മംഗല്യസൂത്രം.. 4
🧡മംഗല്യസൂത്രം : നാല് 🧡
പിറ്റേന്ന് രാവിലെ…
സൂര്യന്റെ ആദ്യ കിരണങ്ങൾ ആ വലിയ വീടിന്റെ ജനലിലൂടെ അകത്തേക്ക് കടന്നപ്പോൾ അല്ലിയുടെ മുറിയിൽ പതിവുപോലെ ഒരു അലസത നിറഞ്ഞിരുന്നു.
സാധാരണയായി രാവിലെ എഴുന്നേറ്റാൽ പാട്ട് കേട്ടും പൂന്തോട്ടത്തിലെ പൂക്കളെ നോക്കിയും എന്തെങ്കിലും ഭംഗിയുള്ള വ്യൂ കണ്ടാൽ അത് തന്റെ ക്യാൻവാസിലേക്ക് വരച്ചുചേർത്തും ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തിയിരുന്ന പെൺകുട്ടിയായിരുന്നു അവൾ.
പക്ഷേ…
ഇന്ന് അവളുടെ മനസ്സിൽ ഒരേയൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മുംബൈ. ആ വാക്ക് തന്നെ അവൾക്ക് ഒരു അപരിചിതമായ ഭാരം പോലെ തോന്നി.
പുതിയൊരു നഗരം… പുതിയൊരു ജീവിതം… പുതിയ ആളുകൾ… എല്ലാം അവളെ കാത്തിരിക്കുന്നുണ്ടെങ്കിലും…
അവളുടെ മനസ്സിൽ സന്തോഷത്തേക്കാൾ കൂടുതൽ ഉണ്ടായിരുന്നത് പേടിയായിരുന്നു.
കാരണം അവൾക്ക് അറിയാമായിരുന്നു അവിടെ പോകുന്നത് പഠിക്കാൻ മാത്രമല്ല… അമ്മ ഒരുക്കിയ അതിരുകൾക്കുള്ളിൽ ജീവിക്കാനും കൂടിയാണ്.
ബെഡിൽ കിടന്നുകൊണ്ടുതന്നെ ഫോൺ എടുത്ത് റീൽ നോക്കിയിരുന്നു, തന്നെക്കാൾ പ്രായം കുറഞ്ഞ പെൺകുട്ടികൾ വരെ സോളോ ട്രിപ്പ് പോകുന്നതും, സ്വന്തമായി അധ്വാനിച്ച് അവർക്ക് ഇഷ്ട്ടമുള്ളതൊക്കെ വാങ്ങുന്നതും കണ്ട് അവൾക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി. എല്ലാ പ്രിവില്ലേജും ഉണ്ടായിട്ടും തനിക്ക് വേണ്ടത് എന്താണെന്ന് ആരും മനസ്സിലാക്കുന്നില്ലല്ലോ എന്നോർത്ത് അവൾക്ക് ഉള്ളം പിടഞ്ഞു.
” ഇനി അതിനെപ്പറ്റി ആലോചിച്ച് കരഞ്ഞിട്ട് കാര്യമില്ല, എന്റെ കണ്ണുനീർ കണ്ടാലും അമ്മയുടെ തീരുമാനം മാറാൻ പോകുന്നില്ല, പിന്നെ വെറുതെ കരഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമൊന്നുമില്ല. ” അവൾ തന്നോട് തന്നെ മനസ്സിൽ പറഞ്ഞുകൊണ്ട് എഴുന്നേറ്റിരുന്നു. മുഖം അമർത്തി തുടച്ച ശേഷം എഴുന്നേറ്റ് ഫ്രഷ് ആവാൻ പോയി….
—
അന്ന് രാവിലെ മിത്ര പതിവുപോലെ ബിസിനസ് മീറ്റിംഗുകളിൽ തിരക്കിലായിരുന്നു.
എങ്കിലും അല്ലിയുടെ ഒരു കാര്യവും അവൾ ശ്രദ്ധിക്കാതെ വിട്ടില്ല.
അവൾ തന്റെ ഫോൺ എടുത്തു. ഒരു നമ്പർ ഡയൽ ചെയ്തു.
“ഹലോ നിർമ്മല… അല്ലിയുടെ അഡ്മിഷന്റെ കാര്യങ്ങൾ എല്ലാം ശരിയാക്കിയോ…?”
മറുവശത്ത് നിന്ന് മറുപടി വന്നു.
“ശരിയാക്കിക്കൊണ്ടിരിക്കുകയാണ് മിത്ര. നീ പേടിക്കണ്ട. കോളേജിലെ എല്ലാ കാര്യങ്ങളും ഞാൻ നോക്കിക്കോളാം.”
മിത്ര കുറച്ചുനേരം നിശ്ശബ്ദയായി.
“നിർമ്മലേ… എനിക്ക് ഒരു കാര്യം കൂടി പറയാനുണ്ട്. അല്ലി ഇപ്പോൾ വലിയൊരു മാറ്റത്തിലൂടെയാണ് പോകുന്നത്. അവൾക്ക് നമ്മളോട് ദേഷ്യം തോന്നാം. ഞാൻ അവളെ വിശ്വസിക്കുന്നില്ലെന്ന് അവൾക്ക് തോന്നാം. പക്ഷേ… അവൾക്ക് ഒരു തെറ്റായ തീരുമാനമെടുക്കാൻ അവസരം കൊടുക്കാൻ എനിക്ക് കഴിയില്ല. നീ അവളെ ശ്രദ്ധിക്കണം.”
“മിത്രേ… എനിക്ക് മനസ്സിലാകും. പക്ഷേ നീ അവളോട് കുറച്ചുകൂടി തുറന്ന് സംസാരിക്കണം. അവൾ ഇനി കുഞ്ഞല്ല.”
“എനിക്കറിയാം … പക്ഷേ ചില സത്യങ്ങൾ അവളുടെ പ്രായത്തിന് താങ്ങാൻ കഴിയാത്തതാണ്.”
ആ വാക്കുകളിൽ ഒളിഞ്ഞിരുന്ന വേദന നിർമ്മലയ്ക്കും മനസ്സിലായി.
“ശരി… നീ വിഷമിക്കണ്ട. ഞാൻ അവളെ എന്റെ സ്വന്തം മകളെപ്പോലെ നോക്കിക്കോളാം.”
“നന്ദി നിർമ്മലേ, നീയില്ലായിരുന്നെങ്കിൽ എനിക്ക് അവളെ വിശ്വസിപ്പിച്ച് ഏൽപ്പിക്കാൻ ആരും ഇല്ല…”
കോൾ അവസാനിപ്പിച്ച ശേഷം മിത്ര കുറച്ചുനേരം ഫോണിലേക്ക് തന്നെ നോക്കി നിന്നു. വാൾ പേപ്പർ അല്ലിയുടെ കുഞ്ഞുനാളിൽ എടുത്ത ഫോട്ടോ ആണ്, കുട്ടികൾ വളർന്നാ പിന്നെ അവർക്ക് മാതാപിതാക്കളുടെ തണലിൽ നിൽക്കാൻ കഴിയില്ല, അവർക്ക് വിശാലമായൊരു ലോകമുണ്ട് പക്ഷെ തന്റെ മകളെ പെട്ടന്നൊരു ദിവസം ഒന്നുമറിയാത്ത ഒരിടത്തേക്ക് പറഞ്ഞുവിടാൻ തനിക്ക് ആവില്ല, ഈ ലോകത്ത് തനിക്ക് സ്വന്തമെന്ന് പറയാൻ അവൾ മാത്രമേ ഉള്ളു. അവളെ നഷ്ട്ടപെടുന്നത് മരിക്കുന്നതിന് തുല്യമാണ്. ദൂരേക്ക് വിടുന്നത് തന്നെ അവിടെ അവളെ ശ്രദ്ധിക്കാൻ നിർമ്മല ഉണ്ടെന്ന ധൈര്യത്തിൽ ആണ്. അവൾക്ക് തോന്നിയത് അതാണ് ശരിയായ വഴിയെന്ന്.
—
അന്ന് ഉച്ചക്കത്തെ ട്രെയിനിന് അവർ മുംബൈയിലേക്ക് പുറപ്പെട്ടു….
അല്ലിയും മിത്രയും മുംബൈയിലെ കോളേജ് കാണാൻ പോയി. വലിയ നഗരത്തിന്റെ തിരക്കുകൾക്കിടയിലൂടെ ടാക്സി കാർ മുന്നോട്ട് നീങ്ങി.
കാറിന്റെ ചില്ലിലൂടെ പുറത്തേക്ക് നോക്കിയിരുന്ന അല്ലിയുടെ കണ്ണുകളിൽ ഒരുപാട് ചിന്തകളായിരുന്നു.
മുംബൈ…
അവൾ സ്വപ്നം കണ്ടിരുന്ന ഒരു നഗരം അല്ലായിരുന്നു. ഇന്ന് മുതൽ തന്റെ ജീവിതത്തിന്റെ ഭാഗമാകാൻ പോകുന്ന ഒരു നഗരം മാത്രമായിരുന്നു.
കോളേജിന്റെ വലിയ കവാടത്തിന് മുന്നിൽ കാർ നിർത്തി. അല്ലി പുറത്തേക്ക് ഇറങ്ങി.
അവളുടെ മുന്നിൽ വിശാലമായ ക്യാമ്പസ്. വലിയ കെട്ടിടങ്ങൾ. നിരവധി വിദ്യാർത്ഥികൾ. പുതിയൊരു ലോകം. ഒരു നിമിഷം… അവളുടെ ഉള്ളിലെ വിഷമങ്ങൾ എല്ലാം മറന്ന് അവൾ ആ കാഴ്ച നോക്കി നിന്നു.
കാരണം… അവൾക്കും അറിയാമായിരുന്നു ഇതൊരു പുതിയ തുടക്കമാണെന്ന് .
പക്ഷേ…
അടുത്ത നിമിഷം മിത്രയുടെ വാക്കുകൾ അവളുടെ ഓർമ്മയിൽ വന്നു. ആ ചെറിയ സന്തോഷത്തിനും മുകളിൽ വീണ്ടും ഒരു കരി നിഴൽ വീണുപോയിരുന്നു…
—
കോളേജ് അധികൃതരുമായി സംസാരിച്ച ശേഷം… മിത്രയ്ക്ക് കോളേജ് ഇഷ്ടപ്പെട്ടു. അല്ലിയുടെ ഭാവിക്ക് ഇത് നല്ലതാണെന്ന് അവൾക്ക് തോന്നി.
പക്ഷേ… അല്ലി ആ കെട്ടിടങ്ങളെ നോക്കുമ്പോഴും… മറ്റുള്ള വിദ്യാർത്ഥികളുടെ ചിരികളും തമാശകളും കേൾക്കുമ്പോഴും… അവളുടെ മനസ്സിൽ ഒരു ചോദ്യം മാത്രം ഉണ്ടായിരുന്നുള്ളൂ….
“എനിക്ക് ഇവിടെ ഇവരെപോലെയൊക്കെ ജീവിക്കാൻ കഴിയുമോ…?”
—
തിരിച്ചു പോകുന്ന വഴിയിൽ… കാറിനുള്ളിൽ മുഴുവൻ നിശ്ശബ്ദതയായിരുന്നു.
മിത്ര ഇടയ്ക്കിടെ അല്ലിയെ നോക്കി… എന്നാൽ അല്ലി പുറത്തേക്ക് നോക്കിയിരുന്നു.
അവൾ ഒന്നും സംസാരിച്ചില്ല.
സാധാരണ ചെറിയ കാര്യങ്ങൾ പോലും അമ്മയോട് പറയുന്ന അല്ലി ഇന്ന് ഒരു വാക്ക് പോലും പറഞ്ഞില്ല.
മിത്രയ്ക്ക് അത് മനസ്സിലായി…. പക്ഷേ.. ഇപ്പോൾ അവളെ ചേർത്തുപിടിച്ചാൽ… തന്റെ തീരുമാനത്തിൽ താൻ തന്നെ ദുർബലയാകുമെന്ന് മിത്ര ഭയന്നു.
—
അവസാനം അവർ മിത്ര താമസിക്കാൻ പോകുന്ന സ്ഥലത്ത് എത്തി. നിർമ്മല താമസിക്കുന്ന ഫ്ലാറ്റിന്റെ തൊട്ടടുത്ത ഫ്ലാറ്റായിരുന്നു അത്.
അല്ലിക്ക് വേണ്ടി എല്ലാ സൗകര്യങ്ങളോടും കൂടെ ഒരുക്കിയിരുന്ന സ്ഥലം.
വലിയ മുറി. പഠിക്കാൻ പ്രത്യേക ഇടം. ആവശ്യമായ എല്ലാ സൗകര്യങ്ങളും.
എന്നാൽ ആ ഫ്ലാറ്റിന്റെ വാതിൽക്കൽ നിന്നപ്പോൾ തന്നെ അല്ലിക്ക് മനസ്സിലാക്കി.
ഇതൊരു പുതിയ വീട് ആയിരുന്നില്ല. അവളുടെ സ്വാതന്ത്ര്യത്തിന് ചുറ്റുമുള്ള മറ്റൊരു സുരക്ഷാ മതിലായിരുന്നു.
കാരണം… അടുത്ത വീട്ടിൽ തന്നെ നിർമ്മലാന്റി ഉണ്ടായിരുന്നു. അവളുടെ ഓരോ ചുവടും അറിയാൻ ഒരാൾ. അല്ലി പതിയെ അകത്തേക്ക് നടന്നു.
മുറികൾ നോക്കി. എല്ലാം മനോഹരമായിരുന്നു. എല്ലാം അവൾക്കായി ഒരുക്കിയതായിരുന്നു. അവൾക്ക് ഇഷ്ട്ടപെട്ട പേസ്റ്റൽ ബ്ലൂ നിറത്തിലുള്ള ചുവരുകൾ, വിശാലമായ ബാൽക്കണി, എന്നാൽ ഇതൊക്കെ കണ്ടിട്ടും മനസ്സിന് മാത്രം ഒരു ശൂന്യത.
—
വീട്ടിലേക്ക് തിരിച്ചു വരുന്ന വഴിയിൽ അല്ലി ഒരുപാട് ചിന്തിച്ചു.
അമ്മ തന്നോട് സ്നേഹമില്ലാത്തതുകൊണ്ടല്ല ഇതൊന്നും ചെയ്യുന്നത് എന്ന് അവൾക്കറിയാം.
പക്ഷേ…. അമ്മയുടെ സ്നേഹം ചിലപ്പോൾ ശ്വാസംമുട്ടിക്കുന്നതുപോലെ തോന്നുന്നത് എന്തുകൊണ്ടാണെന്ന് മാത്രം അവൾക്ക് മനസ്സിലായില്ല.
അന്ന് മുഴുവൻ അവൾ ഒന്നും സംസാരിച്ചില്ല. മിത്ര എന്തെങ്കിലും ചോദിച്ചാലും ചെറിയ മറുപടി മാത്രം. അവൾക്ക് സംസാരിക്കാൻ പോലും തോന്നിയില്ല.
കാരണം… ചില സമയങ്ങളിൽ വാക്കുകൾക്ക് പകരം നിശ്ശബ്ദതയാണ് നമ്മളുടെ വേദന പറയുന്നത്.
—
കോളേജ് തുടങ്ങാൻ ഇനിയും ഒരു മാസം ബാക്കിയുണ്ടായിരുന്നെങ്കിലും…
അല്ലിക്ക് ആവശ്യമായ സാധനങ്ങൾ എല്ലാം അന്ന് തന്നെ വാങ്ങാൻ മിത്ര തീരുമാനിച്ചു.
പുസ്തകങ്ങൾ… വസ്ത്രങ്ങൾ… കോളേജിലേക്ക് ആവശ്യമായ എല്ലാം.
ഓരോ സാധനവും വാങ്ങുമ്പോഴും മിത്രയുടെ കണ്ണുകളിൽ ഒരു അമ്മയുടെ കരുതൽ ഉണ്ടായിരുന്നു. എന്നാൽ അല്ലിയുടെ കണ്ണുകളിൽ ഒരു മകളുടെ സന്തോഷം തിരികെ വന്നില്ല.
—
രാത്രി എല്ലാവരും ഉറങ്ങാൻ പോയപ്പോൾ… അല്ലി മാത്രം ഉണർന്നിരുന്നു.
അവളുടെ മനസ്സിൽ ഒരു ചോദ്യം മാത്രം.
“അമ്മ എന്തിനാണ് അച്ഛനെക്കുറിച്ച് ഒരിക്കലും സംസാരിക്കാൻ അനുവദിക്കാത്തത്…?” പെട്ടന്നാണ് അവളുടെ ചിന്തയിലേക്ക് അച്ഛൻ എന്നൊരാൾ കടന്നു വന്നത്.
അന്ന് ആദ്യമായി… അവൾ തീരുമാനിച്ചു…. അറിയണം! തന്റെ അച്ഛൻ എന്തിനാണ് അമ്മയെ ഉപേക്ഷിച്ചു പോയതെന്ന്.
കാരണം…
തന്റെ ജീവിതത്തിൽ നിന്ന് മായ്ച്ചുകളഞ്ഞ ഒരു അധ്യായം എന്താണെന്ന് അറിയാനുള്ള അവകാശം തനിക്കുണ്ടെന്ന് അവൾക്ക് തോന്നി.
അവൾ പതിയെ എഴുന്നേറ്റു. മിത്രയുടെ മുറിയുടെ വാതിലിലേക്ക് നടന്നു…. അവളുടെ കൈ വാതിലിൽ തട്ടാൻ ഉയർന്നു.
മിത്രയുടെ മുറിയുടെ വാതിലിന് മുന്നിൽ നിന്നുകൊണ്ട് അല്ലിയുടെ കൈകൾ കുറച്ചുനേരം വിറച്ചു.
എത്രയോ കാര്യങ്ങൾ അമ്മയോട് ചോദിച്ചിട്ടുണ്ടവൾ. ചെറിയ കാര്യങ്ങൾ… വലിയ കാര്യങ്ങൾ…
പക്ഷേ… ഇന്നത്തെ ചോദ്യം പോലെ ഭാരം തോന്നിയ മറ്റൊരു ചോദ്യം അവളുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല.
അച്ഛൻ…
ആ വാക്ക് തന്നെ അവളുടെ ജീവിതത്തിൽ എന്നും ഒരു ശൂന്യതയായിരുന്നു.
ചെറുപ്പം മുതൽ അവൾ അമ്മയിൽനിന്ന് കേട്ടിരുന്നത് ഒരേയൊരു കാര്യം മാത്രം.
“അച്ഛനെക്കുറിച്ച് എന്നോട് ഒന്നും ചോദിക്കരുത്.”
അമ്മയുടെ ശബ്ദത്തിലെ വേദന കണ്ടതുകൊണ്ടാണ് അവൾ പിന്നെ ഒരിക്കലും ചോദിക്കാതിരുന്നത്.
പക്ഷേ…
ഇന്ന് എന്തോ ഒരു ശക്തി അവളെ ആ ചോദ്യം ചോദിക്കാൻ പ്രേരിപ്പിച്ചു.
അവൾ പതിയെ വാതിലിൽ മുട്ടി.
കുറച്ചുനിമിഷങ്ങൾക്ക് ശേഷം അകത്ത് നിന്ന് മിത്രയുടെ ശബ്ദം കേട്ടു.
“അല്ലിയാണോ…? വാ…”
അല്ലി വാതിൽ തുറന്ന് അകത്തേക്ക് കയറി.
മിത്ര കട്ടിലിൽ ഇരുന്ന് ചില ഫയലുകൾ നോക്കുകയായിരുന്നു.
മകളുടെ മുഖം കണ്ടതും അവർക്ക് മനസ്സിലായി എന്തോ പറയാനാണ് അവൾ വന്നിരിക്കുന്നത്.
“എന്താ അല്ലി…? എന്തേ ഉറങ്ങാത്തത് …?”
അല്ലി കുറച്ചുനേരം മിണ്ടാതെ നിന്നു. എങ്ങനെ തുടങ്ങണമെന്ന് അവൾക്ക് അറിയില്ലായിരുന്നു.
അവളുടെ കണ്ണുകൾ മിത്രയുടെ മുഖത്ത് പതിഞ്ഞു…..
“അമ്മേ…” അവളുടെ ശബ്ദം വളരെ പതുക്കെയായിരുന്നു.
“എനിക്ക് ഒരു കാര്യം ചോദിക്കണം…”
മിത്രയുടെ കൈയിലെ ഫയൽ പതിയെ താഴ്ന്നു.
“ചോദിക്കൂ.”
അല്ലി ഒരു ദീർഘനിശ്വാസമെടുത്തു.
“എന്റെ അച്ഛനെക്കുറിച്ച്…” ആ വാക്കുകൾ കേട്ട നിമിഷം മിത്രയുടെ മുഖത്തെ ഭാവം മാറി. വർഷങ്ങളായി അടച്ചുവെച്ച ഒരു മുറിയുടെ വാതിൽ പെട്ടെന്ന് തുറന്നതുപോലെ. അവരുടെ കണ്ണുകളിൽ ഒരു നിമിഷം വേദന തെളിഞ്ഞു. അത് അവർ ഉടൻ മറച്ചു.
“അല്ലി… ഈ വിഷയം സംസാരിക്കേണ്ട ആവശ്യമില്ല.”
“എന്തുകൊണ്ടാ അമ്മേ…?”
“കാരണം അതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങളാണ്.”
“കഴിഞ്ഞുപോയതാണെങ്കിലും അത് എന്റെ ജീവിതത്തിന്റെ ഭാഗമല്ലേ അമ്മേ…?”
ആ ചോദ്യം കേട്ട് മിത്ര മിണ്ടാതെയായി.
അല്ലി പതിയെ അവരുടെ അടുത്തേക്ക് വന്നു.
“അമ്മേ… എനിക്ക് അച്ഛനെ തിരികെ വേണം എന്നല്ല ഞാൻ പറയുന്നത്. എനിക്ക് അദ്ദേഹത്തെക്കുറിച്ച് അറിയണം എന്നൊരു ആഗ്രഹം മാത്രമേയുള്ളൂ. എന്റെ ജീവിതത്തിൽ നിന്ന് എന്തിനാണ് ആ ഒരാളെ മുഴുവനായും ഒഴിവാക്കിയത് എന്ന് എനിക്ക് മനസ്സിലാക്കണം.”
മിത്ര മുഖം തിരിച്ചു.
“നിനക്ക് അറിയേണ്ട ഒന്നുമില്ല അല്ലി.”
“അമ്മയ്ക്ക് അറിയാം… ഞാൻ ഒരിക്കലും അമ്മയെ എതിർക്കില്ലെന്ന്. ഞാൻ ഒരിക്കലും അമ്മയെ വേദനിപ്പിക്കാൻ ഒന്നും ചെയ്യില്ലെന്ന്. പക്ഷേ… എന്റെ ജീവിതത്തിലെ പകുതി കഥ പോലും അറിയാതെ ഞാൻ എങ്ങനെ ജീവിക്കും? അതും എനിക്ക് ജന്മം തന്ന അച്ഛനെപ്പറ്റി…!”
തുടരും…🧡




