ഇച്ചായന്റെ പെണ്ണ്…. 5

ഭാഗം അഞ്ച്

“ആഹ്… ക്ലാര മോളെക്കുറിച്ചാണോ? അവൾ നമ്മുടെ അനാഥാലയത്തിന്റെ ഐശ്വര്യമാണ്.”

“ഞാൻ ഇപ്പോൾ പടിയിറങ്ങി വന്നപ്പോൾ കാലിടറി വീഴാൻ പോയതാ. ആ കുട്ടി ഓടിയെത്തി എന്നെ താങ്ങിനിർത്തിയില്ലായിരുന്നെങ്കിൽ എന്റെ കാൽ ഒടിഞ്ഞു തൂങ്ങിയേനേ…” വർഗീസ് നടന്ന സംഭവങ്ങൾ വികാരിയച്ചനോട് വിവരിച്ചു.

എല്ലാം കേട്ട് അച്ചൻ തലയാട്ടി
“അതാണ് ക്ലാര, ആരുടെ സങ്കടം കണ്ടാലും ആർക്ക് ഒരു ആപത്ത് വന്നാലും ഓടിയെത്തുന്ന ഒരു പാവം കുട്ടിയാണവൾ. ജനിച്ച അന്ന് അവളെ ആരോ അനാഥാലയത്തിന്റെ തൊട്ടിലിൽ ഉപേക്ഷിച്ചു പോയതാണ്. അന്ന് മുതൽ ഈ മഠത്തിന്റെയും പള്ളിയുടെയും തണലിലാണ് അവൾ വളർന്നത്. മാതാവിന്റെ കുഞ്ഞാണ് അവൾ!”

“ഓ, അവളുടെ പഠന കാര്യങ്ങളൊക്കെ എങ്ങനെയെ അച്ചാ?” വർഗീസ് ആകാംക്ഷയോടെ ചോദിച്ചു.
അച്ചന്റെ മുഖം പതുക്കെ മങ്ങി.

“പഠിക്കാൻ വളരെ മിടുക്കിയാണ് അവൾ. പ്ലസ് ടുവിന് വളരെ ഉയർന്ന മാർക്കോടെയാണ് അവൾ പാസ്സായത്. ഒരു ഡോക്ടറാകണമെന്നാണ് അവളുടെ വലിയ ആഗ്രഹം. രാത്രികളിൽ ഇരുന്നു പഠിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ… നമ്മുടെ അനാഥാലയത്തിന്റെ സാമ്പത്തിക സ്ഥിതി തനിക്ക് അറിയാമല്ലോ. പ്രൊഫഷണൽ കോഴ്സുകൾക്ക് അയച്ചു പഠിപ്പിക്കാനുള്ള കഴിവ് മഠത്തിനില്ല. അവൾക്ക് തുടർന്ന് പഠിക്കണമെങ്കിൽ ആരെങ്കിലും സ്പോൺസർ ചെയ്യണം. ഞങ്ങൾ പലരോടും അന്വേഷിക്കുന്നുണ്ട്, പക്ഷേ ഇതുവരെ ആരും മുന്നോട്ട് വന്നില്ല.” അച്ചൻ നെടുവീർപ്പോടെ പറഞ്ഞു.

ആ വാക്കുകൾ വർഗീസിന്റെ ഹൃദയത്തിൽ തട്ടി. ഇത്രയും നല്ലൊരു കുട്ടി, ആഗ്രഹങ്ങളും കഴിവുമുണ്ടായിട്ടും അനാഥത്വത്തിന്റെ പേരിൽ പാതിവഴിയിൽ വീണുപോകാൻ പാടില്ല എന്ന് അയാൾക്ക് തോന്നി.
പെട്ടെന്നാണ് വർഗീസിന്റെ മനസ്സിൽ ആ ചിന്ത ഉദിച്ചത്.

‘എന്റെ മകൻ മാർക്കോ… അവന്റെ ജീവിതത്തിലേക്ക് ഒരു ശാന്തത കൊണ്ടുവരാൻ, അവനെ നേർവഴിക്ക് നടത്താൻ ഈ ക്ലാരയ്ക്കല്ലാതെ മറ്റാർക്ക് കഴിയും? അവളുടെ ഉള്ളിലെ മനോഭാവവും ഈശ്വരഭക്തിയും ഞാൻ കണ്ട മറ്റൊരു പെൺകുട്ടിക്കുമില്ല. എന്റെ വീട്ടിലെ മരുമകളായി ഇവൾ വന്നാൽ… തേവർമറ്റത്തിൽ കുടുംബത്തിന് അതിലും വലിയൊരു ഐശ്വര്യം വേറെയുണ്ടോ?’

വർഗീസിന്റെ ഉള്ളിൽ ആ തീരുമാനം ഉറക്കുകയായിരുന്നു. അനാഥയായ ക്ലാരയെ തന്റെ മകന്റെ ഭാര്യയാക്കുക. ആരും ചോദിക്കാനും പറയാനുമില്ലാത്ത ആ കുട്ടിക്ക് ഒരു വലിയ കുടുംബത്തിന്റെ തണലും സ്നേഹവും നൽകുക!

“അച്ചോ, ഞാൻ എന്നാൽ ഒരു കാര്യം പറയട്ടെ?…”

“പറയടോ…”

“ക്ലാരയുടെ തുടർപഠനത്തിന്റെ മുഴുവൻ ചെലവും ഞാൻ ഏറ്റെടുക്കുകയാണ്! അവൾക്ക് ഡോക്ടറാകണമെങ്കിൽ അതിനുള്ള എല്ലാ സൗകര്യങ്ങളും ഞാൻ ചെയ്തു കൊടുക്കാം.”

അത് കേട്ട് അച്ചൻ അത്ഭുതത്തോടെ വർഗീസിനെ നോക്കി. “ദൈവമേ! താൻ ഈ പറയുന്നത് സത്യമാണോ?”

“അതെ അച്ചാ… ഞാൻ വാക്ക് തരുകയാണ്. അത് മാത്രമല്ല… എനിക്കൊരു ആഗ്രഹം കൂടിയുണ്ട്.”

“എന്താണത് ?”

“എന്റെ മകൻ മാർക്കോയ്ക്ക്… ക്ലാരയെ വിവാഹം കഴിച്ചു കൊടുക്കാൻ എനിക്ക് താല്പര്യമുണ്ട്!”

വികാരിയച്ചൻ ഞെട്ടിപ്പോയി! പത്രങ്ങളിലും നാട്ടിലും പ്രശസ്തനായ, കോടീശ്വരനായ തേവർമറ്റത്തിൽ വർഗീസ് തങ്ങളുടെ അനാഥാലയത്തിലെ ഒരു സാധാരണ പെൺകുട്ടിയെ തന്റെ മരുമകളാക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിശ്വസിക്കാൻ അച്ചന് കഴിഞ്ഞില്ല.

“എടൊ താൻ എന്താണ് ഈ പറയുന്നത്? നല്ലോണം ആലോചിച്ചിട്ട് ആണോ ഇതൊക്കെ തീരുമാനിക്കുന്നത്? മാർക്കോ… അവൻ വലിയ പണക്കാരനാണ്. ബിസിനസ്സുകാരനാണ്. ക്ലാരയാണെങ്കിൽ ഒന്നുമില്ലാത്ത ഒരു അനാഥ പെൺകുട്ടിയും. സാറിന്റെ കുടുംബക്കാർ ഇതിന് സമ്മതിക്കുമോ? അതൊക്കെ പോട്ടെ മാർക്കോ ഇതിന് സമ്മതിക്കുമോ?”

“എന്റെ കുടുംബത്തിൽ എന്റെ വാക്കാണ് അന്തിമം അച്ചാ!” വർഗീസ് ഗൗരവത്തോടെ പറഞ്ഞു. “പണവും പ്രതാപവുമുള്ള പല പെൺകുട്ടികളെയും എന്റെ മകന് കിട്ടും. പക്ഷേ, ഇത്രയും സ്നേഹവും ഈശ്വരഭക്തിയുമുള്ള ഒരു പെൺകുട്ടിയെ എനിക്ക് വേറെ എവിടുന്ന് കിട്ടാനാണ്? അവളെ എന്റെ വീടിന്റെ മാലാഖയായി കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു. അവൾക്ക് അമ്മയായും അപ്പനായും അച്ചൻ നിന്ന് ഈ ആലോചന നടത്തണം.”

ജോർജ് അച്ചന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ടിരുന്ന ക്ലാരയുടെ കണ്ണീരിന് ദൈവം നൽകിയ ഉത്തരമാണിതെന്ന് അച്ചന് തോന്നി.

“ഇത്… ഇത് ദൈവത്തിന്റെ വലിയൊരു നിശ്ചയമാണ്. ക്ലാരയുടെ പ്രാർത്ഥന കർത്താവ് കേട്ടു. എനിക്ക് അതിൽ പൂർണ്ണ സമ്മതമാണ്. പക്ഷേ… തന്റെ ഭാര്യയും മകനും ഇതിന് സമ്മതിക്കുമോ? പിന്നെ ക്ലാരയോട് ചോദിക്കണ്ടേ?”

“അതൊക്കെ ഞാൻ നോക്കിക്കൊള്ളാം അച്ചാ. ഞാൻ വീട്ടിൽ പോയി കാര്യങ്ങൾ സംസാരിക്കട്ടെ. തൽക്കാലം ഇത് ക്ലാരയോട് പറയണ്ട. എല്ലാം ഉറപ്പിച്ചിട്ട് നമുക്ക് അവളോട് പറയാം. അവളുടെ പഠന കാര്യം മാത്രം അച്ചൻ അവളോട് പറഞ്ഞോളൂ. മാർക്കൊയുടെ പ്രതികരണം നോക്കട്ടെ, അതിന് മുൻപ് ആ കുട്ടിക്ക് പ്രധീക്ഷകൾ കൊടുക്കണ്ട.”

“ശരി വർഗീസേ എല്ലാം തന്റെ തീരുമാനം പോലെ… അങ്ങനെയാകട്ടെ. എല്ലാം തമ്പുരാൻ തീരുമാനിക്കുന്നത് പോലെ നടക്കട്ടെ.” അച്ചൻ സന്തോഷത്തോടെ വർഗീസിന് കൈ കൊടുത്തു.

സന്തോഷത്തോടെയും ആശ്വാസത്തോടെയും വർഗീസ് പള്ളിയിൽ നിന്നിറങ്ങി കാറിലേക്ക് കയറി….

…..

വീട്ടിലെത്തിയ വർഗീസ് നേരെ ഹാളിലേക്ക് കടന്നുചെന്നു. ആനി അവിടെ പത്രവും വായിച്ചിരിക്കുകയായിരുന്നു. ഭർത്താവിന്റെ മുഖത്തെ അസാധാരണമായ സന്തോഷം കണ്ടപ്പോൾ ആനിക്ക് അത്ഭുതം തോന്നി.

“എന്നതാ മനുഷ്യാ… രാവിലെ പള്ളിയിൽ പോയിട്ട് വന്നപ്പോൾ വലിയൊരു സന്തോഷം കാണുന്നല്ലോ? എന്തെങ്കിലും വിശേഷമുണ്ടോ?” ആനി ചോദിച്ചു.
വർഗീസ് ആനിയുടെ അരികിലിരുന്ന് കൈകൾ ചേർത്തുപിടിച്ചു.

“ആനീ… നമ്മുടെ മാർക്കോയുടെ കല്യാണ കാര്യം ഞാൻ ഉറപ്പിച്ചു!”
ആനി ഞെട്ടലോടെ പത്രം താഴെ വെച്ചു..

“ഏഹ്? കല്യാണം ഉറപ്പിച്ചെന്നോ? ആരോട്? ഏത് കുടുംബത്തിലെ പെൺകുട്ടിയാ? വല്യ കൂട്ടരാണോ? പെണ്ണിന് നല്ല പടുത്തം ഇല്ലേ?” ആനി ശ്വാസം വിടാതെ ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു.

“കുടുംബവും പണവുമൊക്കെ നോക്കി നമ്മൾ കുറെ നടന്നതല്ലേ ആനീ? പക്ഷേ എനിക്ക് നമ്മുടെ മകന് ചേർന്ന ഒരു പെൺകുട്ടിയെ കിട്ടി. പള്ളിയിൽ വെച്ചാണ് ഞാൻ അവളെ കണ്ടത്.”

“ആരെയാ മനുഷ്യാ നിങ്ങൾ കണ്ടത്? പേരും നാളുമൊക്കെ ഒന്ന് പറ!” ആനി ആകാംക്ഷയോടെ ചോദിച്ചു.

“അവളുടെ പേര് ക്ലാര… നമ്മുടെ ഇടവക പള്ളിയിലെ അനാഥാലയത്തിൽ വളരുന്ന പെൺകുട്ടിയാണ്!”
ആനിയുടെ മുഖത്തെ സന്തോഷം നിമിഷനേരം കൊണ്ട് മാഞ്ഞുപോയി. പകരം അവിടെ കടുത്ത എതിർപ്പും ദേഷ്യവും തെളിഞ്ഞു.

“ഏഹ്ഹ് എന്നതാ നിങ്ങൾ ഈ പറയുന്നത്?!” ആനി ശബ്ദമുയർത്തി. “ഒരു അനാഥ പെണ്ണിനെയോ നമ്മുടെ കുടുംബത്തിലേക്ക് ആലോചിക്കുന്നത്? നിങ്ങൾക്കാവഴി വല്ല ഭ്രാന്തും പിടിച്ചോ ഇച്ചായ? കോടികളുടെ സ്വത്തുള്ള തേവർമറ്റത്തിൽ കുടുംബത്തിലെ ഒരേയൊരു ആൺതരിയാണ് നമ്മുടെ മാർക്കോ! അവന്റെ ഒരു നോട്ടം കിട്ടാൻ നാട്ടിൽ വലിയ വലിയ തറവാട്ടിലെ പെൺകുട്ടികൾ വരിനിൽക്കുകയാ! അപ്പോഴാണോ വഴിയിൽ കിടന്ന ഏതോ ഒരു അനാഥയെ മരുമകളാക്കാൻ തുനിയുന്നത്?” ആനിയുടെ സ്വരമുയർന്നു.

വർഗീസ് അരിശത്തോടെ ആനിയെ നോക്കി.

“നിർത്തടി! സ്വത്തും തറവാടും മാത്രം നോക്കി നമ്മൾ കൊണ്ടുവരുന്ന പെണ്ണുങ്ങൾ കുടുംബത്തിന് ഐശ്വര്യം തരില്ല. ആ ക്ലാര… അവളെ ഞാൻ നേരിട്ട് കണ്ടതാണ്. അവളുടെ മനസ്സിലെ നന്മയും ഈശ്വരഭക്തിയും ഞാൻ തൊട്ടറിഞ്ഞതാണ്. ഇന്ന് എന്റെ ജീവൻ രക്ഷിച്ചവളാണവൾ.”
പള്ളിയിൽ വെച്ച് നടന്ന കാര്യങ്ങൾ വർഗീസ് ഭാര്യയോട് വിശദീകരിച്ചു.

“അതൊക്കെ ശരിയായിരിക്കാം ഇച്ചായ പക്ഷെ…” ആനി പതുക്കെ പറഞ്ഞു. “അവൾ നല്ല കുട്ടിയായിരിക്കാം. അതുകൊണ്ട് അവൾക്ക് എന്തെങ്കിലും സാമ്പത്തിക സഹായം ചെയ്തുകൊടുക്ക്. പഠിപ്പിക്ക്. അല്ലാതെ നമ്മുടെ വീടിന്റെ മരുമകളാക്കി കൊണ്ടുവരുന്നത് എങ്ങനെയാ? നാട്ടുകാരും ബന്ധുക്കളും കേട്ടാൽ നമ്മളെപ്പറ്റി എന്ത് പറയും? തെരുവിൽ നിന്ന് കിട്ടിയ അനാഥയെയാണോ തേവർമറ്റത്തിൽ വീട്ടിലേക്ക് കൊണ്ടുവന്നതെന്ന് ചോദിക്കില്ലേ? അതുമല്ല നമ്മുടെ മാർക്കോയ്ക്ക് അവളെപ്പോലെ ഒരുത്തിയെ മതിയോ..?” ആനിയുടെ നെഞ്ചിൽ കല്ല് എടുത്തുവെച്ചതുപോലെയായിരുന്നു…

“ആര് എന്ത് ചോദിച്ചാലും എനിക്ക് പ്രശ്നമില്ല ആനീ!” വർഗീസിന്റെ ശബ്ദം കടുത്തു. “എന്റെ തീരുമാനത്തിൽ നിന്ന് ഞാൻ പിന്നോട്ടില്ല. മാർക്കോയുടെ തന്നിഷ്ടവും അഹങ്കാരവും മാറ്റാൻ ആ കുട്ടിക്ക് മാത്രമേ കഴിയൂ. അവൾ എന്റെ മരുമകളായി ഈ വീട്ടിൽ വരും. അതാണ് എന്റെ തീരുമാനം!”
ആനിക്ക് ഭർത്താവിന്റെ സ്വഭാവം അറിയാമായിരുന്നു. അയാൾ ഒരു തീരുമാനം എടുത്താൽ അതിൽ നിന്ന് പിന്നോട്ട് പോകാറില്ല. മനസ്സിൽ കടുത്ത എതിർപ്പുണ്ടായിരുന്നെങ്കിലും, ഭർത്താവിന്റെ വാക്കിന് എതിരുനിൽക്കാൻ കഴിയാതെ അവൾ മൗനം പാലിച്ചു.

….

അതേസമയം, വലിയ ഒരു ബിസിനസ് മീറ്റിംഗ് കഴിഞ്ഞ് മാർക്കോ വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. കറുത്ത ലാൻഡ് ക്രൂയിസർ കാർ പോർച്ചിലേക്ക് ഇരച്ചുകയറി നിന്നു. ഗൗരവമുള്ള മുഖത്തോടെ, സൺഗ്ലാസ് മാറ്റി മാർക്കോ കാറിൽ നിന്നിറങ്ങി ഹാളിലേക്ക് കടന്നു.
ഹാളിൽ പപ്പയും മമ്മയും ഗൗരവത്തിൽ ഇരിക്കുന്നത് കണ്ടപ്പോൾ അവന്റെ ഉള്ളിലൊരു സംശയം തോന്നി.
“എന്നതാ പപ്പാ… രണ്ടുപേരും കൂടെ വലിയ ആലോചനയിലാണല്ലോ?” മാർക്കോ സോഫയിലേക്ക് ചാരിയിരുന്ന് ചോദിച്ചു.
വർഗീസ് മകനെ സൂക്ഷ്മമായി നോക്കി.

“മാർക്കോ… നിന്നോട് പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാനാണ് ഞാൻ കാത്തിരുന്നത്.”

“എന്നതാ പപ്പാ കാര്യം?”

“നിന്റെ വിവാഹം ഞാൻ നിശ്ചയിച്ചിരിക്കുന്നു!” വർഗീസ് ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
മാർക്കോ ഞെട്ടലോടെ ചാടിയെഴുന്നേറ്റു!

“എന്നതാ പപ്പാ ഈ പറയുന്നത്?! കല്യാണമോ? ആരോട് ചോദിച്ചിട്ടാ പപ്പാ എന്റെ കല്യാണം നിശ്ചയിക്കുന്നത്? എനിക്ക് ഇപ്പോൾ കല്യാണം വേണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ!”

“നിന്റെ അഭിപ്രായം ചോദിക്കാനല്ല ഞാൻ ഇത് പറയുന്നത്. എന്റെ തീരുമാനം അറിയിക്കാനാണ്.” വർഗീസ് തണുപ്പൻ മട്ടിൽ പറഞ്ഞു.

“ആരാ ആ പെണ്ണ്? ഏത് കുടുംബത്തിലെയാ?” മാർക്കോ ദേഷ്യത്തോടെ ചോദിച്ചു.

“അവൾ നമ്മുടെ പള്ളിയിലെ അനാഥാലയത്തിലെ കുട്ടിയാണ്. പേര് ക്ലാര!”
ആ പേര് കേട്ടതും മാർക്കോയുടെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടു! അവന് താൻ കേട്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ല.

“ഒരു അനാഥയോ? എനിക്കോ !” മാർക്കോ അലറി. “ഒരു അനാഥ പെണ്ണിനെ എന്റെ തലയിൽ കെട്ടിവെക്കാമെന്ന് പപ്പാ വിചാരിച്ചോ?! തേവർമറ്റത്തിൽ മാർക്കോയ്ക്ക് കെട്ടാൻ നാട്ടിൽ പെണ്ണുങ്ങളില്ലാഞ്ഞിട്ടാണോ വഴിയിൽ കിടക്കുന്ന ഏതോ ഒരു അനാഥയെ എന്റെ തലയിൽ വെച്ചുതരുന്നത്? ഞാൻ സമ്മതിക്കില്ല! ചത്താലും ഞാൻ ആ പെണ്ണിനെ കെട്ടില്ല!”
മാർക്കോയുടെ അലർച്ച കേട്ട് വീടൊന്നാകെ വിറച്ചു.

“മാർക്കോ… ശബ്ദമുയർത്തരുത്!” വർഗീസ് കസേരയിൽ നിന്നെഴുന്നേറ്റു. “അവൾ അനാഥയാണെങ്കിലും നല്ല സ്വഭാവമുള്ള കുട്ടിയാണ്. നിന്റെ ഈ തന്നിഷ്ടവും അഹങ്കാരവും മാറ്റാൻ അവൾക്കേ കഴിയൂ.”

“എനിക്ക് ഒരു അനാഥയുടെയും തിരുത്തൽ വേണ്ട പപ്പാ!” മാർക്കോ ദേഷ്യം കൊണ്ട് വിറച്ചു. “എനിക്ക് എന്റെതായ ഇഷ്ടങ്ങളുണ്ട്. ഞാൻ ആഗ്രഹിക്കുന്ന ഒരു പെണ്ണുണ്ട്. അതിന് പകരം ഏതോ ഒരു അനാഥയെ കൊണ്ടുവന്ന് എന്റെ ജീവിതം നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല!”
വർഗീസിന്റെ മുഖം കടുത്തു. അയാളുടെ കണ്ണുകളിൽ കനൽ എരിഞ്ഞു.

“എന്നാൽ നീയൊരു കാര്യം കൃത്യമായി കേട്ടോ മാർക്കോ!” വർഗീസ് മകന്റെ അടുത്തേക്ക് നടന്നുചെന്നു. “ഈ വർഗീസ് തേവർമറ്റത്തിലിന്റെ വാക്കിന് എതിരുനിൽക്കാൻ നീ വളർന്നിട്ടില്ല. ഞാൻ പറയുന്ന പെണ്ണിനെ നീ വിവാഹം കഴിച്ചേ പറ്റൂ! നിനക്ക് കണ്ട വേശ്യകളുടെ കൂടെ പൊറുക്കുന്നതിൽ കുഴപ്പമില്ല ഒരു പാവം അനാഥയെ സംരക്ഷിക്കാൻ പറ്റില്ലല്ലേ?”

തുടരും… 🤍

Similar Posts

Leave a Reply