25/04/2026

അനുരാഗി : ഭാഗം 21

രചന – ആയിഷ അക്ബർ

ശിവ പതിയെ അവർക്കടുത്തേക്കോന്ന് വന്നു……
പക്ഷെ തന്നെ കണ്ടിട്ടും ആദി അവളിൽ തന്നെ പറ്റി പ്പിടിച്ചിരിപ്പാണ്…..ഒരു പക്ഷെ തന്നെക്കാൾ അവനു പ്രിയപ്പെട്ടത് അവളാണെന്ന പോൽ…..അവനത്ഭുതം തോന്നി….അവനു….. ഉറക്കം കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു…..ഒന്ന്കൂടിഉറക്കിനോക്കട്ടെ…..അവൾ പതിയെ അത് പറഞ്ഞപ്പോൾ അവനൊന്നു തലയാട്ടി പുറത്തേക്ക് നിന്നു……പാൽ കുപ്പി അവന്റെ വായിലേക്ക് വെച്ച് കൊടുക്കുമ്പോൾ വേണ്ടെന്ന വണ്ണം അവൻ തട്ടി കൊണ്ട് കരയുമ്പോൾ അവൾ തോളിലിട്ട് അവനെ ആട്ടുന്നുണ്ട്…..

അല്പം കരച്ചിലടങ്ങിയെന്ന് തോന്നിയ നിമിഷം അവൾ അവനെയും കൊണ്ട് കട്ടിലിലേക്കിരുന്നു …..പതിയെ അവനെയവൾ കൈകളിലിട്ട് ആട്ടിയുറക്കി…..ഇതെല്ലാം കണ്ണിമ വെട്ടാതെ നോക്കി ശിവയങ്ങനേ നിന്നു….കണ്ണുകൾക്ക് കാണാനുള്ള കൊതി കൊണ്ടാണ്…..ഒരമ്മയോട് ചേർന്നെന്ന പോലവനെ കാണാൻ ഉള്ളിലുള്ള മോഹം ഒന്ന് കൊണ്ട് മാത്രമാണ്…..അവന്റെ ഉള്ളൊന്ന് പിടഞ്ഞു……ലാപ് ടോപ് തുറന്ന് വെച്ചെങ്കിലും കണ്ണുകൾ എപ്പോഴും അവരിലേക്ക് പാറി വീണു കൊണ്ടിരിക്കുന്നു….എന്നാലും എന്ത് കൊണ്ടായിരിക്കും ഒരു ബന്ധവുമില്ലാത്ത അവരിത്രയേറെ അടുത്തത്……

ആരോടും ഇണങ്ങാത്ത ഒന്നും അറിയാത്ത ആ കുഞ്ഞു മനസ്സ് അവളിലേക്കിത്ര മേൽ ചാഞ്ഞത്…..അവനൊരു ചിന്തയോടെ അവരെ നോക്കിയിരുന്നു……ഉറങ്ങിയ ആദിയെ വേദ തൊട്ടിലിലേക്ക് കിടത്തി കൊണ്ടെഴുന്നേറ്റു…..
താഴേക്ക് പോകാൻ നിന്നെങ്കിലും അവൻ വർക്കിലായത് കൊണ്ട് ഇനിയും ആദിയുണർന്നാൽ അതവന് ബുദ്ധിമുട്ടാകുമോയെന്ന് തോന്നിയത് കൊണ്ട് തന്നെ അവനിരിക്കുന്നതിനു അല്പം അപ്പുറത്തേക്ക് മാറി ആ വരാന്തയിലെ തൂണിനോട് ചാരി അവളങ്ങനെ നിന്നു…..ഇത് വരെ തന്റെ കണ്ണുകൾ അവളെ കണ്ടിട്ടില്ലെങ്കിൽ കൂടി ഇന്നെന്തോ മിഴികൾ അവളെ തേടുന്നു……

അവന്റെ കണ്ണുകൾ അവൾ പോലുമറിയാതെ അവളിലേക്ക് പാറി വീണു കൊണ്ടിരുന്നു….കാറ്റിൽ പാറി കളിക്കുന്ന മുടിയിഴകൾ അവളോതുക്കി വെക്കുന്നുണ്ട്……നിഷ്കളങ്കമായ ആ മുഖം എന്തൊക്കെയോ ചിന്തകളിലാണെന്നത് വ്യക്തമാണ്…….കണ്ണുകൾ ഇടക്ക് വല്ലാതെ വിടരുന്നത് പോലെ…..നീളൻ കൺ പീലികൾ പതിയെ നനയുന്നുണ്ടോ……..നെറ്റിയിൽ തൊട്ട് വെച്ച ആ കുഞ്ഞു പൊട്ട് തന്നെ നോക്കി പുഞ്ചിരിക്കും പോലെ…….അവനൊരു ചിരിയോടെ ലാപ് ടോപിലേക്ക് മിഴികൾ പതിപ്പിച്ചു……മോൾക്ക്… പോകാനായില്ലേ….
കൊണ്ടാക്കിയിട്ട് വേണം എനിക്കൊരിടം വരെ പോകാൻ……പോകേണ്ട സമയമായിട്ടും പോകാത്തത് കൊണ്ട് തന്നെയാണ് ശങ്കരൻ അവളോടതും പറഞ് മുകളിലേക്ക് കയറി വന്നത്…….

അവൾ പതിയെ അവനിലേക്കൊന്ന് നോക്കി……
പൊയ്ക്കോ എന്ന തരത്തിൽ അവൻ പതിയെ മിഴികൾ ചലിപ്പിക്കുമ്പോൾ ഇത് വരെ തങ്ങൾ തമ്മിലില്ലാത്ത എന്തോ ഒരു അടുപ്പം ഇന്നൊരു ദിവസം കൊണ്ട് വന്നത് പോലെയവൾക്ക് തോന്നി…..ആ കണ്ണുകളിൽ താൻ പതിഞ്ഞത് പോലെ…..അവളൊന്നും മിണ്ടാതെ തല താഴ്ത്തി കൊണ്ട് ഇറങ്ങി പോകുമ്പോൾ കോണിപ്പടിയിലെത്തിയതും പിറകിലേക്കൊന്ന് തിരിഞ്ഞു നോക്കിയത് യാന്ത്രികമായിരുന്നു….
അവനും തന്നെ നോക്കി നില്കുകയാണെന്നറിയെ അവൾ പെട്ടെന്ന് മുഖം തിരിച്ചു…..അവൻ അപ്പോഴും അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു……

ഇത് വരെയില്ലാത്ത എന്തോ ഒരു പിടപ്പ് മനസ്സിൽ നിറയുന്നത് അവനറിഞ്ഞു തുടങ്ങിയിരുന്നു…….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പിറ്റേന്ന് രാവിലെ അവൾ വരുമ്പോൾ ശിവ ഇറങ്ങാൻ നിൽക്കുകയാണ്……ദേ…… ആദി കുട്ടന്റെ ആള് വന്നല്ലോ…..ഇനി അങ്ങോട്ട് കൊടുത്തോളു….താൻ ഉമ്മറത്തേക്ക് കയറി വരുന്നത് കണ്ടതും അവർക്കരികിലായി നിന്നിരുന്ന മുത്തശ്ശി അതും പറഞ്ഞു അകത്തേക്ക് കയറി പോയിരുന്നു…..ശിവ അവളെയൊന്ന് നോക്കി..
അവൾക്കെന്തോ അവനെ നോക്കാൻ കഴിയുന്നില്ല….അവൻ പതിയെ യൊന്നു പുഞ്ചിരിച്ചു…..അവളും ചിരിച്ചെന്ന് വരുത്തി…..
ആദി അവളെ കണ്ട് പെട്ടെന്ന് തന്നെ അവളിലേക്ക് ചാടിയിരുന്നു…..

അവൾ ഇരു കൈകൾ കൊണ്ടും അവനെയെടുത്തു കവിളിൽ ചുണ്ടമർത്തി….അവനിൽ നിറഞ്ഞു നിന്നിരുന്നൊരാ ചന്ദന ഗന്ധം അവളിലെക്കും പടർന്നത് പോലെ…..ശിവ അവരെയങ്ങനെ നോക്കി നിൽക്കുമ്പോൾ അവൾക്ക് വല്ലാത്തൊരു പ്രയാസം തോന്നിയിരുന്നു….അതറിഞ്ഞെന്ന വണ്ണം അവൻഅവിടെ നിന്നും നടന്നു തുടങ്ങിയതും പെട്ടെന്നാണ് അവിടെ തിണ്ണയിലിരിക്കുന്ന സ്റ്റേതസ് കോപ്പവൾ കാണുന്നത്…..സാധാരണ ഇത് കയ്യിൽ കണ്ടിട്ടില്ല…..അപ്പോൾ അതെന്തായാലും കൊണ്ട് പോകാൻ എടുത്തത് തന്നെയാവുമെന്ന് അവൾക്ക് തോന്നി…..തിരിഞ്ഞു നടക്കുന്നവനെ വിളിക്കാൻ അവളുടെ ശബ്ദമുയരുമ്പോൾ എന്ത് വിളിക്കണമെന്ന് അവൾക്കറിയില്ലായിരുന്നു…..

അതേയ്……അവൾ പതിഞ്ഞ സ്വരത്തിൽ അങ്ങനെ വിളിച്ചെങ്കിലും അവനത് കെട്ടിരുന്നില്ല…..
ഡോക്ടറെ……പെട്ടെന്നവളത് വിളിക്കുമ്പോൾ ശബ്ദം ഒന്ന് കൂടി ഉയർന്നത് കൊണ്ട് തന്നെ അവൻ പെട്ടെന്ന് പിറകൈലേക്കൊന്ന് തിരിഞ്ഞു നോക്കിയിരുന്നു…..അതേ…. ആദ്യമായാണ് അവൾ തന്നെ വിളിക്കുന്നത്…….പലരും വിളിച്ചു കേൾക്കുന്ന ഒന്നാണ് ഡോക്ടറെയെന്നുള്ള വിളി….
എങ്കിലും അവളുടെ വിളിക്ക് അല്പം ഭംഗിയേറെ ഉള്ളത് പോലെ……അവൻ അവൾക്ക് നേരെ എന്തെന്ന രീതിയിലൊന്ന് പുരികമുയർത്തി….താങ്ക്സ്……
അവൾ ആ സ്റ്റേതസ് കോപ്പിലേക്ക് വിരൽ ചൂണ്ടിയതും അവൻ പുരികമോന്നുയർത്തി അതെടുത്തു കൊണ്ട് നടക്കുമ്പോൾ അവളോടായത് പറയാൻ മറന്നിരുന്നില്ല……അവന്റെ നന്ദിക്ക് പകരമായി അവളിലൊരു നനുത്ത പുഞ്ചിരി തളിരിട്ടു……

സാറേ എന്ന് തനിക്ക് വിളിക്കാമായിരുന്നു….
പക്ഷെ….. ആദ്യമായി അവനെ കണ്ടത് മുതലേ മനസ്സിൽ പതിഞ്ഞത് ഡോക്ടറെ യെന്നൊരു വിളിയായിരുന്നു…..അത് കൊണ്ടായിരിക്കും നാവിൽ നിന്നും അത് തന്നെയുയർന്നത്…..അവന്റെ കാറകന്നു പോയതും അവൾ ആദിയെയും കൊണ്ട് അകത്തേക്ക് കയറിയിരുന്നു….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

നീയിങ്ങനെ വെറുതെ ഇവിടെ നിന്നിട്ടൊന്നും കാര്യമില്ല….. ശിവയുടെ മനസ്സിൽ കയറണമെങ്കിൽ അതാ കുഞ്ഞ്വഴിയേസാധിക്കു…..അതിനെങ്ങനെയാ ഏട്ടത്തി…. എപ്പോഴും കുഞ്ഞിനെ പിടിച്ചു കൊണ്ട് അവളില്ലെ….അരുണിമ യുടെ ഉപദേശത്തിന് പകരമായിഗായത്രിയത് പറയുമ്പോൾ വേദയോടുള്ള നീരസം ആ വാക്കുകളിൽകലർന്നിരുന്നു…..അവളെ എങ്ങനെയെങ്കിലും അവിടെ നിന്ന് നമുക്കൊന്ന് മാറ്റാം…. നീ വാ…..അതും പറഞ്ഞു കൊണ്ട് അരുണിമ നടന്നതിനു പിറകെ ഏറെ പ്രതീക്ഷയോടെ ഗായത്രിയും നടന്നു……മുറിയിലെത്തുമ്പോൾ ആദിക്ക് ഭക്ഷണം കൊടുക്കുന്ന വേദയെ യാണ് അവർ കാണുന്നത്……..

എന്ത് പറഞ്ഞവളെ മാറ്റുമെന്നാലോചിച്ചു അരുണിമ ചുറ്റുണോന്ന് നോക്കി…….അപ്പോഴാണ് കുഞ്ഞിന്റെ അലക്കാനുള്ള തുണികൾ ആ ബാസ്കറ്റിൽ കിടക്കുന്നത് അവൾ കാണുന്നത്……ദേ….. കുഞ്ഞിനെ നോക്കേണ്ടവരുടെ കടമയാണ് അവന്റെ തുണികളെല്ലാം അലക്കിയിടുന്നത്…..നീ പോയി അതെല്ലാം ഒന്നലക്കി വന്നേ……അരുണിമ ആഗ്നയുടെ സ്വരത്തിൽ തന്നെ വേദയോടത് പറയുമ്പോൾ വേദ അവരെയൊന്ന് നോക്കി…..
ഇവനെയുറക്കിയിട്ട് പൊയ്ക്കോളാം ഞാൻ…….
സാധാരണ കാണാത്ത അവന്റെ തുണികളിലേക്ക് നോക്കി തന്നെയാണ് വേദയത് പറഞ്ഞത്……

എന്തിനാ ഉറങ്ങുന്നത് വരെ കാത്തു നിൽക്കുന്നത്…..അവനെ നോക്കാൻ ഇവിടെ വേറെയും ആളുകളുണ്ടല്ലോ…നീ നിന്നോട് പറഞ്ഞ പണി ചെയ്‌താൽ മതി…കുഞ്ഞിനെ യിങ് താ…..
ഗായത്രി അല്പം ദേഷ്യത്തോടെ തന്നെ അത് പറഞ്ഞതും അവളൊന്നും മിണ്ടിയില്ല……ഗായത്രി ആധിയെ ബലമായി അവളിൽ നിന്നെടുത്തതും അവൻ കരഞ് തുടങ്ങി…..അവന്റെ കരച്ചിൽ വേദയുടെ ഇരു ചെവിയിലും അലയടിച്ചു…..സഹിക്കാനാകാത്ത വിധം എന്തോ ഒരു അസ്വസ്ഥത അവളെ പുൽകി….

ഗായത്രി കയ്യിലുള്ള ഭക്ഷണം അവനു കൊടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൻ ചുണ്ട് പിളർത്തി അത് തുപ്പി കൊണ്ടിരുന്നു…..അവന്റെ കരച്ചിൽ വല്ലാതെ മുറുകിയെന്ന് തോന്നിയ ആ നിമിഷം വേദ പെട്ടെന്ന് അവനെ അവളിൽ നിന്നും വലിച്ച് വാങ്ങി തന്റെ നെഞ്ചിലേക്ക് ചെർത്തിരുന്നു……….ഗായത്രിയും അരുണിമയും ഒരു നിമിഷം അവളെ നോക്കി നിന്നു…..അവളിൽ നിന്ന് അങ്ങനെയൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന പോൽ…..നിനക്കിത്ര അഹങ്കാരമോ….അരുണിമ അവൾക്ക് നേരെ നിന്ന് കൊണ്ടത് ചോദിക്കുമ്പോൾ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു….എന്നെ ഇവിടെ നിർത്തിയിരിക്കുന്നത് ഇവനെ നോക്കാനാണ്….
കരഞ്ഞു കരഞ്ഞു കുഞ്ഞിന് വല്ല വയ്യായ്കയും വന്നാൽ അതിനും ഞാനാകും സമാധാനം പറയേണ്ടി വരിക……അത് കൊണ്ട് ഇവനെ നോക്കിയതിന്റെ ബാക്കി ജോലികൾ എന്താണെന്ന് വെച്ചാൽ അത് ഞാൻ ചെയ്തോളാം….തൽക്കാലം ആരും സഹായിക്കാൻ വരണ്ട……..വേദ ഗൗരവത്തോടെ തന്നെ ഇരുവരെയും നോക്കി അതും പറഞ്ഞു കൊണ്ട് കുഞ്ഞിനെ എടുത്ത് പുറത്തേക്ക് നടക്കുമ്പോൾ അരുണിമയും ഗായത്രിയും പരസ്പരം നോക്കി……അത്ര മേൽ അരിശത്തോടെ……..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

അത്രയും അവരോട് പറയാൻ തനിക്കെവിടെ നിന്ന് ധൈര്യം കിട്ടിയെന്ന് വേദക്കും അറിയുന്നില്ലായിരുന്നു……പ്രസാധിനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിട്ട് കൂടി അത് പ്രകടമാക്കാൻ കഴിയാതെ മരവിച്ചു പോയവളായിരുന്നുതാൻ…..എന്നിട്ടും….. എങ്ങനെ……ഒന്ന് മാത്രമറിയാം……. മറ്റെന്തിനേക്കാളും തനിക്ക് വലുത് ആരോ പ്രസവിച്ച ഇവനാണ്…..അവനിൽ ഞാൻ കാണുന്നത് ഞാൻ നൊന്തു പെറ്റ തന്റെ സ്വന്തം കുഞ്ഞിനെയാണ്….ഇവന് വേണ്ടി തന്റെ ശബ്ദം ഉയരുക തന്നെ ചെയ്യും………എവിടെയോ തളർന്നു പോയ തനിക്ക് പുതു ജീവൻ നൽകിയത് ഈ കുഞ്ഞി കൈകളാണ്……അവളവന്റെ കൈ ചുണ്ടോടുചേർത്തു…..ഇവൻഎന്റെയാണ്……എന്റെസ്വന്തം…………..അവളുടെമനസ്സ്ആയിരംവട്ടംആവർത്തിച്ചു……അതറിഞ്ഞെന്ന വണ്ണം അവൻ മോണ കാട്ടി ചിരിക്കുമ്പോൾ ചിരിക്കാൻ മറന്ന് പോയ അവളിൽ പുഞ്ചിരി നിറഞ്ഞിരുന്നു……

(തുടരും)