യൂണിവേഴ്സിറ്റി ക്യാമ്പസിന്റെ പ്രധാന കവാടത്തിലൂടെ നീലനിറമുള്ള ഔദ്യോഗിക വാഹനം പ്രിൻസിപ്പാളിന്റെ ഓഫീസിന് മുന്നിൽ വന്നുനിന്നു. ജില്ലാ പോലീസ് മേധാവി എന്ന ബോർഡ് വെച്ച കാറിൽ നിന്നും ഐപിഎസ് ഓഫീസറായ മായ ഇറങ്ങി.
പോലീസ് യൂണിഫോമിൽ അതീവ ഗൗരവത്തോടെ അവർ ഓഫീസിലേക്ക് നടന്നു. പ്രിൻസിപ്പാൾ ഡോ. വർഗീസ് വളരെ ബഹുമാനത്തോടെ അവരെ സ്വീകരിച്ചു. അദ്ദേഹം നൽകിയ പുഷ്പഗുച്ഛം മേശപ്പുറത്ത് വെച്ച് മായ കസേരയിൽ ഇരുന്നു. വല്ലാത്തൊരു അഭിമാനബോധം അവരുടെ മനസ്സിലൂടെ കടന്നുപോയി.
”ചടങ്ങ് തുടങ്ങാൻ ഇനിയും അല്പം സമയമുണ്ട് മാഡം, അതുവരെ വിശ്രമിക്കാം,” പ്രിൻസിപ്പാൾ പറഞ്ഞു.
മായ ചിരിച്ചുകൊണ്ട് തലയാട്ടി. “വർഗീസ് സാർ, എന്നെ മാഡം എന്ന് വിളിക്കേണ്ട, മായ എന്ന് വിളിച്ചാൽ മതി. ഞാൻ ഈ കോളേജിലെ പഴയ വിദ്യാർത്ഥിനിയാണ്.”
വർഗീസ് സാർ അവരെ സൂക്ഷിച്ചു നോക്കി. മുഖത്തിന്റെ വലതുവശത്ത് ആസിഡ് ആക്രമണത്തിൽ പൊള്ളിയ വലിയൊരു പാട് മായയുടെ മുഖത്ത് വ്യക്തമായിരുന്നു. ആ നോട്ടം മനസ്സിലാക്കിയ മായ ഇടതു കൈകൊണ്ട് ആ പാടുകളെ ഒന്ന് തലോടി.
”അന്നത്തെ കാലത്ത് പ്രിൻസിപ്പാളായിരുന്നവർക്ക് ഉന്നത രാഷ്ട്രീയ സമ്മർദ്ദങ്ങൾ കാരണം പലതും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മാഡത്തിന് അന്ന് അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകൾ ഓർക്കുമ്പോൾ ഇന്നും കുറ്റബോധം തോന്നുന്നു,” വർഗീസ് സാർ പറഞ്ഞു.
”സാർ, അതൊന്നും ഇപ്പോൾ ഓർക്കുന്നില്ല. പഴയതെല്ലാം മറന്നു,” മായ ശാന്തമായി മറുപടി നൽകി.
അല്പസമയത്തിന് ശേഷം സംഘാടകർ വന്ന് അവരെ സ്റ്റേജിലേക്ക് ക്ഷണിച്ചു. വർഷങ്ങൾക്ക് ശേഷം ആ ഓഡിറ്റോറിയത്തിൽ കയറിയപ്പോൾ മായയ്ക്ക് വല്ലാത്തൊരു ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. പ്രിൻസിപ്പാളും മറ്റ് അതിഥികളും ചേർന്നുള്ള ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം മായയുടെ പ്രസംഗത്തിനുള്ള സമയമായി. മൈക്കിൽ മായയുടെ പേര് കേട്ടതും സദസ്സാകെ കരഘോഷത്താൽ മുഖരിതമായി.
മായ എഴുന്നേറ്റ് മൈക്കിനടുത്തേക്ക് നടന്നു. തന്റെ മുഖത്തെ പാടുകൾ മറയ്ക്കാതെ തന്നെ അവർ സദസ്സിനെ അഭിസംബോധന ചെയ്തു.
”ഇന്ന് ഈ കോളേജ് ഓഡിറ്റോറിയത്തിൽ വിശിഷ്ട അതിഥിയായി നിൽക്കാൻ കഴിയുന്നത് എന്റെ ഭാഗ്യമായി കരുതുന്നു. ഞാൻ പഠിച്ച ക്യാമ്പസിൽ തന്നെ പോലീസ് മേധാവിയായി വരാൻ കഴിഞ്ഞത് അഭിമാനകരമാണ്. ഇവിടെ എനിക്ക് ഒരുപാട് നീറുന്ന ഓർമ്മകളുണ്ട്.”
”കോളേജുകളിൽ നിന്നും റാഗിംഗ് എന്ന വിപത്തിനെ പൂർണ്ണമായും തുടച്ചുമാറ്റാൻ ഞാൻ ഇന്നും അധ്വാനിക്കുന്നുണ്ട്. അതിനു ജീവിച്ചിരിക്കുന്ന ഒരു സാക്ഷിയാണ് ഞാൻ. എന്റെ കോളേജ് ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായിരുന്നു ശില്പ. കൂടെപ്പിറപ്പിനേക്കാൾ ഉപരിയായിരുന്നു അവൾ എനിക്ക്.”
”ഞങ്ങളുടെ ഫസ്റ്റ് ഇയറിൽ തന്നെ റാഗിംഗ് തുടങ്ങിയിരുന്നു. ഒരു ദിവസം സീനിയർ വിദ്യാർത്ഥികൾ ഞങ്ങളുടെ ക്ലാസ്സിലേക്ക് ഇരച്ചുകയറി. എന്നോട് പാട്ടുപാടാനും ശില്പയോട് നൃത്തം ചെയ്യാനും അവർ ആവശ്യപ്പെട്ടു. അവൾക്ക് നൃത്തം അറിയില്ലെന്ന് പറഞ്ഞപ്പോൾ അവർ അവളെ അസഭ്യം പറയാൻ തുടങ്ങി.”
”ഒടുവിൽ കൂട്ടത്തിൽ ഒരാൾ അവളുടെ വസ്ത്രത്തിൽ പിടിച്ച് വലിച്ചു. ഭയന്നുപോയ ശില്പ പിന്നിലേക്ക് മാറി. അവരെ തള്ളിമാറ്റി അവൾ ക്ലാസ്സിൽ നിന്നും പുറത്തേക്കോടി. സീനിയർമാർ അവളെ പിന്തുടർന്നു. ഓടുന്നതിനിടയിൽ ഭയന്നുപോയ ശില്പ മുകളിലത്തെ നിലയിൽ നിന്നും താഴേക്ക് ചാടി.”
”മൂന്ന് മാസം അവൾ കോമയിലായിരുന്നു. ജീവച്ഛവമായി മാറിയ അവൾ ആറുമാസത്തിന് ശേഷം മരണത്തിന് കീഴടങ്ങി.”
മായയുടെ വാക്കുകൾ ഇടറി. കണ്ണുകളിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ പൊടിഞ്ഞു.
”അതിനുശേഷം എന്റെ നേർക്ക് അവർ ആസിഡ് കുപ്പി വലിച്ചെറിഞ്ഞു. മുഖമൊന്നാകെ പൊള്ളി. ആ വിരൂപമായ മുഖവുമായി ജീവിതത്തിലേക്ക് തിരിച്ചുവരാൻ എനിക്ക് ഒരുപാട് കാലമെടുത്തു. ആദ്യമൊക്കെ ആളുകളെ അഭിമുഖീകരിക്കാൻ വലിയ മടിയായിരുന്നു. മുറിയിൽ തന്നെ അടച്ചിരുന്നു.”
”ഒടുവിൽ ജീവിതം മടുത്തെങ്കിലും, നിരന്തരമായ കൗൺസിലിംഗിലൂടെ ഞാൻ ജീവിതത്തിലേക്ക് തിരികെ വന്നു. തെറ്റ് ചെയ്തവർ സമൂഹത്തിൽ മാന്യന്മാരായി നടക്കുമ്പോൾ ഞാൻ എന്തിന് ഒളിച്ചിരിക്കണം എന്ന് ചിന്തിച്ചു.”
”ഞാൻ പഠനം പൂർത്തിയാക്കി. എന്നാൽ ഇവിടെ തുടരാൻ ബുദ്ധിമുട്ടായതുകൊണ്ട് മറ്റൊരു കോളേജിലാണ് പഠനം തീർത്തത്. പുതിയ സാഹചര്യങ്ങളുമായി ഞാൻ പൊരുത്തപ്പെട്ടു. എന്റെ മുഖത്തെ വികൃതമായ പാടുകൾ നോക്കാതെ എന്നെ ഉൾക്കൊണ്ട പുതിയ സുഹൃത്തുക്കൾ എനിക്ക് താങ്ങായി നിന്നു.”
”കോളേജിലെ ആർട്സ് ഡേയ്ക്ക് പരിപാടി അവതരിപ്പിക്കാൻ അധ്യാപകർ നിർബന്ധിച്ചു. ഞാൻ അതിൽ നിന്നും ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും കോളേജ് യൂണിയൻ അഡ്വൈസർ രാഹുൽ സാർ എന്നെ നിർബന്ധിച്ച് സ്റ്റേജിൽ കയറ്റി. ശില്പയുമായി ചേർന്ന് ചെയ്തിരുന്ന നൃത്തം, അവളില്ലാതെ ഞാൻ ആദ്യമായി ഒറ്റയ്ക്ക് ചെയ്തു.”
”സ്റ്റേജിൽ നിന്നും ഇറങ്ങിയപ്പോൾ എന്നെ അഭിനന്ദനങ്ങളാൽ മൂടിയത് രാഹുൽ സാറായിരുന്നു. പിന്നീട് അങ്ങോട്ട് സാർ എന്റെ ഏറ്റവും അടുത്ത സുഹൃത്തായി മാറി. ആ സൗഹൃദം പ്രണയമായി മാറി. എന്നെക്കാൾ യോഗ്യരായ ആളുകൾ സാറിന് ലഭിക്കുമെന്ന് പറഞ്ഞ് ഞാൻ മാറ്റിനിർത്തിയെങ്കിലും, എന്റെ മുഖത്തെ പാടുകളല്ല, എന്റെ മനസ്സാണ് സാർ കണ്ടത്.”
”ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ ഞങ്ങൾ വിവാഹിതരായി. പോലീസ് സേനയിൽ ചേരാൻ എനിക്ക് ഏറ്റവും വലിയ ശക്തിയായത് രാഹുൽ സാറാണ്. തളർന്നിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഈ പദവിയിൽ എത്തില്ലായിരുന്നു. ജീവിക്കണമെന്ന വാശി എനിക്ക് ധൈര്യം നൽകി.”
”എന്നെപ്പോലെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ഇതൊരു മാതൃകയാകട്ടെ. നമ്മുടെ ജീവിതം എന്താണെന്ന് തീരുമാനിക്കേണ്ടത് നാമാണ്. മറ്റുള്ളവരുടെ പരിഹാസം ഭയന്ന് വീടിനുള്ളിൽ ഇരിക്കുമ്പോൾ, മുന്നിലുള്ള വിശാലമായ ലോകത്തെയാണ് നാം നഷ്ടപ്പെടുത്തുന്നത്.”
”ഇന്ന് ഈ ക്യാമ്പസിൽ നിൽക്കുമ്പോൾ അഭിമാനവും സന്തോഷവും തോന്നുന്നു. പണത്തിന്റെയും രാഷ്ട്രീയത്തിന്റെയും പിൻബലത്തിൽ ക്യാമ്പസുകളിൽ എന്തുമാവാം എന്ന ധാരണ മാറ്റിയാൽ തന്നെ നമ്മൾ പകുതി വിജയിച്ചു. റാഗിങ്ങിന്റെ പേരിൽ ഇനി ഒരു ഇരപോലും ഉണ്ടാവാതിരിക്കട്ടെ.”
”ഞാൻ പറഞ്ഞ കാര്യങ്ങൾ നിങ്ങളുടെയൊക്കെ മനസ്സിൽ ചെറിയൊരു സ്പാർക്കെങ്കിലും ഉണ്ടാക്കിയെങ്കിൽ അത്രമാത്രം മതി എനിക്ക്.”
പ്രസംഗം കഴിഞ്ഞ്, നിറഞ്ഞ കൈയടികൾക്കിടയിൽ പോലീസ് വാഹനത്തിലേക്ക് കയറുമ്പോൾ മായയുടെ മുഖത്ത് ആത്മവിശ്വാസത്തിന്റെ തിളക്കമുണ്ടായിരുന്നു.

by