22/04/2026

നീ മാത്രം : ഭാഗം 21

രചന – വൈദേഹി ദേഹി

അമ്മേ… നന്ദു വരുവാണേ ഞങ്ങൾ കുളക്കടവിലേക്ക് പോയീന്നു പറയണേ… ചപ്പാത്തി പരത്തി കൊണ്ട് നിൽക്കുവാരുന്ന ഗായത്രിയോട് ദേവി പറഞ്ഞു… കുളക്കടവിലേക്കോ… അവിടെ വരുൺ ഇല്ലേ…അവൻ കുളിക്കാൻ പോകുവാന്നു പറഞ്ഞങ്ങോട്ട് പോയിരുന്നല്ലോ… അ… അതുപിന്നെ… വരുണേട്ടൻ കുളിച്ചിട്ട് വന്നല്ലോ… ആണോ… മ്മ്മ് എന്നാൽ ഞാൻ വേഗം ചപ്പാത്തി ഉണ്ടാക്കട്ടെ… അവനു വിശക്കുന്നുണ്ടാകും… അതും പറഞ്ഞവർ തിരക്കിട്ട് എല്ലാം ചെയ്യാൻ തുടങ്ങി… ദേവി പതിയെ അവിടുന്ന് വലിഞ്ഞു… എന്തായി… മുറിയിലേക്ക് വന്ന ദേവിയോട് വിനു ചോദിച്ചു… അവള് വന്നാൽ നമ്മൾ കുളക്കടവിലേക്ക് പോയീന്നു പറയാൻ ഏൽപ്പിച്ചിട്ടുണ്ട് അമ്മയോട്… വോക്കേ… ദൈവമേ വല്ലൊക്കെ നടന്നാ മതിയാരുന്നു… ഏഹ്…എന്ത് അല്ല… അവൾ അവനെ കാണുവല്ലോ… അപ്പൊ സർപ്രൈസ് ആകുവല്ലോ…ഞാൻ അതാ ഉദേശിച്ചേ… ഹ്മ്മ്… എന്റെ മനസ്സിൽ ഉള്ള എല്ലാ സംശയങ്ങളും ഇന്നത്തോടെ ഏകദേശം ക്ലിയർ ആകും മോളെ… അതിനു ശേഷമേ നിന്നോട് എനിക്ക് പറയാൻ പറ്റു… വിനു മനസ്സിൽ പറഞ്ഞു…

നവി കോളേജിലോട്ട് പോയ ശേഷമാണു നന്ദു നന്ദ്യാരത്തേക്കു ഇറങ്ങിയത്… അവൾ അവിടേക്ക് ചെന്നപ്പോ കണ്ടു മുറ്റത്തെ പോർച്ചിൽ ഇരിക്കുന്ന ദേവിയുടെ സ്കൂട്ടർ… അവനിതും കൊണ്ട് എവിടോ പോകുന്നെന്ന് പറഞ്ഞിട്ട് പോയില്ലേ… അതും ഓർത്തോണ്ട് അവൾ അകത്തേക്ക് കയറി… അവിടെ ആരും ഉണ്ടാരുന്നില്ല… ശെടാ… ഇതിപ്പോ എന്തുപറ്റി… ഇവിടെ ആരേം കാണാനില്ലല്ലോ… ഗായത്രി അടുക്കളയിൽ കാണുമെന്നു കരുതി അവൾ അവിടേക്കു ചെന്നു… അപ്പേ… അവളുടെ വിളി കേട്ട് ചപ്പാത്തി പരത്തി കൊണ്ടിരുന്ന ഗായത്രി തല പൊക്കി നോക്കി… ആഹ്… നീ വന്നോ… ഇന്ന് എന്തുപറ്റി… നേരത്തേ ആണല്ലോ… കാക്ക മലർന്നു പറക്കുവോടി… ഗായത്രി അവളെ കളിയാക്കി…

പോ അപ്പേ… ഞാനിന്നലെ നേരത്തെ കിടന്നാരുന്നു… പിന്നെ ഇന്ന് വെളുപ്പിനെ ഏട്ടൻ എവിടോ പോയിട്ടു വന്ന് ആ കാറിന്റെ സൗണ്ട് കേട്ടപ്പോ ഞാൻ അങ്ങ് ഉണർന്നു… പിന്നെ ഉറക്കോം വന്നില്ല…അതുകൊണ്ടാ നേരത്തെ റെഡി ആയത്… അത് പറ…അല്ലാണ്ട് നീ ഇത്ര നേരത്തേ ഇങ്ങു എത്തില്ലെന്ന് എനിക്കറിയാലോ… ഈൗ… ദേവിയും വിനും എവിടാ അപ്പേ… രണ്ടിന്റേം അനക്കമേ ഇല്ലല്ലോ… വിനു വണ്ടിയും കൊണ്ട് എവിടോ പോകുവെന്ന് പറഞ്ഞിട്ട് വണ്ടിയും ഇവിടിരിപ്പുണ്ടല്ലോ… ഏഹ്…എവിടേലും പോകുന്നെന്ന് പറഞ്ഞോ അവൻ നിന്നോട്… എന്നോടൊന്നും പറഞ്ഞില്ലല്ലോ… ആഹ്… എന്തുവാന്നാ… ഞാൻ എന്തായാലും വേഗം ഇതൊക്കെ ഉണ്ടാക്കട്ടെ… നീ ആ കുളക്കടവിലേക്ക് ചെന്നോ… അവർ അങ്ങോട്ട് പോയിട്ടുണ്ട്… അതും പറഞ്ഞു ഗായത്രി വേഗം ചപ്പാത്തി ഉണ്ടാക്കാൻ തുടങ്ങി… ഇവർക്ക് എന്തുവാ ഇത്ര രാവിലെ ഈ കുളക്കടവിൽ പണി… ആഹ്… പോയി നോക്കാം… അതും മനസ്സിൽ പറഞ്ഞോണ്ട് നന്ദു കുളക്കടവിലേക്ക് നടന്നു… അവൾ പോകുന്നതും നോക്കി മുകളിൽ നിന്ന വിനു അപ്പുറത്ത് നിൽക്കുന്ന ദേവിയെ നോക്കി തംസപ്പ് കാണിച്ചു…

ശിവ…എങ്ങനെ ഉണ്ട് നിന്റെ പുതിയ ജോബ്… കഴിച്ചോണ്ടിരുന്നപ്പോഴാണ് മഹേശ്വർ ശിവയോട് അത് ചോദിച്ചത്… നന്നായി പോകുന്നു ഡാഡി… ഐ ആം റിയലി എൻജോയിങ് ഇറ്റ് എ ലോട്ട്… മ്മ്… ഗുഡ്… അപ്പൊ ഇത് സ്ഥിരം ആക്കാനാണോ നിന്റെ പ്ലാൻ… ശിവ കഴിപ്പ് നിർത്തി അയാളെ ഒന്ന് നോക്കി… ഡാഡി എന്താ ഉദേശിച്ചത്… ഞാൻ പറഞ്ഞത് നീ ഈ അധ്യാപക വേഷം ജീവിതകാലം മുഴുവൻ കെട്ടാനാണോ ഉദ്ദേശമെന്ന്… ശിവ ഒന്ന് ചിരിച്ചു… പ്രഭയും ശില്പയും അവനെ നോക്കി… ഡാഡിക്ക് എന്ത് തോന്നുന്നു…ഞാനീ പണി അധികകാലം തുടരുമെന്ന് ഡാഡിക്ക്‌ തോന്നുന്നുണ്ടോ… ഐ ഡോണ്ട് തിങ്ക് സോ… നിന്റെ സ്വഭാവം വെച്ച് നീ എവിടെയും അധികനാൾ നിൽക്കില്ല…ഈ ജോലിയിൽ പ്രത്യേകിച്ചു… എനിക്ക് ചില ലക്ഷ്യങ്ങൾ ഉണ്ട് ഡാഡി… അതിനു വേണ്ടിയുള്ള ഒരു മാർഗമാണ് ഈ ജോലി…അധികം വൈകാതെ തന്നെ ഞാൻ അതിലേക്ക് എത്തിച്ചേരും…ബാക്കി ഒക്കെ അപ്പൊ പറയാം… അതും പറഞ്ഞു ശിവ കൈകഴുകാൻ എണീറ്റു…അവൻ പറഞ്ഞതൊന്നും മനസ്സിലാകാതെ പ്രഭയും മഹേശ്വറും അവൻ പോകുന്നതും നോക്കി ഇരുന്നു… ശിൽപ അവന്റെ പറച്ചിൽ കേട്ടു ഗൂഢമായ ഒരു ചിരിയോടെ കഴിപ്പ് തുടർന്നു…

കുളക്കടവിലേക്ക് നടക്കുമ്പോൾ തന്റെ ഹൃദയം അകാരണമായി തുടിക്കുന്നത് പോലെ അവൾക്കു തോന്നി… അവളൊന്നു നിന്നു… പതിയെ അവൾ തന്റെ കൈ എടുത്ത് നെഞ്ചത്തോട്ടു വേച്ചു… ഒരു നിമിഷം അവൾ കണ്ണുകൾ അടച്ചുതുറന്നു… ഇതിപ്പോ എന്താ ഇങ്ങനെയൊക്കെ…വല്ലാത്തൊരു പരവേശം പോലെ… കൈകൊണ്ട് മുഖം ഒന്ന് അമർത്തി തുടച്ചുകൊണ്ട് മുന്നോട്ട് നടന്നു…കുളക്കടവിലേക്കുള്ള വാതിൽ പാതി ചാരിയിട്ടേ ഉണ്ടാരുന്നുള്ളു… അവൾ പതിയെ അത് തുറന്നു താഴേക്കുള്ള പടികൾ ഇറങ്ങി…ഏറ്റവും അവസാനത്തെ പടിയിൽ നിന്നു കൊണ്ട് അവൾ ചുറ്റിനും നോക്കി…അവിടെയെങ്ങും ആരെയും കാണാൻ ഇല്ലാരുന്നു… അവൾക്കാകെ പേടി തോന്നി… അവൾ അവിടെ നിന്നു ദേവിയേം വിനുനേം വിളിച്ചു… ആരും വിളി കേട്ടില്ല…അവളെ പതിയെ വിറയ്ക്കാൻ തുടങ്ങി… മറക്കാൻ തുടങ്ങിയ ഏതോ ഒരു ഓർമ അവൾക്കുള്ളിൽ തെകിട്ടി വരാൻ തുടങ്ങി… പെട്ടന്നാണ് അവളത് കണ്ടത്… കുളത്തിൽ പതിയെ കുമിളകൾ പൊങ്ങി വരുന്നു… ഒരു നിമിഷം അവളുടെ ശ്വാസം നിലച്ചു… തിരിഞ്ഞോടാൻ പോലും കഴിയാണ്ട് അവൾ അവിടെ തന്നെ തറഞ്ഞു നിന്നു… അവളൊന്നു കണ്ണുചിമ്മി തുറന്നതും ഒരു രൂപം വെള്ളത്തിൽ നിന്നു പൊങ്ങിയതും ഒരുമിച്ചാരുന്നു…അവൾ പെട്ടന്ന് തിരിയാൻ നോക്കിയതും പടവിലെ വഴുക്കലിൽ തെന്നി ആ കുളത്തിലോട്ട് തന്നെ വീണു… എന്താ സംഭവിച്ചതെന്നു പോലും നന്ദുവിന് മനസ്സിലായില്ല…

അവൾ ശ്വാസം കിട്ടാതെ വെള്ളത്തിൽ മുങ്ങിത്താഴാൻ തുടങ്ങിയതും ബലിഷ്ഠമായ രണ്ടു കൈകൾ അവളെ പൊതിഞ്ഞെടുത്തു മുകളിലേക്കു കൊണ്ടുവന്നു… മുകളിലെത്തി അവൾ ശ്വാസം വലിച്ചെടുത്തു…നടന്നതിന്റെ ഷോക്ക് അവളിൽ നിന്നു വിട്ടുമാറിയില്ല… ഈ സമയം അവൻ നോക്കിക്കാണുകയായിരുന്നു തന്റെ പ്രണയത്തെ…❤️വർഷങ്ങൾക്കു ശേഷമുള്ള കണ്ടുമുട്ടൽ… തന്റെ പെണ്ണ്… തന്റെ നെഞ്ചോട് ചേർന്ന്… തന്റെ കൈക്കുള്ളിൽ… വരുണിന്റെ ഹൃദയം അതിന്റെ ഉച്ചസ്ഥായിയിൽ മിടിക്കാൻ തുടങ്ങി… കണ്ടിട്ടും കണ്ടിട്ടും മതിവരാത്തത് പോലെ അവന്റെ മിഴികൾ അവളുടെ മുഖമാകെ ഓടി നടന്നു… അവൻ അറിയാതെ തന്നെ അവന്റെ നുണക്കുഴിക്കവിളുകളിൽ മനോഹരമായ ഒരു പുഞ്ചിരി വിടർന്നു…അവളുടെ മുഖത്ത് പറ്റി ചേർന്ന് ഇരിക്കുന്ന വെള്ളത്തുള്ളികളെ അവൻ അസൂയയോടെ നോക്കി… ഒരു നിമിഷം ആ വെള്ളത്തുള്ളികൾ ആയാൽ മതിയെന്ന് പോലും അവനു തോന്നി… അവൻ പതിയെ വലതു കൈകൊണ്ട് അവളുടെ മുഖത്തേക്ക് വീണ മുടി ഒതുക്കി ചെവിയുടെ പിറകിലേക്ക് ചേർത്തു…അവളുടെ ശരീരത്തിലെ വിറയൽ കണ്ടപ്പോ അവനു മനസ്സിലായി അവൾ നന്നായി ഭയന്നിട്ടുണ്ടെന്ന്…

അപ്പോഴാണ് നന്ദുനു ശെരിക്കും നടന്നതിനെ പറ്റി ബോധം വീണത്… താൻ ആരുടെയോ കൈക്കുള്ളിൽ ആണെന്ന് മനസ്സിലാക്കിയ അവൾ കുതറിമാറാൻ ശ്രെമിച്ചുകൊണ്ട് കണ്ണുചിമ്മി തുറന്നു… അവൾ കണ്ണു തുറക്കുന്നത് കണ്ടതും അവൻ മുഖത്ത് പുഞ്ചിരി മാറി പകരം ദേഷ്യം നിറഞ്ഞു… നന്ദു കണ്ണുതുറന്നപ്പോൾ കണ്ടു ദേഷ്യത്തിൽ തന്നെ നോക്കി വലതുകൈകൊണ്ട് നെറ്റിയിലേക്ക് വീണ മുടി പിറകോട്ടു ഒതുക്കി വെക്കുന്ന വരുണിനെ… ഒരു നിമിഷം താൻ സ്വപ്നം കാണുന്നതാണോന്ന് അവൾ സംശയിച്ചു… കണ്ണു ചിമ്മാൻ പോലും മറന്നു കൊണ്ടു മറ്റേതോ ലോകത്തിലെന്ന പോലെ അവൾ അവനെ തന്നെ നോക്കിനിന്നു… ഡീീ… ദേഷ്യത്തിലുള്ള അവന്റെ വിളി കേട്ടാണ് അവൾക്ക്‌ സ്ഥലകാലബോധം വീണത്… വ… വരുണേട്ടൻ… നീയെന്താടി രാവിലെ തന്നെ മനുഷ്യന് ജോലിപ്പാടുണ്ടാക്കാൻ ഇറങ്ങിയതാണോ… ഞ… ഞാൻ… അത് പിന്നെ… നിനക്കെന്താടി വിക്കുണ്ടോ… അത് ഞാൻ ദേവിയേം വിനുനേം കാണാൻ… അവർ ഇവിടുണ്ടെന്ന് അപ്പ പറഞ്ഞു…അ… അതാ ഞാൻ…പെട്ടന്ന് പൊങ്ങി വന്നപ്പോ ഞാൻ പേടിച്ചുപോയി… തിരിഞ്ഞപ്പോ കാലുതെന്നി വീണതാ… കുറ്റം ചെയ്‌ത കുട്ടിയെ പോലെ തലതാഴ്ത്തിയുള്ള അവളുടെ പറച്ചിൽ കേട്ടു അവനു ചിരി വന്നു…

ഉള്ളിൽ ചിരിച്ചോണ്ട് അവൻ പെട്ടന്ന് അവളെ പൊക്കിയെടുത്തു പടവിലേക്ക് ഇരുത്തി… മ്മ്മ്… ചെല്ല്… അവര് രണ്ടും ഇങ്ങോട്ടൊന്നും വന്നിട്ടില്ല… അകത്തുതന്നെ ഉണ്ട്… പൊക്കോ… അവൻ അവളോട് പറഞ്ഞു… മ്മ്മ്… അവൾ മൂളിക്കൊണ്ട് അവിടുന്ന് എഴുന്നേറ്റു ജീവനും കൊണ്ടോടി… അവളുടെ പോക്ക് കണ്ട അവൻ ചിരിച്ചോണ്ട് പതിയെ പടവിലേക്കു കയറി… എടിയേ… അവളങ്ങോട്ട് പോയിട്ട് ഇതിപ്പോ കുറെ നേരം ആയല്ലോ… കാണുന്നില്ലല്ലോ… നഖവും കടിച്ചോണ്ടു അങ്ങോട്ടും ഇങ്ങോട്ടുമുള്ള അവന്റെ പറച്ചിൽ കേട്ടു ദേവി ഫോണിൽ നിന്നു തല പൊക്കി അവനെ ഒന്നു അടിമുടി നോക്കി… മറുപടി ഒന്നും കിട്ടാത്തോണ്ട് അവൻ അവളെ തിരിഞ്ഞു നോക്കി… ഒരു പുരികം പൊക്കി വല്ലാത്തൊരു രീതിയിൽ തന്നെ നോക്കുന്ന അവളെ കണ്ടതും അവൻ അത് പോലെ തന്നെ അവളെ നോക്കി എന്താന്ന് തലയാട്ടി ചോദിച്ചു… സത്യം പറയെടാ… നിനക്കെന്താ വരുണേട്ടന്റേം നന്ദുന്റേം കാര്യത്തിൽ ഇത്രക്ക് ടെൻഷൻ… ടെ… ടെൻഷനോ… എന്ത് ടെൻഷൻ… മോനേ… അധികം വിളിച്ചിലെടുക്കാണ്ട് മര്യാദക്ക് പറഞ്ഞോ… നിന്റെ പെട്ടന്നുള്ള വരവിൽ തന്നെ എനിക്ക് ഡൌട്ട് അടിച്ചതാ… എന്തോ പറയാനാ…പിന്നെ നന്ദുന്റെ കാര്യം നമുക്ക് പണ്ടേ അറിയാവുന്നതല്ലേ… അതേ… നന്ദുന് വരുണേട്ടനെ പണ്ടേ ഇഷ്ടമാന്നു ❤️ നമുക്ക് രണ്ടുപേർക്കും അറിയാവുന്ന കാര്യമാ… പക്ഷെ നിന്റെ മനസ്സിൽ അത് മാത്രം അല്ലല്ലോ… എടി… അത്… ഡീീ… വിനു എന്തോ പറയാൻ വന്നതും പെട്ടന്നാണ് ഒരു വിളി കേട്ടു രണ്ടുപേരും തിരിഞ്ഞു നോക്കിയത്…

നവി… സ്റ്റാഫ്റൂമിൽ നിന്ന് അടുത്ത ക്ലാസ്സിലേക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് ആരോ നവിയെ വിളിച്ചത്… തിരിഞ്ഞു നോക്കിയ അവൻ കണ്ടു ചിരിച്ചുകൊണ്ട് തന്റെ അടുത്തേക്ക് വരുന്ന ശിവയെ… ഒരു നിമിഷം അവന്റെ മുഖത്ത് ദേഷ്യം നിറഞ്ഞെങ്കിലും പെട്ടന്ന് തന്നെ അവൻ അത് മാറ്റി ഒരു ചിരി വരുത്തി നിന്നു… എന്താ ശിവ… നന്ദനയും ദേവിയും ഇന്ന് ആബ്സെന്റ് ആണല്ലോ നവി… എന്തുപറ്റി… ഓഹ് അതോ…കാനഡേന്ന് വരുൺ ഇന്ന് വരുവാരുന്നെടാ…അതാ ഇന്ന് രണ്ടും കോളേജിൽ വരാഞ്ഞേ… ഞാൻ എന്നാ പോട്ടെ… എനിക്കി അവർ ക്ലാസ്സ്‌ ഉണ്ട്… മ്മ്മ് ശെരിയെടാ… അതും പറഞ്ഞു നവി ക്ലാസ്സിലോട്ട് പോയി… ഒരു ചിരിയോടെ നവിയെ നോക്കി ശിവ തലയാട്ടി എന്നാൽ അവൻ തിരിഞ്ഞതും ശിവയുടെ മുഖം വലിഞ്ഞു മുറുകി… വരുൺ… മുഷ്ടിച്ചുരുട്ടികൊണ്ട് അവൻ കോപമടക്കുന്നത് അപ്പുറത്തെ ക്ലാസ്സിന്റെ ജനലിലൂടെ നോക്കികൊണ്ട് നിന്ന നവിയുടെ മുഖത്ത് പുച്ഛം നിറഞ്ഞു… സ്റ്റാഫ്റൂമിൽ വന്ന ശിവക്കാകെ ഭ്രാന്തെടുക്കുന്ന പോലെ തോന്നി…

അവനു നന്ദുനെ കാണാൻ തോന്നി… എന്നാൽ അതിനേക്കാളുപരി വരുൺ നാട്ടിൽ വന്നെന്നുള്ള വിവരം അവനെ അസ്വസ്ഥമാക്കാൻ തുടങ്ങി…അവൻ കണ്ണുകളടച്ചു തലയ്ക്കു കൈകൊടുത്ത് ടേബിളിലേക്കിരുന്നു… “ശിവേട്ടൻ എന്തൊക്കെ പറഞ്ഞാലും ശെരി… എനിക്കിഷ്ടം വരുണേട്ടനെയാ… വരുണേട്ടനെ മാത്രം ” ഓർമയിൽ നന്ദുന്റെ ആ വാക്കുകൾ അലയടിച്ചതും ശിവ ഞെട്ടി കണ്ണുകൾ വലിച്ചുതുറന്നു… അവന്റെ ചെന്നിയിലെ ഞരമ്പുകൾ പിടയ്ക്കാൻ തുടങ്ങി… മുഖം വലിഞ്ഞുമുറുകി…കണ്ണുകൾ രക്തവർണമായി… ഇല്ലാ… വിട്ടു കൊടുക്കില്ലെടി നിന്നെ ഞാൻ…കൊന്നു തള്ളും ഞാൻ അവനെ… അവൻ തലമുടിയിൽ വലിച്ചു കൊണ്ടു പറഞ്ഞു… പെട്ടന്ന് അവൻ എണീറ്റു ബാഗുമെടുത്തു പോയി… ………….. തുടരും………….