രചന – ശാരി പി പണിക്കർ
“ഇൗ ലോകത്ത് ഒരു പെണ്ണിനെ പോലും വിശ്വസിക്കാൻ കൊള്ളത്തില്ല ടാ. പെറ്റ തള്ള പോലും ചതിക്കും.” “അങ്ങനെ ഒന്നും പറയാതെ ടാ. അവൾ നിന്നെ ഇട്ടിട്ട് പോയതിന് നീ ലോകത്തെ മുഴുവൻ പെണ്ണുങ്ങളെയും അടച്ച് ആക്ഷേപിക്കുന്നത് ശരിയല്ല.” “അവൾക്ക് എങ്ങനെ തോന്നി എന്നോടിങ്ങനെ ചെയ്യാൻ? ഞാൻ എന്ത് കുറവാടാ അവൾക്ക് വരുത്തിയത്? 5 വർഷം പ്രേമിച്ചു. വീട്ടുകാരുടെ എല്ലാ എതിർപ്പിനേയും വക വെയ്ക്കാതെ കെട്ടി. ഇപ്പൊ അവൾക്ക് ഞാൻ കൊള്ളരുതാത്തവൻ ആയി. അവൾക്ക് ഇന്നലെ കണ്ട ആ അലവലാതി മതിയെന്ന്. അവനെ നീ ഒന്ന് കാണണം. പട്ടി കണ്ടാൽ വെള്ളം കുടിക്കില്ല.””അവൾ എന്താ കാരണം പറഞ്ഞെ?” “ഞാൻ അവളെ പഴയ പോലെ സ്നേഹിക്കുന്നില്ല പോലും. അവളുടെ കൂടെ സമയം ചിലവക്കുന്നില്ലയെന്ന്. അതുകൊണ്ട് സ്നേഹം കിട്ടുന്ന ഇടത്തേയ്ക്ക് പോകുവാനെന്ന്. പോട്ടെ എവിടെയെങ്കിലും പോട്ടെ. പോയി തുലയട്ടെ നാശം.” “അവൾ പറയുന്നതിൽ വല്ല സത്യവുമുണ്ടോ?”
“അതെന്താ നീ അങ്ങനെയൊരു പറച്ചിൽ? നമ്മൾ പ്രവാസികൾ എങ്ങനെ സ്നേഹം കാണിക്കാൻ? പിന്നെ ഫോണിൽ കൂടെ ചക്കരെ പൊന്നെ എന്നൊക്കെ വിളിച്ച് കൊഞ്ചാൻ എന്നെ കിട്ടത്തില്ല.” “പണ്ട് ചക്കരെ എന്നൊക്കെ വിളിച്ച് കൊഞ്ചുന്നത് ഞാൻ കേട്ടിട്ടുണ്ട്.” “അതൊക്കെ പ്രേമിക്കുന്ന സമയത്തല്ലേ? കെട്ടി കഴിഞ്ഞാൽ അങ്ങനെയൊക്കെ പറ്റുമോ?” “നിനക്ക് ആ ഫിലിപ്പി പെണ്ണിനോട് അറിയാത്ത ഭാഷയിൽ കൊഞ്ചാനും കൊഴയാനും അറിയാമല്ലോ? സ്വന്തം ഭാര്യയോട് പറ്റത്തില്ല അല്ലേ?. കൊള്ളാമെടാ.” “പറയുന്ന നീ എന്താ മോശമാണോ. ഒരു സമയം നീ വെറുതെ ഇരിക്കുന്നുണ്ടോ? എപ്പോഴും ക്രിക്കറ്റ് കളി, വെള്ളമടി, ഉറക്കം.. ഇതൊക്കെയല്ലേ. ഒരു ദിവസം എത്ര തവണ നിന്റെ പെണ്ണുമ്പിള്ള വിളിക്കും? നീ എന്തൊക്കെ പറഞ്ഞ് ഒഴിവാക്കി വിട്ടിട്ടുണ്ട്. നീ സൂഷിച്ചോ. ഇല്ലെങ്കിൽ നിനക്കും എന്റെ ഗതി വരും. അസമയത്തൊക്കെ ഒന്ന് വിളിച്ച് നോക്ക്. മറ്റൊരു കോളിലാണോ അല്ലയോയെന്ന് അപ്പൊ അറിയാം.”
അവൻ അത് പറഞ്ഞപ്പോൾ ചിരിച്ചു കൊണ്ട് ഒരു പെഗ്ഗടിച്ചു അവിടെ നിന്നിറങ്ങി, എങ്കിലും മനസ്സ് അസ്വസ്ഥമായിരുന്നു. നേരെ എന്റെ ഫ്ലാറ്റിലെത്തി സമയം നോക്കി കിടന്നു. പതിവ് പോലെ അവളുടെ മിസ്സ് കോളുണ്ട് 10 എണ്ണം. ഇന്ന് കൂട്ടുകാരന്റെ മുറിയിൽ പോകുമെന്ന് ഇന്നലെ പറഞ്ഞിരുന്നു ഞാൻ. തിരിച്ചെത്തിയോ എന്നറിയാൻ ഉള്ള വിളികൾ ആണതെല്ലാം. “തിരിച്ചെത്തി. നല്ല ക്ഷീണം കിടക്കട്ടെ” എന്ന് വാട്ട്സ്ആപ്പിൽ മെസ്സേജ് അയച്ചിട്ട് വീണ്ടും സമയം നോക്കി കിടപ്പായി. അവൾ എന്റെ മെസ്സേജ് കണ്ടതിനു ശേഷമാണ് കിടന്നത്. അവളും ഉറങ്ങാൻ കിടന്നു. അവിടെ സമയം 12 ആയപ്പോൾ ഞാൻ വിളിച്ചു. അവൾ മറ്റൊരു കോളിൽ ആണെന്ന്. നെഞ്ചിൽ വെള്ളിടി വെട്ടി. ഇവൾ ആരോടാ ഇൗ സമയത്ത് സംസാരിക്കുന്നത്? അതും എന്നോട് ഗുഡ് നൈററ് പറഞ്ഞിട്ട്. എന്നെ ചതിക്കുകയായിരുന്നു. അവൾ കുറച്ചു കഴിഞ്ഞപ്പോൾ തിരിച്ചു വിളിച്ചു. അവളുടെ കോൾ കണ്ടപ്പോൾ എനിക്ക് കരച്ചിലാണ് വന്നത്.
“നീ ആരോടാ ഇൗ സമയത്ത് സംസാരിക്കുന്നത് ?” “എന്റെ ജാരനോടാ. നിങ്ങൾക്ക് എന്താ?” “നീയും എന്നെ ചതിക്കുവാനോ?” ഇത് പറഞ്ഞപ്പോൾ എന്റെ ശബ്ദം ഇടറി. അത് മനസിലായ വണ്ണം അവള് എന്നോട് ചോദിച്ചു. “നിങ്ങൾക്ക് എന്താ പറ്റിയെ? ശബ്ദം വല്ലാതെ ഇരിക്കുന്നല്ലോ.!” “എനിക്കറിയാം. നീയും എല്ലാ പെണ്ണുങ്ങളേയും പോലെ എന്നെ ചതിക്കും.” “ദേ മനുഷാ… കള്ള് കുടിച്ചാൽ വയറ്റിൽ കിടക്കണം. അല്ലാതെ ചുമ്മാ ഓരോന്നും പറഞ്ഞോണ്ട് വന്നേക്കല്ല്.” “കള്ള് കുടിച്ചിട്ടുണ്ട്. പക്ഷേ ഞാൻ അതിന്റെ പേരിൽ പറയുവല്ല. എനിക്കറിയണം നീ ഇൗ സമയത്ത് ആരോടാ സംസാരിച്ചത്?” “എന്റെ പൊന്നു മനുഷ്യാ. ഇന്ന് മാർച്ച് 10 . എന്റെ ബർത്ത്ഡെ. എന്നെ വിഷ് ചെയ്യാൻ ചേച്ചി വിളിച്ചതാണ്.” “ആ ശരി. എന്നാൽ നീ കിടന്നോ.” “ഇതിനാണോ നിങ്ങൾ എന്നെ ഇൗ സമയത്ത് വിളിച്ചത്. ഞാൻ വിചാരിച്ചു എന്നെ വിഷ് ചെയ്യാനാവുമെന്ന്.” “ഞാൻ വിഷ് ചെയ്യാനാ വിളിച്ചത്. പക്ഷേ ഫോൺ ബിസി കാണിച്ചപ്പോൾ വല്ലാതെയായി.”
” വീണിടത്ത് കിടന്നു ഉരുളേണ്ട. നിങ്ങളെ എനിക്ക് അറിഞ്ഞൂടെ. കല്ല്യാണം കഴിഞ്ഞിട്ട് കൊല്ലം 5 ആയി. ഇതുവരെ എന്നെ വിളിച്ചിട്ട് സുഖമാണോയെന്ന് പോലും ചോദിക്കാത്ത ആളാ ഇപ്പൊ വിഷ് ചെയ്യാൻ വിളിച്ചേക്കുന്നു. വേറെ ആരോടെങ്കിലും പോയി പറ ഇൗ നുണ. അതൊക്കെ പോട്ടെ, എന്താ പതിവ് ഇല്ലാത്ത ഒരു സ്നേഹ പ്രകടനം.?” “അതെന്താ ഞാൻ ഇതുവരെ സ്നേഹം പ്രകടിപ്പിച്ചിട്ടില്ലേ? ലീവിന് വരുമ്പോൾ ഞാൻ എന്തോരം സാധനങ്ങൾ ആ നിങ്ങൾക്ക് കൊണ്ട് തരുന്നത്?” ” എന്തെങ്കിലും കൊണ്ട് തരുന്നതിൽ ആണോ ഏട്ടാ സ്നേഹമിരിക്കുന്നത്.? “ഞാൻ ഇങ്ങനെയൊക്കെയാ. പറ്റില്ലെങ്കിൽ ഇട്ടേച്ച് പോ.” “ഇട്ടിട്ട് പോകാൻ പണ്ടേ തോന്നിയതാ. അപ്പോഴേക്ക് ഒരു കൊച്ചായി. 5 വർഷമായി കൂടെ കഴിയുന്ന എന്നോട് ഒരു സ്നേഹവുമില്ല. അങ്ങനെ ഉള്ള നിങ്ങളെ എങ്ങനെയാ 3 വയസുള്ള കൊച്ചിനെ ഏൽപ്പിച്ചു പോകുന്നേ?. കൊച്ചിനെ ഞാൻ കൊണ്ടുപോയാൽ എനിക്ക് വേറെ കെട്ടാനും പറ്റില്ല. അല്ലെങ്കിലും എങ്ങനെ കെട്ടാനാ. അപ്പന്റെ തനി പകർപ്പല്ലേ മോൻ. അവനെ കണ്ടാലേ നിങ്ങളുടെ മുഖം ഓർമ്മ വരും. പിന്നെ എങ്ങനെയാ വേറെ പോകുന്നത്!” അവളങ്ങനെ പറഞ്ഞപ്പോൾ മനസ്സിന് സമാധാനമായി. “പിന്നെ…. നീതു ഒളിച്ചോടിയ കാര്യം ഞാൻ അറിഞ്ഞു. അത് കേട്ട് നിങ്ങൾ പേടിക്കേണ്ട. ഞാൻ നിങ്ങളുടെ മോന്റെ പൊറകെ വീട്ടിന്റെ ചുറ്റും നടപ്പുണ്ടാവും” കുടിച്ചതിന്റെ ഇഫക്‌ടാണോ അതോ അവൾ പറഞ്ഞതിന്റെ കിക്കാണോ എന്ന് അറിയില്ല, ഞാൻ പെട്ടെന്ന് ഉറങ്ങി.

by