രചന – ശാരി പി പണിക്കർ
“നല്ല വിഷമമുണ്ടല്ലേ?” “പിന്നെ കല്ല്യാണപെണ്ണ് ഒളിച്ചോടിയാൽ സങ്കടം ഉണ്ടാവാതിരിക്കുമോ ദേവു?” “സാരമില്ല. പോട്ടെ. അത്രയും ഭാഗ്യമില്ലത്തവൾ ചിലപ്പോൾ ജനിച്ചിട്ടുണ്ടാവില്ല.” “ചളിയടിക്കാതെ എണീറ്റ് പോടീ.” “ഇതുവരെ നിങ്ങൾ പ്രേമിച്ച പെണ്ണുങ്ങളുടെ ശാപം കൊണ്ടാ ഇങ്ങനെ സംഭവിച്ചത്.” “അയ്യോ. കണക്കായി പോയി. പറയുന്ന ആളിന്റെ വലിയ ദിവ്യ പ്രണയമായിരുന്നല്ലോ! എന്തുപറ്റി എന്നിട്ടതിന്?” “എന്റെ ഏതായാലും കല്ല്യാണം വരെ എത്തിയിട്ടല്ല പൊട്ടിയത്. നിങ്ങൾ എല്ലാവരേയും മുന്നിൽ ശശിയായി. ” “ഹും” “മാക്രി.. അത് കാര്യമാക്കിയെടുത്തോ? ഞാൻ ചുമ്മാ തമാശ പറഞ്ഞതാ. പെണ്ണ് ഒളിച്ചോടിയത് നിങ്ങളുടെ കുറ്റമല്ലല്ലോ.!”
“നിനക്ക് അറിയാൻ പാടില്ലാഞ്ഞിട്ടാ ദേവൂ., പ്രവാസം അത്ര സുഖമുളളതല്ല. പലപ്പോഴും ഒറ്റപ്പെടുന്നപോലെ. പെണ്ണുകെട്ടിയാൽ ഒരു കൂട്ടാകുമെന്ന് കരുതി. എത്ര നേരമെന്നു വച്ചാ ഫോണിൽ കുത്തുന്നേ?”
“ശരിയാ. പക്ഷേ നിങ്ങൾക്ക് ഞാൻ എപ്പോഴും കമ്പനി തരുന്നില്ലേ? ഞാനുമായി ഫ്രണ്ട്ഷിപ്പ് തുടങ്ങിയേ പിന്നെ എപ്പോഴെങ്കിലും ഒറ്റപ്പെടൽ തോന്നിയിട്ടുണ്ടോ?” “നീയാണ് എനിക്ക് അവിടെയുളള ഏക ആശ്വാസം. നേരം വെളുക്കുമ്പോൾ മുതൽ ഓൺലൈനുണ്ടല്ലോ! പക്ഷേ എത്ര നാൾ. നീ ഇപ്പോ തന്നെ ഫോൺ ഉപയോഗിക്കുന്നത് കൂടുതലാണ്. ഞാൻ കാരണം പഠിത്തം വല്ല ഉഴപ്പിയാൽ…” “ഞാൻ പഠിക്കുന്നൊക്കെയുണ്ട്.” “നിന്നെ എപ്പോ വേണമെങ്കിലും കെട്ടിച്ചുവിടാമല്ലോ. നീ കെട്ടിപോയാൽ പിന്നെ ആരാ എനിക്ക് കമ്പനി തരുക?” “പഴയ കോഴി സ്വഭാവം ഒന്ന് പൊടി തട്ടിയെടുക്കൂ” “നീയൊന്ന് പോയേ”
“ഇന്നലെ ഒരാലോചന വന്നു. എൻജിനീയറാണ് സൗദിയിൽ. 28 വയസ്. പക്ഷേ എനിക്കിഷ്ടമായില്ല.” “അതെന്താ? ” “എനിക്ക് നീളമുളള ചെക്കനേയാ ഇഷ്ടം. ഞാൻ കുറച്ചു നിബന്ധനകൾ വച്ചിട്ടുണ്ട്. എല്ലാം ഒത്തു ചേരുന്നത് വന്നാൽ മാത്രം എന്നെ അറിയിച്ചാൽ മതിയെന്ന് പറഞ്ഞിട്ടുണ്ട് വീട്ടിൽ.” ” ഓ. വലിയ പുളളി” പെണ്ണുകെട്ടാനായി ഒരു മാസത്തെ ലീവിന് നാട്ടിൽ വന്ന ഹതഭാഗ്യനായ ചെറുപ്പക്കാനാണ് ഈ കഥയിലെ നായകൻ. അവനിപ്പോ സംസാരിച്ചുകൊണ്ടിരിക്കുന്നത് അവന്റെ ഉറ്റകൂട്ടുകാരി വായാടി പെണ്ണിനോട്.
“ദേ മാക്രി…. എന്റെ ഏകദേശം ഒന്ന് സെറ്റായി കേട്ടോ?” ” എന്ത് ദേവൂ?” “കല്ല്യാണം.” “ഹും” “നിങ്ങള്ക്ക് ഒന്നും അറിയേണ്ട?” “പറഞ്ഞാൽ കേൾക്കാം.” “ചെക്കൻ അങ്ങ് ഗൾഫിലാ. എയർപോർട്ടിലാ ജോലി. 26 വയസ്സ്. എല്ലാർക്കും ഇഷ്ടമായി. ഇനി ഞങ്ങൾ തമ്മിൽ ഒന്ന് കണ്ടാൽ മതി. എല്ലാം ഉറപ്പിച്ചു കഴിഞ്ഞു.” “ഹും. “ഇതൊക്കെ കേട്ടിട്ട് എന്താ മാക്രി ഒരു സന്തോഷമില്ലാതെ? എന്റെ ഒരേയൊരു ബെസ്റ്റ് ഫ്രണ്ടല്ലേ?” “ഹും” “പിന്നെ ഒരു കാര്യം പറയട്ടെ….?” “പറ.” “ഞാൻ ഇതുവരെ ആ ചെക്കനെ കണ്ടിട്ടില്ല. നിങ്ങള്ക്ക് ഇനിയും സമയമുണ്ട്. എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ഇപ്പോ പറയാം.” “ഞാൻ എന്ത് പറയാനാ?” “അതല്ല. ബെസ്റ്റ് ഫ്രണ്ടസിനെ ബെസ്റ്റ് പാർട്ടണറാവാൻ പറ്റൂ.” “ഓഹോ. അങ്ങനെയാണോ? ഞാനറിഞ്ഞില്ല.”
“നീ പോ മരമാക്രി. ചുമ്മാതല്ല നിനക്ക് പെണ്ണൊന്നും ശരിയാവാത്തെ. നീ അഥവാ കെട്ടിയാൽ അതൊരു ചീവീട് പോലത്തെ മന്ദബുദ്ധി പെണ്ണായിരിക്കും. നിനക്ക് സ്വരം തരാതെ തറുതലയും പറഞ്ഞു, ചെവി തിന്നോണ്ടു ഇരിക്കും.” “ഞാൻ സഹിച്ചു. നിനക്ക് നിന്നെ ആലോചിച്ചു വന്ന ചെക്കനെ കാണണോ?” “ഹും. നിങ്ങളുടെ കൈയ്യിലുണ്ടോ ഫോട്ടോ? അമ്മ തന്നല്ലേ? കാണിക്ക്. നീളമുണ്ടോയെന്ന് നോക്കട്ടെ. “എന്റെ വാട്ട്സപ്പ് ഡിപിയെടുത്ത് നോക്ക്.” “മനസ്സിലായി. നിങ്ങളുടെ തോളിൽ കൈയിട്ട് നിൽക്കുന്ന ചേട്ടനല്ലേ? എനിക്കിഷ്ടായി.” “നന്നായി. അയാളുടെ ഭാര്യ കേൾക്കേണ്ട. ” “പിന്നെ ആര്? മാക്രി… നിങ്ങളോ?” “ഹാ ഹാ…”

by