രചന – കണ്ണന്റെ മാത്രം
അഭി പറഞ്ഞതുപ്രകാരം വിച്ചുവാണ് ആമിയെ കൊണ്ട് വന്നത്..
എന്താ ഏട്ടാ.. എന്തിനാ ഇങ്ങോട്ട് വരാൻ പറഞ്ഞത്… അഭിയേയും പിയയേയും കണ്ടതും ആമി ചോദിച്ചു…
ഞങ്ങൾക്ക് മോളുടെ ഒരു ഹെല്പ് വേണം.. അതിനാ വിളിപ്പിച്ചത്..അത് പറയാം.. ഇപ്പൊ നീ വായോ.. അഭി അവളെ ഉള്ളിലേക്ക് വിളിച്ചുകൊണ്ട് പറഞ്ഞു…
അപ്പോഴാണ് അവളുടെ പിന്നിലായി നൂറ് വാട്ട് ചിരിയുമായി അല്ല ഇളിയുമായി നിൽക്കുന്ന വിച്ചുവിനെ അഭി ശ്രദ്ധിച്ചത്…
എന്താടാ നിന്റെ മുഖത്ത് ഇത്ര സന്തോഷം.. ലോട്ടറി വല്ലതും അടിച്ചോ..അഭി ചോദിച്ചു..
നീ ഇങ്ങോട്ട് വന്നേ.. എനിക്കൊരു കാര്യം പറയാൻ ഉണ്ട്.. വിച്ചു അഭിയേയും വിളിച്ച് മാറിനിന്നു..
എന്താടാ…. അഭി ചോദിച്ചു..
ഡാ.. എന്റെ കല്യാണം മുടങ്ങി… വിച്ചു സന്തോഷത്തോടെ പറഞ്ഞു..
സ്വന്തം കല്യാണം മുടങ്ങിയത് ഇത്രേം സന്തോഷത്തോടെ പറയുന്ന ആളെ ആദ്യമായട്ടാ ഞാൻ കാണുന്നത്.. അഭി ഒരു ചിരിയോടെ പറഞ്ഞു.. അല്ല എന്താ കാരണം കല്യാണം മുടങ്ങാൻ.. നീ ആയിട്ട് പറഞ്ഞത് ആണോ താൽപ്പര്യം ഇല്ല എന്ന്..
ഏയ് അല്ല.. ഞാൻ വല്ലാത്ത പ്രഷറിൽ ആയിരുന്നു എന്ത് ചെയ്യും എന്ന് ആലോചിച്ചിട്ട്. അപ്പോഴാണ് ഇന്നലെ രാത്രി അപ്പച്ചി വിളിക്കുന്നത് അവൾക്ക് ഈ ബന്ധത്തിൽ താൽപ്പര്യം ഇല്ല എന്നും പറഞ്ഞ്. അവൾക്ക് മറ്റൊരു പയ്യനെ ഇഷ്ടമായിരുന്നുത്രേ… ആ പയ്യൻ നാട്ടിൽ ഇല്ലാത്തതുകൊണ്ടാണ് ഒന്നും വീട്ടിൽ പറയാതെ ഇരുന്നത് എന്ന്. ഇന്നലെ ആ പയ്യനും വീട്ടുകാരും കൂടി വന്നിരുന്നു എന്ന്… ആദ്യം അപ്പച്ചി സമ്മതിച്ചില്ല പിന്നെ ആകെ കരച്ചിലും പിഴിച്ചിലും ഒക്കെ ആയി മാമനും കൂടി പറഞ്ഞിട്ടാണ് സമ്മതിച്ചത് എന്ന്. ഞാൻ നിന്നോട് ആദ്യമേ പറഞ്ഞില്ലേ അയാൾക്ക് എന്തോ ഒരു താൽപ്പര്യം ഇല്ലാത്ത പോലെ ആണ് പെരുമാറ്റം എന്ന്. ഒട്ടും അടുപ്പം കാണിക്കുന്നുണ്ടായില്ല അയാള്.. അതോടെ ഞാനും അത് വിട്ടതാണ്…
മ്മ്.. ഇനിയിപ്പോ എന്താ പരിപാടി നിന്റെ.. അഭി ഒറ്റപിരികം പൊക്കികൊണ്ട് ചോദിച്ചു..
എന്തായാലും ഒരു കൊല്ലത്തേക്ക് കല്യാണം നോക്കണ്ട എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്….
ഓഹ്.. എന്റെ കൊച്ചിന്റെ പഠിപ്പ് കഴിയാനാവും അല്ലേ.. അഭി ഒരു പുച്ഛത്തോടെ ചോദിച്ചു…
മനസിലാക്കി കളഞ്ഞല്ലോ.. കൊച്ചുഗള്ളൻ… വിച്ചു ഒരു ഇളിയോടെ അഭിയുടെ കവിളിൽ കൊട്ടികൊണ്ട് പറഞ്ഞു..
ഇനി നിന്നെ എന്റെ വീടിന്റെ അടുത്തുപ്പുറത്തെങ്ങാനും കണ്ടാൽ… അഭി തന്റെ കവിളിൽ തട്ടിയ വിച്ചുവിന്റെ കൈ പിടിച്ച് തിരിച്ചുകൊണ്ട് പറഞ്ഞു…
അയ്യോ.. വിടെടാ… എന്റെ കൈ വേദനിക്കുന്നു.. വിച്ചു അവന്റെ കൈ വിടുവിപ്പിച്ചുകൊണ്ട് അഭിയെ കൂർപ്പിച്ചു നോക്കി..
വേദനിക്കാൻ തന്നെ ആണ് പിടിച്ച് തിരിച്ചത്.. ഞാൻ പറഞ്ഞത് കേൾക്കാതിരുന്നാൽ ആ കൈ ഞാൻ പിരിച്ചൊടിക്കും… അഭിയും അവനെ നോക്കി കള്ള ഗൗരവത്തോടെ പറഞ്ഞു..
അഭിക്ക് ഉള്ളിൽ സന്തോഷം ആയിരുന്നു. ആമിയുടെ പ്രണയം അവൾക്ക് തന്നെ കിട്ടുമല്ലോ എന്ന സന്തോഷം. പക്ഷേ അവൻ ആമിക്ക് അവനെ ഇഷ്ടമുള്ള കാര്യം വിച്ചുവിനോട് പറഞ്ഞില്ല. അത് അവർ രണ്ടാളും പരസ്പരം മനസിലാക്കേണ്ടതാണ്. അല്ലാതെ മൂന്നാമതൊരാൾ പറഞ്ഞ് അറിയേണ്ടതല്ല.. അവൻ ആലോചിച്ചു..
…………………
രുദ്രൻ വന്നതും അവർ ആമിക്ക് ഏകദേശം എന്താണ് അവസ്ഥ എന്ന് പറഞ്ഞുകൊടുത്തു… എല്ലാം കേട്ടതും കാശിയേയും മിത്രയേയും കുറിച്ചാലോചിച്ച് അവൾക്ക് സങ്കടവും ബഹുമാനവും തോന്നി…
മോൾക്ക് പേടിയുണ്ടോ… അങ്ങനെ ആണെങ്കിൽ നമുക്ക് വേറെ വഴി നോക്കാം ട്ടോ.. രുദ്രൻ ആമിയോടായി പറഞ്ഞു…
ഇല്ല ഏട്ടാ.. എനിക്ക് പേടിയൊന്നും ഇല്ല. ഞാൻ എന്താ ചെയ്യേണ്ടത്…
ആമി ചോദിച്ചു…
വേറെ ഒന്നും വേണ്ട ഈ സ്ലിപ് എങ്ങനെയും അവരുടെ കൈയിൽ എത്തിക്കണം. അവർ ലേഡീസ് ബാത്‌റൂമിന്റെ അവിടേക്ക് എന്തായാലും വരും.. വരുമ്പോ മോൾടെ ഫോണിൽ എന്നെ വിളിച്ചിട്ട് ഫോൺ അവർക്ക് കൊടുത്താൽ മതി. ബാക്കി എല്ലാം ഞാൻ പറഞ്ഞുകൊള്ളാം… രുദ്രൻ പറഞ്ഞു നിർത്തി…
ശരിയേട്ടാ… വിച്ചു ആണ് അവളുടെ കൂടെ ഹോസ്പിറ്റലിലേക്ക് പോയത്.. കാറിൽ ഇരിക്കുമ്പോഴും അവളുടെ ഉള്ളിൽ കാശിയുടെയും മിത്രയുടെയും പിയ കാണിച്ചുകൊടുത്ത ആഗ്നസിന്റെയും മുഖങ്ങൾ ആയിരുന്നു…
അവർ ഹോസ്പിറ്റലിൽ എത്തി കുറച്ച് നേരത്തെ തിരച്ചിലിന് ശേഷം ആണ് ആഗ്നസ് സിസ്റ്ററിനെ അവർക്ക് കാണാൻ കഴിഞ്ഞത്… ഈ ലോകത്തെ അല്ല എന്നതുപോലെ എന്തെല്ലാമോ ആലോചിച്ച് നടക്കുന്ന അവരെ ആമിയും വിച്ചുവും ശ്രദ്ധിച്ചിരുന്നു.. അവർ നോക്കികൊണ്ടേ ഇരിക്കലെ ആണ് അവർ ഏതോ രോഗിയുടെ ബന്ധുവും ആയി കൂട്ടിയടിക്കുന്നതും അയാളുടെ കൈയിൽ ഉള്ള തൂക്കുപാത്രത്തിൽ നിന്ന് ചായയോ അങ്ങനെ എന്തോ അവരുടെയും അയാളുടെയും ശരീരത്തിലേക്ക് ആയി… ആഗ്നസ് സിസ്റ്റർ വേഗം സോറി പറഞ്ഞ് അവിടെ നിന്നും ബാത്റൂം ഏരിയയിലേക്ക് പോയി.. ഇത് തന്നെ പറ്റിയ അവസരം എന്ന് മനസിലാക്കി ആമിയും അവരുടെ പിന്നാലെ പോയി… ആ രോഗിയുടെ ബന്ധു അവിടെ കിടന്ന് അലമ്പുണ്ടാക്കുന്നതും ഹെഡ് നഴ്സും മറ്റൊരു സിസ്റ്ററും കൂടി അയാളെ എങ്ങനെയൊക്കെയോ സമാധാനിപ്പിച്ചു വിടുന്നതും വിച്ചു കണ്ടു..
എന്താ സിസ്റ്ററെ നമ്മുടെ ആഗ്നസ് സിസ്റ്ററിന് പറ്റിയത്. എന്തൊരു ആക്റ്റീവ് ആയിരുന്ന ആൾ ആയിരുന്നു. ഇപ്പൊ എപ്പോഴും ഇങ്ങനെ ഓരോന്നും ആലോചിച്ച് വിഷമിച്ചു നടക്കുന്നത് കാണാം.. എന്നാൽ എന്തേലും ചോദിച്ചാൽ പറയുമോ.. അതുമില്ല…അതിൽ ഒരു സിസ്റ്റർ ഹെഡ് നഴ്സ് എന്ന് തോന്നിക്കുന്ന മറ്റൊരു സിസ്റ്ററോട് പറഞ്ഞു….
എന്താ പറ്റിയത് എന്ന് എനിക്കും അറിയില്ല മോളെ.. നമ്മുടെ മിത്ര ഡോക്ടറും ആയി വളരെ അടുപ്പം ആയിരുന്നില്ലേ അവൾ. പെട്ടന്നുള്ള അവരുടെ മരണം അതും ഇങ്ങനെ ഒന്ന് അവൾക്ക് ഉൾകൊള്ളാൻ കഴിഞ്ഞിട്ടുണ്ടാവില്ല. അതാവും….
അത് ശരിയാ.. നല്ല അടുപ്പം ആയിരുന്നു അവർ തമ്മിൽ. അല്ലെങ്കിലും ആ മിത്ര ഡോക്ടർ എത്ര നല്ലതായിരുന്നു അല്ലേ.. ഒരാളോട് പോലും മുഖം കറുപ്പിച്ച് സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല. അവർക്ക് ഇങ്ങനെ ഒരു വിധി വന്നില്ലേ….
മ്മ്…വിധി അല്ലാതെ എന്താ.. അതും പറഞ്ഞുകൊണ്ട് അവർ രണ്ടാളും രണ്ടു വഴിക്ക് പോയി.. അവരുടെ സംസാരിക്കുന്നതിന്റെ അടുത്തായി ഫോണിൽ തൊണ്ടികൊണ്ടിരിക്കുന്നു എന്ന വ്യാജേന അവർ സംസാരിച്ചതുമുഴുവൻ കേട്ടിരുന്ന വിച്ചുവിന് ആഗ്നസ് സിസ്റ്ററും ആയി മിത്രക്ക് വളരെ നല്ല ബന്ധം ആയിരുന്നു എന്ന് മനസിലായി. അവർക്ക് എന്തെങ്കിലും ഒക്കെ അറിയാമായിരിക്കും അവൻ ആലോചിച്ചു. പിന്നെ ആമിയെ കാത്ത് അവിടെ തന്നെ ഇരുന്നു..
ആമി ബാത്രൂം ഡോർ തുറന്ന് ചെല്ലുമ്പോൾ ഒരെണ്ണം ഒഴികെ ബാക്കി എല്ലാ ക്യൂബക്ളും കാലി ആയിരുന്നു. അവൾ മനസ്സാൽ ദൈവത്തിന് നന്ദി പറഞ്ഞു. വേറെ ആരേലും ഉണ്ടെങ്കിൽ വിചാരിച്ചത് ഒന്നും നടക്കില്ലായിരുന്നു എന്ന് അവൾക്ക് അറിയാം. അവൾ ആഗ്നസ് സിസ്റ്റർ പുറത്തേക്ക് ഇറങ്ങാനായി കാത്തുനിന്നു.. കുറച്ച് കഴിഞ്ഞ് അവർ ഇറങ്ങിയപ്പോൾ ആമിയെ അവിടെ കണ്ടെങ്കിലും അവർ അത്ര ശ്രദ്ധിച്ചില്ല…
സിസ്റ്ററെ… അവർ പോകാൻ പോയതും ആമി വിളിച്ചു..
എന്താ മോളെ.. അവർ അവളോട് ചോദിച്ചു..
എനിക്ക് സിസ്റ്ററിനോട് കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു…
എന്നോടോ… എന്ത്… അവർ ഒന്നും മനസിലാകാതെ അവളെ നോക്കികൊണ്ട് ചോദിച്ചു…
മിത്ര ഡോക്ടറെ കുറിച്ച്.. ഞാൻ അവരുടെ ഫാമിലി ഫ്രണ്ട് ആയി വരും… ആമി അത് പറഞ്ഞതും അവരുടെ കണ്ണുകൾ നിറയുന്നതും അതിൽ സങ്കടത്തോടൊപ്പം ഭയം നിറയുന്നതും അവൾ കണ്ടു..
മി.. മിത്ര.. ഡോക്ടറെ കുറിച്ചോ എനി എനിക്ക് ഒന്നും അറി.. യില്ല… അവർ വിക്കലോടെ പറഞ്ഞു നിർത്തി…
സിസ്റ്ററിന് മിത്രേച്ചിയെ കുറിച്ച് നന്നായി അറിയാമെന്നും നിങ്ങൾ ആണ് അവരെ അവസാനമായി കണ്ടതെന്നും ഞങ്ങൾക്ക് അറിയാം… അതിനെ എതിർക്കാൻ നിൽക്കണ്ട… ഒരു മിനിറ്റ് ഞാൻ ഒരാളെ വിളിച്ച് തരാം… അതും പറഞ്ഞ് ആമി വേഗം രുദ്രന്റെ നമ്പറിലേക്ക് വിളിച്ചു..
ആമി….എന്തായി മോളെ കാര്യങ്ങൾ… ഫോൺ എടുത്തതും രുദ്രൻ ചോദിച്ചു…
രുദ്രേട്ടാ അവർ എന്റെ അടുത്ത് ഉണ്ട്. ഞാൻ അവർക്ക് ഫോൺ കൊടുക്കാം.. അതും പറഞ്ഞ് ആമി നിർബന്ധപ്പൂർവം അവളുടെ കൈയിൽ ഉള്ള ഫോൺ ആഗ്നസിന്റെ കൈയിൽ കൊടുത്തു…
ഹാ.. ഹലോ… അവർ വിറച്ചുകൊണ്ടാണ് അവനോട് ഹലോ പറഞ്ഞത്…
ഞാൻ ഡിസിപി വിശ്വരുദ്ര് ആണ് സംസാരിക്കുന്നത്. കശ്യപ് – മിത്ര വധകേസ് അന്വേഷിക്കുന്നത് ഞാനാണ്…
സാർ.. ഞാൻ…
ഇപ്പൊ ഒന്നും പറയണ്ട. എനിക്ക് തന്നെ ഒന്ന് നേരിട്ട് കാണണം.. സ്വമേധയാ താൻ അതിന് തയ്യാറായില്ലെങ്കിൽ ഞങ്ങൾക്ക് മറ്റുവഴികൾ നോക്കേണ്ടി വരും. അതുകൊണ്ട് ഈ കുട്ടിയുടെ കൂടെ ഞാൻ പറയുന്നിടത്ത് താൻ എത്തണം… അവൻ ആജ്ഞസ്വരത്തിൽ പറഞ്ഞു..
സാർ.. ഞാൻ വരാം… പക്ഷേ…. അവർ മുഴുവൻ ആക്കാതെ നിർത്തി…
എന്താടോ ഒരു പക്ഷേ….
സാർ എന്നെ ആരൊക്കെയോ ഇവിടെ വാച്ച് ചെയ്യുന്നുണ്ട്.. അതെനിക്ക് അറിയാം.. അങ്ങനെ ഉള്ളപ്പോൾ ഞാൻ ഇവരുടെ കൂടെ ഇറങ്ങിയാൽ… അവർ പേടിയോടെ പറഞ്ഞു നിർത്തി…
മ്മ്.. എങ്കിൽ താൻ ഒരു കാര്യം ചെയ്യ്… എന്തെങ്കിലും പറഞ്ഞ് ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങ് എന്നിട്ട് സാധാരണ വീട്ടിലേക്ക് പോകുന്നതുപോലെ ബസിൽ കയറിക്കോ… രണ്ടു സ്റ്റോപ്പ് കഴിഞ്ഞ് ഇറങ്ങിയാൽ മതി അവിടേക്ക് ഇവർ കാറും കൊണ്ട് വന്നുകൊള്ളും…
ശരി.. സാർ… അവർ ഫോൺ ആമിക്ക് തന്നെ തിരിച്ചുകൊടുത്തു…
ഞാൻ എന്തേലും പറഞ്ഞ് ഇറങ്ങാം ഇവിടെ നിന്ന്..നിങ്ങൾ ഞാൻ കയറുന്ന ബസിന്റെ പിന്നാലെ വന്നാൽ മതി. രണ്ടുസ്റ്റോപ്പ് കഴിഞ്ഞിട്ട് ഞാൻ ഇറങ്ങി നിങ്ങളുടെ ഒപ്പം വരാം… ആഗ്നസ് അത് പറഞ്ഞതും ആമി അതിന് സമ്മതിച്ചു.. സിസ്റ്റർ ആണ് ആദ്യം പുറത്തേക്ക് പോയത്. അതുകഴിഞ്ഞ് കുറച്ച് കഴിഞ്ഞിട്ടാണ് ആമി പുറത്തേക്ക് ഇറങ്ങിയത്. അവൾ നേരെ വിച്ചുവിന്റെ അടുത്ത് ചെന്ന് കാര്യം പറഞ്ഞതും അവൻ അവളെയും കൂട്ടി പുറത്തേക്ക് പോയി. അവർ കാറും കൊണ്ട് ബസ്സ്റ്റോപ്പിന് കുറച്ചുമാറി വെയിറ്റ് ചെയ്തു..
കുറച്ചുനേരം കഴിഞ്ഞതും ആഗ്നസ് സിസ്റ്റർ ഹോസ്പിറ്റലിന് പുറത്തേക്ക് ഇറങ്ങുന്നതും ബസ്സ്റ്റോപ്പിലേക്ക് നടക്കുന്നതും അവർ കണ്ടു.. അപ്പോൾ അവർ കണ്ടു ഏതോ രണ്ടുപേർ സിസ്റ്ററിനെ വീക്ഷിച്ചു അവിടെ നിൽക്കുന്നത്. വിച്ചു വേഗം തന്റെ ഫോൺ എടുത്ത് ഒരു വിധം ക്ലിയറിൽ അവരുടെ ഫോട്ടോ എടുത്തു… കുറച്ചുനേരം നിന്നപ്പോഴേക്കും ബസ് വരുന്നതും ആഗ്നസ് സിസ്റ്റർ അതിൽ കയറുന്നതും അവർ കണ്ടു… ബസ് എടുത്തതും അവരെ വീക്ഷിച്ചുകൊണ്ടിരുന്നവർ അവരുടെ ബൈക്ക് എടുത്ത് വേറെ വഴി പോയി. അപ്പോഴാണ് വിച്ചുവിന് സമാധാനം ആയത്… അവർ ബസിനെ പിന്തുടരാൻ തീരുമാനിച്ചിരുന്നെങ്കിൽ ഇതുവരെ എത്തിച്ചതെല്ലാം വെള്ളത്തിൽ ആയേനെ.. വിച്ചു ദീർഘ നിശ്വാസത്തോടെ ആലോചിച്ചു..
അവൻ വേഗം കാർ സ്റ്റാർട്ട് ചെയ്ത് ആ ബസ് പോയ വഴിയേ പറപ്പിച്ചു വിട്ടു. കുറച്ച് അങ്ങോട്ട് നീങ്ങിയപ്പോൾ അവർ ആ ബസ് കണ്ടു. പറഞ്ഞതുപോലെ തന്നെ രണ്ടു സ്റ്റോപ്പ് കഴിഞ്ഞപ്പോൾ സിസ്റ്റർ ബസ് ഇറങ്ങി. അവരുടെ മുന്നിലായി കൊണ്ട് വന്നു നിർത്തിയ കാറിൽ ആമിയെ കണ്ടതും അവർ വേഗം പിൻസീറ്റിലേക്ക് കയറി ഇരുന്നു.. വിച്ചുവിന്റെ കാർ അവരെയും വഹിച്ചുകൊണ്ട് രുദ്രൻ അയച്ചുകൊടുത്ത ലൊക്കേഷൻ ലക്ഷ്യം വച്ച് പാഞ്ഞു…
തുടരും….

by