23/04/2026

ചെറുകഥ

തീരത്തെ കെണി

“ആതിരാ… ഒന്ന് ഇങ്ങോട്ട് നോക്കിയേ. നിന്റെ ഈ ചുണ്ടിലെ വിരിഞ്ഞ ചിരി ഒന്ന് നുകരാൻ എനിക്ക് അനുവാദം തരുമോ?” ദീപക് പ്രണയപൂർവ്വം ചോദിച്ചു.

“ചിരിയൊക്കെ അവിടെ തന്നെയുണ്ട് ദീപു, പക്ഷേ ഇപ്പോൾ അത് നുകരാൻ പറ്റിയ സമയമല്ല. രാവിലെ എഴുന്നേറ്റപ്പോൾ ഉണ്ടായിരുന്ന ആ മൂഡൊക്കെ എപ്പോഴേ പോയി!” ആതിരയുടെ മറുപടി കേട്ട് ദീപക്കിന്റെ മുഖം വാടി.

“ഓ.. കഷ്ടം തന്നെ. ഇത്തിരി റൊമാന്റിക് ആയി വന്നതായിരുന്നു. ഇവളെയൊക്കെ പ്രേമിച്ച് നടക്കണ എന്നെ പറഞ്ഞാൽ മതിയല്ലോ. ഒരു മൂഡും ഇല്ലാത്ത മൂരാച്ചി!” ദീപക് പിറുപിറുത്തുകൊണ്ട് എഴുന്നേൽക്കാൻ നോക്കി.

പെട്ടെന്ന് ആതിര അവന്റെ കൈ പിടിച്ചു വലിച്ച് അരികിലിരുത്തി, ആ മുഖം കൈക്കുമ്പിളിലെടുത്ത് അമർത്തി ചുംബിച്ചു. ആ ആവേശത്തിൽ ദീപക്കിന്റെ കൈകൾ അവളുടെ തോളിലൂടെ ഇഴഞ്ഞതും ആതിര അവനെ തള്ളി മാറ്റി.

“കള്ളലക്ഷണം കണ്ടോ! ഒന്ന് സ്നേഹിക്കുമ്പോഴേക്കും കൈ പണി തുടങ്ങും. ഇതാ ഞാൻ ദൂരെ മാറി നിൽക്കുന്നത്!” അവൾ കുസൃതിയോടെ മുഖം തിരിച്ചു.

“എടീ, ഈ കടൽത്തീരത്തെ കാറ്റും നിന്റെ ഈ ചുംബനവും കൂടി കിട്ടുമ്പോൾ ആർക്കായാലും ഇത്തിരി ആവേശം കൂടില്ലേ? നീ ഒന്ന് ക്ഷമിക്കെന്റെ പെണ്ണേ.”

“റൊമാൻസ് ഒക്കെ വീട്ടിൽ പോയിട്ട് മതി. നമ്മൾ എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മറന്നോ നീ?” ആതിരയുടെ ചോദ്യത്തിന് മുന്നിൽ ദീപക് ഒന്ന് പതറി. “ഓ.. മറന്നില്ല, ദാ മിണ്ടാതിരുന്നോളാം.” അവൻ കൈകൂപ്പി കാണിച്ചു.

ബീച്ചിൽ നല്ല തിരക്കായിരുന്നു. ദീപക് ചുറ്റും നോക്കി. “ഇവിടെ ആകെ ബഹളമാണ്. നമുക്ക് ആ ദൂരെയുള്ള പാറക്കൂട്ടത്തിന്റെ ഇടയിലേക്ക് പോയാലോ? അവിടെയാകുമ്പോൾ ആരും ശല്യപ്പെടുത്തില്ല. നല്ല പ്രൈവസിയും കിട്ടും.”

അവൻ കാണിച്ചു കൊടുത്ത സ്ഥലം കണ്ടപ്പോൾ ആതിരയ്ക്കും ശരിയാണെന്ന് തോന്നി. “അവിടേക്ക് പോകാം. പക്ഷേ ഒരു കാര്യം, വേണ്ടാത്ത കളികളൊന്നും അവിടെ വേണ്ട. നമ്മുടെ വിവാഹം ഉറപ്പിച്ചതാണെങ്കിലും കെട്ടിന് മുൻപ് അനാവശ്യമായ പരിപാടികൾക്കൊന്നും എന്നെ കിട്ടില്ല. കേട്ടല്ലോ?”

“ശരി ടീച്ചറെ! നിന്റെ ഈ ഉപദേശം ഞാൻ കേട്ടു. ഇതെന്തായാലും എനിക്ക് കിട്ടാനുള്ള സദ്യയല്ലേ, ഇന്നല്ലെങ്കിൽ നാളെ ഞാൻ ഇത് കഴിക്കും.” രാഹുൽ ചിരിച്ചുകൊണ്ട് പറഞ്ഞു.

അവർ പാറക്കെട്ടുകളിലേക്ക് നടന്നു മറയുന്നത് ദൂരെ നിന്ന് കാർത്തിക്കും സംഘവും കാണുന്നുണ്ടായിരുന്നു.

“ആശാനേ, ആ പോക്ക് കണ്ടോ? ലവന്മാര് നമ്മുടെ സ്ഥിരം താവളത്തിലേക്കാ പോകുന്നത്. ഇന്നത്തെ ഇരകൾ അവരാണെന്ന് തോന്നുന്നു.” കാർത്തിക്കിന്റെ വാക്കുകളിൽ ഒരു വഷളൻ ചിരിയുണ്ടായിരുന്നു.

സംഘത്തലവനായ ഭൈരവൻ കണ്ണട ശരിയാക്കി. “അവർ പോകട്ടെടാ. പെണ്ണിനെ കണ്ടിട്ട് നല്ല ചരക്കാണല്ലോ. ചെറുക്കനെ ഒന്ന് വിരട്ടി മാറ്റിയിട്ട് അവളെ നമുക്ക് ശരിയാക്കാം. കഴിഞ്ഞ തവണത്തെ ആ കൊച്ചിന് ഒരു മെനയില്ലായിരുന്നു. ഇവൾ കൊള്ളാം, ഇന്ന് നമുക്ക് അടിച്ചു പൊളിക്കാം.”

“ആശാനേ, റോഡിൽ പോലീസ് വണ്ടി കണ്ടു. പെട്രോളിംഗ് തുടങ്ങിയിട്ടുണ്ട്. നമുക്ക് സൂക്ഷിക്കണം.” സംഘത്തിലുള്ള മറ്റൊരുവൻ ഓർമ്മിപ്പിച്ചു.

“പോലീസോ? അവർ ഇവിടേക്കൊന്നും വരില്ല. നീ വാ നമുക്ക് ആ പിള്ളേരുടെ കളി ഒന്ന് മുടക്കാം.” ഭൈരവൻ മുന്നിൽ നടന്നു, സംഘം പിന്നാലെയും.

പാറക്കെട്ടുകൾക്കിടയിൽ ആതിരയും ദീപക്കും വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. ദീപക് തന്റെ ഫോണിലെ ചില ഡിസൈനുകൾ അവൾക്ക് കാണിച്ചു കൊടുത്തു. “നമ്മുടെ കല്യാണത്തിന് ഈ ഒരു കളർ തീം ആയിരിക്കും നല്ലത്. നിനക്ക് ഇഷ്ടപ്പെട്ടോ?”

അവർ വിവാഹ കാര്യങ്ങളിൽ മുഴുകിയിരിക്കെ പെട്ടെന്ന് ഭൈരവനും സംഘവും അവർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.

“എന്താ മക്കളേ, ഇവിടെ വന്നിരുന്ന് പമ്മുന്നത്? കടപ്പുറത്ത് നല്ല കാറ്റും വെളിച്ചവുമുണ്ടല്ലോ, പിന്നെ എന്തിനാ ഇത്ര പ്രൈവസി?” ഭൈരവൻ പരിഹാസത്തോടെ ചോദിച്ചു.

“അത് പിന്നെ ആശാനേ, കാറ്റ് കൊള്ളുമ്പോൾ ഉടുപ്പ് അഴിക്കാനൊക്കെ ഇതാകും സൗകര്യം.” കൂട്ടത്തിലുള്ളവൻ അശ്ലീലമായി പറഞ്ഞു.

ദീപക് ദേഷ്യം കടിച്ചമർത്തി എഴുന്നേറ്റു. “നിങ്ങൾ എന്താണ് സംസാരിക്കുന്നത് മിസ്റ്റർ? മാന്യമായി പെരുമാറാൻ പഠിക്കണം.”

“എടാ ചെറുക്കാ, നീ ഈ പെണ്ണിനെയും കൂട്ടി ഇവിടെ വന്ന് ഒളിച്ചിരിക്കുമ്പോൾ ഞങ്ങൾ മാന്യത നോക്കണോ? കഴിഞ്ഞ ആഴ്ച ഒരുത്തി ഇതുപോലെ വന്നതാ. അവളെക്കൊണ്ട് എന്തൊക്കെ ചെയ്യിച്ചെന്ന് അറിയാമോ? അവളുടെ ആ കരച്ചിലും വീഡിയോയും ഇപ്പോഴും എന്റെ ഫോണിലുണ്ട്. നിന്റെ പെണ്ണിനും ഇന്ന് അത് തന്നെയാകും വിധി.”

ഭൈരവൻ അവളുടെ മുഖത്തേക്ക് ആഞ്ഞടുത്തപ്പോൾ ആതിര ഒരു ഭയവുമില്ലാതെ അവനെ ഉറ്റുനോക്കി. “നിനക്ക് ആ വീഡിയോ കാണണോടി?” അവൻ ഫോൺ എടുക്കാൻ തുനിഞ്ഞു.

“അയ്യോ ചേട്ടാ, പ്ലീസ്… വീഡിയോ ഒന്നും വേണ്ട. ഞങ്ങളെ ഒന്ന് വിട്ടേക്ക്. പണം വേണമെങ്കിൽ തരാം.” ദീപക് ഇടയ്ക്ക് കയറി.

“പണമല്ലെടാ എനിക്ക് വേണ്ടത്, നിന്റെ ഈ പെണ്ണിനെയാ!” ഭൈരവൻ ദീപക്കിനെ അടിക്കാൻ കൈയോങ്ങി.

പക്ഷേ അടുത്ത നിമിഷം സംഭവിച്ചത് ഭൈരവൻ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. മിന്നൽ വേഗത്തിൽ ദീപക്കിന്റെ കൈകൾ ഭൈരവന്റെ കവിളിൽ പതിച്ചു. ഒപ്പം ഒരു ചവിട്ടും! ഭൈരവൻ മലർന്നു വീണു.

“ആശാനെ തൊട്ടോടാ മോനേ!” എന്ന് വിളിച്ച് ആക്രോശിച്ചു വന്നവന്റെ നെഞ്ചിൽ ദീപക് ആഞ്ഞു ചവിട്ടി. ആ ചവിട്ടിൽ അവൻ ദൂരേക്ക് തെറിച്ചു വീണു.

അപ്പോഴാണ് ഭൈരവൻ ദീപക്കിന്റെ കാലുകളിലേക്ക് നോക്കിയത്. അവിടെ ഒരു സാധാരണ ഷൂ ആയിരുന്നില്ല. പോലീസുകാർ ഉപയോഗിക്കുന്ന കറുത്ത ബൂട്ടും സോക്സുമായിരുന്നു. അതേ ഷൂസ് ആതിരയുടെ കാലിലും കണ്ടപ്പോൾ അവന്റെ ബോധം പോയി.

“പോലീസ്…!” ഭൈരവൻ നടുക്കത്തോടെ മന്ത്രിച്ചു.

ആതിര പുഞ്ചിരിയോടെ തന്റെ ഫോണെടുത്ത് സംസാരിച്ചു. “സർ, മീൻ വലയിൽ കുടുങ്ങിയിട്ടുണ്ട്. വേഗം വന്നോളൂ!”

അടുത്ത നിമിഷം മറഞ്ഞിരുന്ന പോലീസുകാർ നാലുപാടുനിന്നും എത്തി അവരെ വളഞ്ഞു. ആർക്കും ഓടി രക്ഷപ്പെടാൻ പോലും സമയം കിട്ടിയില്ല. എല്ലാവരെയും പോലീസ് ജീപ്പിലേക്ക് വലിച്ചിട്ടു.

ജീപ്പിനരികിലെത്തിയ ആതിര ഭൈരവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു: “പന്ന നാറി, നീ ആ പെൺകുട്ടിയോട് ചെയ്ത ക്രൂരത അവൾ സ്റ്റേഷനിൽ വന്നു പറഞ്ഞിരുന്നു. നിങ്ങളെ പൊക്കാൻ ഞങ്ങൾ തുന്നിയ വലയായിരുന്നു ഇത്. ഞങ്ങൾ രണ്ടുപേരും പോലീസുകാരാണെന്ന് നീയറിഞ്ഞില്ലല്ലോ. ഇനി ബാക്കി അഴിയെണ്ണി തീർത്തോ.”

“ജീപ്പ് എടുത്തോളൂ സാർ. ഞങ്ങൾക്ക് ഇനി പണി തുടങ്ങാനുണ്ട്.” ദീപക് എസ്.ഐയ്ക്ക് ഒരു സല്യൂട്ട് നൽകി.

ജീപ്പ് ദൂരേക്ക് മറഞ്ഞപ്പോൾ ദീപക് ആതിരയുടെ കൈ പിടിച്ചു. “അപ്പോൾ ശല്യങ്ങളൊക്കെ ഒഴിഞ്ഞു. നമുക്ക് ആ പാറക്കെട്ടിന്റെ ഇടയിലേക്ക് ഒന്നുകൂടി പോയാലോ?”

ആതിര അവന്റെ കൈ തട്ടി മാറ്റി ചിരിച്ചു. “അയ്യടാ മോനെ! ഇനി വല്ലതും വേണമെങ്കിൽ കല്യാണം കഴിഞ്ഞിട്ട് മതി. വണ്ടിയെടുക്ക്!”

ദീപക് പുഞ്ചിരിയോടെ തന്റെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു. ഇരുവരും ആ കടൽത്തീരത്തുനിന്ന് യാത്രയായി.