22/04/2026

തുമ്പി : ഭാഗം 05

രചന – വൈദേഹി വൈഗ

“ഇനി രണ്ടാഴ്ച തികച്ചില്ല ജോലിക്ക് കേറാൻ… അതിനു മുന്നേ അവളുടെ അടുത്തുന്നു ഒരു പോസിറ്റീവ് റിപ്ലൈ കിട്ടും ന്നു എനിക്ക് തോന്നുന്നില്ല ” “നീ പ്രതിക്ഷ കൈ വിടണ്ട നമ്മുക്ക് നോക്കാം ” അരുണിന്റെ വാക്കുകൾ എന്തോ എന്റെ മനസ്സിൽ ഒരു കുളിർമയേകി.. പോകുന്നതിനു മുന്നേ തുമ്പി തന്നോട് ഇഷ്ടം ആണെന്ന് പറയും എന്നൊരു തോന്നൽ.. “ഡാ അവള് വരുന്നുണ്ട്.. നീ ചെല്ല്… ചോദിക്കു ” “ഇല്ലടാ.. ഇനിയും നാണംകെടാൻ വയ്യ.. ഒന്ന് കണ്ടാൽ മാത്രം മതി.. പിറകെ നടന്നു ശല്യം ചെയ്യുന്നത് നിർത്തി ” “മണ്ടത്തരം പറയണ്ട.. കരയുന്ന പൂച്ചക്കെ പാലുള്ളൂ എന്ന് കേട്ടിട്ടില്ലേ… നീ പോയി ഒന്ന് സംസാരിച്ചിട്ട് വാ… ചെല്ല്… ” “തുമ്പീ…. ” “ഹ കണ്ണേട്ടനോ… അല്ല കണ്ണേട്ടനെന്താ താമസം കണാരേട്ടന്റെ കടയിലേക്ക് മാറ്റിയോ.. എന്നും ഇവിടെ കാണാലോ ” “ശവത്തിൽ കുത്തല്ലേ മോളെ.. ” “മം.. വേറെ ഒന്നും പറയാനില്ലെങ്കിൽ ഞാൻ നടന്നോട്ടെ ” “മം ശെരി പോയിക്കോ ” പിന്നിൽ നിന്നും എന്തോ ബഹളം കേട്ടാണ് തിരിഞ്ഞു നോക്കിയത്..

തുമ്പി ആരോടോ ഒച്ചയെടുക്കുന്നു… സൂക്ഷിച്ചു നോക്കിയപ്പോൾ ആളെ പിടികിട്ടി… സജി.. അത്ര നല്ല അഭിപ്രായം ഒന്നുമല്ല അവനെ കുറിച്ച് നാട്ടുകാർക്ക്‌… അല്ല അവനിപ്പോ എന്തിനാ തന്റെ പെണ്ണിനോട് വഴക്കിടുന്നെ… ഹ പോയി നോക്കാം… “തനിക്കെന്താടോ വേണ്ടേ.. തന്നോട് പലപ്രവിശ്യം പറഞ്ഞതല്ലേ ഞാൻ എനിക്ക് താല്പര്യം ഇല്ലന്ന്.. പിന്നേം ന്തിനാ അതും ഇതും പറഞ്ഞു എന്നെ ശല്യം ചെയ്യാൻ വരുന്നേ.. ” “നിന്റെ ഡയലോഗ് കേട്ടാലൊന്നും സജി തീരുമാനിച്ച കാര്യത്തിൽ നിന്നും പിന്നോട്ട് പോവില്ല… നിന്നേം കൊണ്ടേ ഞാൻ പോവൂ” അവരുടെ ഈ സംസാരവും കേട്ടാണ് ഞാൻ അങ്ങോട്ട്‌ ചെന്നത്.. അവന്റെ വർത്തമാനം കേട്ടപ്പോൾ മിണ്ടാതിരിക്കാൻ തോന്നിയില്ല.. “ഡോ.. താൻ ന്തിനാ അവളുടെ പിറകെ നടക്കുന്നെ ” “അത്‌ ചോദിക്കാൻ നീ ആരാടാ….തുമ്പി സജിയുടെ പെണ്ണാ ” “അല്ല…. ” നന്നേ ഉച്ചത്തിൽ ആയിരുന്നു തുമ്പിയുടെ മറുപടി…

“ഞാൻ… ഞാൻ കണ്ണേട്ടന്റെ പെണ്ണാ… എനിക്ക് വേണ്ടിയാണു താൻ ഇവിടെ കിടന്നു ഷോ കാണിക്കുന്നതെങ്കിൽ അതിന്റെ ആവശ്യം ഇല്ല.. എന്റെ ജീവിതത്തിൽ ഒരൊറ്റ ആണേ ഉള്ളു.. അത്‌ ഈ കണ്ണേട്ടനാണ്… ” അവളുടെ സംസാരം കേട്ടു ഞാൻ തന്നെ ഷോക്ക് അടിച്ച പോലായി.. ഇത്രേം കാലം പിറക്കേ നടന്നിട്ടും മറുപടി പറയാത്ത ഇവള് തന്നാണോ ഇന്ന് ഈ റോഡിൽ വച്ചു തന്റെ പെണ്ണാണ് ന്നു പറഞ്ഞത്.. സ്വപ്നം ആണോ സത്യം ആണോ ദേവി ഇവിടെ നടക്കുന്നെ ” വാ കണ്ണേട്ടാ….. ” എന്നും പറഞ്ഞു എന്റെ കൈയ്യിൽ പിടിച്ചു നടക്കുമ്പോൾ ഞാൻ കണ്ടു കണ്ണിൽ കനലെരിയുന്ന പകയുമായി സജി… “തുമ്പി…. താൻ കാര്യായിട്ട് പറഞ്ഞതാണോ.. അതോ അവനു ഒരു മറുപടി കൊടുക്കാൻ പറഞ്ഞതോ.. ” “അല്ല കണ്ണേട്ടാ.. ശെരിക്കും തുമ്പിക്ക് ഇഷ്ടാ ഈ കള്ള കണ്ണനെ…. ഇനിയും ഇങ്ങനെ കണ്ണേട്ടനെ നടത്തിച്ചാൽ ദേവി പോലും എന്നോടും പിണങ്ങും ” എന്നും പറഞ്ഞു എന്റെ നെഞ്ചിലേക്ക് ചാഞ്ഞു തുമ്പി…

പിന്നെ അങ്ങോട്ട്‌ നമ്മടെ നാളുകളായിരുന്നു.. കാവും ദേവിയും കണ്ണേന്റെയും തുമ്പിയുടെയും പ്രണയത്തിനു മൂക സാക്ഷിയായി…. “കണ്ണേട്ടാ….. ” “മം പറ പെണ്ണേ… ” “കൈ വിടല്ലേ കണ്ണേട്ടാ.. ഇനി വേറൊരാളും ഒന്നിച്ചുള്ള ജീവിതം വിചാരിക്കാൻ പോലും നിക്ക് പറ്റില്ല്യ.. ” “ദേ.. എന്റെ വായിന്നു കേക്കും നീ… മിണ്ടാതെ വീട്ടിൽ പോടീ… സന്ധ്യ ആവാറായി ” ” ഓ ശെരി ” എന്നും പറഞ്ഞു കവിളിലൊരു ഉമ്മയും തന്നു ഓടി അവള്… എന്റെ ദേവി… ഇനി നിയായിട് ഞങ്ങളെ പിരിക്കല്ലേ….. ———- ഇനി രണ്ടു ദിവസം കൂടിയേ ഉള്ളു ജോലിക്ക് കേറാൻ… തുമ്പിയെ കാണാതെ നിൽക്കാനും വയ്യ…. നേരം കുറേ ആയല്ലോ ഇവളെ കാത്തിരിക്കാൻ തുടങ്ങിയിട്ട്.. അങ്ങനെ വരാതിരുന്ന ശീലം ഇല്ലാലോ.. സമയം പോവാൻ ഫോൺ എടുത്തത്തെ ഓര്മയുള്ളു… “ന്റെ ദേവീ… താൻ ജീവനേക്കാളേറെ സ്നേഹിച്ച ന്റെ തുമ്പി എത്രയും നാൾ എന്നെ ചതിക്കുകയായിരുന്നോ… ” അറിയാതെ നമ്പറിൽ നിന്നും വന്ന ആ കാഴ്ച അതികം നോക്കി നിൽക്കാനുള്ള ശേഷി എനിക്കുണ്ടായില്ല… ഫോൺ പോക്കറ്റിൽ ഇട്ടു പാറയിൽ തലവച്ചു കിടന്നു…

ശരീരം മൊത്തം തളരുന്ന പോലെ… ” കണ്ണേട്ടാ… ” “കണ്ണേട്ടാ…. ന്താ മിണ്ടാത്തെ… വരാൻ വൈകിയതിലുള്ള പരിഭവാണോ… വരുന്ന വഴി ഗോപാലേട്ട്ടനെ കണ്ടു.. അച്ഛന്റെ കാര്യം ചോദിച്ചു.. അതാ…. ” “എന്താ കണ്ണേട്ടാ മിണ്ടാതെ.. ” “തുമ്പി നീ ഇപ്പൊ പോ… എന്റെ മൂഡ് ശെരിയല്ല.. ” “ഇല്ല.. വാ നമ്മുക്ക് പാടത്തൂടെ നടന്നിട്ടു വരാല്ലോ… വാ കണ്ണേട്ടാ…. ” അവളെന്റെ കൈയ്യിൽ പിടിച്ചു വലിച്ചു… തികട്ടി വന്ന ദേഷ്യം നിയന്ത്രിക്കാൻ എനിക്ക് ആയില്ല.. മുഖം മുറിയെ ഒന്ന് കൊടുത്തു… “കുറേ ആയി ക്ഷമിക്കുന്നു… ” “ന്തിനാ… ന്തിനാ കണ്ണേട്ടാ എന്നെ…. അൽപ്പം വൈകിയതിനാണോ എന്നെ… ” അവളുടെ കണ്ണീരിനു മുന്നിലും എനിക്ക് ദേഷ്യം അടക്കാൻ അയ്യില്ല… “അല്ല… എനിക്ക് കാണേണ്ട നിന്റെ കരച്ചിൽ.. പൊക്കോണം ന്റെ മുനിന്നു… ” “എന്തിനാ എന്നോടിങ്ങനെ… എനിക്കറിയണം… അറിയാതെ ഞാൻ പോവില്ല… ” “നിനക്ക്… നിനക്ക് അറിയണം അല്ലെ… ഇതാ നോക്ക്.. ഇതിൽ കാണുന്നത് നീ അല്ല എന്നുണ്ടോ… ” ഫോൺ അവളുടെ കയ്യിലേക്ക് വച്ചു കൊടുത്തു…

തന്റെ തുമ്പി ഇങ്ങനെ ചെയ്യും എന്ന് തോന്നുന്നില്ല… എങ്കിലും കണ്ടാ സത്യത്തിനു മുന്നിൽ…. മോർഫ് ചെയ്ത ഫോട്ടോ അല്ല അത്‌… ശെരിക്കും ഉള്ളത് തന്നാണ്… തുമ്പിയെ മറ്റൊരുത്തൻ ചുംബിക്കുന്നു… അതും അവളുടെ ക്ലാസ്സ്‌ മുറിയിൽ വച്ചു… ഇത് ഇല്ലാത്തതു ആണെന്ന് വിശ്വസിക്കാൻ തനിക്കൊരിക്കലും ആവില്ല… “കണ്ണേട്ടാ….. കണ്ണേട്ടൻ ഇത് വിശ്വസിക്കരുത്… ഇത് ചതിയാണ്… ” “ഈ ഫോട്ടോയിൽ ഉള്ളത് നീ ആണോ ” “കണ്ണേട്ടാ… ” “ചോദിച്ചതിന് ഉത്തരം താ ടി… ” “മം അതെ… ” “ഒപ്പരം ഉള്ളത് ആരാ? ” “എന്റെ ക്ലാസ്സിലെ വിവേക് ” “മതി.. ഇനി കൂടുതലൊന്നും എനിക്ക് കേൾക്കണം എന്നില്ല… ” “അല്ല കണ്ണേട്ടാ… സത്യം അങ്ങനൊന്നും അല്ല.. ക്ലാസ്സ്‌ കഴിഞ്ഞു ഇറങ്ങുകയായിരുന്നു എന്നെ ബലം പ്രയോഗിച്ചു….. ” “നിർത്ത്.. ” “കണ്ണേട്ടാ… ” “നിർത്താനാ പറഞ്ഞെ… കൂടുതലൊന്നും കേൾക്കണം എന്നില്ല നിനക്ക് പോവാം…. ” ” എന്നെ മനസിലാക്കാൻ വയ്യെങ്കിൽ.. കാലു പിടിക്കാൻ എനിക്കും വയ്യ.. ഉള്ളതെല്ലാം സത്യം ആണെന്ന് തന്നെ കൂട്ടിക്കോളൂ… ” കരഞ്ഞു കൊണ്ട് പോകുന്ന അവളെ കണ്ടപ്പോഴും എനിക്ക് യാതൊരു വ്യത്യാസവും ഉണ്ടായില്ല…

മനസ് കല്ലിനേക്കാൾ ഉറച്ചിരിക്കുന്നു… നാളെ ജോലിയിൽ പ്രവേശിക്കണം.. രാവിലെ പത്തു മണിക്കാണ് ട്രെയിൻ… ഇനി ഈ നാട്ടിലേക് വരാൻ മനസ് അനുവദിക്കുമോ എന്നറിയില്ല… റെയിൽവേ സ്റ്റേഷൻ വരെ അരുൺ കൊണ്ട് വിടാം എന്നാണ് പറഞ്ഞിട്ടുള്ളത്… പെട്ടന്ന് ബ്രേക്ക് പിടിച്ചത് കൊണ്ടാണ്.. തല സീറ്റിൽ ഇടിച്ചു… അര വണ്ടിക്കു കുറുകെ ചാടിയേ…. “കണ്ണേട്ടാ… ഒന്നിറങ്ങിയേ.. എനിക്ക് സംസാരിക്കണം.. എന്നോട് ഒരു വാക്ക് പോലും പറയാതെ പോവാൻ എങ്ങനെ തോന്നി…. ” ” നിന്നോട് പറയേണ്ടതൊക്കെ ഞാൻ പറഞ്ഞു കഴിഞ്ഞതല്ലേ… കൂടുതലൊന്നും പറയാനില്ല… ” “കണ്ണേട്ടാ… കണ്ണേട്ടന് വേണ്ടി ഈ തുമ്പി കാത്തിരിക്കും…. ” “അതിന്റെ ആവശ്യം ഇല്ല.. എല്ലാം കഴിഞ്ഞു… ” “ഈ നാടും ഇത് വരെ നടന്നതും ന്റെ മനസ്സിൽ നിന്ന് പടിയിറക്കി കഴിഞ്ഞിട്ടാണ് ഈ യാത്ര… എനിക്ക് വേണ്ടി ആരും ജീവിതം കളയണം എന്നില്ല…. ” “കണ്ണേട്ടാ.. എങ്ങനെ കഴിയുന്നു ഇത്രയ്ക്കു ക്രൂരനാവാൻ… ” “അരുണേ… നീ വണ്ടി എടുക്കു…. ” “കണ്ണാ.. അത്‌… ” “നിന്നോടല്ലേ എടുക്കാൻ പറഞ്ഞെ… ” തുമ്പിയെന്ന അധ്യായം അവസാനിച്ചു എന്ന് കരുതിയാണ് കോഴിക്കോടേക്കുള്ള എന്റെ ഈ പോക്ക്… തുടരും….