൂരി…..അത്ര ബോധം ഇല്ലാരുന്നോ നിനക്ക്…. നിനക്ക് വേണ്ടിയാണ് വീടും പൂട്ടിയിട്ട് ഉള്ള ജോലിയിൽ നിന്നും ലോങ്ങ് ലീവെടുത്തു ഇവിടെ വന്ന് നിൽകുന്നത്… അതും നിന്റെ കുഞ്ഞിനെ നോക്കാൻ…
അമ്മയത് പറയുമ്പോൾ തിരിച്ചൊന്നും പറയാതെ ഉറക്കത്തിനിടയിൽ പാല് കുടിക്കാനായി കരയുന്ന കുഞ്ഞിനെ എടുത്ത് മാറോട് ചേർത്തിരുന്നു ഞാൻ…
കുഞ്ഞിന് ഒരു വയസ്സേ ആയുള്ളൂ… ഒന്നുമില്ലെങ്കിലും നീ ഒരു നഴ്സ് അല്ലെ ഭർത്താവ് നാട്ടിൽ വന്നാൽ എന്തൊക്കെ പ്രൊട്ടക്ഷൻ എടുക്കണം എന്ന് ഇനി ഞാൻ പറഞ്ഞു തരണമായിരുന്നോ നിനക്ക് …
അമ്മേ…. അത്… പറ്റി പോയി… nothing is 100%secure എന്നല്ലേ… എങ്ങിനെയോ സംഭവിച്ചു പോയി.. എന്ന് പറഞ്ഞു തീരുമ്പോഴേക്കും .. എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..
നീ തന്നെ അല്ലേ മയൂരി പറഞ്ഞത് എത്രയും പെട്ടന്ന് ജിതന്റെ അടുത്തേക്ക് പോകാൻ ടെസ്റ്റ് എഴുതണം എന്നും മറ്റും അതിനു വേണ്ടിയല്ലേ ഞാനും അച്ഛനും ഞങ്ങളുടെ കാര്യങ്ങൾ വേണ്ടാന്ന് വെച്ച് നിനക്കൊപ്പം വന്ന് നിൽക്കുന്നത്…നിന്റെ ഭർത്താവിന്റെ വീട്ടുകാർക്ക് പോലും നീ പോകുന്നതിൽ താല്പര്യമില്ല എന്നിട്ട് കൂടി.. അതൊന്നും മറക്കരുത്..
അതേ അമ്മ… എല്ലാം എനിക്കറിയാം പറ്റി പോയി… ഇനി എന്തുചെയ്യാനാണ്… എന്ന് ഞാൻ പറഞ്ഞതും അമ്മയെന്നോട് ചോദിച്ചത്..
ഇനി എന്ത് ചെയ്യണം എന്ന് നിനക്ക് അറിയില്ല… അല്ലേ അതും ഈ ഒരു പ്രൊഫഷൻ ആയിട്ട് കൂടി.. എന്നായിരുന്നു..
എന്ത് ചെയ്യണം അമ്മാ ഞാൻ… കുഞ്ഞു ജീവനല്ലേ… എന്റെ ചോരയല്ലേ വളർത്തുക അല്ലാതെ മറ്റൊന്നും എന്റെ ഉള്ളിൽ തോന്നുന്നില്ല എന്ന് പറയുമ്പോൾ…
അപ്പോൾ നിന്റെ കരിയർ… നിനക്കൊരു പ്രശ്നം അല്ലേ… കുഞ്ഞുങ്ങളെയും നോക്കി വീട്ടിൽ ഇരിക്കാൻ ആയിരുന്നു എങ്കിൽ നിന്നെ ഇത്രയും കാശ് മുടക്കി നഴ്സിംഗ് പഠിപ്പിക്കില്ലായിരുന്നു എന്ന് പറഞ്ഞത് അച്ഛൻ ആയിരുന്നു…
പിന്നെ ഞാൻ എന്ത് ചെയ്യണം എന്നാ നിങ്ങൾ എല്ലാവരും പറയുന്നത് എന്ന് ചോദിക്കുമ്പോൾ തന്നെ എനിക്കറിയാമായിരുന്നു അവരുടെ ഉള്ളിൽ ഉള്ളത്…
മോളെ… ഇപ്പോൾ നിനക്ക് ഒരു കുഞ്ഞുണ്ടല്ലോ? വീണ്ടും ഉടൻ തന്നെ ഒരു കുഞ്ഞൂടെ വന്നാൽ അവനെ നമുക്ക് ശ്രെദ്ധിക്കാൻ പറ്റില്ല… ഒരാളെ ഒള്ളു വെങ്കിലും ഉള്ളതിനെ നന്നായി നോക്കിയാൽ പോരെ എന്ന് അമ്മ ചോതിക്കുമ്പോഴേക്കും..
അമ്മ പറഞ്ഞു വരുന്നത് അബോർഷൻ ആണല്ലേ… എന്ന് ഞാൻ ചോദിച്ചിരുന്നു…
മോളെ..അത് നിന്റെ നന്മക്ക് വേണ്ടിയാണ് ഞാൻ… എന്ന് പറയുന്ന അമ്മയോട്
എന്റെ ഗർഭപാത്രത്തിൽ കുരുത്ത കുഞ്ഞിനെ കൊല്ലുന്നത് ആണോ അമ്മേ എനിക്ക് നന്മ… എന്ന് ചോതിക്കുമ്പോഴേക്കും ഞാൻ പൊട്ടി കരഞ്ഞിരുന്നു….
ജിതൻ അറിഞ്ഞോ… അവന്റ അഭിപ്രായം എന്താ.. എന്ന് അമ്മ ചോദിച്ചപ്പോൾ…
അത്… ജിതേട്ടൻ ഒന്നും പറഞ്ഞില്ല എന്ന് പറഞ്ഞ എന്നോട് അച്ഛൻ പറഞ്ഞത്
ഒന്നും പറഞ്ഞില്ല എങ്കിൽ ഗൾഫിലെ ജോലി രാജിവെച്ചു അവൻ വന്ന് നിന്ന് നോക്കട്ടെ പിള്ളേരെ എന്നായിരുന്നു..
ഞങ്ങൾക്ക് വയ്യ രണ്ടു കുട്ടികളെ ഒരുമിച്ച് നോക്കാൻ… നിന്റെ കാര്യം മാത്രം നോക്കിയാൽ പോര വേറെയും മക്കളുണ്ട് ഞങ്ങൾക്ക് എന്നായിരുന്നു..
വൈകിട്ട് ജിതേട്ടനെ വിളിച്ചു അച്ഛൻ കാര്യങ്ങൾ പറഞ്ഞതിന് ശേഷം തീരുമാനം എന്നോണം ഏട്ടൻ എന്നോട് പറഞ്ഞത് അച്ഛനെയും അമ്മയെയും അനുസരിക്കു മയൂരി… കുട്ടികൾ നമുക്ക് ഇനിയും ഉണ്ടകുല്ലോ എന്നാണ്…
മറുത്തൊന്നും പറയാനാവാതെ കരയാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു…
അമ്മയ്‌ക്കൊപ്പം അച്ഛന്റെ പരിചയത്തിലുള്ള ഹോസ്പിറ്റലിൽ ചെന്ന് അബോർഷന് വേണ്ട കാര്യങ്ങൾക്ക് നീക്കുപോക്ക് ചെയ്യുന്നതിന് മുൻപും സ്കാനിംഗ് റിപ്പോർ്ട് കൈയിൽ പിടിച്ചു ഡോക്ടർ എന്നോട് ചോദിച്ചത് തീരുമാനത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടോ എന്നായിരുന്നു….
മറുപടി എന്നോണം കരയുമ്പോഴും അമ്മ പറഞ്ഞത് നിന്റെ നല്ലതിന് വേണ്ടിയാണ് മോളെ സമ്മതിക്ക് എന്നായിരുന്നു..
ആറാഴ്ച പ്രായമുള്ള കുഞ്ഞിന്റെ സ്കാനിംഗ് റിപ്പോർട്ട് കണ്ടപ്പോൾ എനിക്കെന്റെ കുഞ്ഞു കണ്ണന്റെ മുഖം തന്നെയാണ് ഓർമ വന്നത്…
മരുന്ന് കഴിച്ചാൽ മാത്രം മതി ഇത്രേ അല്ലെ ആയുള്ളൂ എന്ന് ഡോക്ടർ പറയുമ്പോൾ ആ വേദനയെക്കാൾ ഏറെ എന്നെ നോവിച്ചത് ആ കുഞ്ഞു ജീവനെ ഓർത്ത് മാത്രം ആയിരുന്നു…
പിന്നീട് അങ്ങോട്ടുള്ള രാത്രികളിൽ എല്ലാം എന്റെ കൺകോണിലെ മിഴിനീരിന്റെ കാരണം പിറക്കാതെ പോയ കുഞ്ഞായിരുന്നു…
ജോലി കിട്ടി ജിതേട്ടനൊപ്പം പോകുമ്പോളും ഉള്ളു നീറിയത് എല്ലാവരും കൂടി ചെയ്യിച്ച തെറ്റിനെ ഓർത്ത് മാത്രം ആയിരുന്നു..
മൂന്ന് വർഷങ്ങൾക് ഇപ്പുറം അമ്മയുടെ ഫോൺ കാൾ വന്നപ്പോൾ അമ്മ ആദ്യം പറഞ്ഞതും കണ്ണന് ഒരു അനിയത്തി കൂടെ വേണം മോളെ എന്നായിരുന്നു…
പലപ്പോഴായി ജിതേട്ടനും എന്നോട് പറയാതെ പറഞ്ഞതും അത് തന്നെ ആയിരുന്നു..
അമ്മേ കണ്ണന്… വേണം കൂടെ കളിക്കാൻ അമ്മൂട്ടിയെ എന്ന് കണ്ണൻ വാശിപിടിച്ചപ്പോഴും…
ഒരു കുഞ്ഞിനെ കൂടി കിട്ടാൻ എല്ലാവർക്കും ഒപ്പം ഇക്കണ്ട കാലത്തോളം കാത്തിരുന്നപ്പോളും എനിക്ക് അറിയാമായിരുന്നു…
ദൈവം തന്ന മാലാഖയെ തിരിച്ചയച്ച എനിക്ക് ഇനിയൊരു അവസരം കിട്ടില്ല എന്ന്..
അപ്പോഴും ആകാശത്ത് ഒരു നക്ഷത്രം കൺചിമ്മിയിരിക്കാം പിറക്കാതെ പോയ എന്റെ കുഞ്ഞ് നക്ഷത്രം….

by